പ്രമുഖ യുവ ചരിത്രകാരൻ ഡോ. മോയിൻ മലയമ്മ, അദ്ധേഹത്തിന്റെ ‘തൃശൂർ മുസ്‌ലിംകൾ : ചരിത്രവും സമൂഹവും’ എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു:
ഒടുവില്‍ പ്രകാശിതമായ ഈ പുസ്തകത്തിന്റെ രചനയിലേക്ക് താങ്കളെ നയിച്ചതെന്താണ്? എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുത്തത്?
കേരള മുസ്ലിംകളെ കുറിച്ച് ധാരാളം അക്കാദമികവും അല്ലാത്തതുമായ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മതം, സാമൂഹികം, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ പുതിയ പഠനങ്ങള്‍ ഇന്നും വന്നുകൊണ്ടിരിക്കുന്നുമുണ്ട്. പക്ഷേ, ഇതിലധികവും മലബാറിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് പുറത്തുവന്നിട്ടുള്ളത് എന്നതാണ് വസ്തുത. കേരളത്തിന്റെ ചരിത്രം മലബാറിന്റെ മാത്രം ചരിത്രമായി പരിമിതപ്പെട്ടുപോയിട്ടുണ്ട്. മധ്യകേരളവും തെക്കന്‍ കേരളവും ഇപ്പോഴും വേണ്ടതുപോലെ ചരിത്രപരമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. കേരള മുസ്‌ലിംകളെ കുറിച്ചു വരുന്ന പൊതു പഠനങ്ങളില്‍ വളരെ ഭാഗികമായി മാത്രമേ അവിടത്തെ മുസ്‌ലിം സംഭാവനകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. കൊടുങ്ങല്ലൂരും കൊച്ചിയും കൊല്ലവുമെല്ലാം മുസ്‌ലിം ചരിത്രത്തിന്റെ ത്രസിക്കുന്ന ഓര്‍മകളുള്ള ദേശങ്ങളാണ്. തിരുവനന്തപുരം പെരുമാതുറ വരെയുള്ള തീരദേശങ്ങള്‍ക്കും ഉള്‍പ്രദേശങ്ങളെ പോലെതന്നെ വലിയ ചരിത്രവും പാരമ്പര്യവുമുണ്ട്. മധ്യകേരളത്തെയും തെക്കന്‍ കേരളത്തെയും മുന്‍നിര്‍ത്തിയുള്ള ചരിത്രമെഴുത്തുകള്‍ കൂടുതലായി ഉണ്ടാവേണ്ടതുണ്ടെന്നാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. തൃശൂര്‍ മുസ്‌ലിംകള്‍: ചരിത്രവും സമൂഹവും എന്ന ഈ കൃതി രൂപപ്പെടുന്നതും ഈയൊരു തിരിച്ചറിവില്‍നിന്നാണ്. തൃശൂര്‍ മുസ്‌ലിംകളുടെ മാത്രം ചരിത്രം എന്നതിലപ്പുറം ഇത് മധ്യകേരളത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു ഗ്രന്ഥമാണെന്ന് അവതാരികയില്‍ കെ.കെ.എന്‍. കുറുപ്പ് സൂചിപ്പിക്കുന്നത് ഇവിടെ സ്മരിക്ക്‌പ്പെടേണ്ടതുണ്ട്.
ഈ ഗ്രന്ഥത്തിന്റെ പ്രധാന ഇതിവൃത്തം എന്താണ്? പ്രധാനമായും ഏതെല്ലാം വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്?
ഇത് തൃശൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള സമഗ്രമായൊരു അന്വേഷണമാണ്. മുസ്ലിം ജീവിതത്തിനു നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള മണ്ണാണല്ലോ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂര്‍. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി മുതല്‍ വര്‍ത്തമാന കാലം വരെ അതിന് സമ്പന്നമായൊരു പൈതൃകമുണ്ട്. ഇതില്‍ പലതും അര്‍ഹിക്കുന്ന വിധത്തില്‍ അക്കാദമിക ശ്രദ്ധ നേടിയിട്ടില്ല. കേരള മുസ്ലിംകളെ കുറിച്ച് വിവിധ കോണുകളില്‍നിന്നുള്ള അനവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും തൃശൂര്‍ മുസ്ലിംകളെ മാത്രം മുന്‍നിര്‍ത്തിയുള്ള അത്തരം പഠനങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ആ വിടവ് നികത്തുകയാണ് ഈ പുസ്തകം ചെയ്യുന്നത്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമ്പത്തിക-ആത്മീയ-കലാ-സാഹിതീയ മേഖലകളില്‍ നൂറ്റാണ്ടുകളിലൂടെ തൃശൂര്‍ മുസ്‌ലിംകള്‍ ആര്‍ജ്ജിച്ചെടുത്ത മികവ് കേരളത്തിന്റെ പൊതു ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജില്ലയുടെ ചിതറിക്കിടന്നിരുന്ന ഈ ചരിത്ര വസ്തുതകളെ സമാഹരിച്ച്, അക്കാദമികമായി അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ ഗ്രന്ഥം.
കൊടുങ്ങല്ലൂരിന്റെ ചരിത്രം, മാലിക് ബിന്‍ ദീനാറും സംഘവും, ചേരമാന്‍ പെരുമാളും കേരള മുസ്ലിം പൈതൃകവും, ചേരമാന്‍ മസ്ജിദ്: ഇന്ത്യയിലെ പ്രഥമ പള്ളി, ചാവക്കാട്: മുസ്ലിം ജീവിതത്തിന്റെ വേരോടിയ നാട്, ചരിത്രം സ്പന്ദിക്കുന്ന പഴയകാല മുസ്ലിം കേന്ദ്രങ്ങള്‍, അധിനിവേശത്തെ ചെറുത്ത തൃശൂര്‍ തീരങ്ങള്‍, ഡച്ചുകാരും തൃശൂര്‍ മുസ്ലിംകളും, തൃശൂരും മൈസൂര്‍ സുല്‍ത്താന്മാരും, മണത്തല ഹൈദ്രോസ് കുട്ടി മൂപ്പന്‍: ചരിത്രവും വാമൊഴിയും, ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ തൃശൂര്‍ മുസ്ലിംകള്‍, 1921 ലെ മലബാര്‍ സമരവും തൃശൂരിലെ സംഭവങ്ങളും, ദേശീയ പ്രസ്ഥാനവും തൃശൂര്‍ മുസ്ലിംകളും, ഖിലാഫത്ത്-കോണ്‍ഗ്രസ് സമര നായകന്മാര്‍, കൊച്ചി സ്റ്റേറ്റിനു കീഴിലെ മുസ്ലിംകള്‍, തൃശൂരിലെ ഹനഫി മുസ്ലിംകള്‍, സൂഫികളും സാമൂഹിക സമുദ്ധാരണവും, സയ്യിദ് കുടുംബങ്ങളും മത സാമൂഹിക നേതൃത്വവും, മത പണ്ഡിതന്മാരും വൈജ്ഞാനിക സംഭാവനകളും, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രധാനികള്‍, സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും, മാപ്പിള സാഹിത്യ പാരമ്പര്യം, മാപ്പിള കലകളിലെ സാന്നിധ്യം, ചന്ദനക്കുടം നേര്‍ച്ചകളും ഉറൂസുകളും, ചരിത്രം പറയുന്ന പള്ളികള്‍, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മത സംഘടനകള്‍, വ്യാപാര – വ്യവസായ രംഗം, മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വിവിധവും വിപുലവുമായ വിഷയങ്ങള്‍ ഈ പുസ്തകം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
മധ്യ കേരളത്തെ സമഗ്രമായി പഠനവിധേയമാക്കുന്നവര്‍ക്കും തൃശൂര്‍ മുസ്ലിം ചരിത്രം കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയൊരു റഫറന്‍സാണ് ഈ ഗ്രന്ഥം. വിശേഷിച്ചും മൈക്രോ ഹിസ്റ്ററിയും ലോക്കല്‍ ഹിസ്റ്ററിയും ഏറെ വികസിച്ച ഈ കാലത്ത് സവിശേഷ ഇടങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. കേരളപഠനം എന്ന ചരിത്രശാഖയിലേക്കുള്ള വിലപ്പെട്ടൊരു സംഭാവനയായിവേണം ഈ ഗ്രന്ഥത്തെ കണക്കാക്കാന്‍.
ഈ ഗ്രന്ഥരചനക്കു വേണ്ടിയുള്ള അന്വേഷണ യാത്രകളില്‍ ഏറെ ശ്രദ്ധേയമായി അനുഭവപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
കേരള മുസ്‌ലിം ചരിത്ര രചനാ സങ്കേതത്തിന് ഏറെ പ്രയോജനപ്രദവും എന്നാല്‍ ഇതുവരെ പൊതു ചരിത്രത്തില്‍ ഇടംപിടിച്ചിട്ടില്ലാത്തതുമായ ധാരാളം ചരിത്ര രേഖകള്‍ ജില്ലയില്‍ പലയിടങ്ങളിലായി കണ്ടെത്താനായി എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. ഏഴാം നൂറ്റാണ്ടു മുതലുള്ള മുസ്‌ലിം അധിവാസത്തിനും അനന്തര വികാസത്തിനും ചരിത്രപരമായ വേരുകള്‍ ധാരാളമായി ലഭ്യമാവേണ്ട ഒരു ഭൂമികയാണല്ലോ തൃശൂര്‍. പരമ്പരാഗതമായി കൈമാറി വരുന്ന വിശ്വാസങ്ങള്‍ക്കും വാമൊഴികള്‍ക്കുമപ്പുറം പുരാവസ്തു ഉത്ഖനന രേഖകള്‍, പുരാലിഖിതങ്ങള്‍, ശിലാലിഖിതകങ്ങള്‍, സ്മാരകശിലകള്‍, ചുമരെഴുത്തുകള്‍ തുടങ്ങി ആ ചരിത്രത്തിന് പിന്‍ബലം തരുന്ന ധാരാളം ശേഷിപ്പുകള്‍ ഇന്നും ജില്ലയില്‍ പലയിടങ്ങളിലായി ശേഷിക്കുന്നുണ്ട്. ചേരമാന്‍ പള്ളി, മതിലകം പള്ളി, ബ്ലാങ്ങാട് പള്ളി, മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി പള്ളി, ആല പനങ്ങാട് മഖ്ബറ എന്നിവിടങ്ങളിലെ ഇന്നും സംരക്ഷിക്കപ്പെടുന്ന ലിഖിതങ്ങള്‍ ഇതില്‍ ശ്രദ്ധേയമാണ്. മാള, മന്ദലാംകുന്ന് തുടങ്ങി ഒട്ടനേകം സ്ഥലങ്ങളിലെ ലിഖിതങ്ങളും ഫലകങ്ങളും നശിച്ചുപോയി. അണ്ടത്തോടു മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള തീരദേശങ്ങള്‍ ധാരാളം ചരിത്ര ശേഷിപ്പുകള്‍ കൊണ്ട് സമ്പന്നവുമാണ്. കേരളത്തിന്റെ പൊതു ചരിത്രരചനയിലേക്ക് ചേര്‍ത്തുവക്കപ്പെടേണ്ട ഇത്തരം ചരിത്ര രേഖകളെ പൊതു ചരിത്രത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ഈ പുസ്തകം ശ്രമിച്ചിട്ടുണ്ട്.
തൃശൂര്‍ മുസ്‌ലിംകളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ വിടവുകള്‍ നികത്തുക എന്നതാണ് ഈ രചനയിലൂടെ പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ള മറ്റൊരു വിഷയം. മാലിക് ദീനാര്‍ സംഘത്തിന്റെ വരവും ചേരമാന്‍ പള്ളിയുടെ നിര്‍മാണവും കഴിഞ്ഞാല്‍ പിന്നെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഐക്യസംഘത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടു മാത്രമാണ് സാധാരണ കൊടുങ്ങല്ലൂരിനെ ഇന്ന് വ്യാപകമായി കേട്ടുവരുന്നത്. എന്നാല്‍, ഇതിനിടയിലെ മറഞ്ഞുകിടക്കുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പലപ്പോഴും പരാമര്‍ശിക്കപ്പെടാതെ പോകുന്നു. ഈ ചരിത്രത്തെ ചേര്‍ത്തുവെക്കുകയാണ് തൃശൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള ഈ പഠനം ചെയ്യുന്നത്. ചാവക്കാട് മാലിക് ദീനാര്‍ പള്ളി മുതല്‍ വിവിധ കാലങ്ങളില്‍ ഇവിടെ വന്ന സൂഫികള്‍, പ്രബോധകര്‍, പണ്ഡിതന്മാര്‍ തുടങ്ങിയവരെ കുറിച്ചുള്ള വിശദമായ ചിത്രം പുസ്തകം തരുന്നുണ്ട്. അവരുടെ രചനകളും സംഭാവനകളും ചര്‍ച്ചക്കെടുക്കുകയും ചെയ്യുന്നു. പഴയ പള്ളികളും ചരിത്രദേശങ്ങളും ഏറെക്കുറെ ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഈ പുസ്തകത്തെ മുന്‍നിര്‍ത്തി ഇനി മുമ്പില്‍ കാണുന്ന സാധ്യതകള്‍ എന്തൊക്കെയാണ്?
തൃശൂരിന്റെ സമ്പന്നമായ മുസ്‌ലിം ചരിത്രത്തിലേക്കുള്ള ഒരു കിളിവാതില്‍ മാത്രമാണ് ഈ പുസ്തകം. ഇതില്‍ ഉയര്‍ത്തിക്കാണിച്ചിട്ടുള്ള പ്രധാനപ്പെട്ട ഓരോ ചരിത്ര വിഷയങ്ങളും കൂടുതല്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ചും ഇവിടത്തെ പള്ളികളിലും സ്മാരകശിലകളിലും കാണപ്പെടുന്ന അറബിക്-പേര്‍ഷ്യന്‍ ലിഖിതങ്ങള്‍, ചുമരെഴുത്തുകള്‍. ഇവയെ മുന്‍നിര്‍ത്തി ഗഹനമായൊരു പഠനം നടക്കേണ്ടതുണ്ട്. ഹി. 66 എന്നു രേഖപ്പെടുത്തിയ മാളയിലെ പഴയ പള്ളിയും ഹി. 398 (എഡി. 1007) എന്നു രേഖപ്പെടുത്തിയ മന്ദലാംകുന്ന് പള്ളിയും കേരളീയ ഇസ്‌ലാമിന്റെ കാലഗണന നിര്‍ണയിക്കുന്നതില്‍ വലിയ വഴിത്തിരിവാണ്. കാഞ്ഞിരശ്ശേരി സ്മശാനത്തിലെ സ്മാരകശിലയിലുള്ള പേര്‍ഷ്യന്‍ ലിഖിതങ്ങള്‍ പുതിയൊരു ഗവേഷണത്തിന്റെ വാതില്‍ തുറക്കുന്നു. കാലങ്ങളായി നാം പറഞ്ഞുവരുന്ന പല ക്ലീഷേ വാദങ്ങളെയും തിരുത്താന്‍ മാത്രം ശക്തമാണ് ഇതുപോലെയുള്ള പല രേഖകളും.
മത-വൈജ്ഞാനിക-ആത്മീയ-സാഹിത്യ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ധാരാളം സൂഫികളും പണ്ഡിതന്മാരും അര്‍ഹിക്കുന്ന പഠനങ്ങള്‍ക്ക് വിധേയമാവാതെ ഇവിടെയുണ്ട്. അണ്ടത്തോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള തീരദേശങ്ങളിലായിരുന്നു പ്രധാനമായും ഇവരുടെ പ്രവര്‍ത്തന മേഖല. ചാവക്കാട് കടപ്പുറം, പാടൂര്‍ എന്നിവിടങ്ങളിലെ ബുഖാരി തങ്ങന്മാര്‍ വലിയൊരു പഠനവിഷയമാണ്. 1700 കള്‍ മുതല്‍ രണ്ടു നൂറ്റാണ്ടു കാലമായി കേരളത്തിലുടനീളം ആത്മീയമായും സാഹിതീയമായും അവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വേണ്ടതുപോലെ പഠിക്കപ്പെട്ടിട്ടില്ല. അറബിയിലും അറബിമലയാളത്തിലും അനവധി ഗ്രന്ഥങ്ങള്‍ രചിച്ച അവര്‍ ഒരു കാലത്ത് കേരള മുസ്‌ലിംകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. കേരളത്തിന്റെ വൈജ്ഞാനിക സ്വത്വത്തിന് അവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്.
പ്രധാനപ്പെട്ട ചില ഏരിയകള്‍ സൂചിപ്പിച്ചുവെന്നു മാത്രം. സമാനമായ ധാരാളം തുറസ്സുകള്‍ പുസ്തകത്തിലുടനീളം കാണാന്‍ കഴിയും. അവയെ വികസിപ്പിക്കേണ്ട ഉത്തരവാദിത്വം പുതിയ തലമുറക്കാണ്; വളര്‍ന്നുവരുന്ന ഗവേഷകര്‍ക്കാണ്. അത്തരക്കാര്‍ക്ക് തീര്‍ച്ചയായും ഈ പഠനം ഏറെ ഉപകരിക്കും.
പ്രസാധനം: റഹ്മത്ത് പബ്ലിക്കേഷന്‍ തൊഴിയൂര്‍, തൃശൂര്‍
വിതരണം: ബുക്പ്ലസ്, കോഴിക്കോട്
കോണ്ടാക്റ്റ്: 9562661133