മർഹൂം കിടങ്ങയം ശൈഖ് ഇബ്റാഹീം മുസ്‌ലിയാരുടെ ‘മഖ്സനുൽ മുഫ്റദാതി'(ഒറ്റമൂലികളുടെ സമാഹാരം) ന്റെ വിവർത്തനം നിർവഹിച്ച യുവ പണ്ഡിതൻ മുജീബുർ റഹ്മാൻ ഫൈസി മാളിയക്കൽ ‘ദി പിൻ’ നോട് സംസാരിക്കുന്നു
കിടങ്ങയം ശൈഖ് ഇബ്റാഹിം മുസ്ലിയാരുടെ ‘ഒറ്റമൂലികളുടെ സമാഹാരം’ എന്ന കൃതി എഴുതുവാനുണ്ടായ കാരണം വിശദീകരിക്കാമോ?
കിടങ്ങയം ഇബ്റാഹീം മുസ്‍ലിയാരെ കുറിച്ച് പല ഗ്രന്ഥങ്ങളിലൂടെ വായിച്ചിരുന്നെങ്കിലും കൃത്യമായി വായിക്കാന്‍ അവസരമുണ്ടായത് 2012 ൽ ഞാന്‍ കിടങ്ങയം ജുമാ മസ്ജിദിൽ സേവകനായി നിയമിതനാകുന്നത് മുതലാണ്. ശൈഖിന്റെ മകന്‍ അബ്ദുറഹ്‌മാൻ എന്ന മാന മുസ്‍ലിയാരുമായി സംസാരിക്കുമ്പോള്‍ ഈ ചര്‍ച്ച വരികയും അദ്ദേഹത്തിന്റെ കൃതികളില്‍ മൻഖൂസ് മൗലിദിന്റെ കയ്യെഴുത്ത് കൃതി എനിക്ക് നല്കി. അത് വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇത്രയും വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ കൃതി എന്തു കൊണ്ട് പ്രസിദ്ധീകരിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ പലരുമായി സംസാരിച്ചെങ്കിലും വേണ്ടപോലെ ആയില്ല എന്നാണ് പറഞ്ഞത്. അങ്ങിനെയാണ് മേല്‍പറഞ്ഞ ശൈഖിന്റെ ലഭ്യമായ ഓരോ കൃതിയും കിടങ്ങയം മഹല്ല് കമ്മറ്റിക്ക് കീഴില്‍ ഈ വിനീതന്‍ പ്രസിദ്ധീകരിക്കുന്നത്. അതില്‍ മഖ്സനുല്‍ മുഫ്റദാത് പാരായണം ചെയ്തപ്പോള്‍ പ്രത്യേകമായ ധാരാളം പദങ്ങളാലും പ്രയോഗങ്ങളാലുമൊക്കെ നിറക്കപ്പെട്ട ഈ അമൂല്യ കൃതി ഒറ്റമൂലികളുടെ മാത്രമല്ല അത്ഭുതങ്ങളുടെയും കലവറയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങിനെയാണ് ഇത് എല്ലാവര്‍ക്കും ഉപകരിക്കാന്‍ പറ്റുന്ന വിധത്തില്‍ മലയാളത്തിലേക്ക് സ്വതന്ത്ര വിവര്‍ത്തനം നടത്തണമെന്ന് ആഗ്രഹമുണ്ടായത്.
കിടങ്ങയം ഇബ്റാഹീം മുസ്‍ലിയാരുടെ വൈജ്ഞാനിക സംഭാവനകൾ ഏതൊക്കെയാണ്?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ മലബാറിന്റെ വൈജ്ഞാനിക – സാഹിത്യ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രോജ്വലിച്ചു നിന്ന പണ്ഡിത പ്രതിഭയാണ് ശൈഖ് ഇബ്റാഹീം മുസ്‍ലിയാര്‍. കാടന്‍തൊടി കുഞ്ഞിമൊയ്തു മുല്ലയുടെയും കാരാട്ട് തൊടി ഫാത്വിമയുടെയും മകനായി 1896 ല്‍ പട്ടിക്കാട് ദേശത്ത് ജനിച്ചു. കക്കാടന്‍ കുഞ്ഞാലന്‍ ഹാജിയില്‍ നിന്ന് പ്രാഥമിക മതപഠനവും പട്ടിക്കാട് ഗവൺമെന്റ് സ്കൂളില്‍ നിന്ന് ഭൗതിക പഠനവും കരസ്ഥമാക്കിയ അദ്ദേഹം അമാനത്ത് ഹസന്‍ മുസ്‍ലിയാര്‍, കരിമ്പനക്കല്‍ അഹ്മദ് മുസ്‍ലിയാര്‍, കളത്തില്‍ അലവി മുസ്‍ലിയാര്‍, തിരൂരങ്ങാടി ആലി മുസ്‍ലിയാര്‍ എന്നിവരുടെ ദര്‍സില്‍ നിന്നാണ് തുടര്‍ പഠനം നടത്തിയത്.
