പോസ്റ്റ് -സെകുലർ ലോകവും ഇസ്‌ലാമും

 

ആധുനികത മുന്നോട്ട്‌ പോകുന്നതോടു കൂടി മതം കൊഴിഞ്ഞു പോകുമെന്ന് പ്രവചിച്ച മതേതരവത്കരണ സിദ്ധാന്തത്തിന് എതിരായി കടന്നു വന്ന പ്രതി സിദ്ധാന്തമാണ് പോസ്റ്റ്-സെക്കുലർ തിയറി (മതേതരാനന്തര തിയറി). പോസ്റ്റ്-സെക്കുലർ അവബോധം ആധുനികക്കകത്ത്‌ മതത്തിന്റെ നിരന്തരമായ നിലനിൽപ്പിനെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പ്രാഥമികമായും മൂന്നു പ്രതിഭാസങ്ങളെ സംബന്ധിച്ച ബോധ്യങ്ങളിലെ മാറ്റങ്ങളെയാണ് മതേതരാനന്തരം പ്രതിനിധാനം ചെയ്യുന്നത്: ആഗോള തലത്തിലുള്ള തങ്ങളുടെ മതേതരത്വത്തെ (secularity) കുറിച്ച പൗരന്മാരുടെ അവബോധം, പ്രാദേശികവും ലോകവ്യാപകവുമായുള്ള മത സ്വാധീനങ്ങളെ കുറിച്ച അവബോധം, മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ നിന്നും പലായനം ചെയ്യുന്ന ജനങ്ങളോടുള്ള അടുപ്പം എന്നിവയാണത്.

 

സെപ്തംബർ 11 നു ശേഷമുള്ള നമ്മുടെ പോസ്റ്റ്-സെക്കുലർ ലോകം, ഇസ്‌ലാമിന്റെ പ്രാദേശികവും സാർവലൗകികവുമായിട്ടുള്ള സാന്നിധ്യത്തെ അംഗീകരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, മതേതര പടിഞ്ഞാറിനോടുള്ള പ്രതികരണമായിട്ടാണ് “ഇസ്‌ലാമിക തീവ്രവാദം” ജനനം കൊള്ളുന്നത്. മുസ്ലിം നാടുകളിൽ പാശ്ചാത്യ ലോകം നടത്തിയ അധിനിവേശങ്ങളുടെയും വിദേശ നയങ്ങളുടെയും വ്യക്തിപരവും സാമൂഹികവുമായ നിഷേധാത്മക അനുഭവങ്ങളാൽ പ്രചോദിതരായി രൂപംകൊണ്ട മുസ്ലിം സായുധ സംഘങ്ങൾ ഇതിനുദാഹരണമാണ്. മതപ്രമാണങ്ങളെയും ആശയങ്ങളെയും (തെറ്റായി) ഉദ്ധരിക്കുന്ന ആഖ്യാനങ്ങളാണ് ഇത്തരം പ്രതികരണങ്ങളോടനുബന്ധിച്ച് ഏറെയും ഉണ്ടാകാറുള്ളതെങ്കിലും അവയുടെ താല്പര്യങ്ങൾ പൂർണമായും മതകീയമാണ് എന്ന് വാദിക്കുക സാധ്യമല്ല. വിദേശകാര്യങ്ങളിൽ അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്ന പാശ്ചാത്യരുടെ രാഷ്ട്രീയ കൈയേറ്റങ്ങളോടുള്ള കലഹമായിട്ടു കൂടി വേണം ഈ പോരാട്ടങ്ങളെ മനസ്സിലാക്കാൻ.

 

പരമ്പരാഗതമായ സാംസ്കാരികവും ഇസ്ലാമികവുമായ പശ്ചാതലങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ആഗമനം പോസ്റ്റ് സെക്കുലർ അവബോധത്തെ സ്വാധീനിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ട് മുതൽ യൂറോപ്പ്യൻ ലോകം നേരിട്ട മതഭിന്നതകളുമായി ഇതിനെ താരതമ്യം ചെയ്യുവാൻ കഴിയും. പുതുതായി രൂപപ്പെടുന്ന കൃസ്ത്യൻ വിഭാഗങ്ങളോട് സഹിഷ്ണുത പുലർത്തുക എന്നതായിരുന്നു അന്നവർ നേരിട്ട പ്രശ്നമെങ്കിൽ ഇന്നത് ഇസ്ലാമിനോടും മുസ്ലിങ്ങളോടുമുള്ള സഹിഷ്ണുത എന്നതായി മാറിയിരിക്കുന്നു. ഇന്ന് മുസ്ലിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം സാമൂഹിക ഉദ്ഗ്രഥനം എങ്ങനെ സാധ്യമാവും എന്നതാണ്. പാശ്ചാത്യ സമൂഹത്തെ ഒരു കോളനിയാനന്തര കുടിയേറ്റ സമൂഹമായി പരിവർത്തിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണവർ. ആഗോളീകൃത തൊഴിൽ വിപണി സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ സാമ്പത്തിക കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും നിരന്തരം വളർന്നു കൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ ഫലവത്തായ ഒരു സാമൂഹിക ഉദ്ഗ്രഥനത്തിന് തടസ്സം നിൽക്കുകയാണ്.

 

ആധുനികതയുടെ ആദ്യഘട്ടത്തിലുണ്ടായ മതയുദ്ധങ്ങളോടുള്ള പ്രതികരണമായിരുന്നു സ്റ്റേറ്റിന്റെ മതേതരവത്കരണം. നവോത്ഥാനത്തിനു (Reformation) ശേഷം 17ആം നൂറ്റാണ്ടിന്റെ മധ്യകാലം വരെ പശ്ചിമയൂറോപ്പിൽ യുദ്ധങ്ങൾ തുടർക്കഥയായിരുന്നു. മതകീയമായി ഭിന്നിക്കപ്പെട്ട ഒരു സമൂഹത്തെ സമരസ്വപ്പെടുത്തി സമാധാനാവും സഹിഷ്ണുതയും സ്ഥാപിക്കുക എന്നതായിരുന്നു സ്റ്റേറ്റിനു മുന്നിലെ പ്രധാന ദൗത്യം. സഹിഷ്ണുത ഉറപ്പുവരുത്താൻ പക്ഷേ സ്റ്റേറ്റിന് സാധിച്ചില്ല. അമേരിക്കൻ ഭരണഘടന രൂപീകരിക്കുന്ന ഘട്ടത്തിൽ പിന്നീട് ജെയിംസ് മാഡിസനാണ് ഭരണഘടനാ മതേതരത്വത്തിനു വേണ്ടി വാദിക്കുന്നത്. 1901 ൽ ഓസ്ട്രേലിയ ഫെഡറേഷൻ (സംയുക്തഭരണം) ആയി മാറിയ ഘട്ടത്തിൽ ക്രിസ്തുമതത്തെ ബഹുസ്വരമായി പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് മതേതരത്വം കൊണ്ടുദ്ദേശിച്ചിരുന്നത് വിഭാഗീയതാ വിരുദ്ധതയെ (anti-sectarianism) കുറിക്കാനായിരുന്നു. അമേരിക്കയിലും ഓസ്ട്രേലിയയിലും പക്ഷേ സഹിഷ്ണുതയും സഹവർത്തിത്വവും കിട്ടാക്കനിയായിരുന്നു. ഇരുപ്രദേശങ്ങളിലെയും കത്തോലിക്കാ വിഭാഗങ്ങൾ പതിറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ടവരായി തന്നെ ജീവിച്ചു.

 

ഈയടുത്തായി ഇസ്‌ലാമിന് നേരെയുള്ള സെക്കുലർ ആക്രമണങ്ങൾ വർധിച്ചു വരുന്നതായി കാണാം. ഉയർന്നു വരുന്ന വലതുപക്ഷ പോപുലിസം (populism) സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾക്ക് ബലിയാടാക്കുവാനാണ് പലപ്പോഴും മുസ്ലിങ്ങളെ ഉപയോഗിക്കുന്നത്. ആഗോള-ദേശീയ തലങ്ങളിൽ മുസ്ലിങ്ങൾ സാമൂഹികമായും രാഷ്ട്രീയപരമായും പാർശ്വവത്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മതേത്വരവത്കരണത്തെയും പോപുലിസ്റ് ശ്രമങ്ങളെയും അതിജീവിച്ച് ഇസ്‌ലാം ഇന്നും നിലനിൽക്കുന്നു.

തത്വചിന്തകനും ഫ്രാങ്ക്ഫർട് സ്കൂളിലെ വിമർശനാത്മക സൈദ്ധാന്തികനുമായ ജോർഗൻ ഹബർമാസിന്റെ പോസ്റ്റ്-സെക്കുലാരിറ്റിയെ കുറിച്ച പ്രബന്ധമാണ് പൊതുയിടങ്ങളിൽ മതത്തെ പരിഗണിക്കുന്നതിന് പ്രചോദിപ്പിച്ച ആദ്യ ഇടപെടൽ. പോസ്റ്റ്- സെക്കുലർ സമൂഹത്തെ കുറിച്ചുള്ള പോപ്പ് ബെന്നഡിക്ട് പതിനാറാമാന്റെ ആശയങ്ങളോട് ചേർന്നു നിൽക്കുന്നതാണ് തന്റേതെന്ന് മനസ്സിലാക്കിയ ഹബർമാസ് മതത്തെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് തിരിഞ്ഞു. സമകാലിക പാശ്ചാത്യൻ സമൂഹങ്ങൾ തങ്ങളെ സ്വയം പോസ്റ്റ് സെക്കുലർ ആയി മനസ്സിലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മതകീയ പൗരന്മാരെ പൂർവാധുനിക സമൂഹങ്ങളുടെ ചരിത്രാതീത ശേഷിപ്പുകളായി മാത്രം മനസ്സിലാക്കാതെ അവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ജനാധിപത്യ സമൂഹമാണ് പോസ്റ്റ് സെക്കുലാരിറ്റി വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

 

മുസ്ലിം സംഭാവനകൾക്കായി പൊതുയിടങ്ങൾ തുറന്നു കൊടുക്കുന്നതിനെ പറ്റി തത്പരനാണ് ഹബർമാസ്. പൊതുമണ്ഡലങ്ങളിൽ നിന്നും മുസ്‌ലിം സമൂഹങ്ങളെ പുറന്തള്ളാനുള്ള പോപുലിസ്റ് ശ്രമങ്ങളുടെ പരാജയങ്ങലിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് മുസ്ലിങ്ങളെ ഉൾക്കൊള്ളുകയും സഹിഷ്ണുതയോടെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു പൊതുയിടത്തെ കുറിച്ചാണ് ഹബർമാസ് സംസാരിക്കുന്നത്. പ്രത്യയശാസ്ത്രം എന്ന നിലയിൽ സെക്കുലറിനോടും (മതേതര) സെകുലറിസത്തോടുമുള്ള ഡീകൊളോണിയൽ വിമർശനങ്ങൾ ഹബർമാസിന്റെ പോസ്റ്റ്-സെക്കുലർ നിർദേശങ്ങളെ പ്രശ്‌നവൽക്കരിക്കുന്നുണ്ട്. ചാൾസ് ടെയ്‌ലറിന്റെ കൃതിയിലേതു പോലെ, സെക്കുലറിനെ അപകോളനീകരിക്കുകയെന്നത് പാശ്ചാത്യ മതേതര വിജ്ഞാനങ്ങളെ വെല്ലുവിളിക്കുക കൂടി ചെയ്യുന്നുണ്ട്. മറ്റു ലോകവീക്ഷണങ്ങളെ നിസ്സാരവത്കരിക്കുന്ന വൈജ്ഞാനിക അനീതിയുടെ (cognitive injustice) വക്താക്കളായ പശ്ചാത്യ അധികാരങ്ങളിൽ നിന്നുള്ള മോചനം പോസ്റ്റ്-സെക്കുലറും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ പാശ്ചാത്യ സെക്കുലർ മാനദണ്ഡങ്ങളെ വംശാവലിയിലൂടെ വിശകലനം ചെയ്യുന്ന തലാൽ അസാദിന്റേതു പോലുള്ള രചനകൾ ഹബർമാസ് പ്രതീക്ഷിക്കുന്ന രീതിയിലുള്ള, മതേതര പൊതുമണ്ഡലങ്ങളിൽ മുസ്ലിങ്ങൾക്ക് നടത്താൻ കഴിയുന്ന അർത്ഥവത്തായ സംഭാവനകളെ പ്രശ്നവൽക്കരിക്കുകയാണ് ചെയ്യുന്നത്.

തലാൽ അസദ്

വെസ്റ്റിന്റെ യൂറോപ്യൻ പാരമ്പര്യത്തിനനുസൃതമായി രൂപംകൊണ്ട നിർമൃതിയാണ് വെസ്റ്റ് എന്നതുകൊണ്ട് തന്നെ, പാശ്ചാത്യ ലോകത്ത് ഇസ്ലാമിനെ മനസ്സിലാക്കുക എന്നത് പ്രഥമികമായും യൂറോപ്യൻ ജനത യൂറോപ്പിനെ എങ്ങനെയാണ് സങ്കല്പിച്ചത് എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. മുസ്ലിങ്ങളുടെ തൃപ്തികരമായ പ്രതിനിധാനം അസാധ്യമാക്കും വിധമാണ് യൂറോപ്പ് ചരിത്രപരമായി നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന്, കോളനിയാനന്തര പഠനങ്ങളുടെ ഉപജ്ഞാതാവായ എഡ്വേർഡ് സൈദിൽ നിന്നും പ്രചോദിതനായി, തലാൽ അസദ് വാദിക്കുന്നുണ്ട്. മുസ്ലിം സ്പെയ്നിൽ നിന്നും വ്യതിരിക്തമായ പാശ്ചാത്യ ക്രൈസ്തവതയുടെയും റോമിന്റെയും പുരാതന ഗ്രീസിന്റെയും സാംസ്കാരിക അനന്തരാവകാശിയായാണ് വെസ്റ്റ് സ്വയം മനസ്സിലാക്കുന്നത് എന്നത് മറന്നുകൂടാ. 7 മുതൽ 14 വരെയുള്ള നൂറ്റാണ്ടുകളിൽ ഉത്തരാഫ്രിക്കയിൽ നിന്നും മിഡിലീസ്റ്റിൽ നിന്നും സ്വതന്ത്രമായ ഭരണമായിരുന്നു മുസ്ലിം സ്പെയ്നിലേതെന്ന വസ്തുതയാകട്ടെ വിസ്മൃതിയിൽ തന്നെ തുടരുന്നു. ഒരു ‘മതം’ എന്ന നിലയിൽ (മതം/മതേതരം എന്ന യൂറോപ്യൻ വിഭജനപ്രകാരം) “ആഗോള” ലോകത്തിലേക്ക് ഇസ്ലാം സ്വാംശീകരിക്കപ്പെടണമെന്ന വാദമുണ്ട്. ഇസ്ലാം വിശ്വാസികളുടെ സ്വകാര്യ ജീവിതത്തിൽ ഒതുങ്ങിക്കൂടുന്നതല്ല എന്നതുകൊണ്ട് തന്നെ ഇസ്ലാമിനെ ഒരു ‘മത’മായി വർഗീകരിക്കുന്നത് ഇസ്ലാം മതങ്ങൾക്കിടയിലെ ഒരു അസാധാരണ മതമായി നിലകൊള്ളാൻ കാരണമാകുമെന്ന് ജോണ്. എൽ എസ്പോസിറ്റോ വാദിക്കുന്നു. എന്നുമാത്രമല്ല, പൊതുകാര്യങ്ങളിൽ നിന്നും ഇസ്ലാം ‘ശരിയാംവിധം’ വിട്ടുനിൽക്കുകയല്ല, മറിച്ച് പൊതുയിടങ്ങളിൽ പൗരന്മാർ എങ്ങനെ വർത്തിക്കണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്. ഇസ്ലാമിക നാഗരികതകൾ ചരിത്രപരമായി ഉണ്ടായിവന്നത് ഏകശിലാത്മക ഭാവനയിലല്ലെന്നും പാശ്ചാത്യ ക്രൈസ്തവ നാഗരികതകളിൽ നിന്നും വ്യതിരിക്തമായാണെന്നുമുള്ളത് ഇതിനോടൊപ്പം ചേർത്തുവായിക്കണം. ‘മത’മെന്ന യൂറോപ്യൻ നിർമൃതിക്കനുബന്ധമായാണ് ക്രിസ്തുമതം ചരിത്രപരമായി വളർന്നു വന്നത്. ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ആശയരൂപീകരണവും വളർച്ചയുമാണ് ഇസ്ലാമിന്റേത്. അതുകൊണ്ട് തന്നെ യൂറോപ്യൻ മതസങ്കല്പത്തിലേക്ക് ഇസ്ലാമിനെ വർഗീകരിക്കുക എന്നത് പ്രശ്നകരമായി മാറുന്നു. ഹബർമാസ് മുന്നോട്ട് വെക്കുന്ന പോസ്റ്റ്-സെക്കുലർ ഇടം ഇസ്ലാമിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും സാധ്യതയുണ്ടെങ്കിലും ഇസ്ലാമിനെ ‘മത’മായി വർഗീകരിക്കുന്നതിനെ സംബന്ധിച്ച് പുനർവിചിന്തനം അനിവാര്യമാണ്. മതത്തിന് സെക്കുലർ നിശ്ചയിച്ചുകൊടുത്ത അതിർത്തിക്കപ്പുറം കടക്കുന്ന മുസ്ലിങ്ങൾ അസാധാരണ വിഭാഗമായാണ് മനസ്സിലാക്കപെടുന്നത്. അവരെ മനസ്സിലാക്കാൻ കഴിയാത്ത പാശ്ചാത്യർ തീവ്രവാദികൾ, മതമൗലികവാദികൾ തുടങ്ങി പാശ്ചാത്യ മാധ്യമങ്ങൾ വിസർജ്ജിക്കുന്ന മറ്റു വിശേഷണങ്ങളിലൂടെയുമാണ് നോക്കിക്കാണുന്നത്. സംശയക്കണ്ണുകളിലൂടെ നോക്കിക്കാണുക എന്നു മുതൽ ഭീമാകരമായ അവകാശലംഘനങ്ങൾക്കു വരെ ഇവർ ഇരയാക്കപ്പെടുന്നു. ഉദാഹരണമായി, വെസ്റ്റിലുടനീളം ഉണ്ടായ ഭീകരവിരുദ്ധ യുദ്ധങ്ങളും കൈയേറ്റങ്ങളും സ്വകാര്യതക്കും സ്വാഭാവിക നിയമനടപടികൾക്കുമുള്ള പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്നതായിരുന്നു. ഈ പൗരന്മാരുടെ സ്വകാര്യയിടങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങളിലൂടെയും നിരീക്ഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനങ്ങളിലൂടെയും സ്റ്റേറ്റും അതിന്റെ ഉപകരണങ്ങളും സ്വകാര്യതക്കുള്ള അവകാശങ്ങളെ ഉല്ലംഘിച്ചിരിക്കുന്നു. ‘ഗ്വാണ്ടനാമോ ബേ’ പോലുള്ള തടവറകളിൽ തടവിലാക്കപ്പെടുന്നവർക്ക് സ്വതന്ത്രവും സത്യസന്ധവുമായ വിചാരണക്കുള്ള അവകാശം പോലും ലഭിക്കുന്നില്ല. ഇത്തരം ഇടങ്ങളിൽ സ്വാഭാവികമായ ക്രിമിനൽ നിയമനടപടികൾ നിലനിൽക്കുന്നില്ല എന്നു മാത്രമല്ല വലിയ അർഥത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും ദിനേന എന്നോണം സംഭവിക്കുകയും ചെയ്യുന്നു.

 

തത്വത്തിൽ, ഒരു പോസ്റ്റ്-സെക്കുലർ ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ എണ്ണക്കുറവല്ലാതെ മറ്റൊന്നും മുസ്ലിങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനത്തിന് തടസ്സമാവുകയില്ല. സ്വദേശമായി മനസ്സിലാക്കുന്ന സമൂഹങ്ങളിൽ മുസ്ലിങ്ങൾ രാഷ്ട്രീയപരമായും മറ്റുമുള്ള സംഭാവനകൾ അർപ്പിക്കുന്നുണ്ട്. താരിഖ് റമദാനെ പോലുള്ള ഇസ്ലാമിക പണ്ഡിതർ സ്വാംശീകരണത്തിന്റെ കാലം അവസാനിച്ചെന്നും ഇനി പങ്കാളിത്തത്തിന്റെ കാലമാണെന്നുമുള്ള നിലപാട് പതിറ്റാണ്ടാകളായി നിലനിർത്തി പോരുന്നുണ്ട്. പാശ്ചാത്യ സമൂഹങ്ങളിലേക്ക് ഇഴുകിച്ചേരാൻ മുസ്ലിം കുടിയേറ്റക്കാർ നേരിടുന്ന സംഘർഷങ്ങൾ പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന അവരുടെ പിൻതലമുറക്കാർ അനുഭവിക്കുന്നില്ല. എന്നിരുന്നാലും പാശ്ചാത്യ മുസ്ലിങ്ങളിലെ ഒന്നാംതലമുറക്കാർ മറ്റുപല വെല്ലുവിളികളും നേരിടുന്നുണ്ട്. ഹിജാബ് ധാരികളായ മുസ്ലിം സ്ത്രീകളെ പോലെ ‘പ്രത്യക്ഷത്തിൽ മുസ്ലിംകളാകുന്നവർ’ പ്രത്യേകിച്ചും. ഇസ്ലാമിനും മുസ്ലിങ്ങൾക്കുമെതിരെയുള്ള വലതുപക്ഷ ദേശീയവാദ ആകുലതകൾ നിരന്തരമായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. വിശാല സാമൂഹിക തലത്തിൽ, പാശ്ചാത്യരാഷ്ട്രങ്ങളിൽ മുസ്ലിങ്ങൾ വെറും ന്യൂനപക്ഷവും അന്യരുമായാണ് വീക്ഷിക്കപ്പെടുന്നത് എന്നത് ഒരു ദൗർഭാഗ്യ യാഥാർഥ്യമായി തുടരുന്നു; ഇത് പൂർണമായ ഒരു ഉൾക്കൊള്ളലിന് ഭംഗം നിൽക്കുകയുണ് വിവേചനം പോലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയും ചെയ്യുന്നു.

 

സംഘർഷരൂക്ഷമായ ഈ ആധുനിക ഇടത്തിൽ, തങ്ങളുടെ നാടുകളിൽ അഭയം തേടിയെത്തുന്ന മുസ്ലിം സാന്നിധ്യങ്ങളെയും പുറത്തുള്ള മുസ്ലിം ‘ബാർബേറിയന്മാരെയും’ പാശ്ചാത്യലോകം എല്ലായ്പ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തിയാൽ, നിലനിൽക്കുന്ന പാശ്ചാത്യ ആഖ്യാനരൂപങ്ങൾക്കെതിരെയുള്ള മുസ്ലിം പ്രതിനിധാനം എങ്ങനെയാണ് സാധ്യമാവുക? “മതത്തിൽ വിശ്വസിക്കുന്നവനായാലും അല്ലാത്തവനായാലും അപരങ്ങളോട്‌ സഹിഷ്ണുതപെടൽ എളുപ്പത്തിൽ സാധ്യമാവുന്നതല്ല” എന്ന് സാമൂഹ്യശാസ്ത്രഞ്ജൻ മിഷേൽ ഡില്ലോണ് സമർഥിക്കുന്നുണ്ട്. പൊതുഇടങ്ങൾ ഇസ്ലാമിനെ കൂടുതൽ വിശാലതയോടെ ഉൾക്കൊള്ളുക എന്നത് ഹബർമാസ് വിചാരിക്കുന്നതിനെക്കാൾ സങ്കീർമാണ്. നിലകൊള്ളുന്ന സെക്കുലർ പാരഡൈം (മാതൃക) നിഷ്പക്ഷമല്ലെന്ന് തെളിയിക്കുന്നതാണ് വെസ്റ്റിൽ ഇസ്‌ലാം നേരിടുന്ന പ്രശ്നങ്ങൾ. ഒരു പോസ്റ്റ്-സെക്കുലർ അവബോധം നമ്മുടെ കാലത്തിന് അതിപ്രധാനമായൊരു ഉൾക്കാഴ്ച പ്രധാനം ചെയ്യുന്നുണ്ട്. എന്നാൽ, ഒരു പോസ്റ്റ്-സെക്കുലർ സമൂഹം ഇന്നും ഒരു വിദൂര സാധ്യതയായി തന്നെ നിലനിൽക്കുന്നു.

 

വിവ: ജിഹാദ്. എം

Leave a Reply

Your email address will not be published. Required fields are marked *