യുവ എഴുത്തുകാരനും ഗവേഷകനുമായ ഹസീം മുഹമ്മദ് , അദ്ദേഹത്തിന്റെ ‘ഇമാം ഗസ്സാലി ചിന്തയും നവോത്ഥാനവും’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ’ നോടു സംസാരിക്കുന്നു :
‘ഇമാം ഗസ്സാലി – ചിന്തയും നവോത്ഥാനവും‘ എന്ന പുസ്തകത്തിന്റെ വിഷയവും രചനാ പശ്ചാത്തലവും വിശദീകരിക്കാമോ?
തീർച്ചയായും…ബിസ്മില്ലാഹ്. ഈ പുസ്തകം പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇമാം ഗസ്സാലി എന്ന മഹാമനീഷിയുടെ വൈജ്ഞാനിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പഠനമാണ്. രണ്ട് കാരണങ്ങളാണ് ഇത്തരമൊരു രചനയിലേക്ക് പ്രവേശിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ആദ്യത്തേത് പൊതുവായ ഒരു കാരണമാണ്. നമുക്കറിയാം, വളരെ ബൃഹത്തായ ഒരു വൈജ്ഞാനിക പാരമ്പര്യത്തിന് ഉടമകളാണ് മുസ്‌ലിംകൾ. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, ആ പാരമ്പര്യത്തോടും, അതിന്റെ സമ്പന്നവും ശക്തവുമായ ജ്ഞാന സ്രോതസ്സുകളോടും കാലികമായ നിലയിൽ സംവദിക്കാൻ കഴിയുന്ന ഒരു മുസ്‌ലിം പൊതു മണ്ഡലത്തെ പാകപ്പെടുത്താൻ നാം ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട്. ഇബ്നു സീന, ഇമാം ഗസ്സാലി, ഇമാം റാസി, ഇബ്നു അറബി തുടങ്ങി എണ്ണമറ്റ നിരവധിയായ ചിന്തകന്മാരെയും, അവരുടെ സംഭാവനകളെയും സവിശേഷതകളെയും കൃത്യമായ രീതിയിൽ പരിചയപ്പെടുത്തുന്ന എത്ര പുസ്തകങ്ങൾ മലയാളത്തിലുണ്ട്? നിലവിലുള്ള പുസ്തകങ്ങൾ തന്നെ എത്രകണ്ട് ഫലപ്രദമാണ്? ഉന്നതരായ മുസ്‌ലിം പണ്ഡിതന്മാരെയും ചിന്തകരെയും ജനകീയമാക്കുന്നതിന് വൈജ്ഞാനികമായ ചരിത്രം പ്രതിപാദിക്കുന്ന നിരവധിയായ പുസ്തകങ്ങൾ ആവശ്യമുണ്ട്. മാത്രമല്ല ആ പുസ്തകങ്ങൾ ഈ ചിന്തകന്മാരുടെ ചിന്തകളുടെ മൗലികതയെ വരച്ചു കാട്ടുന്നതിൽ നീതി പുലർത്തുന്നവ ആയിരിക്കുകയും വേണം. പലപ്പോഴും ഇത്തരം പുസ്തകങ്ങൾ കേവലമായി വ്യക്തികളുടെ ജനന-മരണ തീയതിയുടെ നാൾവഴികളും പുസ്തകങ്ങളുടെ ലിസ്റ്റും മാത്രം പരാമർശിക്കുന്ന വിധം ശുഷ്കമായി തീരാറുണ്ട്. നമുക്കാവശ്യം അവരുടെ ചിന്തകളുടെ സമഗ്രതയും പ്രസക്തിയും ദുർഗ്രഹമാകാത്ത വിധം വിശദീകരിക്കാൻ കഴിയുന്ന രചനകളാണ്. മുസ്‌ലിം വൈജ്ഞാനിക ചരിത്രത്തിൽ താല്പര്യമുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങൾ മലയാളത്തിൽ വായിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഇന്ന് നിരവധി പ്രസാധകർ ഈ വിഷയം ചിന്തിച്ച് തുടങ്ങുകയും അത്തരത്തിലുള്ള പുതിയ പ്രൊജക്ടുകളുമായി മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട് എന്നത് ശുഭോതർക്കമാണ്. ആ ദിശയിലേക്ക് എന്റെതായ കാഴ്ചപ്പാടിലുള്ള ഒരു എളിയ സംഭാവന എന്ന നിലയ്ക്കാണ് ഈ പുസ്തകത്തിന്റെ രചനയെ ഞാൻ നോക്കി കാണുന്നത്.
ഇമാം ഗസ്സാലിയിലേക്ക് എത്തുന്നത്?
അതാണ് ഞാൻ രണ്ടാമതായി പറയാൻ ഉദ്ദേശിച്ച സവിശേഷമായ കാരണം. മുമ്പ് പരാമർശിച്ച ആധുനികപൂർവ്വ കാലത്തെ മറ്റ് ചിന്തകന്മാരിൽ നിന്ന് വ്യത്യസ്തമായി ഇമാം ഗസ്സാലി കുറച്ച് കൂടി സുപരിചിതനാണ് എന്ന് കാണാം. ഞാൻ ഇമാം ഗസ്സാലിയെ ആദ്യമായി വായിക്കുന്നത് വളരെ ചെറുപ്പത്തിലാണ്. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ അന്നസീം എന്ന വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന ഇഹ്‌യാ സംഗ്രഹമായിരുന്നു അത്. അന്നു തൊട്ട് ഇമാം ഗസ്സാലി എനിക്ക് പ്രിയപ്പെട്ട ഒരു ചിന്തകൻ ആയിരുന്നിട്ടുണ്ട്. പിന്നീടുള്ള വഴികളിൽ പക്ഷേ ഞാൻ കണ്ടത് ഇമാം ഗസ്സാലിക്ക് എതിരിൽ ആധുനിക കാലത്ത് രൂപപ്പെട്ടിട്ടുള്ള രൂക്ഷമായ വിമർശനങ്ങളെയാണ്. മുസ്ലിം ദാർശനിക പാരമ്പര്യത്തിന്റെ അന്തകനായും മുസ്ലീം നാഗരിക തകർച്ചയുടെ കാരണക്കാരനായും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ചിന്തകളെയും വ്യാപകമായി വിലയിരുത്തുന്നത് കാണാം. ഉദാഹരണത്തിനു പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ നീൽ ടൈസൺ (Neil deGrasse Tyson) മുസ്‌ലിംകൾക്കിടയിലെ ശാസ്ത്രത്തിന്റെ സുവർണ്ണകാലഘട്ടം അവസാനിക്കാൻ കാരണമായത് ഗസാലിയുടെ ചിന്തകളാണ് എന്ന് വാദിക്കുന്നു. ഇമാം ഗസാലിയുടെ തഹാഫുത് അൽ ഫലാസിഫക്ക് ശേഷം മുസ്ലിം ലോകത്ത് തത്വചിന്തക്ക് മരണമണി മുഴങ്ങി എന്ന് വിലയിരുത്തപ്പെടാറുണ്ട്. ഹംസ യുസുഫിനെ പോലെയുള്ള സൂക്ഷമാലുക്കളായ പണ്ഡിതന്മാർ പോലും അറിയാതെ “ഗസ്സാലിക്ക് ശേഷമുള്ള വൈജ്ഞാനികമായ തകർച്ച” എന്ന ഒരു ആഖ്യാനത്തെ ഉയർത്തുന്നത് കാണാം. ഇന്റർനെറ്റിൽ ഇന്നു വ്യാപിച്ചു കിടക്കുന്ന തർക്കകുതർക്കങ്ങളിലാവട്ടെ, ഇത് മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തെ ഇകഴ്ത്തുന്നതിനും അതിനെതിരിൽ അവാസ്തവികമായ പല വാദമുഖങ്ങളും കെട്ടിപൊക്കുന്നതിനും ഉപയോഗിക്കപ്പെടുന്നു. ഈയൊരു പശ്ചാത്തലത്തിൽ ഇമാം ഗസ്സാലിയുടെ ചിന്തകളെ ശരിയായ പരിപ്രേക്ഷ്യത്തിൽ വീണ്ടെടുക്കുകയും, വിശദീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ് എന്ന് ഞാൻ കരുതുന്നു.
യഥാർത്ഥത്തിൽ ഇമാം ഗസ്സാലിയും തത്വചിന്തയും തമ്മിലുള്ള ബന്ധം എത്തരത്തിലായിരുന്നു?
ഇത് വളരെ സങ്കീർണ്ണമായ ഒരു വിഷയമാണിത്. തഹാഫുത് അൽ ഫലാസിഫ എന്ന ഗ്രന്ഥമാണ് ഇമാം ഗസ്സാലി തത്വചിന്തയ്ക്ക് എതിരിൽ നിലകൊണ്ടു എന്ന് സ്ഥാപിക്കാൻ ഉദ്ധരിക്കുന്നത്. ഇതിനെ കുറിച്ച് നമ്മൾ വിശദമായി പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. നമുക്ക് എത്തിച്ചേരാൻ കഴിയുന്ന ഒരു നിഗമനം ഇമാം ഗസ്സാലി ഗ്രീക്ക് തത്വചിന്തയെ തള്ളിക്കളയുകയായിരുന്നില്ല മറിച്ചു സ്വാംശീകരിക്കുകയായിരുന്നു എന്നതാണ്. അപ്പോൾ എങ്ങനെയാണ് മറിച്ചൊരു ആഖ്യാനം രൂപപ്പെട്ടത് എന്നതും പുസ്തകത്തിൽ ഞാൻ ചർച്ച ചെയ്യാൻ ശ്രമിക്കുന്നു.രസകരമായ ഒരു താരതമ്യ വായന ഇവിടെ പ്രസക്തമാവും. 1908ൽ നദ്‌വത്തുൽ ഉലമ സ്ഥാപനവേളയിൽ നടത്തിയ പ്രസംഗത്തിൽ ഗസ്സാലിയൻ മാതൃക മുന്നോട്ട് വച്ചു കൊണ്ട് ശിബ്‌ലി നുഅമാനി പറയുകയുണ്ടായി.
“പാരമ്പര്യം ഇന്ന് ഹദീസിനും ഫിഖ്ഹിനുമൊപ്പം ലോജിക്കിലും ഫിലോസഫിയിലുമുള്ള അറിവ് ഒരു പണ്ഡിതന്റെ യോഗ്യതയായി ഗണിക്കുന്നുവെങ്കിൽ അതിനു കാരണം മറ്റൊന്നല്ല (ഗസ്സാലിയുടെ ചിന്ത കാരണമെന്ന് അർത്ഥം). സമാനമായ വിധത്തിൽ പണ്ഡിതർ പാരമ്പര്യ ജ്ഞാനങ്ങളും (ulum-al-arabiyya) പടിഞ്ഞാറൻ വിജ്ഞാനങ്ങളും ആർജിക്കേണ്ടതായ സ്ഥിതിവിശേഷമാണ് നിലവിൽ വന്നിരിക്കുന്നത്. മതപരമായതും ആധുനികമായതും (ശാസ്ത്രീയം) തമ്മിലുള്ള പരസ്പര ബന്ധം സ്ഥാപിതമാക്കാൻ ഇച്ഛിക്കുന്ന വിധം സവിശേഷമായ പരിശ്രമങ്ങൾ അവരുടെ ഭാഗത്തുനിന്ന് ഇനി ഉണ്ടാവേണ്ടതുണ്ട്. ”
ഇവിടെ അദ്ദേഹം ഗസ്സാലിയൻ മാതൃക തത്ത്വചിന്തയെ സ്വാംശീകരിക്കുന്നതിന് മുസ്ലീങ്ങളെ സഹായിച്ചു എന്ന് പറയുമ്പോൾ അതേ കാലഘട്ടത്തിലെ (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം) പടിഞ്ഞാറൻ അക്കാദമിക പഠനങ്ങൾ ഊന്നുന്നത് തികച്ചും വിരുദ്ധമായ ദിശയിലേക്കാണ് എന്ന് കാണാം. എങ്ങനെയാണ് ഇമാം ഗസ്സാലി മുസ്ലിം തത്വചിന്തയെ ആക്രമിച്ച് ഇല്ലാതാക്കിയത് എന്നതായിരുന്നു ആ പഠനങ്ങളുടെ വിഷയം. അത് കേവലം യാദൃശ്ചികം ആയിരുന്നോ? ഇവിടെയാണ് നാം എഡ്വേർഡ് സൈദ് ഉദ്ധരിച്ച ഓറിയന്റലിസത്തിന്റെ ഘടനാപരമായ അധീശ ലക്ഷ്യങ്ങളെക്കുറിച്ച് ബോധവാന്മാരാവേണ്ടത്. നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ മനസ്സിലാക്കാൻ പലപ്പോഴും ഇത്തരത്തിലുള്ള ജ്ഞാനസീമകളെ മറി കടക്കേണ്ടതുണ്ട് എന്നും നാം തിരിച്ചറിയുന്നു.
ഇമാം ഗസ്സാലിയും തസവ്വുഫുവും തമ്മിലുള്ള ബന്ധം?
ഇമാം ഗസ്സാലി സൂഫി ചിന്തകളിൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ മാസ്റ്റർപീസായ ഇഹ്‌യാ ഉലൂമിദ്ദീൻ മുന്നോട്ടുവയ്ക്കുന്ന കർമപദ്ധതിയിൽ തസവ്വുഫിന് സവിശേഷമായി സ്ഥാനവുമുണ്ട്. എന്നാൽ അതിൽ നിന്ന് ഇമാം ഗസ്സാലി ഭൗതികമായ വിരക്തിയും രാഷ്ട്രീയമായ വിമുഖതയും പ്രബോധനം ചെയ്തു എന്ന വിധത്തിൽ വ്യാഖ്യാനങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഉണ്ടാവുന്ന ചില പ്രശ്നങ്ങളുണ്ട്. അത്തരത്തിലുള്ള വീക്ഷണകോണിൽ നിന്ന് കൊണ്ടാണ് ‘ലോകത്തെയും മതത്തെയും സംബന്ധിച്ച ജ്ഞാനശാസ്ത്ര വ്യവഹാരങ്ങളിൽ മാത്രമല്ല ഇസ്‌ലാമിക-ദേശീയ തലത്തിലെ ബലഹീനതകളെ മറയ്ക്കേണ്ട സായുധ സമരം പോലുള്ള ബാധ്യതകളെ സംബന്ധിച്ചും അദ്ദേഹത്തെ ഭരിച്ചത് സന്യാസ സ്വഭാവത്തിലുള്ള ഭൗതികതയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു’ എന്നു മൊറോക്കൻ ചിന്തകനായ മുഹമ്മദ് അബ്ദുൽ ജബ്‌രി വിമർശിക്കുന്നത്. ഈ വായനകൾ പലതും ഇമാം ഗസ്സാലിയുടെ സുപ്രസിദ്ധമായ ആത്മീയ പ്രതിസന്ധിയുടെയും അതിനു ശേഷം നിസാമിയ്യാ മദ്രസയിൽ നിന്ന് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചു നടത്തിയ പലായനത്തിന്റെയും സന്ദർഭത്തെ പ്രതിയുള്ള ആധുനിക വായനകളിൽ നിന്നുമാണ് രൂപപ്പെട്ടിട്ടുള്ളത്. ഈ സംഭവങ്ങളുടെ പുനർവായന പുസ്തകത്തിന്റെ ഏറെ പ്രധാനപ്പെട്ട ഒരു അന്വേഷണലക്ഷ്യമാണ്.
സൂഫിസത്തെ കുറിച്ച് തന്നെ നിലനില്ക്കുന്ന വികലമായ പല ധാരണകളെയും പുനർവായിക്കാൻ ഈ ഭാഗത്ത് ഞാൻ ശ്രമിക്കുന്നുണ്ട് . സമൂഹത്തിൽ നിന്നകന്നു കഴിയുന്ന ‘മലമുകളിലെ താപസൻ’ എന്ന മട്ടിലുള്ള സൂഫിസത്തെ കുറിച്ചുള്ള ബിംബവത്കരണങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടുകയും അതിനായി അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. ആ രീതിയിൽ ഗസ്സാലിയൻ പ്രതിസന്ധിയെയും അത് ബീജാവാപം ചെയ്ത വൈജ്ഞാനിക ലോകത്തെയും കൃത്യമായ പരിപേക്ഷ്യത്തിൽ മനസിലാക്കാനാണ് പുസ്തകം ശ്രമിക്കുന്നത്.
ഇഹ്‌യാ ഉലൂമിദ്ദീനിനെ കുറിച്ച്?
ഇമാം ഗസ്സാലിയെ പരാമർശിക്കുമ്പോൾ ഇഹ്‌യാ എന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസ് മാറ്റി വയ്ക്കുക സാധ്യമല്ല. അദ്ദേഹം മുന്നോട്ട് വച്ച വൈജ്ഞാനിക നവോത്ഥാനത്തിന്റെ കേന്ദ്രത്തിൽ നില്കുന്നത് ഈ വിശിഷ്ട ഗ്രന്ഥമാണ്. അതിന്റെ പില്ക്കാല സ്വാധീനവും വളരെ വലുതായിരുന്നു എന്ന് നമുക്കറിയാം. ആ സ്വാധീനത്തിന്റെ വിപുലതയെ വ്യക്തമായി സംഗ്രഹിച്ചു കൊണ്ടാണല്ലോ ഇമാം നവവി പറഞ്ഞത്. “ഇസ്‌ലാമിന്റെ സകല പുസ്തകങ്ങളും നഷ്ടമാവുകയും എന്നിട്ട് ഇഹ്‌യാ മാത്രം ബാക്കിയാവുകയും ചെയ്‌താൽ നഷ്ടപെട്ടതിനൊക്കെ പകരം അത് മതിയാവുന്നതാണ്!”
ആ സ്വാധീനശേഷിയുടെ പ്രസക്തിയും സ്വഭാവവും അതിന്റെ സമ്പൂർണതയിൽ ഇന്ന് നമ്മുക്ക് ബോധ്യപ്പെടണമെങ്കിൽ ചില മുന്നറിവുകൾ കൂടി വേണം. ഇമാം ഗസ്സാലിയുടെ ജ്ഞാനശാസ്ത്ര അടിത്തറകളും രാഷ്ട്രീയ-സാമൂഹിക-നൈതിക കാഴ്ചപ്പാടുകളും മനസിലാക്കേണ്ടത് പ്രധാനമാണ്. അപ്പോഴാണ് മത ചിന്തകളുടെ പുനരുജ്ജീവനം ഏത് വിധേനയാണ് ഇഹ്‌യാ സാധ്യമാക്കുന്നത് എന്ന് ബോധ്യപ്പെടുക. ഇഹ്‌യാ പഠിക്കാൻ തുനിയുന്ന ഏവർക്കും ആ അർത്ഥത്തിൽ ഒരു ആമുഖം നൽകാൻ നന്നെ ചുരുങ്ങിയത് എന്റെ പുസ്തകത്തിന് കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.