“മുസ്‌ലിം ജീവിത പരിസരങ്ങളെ സ്വാഭാവികമായി ചിത്രീകരിക്കുക എന്നതായിരുന്നു ചില യുവ സംവിധായകരും എഴുത്തുകാരും ഏറ്റെടുത്തിരുന്ന ദൗത്യം. അതിന്റെ അടുത്ത പടിയായിട്ടാണ് ‘കഠിന കഠോര’ത്തെ മനസ്സിലാക്കുന്നത്. മുസ്‌ലിംജീവിതത്തിൽ ഉൾചേർന്നിട്ടുള്ള ആത്മീയതയെ സംവേദനം ചെയ്യുന്നതിൽ സിനിമ വിശിഷ്യാ അതിലെ പാട്ടുകൾ വിജയിച്ചിട്ടുണ്ട്.”
മുഹമ്മദ് താഹിർ എഴുതുന്നു:
‘കഠിന കഠോരമീ അണ്ഡകടാഹം’ ചില മൗലിക ചോദ്യങ്ങളാണ് കാഴ്ചക്കാരുടെ മുന്നിൽ ബാക്കിവെക്കുന്നത്. സൃഷ്ടിപ്പിനെ കുറിച്ചുള്ള പുനരാലോചനകൾ സിനിമ സാധ്യമാക്കുന്നുണ്ട്. രണ്ടാമത്തേത് സ്റ്റേറ്റ് നോടുള്ള ചോദ്യങ്ങളാണ്. സിനിമക്ക് രണ്ട് തലങ്ങളുണ്ട്; ഭൗതികവും അതിഭൗതികവും. ഇത് രണ്ടും അറിഞ്ഞവർക്ക് മാത്രമായിരിക്കും സിനിമയുടെ കാമ്പ് അനുഭവപെട്ടിട്ടുണ്ടാവുക. മരണത്തിന് മുമ്പും ശേഷവും എന്നിങ്ങനെ രണ്ട് അവസ്ഥകളാണ് സിനിമക്കുള്ളത്. ബച്ചുവിൻ്റെ വാപ്പയുടെ മരണത്തോടെയാണ് സിനിമയിലെ സങ്കീർണതകൾക്ക് തുടക്കം കുടിക്കുന്നത്. അതുവരെ ബച്ചു സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന പ്രശ്നങ്ങളുടെ നടുവിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവായിരുന്നു. മരണമാണ് ബച്ചുവിനെ മാറ്റത്തിന് വിധേയമാക്കുന്നത്. ഇൻഡിവിടുവലിസ്റ്റിക് ആയിരുന്ന ബച്ചു സ്നേഹത്തിൻ്റെയും ബന്ധങ്ങളുടെയും പ്രാധാന്യം അറിഞ്ഞു. വ്യക്തിയുടെ പ്രശ്നം മാത്രമാണ് പ്രശ്നമെന്നും അതിനപ്പുറമുള്ളതെല്ലാം തൻ്റെ വളർച്ചക്ക് വിഘ്നം വരുതുന്നതാണെന്നുള്ള സെക്യുലർ മൊഡേണിറ്റി നിർമിച്ച ബോധത്തിന് അടിമപെട്ട ബച്ചുവിൻ്റെ പരിവർത്തനമാണ് വാപ്പയുടെ മരണത്തിലൂടെ ഉണ്ടായത്.
