യുവ എഴുത്തുകാരനും മലബാർ മുസ്ലിം ചരിത്ര ഗവേഷകനുമായ നസ്റുദ്ദീൻ മണ്ണാർക്കാട് അദ്ധേഹത്തിന്റെ ‘ കുമരം പുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും’ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ദി പിൻ നോടു സംസാരിക്കുന്നു :
‘കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും’ എന്ന ചരിത്ര പുസ്തകം എഴുതാനുണ്ടായ സാഹചര്യമെന്താണ്?
സീതിക്കോയ തങ്ങളുടെ നാടായ കുമരംപുത്തൂർ പള്ളിക്കുന്നിലാണ് ഞാനും ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവും സഹോദരനും പുത്രനുമൊക്കെ മറവ് ചെയ്യപ്പെട്ടിരിക്കുന്നത് ഞങ്ങളുടെ മഹല്ലായ കുമരംപുത്തൂർ ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിലാണ്. പക്ഷെ അദ്ദേഹത്തിന്റെ ജന്മ നാട്ടിൽ പോലും അദ്ദേഹത്തെക്കുറിച്ച് വല്ലതും അറിയുന്നവർ തുലോ തുച്ഛമാണ്. പുറം നാട്ടുകാരുടെ അവസ്ഥ അതിലും ദയനീയം. അങ്ങനെ ചരിത്രത്തിൽ വിസ്‌മൃതിയിലേക്ക് തള്ളേണ്ട വ്യക്തിയാണോ മലബാർ സമരത്തിന്റെ നാല് പ്രധാന നേതാക്കളിൽ ഒരാളായ സീതിക്കോയ തങ്ങൾ എന്ന ചിന്തയാണ് ഈ പുസ്തക രചനയുടെ പ്രേരണയും പ്രചോദനവും. പാലക്കാടിന്റെ ഭാഗമായ മണ്ണാർക്കാടിന്റെ പരിസര പ്രദേശങ്ങളിൽ നടന്ന പോരാട്ടങ്ങളും ഇതു പോലെ വിസ്മരിക്കപ്പെട്ടു പോയതായി കാണുന്നു. മലബാർ സമരം രേഖപ്പെടുത്തിയവർ എന്ത് കൊണ്ടാണ് ഞങ്ങളുടെ പ്രദേശത്തെ ഇത്ര മാത്രം അവഗണിച്ചതെന്ന് മനസ്സിലാവുന്നില്ല. ചെറുതല്ലാത്ത പോരാട്ടങ്ങൾ നടന്ന ഞങ്ങളുടെ പ്രദേശവും നാടിന്റെ വീര നായകനും വിസ്മരിക്കപ്പെട്ടിടത്ത് നിന്ന് ഞങ്ങളുടെ നാടിന്റെ ചരിത്രം ഞങ്ങൾ തന്നെ രചിക്കുകയാണ്. അതിന്റെ തുടക്കം മാത്രമാണ് ഈ പുസ്തകം. വാരിയം കുന്നത്ത് സ്മാരകം പോലെ, ആലിമുസ്ലിയാർ സ്മാരകം പോലെ സീതിക്കോയ തങ്ങളും അർഹിക്കുന്നുണ്ട് ഒരു സ്മാരകം. അതിലേക്കുള്ള ആദ്യ ചവിട്ടു പടിയായാണ് ഞാൻ ഈ രചനയെ കാണുന്നത്.
സീതിക്കോയ തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത് എങ്ങനെയാണ്?
ചരിത്ര പുസ്തകത്തിന്റെ താളുകളിൽ ഒരു പേജ് പോലും മുഴുവനായി ക്രോഡീകരിക്കപ്പെടാത്ത ഒരാളാണ് സീതിക്കോയ തങ്ങൾ. അങ്ങിങ് ചെറിയ പരാമർശങ്ങൾ മാത്രമേയുള്ളു. ഈ ശൂന്യതയിൽ നിന്ന് തുടങ്ങിയ അന്വേഷണം അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള വിവരണങ്ങളും ബ്രിട്ടീഷ് രേഖകളെ അവലംബിച്ചും നാട്ടിലെ വാമൊഴികളെ ചേർത്ത് വെച്ചും പൂർത്തിയാക്കുകയാണുണ്ടായത്. ഓരോ ഭാഗത്തിനും കൃത്യമായ റഫറൻസ് ചേർത്തിട്ടുണ്ട്. സീതിക്കോയ തങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മാത്രം 53 റഫറൻസുകൾ നൽകിയിട്ടുണ്ട്. കഴിയുന്നത്ര ആധികാരികമായ പഠനമാണ് നടത്തിയത്. സീതിക്കോയ തങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇനിയുള്ള കാലം ഈ പുസ്തകം ആർക്കും അവലംബിക്കാൻ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
സീതിക്കോയ തങ്ങളെ കൂടാതെ പാലക്കാടൻ പോരാളികളെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ . അതിനെ കുറിച്ച് ?
മലബാർ സമരത്തിന്റെ മഹത്തായ ലക്ഷ്യങ്ങളെ അണു മണിത്തൂക്കം കൈവിടാത്ത പോരാട്ടങ്ങൾ നടന്ന നാടാണ് മണ്ണാർക്കാടും പരിസരങ്ങളും. മാപ്പിളമാരെക്കാൾ സമരത്തിൽ പങ്കാളികളായ അമുസ്ലിംകളുടെ ചരിത്രങ്ങൾ ഞങ്ങൾക്ക് പറയാനുണ്ട് . അവരെ ഇക്കാലത്ത് രേഖപ്പെടുത്തുക തന്നെ വേണമെന്ന് തോന്നിയതിനാലാണ് പുസ്തകത്തിന്റെ പേരിൽ തന്നെ അത് പരാമർശിച്ചത് . ഞങ്ങളുടെ നാടിന്റെ ചരിത്രം മാത്രം മതി മാപ്പിളമാരുടെ സമരത്തെ വക്രീകരിക്കുന്നവരുടെ വാദങ്ങളുടെ മുനയൊടിക്കാൻ. അതോടൊപ്പം അക്കാലത്തെ പ്രധാനപ്പെട്ട മാപ്പിള നേതാക്കന്മാരെയും രേഖപ്പെടുത്തിയിട്ടുണ്ട് . ചുരുക്കത്തിൽ ഇത് ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടവരുടെ ചരിത്രമാണ് .
ജന്മ നാട്ടിൽ വലിയ വേദിയൊരുക്കിയാണല്ലോ പുസ്തക പ്രകാശനം നടക്കുന്നത് . എന്താണ് ജന്മ നാട്ടിലെ പ്രതികരണങ്ങൾ?
ജനുവരി 9 ന് സീതിക്കോയ തങ്ങളുടെ വീര മരണത്തിന് 100 വർഷം തികയുകയാണ് . കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം അദ്ദേഹത്തിനെ വേണ്ട വിധം മനസ്സിലാക്കാനോ സ്മരിക്കുവാനോ കഴിയാതിരുന്ന ജന്മ നാട് ഈ പ്രകാശന ചടങ്ങ് വലിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് . ജാതി മത ഭേദമന്യേ ജനങ്ങൾ ഇതിന്റെ പ്രചാരണ പരിപാടികളിൽ വ്യാപൃതരായി മുന്നോട്ട് പോവുന്ന കാഴ്ചയാണ്. നൂറു ഫ്ലെക്സ് ബോർഡുകളാണ് ആളുകൾ രണ്ടു രാത്രികൾ കൊണ്ട് ഒരു പ്രതിഫലേച്ഛയും കൂടാതെ കെട്ടിയത് . ഇത്ര വലിയ ആവേശം ഒരു കാലത്തുമുണ്ടായിട്ടില്ല . സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മാസങ്ങളോളം മാറ്റി നിറുത്തി സമാന്തര ഭരണം സ്ഥാപിച്ച നാല് പേരിൽ ഒരാൾ തങ്ങളുടെ നാട്ടുകാരൻ ആയിരുന്നുവെന്ന തിരിച്ചറിവ് തന്നെയാണ് ഇതിനു പിന്നിൽ .