രാഷ്ട്രീയ അതിജീവനം ഇസ്ലാമിക വ്യാവഹാരിക പാരമ്പര്യം

ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകൾ ചർച്ച ചെയ്യുന്ന ‘രാഷ്ട്രീയ അതിജീവനം ഇസ്ലാമിക വ്യാവഹാരിക പാരമ്പര്യം ‘ എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് എഡിറ്റർ ബാസിൽ പി. എ, ‘ദി പിൻ ‘നോടു സംസാരിക്കുന്നു:

 

എസ്.ഐ.ഒ അൽജാമിഅ പുറത്തിറക്കിയ ‘ രാഷ്ട്രീയ അതിജീവനം :ഇസ്‌ലാമിക വ്യാവഹാരിക പാരമ്പര്യം’ എന്ന ഗ്രന്ഥം അതിന്റെ പ്രമേയം കൊണ്ട് വ്യതിരിക്തമാണ്. എന്തു കൊണ്ടാണ് രാഷ്ട്രീയ അതിജീവനത്തെ പഠനവിധേയമാക്കാൻ തീരുമാനിച്ചത്?

എസ്.ഐ.ഒ അൽജാമിഅ 2021 മീഖാത്തിൽ സ്വീകരിച്ച ‘പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുസ്‌ലിം സമൂഹത്തിന്റെ അതിജീവന ചരിത്രങ്ങൾ ഉമ്മത്തിന്റെ അജണ്ടകളെ നിർണയിക്കാൻ ഉതകുന്ന രീതിയിൽ പഠനവിധേയമാക്കും’ എന്ന പോളിസിയെ അടിസ്ഥാനപ്പെടുത്തിയാണ് പുസ്തകത്തിന്റെ ഉള്ളടക്കം തീരുമാനിക്കപ്പെട്ടിട്ടുള്ളത്. ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സമുദായം എക്കാലത്തും അനേകം പ്രതിസന്ധികളെ നേരിട്ടതായി കാണാം. മുസ്‌ലിംകൾ പരീക്ഷിക്കപ്പെടാൻ വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട ജനത കൂടിയാണല്ലോ. അത്തരം പരീക്ഷണങ്ങളെ അതതു കാലഘട്ടങ്ങളിലെ മുസ്‌ലിം സമൂഹവും അതിന്റെ പണ്ഡിതൻമാരും നേതാക്കളുമെല്ലാം ചേർന്ന് മറികടന്നിട്ടുണ്ട്. അതിന് ഇസ്‌ലാമിക അടിസ്ഥാനങ്ങളെ ആധാരമാക്കി അവർ സ്വീകരിച്ച നയപരിപാടികളും ഇടപെടലുകളുമെല്ലാം വ്യത്യസ്തങ്ങളാണ്. പ്രസ്തുത അതിജീവന വ്യവഹാരങ്ങളെ പരിശോധിക്കുമ്പോൾ ലഭിക്കുന്ന പാഠങ്ങൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്നത് മുസ്‌ലിം ഉമ്മത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മുന്നോട്ട് പോക്കിന് ഉപകാരപ്പെടും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രന്ഥപ്രമേയം നിശ്ചയിക്കപ്പെട്ടത്.

ഗ്രന്ഥത്തിന്റെ ലക്ഷ്യം മുസ്‌ലിം ഉമ്മത്തിന്റെ മുന്നോട്ട് പോക്കിന് ഗതിവേഗം പകരുക എന്നതാണെന്ന് താങ്കൾ വ്യക്തമാക്കിയിരുന്നുവല്ലോ. സമകാലികത്തിൽ ‘രാഷ്ട്രീയ അതിജീവനം’ എന്ന വ്യവഹാരം എത്രത്തോളം പ്രസക്തമാണ്?

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ, വിശിഷ്യാ ന്യൂനപക്ഷങ്ങളെ തെരെഞ്ഞ് പിടിച്ച് ആക്രമിക്കുന്ന ഒരു വംശീയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം രാഷ്ട്രീയ അധികാരമാർജിച്ച കാലഘട്ടത്തിൽ രാഷ്ട്രീയ അതിജീവനം എന്ന വ്യവഹാരത്തിന് പ്രസക്തിയേറുകയാണ്. മുസ്‌ലിം സമുദായത്തിന്റെ സ്ഥാപനങ്ങളും അടയാളങ്ങളും നിരോധിക്കപ്പെടുന്നു, പൗരത്വമടക്കമുള്ള പ്രാഥമിക അവകാശങ്ങൾ റദ്ദാക്കപ്പെടുന്നു, മുസ്‌ലിം ചെറുപ്പക്കാർ വേട്ടയാടപ്പെടുന്നു തുടങ്ങിയ അനേകം രാഷ്ട്രീയ,സാമൂഹിക പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിൽ ‘രാഷ്ട്രീയ അതിജീവനം’ എന്ന വ്യവഹാരത്തിന് പ്രസക്തിയേറിക്കൊണ്ടേയിരിക്കുകയാണ്. മലബാർ സമരത്തിന് നൂറാണ്ട് തികഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് ഗ്രന്ഥം പുറത്തിറങ്ങിയത്. 1921 ൽ അധികാരികളോട് പ്രതികരിച്ചത് പോലെയാവില്ല ഇന്നത്തെ ഭരണാധികാരികളോട് നാം ഇടപെടേണ്ടി വരിക. എന്നാൽ സമകാലികത്തിൽ പ്രസക്തമായ പല പാഠങ്ങളും മലബാർ സമരം നമുക്ക് പകർന്നു നൽകുന്നുണ്ട്. പ്രാമാണിക അടിത്തറയിൽ നിന്നു കൊണ്ടുളള ഇത്തരം വായനകൾക്ക് തീർച്ചയായും പ്രസക്തിയുണ്ട്.

രാഷ്ട്രീയ അതിജീവനവുമായി ബന്ധപ്പെട്ട വ്യാവഹാരിക വൃത്തം അതീവ വിശാലമാണല്ലോ. അവയിൽ നിന്ന് ഗ്രന്ഥം ചർച്ചക്കെടുത്ത വിഷയങ്ങളെ പറ്റി പറയാമോ?

രണ്ട് ഭാഗങ്ങളിലായി ഇരുപത്തഞ്ചോളം ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ആദ്യ ഭാഗത്തിൽ വിവിധ വിഷയങ്ങളിലുള്ള പഠനങ്ങളും രണ്ടാം ഭാഗത്തിൽ തദ്‌വിഷയത്തിൽ വിരചിതമായ ഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭരണകൂടങ്ങളുമായുള്ള ഇടപെടലുകളാണ് രാഷ്ട്രീയമായ അതിജീവനം സാധ്യമാക്കുന്നതെന്നെതിനാൽ അവയിലെ ഇസ്‌ലാമിക നിലപാടുകൾക്ക് മുഖ്യ പരിഗണന നൽകിയിരിക്കുന്ന ഗ്രന്ഥത്തിൽ പ്രാമാണികമായ വീക്ഷണങ്ങളും ചരിത്രത്തിലെ മാതൃകകളും ഉള്ളടങ്ങിയിട്ടുണ്ട്. സായുധ വിപ്ലവങ്ങൾ, നിഷ്ക്രിയത്വം, ക്രിയാത്മകമായ ഇടപെടലുകൾ തുടങ്ങിയ മാർഗങ്ങളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അപഗ്രന്ഥിക്കാൻ ശ്രമിക്കുന്ന പുസ്തകം സമര പോരാട്ടങ്ങളുടെ മഖാസ്വിദുകളെയും ദൈവശാസ്ത്രപരമായ വായനകളെയും ചർച്ച ചെയ്യുന്നു. വിവിധ മദ്ഹബുകൾ രാഷ്ട്രീയ മുന്നേറ്റങ്ങളെ സമീപിച്ച രീതികൾ, ആധുനിക ദേശരാഷ്ട്രങ്ങൾക്കകത്ത് ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകൾ നേരിടുന്ന പ്രതിസന്ധികൾ തുടങ്ങിയവയും പഠനവിധേയമാക്കുന്ന ലേഖനങ്ങൾ വിവിധ രാജ്യങ്ങളിലെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രായോഗിക മാതൃകകളും വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും പ്രബുദ്ധമായ ഇസ്‌ലാമിക പോരാട്ട പാരമ്പര്യങ്ങളെയും അവയുടെ വൈജ്ഞാനിക അടിത്തറകളെയും അന്വേഷിക്കുന്ന ഗ്രന്ഥം പൗരത്വവും അസ്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സമകാലികത്തിൽ മുസ്‌ലിം സമുദായം സ്വീകരിക്കേണ്ട നിലപാടുകളെ കണ്ടെത്താനും ശ്രമിക്കുന്നു.

ഗ്രന്ഥത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച്

അൽ ജാമിഅ അൽ ഇസ്‌ലാമിയ റെക്ടർ ഡോ: അബ്ദുസ്സലാം അഹ്‌മദ് അവതാരിക എഴുതിയ ഗ്രന്ഥത്തിലെ ലേഖകർ പൂർണമായും എസ്.ഐ.ഒ അൽ ജാമിഅ പ്രവർത്തകരാണ്. കേരളത്തിലെ പ്രഗൽഭരായ പണ്ഡിതൻമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തകർ പഠനങ്ങൾ പൂർത്തീകരിച്ചിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *