ഇന്ത്യൻ ദേശീയത: ഒരു ടാഗോറിയൻ വിമർശനം

1920 ന് ശേഷം ബ്രിട്ടീഷ് വിരുദ്ധ സമരായുധമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശീയതയെ ഉപയോഗിച്ചു വരുകയായിരുന്നു. പ്രസ്തുത കാലത്ത് തന്നെ ദേശീയതയെ ക്രിയാത്മകമായ വിമർശനവൃത്തത്തിൽ രൂപപ്പെടുത്തിയവരിൽ ഒരാളായിരുന്നു രബീന്ദ്രനാഥ്‌ ടാഗോർ.

രാജ്യത്തിന്റെ ഔദ്യോഗിക ഗാനമായ ജന ഗണ മന യുടെ രചയിതാവായാണ് ഇന്ത്യൻ വരേണ്യ പൊതു ബോധം ടാഗോറിനെ പരിചയപ്പെടുത്തുന്നത്. April 13 – 1919 ജാലിയൻ വാലാ ഭാഗ് കൂട്ടകൊലയെ തുടർന്ന് നോബേൽ പ്രൈസ് നിഷേധവും മറ്റു വ്യക്തിപരമായ ജീവിതത്തിലെ നൈതിക സ്വഭാവ സവിശേഷതകളും മാത്രം പരാമർശിച്ചാണവർ ഈ പൊതുബോധം നിർമിക്കുന്നത്. ടാഗോറിന്റെ കൃതികൾ സംവദിക്കുന്ന പല ദേശീയതാവിരുദ്ധ സങ്കൽപ്പങ്ങളെയും വിസ്മരിച്ചാണവർ ഈ പൊതുബോധത്തെ നിലനിർത്തുന്നത്.

ടാഗോറിന്റെ ഇന്ത്യൻ ദേശീയതവിമർശനത്തിന്റെ കാമ്പ് സമകാലികനായ ബങ്കിം ചന്ദ്ര ചതോപാധ്യയുടെ രചനാവായനകളിലൂടെയേ സാധ്യമാവുകയുള്ളു.
ഇന്ത്യയിലെ ഹിന്ദു-മുസ്ലിം പാരസ്പര്യത്തെ ആവരണം ചെയ്ത് ഇരുധ്രുവങ്ങളിലായി ഹിന്ദു-മുസ്ലിം ദ്വന്ദം രൂപീകരിക്കുന്നതിൽ പ്രധാനിയായിരുന്നു ബങ്കിം ചന്ദ്ര. 1882 ൽ പ്രസിദ്ധീകരിച്ച ആനന്ദമഠം നോവൽ പരിശോധിച്ചാൽ ഇത് സുവ്യക്തമാവുന്നതാണ്. എന്നാൽ ഇന്ത്യൻ ദേശീയബോധത്തിന്റെ സാർവ ഗീതമായ വന്ദേമാതരത്തിന്റെ രചയിതാവായി മാത്രമേ നിലവിലെ ഇന്ത്യൻ ജനതക്ക് ഇദ്ദേഹത്തെ അറിയുകയുള്ളു.
ആനന്ദമഠം എന്ന ബങ്കിം ചന്ദ്രയുടെ നോവലിന്റെ ഭാഗമാണ് വന്ദേമാതരം എന്ന ഗീതം. ആനന്ദമഠം ഒരു യുദ്ധപ്രഖ്യാപനമാണ്. അത്ബ്രീട്ടിഷുകാർക്കെതിരാണ് എന്ന് ധരിച്ചേക്കാം പക്ഷെ യഥാർത്ഥത്തിൽ മുസ്ലിംലിംങ്ങൾക്കെതിരാണ്. ചില ഘട്ടങ്ങളിൽ ആംഗലേയർക്ക് ഭരിക്കാൻ കീരികളെ കുരുതി ചെയ്ത് കളമൊരുക്കലാണ് നമ്മളുടെ യുദ്ധ കർത്തവ്യമെന്ന് നോവൽ പ്രസ്താവിക്കുന്നുമുണ്ട്.

ആനന്ദമഠത്തിലെ കഥാപാത്രമായ ഭവനന്ദനാണ് ഇന്നത്തെ ഹിന്ദുത്വ. പള്ളികൾ ധ്വംസിച്ച് യഥാസ്ഥാനത്ത് ക്ഷേത്രങ്ങൾ സ്ഥാപിക്കുകയെന്ന വിശുദ്ധസ്വപനം പേറുന്ന ഒരു ഹിന്ദുത്വ ദേശീയ വാദിയാണ് ഭവനന്ദൻ. ഇത്യാദി വിഭജനത്തിന്റെയും വെറുപ്പിന്റെയും വിത്ത് പാകി അതിൽനിന്നു ദേശീയതാബോധത്തിന്റെ കായ്കനികൾ ഉത്പാദിപ്പിച്ച അതെ നോവലിലാണ് ഭാരതത്തിന്റെ തൊട്ടിൽ പാട്ടായ വന്ദേമാതരം ഇന്ത്യയുടെ തണൽ വൃക്ഷമാകുന്നത്.
1930 കളിലാണ് കോൺഗ്രസ് ഔപചാരികമായി വന്ദേമാതരം എന്ന ഗീതം ദേശീയബോധത്തെ ഉണർത്താൻ ശേഷിയുള്ള പാട്ടായി സ്വീകരിക്കുന്നത്.
വംശീയാധിഷ്ഠിത ദേശീയബോധം ജനിപ്പിക്കുന്ന ഗീതത്തെ രാജ്യത്തിൻറെ ഔപചാരിക പദവിയിൽ നിന്ന് നിരോധിക്കണമെന്ന് മുസ്ലിം സംഘടനകൾ പരാതി നൽകിയതാണ്. എന്നാൽ 1937 ഒക്ടോബർ 26 ന് കൊൽക്കത്തയിൽ ചേർന്ന നെഹ്‌റുവിന്റെ അധ്യക്ഷതയിലുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റീ ഉത്തരവിട്ടത് ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും, അതിനെ പുസ്തകങ്ങളിൽ നിന്ന് വിഭിന്നമായി ഉൾക്കൊള്ളണമെന്നുമായിരുന്നൂ.
അപൂർണമായ ഗീതം ആയിരിക്കുമ്പോഴും ഗാനപശ്ചാത്തലം പരിഗണിക്കുമ്പോൾ ദുർഗാദേവിയെ സ്തുതിക്കുന്ന ഒരു ഗീതമാകുമ്പോൾ എങ്ങനെയാണ് അതിനെ മതേതര രാജ്യത്തിൻറെ ഗീതമായി പരിഗണിക്കുക? ഇത് ആദ്യം ചോദ്യം ചെയ്തവരിൽ ഒരാളായിരുന്നൂ ടാഗോർ. വന്ദേമാതരത്തിന്റെ അന്തസത്ത ദുര്‍ഗാദേവിക്കുള്ള സ്തുതിയാണ്. ഇത് തികച്ചും വ്യക്തമാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പത്ത് കൈകളുള്ള ദുര്‍ഗാദേവിയുടെ രൂപത്തെ സ്വദേശമായി കണ്ട് ഏതെങ്കിലും മുസല്‍മാന്‍ ദേശഭക്തിയോടെ ആരാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. ആനന്ദമഠം എന്ന നോവല്‍ ഒരു സാഹിത്യ സൃഷ്ടിയാണ്. വന്ദേമാതരം എന്ന ഗാനം അതില്‍ ഉണ്ടാവുന്നത് ശരിതന്നെ. എന്നാല്‍ പാര്‍ലമെന്റ് എല്ലാ മതവിഭാഗങ്ങളും ഒരുമിക്കുന്ന ഇടമായിരിക്കെ അവിടത്തേക്ക് വന്ദേമാതരം അനുയോജ്യയല്ല. ടാഗോർ പ്രസതുതകാലത്ത് സുഭാസുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്താണിത്.
2018 ൽ അമിത് ഷാ മൊഴിഞ്ഞത് വന്ദേമാതരം പൂർണമായി പരിഗണിക്കാത്തതാണ് കോൺഗ്രസ്സ് ചെയ്ത മഹാപാതകം എന്നായിരുന്നു. ഈപ്രസ്താവനകളിൽ നിന്ന് വ്യക്തമാണ് ടാഗോർ ഉന്നയിച്ച ചോദ്യത്തിന്റെ പ്രസക്തി.

 


ഇഖ്‌ബാലിന്റെ കവിതകൾ ശ്രേവിച്ചാൽ ഹൃദയഹാരിയാവാത്തവർ ആരാണ് എന്ന് പ്രശംസിച്ച ഗാന്ധിയും ഉറുദു സാഹിത്യങ്ങളോട് ബഹുമാനം കാണിച്ചിരുന്ന നെഹ്‌റുവും ഉന്നയിക്കാത്ത ചോദ്യമാണ് ടാഗോർ വംശീയ സംസകൃത ഭാഷകെതിരെ ഉയർത്തുന്നത്.
വന്ദേമാതരം പോലുള്ള ദേശീയ നിർമിതികൾ കൊളോണിയൽ ചരിത്രവായനകളെയാണ് ഇന്ത്യൻ ദേശീയതയിൽ പുനർസൃഷ്ട്ടിക്കുന്നത്. ഹിന്ദു മുസ്ലിം ധ്രുവീകരണവും ദളിത്, കീഴാള പുറന്തള്ളലിലൂടെയും അപരവിദ്വേഷത്തിലൂടെയും മാത്രമാണ് ഇന്നും ഇന്ത്യൻ ദേശീയത നിലനിൽകുന്നത്. ടാഗോറിന്റെ അനന്തരവനായ അബീന്ദ്ര നാഥ് ടാഗോറാണ് വന്ദേമാതരത്തിൽ പ്രതിപാദിക്കുന്ന ദുർഗാദേവിയെ ഭാരതമാതാവായി ദേശീയ വിമോചന സങ്കൽപ്പത്തിന്റെ പ്രതീകമായി മുന്നോട്ട് വെക്കുന്നത്. അങ്ങനെ ഭാരതമാതാ കീ ജെയ് എന്ന വിമോചന ശ്ലോകം ഉയർന്നു. ദേശകൂറ് സമം ഭാരത മാതാ കീ ജെയ് എന്ന അവസ്ഥ സംജാതമായി. 2016 ഏപ്രിൽ മാസത്തിൽ മഹാരാഷ്ട്ര നിയമസഭാ അസംബ്ലിയിൽ നിന്ന് വാരിസ് പത്തനെന്ന മുസ്ലിം നിയമസഭാ അംഗത്തെ ഭാരത മാതാ കി ജെയ എന്ന് വിളിക്കാത്തതിനെ തുടർന്ന് സ്പീക്കർ പുറത്താക്കിയിരുന്നു. ദേശ സനേഹം പ്രകടിപ്പിക്കാൻ അതിന്റെ ആവശ്യമില്ലെന്നായിരുന്നു പത്താന്റെ മറുപടി. ജെ.എന്‍.യുവില്‍ കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനു നടന്ന കാശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കൽ, അഫ്‌സല്‍ഗുരു, മഖ് ഭൂല്‍ഭട്ട് തുടങ്ങിയവരുടെ മേല്‍ നടപ്പാക്കിയ അനീതിപരമായ വധശിക്ഷ, ഇന്ത്യന്‍ ഭരണകൂടം കാശ്മീരിനോട് പുലര്‍ത്തുന്ന അന്യായ നയങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍, രാജ്യത്തിലെ നിയമസഭയിൽ അരങ്ങേറുമ്പോൾ എല്ലാ നിയമസഭ എം എൽ എ മാരും ഭാരത മാതാ കീ ജെയ് വിളിക്കണമെന്ന് ഹിന്ദുത്വവാദികൾ മുറവിളിക്കുട്ടിയതിനെ അനുബന്ധിച്ചായിരുന്നു ഈ വിവാദം.

ഹിന്ദു എന്ന വംശത്തെ മാത്രം മുൻനിർത്തി ഏകശിലാതമാകമായ പടുത്തുയർത്തപ്പെട്ട ദേശീയതയാണ് ടാഗോർ നിരൂപിക്കുന്നത്. ടാഗോറിന്റെ അഭിപ്രായത്തിൽ ഇന്ത്യയെന്നത് ദ്രാവിഡരും ആര്യന്മാരും പുരാതന ഗ്രീക്കുകാരും പേർഷ്യക്കാരും പടിഞ്ഞാറിലെയും മധ്യേഷ്യയിലെയും മുഹമ്മദീയരും ചേർന്ന് സൃഷ്ടിച്ചതാണ്. നിഷേധാത്മകവും ഹിംസാത്മകവുമായ ദേശീയ ഫാസിസത്തെ ടാഗോർ ചെറുകുന്നത് ചരിത്ര വായനയിലൂടെയാണ്. ഇന്ത്യക്ക് ചരിത്ര ധർമ്മത്തെക്കാളുപരി മനുഷ്യധർമ്മമാണ് പ്രവർത്തിക്കേണ്ടതെന്ന ആത്മീയമായ അവസ്ഥയിലാണ് ടാഗോർചിന്തയുടെ ഒടുക്കം.
1920 കളിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അതിനിർണായക ചുവടുകളിലാണ് ദേശീയതുടെ വിഘടനശേഷിയെ ടാഗോർ അഭിമുകീകരിക്കുന്നത്. പൊതുവായ ഭാഷയിലും, സംസ്കാരത്തിലും, ഒരു നിർണിത ഭൂപ്രദേശത്തെ ഏകീകരിക്കപ്പെട്ട ജനമെന്ന
ദേശീയതയുടെ ഔപചാരിക നിർവചനത്തിനപ്പുറം ചിന്തിച്ച ധൈഷണികരിൽ ഒരാളാണ് ടാഗോർ. ഭാഷയോ സംസ്കാരമോ ഏതുമാവട്ടെ ഒരു രാഷ്ട്രത്തിനും അതിലെ സർവ ഭാഷയെയോ, സംസ്കാരത്തെയോ മതത്തെയോ ഉൾക്കൊള്ളൽ സാധ്യമല്ലായെന്നതാണ് യാഥാർത്ഥ്യം. ഒരു ഭാഷയെയോ, സംസ്കാരത്തെയോ മതത്തെയോ, പരിഗണിച്ചാൽ ആ സവിശേഷവിഭാഗത്തിന് ഒരു ദേശീയ സ്വതം പ്രദാനം ചെയ്യപ്പെടുകയും അപരജീവിതങ്ങൾ ഭൂജാതമാകുകയുമാണുണ്ടാവുക.
അതുമൂലമാണ് ഇന്ത്യ ഉദ്ഗ്രഥിക്കപ്പെട്ട രാജ്യമായത്. ഉദ്ഗ്രഥനം ആജ്ഞാസ്വഭാവമുള്ളതാണ്. ആജ്ഞക്ക് വിധേയപെടാത്തവരുടെ ഉന്മൂലനം ദേശരാഷ്ട്രത്തിനു അനിവാര്യമാകുന്നത് അതുകാരണത്താലാണ്. ദേശീ യതാൽപര്യങ്ങൾക്ക് വിഘ്നമാവുന്ന എന്തിനേയും മൂലച്ഛേദം ചെയ്യാൻ നിയമസാധുത നൽകലാണ് ദേശത്തിന്റെ നിയമ വ്യവസ്ഥ. കശ്മിരും നോർത്ത് ഈസ്റ്റ്, ലക്ഷദ്വീപും, ഗുറാത്തും, മണിപ്പൂരും തനിയാവർത്തനമാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ ദേശീയതയിൽ ഉൾക്കൊള്ളലിനെക്കാൾ പുറന്തള്ളലിന്റെ ചരിത്രമാണുള്ളത്. രാഷ്ട്രത്തിന്റെ പുറന്തള്ളാനുള്ള വ്യഗ്രതയാണ് രാജ്യത്തെ പൗരത്വപ്രതിസന്തിയുടെ മൂലകം. ഇന്ത്യൻ സ്വാതന്ത്ര്യസമരം സാമ്രാജത്വ വിരുദ്ധ സമരമായി വായിക്കപ്പെടുമ്പോഴും സ്വതന്ത്ര ഇന്ത്യ ഹിന്ദുത്വവരേണ്യ പരതയിലാണ് നാട്ടിയിരിക്കുന്നതെന്ന് ന്യൂനപക്ഷ സമുദായങ്ങൾ നിതാന്തമായി പറയുന്നത് ഇതുമൂലമാണ്‌.

ദി സ്റ്റോറി ഓഫ് മുസ്ലിം ഗേൾ എന്ന ടാഗോറിന്റെ ഒരു കഥയുണ്ട്. ബ്രാഹ്മണ സ്ത്രീയായ കമല ഇസ്ലാം ആശ്ലേഷിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ലൗ ജിഹാദ് സ്പർദ്ധയുടെ പശ്ചാത്തലത്തിൽ കഥയുടെ പ്രസക്തി വളരെ വലുതാണ്. ടാഗോർ കഥയിലൂടെ സമർത്ഥിക്കുന്നത് മതം ഒരു വ്യക്തിയുടെ ജന്മസിദ്ധമല്ല മറിച് ഗഹനമായ മനനങ്ങളിലൂടെ ആത്യന്തികമായി എത്തിച്ചേരുന്ന മൂല്യത്തെയാണ് അദ്ദേഹം മതം ആയി വിഭാവന ചെയ്യുന്നത്‌.
ഇതിൽ കമലയെ കൊള്ള സംഘത്തിൽ നിന്ന് രക്ഷിക്കുന്ന ഹബീർ ഖാനെന്ന സൂഫി പടയാളി ബങ്കിന് ചന്ദ്രയുടെ സകലമുസ്‌ലിം വാർപ്പുകളെയും മറികടക്കുന്നുണ്ട്. അതുപോലെ ടാഗോർ തന്റെ ജാതിയായ ബ്രാഹ്മണ സമുദായത്തിലെ അധീശവ്യവഹാരങ്ങളെയും വിമർശന വിധേയമാക്കുന്നുണ്ട്.
ഇതിൽ ഹബീർ ഖാനും കമലയും തമ്മിൽ സാമ്യമുള്ളത് പരിവർത്തനത്തിന്റെ ചരിത്രമാണ്. ആലംബഹീനരായ ഇരുവർക്കും അത്താണിയാകുന്നത് ഇസ്ലാമാണ്. കഥയുടെ പര്യവസാനത്തിൽ കമലയുടെ അമ്മാവന്റെ മകൾ സരളയും കൊള്ളകാരാൽ തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ട്. ഹബീറിന്റെ ചന്ദ്രകല മുദ്രണയുള്ള കൊടിയുമേന്തി രക്ഷിക്കാൻ വരുന്നത് മെഹർജാനെന്ന കമലയാണ്. ഭ്രഷ്ടയായ മെഹർജാൻ തന്റെ അമ്മാവനെ തീണ്ടാതെ ആ സമുദായത്തെ ആദരിക്കുന്നുണ്ട്. കമലയുടെ ഒരു സംഭാഷണശകലത്തിൽ തിരസ്കരണങ്ങളുടെ കുപ്പത്തൊട്ടിയിൽ നിന്നുള്ള മോചനമായാണ് ഹബീറിന്റെ വീട്ടിലെത്തിയ കമലയുടെ ജീവിതമെന്ന് ടാഗോർ എഴുതുന്നുണ്ട്.
മതത്തെ ഇന്ത്യൻ സാഹചര്യത്തിൽ ദേശീയവാദികളിൽ നിന്ന് വ്യതിരിക്തമായി ടാഗോർ മനസ്സിലാക്കുന്നുണ്ട്. ടാഗോറിനെ സംബന്ധിച്ച ആത്മീയമോചനവും മാനുഷിക മൂല്യമടങ്ങുന്ന സത്തയും ഉൾക്കൊള്ളലിലാണ് ആവാഹിക്കപ്പെട്ടിരിക്കുന്നത്.
സങ്കുചിതവും പക്ഷപാതിത്വപരവും അധീശത്വപരവും യാന്ത്രിക ആവശ്യങ്ങൾക്കായി നിർണിത ജനങ്ങളെ ഒരുമിപ്പിച്ച രാഷ്ട്രീയമായ സ്ഥാപനം മാത്രമാണ് അദ്ദേഹത്തിന് ദേശീയത. അതിനാൽ ദേശീയത നിർമിക്കുന്ന സമൂഹവും, നിയമവും അപരവിദ്വേഷം (Xenophobia) നിറഞ്ഞതും മാനുഷികവിരുദ്ധവും അധാർമികവുമാണ്. കൃത്രിമമായി നിർമിക്കപ്പെട്ട ദേശീയതയെക്കാൾ സ്വാഭാവികമായി രൂപീകരിക്കപ്പെട്ട മനുഷ്യസമൂഹത്തിനാണ് ലോകത്തിന് സംഭാവനയർപ്പിക്കാൻ സാധിക്കുകയുള്ളുവെന്നാണ് ടാഗോർ വിശ്വസിക്കുന്നത്.

ദേശീയതയുടെ ശക്തമായ വിമർശകനായ ടാഗോർ ഇന്ന് ഇന്ത്യയിൽ പ്രതിഷ്ഠിക്കപ്പെടുന്നത് ഇവിടുത്തെ സവർണ ലോബിയിലാണ് എന്നതാണ് ഇതിലെ വൈരുദ്ധ്യം. ടാഗോറിന്റെ ദേശീയതാ വിമർശനം പോലെതന്നെ അപഗ്രഥനവിധേയമാക്കേണ്ടതാണ് ഇഖ്‌ബാലിന്റെ രചനകളും. ദേശസ്നേഹം, ദേശാതിർത്തി, ദേശീയത എന്നിവയെ ഓരോന്നായി പഠനവിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ സവർണബോധത്തെ പ്രീണനപ്പെടുത്താൻ ഇന്ത്യൻ ബുദ്ധിജീവികൾ ഇഖ്‌ബാലിന്റെ വിമർശനങ്ങൾക്ക് അപാരസ്ഥാനമേ നൽകി പോന്നിട്ടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *