പ്രമുഖ യാത്രികനും യുവ പണ്ഡിതനുമായ അശ്കർ കബീർ, അദ്ദേഹത്തിന്റെ ‘മാൽദീവ്സ് വർത്താനങ്ങൾ ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു
മാൽദീവ്സിനോടുള്ള മൊഹബത്ത് ?
തിരുവനന്തപുരത്ത് ജനിച്ച് വളർന്നൊരാൾ എന്ന നിലയിൽ മാൽദീവ്സിനോടുള്ള മൊഹബ്ബത്തിന് കുട്ടിക്കാലത്തോളം പഴക്കമുണ്ട്. ബാല്യത്തിൽ ആദ്യം കണ്ട വിദേശിയും മാൽദീവ്സ്കാരായിരുന്നു. ചികിത്സക്കായി മെഡിക്കൽ കോളേജിലെത്തുന്ന മാലിക്കാരുടെ ഒരു ഹബ്ബും തിരുവനന്തപുരത്തുണ്ടായിരുന്നു. മെഡിക്കൽ കോളേജിനടുത്തുള്ള കുമാരപുരമായിരുന്നു അത്. വാപ്പയോടൊപ്പം നഗര മധ്യത്തിലെ ചാലയിൽ പോകുമ്പോഴൊക്കെയാണ് അവരെ അധികമായും കണ്ടിരുന്നത്. ചാലയിലെ ചില കടകളിലെ നെയിംബോർഡുകൾക്ക് പോലും ദിവേഹി ചന്തമായിരുന്നു. സ്കൂളിലും സഹപാഠികളായ മാൽദീവ്സിലെ വിദ്യാർത്ഥികളുണ്ടായിരുന്നു. മാത്രമല്ല തിരുവനന്തപുരത്തുകാരുടെ ഗൾഫിന് മുൻപുള്ള ആദ്യ ഇടത്താവളം കൂടിയായിരുന്നു മാൽദീവ്സ്. കുട്ടിക്കാലം മുതൽ അവിടം കാണണമെന്ന മോഹം നെഞ്ചിൽ കൂടുകുട്ടിയിരുന്നു. തിരുവനന്തപുരത്തു നിന്ന് ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്ന ഈ ദേശത്തെത്താൻ ഇത്രകാലം കാത്തിരിക്കേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം.
മാൽദീവ്സിലേക്കും ബഡ്ജറ്റ് യാത്രയോ?
നൂറിലധികം റിസോർട്ടുകളുള്ള മാൽദീവ്സ് പൊതുവെ സുഖാഡംബര യാത്രകളുടെ പറുദീസയായിട്ടാണറിയപ്പെടുന്നത്. സെലിബ്രിറ്റികളുടെ ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രം കൂടിയാകുമ്പോൾ ഈ പൊതുബോധം അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുക. എന്നാൽ ചരിത്ര സാംസ്കാരിക പൈതൃക മുദ്രകൾ തേടിയുള്ള ചെലവു കുറഞ്ഞ യാത്രകളും ഈ രാജ്യത്തേക്ക് പോയി വരാനാകും എന്നതിൻ്റെ സാക്ഷ്യംകൂടിയായിരുന്നു മാലി യാത്ര. കൊച്ചിയിൽ നിന്നാകട്ടെ ധാരാളം ബഡ്ജറ്റ് ഫ്ലൈറ്റുകളും ലഭ്യമായിരുന്നു. ഇന്ത്യക്കാർക്ക് വിസ വേണ്ടാത്തതിനാൽ പാസ്പോർട്ടിനൊപ്പം ഹോട്ടൽ ബുക്കിങ് കൺഫർമേഷൻ മാത്രമേ പരിശോധനക്കാവശ്യമായിരുന്നുള്ളു. Booking .com ലൂടെ റൂം ബുക്ക് ചെയ്തതിനാൽ മുൻകൂട്ടിക്കുള്ള പണമടക്കലും വേണ്ടിയിരുന്നില്ല. എയർപോർട്ടിൽ നിന്ന് തലസ്ഥാനമായ മാലിയിലെത്തിയ ശേഷം 500 രൂപ മുതലുള്ള റൂമുകളും ലഭ്യമാണ്. ഭക്ഷണത്തിനും പൊതുവെ വിലക്കുറവാണ്. മാലിയിൽ മാഫുഷി ഒഴികെയുള്ള ദ്വീപുകളിലേക്ക് ധാരാളം വെസലുകളും കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്നു.
അന്തർവാഹികപ്പലിലെ യാത്ര?
95 ഡോളറിന് അന്തർവാഹിനികപ്പൽ സഞ്ചരിച്ചതായിരുന്നു യാത്രയിലെ അവിസ്മരണീയ ദിനം. മറ്റു രാജ്യങ്ങളുമായി തട്ടിച്ചാൽ അത്ര ഉയർന്ന നിരക്കല്ല താനും. ഉച്ചവരെ നീണ്ടുനിന്നു ആ യാത്ര. 100 അടി താഴ്ചയിലേക്കാണ്ട കപ്പലിൻ്റെ ക്യാപ്റ്റൻ ഹിജാബിട്ട ഒരു പെൺകുട്ടിയുമായിരുന്നു.
മാൽദീവ്സിലെ കുഞ്ഞാലി മരക്കാൻമാർ?
തലസ്ഥാനമായ മാലെയിൽ തലയുയർത്തി നിൽക്കുന്നൊരു പളളിയുണ്ട്. മുഹമ്മദ് തക്റുഫാനു മസ്ജിദ്. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ധീരമായി പൊരുതിയ തക്റുഫാനു സഹോദരങ്ങളിലൊരാളാണ് മുഹമ്മദ് തക്റുഫാനു. ഇവരുടെ പോരാട്ടങ്ങൾക്ക് കുഞ്ഞാലി മരക്കാൻമാരുമായി ഏറെ സാമ്യമുണ്ട്.
മാൽദീവ്സിനെ അക്ഷരങ്ങളിലാക്കുമ്പോൾ
വ്ലോഗ് കാലഘട്ടത്തിൽ മാൽദീവ്സ് യാത്രയെ അക്ഷരങ്ങളിലാക്കൽ സാഹസികം തന്നെയാണ്. ഒരു ദീപരാഷ്ട്രത്തിൻ്റെ ദൃശ്യസൗന്ദര്യത്തിനപ്പുറമുള്ള അന്വേഷണങ്ങൾക്ക് എഴുത്തിൻ്റെ ഭാഷ മാത്രമേ വഴങ്ങുമായിരുന്നുള്ളൂ. അപൂർവ്വമായ ജൈവ വൈവിധ്യ സമ്പത്തിൻ്റെ ഈ ദേശത്തിന് നാടോടിക്കഥകളുടെയും മിത്തുകളുടെയും നീണ്ട പാരമ്പര്യമുണ്ട്. ആഗോള താപനം ഉൾപ്പടെ നിരവധി പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ഈ ദ്വീപുകൾക്ക് ധാരാളം കഥകൾ മൊഴിയാനുമുണ്ട്.