എഴുത്തുകാരനും ‘മാധ്യമ’ത്തില്‍ കണ്ടന്റ് എഡിറ്ററുമായ റമീസുദ്ദീന്‍ വിഎം എഡിറ്റ് ചെയ്ത് ഐപിഎച്ച് പ്രസിദ്ധീകരിച്ച പുതിയ പുസ്തകമാണ് ‘ഏക സിവില്‍കോഡ് രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍’. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് എഡിറ്റര്‍ ‘ദി പിന്‍ ‘ നോട് സംസാരിക്കുന്നു.
പുസ്തകത്തിന്റെ പശ്ചാത്തലം ?
ഏകസിവില്‍ കോഡ് വിവാദത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മാണസമിതി മുതല്‍ ഉള്ള ചരിത്രമുണ്ടാകും. 1985ലെ ഷാബാനു കേസോടെയായിരിക്കും ഒരുപക്ഷെ പൊതുമണ്ഡലത്തില്‍ ഏകീകൃതസിവില്‍ കോഡ് ചര്‍ച്ച സജീവമായിട്ടുണ്ടാവുക. പിന്നീട് നിശ്ചിത ഇടവേളകളിലെല്ലാം വിഷയം വ്യത്യസ്ത മണ്ഡലങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പലപ്പോഴും ജുഡീഷ്യറിയുടെ ഇടപെടലുകളും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതികള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുന്ന സന്ദര്‍ഭങ്ങളുമെല്ലാം ഈ വിഷയത്തെ സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ വിവാദത്തിന്റെ തുടക്കം മുതല്‍ ഏകീകൃത സിവില്‍ കോഡിന് എതിരായ നിലപാട് പ്രകടിപ്പിച്ചു പോന്നിട്ടുമുണ്ട്. നിലവിലെ പുതിയ വിവാദം ഒമ്പതു വര്‍ഷം പിന്നിട്ട നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴിലുള്ള 22ആം നിയമകമീഷന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കലുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതാണ്. പ്രധാനമന്ത്രി ഇത് നടപ്പാക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു. വിഷയത്തില്‍ പലപ്പോഴായി പല മാനങ്ങളിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പുസ്തകങ്ങള്‍ പലതും പുറത്തിറങ്ങിയിട്ടുമുണ്ട്. ഏകസിവില്‍ കോഡ് രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ എന്ന പതിന്നാല് ലേഖനങ്ങളടങ്ങുന്ന ഈ പുസ്തകം പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിഷയത്തെ അവലോകനം ചെയ്യുന്ന ഒന്നാണ്.
വിഷയത്തിന്റെ സമകാലിക രാഷ്ട്രീയ പ്രസക്തി ?
ബിജെപിയുടെ ഹിന്ദുത്വ ദേശീയവാദ ധ്രുവീകരണ രാഷ്ട്രീയം അതിന്റെ പല ഘട്ടങ്ങള്‍ പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം ഒരു പുസ്തകത്തിന്റെ പ്രസക്തി വലുതാണെന്ന് കരുതുന്നു. കാരണം പുസ്തകത്തില്‍ ലേഖനം എഴുതിയിരിക്കുന്ന കപില്‍ സിബല്‍, ആകാര്‍ പട്ടേല്‍ എന്നിവരടക്കമുള്ള ബിജെപി വിരുദ്ധ ചേരിയിലെ ശബ്ദങ്ങള്‍ ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്ന ധ്രുവീകരണ അജണ്ടയെ വ്യക്തമായി തുറന്നു കാണിക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ കൂടുതല്‍ സമ്പന്നമാക്കാനും വരുന്ന തെരഞ്ഞെടുപ്പില്‍ ഈ വിഷയം ഉപയോഗപ്പെടുത്താന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും പൊതുജനത്തിന് സാധിക്കുന്നതിലേക്ക് ഈ പുസ്തകത്തിനും ഒരു പങ്കുവഹിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയാണ്.
വൈവിധ്യമാര്‍ന്ന തലങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?
തീര്‍ച്ചയായും. ഓരോ ലേഖനവും വിഷയത്തിന്റെ വ്യത്യസ്ത തലങ്ങളിലാണ് തൊടുന്നത്. ആ ഓരോ മാനങ്ങളിലും വിഷയവുമായി ബന്ധപ്പെട്ട പുതിയ ഒരു ആശയമെങ്കിലും സംഭാവന ചെയ്യാന്‍ ഓരോ ലേഖകനും/ലേഖികക്കും കഴിഞ്ഞിട്ടുമുണ്ട്. ഒട്ടുമിക്ക ലേഖനങ്ങളും വിവിധ പ്രസിദ്ധീകരണങ്ങളില്‍ പബ്ലിഷ് ചെയ്യപ്പെട്ടവയുമാണ്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ബിജെപി ഏകീകൃത സിവില്‍ കോഡ് വിവാദത്തിലൂടെ എങ്ങനെയാണ് നേട്ടമുണ്ടാക്കുന്നതെന്ന വിലയിരുത്തലാണ് വിവിധ എഴുത്തുകാര്‍ പങ്കുവെക്കുന്നത്. മുസ്ലിം പെഴ്ണല്‍ ലോ ബോര്‍ഡ് അംഗം എസ് ക്യൂ ആര്‍ ഇല്യാസുമായി നടത്തുന്ന അഭിമുഖം വിഷയത്തിന്റെ സമഗ്രമായ ചിത്രം നല്‍കുന്നു. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് തെറ്റായ ആശയമാണെന്ന് ഭരണഘടനയുടെയും ഇന്ത്യയുടെ നിയമ ചരിത്രത്തിന്റെയും വെളിച്ചത്തില്‍ സമര്‍ഥിക്കുകയാണ് പി ബി ജിജീഷിന്റെ ലേഖനം. സുപ്രീം കോടതി അഭിഭാഷക നബീല്‍ ജമീല്‍ ഏക സിവില്‍ കോഡിലൂടെ മുസ്ലിം സ്ത്രീ സംരക്ഷണമെന്ന വ്യാജ ആശയത്തെ തന്റെ ലേഖനത്തിലൂടെ തുറന്നു കാട്ടുകയാണ്. ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ തദ്വിവഷയകമായി നടന്ന ചര്‍ച്ചകളെ കെ അഷ്റഫ് അവലോകനം ചെയ്ത് എഴുതുമ്പോള്‍ ഡോ. അംബേദ്കര്‍ ഇന്ത്യയിലെ സിവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ നിരീക്ഷണങ്ങളും ഏകീകൃത സിവില്‍ കോഡിനെ അദ്ദേഹം വിഭാവനം ചെയ്ത വിധവും വിശദമാക്കുകയാണ് കെ സന്തോഷ് കുമാര്‍ ചെയ്യുന്നത്. ഇസ്ലാമിക ശരീഅത്തിലെ നീതിയും ബ്രിട്ടീഷ് നിര്‍മിത വ്യക്തി നിയമത്തിലെ അനീതിയും ചര്‍ച്ച ചെയ്യുന്ന ലേഖനമാണ് ഒ അബ്ദുറഹ്‌മാന്റേത്. ഇന്ത്യയുടെ നിലവിലെ സാമൂഹികവും രാഷ്ട്രീയവുമായ പരിസരത്തില്‍ ഏകീകൃത സിവില്‍ കോഡ് സൃഷ്ടിക്കാന്‍ സാധ്യതയുള്ള അനുരണനങ്ങളെക്കുറിച്ചാണ് ഡോ. രാജേഷ് കോമത്ത് എഴുതുന്നത്. ഏകീകൃത സിവില്‍ കോഡ് സംബന്ധമായ ചര്‍ച്ചകള്‍ മുസ്ലിം അല്ലെങ്കില്‍ മുസ്ലിം സ്ത്രീ കേന്ദ്രീകൃതം മാത്രമാവുന്നതിലെ ശരികേടുകളാണ് ഫൗസിയ ഷംസിന്റെ ലേഖനം പങ്കുവെക്കുന്നത്. ഗോത്ര വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനയുടെ സംരക്ഷണ വ്യവസ്ഥകള്‍ക്കു മേല്‍ ഏകീകൃത സിവില്‍ നിയമം കോടാലിയാകുന്നതെങ്ങനെയെന്നാണ് വിര്‍ജീനിയസ് സാസ വിശദമാക്കുന്നത്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് വിവിധ ചേരികളില്‍ നിന്നുയരുന്ന അഭിപ്രായങ്ങളെ വിശകലനം ചെയ്യുന്ന ടികെഎം ഇഖ്ബാല്‍ വിഷയത്തില്‍ കേരളത്തിലെ യുക്തിവാദികളടക്കമുള്ള പുരോഗമനപക്ഷമെന്ന് അവകാശപ്പെടുന്നവരുടെ നയനിലപാടുകളെ പരിശോധനയ്ക്കു വിധേയമാക്കുന്നു. സിവില്‍ കോഡ് ചര്‍ച്ചയില്‍ ഫെമിനിസ്റ്റ് നിലപാടുകളും അവയുടെ പരിവര്‍ത്തനങ്ങളുമാണ് സാന്ദ്ര എലിസബത്ത് ജോസഫ് എഴുതുന്നത്.
പുസ്തകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താമായിരുന്നത് എന്നു കരുതുന്ന ഭാഗമുണ്ടോ?
കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളുടെ ഒരു ചരിത്രവും വര്‍ത്തമാനവും, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി -ശരീഅത്ത് വിവാദം ഉയര്‍ത്തിയ പാര്‍ട്ടിയെന്ന നിലയ്ക്ക്- വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളും അവയില്‍ ഇപ്പോള്‍ വന്ന മാറ്റങ്ങളുമെല്ലാം ആഴത്തില്‍ അവലോകനം ചെയ്യണം എന്നു തോന്നുന്നു. അത് പുസ്തകത്തിന് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗതിയനുസരിച്ച് സിപിഎം ഒരു ന്യൂനപക്ഷ സംരക്ഷക പാര്‍ട്ടിയായി ചമയുന്ന കാഴ്ച്ച വളരെ വ്യക്തമായി കാണാന്‍ കഴിഞ്ഞ ഒരു വിഷയം കൂടിയായിരുന്നു ഇത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ വിഷയത്തെ ചുറ്റിപറ്റി നടന്ന സംസ്ഥാനത്തെ വിവാദങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയബലഹീനതയെയും കാപട്യത്തെയും വിളിച്ചോതുന്നതായിരുന്നു. ആ വിഷയത്തെ ആഴത്തില്‍ അവലോകനം ചെയ്യേണ്ടതുണ്ട്. ഏകീകൃത സിവില്‍ കോഡിന് ഒരു ഡ്രാഫ്റ്റ് പോലും അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് 9 വര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. അത്തരമൊരു അവസ്ഥയില്‍ ഏകീകൃത സിവില്‍ കോഡിനെതിരായി കേരളം പ്രമേയം പാസാക്കുന്നതും പാര്‍ട്ടി സെമിനാര്‍ നടത്തുന്നതുമെല്ലാം ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് സമാനമായി സിപിഎം പതിപ്പായി മാത്രമേ വീക്ഷിക്കാനാകൂ.