ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനവും മുസ്‌ലിം പണ്ഡിതന്മാരും

പ്രമുഖ യുവ പണ്ഡിതൻ മമ്മൂട്ടി അഞ്ചുകുന്ന് മൊഴിമാറ്റം നടത്തിയ മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപൂരിയുടെ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനവും മുസ്‌ലിം പണ്ഡിതന്മാരും’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു:

 

മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപൂരിയെ കുറിച്ച്?

മൗലാന മുഫ്തി മുഹമ്മദ്‌ സൽമാൻ മൻസൂർപൂരി  ഹദീസ് പണ്ഡിതനും ചരിത്രകാരനുമാണ്. നിരവധി ഇടങ്ങളിൽ വൈജ്ഞാനിക രംഗത്ത് സേവനം നടത്തിയ അദ്ദേഹം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഉന്നത വൈജ്ഞാനിക കേന്ദ്രമായ ദാറുൽ ഉലൂം ദേവ്ബന്ദിൽ അധ്യാപനം നടത്തുന്നു.

 

മൗലാന മുഫ്തി മുഹമ്മദ്‌ സൽമാൻ മൻസൂർപൂരി

 

രചനയുടെ ഉള്ളടക്കവും സവിശേഷതയും ?

ഈ കൃതി രണ്ടു ഭാഗങ്ങളായാണ് ക്രോഡീകരിച്ചിട്ടുള്ളത്. ആദ്യ ഭാഗം ബ്രിട്ടീഷ് ആഗമന കാലം മുതൽ സ്വാതന്ത്ര്യ ലബ്ധി വരെയുള്ള ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ ചരിത്രമാണ്. ഇമാം സയ്യിദ് അഹമ്മദ് ഷഹീദിന്റെയും ബഹദൂർ ഷാ സഫറിന്റെയും, ഷൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസന്റെയുമെല്ലാം കീഴിൽ നടന്ന വിമോചന പോരാട്ടങ്ങളിലൂടെയെല്ലാം വിശദമായി കടന്നു പോവുന്നുണ്ട്. ദേവ്ബന്ദി പ്രസ്ഥാനം, ജംഇയ്യത് ഉലമ ഏ ഹിന്ദ്, തുടങ്ങിയ പണ്ഡിത, ബഹുജന കൂട്ടായ്മകൾ ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ നിർണയിച്ചു എന്ന പഠനമാണിത്.

രണ്ടാം ഭാഗം ആ കാലഘട്ടങ്ങളിൽ ജീവിച്ച ഈ ലക്ഷ്യത്തിനു വേണ്ടി സേവനം ചെയ്ത പോരാളികളായ പണ്ഡിതന്മാരുടെ ജീവിചരിത്ര കുറിപ്പുകളാണ്. ഉറുദു ചരിത്രകാരനായ മുഈസുദ്ദീൻ അഹ്മദ് ആണ് ഏറെ വിജ്ഞാനാർഹമായ ഈ ഭാഗം തയാറാക്കിയത്.

 

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മുസ്‌ലിം പങ്കാളിത്തത്തെ തമസ്ക്കരിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം ?

സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പേ തന്നെയുള്ള ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണത്. അവരാണ് യഥാർത്ഥത്തിൽ ഇന്ത്യാ വിഭജനത്തിന്റെ യഥാർത്ഥ കാരണക്കാർ. സാംസ്‌കാരികവും വംശീയവുമായ ഒരു രണ്ടാം വിഭജനം ആണ് അവർ ലക്ഷ്യമിടുന്നത്. മുസ്ലിം പ്രതിനിധാനങ്ങളെ അവർ എന്നും ഭയന്നിരുന്നു. ഇന്ന് അവർ ഇന്ത്യൻ ജനതയുടെ അജ്ഞതയുടെയും ചരിത്ര ബോധമില്ലായമയുടെയും മുകളിലാണ് അധികാരം സ്ഥാപിച്ചിരിക്കുന്നത്. അതിനെ പ്രതിരോധിക്കാൻ വേണ്ടി കൂടിയാണ് ഇത്തരം ഉദ്യമങ്ങൾ.

വിഷയാസ്പദമായ മറ്റു ഇന്ത്യൻ രചനകൾ?

ഒട്ടേറെ രചനകൾ ഈ മേഖലയിലുണ്ട്. ഭൂരിഭാഗവും ഉറുദു ഭാഷയിലാണ്. ഇംഗ്ലീഷിലും ചിലതെല്ലാമുണ്ട്. എന്നാൽ മലയാളത്തിൽ ഇല്ല എന്നു തന്നെ പറയാം. മൌലാന ഫൈസൽ അഹ്മദ് ബഡ്കലി യുടെ ഏകദേശം ഇതേ പേരിൽ തന്നെയുള്ള രചന പ്രസിദ്ധമാണ്. മുസ്ലിം ഫ്രീഡം ഫൈറ്റഴ്സ് എന്ന പേരിലുള്ള സയ്യിദ് ഉബൈദുറഹ്മാന്റെ പുസ്തകം ഈയടുത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജംഗ് ആസാദി ഓർ മുസൽമാൻ (ഖാലിക് മുഹമ്മദ്‌ ഖാൻ), ഉലമ ഏ ഹിന്ദ് കാ ശാന്താർ മാളി (മൌലാന മുഹമ്മദ്‌ മിയാൻ), തഹരീഖ് ഷൈഖുൽ ഹിന്ദ് (മൌലാന മുഹമ്മദ്‌ മിയാൻ),
തെഹ്‌രീഖ് ആസാദി ഓർ മുസൽമാൻ (മുഹമ്മദ്‌ അഹമ്മദ് സിദ്ധീഖി), മുസൽമാൻ മുജാഹിദീൻ (മുഹമ്മദ്‌ ഷംഷാദ് നദ് വി), തെഹ്രീഖ് ഖിലാഫത്ത് (ഖാസി മുഹമ്മദ്‌ അദീൽ അബ്ബാസി),തഹ്‌രീകെ ആസാദി ഓർ മുസൽമാൻ ( സയ്യിദ് അബുൽ അലാ മൗദൂദി ) എന്നിവ ചില പ്രധാന ഉദാഹരണങ്ങളാണ്.
നമ്മുടെ ഈ ഉദ്യമവും മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടും എന്നാണ് പ്രത്യാശ.

Leave a Reply

Your email address will not be published. Required fields are marked *