യുവ എഴുത്തുകാരനും മലബാർ മുസ്ലിം ചരിത്ര ഗവേഷകനുമായ നസ്റുദ്ദീൻ മണ്ണാർക്കാട് അദ്ദേഹത്തിൻ്റെ ‘ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ എന്ന പുതിയ പുസ്തകത്തെക്കുറിച്ച് ‘ദി.പിൻ’ നോടു സംസാരിക്കുന്നു:
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് എന്താണെന്ന് ഒന്ന് വ്യക്തമാക്കാമോ ?
മാപ്പിളപ്പാട്ടിന്റെ പരമ്പരാഗതമായ 122 ഇശലുകളിലൂടെ ടിപ്പു സുൽത്താന്റെയും അദ്ദേഹത്തിന്റെ പിതാവ് ഹൈദരാലിയുടെയും സമഗ്ര ചരിത്രം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്നര വർഷക്കാലത്തെ പ്രയത്ന ഫലമായി എഴുതി പൂർത്തിയാക്കിയ എപ്പിക് പോയട്രിയാണ് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്. ഒരുപാട് വിഷയങ്ങൾ മാപ്പിളപ്പപ്പാട്ട് രചനയ്ക്ക് ഇതിനു മുൻപ് ഇതി വൃത്തമായിട്ടുണ്ടെങ്കിലും, നേരത്തെ എഴുതപ്പെട്ട ‘സൈഫുൽ ഇസ്‌ലാം’ എന്ന ഒരു മാലപ്പാട്ടിൽ മാത്രമാണ് ടിപ്പു സുൽത്താൻ വിഷയമായിട്ടുള്ളത്. അതൊരു പ്രകീർത്തന കാവ്യമാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഒരു ചരിത്രാഖ്യാന സ്വഭാവത്തോടെ ഈ വിഷയത്തെ ആദ്യമായി സമീപിക്കുന്നത് ഈ കൃതിയാണ് .
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് എഴുതാനുണ്ടായ സാഹചര്യം?
നാലഞ്ചു വർഷങ്ങൾക്ക് മുൻപ് വാരിയൻ കുന്നത്ത് സീറപ്പാട്ട് എന്ന ലഘു കൃതി പൂർത്തിയാക്കിയ ശേഷം എന്റെ ശ്രദ്ധ ടിപ്പു സുൽത്താനിലേക്ക് തിരിഞ്ഞു. വായനകൾ നീണ്ടു പോയപ്പോൾ ഒരു ഗദ്യ രൂപത്തിൽ അദ്ദേഹത്തിന്റെ ജീവിതം ഞാൻ എഴുതി തുടങ്ങി. ‘എന്നാൽ ഗദ്യ രൂപങ്ങൾ നിരവധിയുണ്ടെന്നും ഇനി അദ്ദേഹത്തെ രേഖപ്പെടുത്തേണ്ടത് കാവ്യ രൂപത്തിലാണെന്നും ‘ എന്റെ അഭ്യുദയ കാംക്ഷിയും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ എ. എം നദ്‌വി എന്നോട് നിർദേശിച്ചതനുസരിച്ചാണ് ഈ ശ്രമം ആരംഭിച്ചത്. സീറപ്പാട്ട് വെറും ഒരൊറ്റ ഇശലിൽ മുഴുനീളം ഒരേ ശൈലിയിൽ രചിക്കപ്പെട്ട ഒരു ലഘു കൃതിയാണ്. എന്നാൽ ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് മാപ്പിളപ്പാട്ടിന്റെ എല്ലാ ഇശൽ സാധ്യതകളും പരമാവധി കോർത്തിണക്കാൻ ശ്രമിച്ച ഒരു എപ്പിക്ക് പോയട്രിയാണ്. അങ്ങനെ തന്നെ ആവണം എന്നെനിക്ക് നിര്ബന്ധമുണ്ടായിരുന്നു. എന്റെ സീറപ്പാട്ടിന് ഞാൻ പോലും പ്രതീക്ഷിക്കാത്ത സ്വീകരണം ലഭിച്ചെങ്കിലും അതൊരു ഒറ്റ വരമ്പിലൂടെയുള്ള നടത്തമായി പോയി എന്ന അഭിപ്രായമാണ് പി. ടി കുഞ്ഞാലി മാസ്റ്ററെ പോലുള്ളവർക്ക് ഉണ്ടായിരുന്നത്. ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ടിൽ ആ ആക്ഷേപം പരിഹരിച്ചു കൊണ്ട് അദ്ദേഹത്തെ കൊണ്ട് തന്നെ അവതാരിക പൂർത്തിയാക്കാൻ സാധിച്ചതിൽ ഒട്ടൊന്നുമല്ലാത്ത അഭിമാനമുണ്ടെനിക്ക്.
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് എത്രത്തോളം സമഗ്രമാണ് ?
ഒരുപാട് പുസ്തകങ്ങളും എന്റെ സ്വന്തം നിലയ്ക്കുള്ള ഗവേഷണങ്ങളും കൂടാതെ ടിപ്പുവിനെ പ്രതിപാദിക്കുന്ന ഡോക്യൂമെന്ററികളും ഓൺ ലൈൻ സ്രോതസ്സുകളും അടിസ്ഥാനമാക്കി ടിപ്പുവിൻറെ മൂന്ന് തലമുറകളുടെ അടയാളപ്പെടുത്തൽ -ഹൈദരാലിയുടെ ജനനം – യൗവ്വനം – വിവാഹം – പടയോട്ടങ്ങൾ – സ്ഥാനാവരോഹണം – മരണം – ടിപ്പുവിന്റെ ജനനം – ബാല്യം – യൗവ്വനം – പടയോട്ടം – സ്ഥാനാവരോഹണം – യുദ്ധങ്ങൾ – അദ്ദേഹത്തിന്റെ രൂപ ഭാവങ്ങൾ – ഭരണം – ദിനകൃത്യങ്ങൾ -നെപ്പോളിയനുമായുള്ള കത്തിടപാടുകൾ – അവസാന യുദ്ധം – വീര മരണം എന്നിവ ഏറെക്കുറെ പൂർണ്ണമായി രേഖപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ പാട്ടുകൾക്കും ശേഷം ഗദ്യ രൂപവും ചേർത്തിട്ടുണ്ട് . കാവ്യ ഭാഷ ആസ്വദിക്കാൻ സാധിക്കാത്തവർ തീർച്ചയായിട്ടും ഉണ്ടാവുമല്ലോ ? അവർക്ക് വേണ്ടിയാണ് ഈ ഗദ്യ ഭാഗങ്ങൾ. അതിലൂടെ ഏതൊരു വായനക്കാരനും ഒരു ചരിത്ര വായനക്കുള്ള അവസരം കൂടിയാണ് ഈ കൃതിയിലൂടെ ലഭിക്കുന്നത്.

മാപ്പിളപ്പാട്ടിൽ ഖിസ്സപ്പാട്ടുകൾ ഇപ്പോഴങ്ങനെ എഴുതുന്നത് കാണാറില്ലല്ലോ ?
ഈ കാലത്ത് അങ്ങനെയൊരു ചിന്തയിലേക്ക് തിരിയാനുണ്ടായ സാഹചര്യമെന്താണ്?
ഉത്തരം: പേരിമ്പം, ചിറ്റിമ്പം, ആശ്, മധുര കവി, ഒയ്യാരം, വിസ്താരം എന്നിങ്ങനെയായി ആറു വിഭാഗങ്ങളായി വർഗ്ഗീകരിക്കപ്പെട്ട മാപ്പിളപ്പാട്ടുകളിൽ ഖിസ്സപ്പാട്ടുകൾ എന്ന ‘വിസ്താര’ കൃതികളുടെ പ്രാധാന്യം വളരെ വലുതാണ്. ഇന്ന് കാണുന്ന പല ഇശലുകളുടെയും അടിസ്ഥാനം സഖൂം പടപ്പാട്ടാണ്. വൈദ്യരുടെ കൃതികളിൽ കാണുന്ന ഒട്ടു മിക്ക ഇശലുകളുടെയും അടിവേര് അന്വേഷിച്ച് ചെന്നാൽ നാം എത്തിപ്പെടുന്നത് സഖൂം പടപ്പാട്ടിലേക്കാണ്. അന്ന് തൊട്ട് ഇന്നുവരേയ്ക്കും പൂർവ്വ സൂരികളായ കവികൾ വളരെ ഗൗരവത്തോടെയും ആവേശത്തോടെയും ഏറ്റെടുത്ത ‘വിസ്താരം’ , കഴിഞ്ഞ തലമുറയോടെ എഴുതി കെട്ടിപ്പൂട്ടി വെക്കുന്നതിൽ ശരികേടുണ്ട്. ഒരു കാവ്യ ശാഖ നില നിൽക്കുന്നതും വളർച്ച നേടുന്നതും പഴമയെ സംരക്ഷിച്ചു കൊണ്ട് തന്നെ പുതുമയെ തേടുമ്പോഴാണ്. മാപ്പിളപ്പാട്ടിനെ സംരക്ഷിക്കേണ്ടത് പുതിയ രചനകളിലൂടെയാണ്. പഴയ രചനകൾ മാത്രം മതി, പുതിയ രചനകൾ വേണ്ട എന്നൊരു സമീപനം സ്വീകരിച്ചാൽ ഈ കാവ്യശാഖയ്ക്ക് മുന്നോട്ട് പോക്കുണ്ടാവില്ല. അല്ലെങ്കിൽ തന്നെ ഒഴുകി കൊണ്ടിരിക്കുന്ന ഈ ജലപ്രവാഹത്തിനു തടയിടാൻ നമുക്കെന്താണ് അധികാരം. ഈ തലമുറ മാത്രമല്ല വരും തലമുറകളും പുതിയ രചനകളുമായി വന്ന് ഈ കാവ്യ ശാഖയെ സമ്പന്നമാക്കട്ടെ. അപ്പോഴാണ് മാപ്പിളപ്പാട്ട് യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെടുന്നത്. നില നിൽക്കുന്നത് .
ഈ പാട്ടുകളെ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത് ?
ഇതിന്റെ പ്രാഥമികമായ രൂപം പുസ്തകം തന്നെയാണ്. പ്രമുഖ പ്രസാധകരായ ബുക്ക്പ്ലസ് പ്രത്യേക താത്പര്യമെടുത്താണ് ഈ പുസ്തകം പുറത്തിറക്കുന്നത്. 122 ഇശലുകൾ മുഴുവനും പാടി റെക്കോർഡ് ചെയ്യുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അസാധ്യമായ സംഗതിയാണ്. ഒരു ബിഗ് ബജറ്റ് പ്രോജക്ടാണത്. ചില പാട്ടുകളൊക്കെ നൂറോളം വരികൾ ഉള്ളവയാണ്. ഈ പാട്ടുകളിൽ നിന്ന് 50 ഓളം പാട്ടുകളുടെ ശകലങ്ങൾ കോർത്തിണക്കി കഥാ വിവരണത്തോടെ ഒരു സീരീസ് ആക്കി റിലീസ് ചെയ്യാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യപ്പെട്ടു കഴിഞ്ഞു . എന്റെ നാട്ടുകാരൻ കൂടിയായ അഷ്‌ക്കർ അലി മണ്ണാർക്കാട് ആണ് ഈ പാട്ടുകൾ മനോഹരമായി ആലപിച്ചിട്ടുള്ളത്. ഒപ്പം ഷഫീർ വാടാനപ്പള്ളി എന്ന മറ്റൊരു സുഹൃത്ത് അവതരണം നടത്തുകയും ചെയ്തു. ആ അവതരണ ശൈലി ആകര്ഷകമാണെന്ന് തന്നെയാണ് എന്റെയും ഇതുവരെ ആസ്വദിച്ചവരുടെയും അഭിപ്രായം. ഈ ഓഡിയോ സംരംഭം പുസ്തകത്തിന്റെ മൂന്നിലൊന്ന് പോലും വരില്ല എന്ന് ഞങ്ങൾക്ക് തന്നെ അറിയാം. അതിന് പുസ്തകത്തെ തന്നെ ആശ്രയിക്കേണ്ടി വരും. പുസ്തകം ഇറങ്ങുമ്പോൾ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഓഡിയോ രൂപത്തിൽ ഒരൽപ്പം തയ്യാറാക്കുന്നു എന്ന് മാത്രം. മറ്റു ആവിഷ്ക്കാരങ്ങൾ പിന്നീട് ആർക്കും നടത്താമല്ലോ ?
കാവ്യത്തിന്റെ ഒരു ശൈലി വായനക്കാർക്ക് മനസ്സിലാവാൻ ഏതെങ്കിലും ഒരു ഭാഗം ഉദ്ധരിക്കാമോ ?
എനിക്കിഷ്ടപ്പെട്ട നിരവധി ഭാഗങ്ങൾ ഉണ്ടെങ്കിലും സംഘർഷ ഭരിതമായ അന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഹൈദറെ ഒരു സൂര്യനായും ടിപ്പുവിനെ അനേക കോടി നക്ഷത്രങ്ങളുടെ പ്രഭയെ നമ്മുടെ കാഴ്ചയിൽ നിന്ന് നിഷ്പ്രഭമാക്കുന്ന ചന്ദ്രനായും വിശേഷിപ്പിക്കുന്ന ഒരു ഭാഗമുണ്ട്:
“കാർമുകിലേറിയ ഹിന്ദിലെ പോർ മുഖമാകും അംബര വാടിയിൽ നൂർ വെളിവാകിയ ഹൈദര് കതിരോൻ ആണെങ്കിൽ
കഹനിലുദിക്കും കൗകബുകൾ പര കോടി ബദറതിലെങ്കും ശുഹ്‌റില് ടിപ്പു അത് പോൽ ഒരു ബദറാ ചൊങ്കിൽ “
അത് പോലെ ടിപ്പുവിന്റെ ശൗര്യം വർണ്ണിക്കുന്ന മറ്റൊരു ഭാഗമുണ്ട്:
“മേഘങ്ങൾ മത്വറാകും നാഗങ്ങൾ മട പൂകും
മാരുതൻ മറു ദിക്കിൽ മടങ്കി പോകും -അസദും
മാൻ പേടക്കുളന്ത പോൽ പതുങ്കി നിൽക്കും “
എടുത്തു പറയേണ്ടതായ മറ്റു ചില ഭാഗങ്ങൾ അമേരിക്കൻ സ്വാതന്ത്ര്യ സമരവും അമേരിക്കക്കാർ അക്കാലത്തെ ഹൈദരാലിയുടെ പോരാട്ടത്തിൽ പ്രചോദിതരായി തങ്ങളുടെ കപ്പലിന് ഹൈദരാലിയുടെ പേര് നൽകിയതും അമേരിക്ക സ്വാതന്ത്രമായായപ്പോൾ ആവേശ ഭരിതനായ ടിപ്പു ആകാശത്തേക്ക് 108 റൌണ്ട് വെടിയുതിർത്തതുമൊക്കെയാണ്. മാപ്പിളപ്പാട്ടിലെന്നല്ല, നമ്മുടെ സാധാരണ വായനകളിൽ പോലും ഇത്തരം ചരിത്ര സംഭവങ്ങൾ അധികം കടന്നു വന്നിട്ടില്ല . ‘വൻ പദി ആദി താളത്തിൽ എഴുതിയ ഒരു ഭാഗം കാണുക:
“ചൊല്ലി ബിളിത്തൊരു കപ്പലിനെ പുലി ഹൈദരെ പേരിൽ അമേരിക്കാ
ചെപ്പിട് ഇക്കഥ തെല്ലൊരഹന്തയിൽ നമ്മളിലുണ്ടഭിമാനിക്കാൻ”
നെപ്പോളിയന്റെ മുന്നേറ്റവും സൂയസ് കടന്ന് മസ്‌ക്കറ്റിൽ വരുമെന്നും നമുക്ക് ഒന്നിച്ചു നിന്നു കൊണ്ട് ബ്രിട്ടീഷുകാരെ നേരിടാമെന്നും അറിയിച്ചു കൊണ്ട് അദ്ദേഹം ടിപ്പുവിനെ കത്തിലൂടെ അറിയിക്കുന്ന ഭാഗങ്ങളുമൊക്കെ എനിക്ക് പ്രിയപ്പെട്ടത് തന്നെ:
“ഉറ്റ സുഹൃത്ത് നെപ്പോളിയൻ ബോണപ്പാട്ട്
ഉലകിൽ ശുഹ്‌റുറ്റ സുൽത്താനെഴുതും കത്ത് “
ഒരു കത്തു പാട്ടിന്റെ ശൈലിയിലാണ് ഈ പാട്ട് മുന്നോട്ട് പോകുന്നതും കഥയുടെ ചുരുൾ നിവരുന്നതും. ഇങ്ങനെ അക്കാലത്തെ അന്താരാഷ്‌ട്ര ചലനങ്ങൾ വരെ രേഖപ്പെടുത്തിയ ഒരു വിപുലമായ രചനയാണ് ഈ കൃതി. എന്റെ പരിമിക്കുള്ളിൽ നിന്ന് കഴിവിന്റെ പരമാവധി മനോഹരമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇനി ആസ്വാദകരാണ് വിലയിരുത്തേണ്ടത്.