ദില്ലീനാമ

 

ദില്ലിയിലെ മുസ്ലിം ചരിത്രത്തോടും, ചരിത്ര നിർമിതികളാടുമുള്ള ഐക്യപ്പെടലാണ് ‘ദില്ലീനാമ’ 

യുവ എഴുത്തുകാരനും പണ്ഡിതനുമായ സബാഹ് ആലുവ, അദ്ധേഹത്തിന്റെ ‘ദില്ലീനാമ’ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച്   ‘ദി പിൻ ‘ നോടു സംസാരിക്കുന്നു

‘ദില്ലീനാമ’ എന്ന പുസ്തകം എഴുതാനുണ്ടായ സാഹചര്യം?

‘ദില്ലീനാമ’ എന്ന പുസ്തകം ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തെ മാത്രം മുൻനിർത്തി എഴുതിയ പുസ്തകമല്ല. എന്നാൽ സമകാലിക ഇന്ത്യയിലെ പ്രത്യേകിച്ച് ദില്ലിയിലെ ചില സംഭവ വികാസങ്ങൾ ‘ദില്ലീനാമ’ യെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാം. ഏഴ് നഗരങ്ങൾ ചേർന്ന ദില്ലിയിലെ മുസ്ലിം കാലത്തെ അടുത്തറിയാനുള്ള എൻ്റെ ശ്രമങ്ങളാണ് ‘ദില്ലീനാമ’ വായനക്കാരനുമായി പങ്കുവെക്കുന്നത്. ദില്ലിയിലെ സ്ഥലപേരുകളുടെ പിന്നാമ്പുറങ്ങൾ തേടിയിറങ്ങിയ യാത്രകളായിരുന്നു കൂടുതൽ ആകാംക്ഷ നിറഞ്ഞ വഴികളിലൂടെ എന്നെ സഞ്ചരിപ്പിച്ചത്. തുഗ്ലക്കാബാദ്, ചെറാഗേ ദില്ലി, ഹോസ് ഖാസ്, സീറി, തിസ് ഹസാർ, എന്നിവ അതിൽ ചിലത് മാത്രം. മാത്രമല്ല പല സ്ഥലപേരുകൾക്ക് പിന്നിലുള്ള കഥകളും ചരിത്രവും കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നതായിരുന്നു. അതോടെ യാത്രകളുടെ ലക്ഷ്യം തന്നെ അന്വേഷണങ്ങളായി മാറി. ചെറിയ കുറിപ്പുകൾ എഴുതാൻ ആരംഭിച്ചത് മുതൽ ഒരിക്കൽ സന്ദർശിച്ച വീഥികളും നിർമിതികളും പലവട്ടം നേരിൽ കണ്ട് എൻ്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തി. ദില്ലി ഭരിച്ച മുസ്ലിം കാലഘട്ടം നിരവധിയായ അവിസ്മരണീയ മുഹൂർത്തങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് സമ്മാനിച്ചിട്ടുണ്ട്. ഒറ്റക്കും ദില്ലിയിലെ ഡൽഹി മലയാളി ഹൽഖ വഴി കൂട്ടായും നടത്തിയ ഹെറിറ്റേജ് യാത്രകൾ പതിയെ ‘ദില്ലീനാമ’യുടെ അടിത്തറയായി മാറുകയായിരുന്നു.

‘ദില്ലീനാമ’ എന്ന പുസ്തകത്തിന് വേണ്ടി താങ്കൾ അവലംബമാക്കിയ മാർഗ്ഗങ്ങൾ?

യാത്രകൾ തന്നെയായിരുന്നു തുടക്കത്തിലെ പ്രധാന വഴികാട്ടിയും ആശ്രയവും. കാരണം സ്വന്തം കണ്ണുകൾ കൊണ്ട് കാണുന്ന സത്യങ്ങളേക്കാൾ വലുതല്ല മറ്റേതൊരു വിവരണവും. ഓരോ ചരിത്ര നിർമിതിയെയും നേരിട്ട് കണ്ട് മനസ്സിലാക്കിയപ്പോൾ അനുഭവിച്ചറിഞ്ഞ ദില്ലിയുടെ പ്രതാപകാലത്തേക്കുറിച്ചുള്ള എൻ്റെ നിരീക്ഷണങ്ങളാണ് ‘ദില്ലീനാമ’ എന്ന പുസ്തകം. ദില്ലിയുടെ ചരിത്ര മുഹൂർത്തങ്ങൾ അറിയുന്ന പ്രഗത്ഭ വ്യക്തിയായ സുഹൈൽ ഹാഷിമി എന്ന ചരിത്രകാരനുമായി പലപ്പോഴായി നടന്ന സംസാരങ്ങൾ ഞാൻ കണ്ടെത്തിയ വിവരങ്ങളെ ശുദ്ധീകരിക്കാൻ ഒരുപരിധി വരെ സഹായകമായിരുന്നു. ഉറുദു ഭാഷയിൽ പ്രാവണ്യമുള്ള സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളും എൻ്റെ കുറിപ്പുകളെ ക്രമപ്പെടുത്തി എന്നതിൽ സംശയമില്ല. ദേശീയ പുരസ്കാരം നേടിയ പ്രഗത്ഭരായ ദില്ലിയിലെ അറബി കലിഗ്രഫി ആചാര്യന്മാരുമായി വേദി പങ്കിടാനും സംസാരിക്കാനും അവസരം ലഭിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ദില്ലീനാമ വരച്ചിടുന്നു. അതിലുപരി ഈ പുസ്തകത്തിന് പിന്നിൽ എനിക്ക് പിൻബലം നൽകിയ സുഹ്രുത്തുക്കളെ ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കട്ടെ.

സമകാലിക സാഹചര്യങ്ങൾ ദില്ലീനാമയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാവാം?

ദില്ലിയിലെ കൊറോണ കാലവും, ഒരു സമുദായത്തെ ലക്ഷ്യമാക്കി ഈയടുത്ത് ദില്ലിയിൽ നടന്ന കലാപവും, ദില്ലി ഹരിയാന അതിർത്തിയിൽ മുസ്‌ലിംകളുടെ നമസ്കാരം തടസ്സപ്പെടുത്തുന്ന സംഘപരിവാറും, നിരവധി ചരിത്ര നിർമിതികളെ ഇല്ലാതാക്കുന്ന ഇരുപതിനായിരം കോടി രൂപയുടെ സെൻട്രൽ വിസ്റ്റാ പ്രൊജക്ടും, മുസ്ലിം ചരിത്ര നിർമിതികളോടുള്ള മാറി വരുന്ന ഭരണകൂടങ്ങളുടെ അവഗണനയും ‘ദില്ലീനാമ’യുടെ സമകാലീക വായനകളാണ്. വർത്തമാനകാല യാഥാർത്ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള അടയാളപ്പെടുത്തലുകൾ ചരിത്രത്തോടുള്ള നീതികേടാണ് എന്നതിൽ സംശയമില്ല. ദില്ലിയിലെ മുസ്ലിം ചരിത്രത്തോടും ചരിത്ര നിർമിതികളോടുള്ള ഐക്യപ്പെടലാണ് യഥാർത്ഥത്തിൽ ദില്ലീനാമയുടെ രാഷ്ട്രീയം.

ദില്ലീനാമ’ യുടെ പ്രധാന പ്രത്യേകതകളായി എടുത്തു പറയാവുന്ന കാര്യങ്ങൾ?

ചരിത്രത്തെ അടുത്തറിഞ്ഞുള്ള യാത്രക്ക് ഉതകുന്ന രീതിയിലാണ് ‘ദില്ലീനാമ’ എന്ന പുസ്തകം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് ദില്ലി സന്ദർശിക്കാൻ പോകുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ദില്ലിയിലെ മെട്രോ, ബസ് സർവീസുകളുടെ Travel Availablity ഉൾപ്പെടുത്തിയതാണ് ദില്ലീനാമയുടെ ഒരു പ്രത്യേകത. വിവരണത്തോടൊപ്പം ഓരോ ചരിത്ര നിർമിതിയെയും പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോയും QR Code സ്കാൻ ചെയ്താൽ യാത്രക്കാരന് മൊബൈലിൽ ആസ്വദിക്കാം. ദില്ലിയിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ, ഷോപ്പിംഗ് സെൻ്ററുകൾ, മെട്രോ, ടൂറിസ്റ്റ് മാപ്പുകൾ എന്നിവ QR കോഡ് സ്കാൻ ചെയ്ത് മനസിലാക്കാം. ചരിത്രത്തെ അടുത്തറിയുന്നതോടൊപ്പം ഒരു Travel Guide ആയും ദില്ലീനാമയെ വായനക്കാരന് ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *