തമിഴകത്തൊരു മലയാളി ഗ്രാമം

യാസീൻ എം.ഐ

 

മലയാള മണ്ണിലെ നിലമ്പൂരിൽ നിന്ന് നോക്കിയാൽ കാണുന്ന പ്രകൃതിരമണീയമായ നീല മലനിരകളാണ് നീലഗിരി മലനിരകൾ. കേരളത്തിന് സംരക്ഷണമൊരുക്കി

പർവ്വതങ്ങൾ പോലെ തലയുയർത്തി നിൽക്കുന്ന പരിസ്ഥിതിയുടെ കാവൽഭടൻമാരാണവർ. ആ നീലിമക്കിടക്ക് അവിടവിടെയായി സുന്ദരമായി വെള്ളവരകൾ കാണാം.

ജലത്തിന്റെ കലവറയായ ആ മലനിരകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങളാണത്.

തമിഴ്നാടിന്റേതാണ് മലനിരകൾ.

ആ മലനിരകളിലെ മലയാള മക്കൾ തിങ്ങിത്താമസിക്കുന്ന ഒരു ഗ്രാമപ്രദേശമാണ് എല്ലമല. എല്ലമലൈ എന്നാണ് യഥാർത്ഥ പേര്. ഗൂഡല്ലൂരിൽ നിന്ന് 24 കി.മീ ദൂരമേയുള്ളൂ എങ്കിലും ഒന്നര മണിക്കൂർ ബസ് യാത്ര വേണം അവിടെയെത്താൻ.

എല്ലമലൈ, സീഫോർത്ത്, പെരിയ ശോലൈ, അംബ്ളിമലൈ തുടങ്ങി ചെറിയ ചെറിയ ഗ്രാമങ്ങൾ ചേർന്ന ഈ പ്രദേശം ഓവാലി പഞ്ചായത്തിന്റെ ഭാഗമാണ്.

പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് മല കയറി വന്ന സായിപ്പുമാർ മലമുകളിൽ പച്ച പിടിച്ചു കിടക്കുന്ന താഴ് വരകൾ കണ്ട് അത്ഭുതത്തോടെ Oh, Valley എന്ന് പറഞ്ഞതാണെത്രെ ആ പേരിന്റെ ഉത്ഭവം.

ഒരു സേവന യാത്ര

കഴിഞ്ഞ ബലിപെരുന്നാളിന്റെ സൗഹൃദ സന്ദർശനങ്ങളും

സൽക്കാരങ്ങളും മാംസ വിതരണവുമൊക്കെ കാരണമായുണ്ടായ ക്ഷീണത്തിന്റെ ആലസ്യമുള്ള പിറ്റേന്നത്തെ പ്രഭാതത്തിലായിരുന്നു ആ യാത്രക്കുള്ള വിളി വന്നത്. പാവപ്പെട്ട രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ബലി മാംസമെത്തിക്കലായിരുന്നു ദൗത്യം.

കുറെയായി കേട്ടറിവു മാത്രമുള്ള എല്ലമലൈ കണ്ടറിയാനുള്ള ആഗ്രഹവുമുണ്ടായിരുന്നു.

ഗൂഡല്ലൂർ വഴിയാണ് പോവേണ്ടത്.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയുടെ കവാടമാണ് ഗൂഡല്ലൂർ. മലപ്പുറം ജില്ലയിൽ നിന്ന് നാടുകാണി ചുരം കയറിയാണ് ഗൂഡല്ലൂരെത്തുന്നത്.

കൂടുന്ന ഊര് ഗൂഡല്ലൂർ എന്നതിനെ അന്വർത്ഥമാക്കുന്ന പ്രദേശം തന്നെയാണത്. മൂന്ന് സംസ്ഥാനങ്ങളെ തൊട്ടു കളിക്കുന്ന കാനന സുന്ദരിയാണ് ഗൂഡല്ലൂർ. അവിടെ നിന്നും എല്ലമലൈയിലേക്കുള്ള യാത്ര ഏറെ ഹരം പിടിപ്പിക്കുന്നതാണ്.

മലകളെ ചുറ്റിവരിഞ്ഞ് വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡുകൾ.

റോഡിന്റെ ഒരു വശം വലിയ കയങ്ങളായിരിക്കും. സാഹസികമായി തന്നെ യാത്ര അനുഭവപ്പെടും.

ഇടുങ്ങിയ റോഡായതിനാൽ മുന്നിൽ വാഹനം വന്നാൽ ആരെങ്കിലും ഒരാൾ മീറ്ററുകളോളം റിവേഴ്സെടുക്കണം.

കാഴ്ചകൾ ഏറെ മനോഹരമാണ്. കുളിരു പകർത്തുന്ന എയർ കണ്ടീഷൻ അന്തരീക്ഷമാണ്. രണ്ട് ഭാഗത്തും പച്ച പട്ടു വിരിച്ച മെത്തകൾ പോലെ അനന്തമായി കിടക്കുന്ന തേയില തോട്ടങ്ങൾ, അതിനു തണൽ വിരിച്ചു നിൽക്കുന്ന ഉയരമുള്ള മരങ്ങൾ, അവിടവിടെ കാപ്പിച്ചെടികളും ഏലത്തോട്ടങ്ങളും.

വഴിയിൽ കാനന സുന്ദരികളായ മയിലുകളെയും അതിൽ പീലി വിടർത്തിയാടുന്ന സുന്ദരന്മാരെയും കാണാനാവും.

ഒറ്റയാനായും കുട്ടികളെയും മക്കളെയും കൂട്ടിയെത്തുന്ന ഫാമിലി ടൂറായും കൊമ്പു കുലുക്കി കാനന രാജാക്കൻമാരും ഇവിടെ ഇടക്കിടെ വഴിയിൽ സന്ദർശനത്തിനെത്തും.

വഴിയിലുടനീളം കുസൃതി ചൊരിഞ്ഞ് വാനര കുടുംബങ്ങളുമുണ്ട്.

നിഷ്കളങ്കത ചൊരിയുന്ന ഗ്രാമാനുഭവം,

സുന്ദരമായ പ്രകൃതി, നിഷ്കളങ്കമായി അടുത്തിടപഴകാൻ തയ്യാറാവുന്ന മലയാളി ഗ്രാമീണർ. പുതു തലമുറക്ക് മലയാളം എഴുതാനറിയില്ല. നന്നായി സംസാരിക്കും.

ഇവരുടെ പേരുകൾ മലബാർ മേഖലയിലാണ് ചെന്നെത്തുന്നത്. ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പെ തോട്ടം തൊഴിലാളികളായും കാടുവെട്ടിത്തെളിച്ചുമൊക്കെ കുടിയേറിയവരാണ്. ഇവിടെയും തൊട്ടടുത്ത ഗ്രാമങ്ങളിലുമായി രണ്ടായിരത്തോളം കുടുംബങ്ങളുണ്ട്. ഭൂരിഭാഗവും മുസ്ലിം കുടുംബങ്ങളാണ്.

ധാരാളം പ്രതിസന്ധികളുണ്ടെങ്കിലും ഈ പ്രകൃതി വിട്ടു പോവാൻ അവർക്ക് മനസില്ല.

ആധികാരിക രേഖയും പട്ടയവുമുള്ള ഒരിഞ്ച് ഭൂമി പോലും ആർക്കുമില്ല.

എന്നാലും അവർക്ക് പ്രിയങ്കരമാണ് ഈ ജീവിതം.

വീടിന്റെയും ഭൂമിയുടെയും രേഖയെ കുറിച്ച് ചോദിച്ചപ്പോൾ

എല്ലമലൈയിലെ ചായമക്കാനി നടത്തുന്ന ബീരാക്കയുടെ പ്രതികരണവും അങ്ങിനെയായിരുന്നു.

ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:

ഞങ്ങൾ വാപ്പ ഉപ്പാപ്പമാരായി ഏകദേശം 90 വർഷമായി ജീവിക്കുകയാണിവിടെ, പലപ്പോഴും പത്രത്തിലും വാർത്തയിലുമൊക്കെപ്രശ്നങ്ങൾ കാണാറുണ്ടെങ്കിലും ഞങ്ങൾക്കതൊന്നും അനുഭവപ്പെട്ടിട്ടില്ല, ഇത്ര കാലം ജീവിച്ച പോലെ ഞങ്ങൾ ഇനിയും ജീവിക്കും.

ചിരിച്ചു കൊണ്ട്

വലിയ ആത്മവിശ്വാസത്തോടെ തന്നെയാണ് ആ മറുപടി.

 

തൊട്ടപ്പുറത്ത് ചെറിയ മിഠായിക്കട നടത്തുന്ന വിധവയായ മാളുമ്മാത്താക്കും പറയാനുള്ളത് സമാന മറുപടി തന്നെയാണ്.

“ഇവിടെ തന്നെയാണ് ഞങ്ങൾ ജനിച്ചു വളർന്നത്. ഞങ്ങൾ ഇവിടെ തന്നെ മരിച്ചുവീഴും, ആ കാണുന്ന ഖബറിസ്ഥാനിൽ ഉറങ്ങുകയും ചെയ്യും” എന്നതായിരുന്നു വാക്കുകൾ.

ബീരാക്കയുടെ ചായക്കട

ജീവിത സാഹചര്യങ്ങളും പ്രതിസന്ധികളും

പ്രകൃതി അതി സുന്ദരമാണ്.

മലിനമാകാത്ത ഭൂമിയും ആകാശവുമാണ്. മണ്ണും വിണ്ണും അനുഗ്രഹീതമാണ്. അതിനാൽ തന്നെ രോഗങ്ങളും കുറവാണ്.

തേയില – കാപ്പി – ഏലത്തോട്ടങ്ങളിലെ തൊഴിലാണ് ഉപജീവന മാർഗ്ഗം. വളരെ തുഛമായ കൂലിയാണ് ലഭിക്കുന്നത്. അതു കൊണ്ട് സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്. ഇപ്പോൾ അപൂർവ്വമായി ചിലരൊക്കെ ഗൾഫിലേക്ക് ജോലി തേടി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റേതായ മാറ്റങ്ങളുമുണ്ട്.

വിദ്യാഭ്യാസ സൗകര്യങ്ങൾ ഇവിടെ പരിമിതമാണ്. കിലോമീറ്ററുകൾ താണ്ടി വേണം ഹൈസ്ക്കൂളിലെത്താൻ. അതു കൊണ്ട് അൽപകാലം മുമ്പുവരെ ഇവിടുത്തെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസായിരുന്നു. ഏതാനും സുമനസുകളുടെ നിരന്തര പരിശ്രമത്തിലൂടെ

എല്ലമലൈ നൂറുൽ ഹുദാ ട്രസ്റ്റും ഹൈസ്ക്കൂളും സ്ഥാപിതമായതോടെ അവസ്ഥകൾ മാറി. പിന്നീട് ധാരാളം കുട്ടികൾ പഠന രംഗത്ത് മുന്നേറി.

നൂറുൽ ഹുദ ഹൈസ്കൂൾ

വെള്ളച്ചാട്ടങ്ങൾ ധാരാളമുണ്ടെങ്കിലും വെള്ളം ഒരു പ്രശ്നം തന്നെയാണ്. കിണറുകളൊന്നും ഇവിടെയില്ല. മലമുകളിലെ നദികളിൽ പൈപ്പിട്ട് താഴെ ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. വൈദ്യുതിയും മോട്ടറും ഒന്നും ആവശ്യമില്ല. പക്ഷെ വർഷക്കാലത്ത് വെള്ളം കുത്തിയൊലിക്കുമ്പോൾ കൂടെ പൈപ്പുകളും ഒലിച്ചു പോവും. അങ്ങിനെ കാലവർഷം തിമർത്തു പെയ്യുമ്പോഴും വെള്ളം കിട്ടാക്കനിയാവും.

വഴിയിൽ കാണുന്ന പൈപ്പുകൾ എടുത്തെറിയുന്നത് കാട്ടാനകൾക്ക് ഒരു വിനോദവുമാണ്. അപ്പോഴും ആഴ്ചകളോളം വെള്ളമുണ്ടാവില്ല.

ഇവിടുത്തെ ഏറ്റവും വലിയ പ്രതിസന്ധി ഭൂമിപ്രശ്നം തന്നെയാണ്. ഈ ഗ്രാമങ്ങളടക്കം ഓവാലി പഞ്ചായത്തിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന പതിനായിരങ്ങളുണ്ട്. പക്ഷെ ഒരാൾക്കും സ്വന്തമായി ഭൂമിയില്ല. ഒരിഞ്ച് സ്ഥലത്തിനു പോലും പട്ടയമില്ലാത്ത ജനവാസമുള്ള ഇന്ത്യയിലെ ഏക പഞ്ചായത്താണ് ഓവാലി പഞ്ചായത്ത്.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള നിയന്ത്രണങ്ങളാണെങ്കിലും ഒരു പ്രത്യേക ജനവിഭാഗം കൂടുതലുള്ള പ്രദേശമെന്ന നിലക്കുള്ള അവഗണനയും കാലങ്ങളായുണ്ട്. സ്റ്റാലിൻ നേതൃത്വം നൽകുന്ന പുതിയ DMK സർക്കാർ ഇവർക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്.

ഈ ഗ്രാമങ്ങളെ സാമ്പത്തികമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളും നൂറുൽ ഹുദ ട്രസ്റ്റ് ആരംഭിച്ചതായി ഭാരവാഹികൾ പറയുകയുണ്ടായി.

ശക്തമായ ഇടപെടലുകളും ശാക്തീകരണ പ്രവർത്തനങ്ങളും ഇവിടെ ഉയർന്നു വരേണ്ടതുണ്ട്.

വിനോദ സഞ്ചാരികൾക്കൊരുകേന്ദ്രമായി എല്ലമലൈ

കേരളത്തിൽ നിന്ന് ധാരാളം ആളുകൾ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഇവിടങ്ങളിലൊക്കെ വന്നു താമസിക്കാറുണ്ട്.

ഗൂഡല്ലൂർ ഉള്ള ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റിൽ നിയന്ത്രണങ്ങളുണ്ട്.

ചുരങ്ങളിലൂടെയുള്ള യാത്രയും ഒരു മലയിൽ നിന്നിറങ്ങി മറ്റൊരു മലയിലേക്ക് കയറിയിറങ്ങിയുള്ള റോഡുകളും വല്ലാത്തൊരനുഭവം തന്നെയാണ്.

കുളിര് പകരുന്ന എയർ കണ്ടീഷൻ അന്തരിക്ഷവും പ്രകൃതി ഭംഗിയും കാനന സൗന്ദര്യവും പുൽമേടുകളും കുളിർമ നൽകുന്ന കാഴ്ചകളും മനം നിറക്കുന്ന പച്ചപ്പും ആരെയും ആകർഷിക്കുന്നതാണ്.

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ മരപ്പാലങ്ങളുടെ ബാക്കിപത്രങ്ങളും ഇവിടെ ഒരു കാഴ്ചയാണ്. പലരുടെയും ജീവനെടുത്തിട്ടുണ്ടെങ്കിലും ചെകുത്താൻ കുണ്ടിലെ നീന്തലും മലമുകളിൽ നിന്ന് അതിലേക്കുള്ള ചാട്ടവും സഞ്ചാരികളുടെ സ്ഥിരം പതിവാണ്. കാലു വെക്കുമ്പോൾ കാലിലേക്ക് കുതിച്ചു ചാടാൻ തല ഉയർത്തി നിൽക്കുന്ന അട്ടകൾ മുതൽ കൊമ്പനാനകൾ വരെ നമ്മുടെ യാത്രയെ സാഹസികമാക്കുന്നു. മലമുകളിലെ വെള്ളചാട്ടവും ചായ ഫാക്ടറിയും ചന്ദന മലയും അവിടുത്തെ അമ്പലവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്.

ജീവിത പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും ഈ പ്രദേശം പ്രകൃതിയുടെ അനുഗ്രഹീത കേന്ദ്രം തന്നെയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *