സമൂഹം സാഹിത്യം സംസ്കാരം

പ്രമുഖ സാമൂഹിക ചിന്തകൻ ഡോ. ഒ. കെ സന്തോഷ്, അദ്ദേഹത്തിന്റെ ‘സമൂഹം സാഹിത്യം സംസ്കാരം’ എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു:

 

പുസ്തകമെഴുത്തിന്റെ പശ്ചാത്തലമെന്ത്?

കഴിഞ്ഞ രണ്ട് വർഷമായി വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും ജേർണലുകളിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളും പഠനങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ബുക്ക് പ്ലസ് ചില പുസ്തകങ്ങൾ പ്ലാൻ ചെയ്യുന്നുവെന്ന് പറഞ്ഞതിന്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തുവന്നതെന്ന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. മിക്ക എഴുത്തുകളും ചില ആവശ്യങ്ങളെയും സന്ദർഭങ്ങളെയും മുൻനിർത്തിയാണ് ഉണ്ടാവുന്നത്. ചിലപ്പോൾ എഡിറ്റർമാർ ആവശ്യപ്പെട്ടിട്ട്. മറ്റുചിലപ്പോൾ പുസ്തകങ്ങളുടെ അവതാരികയോ പഠനമോ ആയിട്ട്. ഈ പുസ്തകത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഒന്നാമത്, സമൂഹം. അതിൽ സനാതനധർമ്മം : ഗാന്ധി, ആധുനികത, വൈക്കം സത്യാഗ്രഹത്തിന് ഒരാമുഖം, അക്കാദമി അവാർഡുകളും സാമൂഹ്യനീതിയും തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ലേഖനങ്ങളാണ്. സാഹിത്യം എന്ന രണ്ടാം ഭാഗത്ത് ദലിത് ആത്മകഥകളുടെ ഇന്ത്യൻഭൂപടം മുതൽ കെ.കെ. കൊച്ച്, രാജു കെ. വാസു, ബി.ആർ.പി.ഭാസ്കർ , എ.കെ.രവീന്ദ്രൻ , വിക്ടർ ലീനസ് എന്നിവരുടെ വ്യത്യസ്തസാഹിത്യരൂപങ്ങളെ പഠിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നു. സിനിമയെയും സോഷ്യൽ മീഡിയയെയും വിശകലനം ചെയ്യുന്ന മൂന്ന് പഠനങ്ങളാണ് മൂന്നാമത്തെ ഭാഗത്തുള്ളത്. ഇതിലുള്ള രണ്ട് സിനിമാ പഠനങ്ങൾ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് , നന്നായി ഗവേഷണം നടത്തിയെഴുതിയവയാണ്.

പുസ്തകത്തിലെ ഇതിവൃത്തമെന്ത്? 

സാഹിത്യഗവേഷകനും അധ്യാപകനുമാണെങ്കിലും ചരിത്രവും സാമൂഹികശാസ്ത്രവുമൊക്കെ സമന്വയിപ്പിച്ച് എഴുതേണ്ട വിഷയങ്ങളിലാണ് ഈ പുസ്തകത്തിന്റെ കേന്ദ്രമെന്ന് പറയാം. ഇതിന് മുമ്പ് പ്രസിദ്ധീകരിച്ച സാമൂഹ്യനീതിയുടെ പാഠങ്ങൾ (2023, ജൂൺ ) എന്ന ഗ്രന്ഥവും സമാനവിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ ആദ്യത്തെ പഠനം സനാതനധർമ്മത്തെക്കുറിച്ച് സമകാലികമായി നടന്ന ചർച്ചകളും അതിൽ ഗാന്ധിയുടെ പങ്കുംവിശദമായി ചർച്ചചെയ്യുന്നതാണ്. ജാതിവ്യവസ്ഥയേയും അതിന്റെ വ്യവഹാരത്തെയും ഭൂതകാലപ്രതിഭാസമായി കാണുന്ന പൊതുബോധം പ്രബലമാണിന്ന്. അതിന്റെ അപകടകരവും ന്യൂനീകരിക്കപ്പെട്ടതുമായ തലങ്ങൾകൂടി ചർച്ചചെയ്യാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ നമ്മുടെ നവോത്ഥാനത്തിന്റെ ആശയാവലികൾക്കും പ്രയോഗങ്ങൾക്കും എന്ത് സംഭവിച്ചുവെന്ന അന്വേഷണം പ്രസക്തമാണ്. ഇങ്ങനെ സാമൂഹിക പ്രധാനമായ വിഷയങ്ങളോടൊപ്പം സാഹിത്യം, സംസ്ക്കാരം തുടങ്ങിയ പ്രമേയങ്ങളും കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളും ഈ പുസ്തകത്തിൽ നടത്തുന്നുണ്ട്.

 

പുസ്തകത്തിൽ ശ്രദ്ധേയമായ ഇടപെടലെന്ന് തോന്നുന്ന ലേഖനങ്ങൾ ഏതെല്ലാം ?

എല്ലാ ലേഖനങ്ങളും ശ്രദ്ധിക്കപ്പെടണമെന്ന് കരുതിതന്നെയാണ് എഴുതുന്നത്. ചിലത് പ്രത്യേക വിഷയത്തോടോ സന്ദർഭത്തോടോയുള്ള പ്രതികരണമെന്ന നിലയിൽ എഴുതുന്നവയാണ്. പത്രാധിപന്മാർ അനുവദിച്ചുതരുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുതി പൂർത്തിയാക്കിയവയുമുണ്ട്. ഉദാഹരണത്തിന് അക്കാദമി അവാർഡുകളും സാമൂഹികമൂലധനവും എന്ന ലേഖനം ചൂണ്ടിക്കാണിക്കാം. സാഹിത്യ അക്കാദമി അവാർഡും ചലച്ചിത അക്കാദമി അവാർഡുകളും ചില വിവാദങ്ങളിൽപെട്ടപ്പോൾ എഴുതിയതാണത്. ഇത്തരം എഴുത്തുകൾക്ക് കാര്യമായ ഗവേക്ഷണം നടത്താനുള്ള സമയം കിട്ടാറില്ല. പ്രാഥമികമായ ചില അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യാറ്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി വളരെ വിപുലമായ ഗവേഷണവും ശ്രമവും നടത്തി ചെയ്യുന്ന പഠനങ്ങളുമുണ്ട്. അത്തരത്തിലൊന്നായി ഈ സമാഹാരത്തിൽ പരിഗണിക്കാവുന്ന പഠനമാണ് ദ്രാവിഡരാഷ്ട്രീയത്തെ അതിവർത്തിക്കുന്ന പുതുതമിഴ് സിനിമകൾ എന്നത്. ധാരാളം പുസ്തകങ്ങൾ വായിച്ചും സിനിമകൾ ആവർത്തിച്ച് കണ്ടുമാണ് ആ പഠനം പൂർത്തിയാക്കിയത്. എനിക്ക് ഏറെ സന്തോഷവും തൃപ്തിയും തന്ന ലേഖനമാണത്. പൊതുവെ , നമ്മുടെ സിനിമാപഠനങ്ങൾ ഉപരിപ്ലവവും പ്രൊമോഷനെലാക്കാക്കിയുമുള്ളതാണെന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ മലയാളത്തിൽതന്നെ ഗൗരവമായി സിനിമകളെ പഠിച്ചവരുമുണ്ട്. ജെനി റൊവീനയുടെ തെമ്മാടികളും തമ്പുരാക്കന്മാരുമാണ് പെട്ടെന്ന് ഓർമ്മവരുന്ന പുസ്തകം. വിപുലമായ ഒരു സിനിമാപഠനഗ്രന്ഥം മനസിലുണ്ട്. അതിനായി എഴുതിയ ചില പഠനങ്ങൾ ഈ പുസ്തകത്തിന്റെ ചെറിയ ഭാഗമാക്കിയെന്നേയുള്ളൂ. കെ.കെ. കൊച്ചിന്റെ ചിന്താലോകത്തെക്കുറിച്ചുള്ള ലേഖനവും ഏറെ ശ്രദ്ധയോടെ ചെയ്തതാണ്. കഴിഞ്ഞ നാലുദശകമായുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെയും ഇടപെടലുകളെയും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടും വായിച്ചും തയ്യാറാക്കിയതാണത്. എനിക്ക് വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള ഒരാളെന്നനിലയിൽ കൊച്ചേട്ടനെ ഞാൻ ശ്രദ്ധയോടെ പിന്തുടരാറുണ്ട്. അത് കാര്യങ്ങൾ എളുപ്പത്തിലാക്കി.

ഈ പുസ്തകത്തിലെ രചനകളെ സമഗ്രമായി ചുരുക്കിപ്പറഞ്ഞാൽ?

അത്യന്തം സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ- സാംസ്ക്കാരിക സന്ദർഭങ്ങളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. മുൻപില്ലാത്ത വിധത്തിൽ ഭരണകൂടത്തോടും അധികാരത്തോടും ചേർന്ന് നിൽക്കാത്തവർക്ക് ഒരു പരിഗണനയും കിട്ടാത്ത കാലമാണിത്. അത്തരം സംഘർഷങ്ങൾ വ്യക്തിപരമായി എന്നെയും ബാധിക്കാറുണ്ട്. ചെന്നൈ പോലുള്ള ഒരു സ്ഥലം രാഷ്ട്രീയമായി സുരക്ഷിതമാണെങ്കിലും വ്യക്തിയെന്ന നിലയിൽ സാമൂഹികദൃശ്യതയോ സംവാദാത്മകമായ സാഹചര്യങ്ങളോ കാര്യമായില്ലാത്തത് വല്ലാത്തതരത്തിൽ വീർപ്പുമുട്ടിക്കാറുണ്ട്. അതിന്റെകൂടി ഭാഗമാണ് എന്റെ എഴുത്തുകളും അഭിപ്രായങ്ങളും എന്ന് കരുതുന്നു. കേരളത്തിലാണ് ജീവിക്കുന്നതെങ്കിൽ ഇത്രയും സജീവമായി എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *