ഗ്രന്ഥകാരനും മൈനോറിറ്റി റൈറ്റ്സ് വാച്ച് ജനറൽ സെക്രട്ടറിയുമായ എ.എം. നദ് വി അദ്ദേഹത്തിന്റെ ‘തിരൂരങ്ങാടി : മലബാർ വിപ്ലവ തലസ്ഥാനം’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു :
തിരൂരങ്ങാടി : വിപ്ലവ തലസ്ഥാനം എന്ന പുസ്തകം എഴുതാനുള്ള പശ്ചാത്തലം ?
ചരിത്രത്തോട് ചെറുപ്പം മുതലേ വലിയ താല്പര്യമാണ്. ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതും ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും പതിവാണ്. മലബാർ ചരിത്രവുമായി ബന്ധപ്പെട്ട് വിദ്യാർഥി കാലത്ത് തന്നെ ധാരാളം പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട് മലബാർ പ്രദേശങ്ങളിൽ ധാരാളം യാത്രകൾ ചെയ്യുകയും സൗഹൃദങ്ങൾ സ്ഥാപിക്കുകയും ചെയ്തത് മലബാർ ചരിത്രത്തോടുള്ള ആഭിമുഖ്യം വർധിപ്പിച്ചു. അടുത്ത സുഹൃത്തുക്കളിൽ പലരുടെയും കുടുംബത്തിന് സമര പാരമ്പര്യത്തിലുള്ള ബന്ധം കൂടുതൽ വിവരങ്ങൾ അറിയാനും അന്വേഷിക്കാനും ഇടയാക്കി. ഇസ്‌ലാമിക വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് മലബാർ സമരത്തിന്റെ 75-ാം വാർഷികാഘോഷം സംഘടിപ്പിക്കപ്പെട്ടത്. വ്യത്യസ്ത ആഖ്യാനങ്ങൾ ഉൾപ്പെടുന്ന നാല്പതോളം പുസ്തകങ്ങൾ അക്കാലത്ത് തന്നെ ഞാൻ ശേഖരിച്ചിരുന്നു. കൊളോണിയൽ രേഖകൾ, ദേശീയ വാദപരം, മാർക്സിയൻ വ്യാഖ്യാനം, ഹിന്ദുത്വ വർഗീയപരം തുടങ്ങി മലബാർ സമരത്തെ പല വീക്ഷണങ്ങളിൽ അവതരിപ്പിക്കുന്ന രചനകൾ. പക്ഷെ ഇവയൊക്കെ പക്ഷപാതപരമോ, ഭാഗികമോ ആയിരുന്നു. ഈ സമരത്തിൽ ജീവിതവും ജീവനും ഹോമിച്ച മാപ്പിള പക്ഷ ചരിത്രത്തിന്റെ അഭാവമാണ് അന്ന് മുതൽ എന്നെ അലട്ടിയ പ്രശ്നം. മലബാർ വിപ്ലവത്തിന്റെ ശതാബ്ദി വർഷം അതിന് ധീരമായി മറുപടി നൽകി. പുതു തലമുറ ചരിത്ര വിദ്യാർഥികളും ഗവേഷകരും ആർജവത്തോടെ രംഗത്ത് വന്നു. പുതിയ ഗവേഷണങ്ങൾ, പുസ്തകങ്ങൾ, ചരിത്രരേഖകളും വിവരങ്ങളുമെല്ലാം പുറത്ത് വന്നു. സൂക്ഷ്മ തല പഠനങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളെപ്പറ്റി ദേശചരിത്രങ്ങളുണ്ടായി. അപ്പോഴാണ് സമരത്തിന്റെ അമരക്കാരും ആത്മീയ നേതാക്കളും കേന്ദ്രീകരിച്ചിരുന്ന വിപ്ലവ ആസ്ഥാനമായ തിരൂരങ്ങാടിയുടെ മാത്രമായി ഒരു പുസ്തകത്തിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു. പക്ഷേ ആരെങ്കിലും അത് ചെയ്യും എന്ന പ്രതീക്ഷയിലായിരുന്നു. അക്കാലയളവിൽ തന്നെ തിരൂരങ്ങാടി പ്രദേശത്തെ സ്മാരകങ്ങളും, സ്ഥലങ്ങളും, വ്യക്തികളെയും സന്ദർശിച്ചു പലപ്പോഴായി സോഷ്യൽ മീഡിയയിൽ എഴുതാറുണ്ടായിരുന്നു. പ്രിയ സഹോദരൻ മാലിക്ക് മഖ്ബൂൽ അവ പിന്തുടർന്നു പുസ്തക രൂപത്തിലാക്കാൻ ചെലുത്തിയ സ്നേഹ സമ്മർദമാണ് ഈ പുസ്തകത്തിന്റെ പിറവിക്ക് പിന്നിലെ കഥ. അദ്ദേഹം തന്നെ പ്രസാധനവും ഏറ്റെടുത്തതോടെ തിരൂരങ്ങാടി : മലബാർ വിപ്ലവ തലസ്ഥാനം എന്ന പുസ്തകം യാഥാർഥ്യമായി.
പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച്?
ഒമ്പത് അധ്യായങ്ങളാണ് പുസ്തകത്തിൽ. തിരൂരങ്ങാടിയുടെ പ്രാദേശിക ചരിത്രവും വിപ്ലവ പാരമ്പര്യവുമാണ് ആദ്യത്തെ രണ്ട് അധ്യായങ്ങൾ. സമര നായകരായ മമ്പുറം തങ്ങന്മാരുടെയും തുടർന്ന് ആലി മുസ്‌ലിയാരുടെയും ജനകീയ വിപ്ലവ ചിന്തകളെ സ്വാധീനിച്ച ആശയ പരിസരവും ആത്മീയ പശ്ചാത്തലവുമാണ് തുടർന്ന്. തിരൂരങ്ങാടി കേന്ദ്രീകരിച്ച് നടന്ന പോരാട്ടങ്ങളുടെ വിവരണമാണ് പിന്നെയുള്ള അധ്യായങ്ങൾ. 1921 ലെ ഖിലാഫത്ത് സമരവും ആലി മുസ് ലിയാരുടെ സ്വാധീനവും വിശദീകരിക്കുന്നതാണ് ഒടുവിലെ അധ്യായങ്ങളിൽ. അദ്ദേഹത്തിന്റെ അറസ്റ്റും, ജയിൽവാസവും , വീരമരണവുമെല്ലാം പറയുമ്പോൾ പുതിയ രേഖകളും, വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കീഴാള മോചനത്തിനും നവോത്ഥാന ചിന്തകൾക്കും മലബാർ സമരം നല്കിയ പ്രചോദനവും സംഭാവനയുമാണ് ഉപസംഹാരം.
തിരൂരങ്ങാടി ചരിത്രാന്വേഷണത്തിലും വായനയിലും താങ്കളെ ആകർഷിച്ച പ്രധാന സംഗതികൾ ?
തിരൂരങ്ങാടിയുടെ ചരിത്ര പാരമ്പര്യം വളരെ സമ്പന്നമാണ്. യമനിൽ നിന്ന് ഇസ്‌ലാമിക പ്രബോധകരായി വന്ന ഹദ്റമി തങ്ങന്മാരുടെ പാരമ്പര്യം ,ടിപ്പു സുൽത്താന്റെ ഭരണകാലത്ത് സൈനിക കേന്ദ്രമായി നിലകൊണ്ട പശ്ചാത്തലം , ഇബ്നു ബത്തൂത്ത പോലുള്ള സഞ്ചാരികളുടെ സന്ദർശനം തുടങ്ങി ഓരോ മണൽത്തരിക്കും ഒരായിരം കഥകൾ പറയാനുള്ള കരുത്ത് ഈ മണ്ണിലുണ്ട്. 1921 സമരാനന്തര അതിജീവന ചരിത്രത്തിൽ മറ്റു പ്രദേശങ്ങളെക്കാൾ അതിശയകരമായ ഉയിർത്തെഴുന്നേൽപ്പാണ് തിരൂരങ്ങാടിയുടേത്. സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച പ്രവാസത്തിന്റെ വേരുകൾ നാടുവിട്ട് പോവാൻ നിർബന്ധിതമാക്കിയ ബ്രിട്ടീഷ് വേട്ടയുടെ തുടർച്ചയാണ്. സ്ത്രീകളുടെ അതിജീവനം, അച്ചടിയുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിന്റെയും കേന്ദ്രമായി വളർച്ച തുടങ്ങി സവിശേഷമായ പഠനങ്ങൾക്ക് വേണ്ട ധാരാളം വിഭവങ്ങൾ ഇവിടെ ഇനിയും ബാക്കിയാണ്.
ചരിത്ര സംബന്ധമായ രചനാ രംഗത്ത് ഭാവി പദ്ധതികൾ വല്ലതും ?
ഞാൻ ചരിത്രകാരനല്ല. ചരിത്ര തല്പരനാണ്. യാത്രകളും അന്വേഷണങ്ങളും തുടരുന്നു. സമര പോരാട്ടങ്ങൾ താരതമ്യേന കുറവായ വൈദേശികാധിപത്യ ശക്തികളെ പിണക്കാതെ ഭരണം നടത്തിയ തിരുവിതാംകൂറിൽ ജനിച്ചു വളർന്ന എനിക്ക് മലബാർ – തിരുവിതാംകൂർ ബന്ധങ്ങളെക്കുറിച്ച കൗതുകമുണ്ടാക്കുന്ന പല വിവരങ്ങളും കണ്ടെത്താനായിട്ടുണ്ട്. ഭാഷാപരമായി ഏകീകരിക്കപ്പെട്ടുവെങ്കിലും സാംസ്കാരികമായി രണ്ടു ധ്രുവങ്ങളിൽ നിലക്കുന്ന തിരുവിതാംകൂർ – മലബാർ മുസ്‌ലിം ബന്ധങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ്. വിസ്മയിപ്പിക്കുന്ന പല വിവരങ്ങളും ലഭ്യമായിട്ടുണ്ട്. ബന്ധപ്പെട്ട ചില വർക്കുകളിലാണിപ്പോൾ. ഏറെ വൈകാതെ വായനാക്ഷമമാവുമെന്നാണ് പ്രതീക്ഷ.
പ്രസാധനം: ഡെസ്റ്റിനി ബുക്സ് കോഴിക്കോട്
പേജ് :120 വില ₹180
വിതരണം എൽക്യൂബ് ബുക്സ് (7012200660)