മഹാന്മാരുടെ കീഴിലെ ദര്‍സ് പഠനം മുസ്‍ലിയാരെ വലിയ പണ്ഡിതനും ജ്ഞാനോല്സുകനുമാക്കി മാറ്റി. വിശിഷ്യാ, സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ആലി മുസ്‍ലിയാരുടെ ശിഷ്യത്വം അദ്ദേഹത്തിന്റെ അറിവിന്റെയും കാഴ്ചപ്പാടിന്റെയും തിളക്കം വര്‍ധിപ്പിച്ചു. സാധാരണ പഠിതാക്കളില്‍ നിന്ന് ഭിന്നമായി കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള, സാമൂഹിക നിര്‍മ്മിതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു ക്രിയാത്മക പണ്ഡിതനായി അദ്ദേഹം വളര്‍ന്നു. ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, ഗോളശാസ്ത്രം, ഭാഷാശാസ്ത്രം, തര്‍ക്കശാസ്ത്രം സൂഫിസം, ചരിത്രം, വൈദ്യം തുടങ്ങിയ പല മേഖലകളിലും അവഗാഹം നേടി.
മലബാര്‍ സമര കാലമായ 1921 ലാണ് അലനല്ലൂരിലെ മുണ്ടത്ത് പള്ളിയിലെ പ്രഥമ അധ്യാപനം. സമരത്തില്‍ ആകൃഷ്ടനായിരുന്ന മുസ്‍ലിയാരുടെ പ്രസംഗം സമരഭടന്മാരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇത് മണത്തറിഞ്ഞ ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടപ്പോള്‍ അവർക്ക് പിടികൊടുക്കാതെ മൈസൂര്‍ വഴി കല്യാണിലേക്ക് പലായനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശൈഖിന്റെ ജീവിതത്തിലെ സക്രിയ കാലഘട്ടമായിരുന്നു തന്റെ 12 വര്‍ഷത്തെ പ്രവാസ ജീവിതം. ഒരു പണ്ഡിതന്‍ എന്ന നിലക്ക് ഈ കാലഘട്ടത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പ്രവാസത്തിലൂടെ തനിക്ക് കൈവന്ന വിജ്ഞാന സാധ്യതകളെ വലിയൊരു അനുഗ്രഹമായി അദ്ദേഹം തിരിച്ചറിഞ്ഞു. ബോംബെയിലും പരിസരങ്ങളിലും അന്നുണ്ടായിരുന്ന ധാരാളം ഹകീമുമാരെ (വൈദ്യര്‍) യും പണ്ഡിതന്മാരെയും നേരിട്ട് സമീപിച്ച് അവരില്‍ നിന്ന് അറിവ് സമ്പാദിച്ചു. അങ്ങിനെ പേര്‍ഷ്യന്‍, ഉറുദു, ഇംഗ്ലീഷ്, ഗുജറാതി, മറാട്ടി, തെലുങ്ക്, കന്നട, തമിഴ്, കൊങ്കിണി, സംസ്കൃതം തുടങ്ങി പതിനെട്ടോളം ഭാഷകള്‍ സ്വായത്തമാക്കാന്‍ സാധിച്ചു.
പിന്നീട് അദ്ദേഹം കിടങ്ങയത്ത് വന്ന് താമസമാക്കി വീണ്ടും അധ്യാപന, സേവന രംഗത്ത് വ്യാപൃതനാവുകയും ചെയ്തു. 1945 ല്‍ അദ്ദേഹം സമസ്ത മുശാവറാമെമ്പര്‍ ആയി ചുമതലയേറ്റു. കരുവാരകുണ്ട്, മുള്യാകുര്‍ശി, കിടങ്ങയം, ആലത്തൂര്‍പടി എന്നീ സ്ഥലങ്ങളിൽ മുദര്‍രിസായി സേവനം ചെയ്തു. 1951 ല്‍ മരണപ്പെടുമ്പോള്‍ കായംകുളം ഹസനിയ്യ അറബിക് കോളേജിൽ മുദര്‍രിസായിരുന്നു അദ്ദേഹം.
ചില കനപ്പെട്ട രചനകള്‍ക്ക് സമൂഹത്തിന്റെ ഭൗതിക നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു കിടങ്ങയം ഇബ്റാഹീം മുസ്‍ലിയാരുടെ രചനകള്‍. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കി ആത്മീയവും വൈജ്ഞാനികവും ചരിത്രപരവുമായ നിര്‍മിതിക്ക് അത്യാവശ്യമായ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. 55 വയസ്സ് മാത്രം ജീവിച്ച അദ്ദേഹം ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചെങ്കിലും പലതും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കണ്ടെത്തിയതില്‍ ചിലതിനെ കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു:
1. മലബാര്‍ ചരിത്രം ഒന്നാം ഖണ്ഡം: ഈ കൃതി മലബാറിന്റെ ഇന്നലകളെ കുറിച്ച് വെളിച്ചം വീശുന്നതാണ്.
2. തുഹ്ഫതുല്‍ മുശ്താഖീന്‍: കേരളീയര്‍ക്ക് സുപരിചിതമായ മൻഖൂസ് മൗലിദിന്റെ ആഴങ്ങളിലേക്കിറങ്ങി ചരിത്രം, ഭാഷാശാസ്ത്രം, അറബി ഗ്രാമര്‍ തുടങ്ങി പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന അറബീഗ്രന്ഥം.
3. തുഹ്ഫതുല്‍ അലിഫ്: അല്ലഫല്‍ അലിഫിന്റെ വ്യാഖ്യാനം. ആത്മജ്ഞാനത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്ന ഈ ഗ്രന്ഥം അറബീ ഭാഷാജ്ഞാനികള്‍ക്ക് നല്ല അനുഭൂതിയുണ്ടാക്കുന്നതാണ്.
4. മൗലിദുശറഹിസ്സ്വദ്ര്‍: ബദ്‍രീങ്ങളുടെ മഹത്വവും ചരിത്രത്തില്‍ അവര്‍ അടയാളപ്പെടുത്തിയതും പറയുന്ന ഗ്രന്ഥം.
ഈ കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് വിവരിക്കാമോ?
ഇബ്റാഹീം മുസ്‍ലിയാരുടെ ഏറ്റവും ശ്രദ്ധേയമായ മഖ്സനുല്‍ മുഫ്റദാത് 1196 ഒറ്റമൂലികളെ കുറിച്ചുള്ള അസാധാരണ വിവരണമാണ് ഉള്‍കൊള്ളിച്ചിട്ടുള്ളത്. ബൃഹത്തായ ഒരു വൈദ്യ ശാസ്ത്ര വിജ്ഞാനകോശമാണിത്. അസാധാരണ ധിഷണയും അത്യുല്‍ക്കടമായ വിജ്ഞാനത്വരയും ഒത്തിണങ്ങിയ ഒരു ധിഷണാശാലിക്കു മാത്രം നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു അപൂര്‍വ്വ ഗ്രന്ഥമാണിത്. ഔഷധസസ്യങ്ങള്‍, ജൈവൗഷധങ്ങള്‍, ഖരൗഷധങ്ങള്‍, രത്നൗഷധങ്ങൾ, എന്നിവയാണ് മുഖ്യ പ്രതിപാദ്യം.
ചിന്താര്‍ഹമായ ആമുഖത്തോടെ ആരംഭിക്കുന്ന ഈ ഗ്രന്ഥരചനയുടെ ഉദ്ദേശ്യം പണ്ഡിതന്മാര്‍ ഈ വിജ്ഞാന ശാഖയോട് മുഖംതിരിഞ്ഞതിനെ തിരുത്തലും അര്‍ഹരായവരെ ഈ പഠനത്തിന് പ്രോത്സാഹിപ്പിക്കലുമാണ്. അറബി അക്ഷരമാലാ ക്രമത്തിലാണ് ഔഷധങ്ങളെ ഇത് പരിചയപ്പെടുത്തുന്നത്. വിവിധസ്ഥലങ്ങളിലായി 22 ഭാഷകള്‍ പരാമര്‍ശിക്കുന്ന ഇതില്‍ പണ്ഡിതന്മാര്‍, ഭിഷഗ്വരന്മാര്‍, ഭാഷാപണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ഔഷധങ്ങള്‍ക്ക് പറഞ്ഞുവരുന്ന അവാസ്തവങ്ങള്‍ തിരുത്തുന്ന 150ഓളം അടിക്കുറിപ്പുകളുണ്ട്. പ്രത്യേക പേര് നല്കാതെ ഇതില്‍ പരാമര്‍ശിച്ചതും അല്ലാത്തതുമായ സാങ്കേതിക പദങ്ങളുടെ സമാഹാരത്തിന് രോഗനിഘണ്ടുവെന്നും ഇടക്ക് പരാമര്‍ശിച്ച സംസ്കൃത പദസമാഹാരത്തിന് ഔഷധഭാഷയെന്നും പേരിട്ട രണ്ട് ഭാഗങ്ങളും ഡോ മോയിന്‍ ഹുദവി മലയമ്മയുടെ കിടങ്ങയം ഇബ്റാഹീം മുസ്‍ലിയാരുടെ മഖ്സനുല്‍ മുഫ്റദാത് കേരളത്തിലെ വൈദ്യശാസ്ത്രത്തില്‍ ആര്‍ജിച്ച ഇടങ്ങള്‍ എന്ന പഠനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഒറ്റമൂലികള്‍ പരിചയപ്പെടുത്തുമ്പോള്‍ അവയുടെ ചിത്രവും ഈ ഔഷധം ഇന്ന പേരില്‍ ബോംബെയിലെ, കോഴിക്കോട്ടിലെ കടയില്‍ നിന്ന് ഇന്ന പേരില്‍ ലഭിക്കും എന്ന് പോലും പറയുന്നു.
ഔഷധങ്ങളെ പരിചയപ്പെടുത്തുന്ന ഇത്തരമൊരു കൃതിയുടെ സമകാലിക പ്രസക്തിയെ വിശദീകരിക്കാമോ?
മുസ്‌ലിയാരുടെ നിരന്തരമായ അന്വേഷണ, ഗവേഷങ്ങളുടെ പശ്ചാതലത്തിലാണ് ഈ ഗ്രന്ഥം രചിക്കുന്നത്. അദ്ദേഹത്തിന്റെ യാത്രാ വേളകള്‍ പോലും ഈ പഠനത്തിലായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. പഞ്ചാബിലൂടെയും ഹജ്ജ് യാത്രയിലും പൊന്നാനിയിലൂടെയും യാത്രചെയ്യുമ്പോള്‍ ഒരോ ഔഷധങ്ങളെ കുറിച്ച് ജനങ്ങളോട് ചോദിക്കുന്നത് നമുക്ക് വായിക്കാം. ഇങ്ങനെ വളരെ കൃത്യവും ക്ലേശകരമായിട്ടുമാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചത്. കൂടാതെ ലഭ്യമായ ഒറ്റമൂലികള്‍ 1000ത്തില്‍ താഴെയാണ് പരിടയപ്പെടുത്തുന്നതെങ്കില്‍ മഖ്സനിലൂടെ നമുക്ക് 1196 ഒറ്റമൂലികളെ പരിചയപ്പെടാം. യൂനാനി ഔഷധമുറയെ കുറിച്ച് എഴുതുന്ന ആദ്യ മലയാള നിഘണ്ടുവെന്ന നിലക്കും അറബി ഭാഷയിലായതിനാല്‍ വൈദ്യലോകത്ത് പരിചയപ്പെടാതെ പോയെങ്കില്‍ വിവര്‍ത്തനത്തിലൂടെ ആ വിടവ് നികത്താന്‍ കഴിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.