അല്‍മുഹദ്ദിസാത്: ഇസ്‌ലാമിലെ പണ്ഡിതവനിതകള്‍

പ്രമുഖ പണ്ഡിതൻ മുഹമ്മദ് അക്റം നദ് വിയുടെ അൽ മുഹദ്ദിസാത് വിവർത്തനം നിർവഹിച്ച യുവ പണ്ഡിതൻ അനീസ് ടി.എ കമ്പളക്കാട് ‘ദി പിൻ’ നോടു അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.

 

അടുത്ത കാലത്തായി ഹദീസ് പഠന മേഖലയില്‍ അക്കാദമിക ലോകത്ത് നിരവധി ശ്രദ്ധേയമായ രചനകള്‍ പുറത്തുവന്നിട്ടുണ്ട്. ജൊനാഥന്‍ എ.സി ബ്രൗണിന്റെ Misquoting Muhammed പോലുള്ള ഗ്രന്ഥങ്ങള്‍ ഉദാഹരണം. പക്ഷേ, അത്തരം ചര്‍ച്ചകള്‍ പൊതുവെ മലയാളത്തില്‍ കാണുക വിരളമാണ്. ഹദീസ് സംബന്ധിയായ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും നന്നേ കുറവ്. അത്തരമൊരു സാഹചര്യത്തില്‍ അക്‌റം നദ്‌വിയിലേക്കും അദ്ദേഹത്തിന്റെ ഹദീസ് പണ്ഡിതകളായ വനിതകളെക്കുറിച്ചുള്ള പുസ്തകത്തിലേക്കും എത്തിപ്പെടുന്നത് എങ്ങനെയാണ്?

 

രണ്ടായിരത്തി പത്തൊമ്പതില്‍ തെളിച്ചം മാസിക പുറത്തിറക്കിയ ഹദീസ് പതിപ്പില്‍ നിന്നാണ് ജൊനാഥന്‍ എ.സി ബ്രൗണ്‍, ഫുആദ് സെസ്ഗിന്‍, ഹെറാള്‍ഡ് മോസ്‌കി, അക്‌റം നദ്‌വി തുടങ്ങിയ ഹദീസ് പഠനരംഗത്തെ പുതിയ മുഖങ്ങളെ പരിചയപ്പെടുന്നത്. പൊതുവെ, ഹദീസുകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന കേരളീയ പണ്ഡിതര്‍ വരെ ഷാഖ്തിന്റെയും ഗോള്‍സിയറുടെയും ജെയ്ന്‍ബോളിന്റെയും പഴയകാല റിവിഷനിസ്റ്റ് വിമര്‍ശനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കാണാറുള്ളത്. ഹദീസ് പഠനമേഖലയില്‍ പുതിയ കാലത്തുണ്ടായ പുരോഗതികള്‍ അവര്‍ കാണാതെ പോവുന്നു. സോഴ്‌സ് ക്രിറ്റിസിസവും ഇസ്‌നാദ് കം മത്ന്‍ അനാലിസിസും പോലെയുള്ള അപഗ്രഥന രീതികള്‍ അന്യമാണ അവര്‍ക്ക്. ഈ പരിമിതികള്‍ മനസ്സിലാക്കിയാണ് ബ്രൗണിന്റെ Misquoting Muhammed അടക്കമുള്ള ഗ്രന്ഥങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തണമെന്ന് ബുക്പ്ലസ് ആഗ്രഹിക്കുന്നത്. ആ ഗണത്തില്‍ വരുന്നതല്ലെങ്കില്‍കൂടി മുഹമ്മദ് അക്‌റം നദ്‌വിയുടെ al-Muhaddithat: the women scholars in Islam എന്ന പുസ്തകവും അവര്‍ വിവര്‍ത്തനത്തിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അടുത്തിടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ നടന്നതില്‍ വച്ചേറ്റവും വിപുലവും ശ്രദ്ധേയവുമായ ഗവേഷണം നടത്തിയ വ്യക്തിയാണ് ഇന്ത്യക്കാരന്‍ കൂടിയായ അക്‌റം നദ്‌വി. പതിനഞ്ച് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളിലൂടെ, ഹദീസ് പഠനരംഗത്ത് സേവനമനുഷ്ഠിച്ച ഒമ്പതിനായിരത്തിലധികം പണ്ഡിതവനിതകളെക്കുറിച്ചുള്ള വിവരണമാണ് അദ്ദേഹം തന്റെ അല്‍വഫാഅ് ബി അഅ്‌ലാമിന്നിസാഅ് എന്ന നാല്‍പത്തിമൂന്ന് വാള്യങ്ങളുള്ള ജീവചരിത്ര നിഘണ്ടുവില്‍ ക്രോഡീകരിച്ചിട്ടുള്ളത്. ഈ ഗവേഷണഫലങ്ങളെ സംഗ്രഹിച്ച് അദ്ദേഹം ഇംഗ്ലീഷില്‍ രചിച്ചതാണ് ഉപര്യുക്ത ഗ്രന്ഥo ഇസ്‌ലാമിക ജ്ഞാനപാരമ്പര്യങ്ങളിലെ പുരുഷാധിപത്യത്തെക്കുറിച്ചുള്ള നടപ്പുവായനകളെതന്നെ പൊളിച്ചെഴുതാന്‍ ശേഷിയുള്ളതാണ് അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍. അക്‌റം നദ്‌വിയെയും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തണമെന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു. ആദ്യ ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ ചടഞ്ഞിരുന്ന സമയത്താണ് അനുകൂല സാഹചര്യമൊരുങ്ങിയത്. മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ ആരംഭിച്ചതാണെങ്കില്‍കൂടി, പിന്നീട് ലഭിച്ച അധ്യാപകവൃത്തി ഉപേക്ഷിച്ചാണത് പൂര്‍ത്തിയാക്കുന്നത്. ഇതിനിടയില്‍, കാര്‍ല പവര്‍ രചിച്ച if oceans were ink എന്ന പുസ്തകവുമായി പരിചയപ്പെട്ടത് എന്റെ താല്‍പര്യത്തെ കൂടുതല്‍ തീവ്രമാക്കുകയുണ്ടായി. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയും ജേണലിസ്റ്റുമായ കാര്‍ല പവര്‍ സുഹൃത്തും അധ്യാപകനുമായ അക്‌റം നദ്‌വിയുമായി നടത്തുന്ന സംഭാഷണങ്ങളാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ ഉള്ളടക്കം.  ഇസ്‌ലാമിനെക്കുറിച്ച് ശൈഖില്‍നിന്ന് ചോദിച്ച് പഠിക്കുകയാണതില്‍ ഗ്രന്ഥകാരി. ബുക്കര്‍പ്രൈസിന് വരെ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ഗ്രന്ഥം നല്ലൊരു വായനാനുഭവമായിരുന്നു. മലയാളത്തിലും അത് വന്നുകാണണമെന്ന് ആഗ്രഹിക്കുന്നു.

 

അല്‍മുഹദ്ദിസാത്: ഇസ്‌ലാമിലെ പണ്ഡിതവനിതകള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്തുത പുസ്തകത്തെക്കുറിച്ചും വിവര്‍ത്തനാനുഭവത്തെക്കുറിച്ചും പറയാനുള്ളത്?

ആദ്യാവസാനം ഡാറ്റയാണ് ഈ ഗ്രന്ഥമെന്ന് പറയാം. നാല്‍പത്തിമൂന്ന് വാള്യങ്ങളിലായി, ഒമ്പതിനായിരത്തിലധികം വ്യക്തികളിലൂടെ കടന്നു ചെന്ന്, ഇസ്‌ലാമിന്റെ ആവിര്‍ഭവം മുതലിന്നോളം പരന്നുകിടക്കുന്ന ഒരു ഗ്രന്ഥത്തിന്റെ സംക്ഷിപ്തമായതിനാല്‍തന്നെ അതിന്റേതായ സങ്കീര്‍ണതകള്‍ സ്വാഭാവികമായും ഉണ്ട്. ഹദീസ് വിജ്ഞാനീയങ്ങളിലെ പതിവുസംജ്ഞകളുമായി പരിചയമുള്ളവര്‍ക്ക് എളുപ്പം വായിച്ചുപോവാം. അല്ലാത്തൊരാള്‍ക്കും അദ്ദേഹം പറയാനുദ്ദേശിക്കുന്ന സ്ത്രീ ജീവിതങ്ങളുടെ വൈപുല്യം എളുപ്പം പിടികിട്ടും. ഇംഗ്ലീഷ് വായനക്കാരെ ഉദ്ദേശിച്ച് ഗ്രന്ഥകാരന്‍തന്നെ തയ്യാറാക്കിയ പുസ്തകമാണിത്. തീര്‍ത്തും വിഷയാധിഷ്ഠിതമാണ് ഇതിലെ സമീപനങ്ങളെല്ലാം തന്നെ. വിവര്‍ത്തനത്തില്‍ പരമാവധി പൂര്‍ണതയോടെ മൂലഗ്രന്ഥത്തെ മലയാളീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ആയിരക്കണക്കായ റഫറന്‍സുകളെല്ലാം അതേപടി ഉള്‍പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു നിലക്ക് ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു അവ. ഹദീസുകളടക്കമുള്ള അറബിയില്‍നിന്നുള്ള ഉദ്ധരണികളെ പരിഭാഷപ്പെടുത്താന്‍ ഗ്രന്ഥകാരന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തെയാണ് ആശ്രയിച്ചിട്ടുള്ളത്. അറബിയില്‍നിന്നാവുമ്പോള്‍ പല വിധത്തിലുള്ള അര്‍ഥസാധ്യതകള്‍ നിലനില്‍ക്കെത്തന്നെയാണ് അങ്ങനെയൊരു സമീപനം കൈക്കൊണ്ടത്. മൂലഗ്രന്ഥത്തോട് പരമാവധി നീതി പുലര്‍ത്തുകയായിരുന്നു ലക്ഷ്യം. ഗ്രന്ഥത്തിലെ അസംഖ്യം പേരുകളാണ് പൊതുവെ സുഗമമായൊരു വായനക്ക് വെല്ലുവിളിയായേക്കാവുന്ന മറ്റൊരു ഘടകം. ഗ്രന്ഥകാരന്‍ ഓരോ വ്യക്തികളുടെയും സമ്പൂര്‍ണനാമങ്ങള്‍, സ്ഥാനവിശേഷങ്ങള്‍ സഹിതമാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവരുടെ സാമൂഹിക പദവിയിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന സൂചകങ്ങള്‍ കൂടിയാണവ എന്നതിനാലാണ് അത്തരമൊരു സമീപനം സ്വീകരിച്ചതെന്ന് ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

 

ഇസ്‌ലാമിക ജ്ഞാനപാരമ്പര്യങ്ങളുടെ രൂപീകരണത്തിലും വികാസത്തിലും സ്ത്രീകളുടെ പ്രാതിനിത്യം കുറവാണെന്ന് പലരും ആരോപിച്ചുകാണാറുണ്ട്. ഇസ്‌ലാമിക ശരീഅതിനെക്കുറിച്ചുള്ള പല ഫെമിനിസ്റ്റ് വായനകളുടെയും അകക്കാമ്പ് തന്നെ ഈ വാദമാണ്. അതിനെ ചോദ്യം ചെയ്യുകയാണോ ഈ ഗ്രന്ഥം?

