ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ ‘മുൾച്ചെടിയും കരയാമ്പൂവും ‘ എന്ന നോവൽ മൊഴിമാറ്റം നടത്തിയ പ്രമുഖ പണ്ഡിതൻ എസ്. എം. സൈനുദ്ദീൻ കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ‘നോടു സംസാരിക്കുന്നു:
യഹ്‌യ സിൻവാറിനെ കുറിച്ച് ചെറിയ ഒരു പരിചയപ്പെടുത്തൽ ?
1948-ൽ അസ്ഖലാൻ പട്ടണത്തിൽ നിന്നും ഗസ്സാ മുനമ്പിലേക്ക് പലായനം ചെയ്ത ഫലസ്തീനിയൻ കുടുംബത്തിലെ അംഗമാണ് സിൻവാർ. 1962-ൽ ഖാൻ യൂനുസിലെ ക്യാമ്പിലാണ് അദ്ദേഹം ജനിച്ചത്. 1967- സിക്സ് ഡേ വാർ നടക്കുന്ന നേരം സിൻവാറിന് അഞ്ച് വയസായിരുന്നു. ഗസ്സയിലെ ഇസ്‌ലാമിക സർവ്വകലാശാലയിൽ നിന്നും അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദം നേടി. ഫലസ്തീനിൽ ഇസ്‌ലാമിക ചെറുത്തുനിൽപ്പിൻ്റെ കൊടിവാഹകരിൽ പ്രഥമഗണനീയനായിരുന്നു സിൻവാർ. 1987-ലാണ് തൻ്റെ ഇരുപത്തിയഞ്ചാമത്തെ വയസിൽ സിൻവാർ ഹമാസിൽ അംഗമായത്. 1988-ൻ്റെ തുടക്കത്തിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു ജയിലിൽ അടക്കപ്പെട്ടു. അന്നുമുതൽ 2011 വരെ അധിനിവേശ തടവറകളിൽ ബന്ധിതനായി കഴിയുകയായിരുന്നു അദ്ദേഹം.
ഈ നോവലിൻ്റെ പ്രത്യേകതയും പ്രസക്തിയും ?
തൻ്റെ ഓർമ്മകളും തൻ്റെ ജനതയുടെ വേദനകളുടെയും പ്രതീക്ഷകളുടെയും കഥകളും കോർത്തിണക്കിയാണ് അദ്ദേഹം ഈ നോവൽ എഴുതിയത്. ഇത് മുഴുവൻ ഫലസ്തീനികളുടെയും കഥയാണ്. ഒരു നാടകീയ സൃഷ്ടി എന്ന നിലയിൽ, ഇതിലെ സംഭവങ്ങൾ യഥാർത്ഥവും കഥാപാത്രങ്ങൾ മിക്കവാറും സാങ്കൽപ്പികവും ചിലത് യഥാർത്ഥവുമാണ് എന്ന് പറയാം.
1967-ലെ തിരിച്ചടി -നക്സ- മുതൽ അനുഗ്രഹീതമായ അൽ-അഖ്‌സ ഇൻതിഫാദ പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള ഫലസ്തീൻ ജനതയുടെ ചരിത്രത്തിലെ മിക്ക സംഭവങ്ങളും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന് ഇങ്ങനെയും ഒരു മാർഗ്ഗം അവലംബിക്കാം എന്ന് സിൻവാർ തൻറെ രചനയിലൂടെ വായനക്കാരെ പഠിപ്പിക്കുന്നുണ്ട്. അധിനിവേശത്തിനും ഭരണകൂട ഭീകരതയ്ക്കും എതിരെയുള്ള പോരാട്ടങ്ങളുടെ ചരിത്രം ക്രോഡീകരിക്കുന്നതിന് ഇങ്ങനെയും ഒരു മാർഗ്ഗം അവലംബിക്കാം എന്ന സാധ്യതയും സിൻവാർ തൻ്റെ രചനയിലൂടെ അനുവാചക ഹൃദയങ്ങളിലേക്ക് പകർന്നു കൊടുക്കുന്നുണ്ട്.
ഫലസ്തീനിലെ അധിനിവേശ ജയിലുകളിലെ തടവറയിലെ ഇരുട്ടിലാണ് ഈ നോവൽ വിരചിതമായത്. നിരവധി പേർ ഇതിൻ്റെ കോപ്പികൾ പകർത്തുകയും ആരാച്ചാരുടെ കണ്ണിൽ നിന്നും മലിനമായ അവരുടെ കൈകളിൽ നിന്നും ഇതിനെ ഒളിപ്പിക്കാനായി ശ്രമിച്ചു. അത്യന്തം കഠിനവും പ്രയാസകരവുമായ ദൗത്യമായിരുന്നു അത്. ഈ കൃതി വെളിച്ചത്ത് കൊണ്ടുവരാൻ ഉറുമ്പുകളെ പോലെയായിരുന്നു അവർ ജോലി ചെയ്തത്. ഇത് വായനക്കാർക്ക് ലഭ്യമാകാനും ഇസ്റാഇൻ്റെ ഭൂമിയുടെ യഥാർത്ഥ ചിത്രം കാഴ്ചക്കാരൻ്റെ മുന്നിലെ സ്ക്രീനിൽ പ്രതിബിംബിക്കാനും കഴിയണമെന്ന നിശ്ചയത്തിൻ്റെ ഫലമാണിത്.
ഈ നോവലിന്റെ പ്രസക്തി, ഫലസ്തീൻ വിമോചന പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് ഇതിനു നിർവഹിക്കാൻ ഉണ്ട് എന്നതാണ്. ഇത് മലയാളത്തിൽ പ്രസിദ്ധീകൃതമായതിന് ശേഷം ഈ ഒരാഴ്ചയ്ക്കുള്ളിൽ വ്യത്യസ്ത തുറകളിൽ ഇത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് നവ നാസ്തികരും യുക്തിവാദികളും ഈ നോവലിനെ കുറിച്ച് ആലോചിച്ച് വിറളി പിടിച്ചിരിക്കുന്നു എന്നുള്ളത്. ഇസ്രായേലിനെയും സയണിസത്തെയും നോർമലൈസ് ചെയ്യുവാൻ അവർ നടത്തുന്ന ശ്രമങ്ങൾ ഈ നോവൽ അവരിൽ സൃഷ്ടിച്ച അങ്കലാപ്പ് തന്നെയാണ്. അമേരിക്ക തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ച ഹമാസിനെ എന്തിനാണ് മഹത്വവൽകരിക്കുന്നത് എന്നതാണവരെ പ്രകോപിപ്പിക്കുന്നത്. ഇസ്രായേലും അമേരിക്കയും നമ്പർ വൺ ഭീകരനായി പ്രഖ്യാപിച്ച ഒരാളുടെ നോവൽ പ്രബുദ്ധ സുന്ദര കേരളത്തിൽ എന്തിനാണ് പ്രചരിപ്പിക്കുന്നത് എന്നാണ് പ്രസ്തുത യുക്തിവാദികൾ ചോദിക്കുന്നത്! ഇതിൽ നിന്നു തന്നെ ഈ കൃതിയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ പ്രസക്തി വായിച്ചെടുക്കാവുന്നതേയുള്ളൂ. ഇസ്‌ലാമോഫോബിയ തിടം വെച്ചു വളരുന്ന കേരളത്തിൽ അതിനെ ചെറുക്കാനുള്ള വലിയ ഒരു പ്രതിരോധവും കൂടിയാണ് സിൻവാറിന്റെ നോവൽ എന്ന് പറയാതെ വയ്യ. ഇതു വായിക്കുന്നവരിൽ ഫലസ്തീൻ ജനതയോട് അങ്ങേയറ്റത്തെ അനുഭാവവും അവരുടെ പോരാട്ടങ്ങളോട് ചേർന്ന് നിൽക്കുവാനുള്ള മനോഭാവവും അവരുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളോട് ഐക്യദാർഢ്യവും രൂപപ്പെടും. അതുകൊണ്ട് ഈ നോവലിൻറെ ഇംഗ്ലീഷ് പതിപ്പ് വിറ്റഴിക്കുന്നതിന് ആമസോൺ വിലക്കേർപ്പെടുത്തിയതു പോലെ കേരളത്തിലും ഇതാരും വായിക്കരുത്, ഇതിൻ്റെ വിൽപ്പന നിരോധിക്കണം എന്നുവരെയും യുക്തിവാദികൾ ആവശ്യപ്പെട്ടതായി കാണാം.
ഫലസ്തീൻ പ്രതിരോധ സാഹിത്യത്തെക്കുറിച്ച് ?
ഫലസ്തീനെ കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ കടന്നുവരുന്ന ചിന്ത, നിരന്തരം യുദ്ധങ്ങൾക്കിരയാകുന്ന ജനതയുടെ ചരിത്രമാണ്. ചോര വാർന്നൊഴുകുന്ന ശരീരങ്ങളുമായി അഭയാർത്ഥി ക്യാമ്പുകളിൽ ആരുടെയോ അന്നത്തിനു വേണ്ടി കാത്തിരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും ആണ്. വിധവകൾ, അനാഥർ, അംഗവൈകല്യം സംഭവിച്ചവർ, സ്കൂളുകളും സർവ്വകലാശാലകളും തകർന്നു പോയതിന്റെ പേരിൽ വിദ്യാഭ്യാസം നഷ്ടപ്പെട്ടുപോയവർ…. ഇതൊക്കെയാണ് ഫലസ്തീൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം. എന്നാൽ ഫലസ്തീനെ കുറിച്ച് പഠിക്കുമ്പോൾ ഇത് അതിൻ്റെ ഒരു മുഖം മാത്രമാണ്. മറ്റൊരു മുഖം ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു ജനതയുടെ അഭിമാനത്തെയാണ് നമ്മുടെ മുമ്പിൽ വരച്ചു വയ്ക്കുന്നത്. വിദ്യാസമ്പന്നരായ യുവാക്കളും യുവതികളും, ലോകത്തെ ഏറ്റവും ശക്തമായ സൈനിക രാഷ്ട്രത്തോട് സന്ധിയില്ലാത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാർ, ഏഴര പതിറ്റാണ്ടായി ലോകത്തിലെ വൻശക്തികൾ എല്ലാം ചേർന്ന് നടത്തുന്ന യുദ്ധത്തെ ചെറുത്തു പരാജയപ്പെടുത്തി കൊണ്ടിരിക്കുന്നവർ, ഇസ്രയേലിന്റെ അധിനിവേശം ഇന്നവസാനിച്ചാൽ ലോകത്തെ ഏറ്റവും മനോഹരമായ ഒരു നാടായി തങ്ങളുടെ രാജ്യത്തെ രൂപപ്പെടുത്തുവാൻ ഉള്ള എല്ലാ റിസോഴ്സുകളും ഉള്ള ജനത…. അതാണ് ഫലസ്തീൻ. ഇൻതിഫാദ- ഫലസ്തനികളുടെ ചെറുത്തു നിൽപ്പും പോരാട്ടവും വിരിയിക്കുന്നത് രക്തസാക്ഷികളെ മാത്രമല്ല. വിശ്വോത്തരമായ സാഹിത്യ സൃഷ്ടികൾ നിരവധിയാണ് ദിനേന എന്നോണം അവിടെ രചിക്കപ്പെടുന്നത്. ദർവീശീന്റെ കവിതകൾ മുതൽ ബാസിം ഖന്ദഖ്ജിയുടെ നോവലുകൾ വരെ ലോക സാഹിത്യത്തിന് സംഭാവന ചെയ്യാൻ ഫലസ്തീനികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ബാസിം ഖന്ദഖ്ജിയെ കുറിച്ച് പറയുമ്പോൾ ഇതുകൂടി പറയാതിരുന്നാൽ പറ്റില്ല. തൻ്റെ പതിനെട്ടാമത്തെ വയസ്സു മുതൽ ഇസ്രയേലിന്റെ തടവറയിലാണ് അദ്ദേഹം. തടവറയിലാരുന്നിട്ടും നാല്പതു വയസ് മാത്രം പ്രായമുള്ള ആ പൊളിറ്റിക്കൽ ആക്ടിവിസ്റ്റും സാഹിത്യകാരനും തൻ്റെ തൂലിക സയണിറ്റ് ഭീകരതക്കെതിരിൽ നിരന്തരം ചലിപ്പിക്കുകയാണ്. അദ്ദേഹത്തിൻ്റെ കഥകളും നോവലുകളും ലോകവ്യാപകമായി ധാരാളമായി വായിക്കപ്പെടുന്നത് ഇസ്രായേലിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.കഴിഞ്ഞ വർഷം അദ്ദേഹം രചിച്ച “ഖനാഅ് ബി ലൗനിസ്സമാ” – “എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ”- എന്ന നോവൽ അറബിക് ഫിക്ഷനുള്ള 17-ാമത് അന്താരാഷ്ട്ര പുരസ്കാരം നേടി.
മറുവശത്ത്, പ്രസ്താവ്യമായ ഒരു രചനയും ഇസ്രായേലിൽ നടക്കുന്നില്ല. ആയുധ നിർമ്മാണം, ചാരപ്രവർത്തനം, മനുഷ്യരെ കൊലപ്പെടുത്താനും നാഗരികതയെയും സംസ്കാരത്തെയും നശിപ്പിക്കാനുമുള്ള സന്നാഹം ഒരുക്കൽ തുടങ്ങിയ സംഹാരങ്ങളാണ് ഇസ്രായേൽ കഴിഞ്ഞ 75 വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേലിന് ഭാവിയില്ല. ഭാവന സമ്പന്നരായ ആദർശവാദികളും കലാകാരന്മാരും സാഹിത്യകാരന്മാരും സ്വാതന്ത്ര സമര പോരാളികളുമായ ഫലസ്തീനികൾക്കാണ് പുതിയ ലോകത്തെ നയിക്കാൻ കഴിയുക എന്ന വലിയ ഒരു സന്ദേശവും കൂടി ഫലസ്തീൻ സാഹിത്യങ്ങൾ ലോകത്തോട് വിളംബരം ചെയ്യുന്നുണ്ട്.
സിൻവാറിന്റെ മറ്റ് രചനകൾ ?
സിൻവാർ അടിസ്ഥാനപരമായി ഒരു സാഹിത്യകാരൻ അല്ല. ഈ നോവൽ അദ്ദേഹം എഴുതുന്നത് തൻ്റെ ജനതയുടെ ചരിത്രം ഇങ്ങനെയല്ലാതെ തനിക്ക് പകർത്തി വയ്ക്കുവാൻ കഴിയുകയില്ല എന്നുള്ളതുകൊണ്ടാണ്. താനും തൻ്റെ സുഹൃത്തുക്കളും തൻ്റെ പ്രസ്ഥാനവും ചെയ്ത കാര്യങ്ങൾ അതേപടി രേഖപ്പെടുത്തി വെച്ചാൽ അന്താരാഷ്ട്ര കോടതിക്ക് മുന്നിൽ ഒരു കുറ്റവാളിയായി തന്നെ കൊണ്ടുവരുവാൻ ഇസ്രയേലിന് വളരെ എളുപ്പത്തിൽ കഴിയും എന്നു മനസ്സിലാക്കിയ സിൻവാർ നോവൽ സങ്കേതങ്ങളെ തൻ്റെ ആശയ പ്രകാശനത്തിനു വേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു എന്നുവേണം കരുതാൻ. ഒരു സാഹിത്യസൃഷ്ടിക്ക് മുമ്പിൽ ലോകത്തെ ഏറ്റവും വലിയ സൈനിക ഭരണകൂടം മുട്ടുമടക്കുകയാണ് എന്നുവേണം ഇതിനെപ്പറ്റി പറയാൻ. അന്വേഷിച്ചിടത്തോളം “മുൾച്ചെടിയും കരയാമ്പൂവും” ഒഴികെ പ്രസിദ്ധീകൃതമായ മറ്റൊരു രചനയും സിൻവാറിന്റെതായി വായിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹം മറ്റു രചനകൾ നിർവഹിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി പറയാനും അതുകൊണ്ട് എനിക്ക് കഴിയുകയില്ല.