ലൈല ഖാലിദ് : ഒരു ഫലസ്തീൻ ഹൈജാകറുടെ ജീവിതം

 

“1948ൽ കുടുംബത്തോടൊപ്പം നാടുകടത്തപ്പെട്ട ഞാൻ ഒരിക്കൽ പോലും ഫലസ്തീനെ കണ്ടിട്ടില്ല. എന്നാൽ അന്നൊരിക്കൽ കണ്ടു. വിമാനം ഹൈജാക്ക് ചെയ്യുമ്പോഴായിരുന്നു അത്. ഞങ്ങൾ പലസ്തീനിന് മുകളിലൂടെ പറന്നതും എന്റെ നഗരം കണ്ടതും എന്റെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു.”

ലൈല ഖാലിദ്, ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ പെൺ കരുത്തായാണ് വിശേഷിക്കപ്പെടുന്നത്. ലോകത്തിലെ ആദ്യ പെൺ ഹൈജാക്കറും, സൈനിക ഷർട്ടും ഖഫിയയും ധരിച്ച ഒപ്പം AK-47 കൈവശം വെച്ച് ഫലസ്തീനിന്റെ വിമോചനത്തിന് വേണ്ടി സയണിസത്തോട് സന്ധിയില്ലാ പോരാട്ടം നടത്തിയ പോരാളിയുമാണ് ലൈല.

 

ഒന്നാം നക്ബയിൽ വീടും നാടും നഷ്ട്ടപ്പെട്ട് കുടുംബവുമൊത്ത് ലെബനാനിലേക്ക് കുടിയേറിയ ലൈലക്ക് ഫലസ്തീൻ എന്നും തീരാ നോവായിരുന്നു.ഫലസ്തീന്റെ വേദനിക്കുന്ന ഓർമ്മകൾ സയണിസത്തോടുള്ള അടങ്ങാത്ത വെറുപ്പായും ഫലസ്തീനിന്റെ സ്വാതന്ത്ര്യം അടങ്ങാത്ത അഭിലാഷമായും പരിണമിച്ചു.സങ്കടങ്ങൾ നിറഞ്ഞ സമയമായിരുന്നു അത്.

ഫലസ്തീൻ ഒരു നഷ്ടസ്വപ്നം പോലെ തന്നെ വേട്ടയാടിയിരുന്നതായി ആ കാലഘട്ടത്തെ കുറിച്ച് ലൈല തന്നെ പറയുന്നുണ്ട്. ഫലസ്തീനിന്റെ വിമോചനം സ്വപ്നം കണ്ട് ഇറങ്ങിപ്പുറപ്പെട്ട ലൈല ചെന്നെത്തിയത് ജോർജ് ഹബ്ബാഷിന്റെ ഇടതുപക്ഷ സംഘടനയായ ഹറക്കത് അൽ കൗമിയ്യീനി (Arab nationalist movement) ലേക്കായിരുന്നു. തുടർന്ന് ഇതേ പാർട്ടിയിൽ നിന്ന് രൂപംകൊണ്ട Popular Front For The Liberation Of Palestine (PFLP) നേതൃത്വത്തിലേക്കും ലൈല ഖാലിദ് ഉയർന്നുവന്നു.

 

1969 ലാണ് ലൈല ഖാലിദിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്. ഫലസ്തീൻ ജനതയെ 20 വർഷം മുമ്പ് അവർക്ക് നഷ്ടപ്പെട്ട ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി,ഫലസ്തീൻ വിമോചന പോരാട്ടത്തെ ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ട്രാൻസ്ഫോർഡ് എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്യുന്നത്. യാതൊരു തരത്തിലും യാത്രക്കാരെയോ മറ്റുള്ളവരെയോ പ്രയാസപ്പെടുത്താതെ അക്രമണങ്ങളില്ലാതെയായിരുന്നു ആ ഹൈജാക്കിങ്. ലൈല ഖാലിദ് ഇതിനെ കുറിച്ച് പറയുന്നുണ്ട് “ഞാൻ യാത്രക്കാരോട് ക്ഷമാപണം നടത്തി, അവർ ഭയപ്പെട്ടെങ്കിൽ ക്ഷമിക്കണമെന്നും അവർ സുരക്ഷിതരാണെന്നും ഞാൻ അവരോട് പറഞ്ഞു. ഞങ്ങൾ ആരെയും വേദനിപ്പിച്ചില്ല.

യാത്രക്കാരെ എല്ലാവരെയും മോചിപ്പിച്ച് അവർ അവരുടെ വീടുകളിലേക്ക് തിരിച്ചുപോയി – പക്ഷേ ഞങ്ങൾക്ക് മടങ്ങാൻ വീടുകളില്ലല്ലോ,

ഞങ്ങൾ ഇപ്പോഴും അഭയാർത്ഥികളാണ്.” തുടർന്ന് എല്ലാ യാത്രക്കാരെയും ഇറക്കി വിമാനത്തിന്റെ മുൻഭാഗത്ത് സ്ഫോടന വസ്തു ഉപയോഗിച്ച് വിമാനം തകർക്കുന്നുണ്ട്. മൗനം അവലംബിക്കുന്ന ലോകരാജ്യങ്ങൾക്കുള്ള ഫലസ്തീന്റെ ശബ്ദമായിരുന്നു അത്.ആരാണ് ഫലസ്തീനികൾ എന്ന ചോദ്യം ലോകത്തോട് ചോദിക്കുകയായിരുന്നു ലൈല ഖാലിദ്.

 

സൈനിക വേഷവുമണിഞ്ഞ് ഖഫിയ ധരിച്ച് ഗ്രനേഡിന്റെ പിൻലോക്ക് മോതിരം ചാർത്തി ചിരിച്ച് AK47 തോക്കുമേന്തി നിൽക്കുന്ന ലോകത്തിലെ ആദ്യ വനിതാ ഹൈജാക്കറുടെ ചിത്രങ്ങൾ ലോകശ്രദ്ധയാകർഷിച്ചു. ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ മുഖമായും സ്ത്രീ വിപ്ലവത്തിന്റെ പ്രതീകമായും കൊട്ടിഘോഷിക്കപ്പെട്ടു. ചുമരിലും മതിലുകളിലും ‘Save Palestine’ ന്റെ കൂടെ ലൈല ഖാലിദിന്റെ മുഖവും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ലോകം ഈ വിമോചന പോരാട്ടത്തെ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഈ താരപരിവേഷം തന്റെ പോരാട്ട മാർഗത്തിലെ മുന്നോട്ട്പോക്കിന് തടയിടും എന്നും ഇസ്രയേലിൻ്റെ ടാർജററായി താൻ മാറുന്നുണ്ട് എന്നും മനസിലാക്കിയ ലൈല ഖാലിദ് 6 തവണ പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖം മാറ്റിയെടുത്തു.

രണ്ടാം ഹൈജാക്കിങ്, ഒരു വർഷത്തിന് ശേഷമായിരുന്നു.1970ൽ ലൈല ഖാലിദിന്റെ ആസൂത്രണത്തിൽ ഇസ്രായേൽ വിമാനമായ EL-AL219നെ ഹൈജാക്ക് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വലിയ മുന്നൊരുക്കത്തോടെ, യാതൊരു വിധ തെറ്റുകളും കൂടാതെ ഫലസ്തീൻ തടവുപുള്ളികളെ വിട്ടുകിട്ടണം എന്ന ലക്ഷ്യവുമായി അവർ മുന്നോട്ടുപോയി. ലൈല ഖാലിദും PFLPയിലെ നേതാവായ പാട്രിക്കും ഈ വിമാനത്തിൽ കയറിപ്പറ്റി. എന്നാൽ അവർക്ക് ലക്ഷ്യം പൂർത്തിയാക്കാനായില്ല. പാട്രിക്ക് കൊല്ലപ്പെടുകയും ലൈല ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ആ ഓപ്പറേഷൻ പരാജയമായിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പലയിടങ്ങളിലും PFLP വിമാനം റാഞ്ചിയിരുന്നു. തുടർന്ന് ബന്ധികളെ വിട്ടയക്കണമെങ്കിൽ ലൈല ഖാലിദിനെയും ഫലസ്തീൻ പോരാളികളെയും വിട്ടയക്കണമെന്ന് PFLP ആവശ്യപ്പെട്ടു. ആദ്യം അംഗീകരിക്കാതിരുന്ന അമേരിക്കക്ക് ബ്രിട്ടന്റെ മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ അംഗീകരിക്കേണ്ടിവന്നു. തുടർന്ന് ഹൈജാക്കിങ്ങുമായി PFLP മുന്നോട്ടുപോയില്ല.

 

ഫലസ്തീൻ സമരഭൂമിയിൽ നിറ സാന്നിധ്യമായിരുന്ന ലൈല ഖാലിദ് ഫലസ്തീനി അഭയാർത്ഥി കാമ്പുകളിലെ സ്ഥിര സന്ദർശക കൂടിയായിരുന്നു.സായുധ പോരാട്ടങ്ങളുടെ ആവശ്യകതയെ കുറിച്ച് ചോദിച്ചപ്പോൾ “ഞങ്ങൾക്ക് മറ്റൊരു വഴിയില്ല, തിരഞ്ഞെടുക്കാൻ ആഢംബരവുമില്ല. വെറും പ്രകടനങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ഈ അനീതിയെ നേരിടാനാവില്ല. സ്വാതന്ത്ര്യത്തിന് ത്യാഗങ്ങൾ ആവശ്യമാണ്. അപകടത്തിൽപ്പെട്ടവരുടെ കാര്യത്തിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. എന്നാൽ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അതിർത്തി വളരെ ഇടുങ്ങിയതാണ്” എന്നായിരുന്നു മറുപടി.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിലെ സാമ്രാജ്യത്വ വിരുദ്ധ സ്ത്രീപോരാളികളില്‍ ഏറ്റവും ആവേശവും സ്വാധീനവും ചെലുത്തുന്ന ഒരാളായി ലൈലാ ഖാലിദ് തുടരുന്നു. പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്റെ (PFLP) സെന്‍ട്രല്‍ കമ്മിറ്റി അംഗമായും പലസ്തീന്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധിയായും പലസ്തീനിയന്‍ പോരാട്ടങ്ങളുടെ നേതൃസ്ഥാനത്ത് അടിയറവ് വെക്കാത്ത പോരാട്ട വീര്യത്തോടെ ലൈല ഖാലിദ് ഇന്നുമുണ്ട്. പടിഞ്ഞാറിന്റെ സ്റ്റീരിയോടൈപ്പുകളിൽ ഫലസ്തീൻ സ്ത്രീ എന്നാൽ ഗ്രനേഡുമായി നടക്കുന്ന ലൈല ഖാലിദോ അതല്ലെങ്കിൽ വിപ്ലവത്തിനായി മക്കളെ വളർത്തുന്ന അഭയാർത്ഥികളോ ആണ്” എന്ന അമേരിക്കൻ ഫെമിനിസ്റ്റ് എഴുത്തുകാരിയായ റോബിൻ മോർഗൻ പ്രസ്താവിച്ചതുപോലെ പാശ്ചാത്യ എഴുത്തുകളിൽ ലൈല ഖാലിദ് എന്ന നാമം ഉയർന്നു വന്നിട്ടുണ്ടെങ്കിൽ സയണിസം എത്രത്തോളം അവരെ ഭയപ്പെട്ടു എന്നത് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *