നോവലിസ്റ്റും ചെങ്ങന്നൂർ ആർ.ഡി.ഒ കോടതിയിലെ ടെക്നിക്കൽ അസിസ്റ്റന്റുമായ എം.എ.വാഹിദ് , അദ്ദേഹത്തിന്റെ നോവൽ ‘ വെൽക്കം അനോനിമസി’ന്റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുന്നു
വളരെ വ്യത്യസ്തവും നിഗൂഢത ജനിപ്പിക്കുന്നതുമായ ഒരു പേരാണല്ലോ താങ്കളുടെ നോവലിന് ഇട്ടിരിക്കുന്നത്. “വെൽക്കം അനോണിമസ് .” ഈ പേരിലേക്ക് താങ്കൾ എങ്ങനെയാണ് എത്തിച്ചേർന്നത് ?
ആദ്യം നോവലിന് ഇട്ടിരുന്ന പേര് “സൂഫി സർക്കസ് “എന്നായിരുന്നു. പിന്നീട് അത് ഗ്രാന്റ് വിസാഡ് ആയി മാറി. പിന്നെ ആധാർ കാർഡ് മിസ്റ്ററി കേസായി , അവസാനം മുന്നിലേക്ക് വന്നു ചേർന്ന പേരാണ് ‘വെൽക്കം അനോണിമസ് ‘.ഇതിൽ രസകരമായ കാര്യമെന്താണെന്ന് ചോദിച്ചാൽ ഈ പേരുകളെല്ലാം തന്നെ ഈ നോവലിന് ആപ്റ്റായിരുന്നു എന്നതാണ്. പക്ഷേ ‘വെൽക്കം അനോണിമസ് ‘എന്ന പേരാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.
ആദ്യ രചനക്കു ക്രൈം ത്രില്ലർ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്. ?
പോപ്പുലർ ഫിക്ഷനിലുള്ള നോവലുകൾ തിരഞ്ഞുപിടിച്ചു വായിക്കുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ആകാംക്ഷ നിലനിർത്തി വായനക്കാരനെ അവസാനം വരെ മുൾമുനയിൽ നിർത്തി വായനയുടെ പുതിയൊരു ലോകം തീർക്കാൻ ഇത്തരം ജനപ്രിയ സാഹിത്യത്തിന് കഴിയാറുണ്ട്. സാഹിത്യ ലോകത്ത് നിന്നും ലഭിക്കുന്ന ഒരു പോസിറ്റീവ് വൈബും പ്രോത്സാഹനവുമാണ് ഈ genre തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ഈ നോവലിലേക്കുള്ള വഴിത്തിരിവ് എങ്ങനെ ആയിരുന്നു ?
നിയമസഭാ ബൈ ഇലക്ഷൻ സമയത്താണ് സിറ്റിസൺ വിജിലന്റ് എന്ന മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ച് ഞാൻ കേൾക്കുന്നത്. അതിന്റെ പ്രവർത്തനം എന്നിൽ ഉണ്ടാക്കിയ ഒരു കൗതുകമുണ്ട്. അതിനെ ചുറ്റിപ്പറ്റി നടന്ന രസകരമായ രംഗങ്ങൾ, കഥകൾ, ആക്റ്റുകൾ, റൂളുകൾ, എന്നിവയെ എന്റെ ചിന്തകൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ അവസരം നൽകി. ഈ കഥകൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ മോളൂട്ടിയോടും , സഹോദരിമാരോടും യുവ എഴുത്തുകാരായ ചില സുഹൃത്തുക്കളോടും പറഞ്ഞു. അവർ നൽകിയ പോസിറ്റീവ് റിയാക്ഷനാണ് വെൽക്കം അനോണിമസ് എന്ന നോവലിനു രൂപം നൽകാൻ ഒരു പരിധിവരെ കാരണമായത്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
നോവൽ രചനയിൽ അതിന് തീവ്രമായ ജീവിതാനുഭവങ്ങളും നിരീക്ഷണ ബോധവും പഠനഗവേഷണ തൽപരതയും വിശാലമായ ഭാവനാശകലവും വേണം. മാത്രമല്ല ആർ.ഡി.ഒ കോടതിയിലെ തിരക്കുകളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണല്ലോ , ഈ തിരക്കുകൾക്കിടയിൽ എങ്ങനെയാണ് നോവൽ എഴുതി തീർത്തത് ?
എല്ലാവർക്കും ദിവസവും ഉള്ളത് 24 മണിക്കൂറുകൾ മാത്രമാണല്ലോ. അതിനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നവർക്ക് മാത്രമേ ഈ ലോകത്ത് അത്ഭുതങ്ങൾ ചെയ്യാനാകൂ എന്ന് മനസ്സിലാക്കുന്നു. ജോലിത്തിരക്കുകൾ കഴിഞ്ഞ് കിട്ടുന്ന സമയം ഉപയോഗപ്പെടുത്തിയാണ് ഞാൻ നോവൽ പൂർത്തിയാക്കിയത്. അതിനു വേണ്ടി ഒരുപാട് സ്ട്രെയിനെടുത്തിട്ടുണ്ട്. കഥാപാത്രങ്ങുടെ വേദനയും സന്തോഷവും ഹാസ്യവും മറ്റ് വികാരവിചാരങ്ങളുമെല്ലാം ആദ്യം അനുഭവിക്കേണ്ടത് ഒരു എഴുത്തുകാരനാണല്ലോ , അത്തരത്തിൽ നോക്കുമ്പോൾ വളരെ ക്ഷമ വേണ്ട ഒരു കാര്യമാണ് കഥയെഴുതുക എന്നത്. ഒരുപാട് സ്ട്രെയിനെടുത്തൂ എന്ന് പറയാനുള്ള കാരണം അതാണ്.