പ്രമുഖ യുവപണ്ഡിതൻ നബീൽ മുഅബി, അദ്ധേഹത്തിന്റെ ‘ ചാവക്കാട്ടെ ബുഖാരി സാദാത്തീങ്ങൾ’ എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു:
പുസ്തക രചനയുടെ പശ്ചാത്തലം ?
ഇങ്ങിനെയൊരു പുസ്തകത്തിന്റെ രചനക്ക് കാരണം, ചാവക്കാട്ടെ ബുഖാരി സാദാത്തീങ്ങളുടെ(നബികുടുംബം) ആധ്യാത്മിക സരണിയുമായുള്ള ബന്ധമാണ്. ചാവക്കാട്ടെ ബുഖാരി സാദാത്തീങ്ങളിൽ അടുത്ത കാലത്ത് ജീവിച്ചിരുന്നവരിൽ ഏറ്റവും പ്രസിദ്ധരായ പണ്ഡിതനും സൂഫി ശൈഖുമായിരുന്നു സയ്യിദ് മഹ്‍മൂദ് ഹിബത്തുല്ലാഹ് തങ്ങൾ. അവരുടെ ശിഷ്യനും അനന്തരഗാമിയുമായ മുഹമ്മദ് അബ്ദുൽബാരി ഫൈസിയെ ഞാൻ എന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചപ്പോൾ അവരിൽ നിന്നും ലഭിച്ച ആത്മജ്ഞാനമാണ് ബുഖാരി ഗുരു പരമ്പരയോട് സ്നേഹവും ബഹുമാനവും തോന്നാനിടയാക്കിയത്. അതുകൊണ്ട് എന്റെ ഗുരുനാഥനായ അബ്ദുൽബാരി ഫൈസി അവർകളെ കുറിച്ച് വിവരിക്കാതെ ഇതിന്റെ രചനാ പാശ്ചാത്തലം വിവരിക്കാനാകില്ല. 1953ൽ കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ ഒരു സൂഫി/പണ്ഡിത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പാങ്ങിൽ അഹ്‍മദ്കുട്ടി മുസ്ലിയാരുടെ ആത്മീയ പാതയിലെ ശിഷ്യനായ മമ്മു മുസ്ലിയാരാണ് പിതാവ്. ഖുതുബി തങ്ങളുടെ ശിഷ്യനും അക്കാലത്ത് തളിപറമ്പിലെ പ്രധാന പണ്ഡിതനുമായ മഹ്‍മൂദ് മുസ്ലിയാരെ പോലുള്ള ഒരുപാട് ആത്മീയ പുരുഷന്മാരുമായി ബാല്യത്തിൽ തന്നെ ബന്ധം പുലർത്തിയവരാണ് അദ്ദേഹം. 13-ാം വയസ്സിൽ തന്നെ ചാവക്കാട്ടെ ഹിബത്തുല്ലാഹ് തങ്ങളുടെ ശിഷ്യനായ തൃക്കരിപ്പൂർ മഹ്‍മൂദ് ഹാജി എന്ന ഖാദിരി സൂഫി സരണിയിലെ ശൈഖ് മുഖേന ആത്മീയ സരണിയിൽ പ്രവേശിച്ചിട്ടുണ്ട്. പിൽക്കാലത്ത് ജാമിഅ നൂരിയയിൽ പഠിക്കുന്ന നാളിലാണ്(1979) ഗുരുവിന്റെ ഗുരുവായ ഹിബത്തുല്ലാഹ് തങ്ങളുമായി നേരിട്ടുള്ള ബന്ധത്തിലാകുന്നത്. കേരളത്തിൽ അറിയപ്പെട്ട സൂഫിവര്യനായ കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുമായിട്ടും അബ്ദുൽ ബാരി ഫൈസി ഉസ്താദ് പ്രത്യേക ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള അബ്ദുൽബാരി ഫൈസിയിൽ നിന്നും വിജ്ഞാനം നുകരാൻ തുടങ്ങിയപ്പോഴാണ് ബുഖാരി സാദാത്തീങ്ങളോട് പ്രത്യേകമായൊരു സ്നേഹവും ബഹുമാനവും തോന്നുന്നത്. അതൊടൊപ്പം 1970കളിൽ ചാവക്കാട് ബുഖാറയിലെ മസ്ജിദു സമദാനിയിൽ മുദരിസ്സായിരുന്ന എരമംഗലം കുഞ്ഞു മുസ്ലിയാർ രചിച്ച ബുഖാരി സാദാത്തീങ്ങൾ എന്ന അച്ചടിയിൽ ഇല്ലാതിരുന്ന പുസ്തകവും കൂടി കിട്ടിയപ്പോൾ വിവരങ്ങൾ ശേഖരിക്കാൻ എളുപ്പമാവുകയും ചെയ്തു.
ബുഖാരി തങ്ങൾമാരെക്കുറിച്ച്?
ലഭ്യമായ ചരിത്ര പ്രകാരം കേരളത്തിൽ കാലൂന്നിയ ആദ്യത്തെ തങ്ങൾ ഖബീല ബുഖാരിയാണ്. മാത്രമല്ല, കേരളത്തിലെ ഇസ്ലാമിന്റെ പ്രബോധന പ്രക്രിയയിൽ വലിയ വിജയം കൈവരിച്ചവരുമാണ് ഈ നബീകുടുംബം. ബുഖാരികൾക്ക് പുറമെ പിൽക്കാലത്ത് വലിയ രീതിയിൽ കേരളത്തിലേക്ക് കുടിയേറുകയും ഇസ്ലാമിക പ്രബേധന രംഗത്ത് സജ്ജീവ സാന്നിദ്ധ്യമായി മാറുകയും ചെയ്തവരാണ് ഹളറമി നബികുടുംബങ്ങൾ. ഈ രണ്ട് നബികുടുംബങ്ങളും ഇവിടെ പ്രചരിപ്പിച്ച ഇസ്ലാമിന്റെ ആധ്യാത്മികതയുടെ വൈജ്ഞാനിക അടിത്തറ ഒന്ന് തന്നെയായിരുന്നു. സൂഫി ലോകത്ത് വിശ്വവിഖ്യാതരായ ഇമാം ഗസ്സാലി(റഹ്)യുടെ ഇഹ്‍യാഉലൂമിദ്ദീൻ മുന്നോട്ട് വെക്കുന്ന കാഴ്ച്ചപ്പാടുകളാണത്. നബീകുടുംബാംഗങ്ങളായ പ്രബോധകർക്ക് പുറമെ തമിഴ്നാടിന്റെ തീരപ്രദേശത്ത് നിന്ന് കേരളത്തിലേക്ക് കടന്നു വന്ന പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിച്ച മഖ്ദൂം പരമ്പരയിലെ ആളുകളും ഇതേ വൈജ്ഞാനിക അടിത്തറയിൽ തന്നെയാണ് നിലയുറപ്പിച്ചത്. ഇവരെല്ലാം ഇസ്ലാമിക കർമശാസ്ത്ര സരണയിൽ ശാഫിഇകളും അഖീദ(ദൈവശാസ്ത്ര സരണിയിൽ)യിൽ അശ്അരിയുമായിരുന്നു. ആധുനിക കാലഘട്ടത്തിൽ ഈ വൈജ്ഞാനിക സരണി ദുർബലമായപ്പോൾ സ്വാഭാവികമായും ഇതിനെ അടിത്തറയാക്കി നിലകൊണ്ടിരുന്ന ആധ്യാത്മിക സരണികൾ ആചാരങ്ങളിൽ പരിമിതപ്പെട്ടു പോകുന്ന സ്ഥിതിയിലായി. ഇങ്ങിനെയുള്ള ഒരു ഘട്ടത്തിൽ ഇതിന്റെ വിജ്ഞാനങ്ങളേയും ആധ്യാത്മികയേയും ജീവസുറ്റതാക്കാൻ കഴിയുന്ന വലിയ ജ്ഞാനിയായ വ്യക്തിത്വമായിട്ടാണ് ഹിബത്തുല്ലാഹ് തങ്ങളുടെ ശിഷ്യനായ അബ്ദുൽബാരി ഫൈസിയെ എനിക്ക് കണ്ടെത്താൻ സാധിച്ചത്.
ഹിബത്തുല്ലാഹ് തങ്ങളുടെ ഗുരു തന്റെ പിതാവും കൂടിയായ വലിയ കോയമ്മ തങ്ങളും അവരുടെ ഗുരു പിതൃസഹോദര പുത്രനായ പാടൂരിലെ ഫഖ്റുദ്ദീൻ തങ്ങളുമാണ്. ആത്മീയ സരണിയിലെ ഗുരു പരമ്പര നേരിട്ട് കണ്ണി ചേരുന്നത് ഇങ്ങിനെയാണെങ്കിലും ഈ പുസ്തകത്തിൽ മറ്റു പലരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. നബികുടുംബാംഗങ്ങൾ എന്നതും എന്റെ തൊട്ടടുത്ത പ്രദേശത്തു ചരിത്രം സൃഷ്ടിച്ചവർ എന്ന നിലയിലും അവരെല്ലാം പരിഗണിക്കപ്പെടേണ്ടവർ തന്നെയാണ്. പക്ഷെ, ചാവക്കാട്ടെ ബുഖാരി സാദാത്തീങ്ങൾ എന്ന പേരിലുള്ള എന്റെ രചന അവിടെയുള്ള എല്ലാ അംഗങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതല്ല. എനിക്ക് എന്റെ പരിമിതമായ അന്വേഷണത്തിൽ ലഭ്യമായവരെ കുറിച്ച് മാത്രമാണ് അതിലുൾപ്പെടുത്തിയിട്ടുള്ളത്.
പുസ്തകത്തിന്റെ ഉള്ളടക്കം ?
ഈ പുസ്തകത്തിന്റെ ആമുഖത്തിൽ നബികുടുംബത്തെ സംബന്ധിച്ച ഇസ്ലാമിക സങ്കൽപ്പമാണ് അവതരിപ്പിച്ചിട്ടുള്ളത്. കുടുംബ മഹിമയുടെ പേരിൽ ആർക്കും തന്നെ പരലോക വിജയമോ ഇരട്ട നീതിയോ ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. എന്നാൽ, നബീ(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനും ഉണ്ടാക്കി എടുക്കാനുമായി നബീകുടുംബത്തെ സ്നേഹിക്കലും ആദരിക്കലും വലിയൊരു പുണ്യമായി ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. സത്യമായ വിശ്വാസവും സൽകർമവും അനുഷ്ഠിക്കുന്നവർക്ക് മാത്രമേ പരലോക വിജയം ലഭിക്കൂവെന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വവുമാണ്.
ശേഷമുള്ള അധ്യായത്തിൽ, ഇന്നത്തെ ഉസ്ബക്കിസ്ഥാന്റെ ഭാഗമായ ബുഖാറയിൽ നിന്ന് വന്ന ഈ നബി കുടുംബത്തിന്റെ ഖബീലയെ പരിചയപ്പെടുത്തുന്നു. ശേഷം, കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യത്തെ ബുഖാരി ഖബീലയിലെ തങ്ങളും സൂഫി ശൈഖുമായ അഹ്‍മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളെ പരിചയപ്പെടുത്തുന്നു. അവരുടെ അഞ്ചാം തലമുറയിൽ വരുന്ന സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരിയെ പരിചയപ്പെടുത്തുന്നതാണ് അടുത്ത അധ്യായം. മൗലൽ ബുഖാരി തങ്ങളുടെ സഹോദരി പുത്രനും മകളുടെ ഭർത്താവും ശിഷ്യനുമാണ് ചാവക്കാട് എത്തുന്ന ആദ്യത്തെ ബുഖാരി തങ്ങൾ. സയ്യിദ് അഹ്‍മദുൽ ബുഖാരി ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിക്കടുത്തുള്ള പ്രദേശത്ത് എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അങ്ങിനെ ആ പ്രദേശം തന്നെ ബുഖാറ എന്ന പേരിൽ വിളിക്കപ്പെടാൻ തുടങ്ങി. അവരുടെ സന്താന പരമ്പരയിൽ ഒരുപാട് പണ്ഡിതരും പ്രബോധകരും ഉണ്ടാവുകയും അവർ മുഖേന ചാവക്കാടിന്റെ തീരപ്രദേശങ്ങളും പാടൂർ ദേശവും മുസ്ലിംകളുടേതായ ഒരു ആദിവാസ കേന്ദ്രമാവുകയും ചെയ്തു. ഹിബത്തുല്ലാഹ് തങ്ങൾ മുതൽ നബീ(സ) വരേയുള്ള ഈ തങ്ങന്മാരുടെ പിതാക്കളുടെ പേരുകളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. അതിൽ ചിലരുടെയൊന്നും വിവരങ്ങൾ ലഭ്യമല്ലെങ്കിലും വിശ്വസനീയമായ രേഖകളിലൂടെ ലഭിച്ച സിൽസിലയാണിവർക്കുള്ളത്.
കേരളത്തിലേക്ക് കടന്നു വന്ന ആദ്യത്തെ ബുഖാരി തങ്ങളായ വളപട്ടണത്തെ അഹ്‍മദ് ജലാലുദ്ദീൻ അൽബുഖാരി ബുഖാറയിലെ സ്വലാഹുദ്ദീൻ ജുംഅത്തുൽ ഖാദിരിയുടെ ശിഷ്യനും അവരുടെ ആത്മീയ സരണിയിലെ പിൻഗാമിയായ ഗുരുവുമാണ്. അതാണ് ബുഖാരി തങ്ങന്മാർ ഖാദിരി സരണിയുടെ വാക്താക്കളാകാൻ കാരണം. അങ്ങിനെ അവർ മുഖേന കേരളക്കരയിൽ മുഴുവൻ ഖാദിരിയ്യ സൂഫികൾ വ്യാപകമാവുകയും അബ്ദുൽഖാദിർ ജീലാനി(റ) ന്റെ ആത്മീയ സരണിക്ക് പ്രചാരം സിദ്ധിക്കുകയും ചെയ്തു.
ബുഖാരികളുടെ വൈജ്ഞാനിക സംഭാവന ?
കേരളത്തിലെ ബുഖാരി തങ്ങന്മാരുടെ വൈജ്ഞാനിക സംഭാവനകളെ കൃത്യമായി ഇന്ന് വിവരിക്കാൻ പ്രയാസമാണ്. കാരണം, അവരുടെ സംഭാവനകൾ പലതും വെളിച്ചം കാണാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ചാവക്കാട് ബുഖാറയിൽ മസ്ജിദ് സമദാനിയിൽ ഉണ്ടായിരുന്ന ലൈബ്രറിയിലെ ഗ്രന്ഥങ്ങൾ മിക്കവയും നാശം സംഭവിക്കുകയോ നഷ്ടപെടുകയോ ചെയ്തിരിക്കുന്നു. പള്ളി പരിപാലനം പോലെ ലൈബ്രറിയും പരിപാലിക്കപ്പെടേണ്ടതുണ്ടെന്ന ബോധം ആധുനിക മുസ്ലിം തലമുറക്ക് ഇല്ലാതെ പോയിട്ടുണ്ട് എന്നതാണ് സത്യം. പരമ്പരാഗത കിതാബുകളോട് അവഗണന കാണിച്ചിരുന്നവരും കഴിഞ്ഞ ഒരു തലമുറയിൽ ഉണ്ടായിരുന്നു. ഈ അവഗണനകളെല്ലാം അതിജീവിച്ചു കൊണ്ട് ഇന്നും കുറച്ച് രചനകൾ നിലനിൽക്കുന്നുണ്ട്. അത് പ്രധാനമായും ഹിബതുല്ലാഹ് തങ്ങളുടെ പിതാവ് വലിയ കോയമ്മ തങ്ങളുടേതാണ്. ഒന്നാമതായി ബുഖാരി ഖബീലയിലെ തന്റെ പൂർവ്വ പിതാക്കളെ പറ്റി എഴുതിയ മത്താലിഉൽ ഹുദയാണ്. രണ്ട്, ഇസ്ലാമിക വിശ്വാസത്തിന്റെ പരിധികൾ ലംഘിച്ച വ്യാജ സൂഫികൾക്കെതിരെ രചിച്ച അൽ ബുന്തുഖ. മൂന്ന്, പ്രവാചക ചര്യ പ്രകാരം ഉള്ള ഭക്ഷണ മര്യാദകൾ വിവരിക്കുന്ന അറബി കാവ്യ രൂപത്തിലുള്ള രചന : ആദാബുൽ അകൽ തുടങ്ങിയവയാണ്. വലിയ കോയമ്മ തങ്ങളുടെ ഷൈഖായ പാടൂരിലെ ഫഖ്റുദീൻ തങ്ങൾക്കും ധാരാളം രചന്കൾ ഉണ്ട്. അവയിൽ മിക്കവയും വെളിച്ചം കാണാതെ പോയി. അവശേഷിക്കുന്നതിൽ പ്രധാനപ്പെട്ട ഒന്ന്, വൈതുല്യം എന്ന അറബിമലയാള കൃതിയാണ്. അതിന്റെ മലയാള പരാവർത്തനം കർമ്മ ശാസ്ത്ര സരണി എന്ന പേരിൽ ചെമ്മാട് നിന്ന് ബുക്ക്‌പ്ലസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവർക്കും ഇത് പോലെ രചനകൾ ഉണ്ടാകാം. പക്ഷെ, എല്ലാം നഷ്ടപ്പെട്ട ഘട്ടത്തിലാണ് നമുക്ക് അന്വേഷണ ബുദ്ധി ഉണർന്നത്. ബുഖാരികൾ സ്വന്തം വീട്ടിൽ അറബി സംസാരിക്കുന്നവരും വീടിന്റെ അകത്തളത്തിൽ അറിവിന്റെ ആഴമേറിയ ചർച്ചകൾ നടത്തിയിരുന്നവരുമായിരുന്നുവെന്ന് ഉസ്താദ് പറഞ്ഞ അറിവുണ്ട്. ഹിബതുല്ലാഹ് തങ്ങൾ നാല് മദഹബിലും ഫത്വ കൊടുക്കാൻ കഴിയുന്നവർ ആയിരുന്നുവെങ്കിലും പ്രധാന പഠനം വീട്ടിൽ വെച്ച് കൊണ്ടായിരുന്നു, സ്വന്തം പിതാവ് തന്നെയാണ് പ്രധാന ഗുരു. ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന ആ മൂല്യം ഇരുപതാം നൂറ്റാണ്ട് വരെ ഈ കുടുംബത്തിൽ നിലനിന്നിരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.