മർഹൂം കിടങ്ങയം ശൈഖ് ഇബ്റാഹീം മുസ്‌ലിയാരുടെ ‘മഖ്സനുൽ മുഫ്റദാതി'(ഒറ്റമൂലികളുടെ സമാഹാരം) ന്റെ വിവർത്തനം നിർവഹിച്ച യുവ പണ്ഡിതൻ മുജീബുർ റഹ്മാൻ ഫൈസി…
Author: thepin
1921 സമരവീര്യം ഇരമ്പുന്ന ഇശലുകൾ
1921-ലെ മലബാർ സമര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മാപ്പിളപ്പാട്ടുകളെ രേഖപ്പെടുത്തിയ ‘1921 സമരവീര്യം ഇരമ്പുന്ന ഇശലുകൾ ‘ എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ്…
വക്കം മൗലവി ചിന്തകൾ രചനകൾ
കേരള മുസ്‌ലിം പരിഷ്കർത്താക്കളിൽ പ്രമുഖനായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചിന്തകളുടെ കാലികപ്രസക്തി ചർച്ച ചെയ്യുന്ന ‘വക്കം മൗലവി ചിന്തകൾ രചനകൾ…
1921 പോരാട്ടത്തിന്റെ കിസ്സകൾ
മലബാർ സമര സംഭവങ്ങളുടെ കഥ പറയുന്ന ‘1921 പോരാട്ടത്തിന്റെ കിസ്സകൾ’ എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവും ചരിത്രഗവേഷകനുമായ ഡോ.…
മാളു : മലബാർ സമരത്തിന്റെ പെൺകരുത്ത്
മലബാർ സമര നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പത്നി മാളു ഹജ്ജുമ്മയുടെ ജീവചരിത്രമായ ‘മാളു മലബാർ സമരത്തിന്റെ പെൺകരുത്ത് ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് ജാഫർ ഈരാറ്റുപേട്ട ‘ദി പിൻ’ നോടു സംസാരിക്കുന്നു
കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ എന്ന നിലയിൽ മാളുഹജ്ജുമ്മയുടെ റോളെന്തായിരുന്നു ?
കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ എന്ന നിലയില്‍ അവരുടെ റോള്‍ എന്തായിരുന്നു എന്ന് കൃത്യമായി മാളുഹജ്ജുമ്മ പറയുന്നുണ്ട്: “അവസാനത്തെ വെള്ളക്കാരനേയും ആട്ടിപ്പായിക്കുന്നതുവരേയും ഞാന്‍ പോരാടും. അതിനെനിക്ക് സുല്‍ത്താന്റെ കൂട്ട് വേണം. സുല്‍ത്താനെ കല്ല്യാണം കഴിക്കണം. സുഖിക്കാനൊന്നുമല്ല, സ്വസ്ഥമായി കുടുംബജീവിതം നയിക്കാനുമല്ല. ആളുകള്‍ അതും ഇതും പറയാതിരിക്കാനാണ്. വെള്ളക്കാരനെതിരെ പോരാടാന്‍ ഉശിരുള്ള ആണ്‍തുണയെ എനിക്ക് വേണം.” ഏതുനിമിഷവും ഒരു വെടിയുണ്ടയില്‍ തീരാവുന്ന ഒരാളെ വിവാഹം കഴിക്കാന്‍ അരെങ്കിലും ഇഷ്ടപ്പെടുമോ? പക്ഷെ, മാളുഹജ്ജുമ്മയുടെ ലക്ഷ്യം വേറെയായിരുന്നു. പോരാട്ടത്തിന് പോകുമ്പോള്‍ ഒരു കൂട്ട്. അത് വെള്ളക്കാരെ ഭയന്നിട്ടല്ല, മറിച്ച് നാട്ടുകാര്‍ എന്തെങ്കിലും പറയുന്നത് ഒഴിവാക്കാന്‍. അത്രമാത്രം. “പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് തളരുമ്പോള്‍ മഞ്ഞും മഴയും കൊള്ളാതിരിക്കാനാണ് പാവപ്പെട്ട കൃഷിക്കാര്‍ കഷ്ടപ്പെട്ട് കുടിലുകളുണ്ടാക്കുന്നത്. അതെല്ലാം ആ സായിപ്പന്മാര്‍ വന്ന് പൊളിച്ച് തീയിട്ടുകളയും. പട്ടിണിമാറ്റാനായി കാട്ടുമൃഗങ്ങളോടും ദീനത്തോടും പൊരുതി അവര്‍ കൃഷിയിറക്കും. പക്ഷെ, പാകമാകുമ്പോള്‍ കിണറ്റില്‍ വിഷം കലര്‍ത്തിയും പാടത്ത് തീയിട്ടും ആ കൊള്ളക്കാര്‍ എല്ലാം നശിപ്പിക്കും. എത്ര നാളാണിതൊക്കെ സഹിക്കുക. അതിനെതിരെ പോരാടണം. അതിനായി ഉശിരുള്ള ആണ്‍തുണയെ വേണം. ഏറനാടന്‍ പുലിയെത്തന്നെ എനിക്ക് വേണം.” ഉരുക്കുപോലെ ഉറച്ചതായിരുന്നു മാളുഹജ്ജുമ്മയുടെ വാക്കുകള്‍.
യഥാര്‍ഥത്തില്‍ കുടുംബ ജീവിതത്തിനായിട്ടല്ല വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിവാഹം കഴിക്കണമെന്ന് മാളു ആഗ്രഹിച്ചത്. ഏത് നിമിഷവും കൊല്ലപ്പെടാവുന്ന ഒരാളെ അത്തരത്തില്‍ ആരും ആഗ്രഹിക്കില്ലല്ലോ. മറിച്ച്, വെള്ളക്കാര്‍ക്കെതിരെ നേര്‍ക്കുനേരെ യുദ്ധം ചെയ്യാനായിരുന്നു. അത് ചെറുപ്പം മുതല്‍ താന്‍ കൊതിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെയാവണമെന്ന മാളുവിന് നിര്‍ബന്ധമുണ്ടായിരുന്നു.
ഒരുവശത്ത് തമ്പുരാക്കന്മാരുടെ ചതിപ്രയോഗങ്ങള്‍. മറുവശത്ത് പട്ടാളത്തിന്റെയും പോലീസിന്റെയും ക്രൂരതയും. അവര്‍ മാപ്പിളമാരുടെ വീടുകള്‍ കയ്യേറുകയും നിരപരാധികളും രോഗികളുമായ പുരുഷന്മാരെ ബയനറ്റുകൊണ്ട് കുത്തിക്കൊല്ലുകയും സ്ത്രീകളെ പീഡിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയും ചെയ്യുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പുരുഷന്മാരോടൊപ്പം മാളുവും പങ്കെടുത്തു. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും തടവറകളുടെ കൂരിരുട്ടിനും തകര്‍ക്കാനാവാത്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നിശ്ചയദാര്‍ഢ്യവും അചഞ്ചല വിപ്ലവബോധവും നേതൃത്വപാഠവവും കണ്ട് മനസ്സുകൊതിച്ച പെണ്‍ഹൃദയമായിരുന്നു മാളുഹജ്ജുമ്മ.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു മാളുഹജ്ജുമ്മ. പ്രധാനമന്ത്രിയായും സൈന്യാധിപയായും മുഖ്യ ഉപദേശകയായും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരര്‍ത്ഥത്തില്‍ പ്രവാചകന് ഖദീജ (റ) ബീവി എങ്ങിനെയായിരുന്നോ അങ്ങിനെയായിരുന്നു വാരിയന്‍കുന്നന് മാളുഹജ്ജുമ്മയും. ആപത്ഘട്ടങ്ങളില്‍ താങ്ങായും സമാധാനവുമായി നിലകൊണ്ടു. എന്നാല്‍ വെള്ളക്കാരനെതിരെയുള്ള പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇരുവരുടേയും ഭാഗത്തുനിന്നും ഉണ്ടായില്ല. ജനങ്ങള്‍ക്ക് ഒരുതരം ഭയം കലര്‍ന്ന ബഹുമാനമായിരുന്നു അവരോട്. തെയ്യമ്പാട്ടിക്കുന്നില്‍ നിന്നും കരുവാരക്കുണ്ട് അങ്ങാടിയിലൂടെ അവര്‍ നടക്കാനിറങ്ങിയാല്‍ മുതിര്‍ന്നവര്‍ പോലും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കും. കരുവാരക്കുണ്ടുമുതല്‍ കാളികാവു വരെ സുപരിചിതമായിരുന്ന അവര്‍ എല്ലാവര്‍ക്കും മാളുഅമ്മായി ആയിരുന്നു. വെള്ളമുണ്ടും നീളംകൂടിയ കുപ്പായവും കാച്ചിതുണിയും മക്കനയുമായിരുന്നു വേഷം. നീളന്‍ വടിയും കുത്തിപ്പിടിച്ചായിരുന്നു അങ്ങാടിയിലൂടെ നടന്നിരുന്നത്. ത്യാഗപൂരിതമായി ആര്‍ജ്ജിച്ചെടുത്ത പ്രതാപത്തിന്റെ അടയാളമായിരുന്നു ആ വടി. അരയിലൊരു വെള്ളി അരപ്പട്ടയും അതിലൊരു കത്തിയുമുണ്ടാകും. മലബാർ പോരാട്ടനാള്‍ മുതലുള്ളതായിരുന്നു അരപ്പട്ടയിലെ ആ കത്തി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ എന്ന പദവിയും ഉണ്ടായിരുന്നതിനാല്‍ ഏറനാടന്‍ രാജ്ഞിയായിത്തന്നെ അവര്‍ വാണു.
പ്രണയിച്ചു വിവാഹം ചെയ്യുക, സമരത്തില്‍ നേരിട്ടു പങ്കെടുക്കുക, ഒറ്റക്ക് എവിടേക്കും യാത്രചെയ്യുക തുടങ്ങിയ സവിശേഷ ഗുണങ്ങളാണ് മാളു ഹജ്ജുമ്മക്കുണ്ടായിരുന്നത്. അക്കാലത്ത് നവോത്ഥാന ശ്രമങ്ങൾക്ക് ആരംഭം കുറിച്ച നമ്പൂതിരി നായര്‍ സമുദായങ്ങളിലെ സ്ത്രീകള്‍ക്കു പോലും സങ്കല്പിക്കാന്‍ കഴിയാതിരുന്ന ദൂരമാണ് 1920-21 കളില്‍ മാളു ഹജ്ജുമ്മ ഒറ്റക്കു തരണം ചെയ്തത്. അക്കാലത്തെ സ്ത്രീകള്‍, പ്രത്യേകിച്ച് മാപ്പിള സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഈ പുരോഗമനാവസ്ഥയില്‍ എത്തിയിരുന്നില്ലന്ന് മാത്രമല്ല എതിര്‍ക്കുകയും ചെയ്തിരുന്നു.
അക്കാലത്ത് സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു ?
കുഞ്ഞഹമ്മദ് ഹാജി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതോടെ മലബാര്‍ ജനത അരക്ഷിതാവസ്ഥയിലായി. നായകനില്ലാത്ത അവസ്ഥയില്‍ ദുരിതത്തിന്റെ നാളുകളും ആരംഭിച്ചു. അരാജകത്വം നാട്ടില്‍ കൊടികുത്തിവാണു. കൊള്ളക്കാരും സ്ത്രീപീഠനക്കാരും യഥേഷ്ടം വിഹരിച്ചു. പെണ്‍മക്കളെ പട്ടാളക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ പല സ്ത്രീകളും പ്രയാസപ്പെട്ടു. വീട്ടില്‍ പുരുഷന്മാര്‍ ഇല്ലാത്തതിനാല്‍ പട്ടിണികൂടാതെ അവരെ വളര്‍ത്തേണ്ടതും സ്ത്രീകളുടെ ബാധ്യതയായി മാറി. പട്ടാളക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ പല കൗശലങ്ങളും അവര്‍ പ്രയോഗിക്കേണ്ടിവന്നു. കുഞ്ഞുങ്ങളെ കുഴിയിലും ഗുഹകളിലും ഒളിപ്പിച്ചിട്ട് കാട്ടുചെടികളും ഓലമടലുകളും കൊണ്ട് മൂടി ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയേണ്ടിവന്നിട്ടുണ്ട്.
ജന്മിമാരും പലിശക്കാരും ഇടനിലക്കാരും വീണ്ടും രംഗത്ത് വന്നതാണ് മറ്റൊരു ദുരന്തം. സമരം അടിച്ചമര്‍ത്തിയപ്പോള്‍ ഏറനാട്ടിലും വള്ളുവനാട്ടിലും കൃഷിയും തൊഴിലും ഇല്ലാതായതിനാല്‍ പട്ടിണിയും ക്ഷാമവും ഏറിവന്നു. കഠിനമായ യാതനയും വേദനയുമാണ് മാപ്പിള സ്ത്രീകള്‍ക്ക് പട്ടാളക്കാരില്‍ നിന്നു നേരിടേണ്ടി വന്നത്. അവിടെയായിരുന്നു മാളുഹജ്ജുമ്മയെപ്പോലുള്ളവരുടെ പ്രസക്തി. വെള്ളക്കാര്‍ കരുവാരക്കുണ്ട്, കാളികാവ് ഭാഗത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പ്രാണഭയത്താല്‍ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങിയില്ല. നിസ്സഹായാവസ്ഥയില്‍ എല്ലാം അറിഞ്ഞുകൊണ്ടിരുന്ന മാളുഹജ്ജുമ്മ ഒളിവിലിരുന്ന് കരുക്കള്‍ നീക്കി. സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ആത്മവിശ്വാസം നല്‍കുന്നതിനും അവര്‍ക്കാവും വിധം ശ്രമിച്ചു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമെ അടുത്ത തലമുറയെയെങ്കിലും ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിയൂ എന്ന് അവര്‍ക്കറിയാമായിരുന്നു. അതിനായി മാളുഹജ്ജുമ്മയുടെ സ്‌നേഹിതരായ ചില നായര്‍ സ്ത്രീകളുടെ സഹായത്തോടെ വെള്ളക്കാര്‍ കത്തിച്ച കണ്ണത്ത് സ്‌കൂള്‍ വീണ്ടും പുനഃസ്ഥാപിച്ചു. ചകിതരായിരുന്ന കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍ മടികാണിച്ചു. എന്നാല്‍ തന്റെ പാടത്തും പറമ്പിലുമുള്ള എല്ലാ വിഭവങ്ങളും സ്‌കൂളിനായി ഏറ്റെടുക്കാന്‍ അവര്‍ നിര്‍ദ്ദേശം നല്‍കി. പട്ടിണിക്കാലമായതിനാല്‍ വിശപ്പ് മാറ്റാന്‍ കുട്ടികള്‍ സ്‌കൂളിലെത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു.
വലിയ ധര്‍മ്മിഷ്ഠയായിരുന്ന അവര്‍ പിന്നീട് സാമൂഹ്യ വിദ്യാഭ്യാസ സേവനത്തിലേക്ക് അവര്‍ തിരിഞ്ഞു. വീടുവീടാന്തരം കയറി അതിനായി ശ്രമിക്കുകയും കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൊച്ചുകുട്ടികളെ നെല്‍വയലില്‍ പണിക്കുവിടുന്ന ശീലമായിരുന്നു അക്കാലത്ത്. പാടത്ത് നെല്‍മണികള്‍ പാകമാകുമ്പോള്‍ കിളികള്‍ കൊണ്ടുപോകാതിരിക്കാന്‍ പൊരിവെയിലിലും കാവലിരിക്കാന്‍ വിധിക്കപ്പെട്ട ബാല്യത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ പ്രസംഗപാടവവും മനോഹരഗാനവും വാക്ചാതുരിയും ആരേയും ആകര്‍ഷിക്കുമായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമില്ലാതിരുന്ന അക്കാലത്ത് അവര്‍ വിദ്യനേടി എന്ന് മാത്രമല്ല, സ്‌കൂള്‍ ആരംഭിക്കാന്‍ സ്വന്തം സ്ഥലം വിട്ടുകൊടുക്കകയും ചെയ്തിരുന്നു. മലയാളവും ഇംഗ്ലീഷും പഠിച്ചു. ബ്രിട്ടീഷിനെതിരെ യുദ്ധം ചെയ്തു. പ്രണയിച്ചു വിവാഹം കഴിച്ചു. ഇതിലൊന്നും യാഥൃശ്ചികമായി എത്തിപ്പെട്ടതായിരുന്നില്ല. പോരാട്ടം അവര്‍ സ്വയം തെരഞ്ഞെടുത്ത വഴിതന്നെയായിരുന്നു. മതബോധത്തോടൊപ്പം ദേശീയബോധത്തിന്റേയും പ്രതിഫലനമായിരുന്നു മാളു ഹജ്ജുമ്മയെന്ന ഇതിഹാസം ഫാത്തിമ മാളു. അവര്‍ യഥാര്‍ഥത്തില്‍ മലബാറിന്റെ നവോത്ഥാന നായിക തന്നെയായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് അപ്രാപ്യമായിരുന്ന സാമുദായിക പരിഷ്‌കാരങ്ങളുടെ മാതാവെന്ന് അവരെ വിശേഷിപ്പിക്കാവുന്നതാണ്. പാവങ്ങളെ സഹായിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും രംഗത്തുണ്ടായിരുന്നു. ഒരു പ്രശ്‌നം ഏറ്റെടുത്താല്‍ എന്തു പ്രതിസന്ധിയിലും ആ പ്രശ്‌നം പരിഹരിക്കുന്നതുവരേയും ഒപ്പമുണ്ടാകും. സ്വാതന്ത്ര്യാനന്തര കാലത്തും ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ അത് ചോദിക്കാന്‍ പോലീസ് സ്റ്റേഷനിലും കോടതിയിലും നിരന്തരം അവര്‍ പോകുമായിരുന്നു. മരണം വരെയും അത് തുടര്‍ന്നു. പ്രശ്‌നപരിഹാരത്തിനുള്ള അവരുടെ കഴിവും ആജ്ഞാശക്തിയുമാകാം ജനങ്ങള്‍ പലവിധ തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് മാളുഹജ്ജുമ്മയെ സമീപിച്ചിരുന്നു. അവരുടെ പ്രിയപ്പെട്ട മാളു അമ്മായി ഇടപെട്ടാല്‍ തീരാത്ത ഒരുപ്രശ്‌നവും ആ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഒരു സമാന്തര കോടതി തന്നെ ആയിരുന്നു അവര്‍. കരുവാരക്കുണ്ട് പള്ളിയിലെ മുഖ്യചുമതലക്കാരിയായി മാളുഹജ്ജുമ്മ സേവനമനുഷ്ടിച്ചിരുന്നു. പ്രമുഖ മതപണ്ഡിതനായിരുന്ന മൊയ്തീന്‍ മുസ്‌ലിയാര്‍ കരുവാരക്കുണ്ട് പള്ളി ഇമാമായിരുന്ന കാലത്താണ് അത്. പ്രമുഖ പണ്ഡിതരോടൊപ്പമാണ് അവർ പള്ളിയുടെ ചുമതലക്കാരിയായത് എന്നത് പ്രസ്താവ്യമാണ്. പള്ളിയുമായി ബന്ധപ്പെട്ട യോഗം കൂടുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ പ്രത്യേക ഇരിപ്പിടത്തിലിരുന്ന് മാളുഹജ്ജുമ്മ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു. ആജ്ഞാശക്തിയും ധൈര്യവും നേതൃഗുണവും മതബോധവും ഒത്തിണങ്ങിയിരുന്ന അത്ഭുത വനിതയായിരുന്നു അവര്‍.
‘മലബാര്‍ സമരത്തിലെ പെണ്‍കരുത്ത് മാളു’ എന്ന ഈ പുസ്തകം എഴുതുന്നതിന് വിവരങ്ങള്‍ ലഭ്യമായത് എങ്ങിനെയെന്ന് വിശദമാക്കാമോ?
മലബാര്‍ സമരത്തില്‍ പുരുഷന്മാരോടൊപ്പമൊ ഒറ്റക്കൊ പങ്കെടുത്ത പലസ്ത്രീകഥാപാത്രങ്ങളെയും അടയാളപ്പെടുത്താനും ഏഴുതിച്ചേര്‍ക്കാനും പലപ്പോഴും കഴിയുന്നില്ല. വളരെക്കുറഞ്ഞ പഠനങ്ങളെ ആ വഴിക്കുവന്നിട്ടുള്ളു. സ്വാതന്ത്ര്യലബ്ദിക്ക് വേണ്ടി പോരാടിയ ധീരരായ മക്കളുടെ ചോരപുരണ്ട മണ്ണിന്റെ കഥയാണ് മാളുഹജ്ജുമ്മ. എന്നിട്ടും ആ വഴിക്ക് ആരും ചിന്തിക്കാതിരുന്നതിനാല്‍ അതൊരു പുസ്തകമാക്കി ചരിത്രാന്വേഷികള്‍ക്ക് നല്‍കണമെന്ന് തോന്നി. ചരിത്രവര്‍ത്തമാനങ്ങള്‍ എന്ന കൃതിയില്‍ ശ്രീമതി. ഗീത പറയുന്നുണ്ട്; ‘മാളുഹജ്ജുമ്മയെ യഥാര്‍ത്ഥത്തില്‍ മലബാറിന്റെ നവോത്ഥാന നായികയായിത്തന്നെയാവണം പരിഗണിക്കേണ്ടത്. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ സംഭവിച്ച സാമുദായിക പരിഷ്‌കരണങ്ങളുടെ കൂടി തെളിവായിവേണം മാളുഹജ്ജുമ്മയേ ചരിത്രത്തിൽ വായിക്കപ്പെടേണ്ടത്. എതിര്‍പ്പിനിടയിൽ തന്നെ പഠിക്കാൻ പോവുകയും പിന്നീട് പഠിപ്പിക്കുവാനും ആരംഭം കുറിക്കുകയെന്നത് ആക്കാലത്ത് ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു, പ്രത്യേകിച്ച് മാപ്പിള സമുദായത്തിന്.’ മന:പ്പൂര്‍വ്വം വിസ്മൃതിയാലാണ്ടുപോയ ധാരാളം മഹിളാരത്‌നങ്ങള്‍ മലബാര്‍ സമരചരിത്രത്തില്‍ സ്ത്രീകരുത്തിന്റെ ഭാഗമായുണ്ട്. സാമ്രാജ്യവിരുദ്ധനായ വാരിയന്‍കന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാളുഹജ്ജുമ്മയും ലോകാവസാനം വരേയും സ്മരിക്കപ്പെടും. ഇതെല്ലാം ശരിയായ ചരിത്രയാഥാര്‍ത്ഥ്യങ്ങളാണെന്നിരിക്കെ ഇനിയും ചരിത്രത്തെ ധ്രുവീകരിക്കുന്ന കൂലിയെഴുത്തുകാര്‍ക്ക് പിന്തിരിയാതിരിക്കാനാവില്ല. ധന്യപൈതൃകവുമായി പുതുതലമുറ ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തയ്യാറാവുക തന്നെ ചെയ്യും, തീര്‍ച്ച. മലബാര്‍പോരാട്ട സ്മരണകളില്‍ ജ്വലിക്കുന്ന നക്ഷത്രമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാളുഹജ്ജുമ്മയും ജനമനസ്സുകളില്‍ എക്കാലവും നിലനില്‍ക്കും.
ഹിച്ച്‌കൊക്ക് എഴുതിയ ഹിസ്റ്ററി ഓഫ് മലബാര്‍ റെബല്യന്‍ 1921, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരിം എഴുതിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എ.കെ. കോഡൂര്‍ എഴുതിയ ആഗ്ലോ മാപ്പിളയുദ്ധം 1921, ഗീത എഴുതിയ 1921 ചരിത്രവര്‍ത്തമാനങ്ങള്‍, മലബാര്‍ പോരാട്ടം, ചരിത്രവും നാട്ടുചരിത്രവും തുടങ്ങിയ കൃതികളിലും മാളുഫാത്തിമ ഹജ്ജുമ്മ വിഷയീഭവിക്കുന്നുണ്ട്. അങ്ങിനെയാണ് മറവിയിലാണ്ടുപോയ മാളുഹജ്ജുമ്മയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ പുസ്തകമെഴുതാന്‍ പരിശ്രമിച്ചത്. അതിനുണ്ടായ കഷ്ടപ്പാടുകളും പരിശ്രമങ്ങളും ഊഹിക്കാവുന്നതിനുമപ്പുറമാണ്. അതിന്റെ ആവേശഭരിതമായ മഹിത തരംഗങ്ങള്‍ പുസ്തകത്തിലൂടെ ലഭ്യമാവണമല്ലൊ. കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ മാസങ്ങളോളം ചുറ്റിക്കറങ്ങിയാണ് മാളുഹജ്ജുമ്മയുടെ ബന്ധുക്കളേയും സമകാലികരേയും കണ്ടെത്തിയത്. പ്രദേശവാസികള്‍ പോലും ആ കരുത്തുറ്റ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്. ബ്രിട്ടീഷുകാര്‍ക്ക് പേടിസ്വപ്നമായിരുന്ന മാളുഹജ്ജുമ്മക്ക് ഉചിതമായ സ്മാരകം ഉയര്‍ന്നുവരേണ്ടതുണ്ട്.
മാളുഹജ്ജുമ്മയുടെ സഹോദരന്‍ മുഹമ്മദിന്റെ മക്കളായ മോയീനും ഉമ്മര്‍ ഹാജിയും മാളുഅമ്മായിയുടെ ചരിത്രം എനിക്ക് വിശദീകരിച്ചു തന്നു. പിതാവിന്റെ അമ്മായി ആയതിനാല്‍ തങ്ങളും അമ്മായിയെന്നായിരുന്നു വിളിച്ചതെന്നും ചീനിപ്പാടത്തിനക്കരെനിന്നും കുട്ടിമാനേയെന്ന് നീട്ടിവിളിക്കുന്നത് ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നതായും മോയീന്‍ എന്ന കുട്ടിമാന്‍ പറയുന്നു. കേരളത്തിലെ തന്നെ ആദ്യത്തേതും അവസാനത്തേതുമായ വനിതാ പള്ളി പ്രസിഡന്റായിരുന്നു മാളുഹജ്ജുമ്മയെന്നത് പ്രസ്ഥാവ്യമാണ്. പള്ളിക്കും പള്ളിക്കുടത്തിനും അവര്‍ ധാരാളം സ്ഥലം സംഭാവന ചെയ്തു. ‘വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി, കല്ലാമൂലയില്‍ വാഴും ചുള്ളനാജി. അവരുടെ അമ്മാവനാം കോയാമുഹാജി, പുത്രിയാം പുകള്‍പെറ്റ മാളുമ്മയും’ പറവെട്ടി അബ്ദുറഹ്മാന്റെ ഓര്‍മ്മയില്‍ ഇപ്പോഴും മാളു എന്ന അത്ഭുത വനിതയെക്കുറിച്ചുള്ള പാട്ടുകള്‍ തിരിച്ചെത്തുന്നു.
ഈ പുസ്തകത്തിന്റെ സമകാലിക പ്രസക്തി എന്താണ് ?
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ, കാര്‍ഷിക സമര വിപ്ലവങ്ങളുടെ ഉള്ളറകളിലേക്ക് കടക്കുമ്പോള്‍ തമസ്‌കരിക്കപ്പെട്ട ധാരാളം വനിതാ പോരാളികളുണ്ട്. വ്യക്തിപരവും സാമൂഹ്യപരവുമായ മൂല്യങ്ങൾ ഒത്തുചേര്‍ന്ന ഇത്തരം മഹിളകളെ അടയാളപ്പെടുത്താതെയാണ് മലബാര്‍ പോരാട്ടവും ദേശീയ സ്വാതന്ത്ര്യ സമരവും കടന്നു പോകുന്നത്. അത്തരമൊരു ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടം, അതാണ് മാളുഹജ്ജുമ്മ. മാളുഹജ്ജുമ്മയെന്ന വ്യക്തിത്വം നമ്മെ ബോധ്യപ്പെടുത്തുന്നതും അതാണ്.സ്ത്രീകള്‍ നേതൃത്വം നല്‍കിയ സംഘട്ടനങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.കൗശലത്തോടെ പട്ടാളത്തെ അക്രമിക്കുകയും അവരില്‍നിന്ന് പലരേയും രക്ഷിച്ച ധീരരായ സ്ത്രീകളും ചരിത്രങ്ങളിലുണ്ടായിരുന്നു. മലബാര്‍ പോരാട്ടത്തിന്റെ മുന്‍നിരയിലൊ പുരുഷന്മാരോടൊപ്പമൊ പല വനിതകളു- മുണ്ടായിരുന്നു.
സ്വരാജ്യത്തിനായി സകലതും വെടിഞ്ഞ് പോരാടാനുള്ള സ്വഭാവസ്ഥൈര്യം അവര്‍ക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവിതം മുഴുവന്‍ നീണ്ടുനിന്ന പോരാട്ടമായിരുന്നു മലബാറുകാരുടേത്.അടിമത്വത്തിന്റെ കാര്‍മേഘങ്ങളെ ഉരുക്കിയെടുത്ത് നാടിനെ ശുദ്ധീകരിക്കാനും ജ്വലിപ്പിക്കാനും കച്ചകെട്ടി ഇറങ്ങിയവരായിരുന്നു അവര്‍.നേതൃഗുണം കൊണ്ടും ആജ്ഞാശക്തി കൊണ്ടും ഏറെ പ്രസിദ്ധിയാര്‍ജിച്ചിരുന്ന മാളുഹജ്ജുമ്മയുടെ ജീവിതം തന്നെ ഇന്ത്യൻ വനിതകൾക്ക് എന്നും ആവേശവും അഭിമാനവുമാണ്. മാളുഹജ്ജുമ്മയുടെ ഓര്‍മ്മപോലും ആരേയും ആവേശം കൊള്ളിക്കും. വാരിയന്‍കുന്നത്ത് മാളു ഫാത്തിമ ഹജ്ജുമ്മ, കേള്‍ക്കുമ്പോള്‍തന്നെ ഒരു ആഢ്യത്വം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാരത്തിന്റേയും അഹങ്കാരത്തിന്റേയും നെറുകയില്‍ പിടിച്ച് വെള്ളക്കാരന്റെ ഉറക്കം കെടുത്തിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രചോദനവും ആത്മ വീര്യവുമായി വര്‍ത്തിച്ച ജീവിത പങ്കാളിയായിരുന്നു ഫാത്തിമ മാളു എന്ന ധീരവനിത. ബ്രിട്ടനെതിരെ കൈയ്യില്‍ ഊരിപ്പിടിച്ച വാളുമായി പടക്കളത്തില്‍ ഭര്‍ത്താവിനോടൊന്നിച്ചു പോരാടിയിരുന്ന വീരാംഗന. കുഞ്ഞഹമ്മദ് ഹാജിയോടുള്ള അവരുടെ പ്രണയം, സ്വതന്ത്ര ഇന്ത്യയോടുള്ള പ്രണയമായിരുന്നു. സ്ത്രീകള്‍ക്ക് മലബാര്‍ സമരത്തില്‍ പങ്കെടുക്കാനുള്ള പരിമിതി മാളുഹജ്ജുമ്മക്ക് അറിയാമായിരുന്നു. അതുകൊണ്ടാണല്ലൊ, മലബാറിലെ ഏറ്റവും ശക്തനും അപകടകാരിയുമെന്ന് ഇന്നിസ് സായിപ്പ് വിശേഷിപ്പിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെതന്നെ സ്വന്തമാക്കാന്‍ അവര്‍ ആഗ്രഹിച്ചത്. ധൈര്യവും സാഹസികതയും നിറഞ്ഞ അവര്‍, ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനും ധൈര്യപ്പെട്ടു.ഏറനാടന്‍ സിംഹമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഏത് നിമിഷവും വെള്ളക്കാരന്റെ വെടിയുണ്ട വീഴ്ത്തിയേക്കാം. താനും എപ്പോള്‍ വേണമെങ്കിലും അവരുടെ വാളിനിരയാവാം. എന്നാല്‍ വെടിയുണ്ടകളെ പൂങ്കുലകള്‍ എന്നപോലെ സ്വാഗതം ചെയ്യാനുള്ള സ്വപ്രത്യയ സ്ഥൈര്യം ഉള്ളവരായിരുന്നു മാളുവും കൂട്ടരും.വാരിയന്‍കുന്നനോടൊപ്പം ഏറനാടന്‍ ധീരവനിതകള്‍ കയ്യും മെയ്യും മറന്ന് വീറോടെ പൊരുതിയിരുന്നു.
രക്തസാക്ഷികളായ സ്ത്രീകളെപ്പറ്റി പല ചരിത്രഗ്രന്ഥങ്ങളും സൂചിപ്പിക്കുന്നില്ല. സമീപനാളില്‍ പുറത്തിറങ്ങിയ ശ്രീമതി. ഗീതയുടെ ‘1921 ചരിത്രവര്‍ത്തമാനങ്ങള്‍’ എന്ന കൃതിയാണ് അല്‍പ്പമെങ്കിലും ആ വഴിക്ക് ചിന്തിച്ചിട്ടുള്ളത്. മലബാര്‍ കലാപത്തിലെ സ്ത്രീപക്ഷ വായനയിലൂടെ ശ്രീമതി ഷംസാദ് ഹുസൈന്‍ ഒരുപഠനം നടത്തുന്നുണ്ട്.’മലബാര്‍ പോരാട്ടത്തില്‍ പങ്കെടുത്ത മാപ്പിള വനിതകളെ കാര്യമായി ചരിത്ര പുസ്തകങ്ങള്‍ അനുസ്മരിക്കുന്നില്ല. പിന്നെന്തുകൊണ്ട് മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെന്ന് സി.എ.ഇന്നിസ് റിപ്പോര്‍ട്ടു ചെയ്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയായ മാളുഹജ്ജുമ്മ പരാമര്‍ശിക്കപ്പെട്ടു എന്നത് പഠനവിധേയമാക്കേണ്ടതാണ്.’ –(1921, ചരിത്രവര്‍ത്തമാനങ്ങള്‍, ശ്രീമതി. ഗീത, പേജ് 71-72).സ്വേച്ഛാനുസരണം ജീവിക്കാന്‍ അവര്‍ ധൈര്യപ്പെട്ടു.ഇംഗ്ലീഷുള്‍പ്പെടെ എഴുതാനും വായിക്കാനും പഠിച്ചതും, സ്വന്തം സ്ഥലം സ്‌കൂള്‍ നടത്താന്‍ വിട്ടുകൊടുത്തതും അവരുള്‍ക്കൊണ്ട മതബോധത്തോടൊപ്പം ദേശീയ സാമൂഹ്യ ബോധത്തിന്റെയും പ്രതിഫലനമായിവേണം തിരിച്ചറിയാന്‍. പോരാട്ടത്തില്‍ പുരുഷന്മാരോടൊപ്പം നേരിട്ട് പങ്കെടുത്ത മാളുവിന് അത് അനായാസം സാധിച്ചു. സാമൂഹികവും വ്യക്തിപരവുമായ മൂല്യങ്ങളൊത്തുചേര്‍ന്ന ഇത്തരം മഹിളകളെ അടയാളപ്പെടുത്താതെയാണ് മാപ്പിള പോരാട്ടവും ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും കടന്നു പോയതെന്നാണ് മാളു ഹജ്ജുമ്മ നമ്മെ ബോധ്യപ്പെടുത്തുന്നത്. മലബാറിനെ കലാപഭൂമിയാക്കിയ വെള്ളക്കാരെ തുരത്തുവാനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനുമായി ഒരു ജനതയുടെ പ്രതിരോധമുന്നേറ്റങ്ങള്‍ മൂര്‍ത്തമാവുന്ന ഈ കൃതി ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ‘മലബാര്‍ സമരത്തിലെ പെണ്‍കരുത്ത് മാളു’ എന്ന ഈ പുസ്തകം മലബാര്‍ പോരാട്ടത്തിന്റെ വേറിട്ടൊരനുഭവം തന്നെയാണ്. രാജ്യത്തിനായി ജീവന്‍ നല്‍കിയ സ്വാതന്ത്യസമരസേനാനികളെ ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും വെട്ടിമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അതിനെതിരെയുള്ള ഒരു ചരിത്രവായനകൂടിയാണിത്. മലബാര്‍ പോരാട്ടത്തിന്റെ ത്യാഗോജ്ജലസ്മരണകളുണര്‍ത്തുന്ന നൂറാം വാര്‍ഷികത്തില്‍ ‘മലബാര്‍ സമരത്തിലെ പെണ്‍കരുത്ത് മാളു’ നിങ്ങളുടെ കരങ്ങളിലെത്തുന്നതുതന്നെ ഇത്തരം ചരിത്രാഖ്യാനങ്ങളുടെ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്.
പോസ്റ്റ് -സെകുലർ ലോകവും ഇസ്‌ലാമും
ആധുനികത മുന്നോട്ട് പോകുന്നതോടു കൂടി മതം കൊഴിഞ്ഞു പോകുമെന്ന് പ്രവചിച്ച മതേതരവത്കരണ സിദ്ധാന്തത്തിന് എതിരായി കടന്നു വന്ന പ്രതി സിദ്ധാന്തമാണ്…
അല്‍മുഹദ്ദിസാത്: ഇസ്‌ലാമിലെ പണ്ഡിതവനിതകള്‍
പ്രമുഖ പണ്ഡിതൻ മുഹമ്മദ് അക്റം നദ് വിയുടെ അൽ മുഹദ്ദിസാത് വിവർത്തനം നിർവഹിച്ച യുവ പണ്ഡിതൻ അനീസ് ടി.എ കമ്പളക്കാട് ‘ദി…
എന്റെ കഥ വിൽപനക്ക്
പ്രമുഖ യുവ എഴുത്തുകാരി റസിയ പയ്യോളി അവരുടെ “എന്റെ കഥ വിൽപനക്ക്” എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുന്നു എന്റെ കഥ വില്പനയ്ക്ക്…
വാരിയം കുന്നത്ത് സീറപ്പാട്ട്
യുവ എഴുത്തുകാരനും മലബാർ മുസ്ലിം ചരിത്ര ഗവേഷകനുമായ നസ്റുദ്ദീൻ മണ്ണാർക്കാട് അദ്ധേഹത്തിന്റെ ‘ വാരിയൻ കുന്നത്ത് സീറപ്പാട്ട് ‘ എന്ന പുസ്തകത്തിൻ്റെ…
മലബാർ മുതൽ ഇസ്തംബൂൾ വരെ
മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്മെൻറ് മേധാവിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി. സൈനുൽ ആബിദ് അദ്ദേഹത്തിൻ്റെ മലബാർ…