ഖുർആൻ മലയാളം

‘ഖുർആൻ മനുഷ്യര്‍ക്കുള്ളതാണ്,
വിവര്‍ത്തനങ്ങള്‍ മനുഷ്യഭാഷ സംസാരിക്കണം’

വിഖ്യാത ബുദ്ധിജീവിയും ബഹുഭാഷാ പണ്ഡിതനും സാഹിത്യ മര്‍മജ്ഞനുമായിരുന്ന
അബ്ദുല്ല യൂസുഫ് അലി
ഇംഗ്ലീഷില്‍ രചിച്ച ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാന ഗ്രന്ഥത്തിന്റെ
മലയാള ഭാഷാന്തരം ‘ ഖുര്‍ആന്‍ മലയാളം ‘ എന്ന പേരില്‍ പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ
മലയാള വിവര്‍ത്തകനായ വി.വി.എ. ശുക്കൂർ ‘ദി പിൻ ‘ ന് ന്യൂഡൽഹി നല്‍കിയ അഭിമുഖം

ഇതര ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്ന് ‘ഖുര്‍ആന്‍ മലയാളം ‘  വ്യതിരിക്തമാകുന്ന വസ്തുതകള്‍ എന്തൊക്കെയാണ്?

‘ഖുർആൻ മലയാളം ‘ അബ്ദുല്ല യൂസുഫ് അലിയുടെ വിശ്വപ്രസിദ്ധമായ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റമാണ്. ആ നിലക്ക് യൂസുഫ് അലിയുടെ വ്യാഖ്യാന ഗ്രന്ഥത്തിന്റെ സവിശേഷതകള്‍ തന്നെയാണ് ‘ഖുര്‍ആന്‍ മലയാള ‘ത്തിന്റെയും സവിശേഷതകള്‍. ഇതല്‍പം വിശദമായി പറയേണ്ടതാണ്, എങ്കിലേ ചോദ്യത്തിനുള്ള ഉത്തരം പൂര്‍ണമാവുകയുള്ളൂ.

പല തലങ്ങളില്‍ പ്രാഗല്‍ഭ്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അബ്ദുല്ല യൂസുഫ് അലി. അഗാധതല സ്പര്‍ശിയായ ഖുര്‍ആനിക പണ്ഡിതനായിരുന്നതോടൊപ്പം, അടിസ്ഥാനപരമായി, അദ്ദേഹം വലിയ ദാര്‍ശനികനും വിദ്യാഭ്യാസ ചിന്തകനും കാവ്യമീമാംസകനും ബഹുഭാഷാ വിദഗ്ധനുമായിരുന്നു. വാക്കുകളുടെ രാജാവ് എന്ന വിളിപ്പേര് ഇംഗ്ലണ്ടില്‍ വച്ച് നല്‍കപ്പെട്ട ആളുമായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍, ഇന്ത്യയില്‍, ഉന്നതസ്ഥാനീയനായ ഐ.സി.എസ് ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ തന്നെ, കവിതയിലും തത്വശാസ്ത്രത്തിലും വിദ്യാഭ്യാസ ദര്‍ശനത്തിലും മറ്റും ഉന്നതപഥത്തില്‍ വിരാജിച്ചിരുന്ന വ്യക്തിത്വങ്ങളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്.

അതുകൊണ്ടുതന്നെ, യൂസുഫ് അലിയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഏറ്റവും വലിയ സവിശേഷത അതിന്റെ ഭാഷയും സമീപനവുമാണ്. ഗൗരവമുള്ള ഏത് രചനയുടെയും കാര്യത്തില്‍ ഇത് രണ്ടും (ഭാഷയും സമീപനവും) പ്രധാനമാണ് ; എന്നാല്‍ ഖുര്‍ആന്‍ പോലെ ഭാഷ തന്നെ അത്ഭുതമാവുകയും കാലാതിവര്‍ത്തിയായ സന്ദേശങ്ങള്‍ നിറഞ്ഞിരിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഇവ അതീവ പ്രാധാന്യം നേടുന്നു.
യൂസുഫ് അലി തന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ”ഖുര്‍ആന്‍ – തീര്‍ച്ചയായും ഓരോ മതവേദവും – നാവുകൊണ്ടും ശബ്ദംകൊണ്ടും കണ്ണുകള്‍കൊണ്ടും മാത്രമല്ല വായിക്കേണ്ടത്, നമ്മുടെ ബുദ്ധിക്ക് വികിരണം ചെയ്യാന്‍ കഴിയുന്ന ഏറ്റവും മുന്തിയ വെളിച്ചംകൊണ്ടു കൂടിയാണ്, അതിലുമപ്പുറം, നമ്മുടെ ഹൃദയത്തിനും മനസ്സാക്ഷിക്കും പകരാന്‍ കഴിയുന്ന അങ്ങേയറ്റം വാസ്തവികവും അതീവ വിശുദ്ധവുമായ വെളിച്ചംകൊണ്ടു കൂടിയാണ്.” ഇങ്ങനെ ഖുര്‍ആനിനെ സമീപിക്കുകയും വായിക്കുകയും ചെയ്ത യൂസുഫ് അലി, ഭാഷയുടെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഖുര്‍ആനികാശയങ്ങളെ ഇംഗ്ലീഷിലേക്ക് പകരാന്‍ ധ്യാനനിഷ്ഠമായി യത്‌നിച്ചയാളാണ്. ഇംഗ്ലിഷ് ഭാഷയെ (പ്രത്യക്ഷമായും പരോക്ഷമായും അത് നിലകൊണ്ടുപോന്നിട്ടുള്ള ഇസ്ലാമിക വിരുദ്ധ പരിസരങ്ങളില്‍നിന്ന് അല്‍പമെങ്കിലും അതിനെ മോചിപ്പിച്ച്) ഒരു ഇസ്ലാമിക ഭാഷയായി തന്നാലാവുംവിധം മാറ്റിയെടുക്കുവാന്‍ കൂടി താന്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു : ”ലോകത്തിന്റെ മുഴുവന്‍ ചിന്തകളും, ലോകത്തെ ഏറ്റവും മനോഹരമായ ഭാഷകളും സാഹിത്യങ്ങളും എല്ലാം, ആത്മീയ നിര്‍വൃതിയുടെ അപൂര്‍വ വേളകളില്‍ ഹൃദയത്തിലേക്ക് കടന്നുവരുന്ന ആ അവാച്യമായ സന്ദേശത്തിന് സഞ്ചരിക്കുവാനുള്ള വാഹനങ്ങള്‍ മാത്രമാണ്…”
”ശ്രവണമാത്രയില്‍ മനുഷ്യരെ കണ്ണുനീരിലേക്കും ആനന്ദോന്മാദത്തിലേക്കും നയിക്കുവാന്‍ പര്യാപ്തമായ അനനുകരണീയമായ സ്വരലയം” എന്ന് ഖുര്‍ആനിനെ ഇംഗ്ലീഷ് വിവര്‍ത്തകനായ മാര്‍മഡ്യൂക് പിക്താള്‍
വിശേഷിപ്പിച്ചത് ഉദ്ധരിച്ചുകൊണ്ട്, അങ്ങനെയുള്ളൊരു ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് പിക്താളിനെ വായിക്കുന്നവര്‍ക്ക് പക്ഷേ അനുഭവപ്പെടുന്നില്ലെന്ന് യൂസുഫ് അലി നിരീക്ഷിക്കുന്നുണ്ട് ; പിക്താള്‍ പദാനുപദ തര്‍ജമയെ ആശ്രയിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. ആ ‘അനനുകരണീയ സ്വരലയം’ അല്‍പമെങ്കിലും മറ്റൊരു ഭാഷയിലേക്ക് പിടിച്ചെടുക്കുവാന്‍ ശ്രമിക്കുക മിക്കവാറും അസാധ്യം തന്നെ.
പക്ഷേ, വലിയതോതില്‍ ധൈര്യപ്പെട്ടുകൊണ്ട് അങ്ങനെയൊരു ശ്രമം താന്‍ നടത്തിയിരിക്കുകയാണ് എന്നദ്ദേഹം ഏറ്റുപറയുന്നു. അങ്ങനെയൊരു ശ്രമം നടത്തിയതിന് ന്യായീകരണമായി, ”വസന്തകാല പ്രകൃതിദൃശ്യത്തിന്റെ വിശിഷ്ടകാന്തിയില്‍ നിന്ന് അല്‍പം തന്റെ ഛായാചിത്രത്തിലേക്ക് പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്ന ചിത്രകാരനെ നമ്മള്‍ കുറ്റപ്പെടുത്തുകയില്ലല്ലോ” എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

ഏതാണ്ട് നാല് പതിറ്റാണ്ടു മുമ്പ്, സുഊദി ഗവണ്‍മെന്റ് ഖുര്‍ആനിന് പുതിയൊരു ഇംഗ്ലീഷ് ഭാഷ്യം രചിക്കുന്നതിന്റെ സാധ്യത ആരായുന്നതിനു വേണ്ടി വിജ്ഞരും ഭാഷാപടുക്കളും അടങ്ങുന്ന ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയുണ്ടായി. യൂസുഫ് അലിയുടെ ഇംഗ്ലീഷ് വിവര്‍ത്തന-വിശദീകരണ ഗ്രന്ഥം ഉണ്ടായിരിക്കെ മറ്റൊന്ന് പുതുതായി രചിക്കേണ്ട ആവശ്യമില്ലെന്ന് അവര്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്യുകയായിരുന്നു. ”അഴകാര്‍ന്ന രചനാരീതി, മൂലപാഠ സാരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പദതെരെഞ്ഞെടുപ്പ്, അനുബന്ധമായുള്ള പണ്ഡിതോചിത കുറിപ്പുകളും വിശദീകരണങ്ങളും മുതലായ അതിന്റെ വ്യതിരിക്തമായ സവിശേഷതകള്‍” ആയിരുന്നു അതിന് അവര്‍ ചൂണ്ടിക്കാണിച്ച കാരണം. തുടര്‍ന്ന് പ്രസിദ്ധീകരിച്ച സുഊദി പതിപ്പിന്റെ ആമുഖത്തില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

യൂസുഫ് അലിയുടെ പാഠവിവര്‍ത്തനത്തിന്റെയും വിശദീകരണക്കുറിപ്പുകളുടെയും ഏറ്റവും വലിയ സവിശേഷതയാണ് ഭാഷാപരവും ശൈലീപരവുമായ ഈ അനന്യത. ഭാഷയെ അദ്ദേഹം ഒരേസമയം കാവ്യലാവണ്യം തികഞ്ഞതും ദാര്‍ശനികമാനം കൈവരിക്കുന്നതുമായ വിശിഷ്ട ഉപകരണമായി ഉപയോഗിക്കുന്നു ; ഭാഷ തന്നെ സന്ദേശമായി മാറുന്നു. ഇതുവഴി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വിവരണങ്ങള്‍ സ്വയംതന്നെ സാഹിതീയമായ അനുഭൂതി പ്രദാനംചെയ്യുന്നു. അതിനും പുറമെ, വിവരണക്കുറിപ്പുകളില്‍ നിര്‍ബാധം അദ്ദേഹം ഷെയ്ക്സ്പിയർ, വേഡ്സ് വര്‍ത്, കീറ്റ്‌സ് പോലുള്ള ഉന്നതരായ ഇംഗ്ലീഷ് കവികളുടെ വരികള്‍ സന്ദര്‍ഭാനുസരണം ഉദ്ധരിച്ചുചേര്‍ക്കുകയും അവ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ കാലാതിവര്‍ത്തിയായ ഖുര്‍ആനികാശയങ്ങളുടെ ധ്വനികളോട് ചേര്‍ത്തുവായിക്കാന്‍ വായനക്കാര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഇതൊക്കെ മറ്റൊരു ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാന ഗ്രന്ഥത്തിലും നമുക്ക് അനുഭവിക്കാന്‍ കഴിയാത്ത അപൂര്‍വതയാണ്.
ഈ അപൂര്‍വതയുടെ സൗന്ദര്യം, അതിന്റെ ആത്മാവും ആകര്‍ഷണീയതയും ചോര്‍ന്നുപോകാതെ, മലയാളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിരിക്കുന്നു എന്നു തന്നെയാണ് എന്റെ എളിയ വിശ്വാസം. അത് സാധ്യമാക്കാന്‍ വേണ്ടി ഞാനെടുത്ത വര്‍ഷങ്ങളുടെ പരിശ്രമം വെറുതെയായിട്ടില്ലെന്ന് ‘ഖുർആന്‍ മലയാളം ‘ വായിക്കുന്ന സഹൃദയര്‍ക്ക് ബോധ്യപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതാണ്  ‘ഖുര്‍ആന്‍ മലയാളം ‘ വ്യതിരിക്തമാകുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത ; മുഴുവന്‍ മലയാളികള്‍ക്കുമുള്ള എന്റെ വിനീത സമ്മാനം.

‘ഖുർആന്‍ മലയാളം ‘ ‘വിവര്‍ത്തകന്റെ കുറിപ്പി’ല്‍ ഞാന്‍ സൂചിപ്പിച്ചിട്ടുള്ള ഈ വാക്കുകള്‍ ഇവിടെ പ്രത്യേകം പ്രസക്തമാണ് : ”മലയാളത്തില്‍ ഇന്നുള്ള മിക്കവാറും ഖുര്‍ആന്‍ പരിഭാഷകള്‍ മുസ്ലിം മനസിനോട് സംവദിക്കുന്നവയാണ്. അവ ഒരുതരം ‘മുസ്ലിം മലയാളം’ ആണ് സംസാരിക്കുന്നത്. അത് വായിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും തോന്നുക, ഖുര്‍ആന്‍ മുസ്ലിംകള്‍ക്ക് പ്രത്യേകമായി നല്‍കപ്പെട്ട ഒരു സാമുദായിക ഗ്രന്ഥമാണ് എന്നാണ്. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ എല്ലാ മനുഷ്യരുടേതുമാണ്, മുസ്ലിംകള്‍ക്ക് പ്രത്യേക സാമുദായിക അവകാശമൊന്നും അതിലില്ല. പൊതുവായനക്കാര്‍ക്ക് ഖുര്‍ആന്‍ തങ്ങളോട് കൂടിയാണ് സംസാരിക്കുന്നത് എന്ന് തോന്നുന്നില്ലെങ്കില്‍ അത് പരിഭാഷയുടെ നഷ്ടമാണ്. സാമുദായിക ഭാരങ്ങളുള്ളതോ, മറ്റുള്ളവര്‍ക്ക് അപരിചിതമായതോ, പൊതുവായനക്കാരെ ഖുര്‍ആന്റെ സൗന്ദര്യത്തില്‍ നിന്നും സമ്പന്നതയില്‍ നിന്നും അകറ്റാന്‍ കാരണമാകുന്നതോ ആയ പ്രയോഗങ്ങളും ശൈലികളും കഴിയുന്നേടത്തോളം ഈ വിവര്‍ത്തനത്തില്‍ ഒഴിവാക്കിയിരിക്കുന്നു. മലയാളികള്‍ അവരുടെ സാഹിത്യ-അക്കാദമിക വ്യവഹാരങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന മലയാളം തന്നെ ഇതിലും ഉപയോഗിച്ചിരിക്കുന്നു. ഇതിന് ആധാരമാക്കാന്‍ ഏറ്റവും അനുയോജ്യം യൂസുഫ് അലിയുടെ ഇംഗ്ലീഷ് വിവര്‍ത്തനവും വിശദീകരണവും ആണുതാനും.” ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ളതാണ്, അതുകൊണ്ട് വിവര്‍ത്തനങ്ങള്‍ മനുഷ്യഭാഷ സംസാരിക്കണം.

ഭാഷാപരമായ മികവിന് പുറമെ യൂസുഫ് അലിയുടെ പരിഭാഷാ ഗ്രന്ഥത്തിന്റെ മറ്റു സവിശേഷതകള്‍ എന്തൊക്കെയാണ്? ചിന്താപരമായ വ്യത്യസ്തതകള്‍ അദ്ദേഹത്തിലുണ്ടോ?

മേൽ വിവരിച്ച ഭാഷാപരമായ അപൂര്‍വതക്കു പുറമെയാണ് വ്യാഖ്യാനക്കുറിപ്പുകളില്‍ അദ്ദേഹം അവതരിപ്പിക്കുന്ന വൈജ്ഞാനികവും ബൗദ്ധികവും ശാസ്ത്രീയവുമായ വിവരണങ്ങള്‍. അവ വായനക്കാര്‍ക്ക് ഖുര്‍ആനിക സന്ദേശങ്ങളുടെ ആശയധ്വനികളിലേക്ക് ശാസ്ത്രീയവും ചരിത്രപരവും ബുദ്ധിപരവുമായ ഉള്‍കാഴ്ചകള്‍ നല്‍കുന്നു, അവ വായനക്കാര്‍ക്ക് കണ്ടെത്തലിന്റെ ആഹ്‌ളാദം സമ്മാനിക്കുന്നു. ഒപ്പംതന്നെ, എല്ലാ ബൗദ്ധിക-ശാസ്ത്രീയ വിശദീകരണങ്ങളെയും അദ്ദേഹം ആത്മീയതയുമായി കണ്ണിചേര്‍ക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഏത് വ്യവഹാര മണ്ഡലമായാലും, ആത്മീയതലം വിസ്മരിക്കപ്പെട്ടുപോയാല്‍ പിന്നെ ആ വ്യവഹാരങ്ങള്‍ വിനാശകരമായ വിപര്യയങ്ങളിലേക്ക് വഴിതെറ്റിപ്പോകുമെന്ന്, ഖുര്‍ആനിന്റെ മൗലിക സമീപനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

പല വിഷയങ്ങളിലും പുതിയ ചിന്തകള്‍ യൂസുഫ് അലി അവതരിപ്പിക്കുന്നുണ്ട്, പുതിയ ആലോചനകള്‍ക്ക് വായനക്കാരെ പ്രേരിപ്പിക്കുന്നുമുണ്ട്. പക്ഷേ, ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ പൂര്‍വപണ്ഡിതന്മാരെ ആരെയും അദ്ദേഹം തള്ളിപ്പറയുന്നില്ല, അവരെയെല്ലാം ആദരവോടെ കണ്ടുകൊണ്ടു തന്നെ തന്റെ വിയോജിപ്പുകളും വ്യത്യസ്ത ചിന്തകളും അവതരിപ്പിക്കുകയേ ചെയ്യുന്നുള്ളൂ.

അത്തരം വേറിട്ട ചിന്തകളില്‍ ഒന്നാണ്
പലിശയോടുള്ള സമീപനം. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : ”സാധ്യമായ ഏറ്റവും കടുത്ത പദങ്ങളില്‍ തന്നെ പലിശ നിന്ദിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിരോധനത്തിന്റെ കാര്യത്തില്‍ സന്ദേഹത്തിന്റെ പ്രശ്‌നം ഉത്ഭവിക്കുന്നേയില്ല. എന്നാല്‍, പലിശ(usury)യുടെ നിര്‍വചനത്തിലേക്ക് വരുമ്പോള്‍ അഭിപ്രായ ഭിന്നതകള്‍ക്ക് അവസരമുണ്ടാകുന്നു… പൗരാണികരും ആധുനികരുമായ നമ്മുടെ പണ്ഡിതന്മാരുടെ വകയായി പലിശ സംബന്ധിച്ച് വലിയ സാഹിത്യസമ്പത്ത് തന്നെയുണ്ട്. അത് മുഖ്യമായും ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് നിലനിന്ന സാമ്പത്തികാവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനതത്വങ്ങളുടെ കാര്യത്തില്‍ ഞാന്‍ അവരോട് യോജിക്കുന്നു, പക്ഷേ പലിശയുടെ നിര്‍വചനത്തിന്റെ വിഷയത്തില്‍ അവരോട് ഞാന്‍ ആദരപൂര്‍വം വിയോജിക്കുകയും ചെയ്യുന്നു…” ( ഖുര്‍ആന്‍ മലയാളം , പേജ് 358-359)

അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇസ്ലാമിക ലോകം എങ്ങനെയാണ് സ്വീകരിച്ചത്?

ഇസ്ലാമിക ലോകം യൂസുഫ് അലിയെ സ്വീകരിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഞാന്‍ തുടക്കത്തില്‍ ചൂണ്ടിക്കാണിച്ചത്. യാഥാസ്ഥിതിക സമീപനം പുലര്‍ത്തുന്നവര്‍ എന്ന് പൊതുവെ വിമര്‍ശിക്കപ്പെടുന്നവരാണ് സുഊദി അറേബിയക്കാര്‍. അവര്‍ക്കുപോലും, തികച്ചും നവീനവും തീര്‍ത്തും വ്യതിരിക്തവുമായ ചിന്തയും ശൈലിയും ഭാഷയും പുലര്‍ത്തിയ യൂസുഫ് അലി സ്വീകാര്യമായി. അദ്ദേഹം കാഴ്ചവെച്ച അപ്രതിരോധ്യമായ മികവുതന്നെ കാരണം. ദൈവിക സിംഹാസനത്തിന്റെ അനന്തവ്യാപ്തിയെ വിശദീകരിക്കുന്നേടത്ത് വില്യം വേര്‍ഡ്സ്വര്‍തിന്റെ ‘ റ്റിന്റേണ്‍ ആബി ‘ കാവ്യത്തെ കൂട്ടുപിടിക്കുക ; ഖുര്‍ആന്‍ പഠനത്തില്‍ മുന്നേറുന്ന ആള്‍ മലകയറുന്ന സഞ്ചാരിയെ പോലെയാണെന്നും കൂടുതല്‍ കയറുന്നതിന് അനുസൃതമായി അയാള്‍ക്ക് കൂടുതല്‍ അകലേക്ക് കാഴ്ച ലഭിക്കുന്നുവെന്നും വിശദീകരിക്കുന്നേടത്ത്, ചാപ്മാന്റെ ഹോമറിനെ കണ്ടുമുട്ടിയ അനുഭവംവച്ച് ഭാവനചെയ്ത ജോണ്‍ കീറ്റ്‌സിന്റെ വരികള്‍ ചേര്‍ത്തുപറയുക – ഇങ്ങനെയുള്ള എത്രയെത്ര ആഹ്ളാദദായകമായ സന്ദര്‍ഭങ്ങള്‍! ഇതിനെ ഇരുകൈകളും നീട്ടിയാണ് ലോകം സ്വീകരിച്ചത്.

ഇങ്ങനെ വിശ്വപ്രസിദ്ധവും അത്യപൂര്‍വവുമായ ഒരു കൃതി മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പറയാമോ? പ്രസിദ്ധീകരണത്തിന് ശേഷമുള്ള അനുഭവങ്ങള്‍ എന്താണ്?

യൂസുഫ് അലിയെ മൊഴിമാറ്റുമ്പോള്‍ ആദ്യം ഭയവും പിന്നീട് ആഹ്‌ളാദവും ഞാൻ അനുഭവിച്ചു. ഒരു ഘട്ടത്തില്‍, ശ്രമം ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചു. അത്രക്കും ശ്രമസാധ്യമായിരുന്നു മൊഴിമാറ്റമെന്ന ഈ പര്‍വതാരോഹണം. പക്ഷേ, ഖുര്‍ആന്‍ പഠനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആമുഖത്തില്‍ പറഞ്ഞതുപോലെ, കയറുംതോറും അകലേക്ക് അകലേക്ക് കാണാനാകുന്ന ഉള്‍കാഴ്ചയുടെ അനുഭൂതിയും കീഴടക്കലിന്റെ ആഹ്‌ളാദവും ആ നിരന്തര കയറ്റം എനിക്ക് സമ്മാനിക്കുകയുണ്ടായി. ആ ആഹ്‌ളാദം തന്നെയാണ് ഈ ഉദ്യമത്തിന്റെ പ്രതിഫലം. പക്ഷേ, എന്റെ മുന്‍ധാരണകളെ തകിടംമറിക്കുന്ന പ്രതികരണങ്ങളാണ് ഗ്രന്ഥം പുറത്തിറങ്ങിയ ശേഷം ഉണ്ടായത്. നാനാ ഭാഗത്തുനിന്നും ഊഷ്മളവും ആവേശം നല്‍കുന്നതുമായ പ്രതികരണങ്ങള്‍ എന്നെത്തേടിയെത്തി. വിവിധ മത-സമുദായ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഗ്രന്ഥത്തിന് വേണ്ടി താത്പര്യപൂര്‍വം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈയൊരു അനുഭവം വലിയ തിരിച്ചറിവാണ് എനിക്ക് നല്‍കിയത്. വിഭാഗീയമായ തുരുത്തുകളില്‍ തടഞ്ഞിടപ്പെട്ടവരാണ് നമ്മുടെ പൊതുസമൂഹം എന്ന പ്രചാരണം വലിയ അളവില്‍ വ്യാജമാണ് എന്ന തിരിച്ചറിവ്. അത്തരം പ്രചാരണങ്ങളില്‍, വിഭാഗീയതയെ എന്നും പടിക്കു പുറത്ത് നിര്‍ത്തിയിട്ടുള്ള എന്നെപ്പോലുള്ളവരും വീണുപോയിരുന്നു എന്നതില്‍ ഞാന്‍ ഖേദിക്കുകയാണ്.

അബ്ദുല്ല യൂസുഫ് അലി മുസ്ലിംകളിലെ ഏത് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്? ഏതെങ്കിലും ചിന്താ പ്രസ്ഥാനങ്ങളുമായോ സമുദായ സംഘടനകളുമായോ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നോ?

സത്യത്തില്‍ ഒരു ചിന്താവിഭാഗത്തിലും പ്രസ്ഥാനത്തിലും അദ്ദേഹം ഉള്‍പെട്ടിരുന്നില്ല. അദ്ദേഹം അക്ഷരാര്‍ഥത്തില്‍ ഏകാകിയായിരുന്നു. ഖുര്‍ആനിന്റെ ആത്മാവിനെ തന്റെ ചിന്തയിലും ജീവിതത്തിലും സ്വാംശീകരിച്ചു, അത് മനോഹരമായ ഒരു ഭാഷയില്‍ പാശ്ചാത്യ ലോകത്തിന് സമര്‍പ്പിച്ചു എന്നല്ലാതെ സംഘടനകളുടെയൊന്നും പുറകെ ഒരിക്കലും അദ്ദേഹം സഞ്ചരിച്ചിട്ടില്ല. ഒരുപക്ഷേ, തന്റെ ചിന്താപ്രയാണതിന്റെ അനന്യതക്ക് അതാവശ്യമാണെന്ന് അദ്ദേഹം കരുതിയിരിക്കണം.

‘ ഖുര്‍ആന്‍ മലയാളം ‘ മൊത്തം എത്ര ഭാഗങ്ങള്‍ വരും? എത്ര കാലം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്?

‘ ഖുര്‍ആന്‍ മലയാളം ‘ മൊത്തം അഞ്ച് ഭാഗങ്ങളായാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ചിലപ്പോള്‍ ആറ് ഭാഗങ്ങള്‍ വേണ്ടിവന്നേക്കും. 2023 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തീര്‍ത്തും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള  ‘ആശയം ഫൗണ്ടേഷന്‍ ‘ ആണ് ‘ഖുർആന്‍ മലയാളം ‘ പ്രസാധന പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. എല്ലാ സുമനസുകളുടെയും പിന്തുണ ഞാന്‍ അഭ്യര്‍ഥിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *