യുവ എഴുത്തുകാരനും യാത്രികനുമായ ഇഖ്ബാൽ വി. സ് ലേഡിബേഡ്, അദ്ധേഹത്തിന്റെ ‘തുടക്കക്കാരന്റെ കൗതുക ലോകം ‘ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ദി പിൻ നോടു സംസാരിക്കുന്നു
‘തുടക്കക്കാരൻ്റെ കൗതുകലോകം’ എന്ന പേരിൽ ഇങ്ങനെയൊരു പുസ്തമെഴുതാനുണ്ടായ പ്രചോദനം എന്താണ്?
ഒറ്റവാക്കിൽ പറയൽ അസാധ്യമാണ്. 2010 മുതൽ ഞാൻ ഡെയ്ലി ഡയറി എഴുതാറുണ്ട്. അതിൽ അവസാന പേജിലെ നോട്ട്സില്‍ അന്ന് ഞാൻ നടത്തിയിരുന്ന ചെറിയ ചെറിയ യാത്രകളെ കുറിച്ച് എഴുതാറുണ്ടായിരുന്നു. ശനി ഞായർ ദിവസങ്ങളിൽ കുഞ്ഞുമ്മാടെ വീട്ടിൽ ടി.വി കാണാൻ പോകുന്നതും, ഒന്ന് രണ്ട് കൊല്ലം കൂടുമ്പോൾ ഗൾഫിൽ നിന്ന് നാട്ടിൽ വരുന്ന ഉപ്പാന്റെ കൂടെ വീക്കെന്റിൽ ബീച്ചിൽ പോകുന്നതും പിന്നെ നൂറ്റാണ്ടിലൊരിക്കൽ കുടുംബക്കാരുമൊത്ത് തീവണ്ടിയിൽ തൃശ്ശൂരിലെ മാമീടെ വീട്ടിൽ പോകുന്നതൊക്കെ വല്യ ആഘോഷമാക്കി അഞ്ചും ആറും പേജുകളിലായി ഞാൻ എഴുതാറുണ്ടായിരുന്നു. അവിടെ നിന്നാണ് ട്രാവലോഗിന്റെ തുടക്കമെന്ന് വേണമെങ്കിൽ പറയാം. പക്ഷെ അതൊക്കെ ഒരു യാത്രവിവരണമായിരുന്നില്ല മറിച്ച് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഡയറിയോട് പങ്കുവെച്ചതായിരുന്നു. പിന്നീട് 2018-ൽ എന്റെ സ്വപ്നയാത്രയുടെ ചെറിയൊരു ഭാഗം നിർവ്വഹിച്ച ശേഷം ആ കഥകൾ ഫേസ്ബുക്കിലൂടെയും The Pin എന്ന വെബ് പോർട്ടലിലൂടെയും പങ്കുവെച്ചിരുന്ന നാളുകളിൽ പ്രിയ ജേഷ്ഠൻ നഫ്സൽ ഐനിയും അതുപോലെ ഹഫീദ് നദ്‌വി, സാജിദ് നദ്‌വി എന്നിവർ ഒത്തിരി പിന്തുണയും പ്രോത്സാഹനവും നൽകി. ആ സമയത്താണ് എത്ര നന്ദി പറഞ്ഞാലും മതിവരാത്ത പ്രിയപ്പെട്ട അല്‍ ജാമിഅ സ്റ്റുഡന്റ്സ് ഡീന്‍ അജ്മൽ ഇക്ക ആ യാത്ര വിവരണങ്ങളൊക്കെ പ്രിന്റ് ചെയ്ത് ഒരു ഫയലിലാക്കി തരുവാൻ പറഞ്ഞത്. അത് ഇക്കാക്ക് കൈമാറിയതിലൂടെയാണ് ഇതൊരു പുസ്തകരൂപത്തിലാക്കാനുള്ള മരുന്ന് ഉണ്ടെന്നുള്ള വിശ്വാസം എനിക്ക് വന്നത്. ഒപ്പം പ്രിയസഹപാഠിയും പുസ്തകത്തിന്റെ എഡിറ്ററും കൂടിയായ അബ്ദുറഹ്‌മാന്റെ നിരന്തരമായുള്ള ആവേശമാക്കലും എന്നെ പോലൊരു മടിയനിൽ നിന്നും എന്നെയൊരു പുസ്തകത്തിന്റെ രചയിതാവാക്കിയത്.
താങ്കളുടെ എഴുത്തു ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എന്തെല്ലാമാണ്?
മുന്നേ പറഞ്ഞ പോലെ ചെറുപ്പം മുതൽ എഴുത്ത് വല്ലാതെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ 2014 മുതൽ സ്വന്തമായൊരു ബുക്ക് എഴുതണം എന്ന സ്വപ്നം തലക്കകത്ത് കേറി കൂടിയായിരുന്നു. തുടർന്ന് 2014-ൽ ആനി ഫ്രാങ്കിന്റെ “The Diary of a young girl” എന്ന പുസ്തകത്തിന്റെ സ്റ്റൈലില്‍ ഒരു കൃതി എഴുതിരുന്നു. കണ്ണൂർ പഠന കാലത്തിന്റെ ആദ്യ നാളുകൾ വിശദമാക്കി ഒരു ഡയറി നിറയേ എഴുതി. പത്ത് പതിനഞ്ച് പേപ്പർ എക്സ്ട്രാ ഒട്ടിച്ചൊക്കെയാണ് ആ കൃതി പൂർത്തിയാക്കിയത്. ശേഷം ‘മതിലുകൾ ഇല്ലാത്ത ഓർമകളുമായി നമ്മൾ’ എന്ന പേരിൽ എന്റെ ആത്മകഥ എഴുതുവാൻ ഒരു ശ്രമം നടത്തിരുന്നു. 200 പേജ് വരുന്ന മൂന്ന് പുസ്തകത്തോളം എഴുതിയിട്ടും എനിക്ക് എന്റെ ഒമ്പതാം ക്ലാസ്സ് വരെ എത്താനെ സാധിച്ചിട്ടുള്ളു. പിന്നെ ആ ശ്രമം തിരക്കുകൾ കാരണം നിന്നു പോയി. അതിനും ശേഷമാണ് തുടക്കകാരന്റെ കൗതുകലോകം എഴുതുന്നത്. 2020 ജനുവരി ആദ്യവാരം എഴുത്തും മറ്റു പണികളും പൂർത്തിയായി ഏപ്രില്‍ 16ന് പ്രകാശനം തീരുമാനിച്ച് സുഹൃത്ത് അഫ്സല്‍ ഹുസൈന് ഫൈനൽ എഡിറ്റ് ചെയ്യാൻ കൈമാറിയ ശേഷമാണ് കോവിഡിന്റെ തുടക്കവും ലോക്ക്ഡൗണിന്റെ കുരുക്കും ലോകത്തെ ബാധിച്ചത്. പിന്നീട് ഫിനാൻഷ്യലി ഒരു തിരിച്ച് വരവ് അസാധ്യമായ വിധം മൊത്തത്തിൽ ഡൗണ്‍ ആയി. അങ്ങനെ അത്രയും കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്നമായ പുസ്തകം അവിടെ കുഴിച്ചുമൂടി എന്നു തന്നെ പറയാം. ആ ദുരന്ത നാളുകളിൽ എന്റെ അണഞ്ഞു പോയ സ്വപ്നങ്ങൾക്ക് ഒരു പുതുജന്മം നൽകി The Pin രംഗത്ത് വരുകയും അതിലെ ഒരോ അധ്യായങ്ങളും ലോകർക്ക് മുന്നിൽ വായനക്കായി എത്തിക്കുകയുമുണ്ടായി. ആരോരുമറിയാതെ പോകേണ്ടിയിരുന്ന എന്റെ സ്വപ്നത്തെ എനിക്ക് തരികെ തന്ന The Pin ന് ഒരായിരം നന്ദി.
ഈ കാലത്തിനിടയിൽ താങ്കൾ ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത സ്ഥലങ്ങളേതെല്ലാമാണ്?
സഞ്ചരിച്ച സ്ഥലങ്ങൾ വളരെ കുറവാണ്. കുറേ സ്ഥലങ്ങൾ കണ്ടു തീർക്കുക എന്നതിലുപരി ഞാൻ ആനന്ദം കണ്ടെത്തിയിരുന്നത് ആ ഒരു ഒഴുക്കിനെയാണ്. കഴിഞ്ഞ നാല് കൊല്ലത്തിനിടെ കേരളത്തിന് പുറത്ത് ഒത്തിരി യാത്രകൾ നടത്തി. പക്ഷെ അതിൽ പകുതിയും പോയിടത്തേക്ക് തന്നെ വീണ്ടും വീണ്ടും പോയതാണ്. എന്റെ ആസ്വാദനം അല്ലെങ്കില്‍ എനിക്കിഷ്ടം ഇങ്ങനെ എപ്പോഴും മൂവ് ആയി കൊണ്ടിരിക്കുക എന്നതാണ്. ജാലകത്തിലൂടെ നിലക്കാതെ ചലിച്ച് കൊണ്ടിരിക്കുന്ന കാഴ്ച്ചകളിൽ നോക്കിയിരിക്കുക, അതിനിടെ ചെറുതായി മയങ്ങുക, ഓർമകൾ അയവിറക്കുക, ചിന്തിക്കുക, കരയുക, ചിലപ്പോൾ എന്തെങ്കിലും കുത്തി കുറിക്കുക, എന്നൊക്കെയാണ്. യാത്രയിൽ പാട്ട് കേൾക്കുന്നത് പോലും വളരെ കുറവാണ്. അതിനർത്ഥം സംഗീതം ആസ്വദിക്കലും സിനിമ കാണലും തീരെ ഇല്ല എന്നല്ല. അത്യാവശം അതുമുണ്ട്. പ്രത്യേകിച്ച് ഈ അടുത്തായി കുറച്ചധികം സമയം യാത്രയിൽ അതിനായും കണ്ടെത്താറുണ്ട്. എല്ലാത്തിലുമുപരി യാത്രയിലായി ഇങ്ങനെ ചലിച്ച് കൊണ്ടേയിരിക്കുക എന്നതു തന്നെയാണ് എനിക്കിഷ്ടം. ആ മൂവിംഗില്‍ എനിക്ക് കിട്ടുന്ന അനുഭൂതിയാണ് എന്റെ ആനന്ദം. പിന്നെ കണ്ട സ്ഥലങ്ങൾ ആണെങ്കിൽ കർണാടകയിലെ മംഗലാപുരം, ബാഗ്ലൂര്‍, മൈസൂര്‍, കൂര്‍ഗ്, ഹംപി, ഉഡുപ്പി, കുശാല്‍നഗര്‍, ചിക്ക്മംഗ്ലൂരു, ഉത്തർപ്രദേശിലെ ലഖ്നൗ, റായ്ബറേലി, ആഗ്ര, സഹാറന്‍പൂര്‍, ഹിമാചൽ പ്രദേശിലെ ഷിംല, മണാലി, കസോള്‍, കിലോംഗ്, മലാന ഗ്രാമം,
ഹരിയാനയിലെ കല്‍ക, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, ഔറംഗാബാദ്, ഗുജറാത്തിലെ അഹ്‌മദാബാദ്, രാജസ്ഥാനിലെ ഉദൈപൂര്‍, ജോധ്പൂര്‍, നാഗൂര്‍, ജൈസാല്‍മീര്‍, ജൈപൂര്‍, അജ്മീര്‍, പുഷ്കര്‍, പഞ്ചാബിലെ അമൃത്‌സര്‍, തെലങ്കാനയിലെ ഹൈദരാബാദ് , ജമ്മുകശ്മീരിലെ ശ്രീനഗര്‍, കാര്‍ഗില്‍, ലഡാക്ക്, തമിഴ്നാട്ടിലെ കന്യാകുമാരി, കമ്പം, തേനി, കോയമ്പത്തൂർ, സേലം, പിന്നെ ഡല്‍ഹി നിസാമുദ്ധീന്‍ എന്നിങ്ങനെ ഒത്തിരി ഒത്തിരി പ്രദേശങ്ങൾ .
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാൻ തെക്കൻ കേരളവും തമിഴ്നാടും തീരെ കണ്ടിട്ടില്ല. തൊട്ടടുത്ത് കിടക്കുന്ന ആലപ്പി, ഇടുക്കി, ഊട്ടി, കൊടേക്കെനാൽ, ആതിരപള്ളി, ധനുഷ്കൊടി ഒന്നും ഇതുവരെ പോയിട്ടില്ല. എന്റെ നാട് കാണുന്നെങ്കിൽ അത്രക്കും ആഴത്തിൽ അൽപം സമയമെടുത്ത് തന്നെ കാണണം എന്നാണ് എന്റെ ആഗ്രഹം.
‘തുടക്കക്കാരൻ്റെ കൗതുക ലോകത്തിലെ’ പ്രത്യേകതകളെക്കുറിച്ച് വിവരിക്കാമോ?
മൂന്ന് നാല് കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി യാത്രയുടെ മാനദണ്ഡം പണം അല്ല. എന്നു കരുതി കൈയിൽ ഒരു രൂപ പോലുമില്ലാതെ നടത്തുന്ന യാത്രകളെ ഒരർത്ഥത്തിലും ഞാൻ പ്രോൽസാഹിപ്പിക്കുകയോ പ്രശംസിക്കുകയോ ഇല്ല. 2017കളിൽ പത്ത് പതിനഞ്ചോളം തവണ ടിക്കറ്റ് എടുക്കാതെ തീവണ്ടി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്. എറണാകുളത്ത് വെച്ച് കാശില്ലാഞ്ഞിട്ട് മന:പൂർവ്വം യാചിച്ചിട്ടുമുണ്ട്. അതും ഒന്നിലേറെ തവണ. പക്ഷെ യാത്രക്കൊരു സത്യമുണ്ട് , സർവ്വേശ്വരൻ ഏറെ ആദരിച്ച ഒരു കർമ്മമാണ് യാത്ര, അതിലേറെ അതൊരു ധർമ്മമാണ് എന്ന ബോധ്യം വന്ന അന്നു മുതൽ കഴിഞ്ഞ നാല് കൊല്ലത്തിനിടെ നിഷിദ്ധമായ ഒരു യാത്ര പോലും ഞാൻ നടത്തിയിട്ടില്ല. കൈയ്യിൽ തീരെ കാശില്ലെങ്കിൽ മാത്രം ദീർഘദൂര യാത്രകൾക്കായി കേരളത്തിന്റെ അകത്ത് മാത്രം ഹിച്ച് ഹൈക്ക് ചെയ്യാറുണ്ട്.
ഞാൻ പറഞ്ഞു വന്നത് യാത്രയുടെ എന്നല്ല നമ്മുടെ പാഷന്റെ, സ്വപ്നത്തിന്റെ മുൻഗണനാക്രത്തിൽ ഒരിക്കലും പണം ആദ്യം വരരുത്. സമ്പത്തിനെ പരിഗണിച്ച് സ്വപ്നങ്ങൾ ഒരോന്നായി എത്തിപ്പിടിക്കാം അഥവാ പണം വന്നിട്ട് സ്വപ്നത്തിന്റെ പിന്നാലെ പോകാം എന്നു കരുതിയാൽ അതെത്രത്തോളം സാധ്യമാകും എന്ന് കണ്ടറിയാം. നല്ല സാമ്പത്തിക പശ്ചാത്തലം തീരെയില്ലാത്ത ഒരു ഫാമിലിയാണ് കഴിഞ്ഞ അഞ്ച് ആറ് കൊല്ലമായി എന്റെത്. പക്ഷെ ചെറുപ്പകാലം മുതലുള്ള എന്റെ എല്ലാ സ്വപ്നങ്ങളും ഞാൻ നേടിയെടുത്തത് ഈ കാലത്താണ്. അൽ ജാമിഅയിലെ പഠനം, എന്റെ യാത്രകൾ, ഈ പുസ്തകം എന്നിങ്ങനെ എല്ലാം. നമുക്കൊരു സ്വപ്നമുണ്ടെങ്കിൽ അത് മനസ്സിലിട്ട് താലോലിച്ച് താലോലിച്ച് പൂർണ്ണമായും പടച്ചവനിലേക്ക് സമർപ്പിക്കുക. He will fullfill our dreams at the right time, because he knows everything and he knows what’s best for us… ചിലപ്പോൾ കുറച്ച് Time എടുക്കും, അത് മറ്റൊന്നും കൊണ്ടല്ല, കൊതിയോടെ കാത്തിരുന്ന് ഒരു സാധനം നമുക്ക് കിട്ടുമ്പോൾ ഉള്ള സുഖം അത് വാക്കുകൾക്ക് അധീതമാണ്. നമ്മൾ അത്രമേൽ ആശിച്ച ഒരു കാര്യം അതിന്റെ മനോഹാരിതയുടെ പൂർണ്ണത നമ്മുക്ക് പര്യവേക്ഷണം നടത്താനായി പടച്ചവൻ നീട്ടി വെക്കുന്നതാണ്. കഷ്ടപ്പെട്ട് നേടിയെടുക്കുന്നതിനേ വിലയുള്ളൂ. ആസ്വാദനത്തിന്റെ പൂർണ്ണത കാത്തിരിപ്പിലാണ്.
രണ്ടാമതായി എനിക്ക് പറയാനുള്ളത് ഒരു യാത്രക്കായി നമ്മൾ എടുക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചാണ്. പ്രവാചകൻ മുഹമ്മദ് (സ) മൂന്ന് വർഷമാണ് ഹിജ്റക്ക് വേണ്ടി തയ്യാറെടുത്തത്. ഇസ്‌ലാമിക ചരിത്രത്തിന്റെ നാഴികക്കല്ലായ ഹിജ്റയാണ് പൂർണ്ണമായൊരു യാത്രയുടെ രൂപമായി ഞാൻ മനസ്സിലാക്കുന്നത്. അങ്ങനൊരു വ്യക്തമായ പ്ലാന്‍ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നതാണ് അപ്രതീക്ഷിതമായി ഒരു രാത്രി ശത്രുക്കൾ തന്നെ വകവരുത്താൻ വീട് വളഞ്ഞ സന്ദർഭത്തിൽ നിഷ്പ്രയാസം മക്കയിൽ നിന്നും യഥ്‌രിബിലേക്ക് എത്തുവാൻ പ്രവാചകന് സാധിച്ചത്. മക്കാനിവാസികൾ ഒന്നടങ്കം എതിരെ നിന്ന ആ സന്ദർഭത്തിൽ പ്രവാചകൻ ഒരു മനുഷ്യൻ എന്ന നിലക്ക് തനിക്ക് ചെയ്യുവാൻ കഴിഞ്ഞ സകല possiblities ഉം ഉപയോഗിച്ച ശേഷം അതിനെ പൂർണ്ണമായി തമ്പുരാനെ ഭരമേൽപ്പിച്ചു. ഹിജ്റയുടെ വിജയം മന്ത്രമോ മായാജാലമോ അല്ല, മറിച്ച് മാനുഷികമായ അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളും ശേഷം അതിനെ പടച്ചവനിലേക്ക് പൂർണ്ണമായി ഭരമേൽപ്പിക്കലുമായിരുന്നു.
എന്തിലും നമുക്ക് മാതൃക കാണിച്ച് തന്ന പ്രവാചകന്റെ ഇതേ ശൈലിയാണ് നമ്മളും സ്വീകരിക്കേണ്ടത്. പോകുന്നിടത്തെ പറ്റിയും അവിടെത്തെ നിലവിലെ സാഹചര്യങ്ങളെയും മറ്റു സാധ്യതകള പറ്റിയും ഒരു വ്യക്തമായ view ഉണ്ടാക്കിയെടുക്കുക. ഇന്നത്തെ social mediaയുടെ സഹായത്തൽ അത് സിംപിൾ ആണ്. അങ്ങനെ ഒരു മുൻധാരണ നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ പണവും സമയവും സെറ്റാകുന്ന ആ നിമിഷത്തിൽ യാത്ര പുറപ്പെടാം.
ഈ രചന കൂടുതലും ഉപകാരപ്പെടുന്നത് പള്ളി ദറസ്സുകളിലും ഇസ്ലാമിക കലാലയങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും ചരിത്രയിടങ്ങളിലേക്ക് യാത്ര പോകുവാൻ ആഗ്രഹിക്കുന്നവർക്കുമാണ്. തങ്ങളുടെ തുടർ പഠനത്തിനും വൈജ്ഞാനിക യാത്രകൾക്കുമുള്ള ഒരു വലിയ ത്വര എന്റെ ഈ രചനയിലൂടെ സാധ്യമാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
പ്രത്യേകിച്ച് ഇതിന്റെ രണ്ടാം പകുതി മുതൽ ഞാൻ മനസ്സിൽ കണ്ട സ്രോതാക്കളും ഇക്കൂട്ടർ തന്നെയാണ്. ഒപ്പം നമ്മേ പടച്ച സൃഷ്ടാവിനെ മറന്നുള്ള വെറും ആഘോഷങ്ങൾ മാത്രമല്ല അവന്റെ സൃഷ്ടി വൈഭവങ്ങളെ കാണാനും അതിലൂടെ അവനിലേക്കെത്താനുമുള്ള ഒരു ആത്മീയ പാതയാണ് ഓരോ യാത്രയും. അതിനാൽ ദൈവിക സ്മരണ കൈവിടാതെ, അഥവാ ഇഹലോകത്തിന്റെ കൊഴുത്ത ചതിക്കെട്ടിൽ മതിമറന്നു പോയാൽ പോലും നിർബന്ധമായും നമ്മൾ പാലിക്കേണ്ട ചില ചെറിയ കാര്യങ്ങൾ കൈവിടാതെ സൂക്ഷിക്കാൻ എത്രത്തോളം നാം കരുതലെടുക്കണം എന്നു കൂടി ഓർമപ്പെടുത്തുന്നുണ്ട്; പലപ്പോഴും അതിൽ പാളിച്ച വരുത്തിയ ഒരു പാപിയുടെ ഏറ്റുപറച്ചിലിലൂടെ .