മരണത്തോടെയാണ് ജീവിതത്തിന്റെ ഗതിവിഗതികൾ മാറിമാറിയുന്നതെന്ന യഥാർഥ്യത്തിലേക്കാണ് സിനിമ വെളിച്ചംവീശുന്നത്. ഇത് ഉപരിപ്ലവമായി സിനിമയെ സമീപിച്ചാൽ മനസ്സിലാവുന്നതാണ്. അതുപോലെ പ്രധാനപെട്ട മറ്റൊന്നാണ് മരണപെട്ടതിനോടുള്ള മനുഷ്യന്റെ സമീപനം. മയ്യിത്തിനോട് കാണിക്കുന്ന ആദരം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള ഉമ്മയുടെ വാശിയിലും മയ്യിത്ത് എയർപോർട്ടിൽ കെട്ടിക്കിടക്കുന്നതിനേക്കാൾ നല്ലത് അവിടെ തന്നെ ഖബറsക്കുന്നതല്ലേ നല്ലത് എന്ന നാട്ടുകാരുടെ നീതിബോധത്തിൽ നിന്ന് ഉരുവം കൊണ്ട ചോദ്യത്തിലും പ്രതിഫലിക്കുന്നുണ്ട്. ആത്മാവ് പോയ ശരീരത്തെ ശുദ്ധിവരുത്തി പ്രാർത്ഥനയുടെ അകമ്പടിയോടെ ഖബറക്കുന്നത് മയ്യിത്തിനോട് കാണിക്കുന്ന നീതിയാണ്. ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശരീരങ്ങളെ പിക്കപ്പ് വാനിൽ കുത്തിനിറച്ചത് ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ഇവിടെയാണ് സിനിമയുടെ ഇലാഹീ ധാർമിക അധ്യാപനങ്ങൾ പ്രസക്തമാകുന്നത്.
ഗൈബ് (അദൃശ്യം) എന്ന സങ്കൽപ്പം സിനിമയുടെ കേന്ദ്ര വിഷയമാണ്. അദൃശ്യമായ ഒന്നിന്റെ സ്വാധീനത്തെ കുറിച്ചിച്ചുള്ള ചോദ്യങ്ങളാണ് സിനിമയിൽ ഉടനീളം നിഴലിക്കുന്നത്. ദൃശ്യമല്ലാത്ത ഒന്നിനാൽ മനുഷ്യൻ നിയന്ത്രിക്കപ്പെടുമോ? ദൃശ്യലോകത്തെ വ്യവഹാരങ്ങളെ വഴിനടത്തുന്നത് അദൃശ്യമായ ഒന്നാണ്.
ബച്ചുവിന്റെ വാപ്പ ദൃശ്യമല്ല, ശബ്ദം മാത്രമാണ് വാപ്പ. ഇത് സിനിമയുടെ മാറ്റ് കൂട്ടുകയാണ് ചെയ്യുന്നത്. മുസ്‌ലിം ജീവിത രീതി (way of life) യും ഗൈബ് കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. അദൃശ്യമായ സ്രഷ്ടാവിനെ അനുസരിക്കുക, വിധേയപ്പെടുക, തൃപ്തിപ്പെടുക ഇതൊക്കെയാണ് മുസ്‌ലിം ജീവിതം. മുസ്‌ലിംങ്ങളുടെ വികാര വിചാരങ്ങളുടെ അളവും തോതും നിർണയിക്കപ്പെടുന്നത് അദൃശ്യമായ ഒന്നിനാലാണ്.
സ്നേഹം, നന്മ എന്നതിന്റെ പ്രതീകമാണ് വാപ്പ. വാപ്പ അയച്ച മെസ്സേജുകളും വാപ്പയുടെ സ്നേഹമെല്ലാം ബച്ചു അറിയുന്നത് ‘സമയം’ കഴിഞ്ഞിട്ടാണ്. തെറ്റ് മനസ്സിലാക്കി മടങ്ങാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. സ്നേഹം, നന്മ പോലുള്ള അമൂർത്തമായവയുടെ ഉറവിടം അന്വേഷിച്ചു പോയാൽ ചെന്നെത്തുക്ക ഗൈബിലേക്ക് തന്നെയാണ്. മുസ്‌ലിം ജീവിതത്തിൽ സമയം മുഖ്യ ഘടകമാണ്. എല്ലാ സമയബന്ധിതമാണ്, ഗൈബിനെ അറിയാൻ നിശ്ചിത സമയമേ ഉള്ളു. അതിനുള്ളിൽ അറിഞ്ഞോ ഇല്ലേ എന്നതാണ് മനുഷ്യന്റെ വിജയ പരാജയങ്ങളെ തീരുമാനിക്കുന്നത്.
ഇതുവരെ നടത്തിയത് മെറ്റഫിസിക്കൽ വായനയാണ്. സ്റ്റേറ്റിന്റെ അധികാര പ്രയോഗത്തെ സിനിമ നിശിതമായി വിമർശിക്കുന്നുണ്ട്. “നിയമോക്കെ മാറും ചെലോരുടെ കാര്യത്തിൽ” എന്ന ഡയലോഗ് അധികാരത്തെ ആസ്വദിക്കുന്ന സ്റ്റേറ്റിനു നേരെയാണ്. മുസ്‌ലിം പള്ളികൾക്ക് മാത്രം അമിത നിയന്ത്രണമേർപ്പെടുത്തിയതൊക്കെ വിശ്വാസികൾക്ക് തങ്ങളെ വേദനിപ്പിച്ച അനുഭവങ്ങളാണ്. വ്യക്തിക്കുമേലുള്ള സ്റ്റേറ്റിന്റെ സമ്പൂർണ്ണ അധികാരം എത്ര ‘കഠിന’ മായാണ് ബാധിക്കുന്നത് എന്ന് സിനിമ വരച്ചിടുന്നു. പ്രോട്ടോകോൾ വളരെ സെലക്റ്റീവ് ആവുകയും മയ്യിത്തിന്റെ മേലിൽ ഭാര്യയക്കും കുടുംബത്തിനും യാതൊരു അധികാരവും കൊടുക്കാതിരിക്കുന്നതൊക്കെ നിഷ്കളങ്കമായി നോക്കി കാണേണ്ട ഒന്നല്ല. സ്റ്റേറ്റിന്റെ വ്യക്തിയുടെമേലുള്ള അധികാരപ്രയോഗത്തിന് നേരെ കണ്ണടക്കുകയും മതം, കുടുംബം പോലുള്ളവ വെക്കുന്ന പരിധികളെ നിരന്തരം ചോദ്യം ചെയ്യുന്നവരുടെ ഇരട്ടതാപ്പിലേക്ക് സിനിമ വിരൽ ചൂണ്ടുന്നു.
മുസ്‌ലിം ജീവിത പരിസരങ്ങളെ സ്വാഭാവികമായി ചിത്രീകരിക്കുക എന്നതായിരുന്നു ചില യുവ സംവിധായകരും എഴുത്തുകാരും ഏറ്റെടുത്തിരുന്ന ദൗത്യം. അതിന്റെ അടുത്ത പടിയായിട്ടാണ് ‘കഠിന കഠോര’ത്തെ മനസ്സിലാക്കുന്നത്. മുസ്‌ലിംജീവിതത്തിൽ ഉൾചേർന്നിട്ടുള്ള ആത്മീയതയെ സംവേദനം ചെയ്യുന്നതിൽ സിനിമ വിശിഷ്യാ അതിലെ പാട്ടുകൾ വിജയിച്ചിട്ടുണ്ട്. ആരാധന കർമങ്ങളുടെ സൗന്ദര്യത്തെ സിനിമ കാണിച്ചുതന്നു. മയ്യിത്തിന്റെ കടബാധ്യതകൾ ഏറ്റെടുക്കുന്നതും മയ്യിത്തിന് വേണ്ടി പൊറുക്കലിനെ ചോദിക്കുന്നതും മകന്റെ നേതൃത്വത്തിൽ നമസ്കരിക്കുന്നതുമെല്ലാം ഇ തുവരെയുള്ള സിനിമകൾക്ക് പരിചിതമല്ലാത്ത ഒന്നായിരുന്നു. സിനിമയിലൂടെ മാത്രം മുസ്‌ലിംങ്ങളെ മനസ്സിലാക്കിയവരുടെ കാഴ്ചപ്പാട് തന്നെ സിനിമ മാറ്റിയിട്ടുണ്ട്. സിനിമയിലൂടെ മുസ്‌ലിം കമ്മ്യൂണിറ്റി വലിയ അനീതി നേരിട്ടുകൊണ്ടിരിക്കുന്ന അരികുവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നീതിബോധമുള്ളവർ ഇങ്ങനെയുള്ള സിനിമ എടുക്കുന്നു എന്നുള്ളത് സ്വാഭാവികതയും പ്രശംസാർഹവുമാണ്.