1921 സമരവീര്യം ഇരമ്പുന്ന ഇശലുകൾ

1921-ലെ മലബാർ സമര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മാപ്പിളപ്പാട്ടുകളെ രേഖപ്പെടുത്തിയ ‘1921 സമരവീര്യം ഇരമ്പുന്ന ഇശലുകൾ ‘ എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് എൻ. കെ. ശമീർ കരിപ്പൂർ ‘ദി പിൻ’ നോടു സംസാരിക്കുന്നു

 

1921ലെ മലബാർ സമരത്തിന്റെ തീക്ഷ്ണമായ ഓർമ്മകൾക്ക് നൂറ്റാണ്ട് തികയുകയാണല്ലോ, ധാരാളം കൃതികൾ തൽവിഷയകമായി പുറത്തിറങ്ങിയിരിക്കുന്നു. അതിൽ”1921 സമരവീര്യം ഇരമ്പുന്ന ഇശലുകൾ എന്ന താങ്കളുടെ പുസ്തകത്തിന്റെ ഇടം ഒന്നു വ്യക്തമാക്കാമോ?

 

മാപ്പിള സംസ്കാരവുമായി മാപ്പിളപ്പാട്ടുകൾക്ക് അഭേദ്യമായ ബന്ധമുണ്ട്. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന എന്തിനെക്കുറിച്ചും മാപ്പിളസമൂഹം പാട്ടുകൾ കെട്ടി. വിശ്വാസം, കർമ്മം,യുദ്ധം, പ്രണയം,കാറ്റ്,മഴ, പ്രകൃതിക്ഷോഭങ്ങൾ, തൊഴിൽ,കച്ചവടം ഇങ്ങനെ എല്ലാത്തിനെ കുറിച്ചും അവരിൽനിന്ന് പാട്ടുകൾ ഉണ്ടായി. ഇവയിൽ ഏറെ ജനകീയമായ വിഭാഗമാണ് യുദ്ധത്തെ സംബന്ധിക്കുന്ന പടപ്പാട്ടുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ പടപ്പാട്ടുകളുടെ സ്വാധീനം മാപ്പിളമാർക്കിടയിൽ വർദ്ധിച്ചുവന്നു. മോയിൻകുട്ടി വൈദ്യർ, ചേറ്റുവായി പരീക്കുട്ടി, തുടങ്ങിയവരൊക്കെ എഴുതിയ ബദറ്,ഉഹ്ദ്, ഫുതുഹുശാം തുടങ്ങിയവ പോലുള്ള പടപ്പാട്ടുകൾ സാധാരണക്കാരായ ജനങ്ങൾ പോലും പാടുകയും അർഥമറിഞ്ഞ് ആസ്വദിക്കുകയും ചെയ്യുന്ന സദസ്സുകൾ എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരുന്നു. കൊളോണിയൽ ആധിപത്യം ശക്തമായി നിലനിന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇത്തരം പടപ്പാട്ടുകൾ മലബാറിൽ വ്യാപകമായി നിലനിന്നു. എന്തിനേറെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് പടപ്പാട്ടുകൾ വഹിച്ച പങ്കിനെക്കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന എഫ് ഫോസെറ്റ് 1901 ൽ പുറത്തിറക്കിയ ഇന്ത്യൻ ആന്റിക്വയറി (The Indian Antiquary) വാല്യം 30ൽ എഴുതുക പോലുമുണ്ടായി. ചേറൂർ പടപ്പാട്ടിനെക്കുറിച്ച് വില്യം ലോഗൻ തന്റെ മലബാർ മാന്വലിൽ പറയുന്നുണ്ട്.കൂടാതെ പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രേഖകളുടെ സമാഹാരമായ Correspondence on Moplah Outrages ലും ഇത്തരം പടപ്പാട്ടുകളെ കുറിച്ച് പറയുന്നു. അവയെല്ലാം വായിക്കുമ്പോൾ മനസ്സിലാകുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വം പ്രാദേശികമായ നമ്മുടെ വൈദേശിക വിരുദ്ധ സാഹിത്യ വ്യവഹാരങ്ങളെ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചാണ്. അതിനാൽ തന്നെ ഇത്തരം ആംഗ്ലോ വിരുദ്ധ പ്രാദേശിക സാഹിത്യ വ്യവഹാര വിഭാഗത്തിൽപ്പെടുന്ന മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള ഒരന്വേഷണം എന്തുകൊണ്ടായിക്കൂടാ എന്ന് മനസ്സിൽ രൂപപ്പെടുകയായിരുന്നു. 1921 സമരത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ പഠനങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുമ്പോൾ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം ജനങ്ങളിൽ ജ്വലിപ്പിച്ചു നിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച മാപ്പിളപ്പാട്ടുകളിൽ ലഭ്യമായവ എന്തുകൊണ്ട് സമാഹരിച്ചു കൂടാ എന്ന് മനസ്സിൽ ഉദിക്കുകയായിരുന്നു.

1921ന് മുൻപും പ്രാദേശികമായ ചെറുത്തുനിൽപ്പുകളുടെ ചരിത്രം പറയുന്ന രചനകൾ ഉണ്ടായിട്ടില്ലേ?

തീർച്ചയായും ഉണ്ടായിട്ടുണ്ട്.1843ൽ നടന്ന ചേറൂര് പോരാട്ടത്തെ ആസ്പദമാക്കി വിരചിതമായ ചേറൂർപടപ്പാട്ട്, ചേറൂര്ചിന്ത്,മണ്ണാർക്കാട് ലഹളപ്പാട്ട്, മഞ്ചേരി സമരകാവ്യം തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നത് ആംഗ്ലോ വിരുദ്ധ സമരമുഖത്ത് നിലയുറപ്പിച്ച പ്രാദേശിക ചെറുത്തുനിൽപ്പുകളുടെ ചരിത്രമാണ്. ഇത്തരം രചനകൾ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് പ്രചോദനം നൽകുന്നു എന്ന ഒറ്റക്കാരണത്താൽ രചിക്കുന്നതും,പാടുന്നതും അച്ചടിക്കുന്നതും കുറ്റകരമായി ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപിച്ചു. പിടിച്ചെടുത്ത പല കൃതികളുടെയും കയ്യെഴുത്തു പ്രതികളും, അച്ചടിച്ച പ്രസ്സുകൾ പോലും നശിപ്പിക്കപ്പെടുകയോ, കണ്ടു കെട്ടപ്പെടുകയോ ചെയ്തു. ചേറൂര് പടപ്പാട്ട് പോലും നമുക്ക് കണ്ടുകിട്ടാൻ കാരണമായത്, അപൂർവമായി അവശേഷിച്ചിരുന്ന അതിന്റെ ഒരു കോപ്പി വേങ്ങരയ്ക്കടുത്ത കുറ്റൂരിലുള്ള കൂളിപ്പുലാക്കൽ ഭവനത്തിൽ നിന്നും കണ്ടെടുത്തതിലൂടെയാണ്.1921 സമര കാലഘട്ടത്തിലും പ്രസ്തുത സമരത്തെ പ്രമേയമാക്കിയ രചനകൾ ധാരാളമുണ്ടായിരുന്നു. എന്നാൽ അവയെല്ലാം കയ്യെഴുത്തുപ്രതികളായി അവശേഷിക്കുകയാണ് ചെയ്തത്. അത്തരത്തിലൊന്നായിരുന്നു മുണ്ടമ്പ്ര ഉണ്ണിമമ്മദ് എഴുതിയ ഖിലാഫത്ത് ലഹളകാവ്യം. അച്ചടിക്കപ്പെടാതെ പോയ പ്രസ്തുത രചനയുടെ കയ്യെഴുത്ത് പ്രതി പോലും ഇന്നെവിടെയും അവശേഷിക്കുന്നില്ല. അദ്ദേഹത്തിന്റെതായി ആകെ ലഭ്യമായിട്ടുള്ളത് ജയിലിൽ നിന്നും എഴുതിയ ഇരവു കാവ്യം മാത്രമാണ്. പ്രസ്തുത ഇരവു കാവ്യം എന്റെ പുസ്തകത്തിൽ എടുത്തു ചേർത്തിട്ടുണ്ട്.

താങ്കളുടെ പുസ്തകത്തിൽ ചേർത്ത പാട്ടുകളുടെ സ്വഭാവത്തെക്കുറിച്ച് ഒന്ന് വ്യക്തമാക്കാമോ?

വ്യത്യസ്ത തരത്തിലുള്ള പാട്ടുകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഖിലാഫത്ത് നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗാന്ധിജിയും മൗലാനാ ശൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് വന്നപ്പോൾ ആ സമ്മേളനത്തെ മനോഹരമായി വർണിച്ച് ഗാനമെഴുതിയ സി. നൈനാൻ കുട്ടി മാസ്റ്ററുടെ രചനയാണ് ഒന്ന്. പിന്നീടുള്ളത് സമരത്തിന്റെ തീക്ഷ്ണത ഏറ്റുവാങ്ങി ജയിലിൽ അകപ്പെട്ട മാപ്പിള കവികൾ തങ്ങളുടെ ദുരനുഭവങ്ങളും നിസ്സഹായതയും പ്രത്യക്ഷമാക്കി കൊണ്ട് സുഹൃത്തുക്കൾക്കയച്ച പാട്ടുകളാണ്. ജയിലിനകത്തെ ക്രൂരതകളും നിസ്സഹായരായ ഒരു പറ്റം മനുഷ്യരുടെമേൽ കെട്ടിച്ചമച്ച കേസുകളും എങ്ങിനെ സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഇത്തരം ഗാനങ്ങളിലൂടെ നമുക്ക് ഉത്തരം ലഭിക്കുന്നു. മൂന്നാമത്തെ വിഭാഗമായി വരുന്നത് സമരം അടിച്ചമർത്തപ്പെട്ടതിനുശേഷം വരുന്ന ഏറനാടൻ സാമൂഹികജീവിതത്തിന്റെ നേർചിത്രങ്ങൾ ഒപ്പിയെടുത്ത രചനകളാണ്. പുലിക്കോട്ടിൽ ഹൈദർ രചിച്ച മറിയക്കുട്ടിയുടെ കത്തും,പുത്തൂർ ആമിനയുടെ കത്തു പാട്ടുമെല്ലാം അത്തരത്തിലുള്ള രചനകളാണ് .വേറെയൊന്ന് സമര കാലഘട്ടത്തിന്റെ തൊട്ടടുത്ത ദശാബ്ദങ്ങളിൽ മലബാർ സമരത്തെക്കുറിച്ച് പുറത്തുവന്ന പാട്ടുകളാണ്. സമകാലികരും ശ്രദ്ധേയരുമായ മാപ്പിള കവികളുടെ ഗാനങ്ങളും കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നിലവിൽ അത്തരം രചനകൾ ആലപിക്കുന്നവരുടെ താല്പര്യത്തെ മുൻനിർത്തികൊണ്ടുകൂടിയാണ് പ്രസ്തുത പാട്ടുകളെ എടുത്തു ചേർക്കാൻ പുസ്തകത്തിൽ ശ്രമിച്ചത്.

ഇത്തരം രചനകൾ നമ്മുടെ പ്രാദേശിക ചരിത്ര രചനകളെ എപ്രകാരമാണ് സ്വാധീനിക്കുന്നത്?

മാപ്പിളപ്പാട്ടുകളിൽ പ്രാദേശിക ചരിത്രം പറയുന്ന കൃതികൾ ധാരാളമുണ്ട്. മലപ്പുറം പടപ്പാട്ട്, ഓമാനൂര് കിസ്സപ്പാട്ട്, ചേറൂര് പടപ്പാട്ട്, കൊടികയറ്റമാല, ഓട്ട്മാല തുടങ്ങിയവ പോലുള്ള രചനകളുടെ ഇതിവൃത്തങ്ങളെല്ലാം തന്നെ പ്രാദേശിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സമാന രൂപത്തിലുള്ള രചനകൾ വീണ്ടെടുത്തു വെളിച്ചത്തു കൊണ്ടുവന്നാൽ അത് നമ്മുടെ പ്രാദേശിക ചരിത്രത്തിന് വലിയ മുതൽക്കൂട്ടായിരിക്കും.18, 19 നൂറ്റാണ്ടുകളിലെ ചരിത്രത്തിലേക്ക്‌ നാം മുഖ്യമായും ആശ്രയിക്കുന്നത് ബ്രിട്ടീഷ് സോഴ്സുകളാണ്. അവയിലാകട്ടേ സാമ്രാജ്യത്വ താല്പര്യങ്ങൾ നിറഞ്ഞുനിൽക്കുമെന്നത് തീർച്ചയാണ്.പക്ഷേ ഒരു പരിധിവരെ ഇന്നുംഅവ അവലംബിക്കുകയല്ലാതെ മറ്റു വഴികൾ നമുടെ മുൻപിൽഭ്യമല്ലെന്നതാണ് വസ്തുത. ഇത്തരം വിടവുകൾ നികത്താൻ പ്രാദേശികമായ ചരിത്ര സാഹിത്യങ്ങൾ ഉപകരിക്കുമെന്നത് തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *