1921 പോരാട്ടത്തിന്റെ കിസ്സകൾ

 

­

 

മലബാർ സമര സംഭവങ്ങളുടെ കഥ പറയുന്ന ‘1921 പോരാട്ടത്തിന്റെ കിസ്സകൾ’ എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവും ചരിത്രഗവേഷകനുമായ ഡോ. ജമീൽ അഹ്മദ് ‘ദി പിൻ’ നോടു സംസാരിക്കുന്നു

 

താങ്കളുടെ “1921 പോരാട്ടത്തിന്റെ കിസ്സകൾ’ എന്ന പുസ്തകം പുറത്തിറങ്ങിയല്ലോ. മലബാറിലെ ഖിലാഫത്ത് പോരാട്ടത്തിന് നൂറ്റാണ്ട് തികയുന്ന ഈ വർഷത്തിൽതന്നെ നൂറിലേറെ പുസ്തകങ്ങളാണ് പ്രസ്തുത വിഷയത്തിൽ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തിൽ ഈ പുസ്തകത്തിനുള്ള വ്യത്യസ്തത എന്താണ്?

ശരിയാണ്. പല ചരിത്രവീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. അതൊരു നല്ല കാര്യംതന്നെയാണ്. ഈ മഹത്തായ സമരചരിത്രത്തെക്കുറിച്ച് ഇനി സംശയങ്ങളൊന്നും ബാക്കിയില്ല എന്നുതന്നെ പറയാം. കേരളത്തിൽ നടന്ന സ്വാതന്ത്ര്യ സമരങ്ങളിൽ ഏറ്റവും ഉജ്വലമായ ചരിത്രമാണ് മലബാറിലെ ഖിലാഫത്ത് പോരാട്ട ചരിത്രം. എന്നാൽ ഇത്രയും പുസ്തകങ്ങൾ ഈ വിഷയത്തിലുണ്ടായിട്ടും അവയിൽ കുട്ടികളെ ഉദ്ദേശിച്ചെഴുതിയ രചനകൾ കാണാൻ കഴിഞ്ഞില്ല. ഒരുപക്ഷേ, ഈ പുസ്തകമാകാം ആദ്യത്തേത്. ഇത്രയും പ്രധാനപ്പെട്ടൊരു സ്വാതന്ത്ര്യസമര ചരിത്രം കുട്ടികളുടെ ഭാഷയിൽ ആവിഷ്കരിക്കുന്ന ഒരു പുസ്തകംപോലും ഇതുവരെ അറിയപ്പെട്ടില്ല എന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു കുറവുതന്നെയാണ്. ആ കുറവ് നികത്താനുള്ള ഒരു ശ്രമം ഇതിലുണ്ട്. അതോടൊപ്പം കുട്ടികൾക്കു വേണ്ടി ഒരു സമരചരിത്രം തയ്യാറാക്കുമ്പോൾ അത് ഏറ്റവും വസ്തുതാപരവും അത്രയും ലളിതവുമാകണം. വലിയ ആളുകൾക്കു വേണ്ടി എഴുതുന്നതിലേറെ പ്രയാസമുള്ളതാണ് കുട്ടികൾക്കുള്ള എഴുത്ത്. ഏറെ ശ്രദ്ധയും സൂക്ഷ്മതയും ആ എഴുത്തിന് ആവശ്യമാണ്. ഒരേസമയം ലളിതവും ആകർഷണീയവും ആകണം. ആ വെല്ലുവിളി ഏറ്റെടുക്കുവാൻ കഴിഞ്ഞു എന്നതിൽ ആശ്വാസമുണ്ട്. അതോടൊപ്പം അത് വിജയിച്ചുവോ എന്ന് പറയേണ്ടത് ഇത് വായിച്ച കുട്ടികളാണ്. കൌമാരപ്രായത്തിലുള്ള മക്കളെ മുന്നിൽ കണ്ട് രചിച്ചതാണിത്. ഇതാ, പുസ്തകം ഇറങ്ങിക്കഴിഞ്ഞു. ഇനി ഇത് വായിച്ച കുട്ടികൾ അഭിപ്രായം പറയട്ടെ.

കേരളത്തിലെ ക്യാമ്പസ്സുകളിൽ പോസ്റ്റ് സെക്യുലറിസ്റ്റ്, പോസ്റ്റ് ഹ്യൂമനിസ്റ്റ് ആശയങ്ങളെക്കുറിച്ച് ഏറെ സംസാരിച്ച ക്യാമ്പസ് അലൈവ് പബ്ലിക്കേഷൻ ആണ് ഈ പുസ്തകം പുറത്തിറക്കുന്നത്. അതിനു ചുക്കാൻ പിടിക്കുന്ന എസ് ഐ ഒ പ്രവർത്തകർതന്നെയാണ് ഈ ആശയത്തെക്കുറിച്ച് എന്നോട് സംസാരിക്കുന്നത്. നേരത്തെ മലർവാടി മാസികയ്ക്കുവേണ്ടി ഈ വിഷയത്തിൽ ചില കുറിപ്പുകൾ ഞാൻ എഴുതിയിരുന്നു. അതിനെ പരിഷ്കരിച്ച് പരിഷ്കരിച്ചാണ് ഈ പുസ്തകമുണ്ടാകുന്നത്. ക്യാമ്പസ് അലൈവ് പ്രവർത്തകർതന്നെയാണ് അതിമനോഹരമായി ഈ പുസ്തകത്തെ സംവിധാനിച്ചതും. ഈ തലക്കെട്ട് നിർദേശിച്ചതും അവർതന്നെ. യുവാക്കളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഊർജമാണിത്. കുട്ടികളുടെ മനസ്സും അഭിരുചിയും അവർക്കാണല്ലോ കൂടുതൽ അറിയുക.

നേരത്തെ ടിപ്പുസുൽത്താൻ എന്ന ചരിത്രപുസ്തകവും കുട്ടികൾക്കുവേണ്ടി താങ്കൾ എഴുതിയിട്ടുണ്ട്. അതൊരു ജീവചരിത്രമാണ്. ഈ പുസ്തകത്തിൽ ഖിലാഫത്ത് പ്രക്ഷോഭത്തെ ആവിഷ്കരിക്കുന്നത് എങ്ങനെയാണ്?

പതിനെട്ട് കഥകളിലൂടെ ആ സംഭവങ്ങളെമുഴുവൻ കോർത്തിണക്കുക്കിയിരിക്കുകയാണ്. കഥകളാണ് കിസ്സകൾ. കിസ്സപ്പാട്ടിന്റെ വലിയൊരു പാരമ്പര്യം നമുക്കുണ്ടല്ലോ. കിസ്സകളിലൂടെയാണ് മാപ്പിളമാരുടെ പോരാട്ടവീര്യം സമുദായം ഉണർത്തിയിരുന്നത്. ഖുർആനിൽ യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുന്നിടത്ത് അഹ്സനുൽ ഖസ്വസ് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അനുയുക്തമായ കഥപറച്ചിലുകൾ എന്നാണതിന്റെ വിവക്ഷ. അത്തരം കഥകളെ ചരിത്രത്തിൽനിന്ന് കണ്ടെടുക്കുകയാണ് ചെയ്യുന്നത്. മാപ്പിളസമരത്തെക്കുറിച്ച് എഴുതപ്പെട്ട മുഖ്യ ചരിത്രഗ്രന്ഥങ്ങളൊക്കെ വായിച്ച് ശേഖരിച്ച പതിനെട്ട് സംഭവങ്ങളാണ് ഇവ. ഇവ കൂട്ടിച്ചേർത്തു വായിച്ചാൽ 1921 ലെ മലബാർ സമരത്തെക്കുറിച്ച് നല്ലൊരു ചിത്രം കുട്ടികൾക്ക് കിട്ടും. ലളിതമായ ഭാഷയിൽ ഈ ചരിത്രം അറിയാനാഗ്രഹിക്കുന്ന മുതിർന്നവർക്കും ഈ രചന ഉപയോഗപ്പെടും. അപ്പോൾ ചരിത്രം ചരിത്രംപോലെ അല്ല പറയേണ്ടത്. ചരിത്രത്തിലെ പല വിടവുകളെയും കൂട്ടിയോജിപ്പിച്ചും ചില അടരുകളെ ഒഴിവാക്കിയും ഒഴുക്കോടെ പറയണം. പൂർവാപരബന്ധം നിലനിറുത്തിക്കൊണ്ടുതന്നെ ചില സംഗതികളുടെ പ്രതിപാദനത്തിന്റെ ക്രമം മാറ്റണം. ഇങ്ങനെ കഥപറച്ചിലിന്റേതായ ചില ടിപ്സുകളൊക്കെ ഉപയോഗിക്കേണ്ടിവരും. ഇതേ ചരിത്രത്തെ ആസ്പദിച്ച് ഇപ്പോ പല നോവലുകളും പുറത്തുവന്നിട്ടുണ്ട്. ചില ചെറുകഥകളും ഉണ്ടായിട്ടുണ്ട്. കവിതകളും കിസ്സപ്പാട്ടുകളും നേരത്തേ ഉണ്ടല്ലോ. സിനിമകളും ഉണ്ടായി. ഇതാ ഒരു ബാലസാഹിത്യകൃതികൂടി അക്കൂട്ടത്തിൽ പുറത്തിറങ്ങുന്നു. അതിൽ ചേരാനായി എന്നതിൽ അഭിമാനമുണ്ട്.

കുട്ടികളുടെ വായന ഇപ്പോൾ വളരെ കുറഞ്ഞുവരുന്നു എന്ന് ചിലർ പറയാറുണ്ട്. അവർ ഇന്റർനെറ്റിന്റെയും കംപ്യൂട്ടറിന്റെയും ലോകത്ത് ചുരുങ്ങിപ്പോയിട്ടുണ്ട് എന്നും ആക്ഷേപിക്കുന്നു. ബാലമാസികകൾ പൂട്ടിപോവുകയാണ് എന്നത് അതിനു തെളിവാണ്. താങ്കളുടെ നിലപാടെന്താണ് ഈ വിഷയത്തിൽ?

കുട്ടികളുടെ പുസ്തകവായന നേരത്തെ ഉള്ളതിൽനിന്ന് കുറഞ്ഞിട്ടുണ്ട് എന്നത് സത്യംതന്നെയാണ്. എന്നാൽ അവരുടെ വായന കുറഞ്ഞു എന്ന അഭിപ്രായം പുനപ്പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. കടലാസിൽ അച്ചടിച്ചത് വായിക്കുക എന്നതിൽനിന്ന് സ്ക്രീനിൽ പകർത്തിയത് വായിക്കുക എന്ന രീതിയിലേക്ക് ആ വായന മാറിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഒരുപക്ഷേ, നേരത്തെ പുസ്തകം വായിച്ചിരുന്നതിനേക്കാൾ കൂടുതലായി ഇന്ന് അവർ സ്ക്രീനിൽ വായിക്കുന്നുണ്ട്. മറ്റൊരു കാര്യം മുതിർന്നവരും വായിക്കുന്നില്ല എന്നതാണ്. മുതിർന്നവർ വായിക്കാതെ കുട്ടികളുടെ വായനയെ മാത്രം കുറ്റപ്പെടുത്തിയിട്ട് ഫലമില്ല. കടലാസിൽ അച്ചടിച്ച വായന സ്ക്രീനിലേക്കുകൂടി പരിവർത്തിപ്പിച്ച് അവരുടെ അഭിരുചിയെ പരിപോഷിപ്പിക്കുകയാണ് വേണ്ടത്. വീഡിയോ പുസ്തകങ്ങളും ഓഡിയോ പുസ്തകങ്ങളും പുറത്തിറങ്ങട്ടെ. എസ് ഐ ഒ ഇപ്പോൾ ആവിഷ്കരിച്ചിട്ടുള്ള മാപ്പിള ഹാൽ എന്ന ഡിജിറ്റൽ അപ്ലിക്കേഷൻ അതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്. പുതിയകാലത്തിന്റെ വായനയിലേക്ക് മാപ്പിള സമര ചരിത്രത്തെ ചേർത്തുവെക്കാനുള്ള ഒരു ശ്രമമാണത്. വളരെയധികം അഭിനന്ദിക്കേണ്ട ചരിത്രപരമായ ഒരു ദൌത്യമാണ് ഈ യുവാക്കൾ ഏറ്റെടുത്തിരിക്കുന്നത്. അവരെ പിന്തുണക്കേണ്ടതുണ്ട്.

മാപ്പിളസമരചരിത്രത്തെ പല രീതിയിലും സമീപിക്കുന്നവരുണ്ട്. ആ സമരത്തെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കുന്നവരുമുണ്ട്. സമര പക്ഷത്തു നില്ക്കുന്നവരിലും വിവിധ അഭിപ്രായങ്ങളുണ്ട്. കുട്ടികൾക്കുവേണ്ടി ഈ ചരിത്രത്തെ രചിക്കുമ്പോൾ താങ്കൾ ഏതു പക്ഷത്താണ് നില്കുന്നത്?

ഇന്ത്യ ഇന്ന് അതി ഗുരുതരമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് അറിയാമല്ലോ. ഇന്ത്യയുടെ ഐക്യത്തെയും നാം ചരിത്രത്തിൽ കാഴ്ചവെച്ച നന്മകളെയും മുഴുവൻ തകർക്കാനുള്ള ഒരു ഗൂഢാലോചനയാണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് – ജന്മിത്വ വിരുദ്ധ സമരത്തിൽ മാപ്പിളമാരും മലബാറിലെ ജനങ്ങളും കാഴ്ചവെച്ച മതേതരമൂല്യങ്ങളിൽ അടിയുറച്ച ഈ സമരത്തെയും വർഗീയ വിഷത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ചിലരുടെ ശ്രമം. വരുന്ന തലമുറയെയെങ്കിലും ആ അപകടത്തിൽനിന്ന് രക്ഷിക്കേണ്ടതുണ്ട്. ആ ഒരു ബോധം മാത്രമാണ് ഈ രചനയിലെ ഓരോ വാക്ക് എഴുതുമ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നത്. ഇതു മാത്രമല്ല, കഴിഞ്ഞ ഒരു വർഷമായി ഈ വിഷയംതന്നെയാണ് പല രീതിയിൽ ഞാനടക്കമുള്ളവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോഴൊക്കെയും ഈ ബോധമാണ് ഞങ്ങളുടെയൊക്കെ മുന്നിലുള്ള ടാർഗെറ്റ്. എന്റെ സുഹൃത്തുക്കളായ ഡോ. ഹിക്മത്തുള്ള, സമീൽ, സമീർബിൻസി എന്നിവരൊക്കെ ഈ വിഷയത്തിൽ ശ്രദ്ധാലുക്കളാണ്. എനിക്ക് മാപ്പിളസമര ചരിത്രത്തിലെ പല കാണാവശങ്ങളും തുറന്നുതന്നത് പ്രമുഖ ആർകൈവിസ്റ്റായ യൂസുഫലിയാണ്. കെ ഇ എന്നുമായി ഞാൻ ഏറെ സംസാരിച്ചിട്ടുണ്ട്. പിന്നെ പല മേഖലയിലുള്ള സുഹൃത്തുക്കൾ. പല അഭിപ്രായങ്ങളും നിലപാടുകളും ഉണ്ട് ഞങ്ങൾക്ക്. പക്ഷേ, സംഘ്പരിവാറിന്റെ വംശീയ അജണ്ടകളെ എതിർത്തുതോൽപ്പിക്കുക എന്ന കാര്യത്തിൽ ഞങ്ങളൊക്കെയും ഒറ്റക്കെട്ടാണ്.

അപ്പോൾ, ഈ കൃതിയുടെയും പരമമായ മൂല്യം അതുതന്നെയാണ്. പൌരത്വത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയനിലപാടിന്റെയും പേരിൽ ഒരു വിഭാഗത്തെ വംശീയമായി ഉന്മൂലനം ചെയ്യുന്ന ഏതൊരു പ്രത്യയശാസ്തത്തെയും അനുഭാവത്തോടെ സമീപിക്കുക അസാധ്യമാണ്. ഈ കൃതി വായിക്കുന്ന ഓരോ കുട്ടിയും ബ്രിട്ടീഷ് സാമ്രാജ്യാധികാരത്തെയും ഹിംസാത്മക സവർണതയെയും തന്റെ ജീവിതത്തിലൊരിക്കലും അനുകൂലിക്കുകയില്ല. ചരിത്രം നല്കുന്ന ബോധം അത്രയും ശക്തമാണ്. തന്നെ ഉന്മൂലനം ചെയ്യാനായി പൊട്ടക്കിണറ്റിലേക്കിട്ട ഇക്കാക്കമാരെ യൂസുഫ് നബി പിന്നീട് കണ്ടുമുട്ടുന്നത് അദ്ദേഹം മിസ്റിന്റെ മന്ത്രി ആയ സമയത്താണ്. അവരുടെ ഒഴിഞ്ഞ പട്ടിണിച്ചാക്കുകളിൽ ധാന്യം നിറച്ചുകൊടുത്ത ശേഷം അവരോട് ”നിങ്ങൾ ഒരു കുട്ടിയെ കിണറ്റിലിട്ടവരല്ലേ?” എന്ന് ചോദിക്കുന്നുണ്ട്.

യൂസുഫിൻ്റെ പ്രതികാരമാണത്. മാപ്പിള യുവത്വം സാമ്രാജ്യത്വത്തോടും സവർണതയോടും ഇപ്പോൾ പലതും തിരിച്ച് ചോദിക്കുന്നുണ്ട്. അതാണ് ‘അഹ്സനുൽ ഖസ്വസി’ന്റെ രാഷ്ട്രീയ പാഠം.

Leave a Reply

Your email address will not be published. Required fields are marked *