 

മുമ്പു സൂചിപ്പിച്ചതു പോലെ വിഷയാധിഷ്ഠിതമാണ് ഈ ഗ്രന്ഥത്തിലെ സമീപനം. ഇസ്‌ലാമിലെ പണ്ഡിതവനിതകളെ അവതരിപ്പിക്കുകയും വിഷയബന്ധിതമായ വിശകലനങ്ങള്‍ നടത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് ഹദീസുകള്‍ നിവേദനം ചെയ്യുന്നതിനുള്ള നിയമപരമായ സാധുത, ഹദീസ് ഗവേഷകരായിരുന്ന അനവധി സ്ത്രീകള്‍, അവര്‍ ഹദീസ് പഠിച്ചിരുന്ന വേദികള്‍, രീതികള്‍, അതിനായി നടത്തിയിരുന്ന യാത്രകള്‍, ഹദീസ് പഠിപ്പിച്ചിരുന്നവര്‍, പാഠ്യവിഷയങ്ങള്‍, വൈജ്ഞാനിക പ്രസരണത്തിലെ സ്ത്രീകളുടെ സവിശേഷമായ പങ്ക്, അവരുടെ മാത്രം ഹദീസുകളും നിവേദനങ്ങളും, ഹദീസ് വിമര്‍ശനശാസ്ത്രത്തിലെ അവരുടെ പങ്ക്, വിവിധ സ്ഥലകാലങ്ങളിലുള്ള അനുപാതം, കര്‍മശാസ്ത്രത്തിലും പ്രവൃത്തികൡും അവര്‍ അനുവര്‍ത്തിച്ചിരുന്ന നിലപാടുകള്‍ എന്നിങ്ങനെ പോവുന്നു ഇതിലെ അധ്യായങ്ങള്‍. ഈ ശീര്‍ഷകങ്ങള്‍ക്ക് പുറത്തുനിന്നും അവ നമ്മോട് സമൃദ്ധമായി പലതും സംസാരിക്കുന്നുണ്ടെന്നത് നേര്. പക്ഷേ, പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയങ്ങളില്‍ അവയൊന്നുമില്ല. ആമുഖത്തില്‍ അക്‌റം നദ്‌വി പറയുന്നതുപോലെ, അവയൊക്കെ വിവിധ പഠനശാഖകളിലെ ഗവേഷകര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് അദ്ദേഹം. വുമണ്‍ സ്റ്റഡീസ് അടക്കമുള്ള ആധുനിക ഡിസിപ്ലിനുകളുടെ ഭാഗമായി തന്റെ ഗവേഷണങ്ങളെ കൂടുതല്‍ വികസിപ്പിക്കാനാവുമെന്ന് അദ്ദേഹം കരുതുന്നു. ഇസ്‌ലാം ഒരു പുരുഷാധിപത്യ(mysogynist) മതമാണെന്ന മുന്‍ധാരണകളെ മാറ്റിവച്ച് ഈ ഗ്രന്ഥത്തെ സമീപിക്കാന്‍ അവരോടാവശ്യപ്പെടുന്നു. ആണ്‍-പെണ്‍ ദ്വന്ദങ്ങളുടെ ദ്വൈതഭാവത്തിനപ്പുറം വിശ്വാസികള്‍ എന്നൊരു ഐകഭാവമുണ്ടായിരുന്നുവെന്ന് നിരീക്ഷിക്കുന്നു. പണ്ഡിതവ്യവഹാരങ്ങളില്‍ തീര്‍ത്തും സ്വാഭാവികമായി അത് നിലനിന്നിരുന്നുവെന്ന് വാദിക്കുന്നു. വിജ്ഞാനം മാത്രമായിരുന്നു അവിടെ മാനദണ്ഡമെന്ന് സ്ഥാപിക്കുന്നു.

 

ഇസ്‌ലാമിന്റെ രൂപീകരണ കാലയളവിലേതു പോലെ സജീവമായ ഒരു സ്ത്രീ പങ്കാളിത്തം പില്‍ക്കാലങ്ങളില്‍ വൈജ്ഞാനിക വ്യവഹാരങ്ങളില്‍ ഉണ്ടായിട്ടില്ല എന്നതൊരു സത്യമല്ലേ? ആഇശ ബീവിയെപ്പോലെ പ്രഗത്ഭരായ പണ്ഡിതവനിതകള്‍ പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ടോ?

 

അറിവുള്ളവര്‍ക്കെല്ലാം ആധികാരികതയുണ്ടായിരുന്നുവെന്നാണ് അക്‌റം നദ്‌വി വാദിക്കുന്നത്. അറിവ് മാത്രമായിരുന്നു മാനദണ്ഡം. ജെന്‍ഡര്‍ ഒരു വിഷയമേ ആയിരുന്നില്ല. ഇസ്‌ലാമിക ശരീഅതിന്റെ നാലിലൊന്ന് റിപ്പോര്‍ട്ട് ചെയ്തത് ആഇശ ബീവിയാണെന്നാണ് ഹാകിം തന്റെ മുസ്തദ്‌റകില്‍ പറയുന്നത്. അത്ര പ്രകടമായ സ്വാധീനമാണ് മഹതിക്ക് ശരീഅതിലുള്ളത്. പ്രവാചകരുടെ മറ്റുള്ള ഭാര്യമാരില്‍നിന്നെല്ലാം മഹതിയെ വേറിട്ടുനിര്‍ത്തിയത് അറിവായിരുന്നു. അറിവിനുള്ള ഈ പരിഗണന പില്‍ക്കാലത്തും മാറ്റമില്ലാതെ നിലനിന്നിട്ടുണ്ട്. വനിതകളും സജീവമായി ജ്ഞാനസമ്പാദനത്തില്‍ ഏര്‍പ്പെടുകയുണ്ടായി. അറിവുള്ളവരെ എല്ലാവരും ആദരിച്ചു. അവരെ തേടിച്ചെന്നു. വിശുദ്ധ ഹറമില്‍വരെ ദര്‍സ് നടത്തിയിരുന്ന വനിതകളുണ്ടായിരുന്നു. ചിലര്‍ ഹദീസുകള്‍ സ്വായത്തമാക്കുന്നതിനായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്തു. മുഹദ്ദിസാതിന്റെ ഇംഗ്ലീഷിലുള്ള മൂലഗ്രന്ഥത്തിന്റെ കവര്‍ ചിത്രം ഒരു ഭൂപടമാണ്. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫാത്വിമ ബിന്‍ത് സഅ്ദ് അല്‍ഖൈര്‍ എന്ന വനിത അറിവു സമ്പാദനത്തിനായി നടത്തിയ യാത്രകളുടെ വഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട് അതില്‍. ആറാം നൂറ്റാണ്ടിലെ ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്ന്‍ മഹ്‌മൂദ് ബ്ന്‍ അന്നജ്ജാര്‍ എന്ന പണ്ഡിതനെക്കുറിച്ചുള്ള ഒരു വിവരണത്തില്‍ പറയുന്നത് അദ്ദേഹത്തിന് നാനൂറ് വനിതാ അധ്യാപികമാര്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ വിവിധ കാലഘട്ടങ്ങള്‍ക്കനുസരിച്ച് സ്ത്രീ പ്രാതിനിധ്യത്തിൽ ഗണനീയമായ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ രൂപീകരണ കാലഘട്ടമെന്ന് അക്‌റം നദ്‌വി വിളിക്കുന്ന ഹിജ്‌റ ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലാണത് ഏറെ സജീവം. മൂന്നു മുതല്‍ അഞ്ചു വരെയുള്ള നൂറ്റാണ്ടുകളില്‍ കാര്യമായ ശോഷണം വന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ ആറു മുതല്‍ ഒമ്പതു വരെയുള്ള നൂറ്റാണ്ടുകള്‍ സ്ത്രീ ഹദീസ് പണ്ഡിതരുടെ സുവര്‍ണകാലഘട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *