കേരള മുസ്‌ലിം പരിഷ്കർത്താക്കളിൽ പ്രമുഖനായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചിന്തകളുടെ കാലികപ്രസക്തി ചർച്ച ചെയ്യുന്ന ‘വക്കം മൗലവി ചിന്തകൾ രചനകൾ ‘ എന്ന കൃതിയുടെ ഉള്ളടക്കത്തെ കുറിച്ച് രചയിതാവ് ഡോ. ടി.കെ ജാബിർ ‘ദി പിൻ’ നോടു സംസാരിക്കുന്നു
“വക്കം മൗലവി: ചിന്തകൾ രചനകൾ” എന്ന താങ്കളുടെ ഗ്രന്ഥം ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടല്ലോ. എങ്ങനെയാണ് ഈ പഠനത്തിലേക്ക് വന്നത്?
നിരന്തരമായി ഏതാണ്ട് എല്ലാ കുറ്റങ്ങളിലും പ്രതിചേർക്കപ്പെടുന്ന മുസ്‌ലിം സമുദായം പഠിക്കപ്പെടുകയും പ്രശ്‌ന പാരിഹാരം ആവിശ്യവുമായിട്ടുണ്ടെന്ന് മുസ്‌ലിം സമുദായത്തെ പത്തു വർഷത്തോളമായി സൂക്ഷ്‌മ നിരീക്ഷണം നടത്തുന്ന എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് 2016-ൽ ഈ പഠനം തയ്യാറാക്കുന്നതിന് കോഴിക്കോട് മൗലവി സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് നൽകിയ ഫെലോഷിപ്പ് എനിക്ക് ലഭിക്കുന്നത്.അവരാണ് സാമ്പത്തികമായി സഹായകമായത്. കൂടാതെ ഇത് തയ്യാറാക്കുന്നതിന് തിരുവനന്തപുരത്തുള്ള വക്കം മൗലവി ഫൗണ്ടേഷൻ പല രേഖകളും തന്നു സഹായിക്കുകയുണ്ടായി. ഫൗണ്ടേഷൻ ചെയർമാനും വക്കം മൗലവിയുടെ പൗത്രനായ ശ്രീ സുഹൈ റിനെ ഇവിടെ നന്ദിയോടെ ഓർക്കുന്നു. വക്കം മൗലവിയുടെ മറ്റൊരു ചെറുമകൻ റെ മകനായ ശ്രീ സമീർ മുനീർ വക്കം മൗലവി മായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ദീർഘസമയം ചർച്ച ചെയ്യുകയുണ്ടായി. നിരവധി ചരിത്ര വസ്തുതകൾ കണ്ടെത്തിയത് ആ സംഭാഷണങ്ങളിൽ നിന്ന് കൂടിയാണ്.
ഈ ഗവേഷണ പദ്ധതി സാക്ഷാത്കരിക്കുന്നതിന് നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു പഴയ മലയാളഭാഷയിലുള്ള വക്കം മൗലവിയുടെ എല്ലാ പ്രസിദ്ധീകൃത കൃതികളും കണ്ടെത്തുക എന്നുള്ളത്. പലതും കാലക്രമത്തിൽ പലേടത്തായി നഷ്ടപ്പെട്ടു പോവുകയുണ്ടായി. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാം ശേഖരിക്കുവാൻ ആയി എന്നുള്ളത് ഒരു ആശ്വാസമാണ്. ഈ പഠനം ഒരു കാല്പനികതാ ശൈലി പിൻതുടരുവാൻ ശ്രമിച്ചിട്ടില്ല. വസ്തുതകളെ മുൻനിർത്തി വസ്തുനിഷ്ഠമായി തന്നെ പൂർത്തിയാക്കുവാൻ ആണ് ശ്രമിച്ചിട്ടുള്ളത്.
വക്കം മൗലവിയുടെ ബൗദ്ധീകത എങ്ങനെ വിലയിരുത്തുന്നു?
ഇസ്‌ലാം മതം ബുദ്ധിയെ അഭിസംബോധന ചെയ്തു കൊണ്ടും ചിന്താശക്തി യോട് ഉപദേശം ചെയ്തു കൊണ്ടും തന്നെ ആവിർഭവിച്ച ജീവിത പദ്ധതി യാണെന്ന് വക്കം മൗലവി പറയുന്നു. തഖ്‌ലീദ് അഥവാ യുക്തി രഹിതമായ അനുകരണം ഏറ്റവും ബുദ്ധിഹീനമായ നടപടിയാകുന്നു ഇസ്‌ലാമിൽ എന്ന് “മുസ്‌ലിം” ജേർണലിൽ എഴുതുന്നുണ്ട്. ആലോചന കൂടാതെയും നിശ്ചയമില്ലാതെയും പൂർവ്വികരെ കണ്ണുമടച്ച് അനുകരിക്കുന്നതിനെയും അവരിൽ പാരമ്പര്യമായി നിലനിന്നു വരുന്ന അന്ധവിശ്വാസങ്ങളിൽ ഉറച്ച് നിൽക്കുന്നതിനെയും ഇസ്‌ലാം കഠിനമായി ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ബുദ്ധിയ്ക്ക് പ്രവേശനമുള്ള വിഷയങ്ങളിൽ ഓരോരുത്തരും യഥാർത്ഥ ശക്തി സ്വബുദ്ധി കൊണ്ട് അന്വേഷണം ചെയ്‌ത് സംശയ രഹിതമായ ബോധത്തെ ഉണ്ടാക്കി ക്കൊള്ളണം . ബുദ്ധിയ്ക്ക് പ്രവേശിക്കുവാൻ കഴിയാത്ത കാര്യങ്ങളിൽ ഖുർആനേയോ ശരിയായ ഹദീസുകളെയോ ഉപയോഗിക്കുക എന്നാണ് മനുഷ്യൻ ബുദ്ധി സ്വതന്ത്രമായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉള്ള അദ്ദേഹത്തിൻറെ അടിസ്ഥാന വീക്ഷണം.
ഭൂമിയിലെ ഉല്പത്തിയെ കുറിച്ചുള്ള സംവാദങ്ങളിലും വക്കം മൗലവി ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ചാൾസ് ഡാർവിൻറെ (1809 -1882 ) 1859 ലെ പ്രസിദ്ധ ഗ്രന്ഥമാണ് ഭൂമിയിലെ ജീവജാലങ്ങളുടെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് പറഞ്ഞ Origin of Species. ഉല്പത്തിയെ കുറിച്ചുള്ള സംവാദത്തിൽ ഇനിയും പരിപൂർണ്ണമാകാത്ത പരിണാമ സിദ്ധാന്തത്തിലാണ് നാസ്തികർ ആശ്രയിക്കുന്നത് എന്ന് “ദീപിക”യിൽ എഴുതുന്നുണ്ട്. ഇന്ത്യയിൽ പരിണാമ സിദ്ധാന്തത്തെ കുറിച്ച് പഠനം ആരംഭിക്കുമ്പോൾ തന്നെ ദീപിക ഈ വിഷയം കൈകാര്യം ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്(p.337 -341 ).
പ്രകൃതി നിയമങ്ങളുടെ പരിണാമത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന യാദൃച്ഛികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഡാർവിൻറെ പരിണാമ സിദ്ധാന്തം ദൈവ ആസ്തിക്യത്തെ നിഷേധിക്കുന്നില്ല എന്ന് “ലോകോൽപ്പത്തിയെ പറ്റിയുള്ള നിരീശ്വരാഭിപ്രായം ” എന്ന ദീപിക ലേഖനത്തിൽ പറയുന്നു.
വക്കം മൗലവി സവർണ്ണ ജാതി വ്യവസ്ഥയ്ക്ക് വേണ്ടി നില കൊണ്ട വ്യക്തിയാണെന്ന് ഇക്കാലത്ത് ചുരുക്കം പേർ ആക്ഷേപിക്കുന്നുണ്ടല്ലോ. ഇതിലെ വസ്തുതയെന്താണ്?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പൊതുധാരയിൽ വിശേഷിപ്പിക്കപ്പെട്ടിട്ടില്ലാത്ത (unsung) 101 സ്വാതന്ത്ര്യ സമര സേനാനികളെ ലിസ്റ്റ് ചെയ്‌തു . അതിൽ കേരളത്തിൽ നിന്നും 4 പേരുണ്ട്. അതിൽ പെട്ടവരാണ് കെ. കേളപ്പൻ, അക്കാമ്മ ചെറിയാൻ പിന്നെ വക്കം മൗലവിയും അദ്ദേഹത്തിന്റെ പത്രം, സ്വദേശാഭിമാനി യുടെ എഡിറ്റർ ആയിരുന്ന രാമകൃഷ്ണപിള്ള യും. അവരെ അനുസ്‌മരിച്ചു കൊണ്ട് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെൻറ് സ്പെഷ്യൽ പോസ്റ്റൽ കവർ പുറത്തിറക്കി. അത് പ്രസിദ്ധപ്പെടുത്തിയത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആണ്. മുസ്‌ലിം സമൂഹത്തിൽ നിന്നും ഉൾപ്പെട്ട ഏക വ്യക്ത വക്കം മൗലവിയാണ്.ഒന്നാമത്തെ കാരണം ഇതാണ്. രണ്ടാമതായി, കേരളത്തിൽ ശബരിമല സ്ത്രീ പ്രവേശനത്തോട് അനുബന്ധിച്ച് നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കുകയുണ്ടായി. അപ്പോൾ അതിൽ മുസ്‌ലിം സംഘടനകൾ പെട്ടിരുന്നില്ല. അതെന്താ മുസ്‌ലിംകൾക്ക് നവോത്ഥാനം ഉണ്ടായിട്ടില്ലേ എന്നൊരു ചോദ്യം ഉണ്ടായി ആ സമയത്ത് . യഥാർത്ഥ ത്തിൽ വക്കം മൗലവിയുടെ പരിഷ്‌ക്കരണ നടപടികൾ അതിൽ ഉൾപ്പെടുന്നതാണ്. ദൗർഭാഗ്യവശാൽ അത് ഉയർത്തി കൊണ്ടുവരുവാൻ ഇവിടെ സാധിക്കാതെ പോയി. അതേസമയം, ആ സ്ഥാനം ലഭിക്കുവാൻ ആഗ്രഹിക്കുന്ന വരിൽ നിന്നുമാണ് ഈ ചരിത്ര വിരുദ്ധമായ ആക്ഷേപം ചൊരിയൽ ഇടയ്ക്കിടെ ഉണ്ടാകുന്നത്. ബൗദ്ധീക സത്യസന്ധത യില്ലാത്തതാണ് ഇവയെന്ന് വക്കം മൗലവിയുടെ തന്നെ കൃതികൾ വച്ച് കൊണ്ട് ഈ ആക്ഷേപത്തെ പ്രതിരോധിക്കുവാൻ കഴിയും.
വക്കം മൗലവിയുടെ മൗലികമായ രചനകൾ അടിസ്ഥാനപരമായി, ഒരെണ്ണം പോലും പരിശോധിക്കുകയോ അതിനെ പരാമർശിക്കുകയോ ചെയ്തിട്ടില്ല ആ വിമർശകർ.. “സ്വദേശാഭിമാനി” എന്ന പത്രത്തെ വച്ച് കൊണ്ട് വക്കം മൗലവിയെ അക്രമിക്കുന്നതിൽ തികഞ്ഞ വ്യക്തിവിരോധം അദ്ദേഹത്തോടുള്ളത് പോലെ തോന്നുന്നുണ്ട്.
സ്വദേശാഭിമാനി വക്കം മൗലവിയുടെ സ്വന്തം പത്രം തന്നെയല്ലേ?
അതെ, സ്വന്തമാണ്. പക്ഷെ, വക്കം മൗലവി ഒരിക്കൽ പോലും “സ്വദേശാഭിമാനി” പത്രത്തിൻറെ എഡിറ്റോറിയൽ ഉത്തരവാദിത്തം എടുത്തിട്ടില്ല. അതിൻറെ ഉള്ളടക്കം തീരുമാനിക്കുവാനുള്ള അധികാരാം എഡിറ്റർക്ക് വിട്ടു കൊടുക്കുകയായിരുന്നു. പത്രത്തിൻറെ ഉടമസ്ഥാവകാശം മാത്രം അദ്ദേഹത്തിനും, പത്രത്തിൻറെ Managing Proprietor, എഡിറ്റർ എന്നത് രാമകൃഷണപിള്ളയ്ക്കും ആണെന്ന് കരാറായി, പത്രത്തിൻറെ മുൻ പേജിൽ തന്നെയിത് രേഖപ്പെടുത്തിയിരുന്നു. അഥവാ സ്വദേശാഭിമാനി എന്ന പത്രമല്ലായിരുന്നു തൻറെ ആത്യന്തിക ലക്ഷ്യം. എന്നാൽ ഇംഗ്ലണ്ടിൽ നിന്നും വരുത്തിയ ആ പ്രസ് ആയിരുന്നു. കാരണം പ്രിൻറ്റിംഗ് എത്രത്തോളം വിപ്ലവകരമാണെന്ന് അദ്ദേഹം ഇതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ തിരിച്ചറിഞ്ഞിരുന്നു. രാമകൃഷ്ണ പിള്ള ജാതി വ്യവസ്ഥയ്ക്ക് അനുകൂലമായി നിലകൊണ്ടെങ്കിൽ അതിന് അദ്ദേഹത്തെ മാത്രമാണ് വിമർശിക്കേണ്ടത്.
യൂറോപ്പിൻറെ പുരോഗതിയിൽ , തുടർന്ന് ലോകത്തെ സാമൂഹ്യ മാറ്റത്തിൽ പ്രിൻറിംഗ് പ്രസ് കൊണ്ടുവന്ന വ്യാപ്തിയും, സാധ്യതകളും മനസ്സിൽ കണ്ടാണ് തൻറെ നാട്ടിലുള്ള വലിയ മൂല്യമുള്ള സ്വന്തംവസ്തു വിറ്റ് പ്രസ് ഇംഗ്ലണ്ടിൽ നിന്നും വരുത്തുന്നത്. എത്രയോ കാലത്തെ ആലോചന അതിന് പിന്നിലുണ്ടെന്ന് ഒന്ന് ആലോചിച്ച് നോക്കുക. അതിശയകരമാണ്. അത്തരം ഒരു സാമൂഹ്യ പ്രവർത്തനം, പരിശ്രമം ഇന്ത്യയിലോ, ലോകത്തോ തന്നെ വേറെ ഉണ്ടോയെന്ന് സംശയമാണ്. മൂന്ന് പതിറ്റാണ്ടോളമാണ് ആ പരിശ്രമം വക്കം മൗലവി തുടർന്നത്.
വക്കം മൗലവി എന്ന പരിഷ്‌കർത്താവിന് ഈ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തിയുണ്ട്?
മറ്റു പല സമുദായങ്ങളിൽ ഉള്ളത് പോലെയല്ല, മറിച്ച് വക്കം മൗലവിയുടെ പരിഷ്‌ക്കരണ ചിന്തകൾക്ക് അതീവ പ്രാധാന്യം ഇന്ന് മുസ്‌ലിം സമുദായത്തിലുണ്ട്. കാരണം ഇന്നും മത മേധാവികളുടെ ആധിപത്യം ഇന്നും നിലനിൽക്കുന്നു. അതിൽ ആത്മ വിമർശനവും, പരിഷ്ക്കരണവും ചർച്ച പോലും ആകുന്നില്ലാത്തത് സാമൂഹ്യ നിശ്ചലതയെ സൂചിപ്പിക്കുന്നു.
മുസ്ലിം സമുദായത്തെ ആധുനികതയിലേക്ക് കൊണ്ടുപോകുവാൻ പരിശ്രമിച്ച, പരിഷ്കർത്താവ്, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട വിപ്ലവകാരി, മാനവികതയ്ക്കും മതേതര ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട ദേശീയവാദി, നിരവധി ഭാഷകൾ സ്വായത്തമാ യിരുന്ന മഹാപണ്ഡിതൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി ക്ക്(1873-1932) തികച്ചും അനുയോജ്യമാണ്. “ ബുദ്ധിപരമായി ഒരു വിപ്ലവകാരിയുടെ സാഹസികതയും വികാരപരമായി ഒരു യതി വര്യന്റെ ആത്മസംയമനവും സമം ചേർന്ന വ്യക്തിത്വം”, വക്കം മൗലവിയുടെ ജീവിതത്തിന് പഠനാർഹമായ ഒരു കുറിപ്പ് എഴുതിയ ഡോക്ടർ എൻ. എ കരീമിന്റെ വാക്കുകളാണ് ഇത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ പിറന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ആധുനിക വിദ്യാഭ്യാസം നൽകുവാനുള്ള സാമൂഹ്യബോധവും സാമ്പത്തികശേഷിയും ഉണ്ടായിരുന്നു എങ്കിലും വീട്ടിൽ വച്ചു കൊണ്ടുള്ള വിദ്യാഭ്യാസം ആണ് അദ്ദേഹത്തിന് നൽകപ്പെട്ടത്. ബാല്യകാലത്ത് തന്നെ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ അറിവിന്‍റെ മേഖലയിൽ സവിശേഷമായ ധിഷണാപാടവം കണ്ടെത്തിയത് അതിന് ഒരു വഴിതിരിവായി. വക്കം മൗലവി പ്രധാനമായും സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുത്തത് പത്രപ്രവർത്തനം ആയിരുന്നു. അതിന് ഈജിപ്തിൽനിന്നുള്ള ജമാലുദ്ദീൻ അഫ്ഗാനി യുടെയും മുഹമ്മദ് അബ്ദുവിന്റെയും മാധ്യമ പ്രവർത്തന പാരമ്പര്യം അതിൽ നിർണായകമായി സ്വാധീനിക്ക പെട്ടിട്ടുണ്ട്. സ്വദേശാഭിമാനി എന്ന പത്രം, മുസ്ലിം,അൽ ഇസ്ലാം, ദീപിക എന്നീ മാസികകൾ വക്കം മൗലവിയുടെ സ്വയം പ്രയത്നത്താൽ ഉണ്ടായി വന്നതാണ്. കാലഘട്ടത്തിന്റെ പ്രതിസന്ധികളെ അതി ജയിക്കാതെ വന്നപ്പോൾ വേറെ എല്ലാം അതിന്റെ യവനികയിൽ തന്നെ മറഞ്ഞുപോയി.
സാമൂഹ്യ പരിഷ്കരണവും അതോടൊപ്പം തന്നെ മുസ്ലിം സമുദായ പരിഷ്കരണവും ആയിരുന്നു വക്കം മൗലവിയുടെ അടിസ്ഥാന പ്രവർത്തന മണ്ഡലങ്ങൾ. മതത്തെ സംബന്ധിച്ചും ആധുനിക കാലഘട്ടത്തിൽ മതം പ്രതിനിധീകരിക്കപ്പെടേ ണ്ടത് ആഴത്തിൽ മനസ്സിലാക്കിയ വ്യക്തിയായിരുന്നു വക്കംമൗലവി. സാമൂഹ്യ പരിണാമങ്ങളെ കുറിച്ചും കൃത്യമായ അവബോധം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഹൃദയ പരിഷ്കരണത്തിന് ആഗോള ചലനങ്ങളെ മൗലവി സന്ദർഭോചിതമായി തന്നെ അനുഗമിച്ചിരുന്നു. ലോകത്തെ നിരവധി സാമൂഹ്യ ശാസ്ത്രജ്ഞരുടെയും സാഹിത്യകാരന്മാരുടെയും കാഴ്ചപ്പാടുകളെ സ്വാംശീകരിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം വീക്ഷണങ്ങൾ രൂപപ്പെടുത്തിയത്.. മൗലവി യുടെ “ദീപിക ” വായിച്ചു നോക്കിയാൽ അത് വളരെ കൃത്യമായി മനസ്സിലാക്കാം.
സാമൂഹ്യ- മത പരിഷ്കരണത്തിൽ പൊതുസമൂഹത്തിൽ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. “പൊതു ജനങ്ങൾ പല ശാതബ്ദങ്ങൾ ആയി മതമായി വിശ്വസിച്ച് ആചരിച്ചുവരുന്ന പല കാര്യങ്ങളും മതം അല്ലെന്നു അവരെ സമ്മതിപ്പിക്കുന്നു, അതിനൊപ്പം വൈഷമ്യമേറിയതായി ലോകത്ത് മറ്റൊരു കാര്യവുമില്ല”, എന്ന് മൗലവി എഴുതിയിട്ടുണ്ട്. മനുഷ്യന്റെ യുക്തിബോധത്തിന് നിരക്കാത്ത ആശയങ്ങൾ മതഗ്രന്ഥത്തിൽ കണ്ടാൽ യുക്തിയോട് ആണ് കൂറ് പുലർത്തേണ്ടത് എന്നും അദ്ദേഹം സമർത്ഥിച്ചു.