വരക്കൽ മുല്ലക്കോയ തങ്ങൾ:ജീവിതവും ദൗത്യവും

വരക്കൽ മുല്ലക്കോയ തങ്ങൾ:ജീവിതവും ദൗത്യവും’ എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് മുജീബ് തങ്ങൾ കൊന്നാര് ‘ദി പിൻ’ നോടു സംസാരിക്കുന്നു

 

എഴുതാനുള്ള പശ്ചാത്തലം ?

 

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ മഹത്തായ സ്ഥാനമലങ്കരിച്ച ഒരു മഹൽ വ്യക്തിത്വ മായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ ബാ അലവി. 1926 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭ രൂപികരിച്ചപ്പോൾ ആ മഹൽ പ്രസ്ഥാനത്തിൻ്റെ സ്ഥാപക പ്രസിഡൻ്റായിരുന്നു അദ്ദേഹം.ഒരു കാലഘട്ടത്തിൻ്റെ ഇതിഹാസ പുരുഷനായി മലയാള മണ്ണിനെ ധന്യമാക്കിയ വരക്കൽ തങ്ങളെ കുറിച്ച് സമഗ്രമായ ഒരു ജീവചരിത്രം ഇറങ്ങിയിട്ടില്ലായിരുന്നു.അത് പരിഹരിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ വിനീതൻ രചിച്ച വരക്കൽ മുല്ലക്കോയ തങ്ങൾ: ജീവിതവും ദൗത്യവും എന്ന കൃതി. മലപ്പുറം ഉറവ പബ്ലിക്കേഷനാണ് ഈ ജീവചരിത്ര കൃതിയുടെ പ്രസാധകർ.

 

പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ?

കേരളം മുസ് ലിംകൾക്ക് ദിശ നിർണയിച്ചു കൊടുക്കുന്നതിൽ മഹത്തായ പങ്ക് വഹിച്ച സമസ്തയുടെ സ്ഥാപക പ്രസിഡണ്ടായ വരക്കൽ മുല്ലക്കോയ തങ്ങളുടെ സംഭവബഹുലമായ ജീവചരിത്രം അനാവരണം ചെയ്യുന്ന ഒരു കൃതിയാണിത്.നബി കുടുംബത്തിൻ്റെ ധന്യ പൈതൃകമായ ബാ അലവി ശൃംഖലയിൽ ആയിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ ജനിച്ചത് .ആ പരമ്പര വസ്തുനിഷ്ഠമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.29 അധ്യായങ്ങളിലൂടെയാണ് വരക്കൽ മുല്ലക്കോയ തങ്ങളുടെ ജീവിതം ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്തരിക്കുന്നത്.ഒന്ന്, രണ്ട് ,മൂന്ന്, നാല് അധ്യായങ്ങൾ ബാ അലവി സാദാത്ത് പരമ്പരയെ കുറിച്ച് വിലപ്പെട്ട വിവരങ്ങളാണ് നൽകുന്നത്. അദ്ധ്യായം അഞ്ചിൽ യമനിൽ നിന്ന് കേരളത്തിൽ എത്തിയ വരക്കൽ മുല്ലക്കോയ തങ്ങളുടെ പൂർവ്വപിതാവായ അലി ഹാമിദ് ബാ അലവിയുടെ ചരിത്രമാണ് അനാവരണം ചെയ്തിരിക്കുന്നത്.

യമനീ പാരമ്പര്യവും കേരളവും യമനുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം സമഗ്രമായി ഈ പുസ്തകത്തിൻ്റെ ആറാം അധ്യായം ചർച്ച ചെയ്യുന്നു.അദ്ധ്യായം 7 മുതൽ 13 വരെയുള്ള ഭാഗങ്ങളിൽ വരക്കൽ മുല്ലക്കോയ തങ്ങളുടെ ജനനം, ഗുരുമുഖങ്ങൾ, വിവാഹം, സമസ്തയുടെ സംസ്ഥാപനം ,സ്ഥാപക നേതാക്കൾ, സമസ്തയുടെ ആദ്യകാല മുഖപത്രമായ അൽ ബയാൻ തുടങ്ങിയ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു.തുടർന്നുവരുന്ന അധ്യായങ്ങളിൽ ആ മഹൽ പുരുഷൻ്റെ കറാമത്തുകൾ, അറക്കൽ രാജകുടുംബത്തിന്റെ അംബാസിഡർ എന്ന നിലക്കുള്ള തങ്ങളുടെ സേവനങ്ങളും മലബാർ കലക്ടർ വില്ല്യം ലോഗനുമായുള്ള വരക്കൽ മുല്ലക്കോയ തങ്ങളുടെ ഹൃദയഹാരിയായ ബന്ധത്തെക്കുറിച്ചുമെല്ലാം പരാമർശിച്ചിരിക്കുന്നു.

ഖിലാഫത്ത് പ്രസ്ഥാനവുമായി വരക്കൽ മുല്ലക്കോയ തങ്ങൾ വെച്ച് പുലർത്തിയ നിലപാടുകളും ആ ചരിത്ര പുരുഷൻ്റെ ഹജ്ജ് യാത്രയും വീട്ടുവിശേഷങ്ങളും ആത്മീയ ചൈതന്യവുമെല്ലാം അടുക്കും ചിട്ടയോടും കൂടി ഈ കൃതിയിൽ വിവരിക്കുന്നു.വരക്കൽ തങ്ങളുടെ കാലത്തെ കോഴിക്കോട് ഖാസിമാരും ഹൈദരാബാദ് നൈസാമുമാരുമെല്ലാം ഈ ഗ്രന്ഥത്തിൽ വിഷയീഭവിക്കുന്നു.

“വരക്കൽ തങ്ങളുടെ ജനനം മുതൽ വിയോഗം വരെ കാലാനുക്രമമായി അടയാളപ്പെടുത്തിയ ഈ ജീവചരിത്രഗന്ഥം മുസ് ലിം ചരിത്ര സാഹിത്യ ശാഖക്ക് ഒരു വലിയ മുതൽക്കൂട്ടാണ്.സമസ്ത സ്ഥാപക പ്രസിഡണ്ടായ വരക്കൽ തങ്ങളുടെ ജീവിതഘട്ടങ്ങൾ സമഗ്രമായി അടയാളപ്പെടുത്തിയ ഈ ഗ്രന്ഥം സമസ്തയുടെ നവോത്ഥാന ചരിത്രമന്വേഷിക്കുന്ന ചരിത്ര പഠിതാക്കൾക്കും ഗവേഷകർക്കും ഒരു റഫറൻസ് ആണെന്ന് നിസ്സംശയം പറയാം. ” അവതാരികയിൽ നിന്ന് (ഡോ .കെ .എസ്. മാധവൻ,പ്രൊഫസർ, ചരിത്ര വിഭാഗം,കാലികറ്റ് സർവ്വകലാശാല)

 

ചരിത്രാന്വേഷണത്തിലും വായനയിലും താങ്കളെ ആകർഷിച്ച പ്രധാന സംഗതികൾ ?

 

തിരൂരങ്ങാടി പി. എസ് . എം.ഒ കോളേജിൽ എം.എ. ചരിത്രത്തിന്പ ഠിക്കുമ്പോൾ ചരിത്രപണ്ഡിതനായ ഡോ. കമാൽ പാഷയുടെ ശിക്ഷണം ചരിത്ര പഠനത്തിലേക്ക് ആകർ ഷിക്കാൻ നിമിത്തമായി.ഈ കോളേജിലെ ചരിത്ര

വിഭാഗത്തിന് കീഴിലുളള റഫറൻസ് ലൈബ്രറി പരന്ന വായനയിലേക്കും തുടർന്ന് ചരിത്ര ഗ്രന്ഥങ്ങളുടെ രചനകളിലേക്കും വഴക്കാട്ടിയായി. 2002 -ൽ പുറത്തിറങ്ങിയ കൊന്നാര് ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ചരിത്ര ഭൂമി എന്ന കൃതിയായിരുന്നു എൻ്റെ ആദ്യ കൃതി. തുടർന്ന് വരക്കൽ തങ്ങളുടെ ജീവചരിത്രം ഉൾപ്പെടെ

22 ചരിത്ര കൃതികൾ മലയാള ചരിത്ര ശാഖയ്ക്ക് സമർപ്പിക്കാൻ കഴിഞ്ഞു . അൽഹംദുലില്ലാഹ്.

ചരിത്ര സംബന്ധമായ രചനാ രംഗത്ത് ഭാവി പദ്ധതികൾ വല്ലതും ?

കേരളത്തിലെ

സാദാത്ത് പൈതൃകവുമായി ബന്ധപ്പെട്ട രണ്ട് ചരിത്ര കൃതികളുടെ പണി പുരയിലാണിപ്പോൾ .

Leave a Reply

Your email address will not be published. Required fields are marked *