പ്രമുഖ ഫോക്‌ലോർ വിദഗ്ദൻ നാസർ കാപ്പാട്, അദ്ദേഹത്തിന്റെ ‘ കോൽക്കളി ചരിത്രവും ശൈലീഭേദങ്ങളും ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ’നോടു സംസാരിക്കുന്നു :
എഴുതാനുള്ള പശ്ചാത്തലം?
കേരളീയരുടെ ഗ്രാമീണ വിനോദ കലകളിൽ ഏറ്റവും മുൻപന്തിയിലാണ് കോൽക്കളി . ഇതര നാടൻ കലകളെ അപേക്ഷിച്ച് കുറേക്കൂടി കായിക അദ്ധ്വാനമുള്ള ഒരു സംഘ കലാ രൂപമാണിത്. ഈ നാടൻ കലാവിഷ്കാരത്തിന് ഒരു പക്ഷേ മുമ്പൊന്നുമില്ലാത്ത വിധം ഇപ്പോൾ ജനസ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് കേരളാ സ്കൂൾ കലോൽസവ മത്സരങ്ങളിലൂടെ മാപ്പിള കോൽക്കളിക്ക് ലഭിച്ചിട്ടുള്ള അംഗീകാരം വളരെ വലുതാണ്. അതുംകൂടി പരിഗണിച്ചു കൊണ്ടാണ് കോൽക്കളിയെ അടിസ്ഥാനമാക്കി ഇത്രയും വിപുലമായ രീതിയിൽ ഒരു പുസ്തക രചനക്ക് തുനിഞ്ഞത്.
കൃതിയുടെ ഉള്ളടക്കം ?
ആദിമ മനുഷ്യഗോത്രം ആനന്ദിക്കാനും ആക്രമിക്കാനും ചെറുത്തു നിൽക്കാനും വിവിധതരം കമ്പുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം. അങ്ങനെയാണെങ്കിൽ ആദിമ മനുഷ്യരുടെ ആദ്യത്തെ വിനോദ ഉപകരണ കൂടിയായി കമ്പുകളെ പരിഗണിക്കേ ണ്ടിവരും എന്ന കൽപ്പിതമായ ഒരു സന്ദേശം നൽകി കൊണ്ടാണ് കോൽക്കളിയുടെ ചരിത്രധാരയിലേക്ക് പ്രവേശിക്കുന്നത്. മനുഷ്യടെ പൂർവദിശയിൽ എപ്പോഴോ സംഘടിത കായിക കലാരൂപമായി മാറിയ കോൽക്കളിയുടെ പ്രാരംഭ കാല ചരിത്ര വിശകലനവും കൂടാതെ കോൽക്കളിയുടെ ഘടനാശാസ്ത്രവും ഇതിലൂടെ വിശദമായി വരച്ചുകാട്ടുന്നുണ്ട്.
കൃത്യതയാർന്ന ചുവടുകളും അതിനോട് ഇണങ്ങുന്ന ശാരീരിക ചലനവും സർവ്വോപരി ഇരു കൈകളിലൂടെ ക്രമാനു സൃതം പിണച്ചെടുക്കുന്ന കോലടി ശബ്ദത്തിനൊത്ത താള വിളംബിതങ്ങളും സംഗീതാലാപനത്തോടും കൂടിയുള്ള ഈ കലാ രൂപത്തെ ഒരു സമ്പൂർണ്ണ വിനോദ ഉപാധിയായി പരിഗണിച്ചിരുന്ന ആദിമ മനുഷ്യ ഗോത്രത്തെയും ചരിത്ര ചരിത്രപരമായി കൊണ്ടുതന്നെ ഇതിലൂടെ കണ്ടെടുക്കാൻ ആകും. ഇന്ത്യയിലെ 26 ഓളം സംസ്ഥാനങ്ങളിലും അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്,ഇന്ത്യനേഷ്യ പോലെയുള്ള വിദേശരാജ്യങ്ങളിലും കമ്പുകളി സാർവത്രികമാണ്. ദേശഭാഷാ വൈവിധ്യങ്ങളിൽ അധിഷ്ഠിതമായി കോൽക്കളി ഇങ്ങനെ ലോകത്തിൻറെ പല ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്.
കോൽക്കളിയിലെയും വൈവിധ്യങ്ങളെ ആകർഷണീയമാക്കുന്ന ഒന്നാണ് മലബാർ മേഖലയിലുള്ള താള കോൽക്കളി. വടക്കേ മലബാറിലെ കടലോരവാസികളായ മുക്കുവന്മാരാണ് ഇതിൻറെ ഉപജ്ഞാതാക്കൾ. ഇവരിൽ ഏറ്റവും പ്രഗൽഭനായ പൈതൽ മരക്കാരാണ് താള കോൽക്കളിയെ മാപ്പിളമാർക്ക് പകർന്നു നൽകിയത്. കണ്ണൂർ സ്വദേശിയായിരുന്ന ഇദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശത്തിൽ കൊയിലാണ്ടി ദേശത്തുള്ള സ്ത്രീയെ വിവാഹം കഴിച്ചു. തുടർന്ന് ഭാര്യവീട്ടിൽ താമസമാക്കി തുടർന്നാണ് അദ്ദേഹം ഈ പ്രദേശത്തുള്ള മുസ്ലീങ്ങൾക്ക് കോൽക്കളി പകർന്നു നൽകിയത്. മലബാറിലെ മുക്കുവന്മാർ ചതുരശ്ര താളത്തിൽ ക്രമീകരിച്ചിട്ടുള്ള താള കോൽക്കളിയാണ് പിൽക്കാലത്ത് മാപ്പിള കോൽക്കളി എന്ന നിലയിൽ അറിയപ്പെട്ടത്. കാലാന്തരത്തിൽ ഈ കലാഘടനയിൽ ആകമാനം പ്രകടമായിവന്ന ദൃശ്യവൈവിധ്യങ്ങൾ ഈ പുസ്തകത്തിൻറെ ഉള്ളടക്കങ്ങളിൽ മുഖ്യ വിഷയമാണ്.
കലകളുടെ മേലുള്ള അധിനിവേശം?
കോൽക്കളിയെ മാപ്പിള കലാ ഇനമായാണ് നമ്മൾ സാധാരണ പരിചയപ്പെടു ത്താറുള്ളത്. മാത്രമല്ല മലപ്പുറക്കാർക്ക് ഇതിനു മേലുള്ള പ്രാമാണികത്വവും നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതാണ്. എന്നാൽ ഇതിൻറെ പിന്നാമ്പുറ ചരിത്രം ഇതിൽ നിന്നൊക്കെ ഏറേ വ്യത്യസ്തമാണ്. പുരാതന സൈന്ദവ സംസ്കാരത്തിൽ നിന്നും ഉടലെടുത്ത കോൽക്കളി എന്ന വിനോദസമ്പ്രദായം ഏകദേശം ഒരു നൂറ്റാണ്ടിനിടയിലാണ് സാർവത്രികമായി മാപ്പിളമാർക്കിടയിൽ പ്രചാരം ലഭിച്ചിട്ടുള്ളത്. അതുവരെ ഈ കലാരൂപത്തിന്റെ പ്രചാരകരും അവതാരകരും തീരദേശത്തുള്ള ഹൈന്ദവരിലെ മുക്കുവ സമൂഹമായിരുന്നു. ആദ്യ കാലത്ത് ദ്രാവിഡ സമൂഹം വിഭാവനം ചെയ്ത നാടൻ കോൽക്കളി നിന്നും പരിഷ്കരിച്ച ഒരു ഇനമാണ് ഇന്ന് മാപ്പിളമാർ സർവ്വസാധാരണമായി കയ്യാളിവരുന്ന താള കോൽക്കളി. കണ്ണൂർ അറക്കൽ ഭരണാധികാരികളുടെ സ്ഥാനാരോഹണ പശ്ചാത്തലത്തിൽ തീരദേശത്തെ മുക്കുവന്മാരുടെ കോൽക്കളിക്ക് വലിയ സ്ഥാനം ലഭിച്ചിരുന്നു.
എന്നാൽ 1992-ൽ സ്കൂൾ കലോത്സവത്തിൽ കോൽക്കളി മാപ്പിള കലായിനമായി ഉൾപ്പെടുത്തിയതോടെ കോൽക്കളിയുടെ ചരിത്ര ഗതിയും മാറി. മാത്രമല്ല കോൽക്കളിയുടെ ഘടനാ ശാസ്ത്രവും അവതരണ ശൈലിയിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത് .
കേരളത്തിലെ മുഖ്യധാര ആയോധനകലയായി അറിയപ്പെടുന്ന കളരിപ്പയറ്റിലെ ചൊല്ലുമൊഴികൾക്ക് ഏതാണ്ട് സമാനമായി പ്രവർത്തിക്കേണ്ട ഒരു കായിക കലാരൂപമാണ് കോൽക്കളി. അതുകൊണ്ടു തന്നെ കോൽക്കളിയുടെ താള പ്രയോഗത്തിന് ഒരുപാട് അർത്ഥമാനങ്ങൾ ഉണ്ട്. അതിനനുസൃതമായി ആയിരിക്കണം അതിൻറെ തുടക്കവും ഒടുക്കവും. എന്നാൽ കലോത്സവവേദികളിൽ ഇന്നതല്ല കാണാൻ കഴിയുക. പരിശീലകന്മാരുടെ വ്യക്തി താൽപര്യങ്ങളും അവരുടെ ഇഷ്ടാനിഷ്ടങ്ങളും ഇന്ന് വ്യാപകമായ കടന്നു കയറിയിട്ടുണ്ട്. നിലവിലുള്ള കളിയുടെ പൂർണ്ണതക്ക് പകരം കളിയിൽ അനാവശ്യമായ ചേരുവകൾ ചേർക്കുന്നതിനാണ് ഇവർക്ക് പ്രത്യേക താല്പര്യം. പല വേദികളിലും കണ്ടുനിൽക്കാൻ പോലും പറ്റാത്ത രീതിയിലാണ് ഇതിൻറെ അവതരണം. അത്രമാത്രം ഘടനാ സംബന്ധമായി കോൽക്കളിയിൽ മാറ്റങ്ങൾ വന്നുഭവിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ കോൽക്കളി പാരമ്പര്യമുള്ള പ്രഗൽഭരായ ഗുരുക്കന്മാർക്ക് പകരം സ്കൂൾ കലോത്സവത്തിലെ വിദ്യാർത്ഥികളെയാണ് പലയിടത്തും ഇതിൻറെ പരിശീലകന്മാരായി രംഗത്തുവരുന്നത് അതുകൊണ്ടുതന്നെ. കോൽക്കളിയിൽ കണ്ടുവരുന്ന അവതരണ ശൈലിയും കോൽക്കളിയുടെ യഥാർത്ഥ അവതരണത്തിൽ നിന്നും വളരെ അകന്നാണ് നിൽക്കുന്നത് എന്ന് പറയേണ്ടിവരും. ഇതൊന്നുമില്ലാതെ കോൽക്കളിയെ ബന്ധിപ്പിക്കുന്ന ചില കുപ്രചരണങ്ങളും കാണാം. കോൽക്കളി താളം രൂപീകരിച്ചത് മോയിൻകുട്ടി വൈദ്യരാണ് എന്നുള്ള നുണ പ്രചരണങ്ങളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സത്യത്തിൽ മോയിൻകുട്ടി വൈദ്യർക്കും കോൽക്കളിക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത.
കോൽക്കളിയുടെ ഘടനാശാസ്ത്രം ?
ഇന്ന് നമുക്കിടയിൽ ഉള്ള മറ്റേതൊരു ക്ലാസിക്കൽ കലകളോടും കിടപിടിക്കാവുന്ന ഒരു കലാരൂപമാണ് മാപ്പിള കോൽക്കളി അഥവാ താളക്കോൽക്കളി. ചതുരശ്ര താളത്തിലാണ് ഇതിന്റെ ക്രമീകരണം. 1,2,3,4 എന്നിങ്ങനെ നാല് അക്ഷരത്തിൽ ക്രമീകരിച്ചിട്ടുള്ള കോലടിയിൽ തുടക്കത്താളം മുതൽ പെരുക്കത്താളം, നീക്കത്താളം, കോക്കൽത്താളം, അടക്കത്താളം ഇങ്ങനെ അഞ്ചു ഘട്ടങ്ങളിലൂടെയാണ് ഇതിൻറെ സമ്പൂർണ്ണമായ പ്രവർത്തനരീതി.
ഇവയുടെ താളക്രമീകരത്തിൽ മിക്കയിടങ്ങളിലും നാലക്ഷരങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. കളിയിൽ ഉടനീളം ചെയ്യേണ്ട പ്രവർത്തികൾ ഇതിനെ ആശ്രയിച്ചാണ് പുരോഗമിക്കുക. എന്നാൽ ഇതുകൂടാതെ അർത്ഥമയമില്ലാത്ത അക്ഷരങ്ങളെ കൊണ്ട് അലങ്കരിക്കുന്ന അടക്കത്താളം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. വട്ടക്കോൽ അടിച്ചു പാടുന്ന രീതിയാണ് ഇതിൻറെ തുടക്കം. ലയ സമ്പുഷ്ടമായ ഹിന്ദുസ്ഥാനി സംഗീതം ആയിരിക്കും ഇതിന് ഏറ്റവും അനുയോജ്യം. എന്നാൽ നാടൻ ഇശലുകളും ഇതുമായി ഇഴകിച്ചേരുന്നതാണ്. മാപ്പിളമാരുടെ കൈകളിലേക്ക് വന്നതിനുശേഷം കോൽക്കളി സംഗീതത്തിനുണ്ടായ പുരോഗതി വളരെ ശ്രദ്ധേയമാണ്. അതിൽ പ്രധാന കാരണം മാപ്പിളപ്പാട്ട് സമ്പ്രദായത്തിലെ നാടൻ ഇശലുകളാണ്. മോയിൻകുട്ടി വൈദ്യർ അടക്കമുള്ള പഴയകാല മാപ്പിളപ്പാട്ടുകാരുടെ കൃതികൾ പലതും ഇതിന് അനുയോജ്യമാണെന്ന് കാണാം.