‘മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ ‘എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് എൻ. കെ. ശമീർ കരിപ്പൂർ ‘ദി പിൻ’ നോടു സംസാരിക്കുന്നു
മാപ്പിളപ്പാട്ടുകൾ ഒരു കാലത്ത് നമ്മുടെ മുഖ്യധാരയ്ക്ക് പുറത്തായ ഒരു കലാ വിഭാഗയിരുന്നല്ലോ. ഇന്നിപ്പോൾ “മാപ്പിളപ്പാട്ടുകൾ” എന്നാൽ മലയാളികൾക്ക് സുപരിചിതമാണ്. സിനിമയിലടക്കം മാപ്പിളപ്പാട്ടുകൾ അരങ്ങു വാഴുകയാണ്. മാപ്പിള കലകളെ കുറിച്ചും സാഹിത്യത്തെ കുറിച്ചും പുതിയ പുതിയ പുസ്തകങ്ങൾ വിപണിയിൽ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയവസരത്തിൽ താങ്കൾ എഴുതിയ ”മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ” എന്ന പുസ്തകത്തിന്റെ പ്രസക്തി എന്താണ്?
മാപ്പിളപ്പാട്ടുകൾക്ക് ഇന്ന് കേരളത്തിലും ഗൾഫ് നാടുകളിലും ഏറെ ആസ്വാദകരുണ്ട്. പക്ഷേ, പുതുകാല മാപ്പിളപ്പാട്ടെഴുത്തുകാരൊന്നും പാട്ടിൽ സ്വന്തമായ ശൈലി വികസിപ്പിക്കുന്നതിൽ പരാജിതരാണ് എന്നാണ് എൻ്റെ പക്ഷം. ഇന്നും ആസ്വാദക മനസ്സുകളിൽ ഏറെ പ്രിയങ്കരരായി നിൽക്കുന്ന പഴയ കാലത്തെ നിരവധി പാട്ടെഴുത്തുകാരുണ്ട്. അത്തരം രചയിതാക്കളുടെ പാട്ടുകളാണ് പുതിയ ഈണത്തിൽ പുതുതലമുറ ഇന്നും ആഘോഷിക്കുന്നത്. പി.ടി. അബ്ദുറഹിമാൻ്റെ “മഹിയിൽ മഹാസീനെന്ന” എന്ന ഗാനം പാടി ഇത് മോയിൻകുട്ടി വൈദ്യരുടെ രചനയാണോ എന്ന് എന്നോട് തിരക്കിയ പലരുമുണ്ട്. പുലിക്കോട്ടിൽ ഹൈദറിൻ്റെ രചനയിലെ ഏറനാടൻ തനിമ അദ്ദേഹത്തിൻ്റെ രചനകളുടെ മുഖ്യ സവിശേഷതയാണ്. മോയിൻകുട്ടി വൈദ്യരുടെ പാട്ടുകളിലെ താളഭംഗിയും പദവിന്യാസവും ഉപമകളും ഉൾപ്രേക്ഷ്യങ്ങളെയും കടത്തിവെട്ടാൻ മറ്റൊരു മാപ്പിള കവിക്കും ഇന്നോളം സാധിച്ചിട്ടില്ലെന്നതാണ് വൈദ്യരുടെ പ്രത്യേകത.
സമൂഹത്തിൽ ഇവരുടെയൊക്കെ രചനകൾ ഇന്നും ഉജ്ജ്വലിച്ചു നിൽക്കുന്നവയും ജനകീയവുമാണ്. എന്നാൽ മാപ്പിളപ്പാട്ട് ആസ്വാദക ലോകം തിരിച്ചറിയാതെ പോയ നിരവധി രചയിതാക്കളും രചനകളും ഇനിയും ഏറെ ചർച്ചകൾക്ക് വിധേയമായിട്ടില്ല. അവരിൽ പാരമ്പര്യ തനിമയിൽ കെസ്സ് പാട്ടെഴുതുന്നവർ മുതൽ പച്ചമലയാളത്തിൽ മാപ്പിളപ്പാട്ടെഴുതിയവർ പോലുമുണ്ട്. അത്തരത്തിൽ ചരിത്രത്തിൻ്റെ മാറാലകൾക്കുള്ളിൽ പെട്ട ചില രചയിതാക്കളെയും അവരുടെ കൃതികളെയുമാണ് എൻ്റെ ‘മാപ്പിളപ്പാട്ടിൻ്റെ ചരിത്ര വഴികളിലൂടെ’ എന്ന പുസ്തകത്തിൽ പരിചയപ്പെടുത്താൻ ശ്രമിച്ചത്.
പാരമ്പര്യ മാപ്പിളപ്പാട്ടുകളിലെ സാമൂഹ്യഗന്ധിയായ ചില സവിശേഷ രചനകളെയും പുസ്തകളിൽ പരിചയപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് “ഓട്ടുമാല” എന്ന പാട്ട്. 1932 ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇലക്ഷൻ്റെ ചരിത്രം പറയുന്ന ഈ ഗാനം, ആദ്യമായി ഇലക്ഷൻ്റെ കൗതുകകരമായ പ്രചരണ രീതികൾ കണുന്ന ഒരു മാപ്പിളകവിയുടെ രംഗവർണ്ണനകളിൽ നിന്നാണ് ആരംഭിക്കുന്നത്. പോയ നൂറ്റാണ്ടിൻ്റെ വിവിധ ദശകളിലുണ്ടായ ജലപ്രളയങ്ങളെ കുറിച്ചും, ഹജ്ജ് യാത്രയിലെ അനുഭവങ്ങളെ കുറിച്ചും മാപ്പിള കവികൾ എഴുതിയ മനോഹരമായ കാവ്യാവിഷ്കാരങ്ങളും പ്രസ്തുത രചനയിൽ പരിചയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള പഠന കൃതികൾ അടുത്ത കാലത്തായി ധാരളം പുറത്ത് വന്നിട്ടുണ്ട്. അവയിലേറെയും മാപ്പിളപ്പാട്ടിൽ എക്കാലത്തും ആഘോഷമായി നിൽക്കുന്ന കവികളെ കുറിച്ചുള്ളവയാണ്. അവയിൽ നിന്നും ഒരു വ്യത്യസ്തതയാണ് ഞാൻ ആഗ്രഹിച്ചത്. സമൂഹം തീർത്തും അറിയാതെ പോയ ഹതഭാഗ്യരായ ചിലരെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അവയെല്ലാം പൂർണ്ണമാണെന്ന് അവകാശവാദമില്ല. ഇനിയും ഇതുപോലുള്ള ധാരാളമാളുകളുണ്ടെന്ന ബോധ്യം നിശ്ചയമായും എനിക്കുണ്ട്. അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുക തന്നെ ചെയ്യും. പുസ്തകത്തിൽ പരാമർശിച്ച പലരെകുറിച്ചും അഞ്ചോ ആറോ വരുന്ന പുറങ്ങളിലുള്ള വിവരണങ്ങൾ പോലും കണ്ടെത്തിയത് ഏറെ പണിപ്പെട്ടാണ്. പലരും മൺമറഞ്ഞിട്ട് എട്ടും ഒൻപതും ദശാബ്ദങ്ങൾ കഴിഞ്ഞു പോയിട്ടുണ്ടെന്നതാണ് വസ്തുത. എങ്കിലും ആധികാരികതയ്ക്ക് വേണ്ടി പല പഴയകാല വ്യക്തിത്വങ്ങളെയും സമീപിച്ചിട്ടുണ്ട്.
താങ്കളുടെ പുസ്തകത്തിൽ പരിചയപ്പെടുത്തുന്ന മാപ്പിള കവികളിൽ പലരും മറ്റെവിടെയും പരാമർശിക്കപ്പെടാത്തവരാണ് എന്നാണോ? ഉദാഹരണത്തിന് കണ്ണൻ പരീക്കുട്ടി, പട്ടാളത്ത് കുഞ്ഞിമായും കുട്ടി വൈദ്യർ, മുനീർ തുടങ്ങിയവരെ പോലുള്ളവർ?
അങ്ങിനെ പറയാൻ പറ്റില്ല. പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നോളം വിശദ വിവരണങ്ങൾ ലഭ്യമാവാത്ത പലരും പുസ്തകത്തിൽ കടന്നു വരുന്നുണ്ട്. ഉദാഹരണത്തിന് കണ്ണൻ പരീക്കുട്ടി എന്ന കവിയെ എടുക്കാം. പരീക്കുട്ടിയെ കുറിച്ചുള്ള സൂചനകൾ “മഹത്തായ മാപ്പിള സാഹിത്യം” എന്ന കൃതിയിലൂടെയാണ് ലഭിക്കുന്നത്. ഏതാനും വാചകങ്ങളിൽ മാത്രം അതിൽ പരിചയപ്പെടുത്തുന്ന പ്രസ്തുത രചയിതാവിൻ്റെ മൂല കൃതികൾ ലഭ്യമായതോടെയാണ് ഞാൻ കൂടുതലായി കവിയെ മനസ്സിലാക്കാൻ ശ്രമിച്ചത്. അദ്ദേഹത്തെ കുറിച്ച് പലരിലൂടെയായി ചിതറിക്കിടക്കുന്ന വാമൊഴി കഥകളിൽ നിന്നും പി.ഭാസ്കരൻ മാഷിനെപ്പോലുള്ള ചിലരുടെ ലേഖനങ്ങളിൽ നിന്നും ഒരേകദേശരൂപം മനസ്സിലാക്കാൻ സഹായകമായി. ഇതു പോലെ തന്നെയാണ് പട്ടളത്ത് കുഞ്ഞിമാഹിൻ കുട്ടി വൈദ്യർ, മുനീൻ തുടങ്ങിയവരൊക്കെ തന്നെയും. പലരുടെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ സാധിച്ചത് പുസ്തക രചനയിൽ വളരെ സഹായിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ടുകൾക്ക് നമ്മുടെ ചരിത്ര സാഹിത്യത്തിൽ വല്ല ഇടവുമുണ്ടോ? ഉണ്ടെങ്കിൽ അത് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ?
മാപ്പിളപ്പാട്ടുകൾ നമ്മുടെ പ്രാദേശിക ചരിത്ര നിർമിതിക്ക് ഏറെ സഹായകരമാണ്. പൗരാണിക രചനകൾ ഇനിയും വീണ്ടെടുക്കപ്പെട്ടാൽ ഒരുപാട് ചരിത്രങ്ങൾ അതിലൂടെ നമുക്ക് ലഭ്യമാവും. ചേറൂർ പടപ്പാട്ട്, പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള വിവിധ കാലഘട്ടങ്ങളിൽ എഴുതപ്പെട്ട പാട്ടുകൾ, യാത്രാവിവരണ കാവ്യങ്ങൾ (സർക്കീട്ട് പാട്ടുകൾ), ഓട്ട് മാല പോലുള്ള ഇലക്ഷൻ ഗാനങ്ങൾ, മലബാർ സമര പാട്ടുകൾ, മലപ്പുറംപട, ഒമാരപ്പട, തുടങ്ങി നമ്മുടെ പ്രാദേശിക ചരിത്ര നിർമിതിക്ക് സഹായകരമായി ഭവിക്കാവുന്ന നിരവധി കാവ്യങ്ങൾ മാപ്പിള സാഹിത്യത്തിലുണ്ട്. കാലപ്പഴക്കം കൊണ്ടും, ചരിത്ര ബോധമില്ലായ്മ കൊണ്ടും നഷ്ടമായ കൃതികൾ ഇതിലും എത്രയോ അധികമായി വരും.