സാമൂഹ്യനീതിയുടെ പാഠങ്ങൾ

പ്രമുഖ സാമൂഹിക ചിന്തകൻ ഡോ. ഒ. കെ സന്തോഷ്, അദ്ധേഹത്തിന്റെ ‘സാമൂഹ്യനീതിയുടെ പാഠങ്ങൾ’ എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു:

പുസ്തകരചനയുടെ പശ്ചാത്തലമെന്ത്?

വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്തവിഷയങ്ങളിൽ എഴുതിയ ലേഖനങ്ങൾ സമാഹരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെങ്കിലും സമകാലിക ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരു വ്യക്തിയെന്ന നിലയിലുള്ള ആശങ്കകളാണ് ഈ ലേഖനങ്ങളുടെ പിന്നിലെ പ്രേരണ. ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ മൂന്ന് വർഷത്തിന് ശേഷമാണ് ഞാൻ ജനിക്കുന്നത്. അതിനാൽ അക്കാലത്തെ വീർപ്പ് മുട്ടലും സംഘർഷങ്ങളും വായിച്ചും കേട്ടും അറിയാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ നമ്മുടെ രാഷ്ട്രീയ ചിന്തയും ആശയലോകവും വികസിച്ച കാലത്ത് രാജ്യത്ത് നിലനിൽക്കുന്ന അഭിപ്രായ സ്വാതന്ത്യമില്ലായ്മയും ഭൂരിപക്ഷ സമുദായരാഷ്ട്രീയത്തിന്റെ പ്രകടമായ അക്രമാസക്തതയും ഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്ക് രാജ്യം അമർന്നതിന്റെ ഭീഷണതയുമൊക്കെ സൃഷ്ടിക്കുന്ന കാലുഷ്യം വിശദീകരിക്കാനാവാത്തതാണ്. മാധ്യമ സ്വാതന്ത്യത്തിന്റെ കാര്യത്തിൽ അന്തർദേശിയതലത്തിൽ ഇന്ത്യ 160 മത് നിൽക്കുന്നുവെന്നത് സമീപകാലത്ത് പുറത്തുവന്ന റിപ്പോർട്ടാണ്. സാമുദായികമായ ഭിന്നതയിലൂടെ രാഷ്ട്രീയാധികാരത്തിലെത്താൻ എളുപ്പമാണെന്ന യാഥാർത്ഥ്യമാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വിഷയം. ഈ പുസ്തകത്തിലെ ആദ്യത്തെ രണ്ട് ലേഖനങ്ങൾ സവർണസംവരണം ( EWS ) കേന്ദ്രസർക്കാർ നടപ്പാക്കിയതിനെ തുടർന്ന് വളരെവേഗത്തിൽ കേരളം അത് അംഗീകരിച്ചതിനെ വിശകലനം ചെയ്യുന്നതും സർവകലാശാല നിയമനങ്ങളിലെ രാഷ്ട്രീയപക്ഷത്തെക്കുറിച്ച് ഉയർന്നു വന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്നതുമാണ്. രണ്ടിലും ഭരണഘടനാതത്വങ്ങളും സാമൂഹ്യനീതിസങ്കല്പവും അട്ടിമറിക്കപ്പെട്ടുവെന്നതാണ് പ്രധാനം. അധികാരത്തിൽ – യൂണിയൻ ഗവൺമെന്റ് ആയാലും സംസ്ഥാന സർക്കാർ ആയാലും – മേൽജാതിഹിന്ദു പ്രീണനത്തെ ഒരു നയമാക്കി സ്വീകരിച്ച് ദലിതരെയും ന്യൂനപക്ഷങ്ങളെയും വിശിഷ്യ മുസ്ലീങ്ങളെയും അപരസ്ഥാനത്ത് നിർത്തുന്ന സമീപനങ്ങൾക്കാണ് നേതൃത്വം നൽകുന്നത് എന്നതാണ് ശ്രദ്ധേയമായി തോന്നിയിട്ടുള്ളത്. ബി.ആർ. അംബേദ്‌കർ മുന്നോട്ടുവെച്ച സാമൂഹ്യ നീതി സങ്കല്‌പവും മണ്ഡലാനന്തരരാഷ്ട്രീയം രൂപപ്പെടുത്തിയ പ്രാതിനിധ്യസങ്കല്പവും ഒരു പോലെ അപകടത്തിലാകുന്നതാണ് നാമിവിടെ കാണുന്നത്. അതിനെ വിശകലനം ചെയ്ത് പൊതുബോധത്തിൽ നിലനിൽക്കുന്ന അബദ്ധധാരണകളെ തിരുത്തുകയെന്ന പ്രക്രിയകൂടിയാണിത്.

ഈ പുസ്തകത്തിലെ ലേഖനങ്ങളിലേറെയും മാധ്യമം ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. സാമൂഹ്യനീതിയെന്ന സങ്കല്പവും ജനപ്രിയതരമായ ഇടപെടലുകളെയും കേരളത്തിലുറപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒരു മാധ്യമമെന്ന നിലയിൽ അക്കാര്യത്തിൽ വ്യക്തിപരമായ സന്തോഷം ഏറെയാണ്.

പുസ്തകത്തിന്റെ ഇതിവൃത്തമെന്ത്?

രണ്ട് ഭാഗങ്ങളായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ ഭാഗം രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതും രണ്ടാമത്തെ ഭാഗം സാഹിത്യവിമർശനത്തിനും സംസ്ക്കാരപഠനത്തിനും പ്രാധാന്യം നൽകുന്നവയുമാണ്. ഇവ രണ്ടും പരസ്പരം ചേരാത്തതോ വെള്ളം കടക്കാത്ത അറകളോയല്ലായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംവരണത്തിന്റെ ചരിത്രവും സാമൂഹ്യ നീതിയെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യയെപ്പോലൊരു രാജ്യത്ത് സംവരണം എത്ര പ്രധാനപ്പെട്ട തുമാണെന്നതാണ് ജാതിയെന്ന മെറിറ്റും സാമ്പത്തികസംവരണവും എന്ന ആദ്യത്തെ ലേഖനം . ഇന്ത്യയിലെ മേൽജാതിഹിന്ദു സമൂഹമെങ്ങനെയാണ് ജാതിരഹിതരും ആധുനികവൽക്കരിക്കപ്പെട്ടവരുമാകുന്നതെന്ന വിഷയത്തെയാണ് ഈ ലേഖനം പ്രധാനമായും അഭിമുഖീകരിക്കുന്നത്. സതീഷ് ദേശ്പാണ്ഡെ , അരുന്ധതി സുബ്രഹ്മണ്യം എന്നിവരുടെ നിരീക്ഷണങ്ങളെ ഉപജീവിച്ചുകൊണ്ടാണ് ഈ ലേഖനം വികസിപ്പിച്ചത്. സംവരണ ചർച്ചകൾ പ്രാതിനിത്യമില്ലായ്മയെക്കാൾ അമിത പ്രാതിനിത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാദമിക് നിയമനങ്ങളും സാമൂഹ്യനീതിയും എന്ന ലേഖനമാവട്ടെ, അക്കാദമിക് സമൂഹത്തിൽ നടക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകളെ വിമർശിക്കുന്നതാണ്. കാലടി സംസ്കൃത സർവകലാശാലയിലെ ചില നിയമനങ്ങളിലെ അധാർമ്മികതയാണ് ഇതെഴുതാനുണ്ടായ പേരണ. ഈ ലേഖനം പുറത്തുവന്നപ്പോൾ വളരെ അടുപ്പമുണ്ടായിരുന്ന ചിലർ ശത്രുക്കളായി മാറിയെന്ന് പ്രത്യേകം പറയട്ടെ . അംബേദ്കർ രാഷ്ട്രീയത്തിന്റെ ഭാവി, ളാഹ ഗോപാലൻ എന്ന സമരരൂപം, കെ.കെ. കൊച്ചിന്റെ വിമർശനസമീപനങ്ങൾ, വിനായകന്റെ അതിരും അതിർലംഘനങ്ങളും , ദലിത് ഭൂതകാലവും വരേണ്യ ഫെറ്റിഷിസവും തുടങ്ങിയ ലേഖനങ്ങളാണ് ഈ ഭാഗത്തുള്ള മറ്റുള്ളവ. പൊതുസംവാദങ്ങളോട് ഇടഞ്ഞും പൊതുബോധത്തോട് സംവദിച്ചും നടത്തുന്ന ഇടപെടലുകൾ എന്ന നിലയിലാണ് ഞാൻ ഈ ലേഖനങ്ങളെ വിലയിരുത്തുന്നത്.
രണ്ടാമത്തെ വിഭാഗമായ സാഹിത്യ- സാംസ്ക്കാരിക വിമർശനത്തിൽ ഉണ്ണി ആറിന്റെ കഥകളെക്കുറിച്ചുള്ള വിപുലമായ പഠനമാണ് ഒന്നാമത്തെ ലേഖനം. മലയാളഭാവനയിലെ പുറമ്പോക്കുകളും മാലിന്യങ്ങളും എന്ന ലേഖനം , എങ്ങനെയാണ് കീഴാളജീവിതങ്ങളെ മലയാളത്തിലെ വരേണ്യ എഴുത്തുകാർ ഭാവനചെയ്യുന്നതെന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. കീഴാള അനുഭവങ്ങൾക്ക് മേലെ എഴുത്തധികാരം സ്ഥാപിച്ചുകൊണ്ട് നടത്തുന്ന സാംസ്ക്കാരിക ഹിംസയായാണ് ഞാൻ അതിനെ കാണുന്നത്. എസ്.ജോസഫിന്റെ കവിതകൾ, രാജു കെ.വാസുവിന്റെ നോവലുകൾ , പ്രദീപൻ പാമ്പിരിക്കുന്നന്റെ ചിന്താലോകം എന്നിവയെക്കുറിച്ചുള്ള ദീർഘമായ ആലോചനകളും ഈ ഭാഗത്ത് നടത്തുന്നുണ്ട്. ഒരു പ്രസ്ഥാനമെന്നനിലയിൽ ദലിത് ഇടപെടലുകളെ വിമർശിക്കുന്നവർ അവരുടെ സാംസ്ക്കാരിക മൂലധനം വികസിപ്പിക്കുവാൻ ദലിത് – പാർശ്വവൽകൃത ജീവിതങ്ങളെ ഉപാധിയാക്കുന്നതിന്റെ വിചിത്രമായ കാഴ്ചയെയാണ് ഇവയിലെ ചില ലേഖനങ്ങളിൽ ഞാൻ പ്രശ്നവൽക്കരിക്കുവാൻ ശ്രമിക്കുന്നത്.

 

പുസ്തകത്തിലെ ശ്രദ്ധേയമായ ഇടപെടലുകൾ എന്ന് തോന്നുന്ന ലേഖനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

ആർ.എസ്.എസിന്റെ മുൻ പ്രവർത്തകനും ഇപ്പോൾ ദലിത് ആക്ടിവിസ്റ്റുമായ ഭവർ മേഘ് വൻ ഷിയുടെ എനിക്ക് ഒരു ഹിന്ദുവാകാൻ കഴിയില്ല എന്ന ആത്മകഥയ്ക്ക് എഴുതിയ അവതാരിക / പഠനമാണ് പ്രധാനമായും പറയാനുള്ളത്. രാജസ്ഥാനിലെ സിർസിയാദിൽ ജനിച്ച ഭവറിന്റെ ആത്മകഥയുടെ വിവർത്തകനും പ്രസാധനകനുമായ അനിസ് കമ്പളക്കാട് ആവശ്യപ്പെട്ടിട്ടാണ് ഞാൻ ഇതെഴുതുവാൻ തയ്യാറായത്. അതാവട്ടെ വർത്തമാനകാല ഇന്ത്യയോട് പ്രതികരിക്കാനുള്ള പ്രയോജനകരമായ സന്ദർഭമായി മാറുകയുണ്ടായി. ഇന്ത്യയിൽ ഇന്ന് ഭരണത്തിന് നേതൃത്വം നൽകുന്ന സംഘപരിവാർ രാഷ്ടീയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറ മുസ്ലീങ്ങളോടുള്ള വെറുപ്പും മേൽജാതി ഹിന്ദു സംരക്ഷണവുമാണെന്ന് വ്യക്തമായി തിരിച്ചറിയാനും വിശകലനം ചെയ്യാനും ഈ എഴുത്തിലൂടെ കഴിഞ്ഞു. സവർക്കറെക്കുറിച്ചുള്ള വിക്രം സമ്പത്തിന്റെ ജീവചരിത്രത്തിന്റെ ആദ്യ ഭാഗങ്ങളിൽ മുഗളന്മാരോടുള്ള വെറുപ്പ് എത്തരത്തിലാണ് ബാല്യകാലത്തെ കളിസ്ഥലങ്ങളിൽപ്പോലും സവർക്കർ നിലനിർത്തിയതെന്ന് വിശദീകരിക്കുന്നുണ്ട്. പതിനഞ്ചാമത്തെ വയസ്സിൽ , ബാബറി മസ്ജിദ് പൊളിക്കാൻ രാജസ്ഥാനിൽ നിന്നും പോയ സംഘത്തിലൊരാളായിരുന്നു ഭവർ മേഘവൻഷി . ട്രയിൻ യാത്രയ്ക്കിടയിൽ കണ്ട ഒരു മുസ്ലീം കുടുംബത്തെ കൊന്നുകളയാനുള്ള വ്യഗ്രത ആ പതിനഞ്ച് വയസുകാരനിലുണ്ടായിരുന്നുവെന്ന് അയാൾ പറയുന്നു. അയാളുടെ ഗ്രാമത്തിലാവട്ടെ ഒരൊറ്റ മുസ്ലീം കുടുംബം പോലുമുണ്ടായിരുന്നില്ല എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. സമകാലിക ഇന്ത്യയെ പഠിക്കാൻ ഉപയുക്തമായ ഒരു പുസ്തകത്തിന്റെ അവതാരികയെന്ന് പറയാവുന്ന ഈ പഠനം വായിച്ച് ധാരാളമാളുകൾ നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും അഭിപ്രായം പറഞ്ഞു. വ്യക്തിപരമായി ഏറെ സന്തോഷം തോന്നിയ എഴുത്തും സന്ദർഭവുമാണിത്.

 

ഈ പുസ്തകത്തിലെ മറ്റ് ചില രചനകളെക്കുറിച്ച് കൂടി പൊതുവെ പറയാമോ ?

പൊതുവെ എന്റെ എഴുത്തുകൾ കേന്ദ്രീകരിക്കുന്നത് സാഹിത്യപഠനങ്ങളിലാണെങ്കിലും ഇന്നത്തെ കാലത്തെയും ലോകത്തെയും അഭിസംബോധന ചെയ്യുവാൻ സാഹിത്യവായന മാത്രം പോരായെന്ന തോന്നൽ സമീപകാലത്തായി ശക്തമാണ്. തന്നെയുമല്ല മലയാളത്തിലെ മുഖ്യധാരാ സാഹിത്യനിരൂപണമാകട്ടെ കെ.പി. അപ്പന്റെയും ആഷാമേനോന്റെയുമൊക്കെ അവശിഷ്ടഭാഷയിൽ സൗന്ദര്യാത്മകമായി ഇടപെടുന്നതാണെന്ന പൊതുവസ്തുതയുമുണ്ട്. ഇ.വി.രാമകൃഷ്ണനെപ്പോലെ അപൂർവ്വം പേരൊഴിച്ചാൽ ജനപ്രിയപാതയിലൂടെ ആഴമില്ലാത്ത എഴുത്തും സാഹിത്യകാരന്മാരെയും / കാരികളെയും വിശുദ്ധപദവിയിൽ സ്ഥാപിക്കുന്നവരുമാണ്. ഒരു കൃതിയെ നിർണയിക്കുന്ന ചരിത്രവും സാമൂഹിക ശാസ്ത്രവും സൗന്ദര്യശാസ്ത്രത്തെപ്പോലെ തന്നെ പ്രധാനമാണെന്ന് മുഖ്യധാരാവിമർശകർ കരുതുന്നില്ല. സംസ്ക്കാരപഠനത്തെയും ദലിത്/ കീഴാള/ സ്ത്രീവാദപഠനങ്ങളെയൊക്കെ തള്ളിക്കളയാൻ പ്രധാനകാരണം അതിൽ അധികാരത്തോടും സാംസ്ക്കാരിക അധീശത്വത്തോടുമുള്ള വിമർശനമുള്ളതിനാലാണ്. സ്വന്തം പദവിയും സ്വീകാര്യതയും നഷ്ടപ്പെടാതിരിക്കാനും ഭരണകൂടങ്ങളുടെ ഇഷ്ടക്കാരാകാനും മത്സരിക്കുന്ന ഇക്കാലത്ത് മധ്യവർത്തി / മൃദുനയമൊക്കെ സ്വീകരിച്ച് നിലനിൽക്കുകയാണ് പലരും. അക്കാദമിക് രംഗത്തും ബഹുജനരംഗത്തും വലിയ മാറ്റങ്ങൾ നടക്കുന്ന ഇക്കാലത്ത് പാരമ്പര്യ / അധികാരനിഷേധം ശക്തമായ ഒരു രാഷ്ട്രീയനിലപാടാണ്. എന്റെ പുതിയ പുസ്തകത്തിലെ ലേഖനങ്ങളെല്ലാം ഈ തിരിച്ചറിവിന്റെ ഭാഗമായി എഴുതിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *