വ്യത്യസ്തങ്ങളായ സൈദ്ധാന്തിക സമീപനങ്ങളുടെയും പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളുടെയും ഏറ്റുമുട്ടലായി ആധുനിക ലോകം വിശേഷിപ്പിക്കപ്പെടുന്നു. എന്നാൽ ഈ സംഘട്ടന വ്യവസ്ഥിതി ആധ്യാത്മികമോ ഭൗതികമോ ആയ സാമാന്യ ധാരണയെ പുണരുന്നവയുമാണ്. ഈ ആധുനിക ക്രമങ്ങൾക്കിടയിൽ ഇസ്‌ലാമിന്റെ സ്ഥാനം അന്വേഷിക്കുകയാണ് മുൻ ബോസ്നിയൻ പ്രസിഡൻ്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിൻ്റെ ‘ഇസ്‌ലാം ബിറ്റ് വീൻ ഈസ്റ്റ് ആന്റ് വെസ്റ്റ്’ എന്ന പുസ്തകം. പാശ്ചാത്യ പൗരസ്ത്യ വിചിന്തനങ്ങളുടെ അടിസ്ഥാനത്തിൽ സാഹിത്യം, ചിത്രകല, പാശ്ചാത്യ ദർശനം, ശാസ്ത്ര പഠനം എന്നിവയെ മുൻനിർത്തി അധ്യാത്മികതയും ഭൗതികതയും ഒത്തുചേരുന്ന വിസ്തൃത കാഴ്ചപ്പാടുള്ള ഒരു ദർശനമാണ് ഇസ്‌ലാമെന്ന് പുസ്തകം മൗലികമായി പങ്കുവെക്കുന്നു. അതോടൊപ്പം ഇസ്‌ലാമേതര സമൂഹങ്ങളിൽ ഇസ്‌ലാമിക മൂല്യങ്ങൾക്കുള്ള സാംഗത്യം തുറന്നു കാണിക്കുവാനും അതിലൂടെ ഇസ്‌ലാമിനെ ഒരു മതാധ്യാപന രീതിശാസ്ത്രമായി കാണാതെ ലോക വീക്ഷണമായി കാണാനും പുസ്തകം ശ്രമിക്കുന്നു.
ഇസ്‌ലാം ഒരു മതം എന്നതിനു പുറമെ ഒരു ജീവിതരീതിയും പ്രപഞ്ചഘടനയെക്കുറിച്ചുള്ള ഒരു പ്രമാണവുമാണ്. ആ പ്രമാണ പ്രകാരമാണ് മനുഷ്യ സൃഷ്ടി, അഥവാ മനുഷ്യ ശരീരത്തിൻ്റെയും ആത്മാവിൻ്റെയും ഐക്യമാണ് ഇസ്‌ലാം. ആ സാമൂഹിക ക്രമത്തിനു മതത്തിൻ്റെയും ധർമനീതിയുടെയും ആശയങ്ങളെ സമന്വയ പരിപ്രേക്ഷ്യത്തോടെ പരിഗണിക്കാൻ സാധിക്കുന്നു. ക്രിസ്തു മതത്തിനും ഭൗതികവാദത്തിനും അന്യമായ ഈ അടിസ്ഥാനപരമായ ഐക്യം ഇസ്‌ലാമിൻ്റെ ഏറ്റവും വലിയ സവിശേഷതയായാണ് ബെഗോവിച്ച് നിരീക്ഷിക്കുന്നത്. പ്രപഞ്ചത്തെ, മതപരം, ഭൗതികം, ഇസ്‌ലാമികം എന്ന മൂന്ന് സമഗ്ര വീക്ഷണങ്ങളായാണ് പുസ്തകം അവതരിപ്പിക്കുന്നത്. യഥാക്രമം ക്രിസ്തുമതം, ഭൗതികവാദം, ഇസ്‌ലാം എന്നിങ്ങനെ പ്രകടമായ ഉദാഹരണങ്ങളായി അവയെ വ്യാഖ്യാനിക്കുന്നു. ആദ്യത്തേത് ആത്മാവിൻ്റെ അസ്ഥിത്വത്തെയും രണ്ടാമത്തേത് പദാർഥത്തിൻ്റെ അസ്ഥിത്വത്തെയും മൂന്നാമത്തേത് ആത്മാവിൻ്റെയും പദാർഥത്തിൻ്റെയും ഏകകാലികമായ അസ്ഥിത്വത്തെയും പ്രതിനിധീകരിക്കുന്നു. പദാർഥം മാത്രമായുള്ള പ്രാപഞ്ചിക വീക്ഷണം ഭൗതികവാദമായി ചുരുങ്ങും. എന്നാൽ, ആത്മാവിൽ ബന്ധിതമാണ് മനുഷ്യൻ. അതിനാൽ മതമോ ധർമ നീതിയോ ഇല്ലെങ്കിൽ മനുഷ്യ ജീവിതം നിരർഥകമാണ്. ആത്മാവിൻ്റെയും പദാർഥത്തിൻ്റെയും ഏകകാലികമായ രൂപമായി ഇസ്‌ലാമിനെ വിവക്ഷിക്കുന്നതിലൂടെ അതിൻ്റെ പ്രകടമായ മഹിത രൂപമായി മനുഷ്യനെ പുസ്തകം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
പ്ലാറ്റോവിൽ നിന്ന് ആരംഭിച്ച്, മധ്യകാലഘട്ടത്തിലെ ക്രൈസ്തവ ചിന്തകന്മാരിലൂടെയും, ഇമാം അൽ ഗസ്സാലി, മാലൻബ്രാച്ചേ, ബെർക്ക്ലി, ഡെകാർതെ, ലെബനിറ്റ്സ്, ഫിച്ചേ, ഹെഗൽ, കാൻ്റ്, ബർഗ്സൺ എന്നിവരിലൂടെയും തുടരുന്ന ആധ്യാത്മിക ദർശനവും ടൈൽസ്, അനാക്സിമൻ, ലൂക്രിറ്റിയസ്, ഹോബ്സ്, ഡിഡറോ, സ്പെൻസർ, മാർക്സ് എന്നിവരിലൂടെ തുടരുന്ന ഭൗതിക ദർശനവും മാനവികതയെയും പുരോഗതിയെയും പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ മാനവികതാവാദം മാപ്പേകലോ സഹന ശക്തിയോ അല്ല, അവ അതിൻ്റെ അത്യാവശ്യ ഫലങ്ങളാണ് താനും. മാനവിക വാദത്തെ പ്രാഥമികമായി മനുഷ്യൻ്റെയും മനുഷ്യ സ്വാതന്ത്ര്യത്തിൻ്റെയും മാറ്റി നിർത്താനാകാത്തൊരു ഘടകമായാണ് പുസ്തകം കാണുന്നത്.
പ്രധാനമായും പുസ്തകം രണ്ടു ഖണ്ഡങ്ങളാണ്. ആദ്യ ഭാഗത്തിൻ്റെ ശീർഷകം ‘പ്രിമൈസസ്’ എന്ന പേരിലും രണ്ടാം ഖണ്ഡം ‘ഇസ്‌ലാം-ബൈപോളാർ യൂനിറ്റി’ എന്ന പേരിലുമാണ് ഉള്ളത്. സൃഷ്ടി, പരിണാമം, സംസ്കാരം, നാഗരികത, നാടകം, ഉട്ടോപ്പിയ തുടങ്ങി ആസ്തികവും നാസ്തികവുമായ ചർച്ചകൾ ഉൾപ്പെടുന്ന ആറ് ഉപാധ്യായങ്ങളടങ്ങുന്ന ഒന്നാം അധ്യായം, മനുഷ്യ ലോകത്തിലെ സർവഗ്രാഹിയായ ‘ദ്വൈതവാദത്തെ’ സ്ഥാപിക്കുകയും ആത്മാവും ശരീരവും മതവും ശാസ്ത്രവും സംസ്കാരവും നാഗരികതയും തമ്മിലുള്ള നിലക്കാത്ത സംഘർഷങ്ങളെ സംവാദക്ഷമതയോടെ പരിശോധിക്കുകയും ചെയ്യുന്നു. മനുഷ്യൻ പരിണാമത്തിൻ്റെ ഉൽപന്നമാണോ അതോ സൃഷ്ടിയാണോ എന്ന ശാസ്ത്രത്തിൻ്റെയും മതത്തിൻ്റെയും സംഘട്ടന സമീക്ഷകളെ കലയുടെ മൗലിക പ്രമേയങ്ങൾ മുന്നോട്ട് വെച്ച് പരിഗണിക്കാനും പരിഹരിക്കാനും പുസ്തകം ശ്രമിക്കുന്നു. മൈക്കലാഞ്ചലോവിൻ്റെ പ്രശസ്തങ്ങളായ ചുമർ ചിത്രങ്ങളെ കുറിച്ചുള്ള ആലോചനകൾ, സ്വർഗ-നരകങ്ങളെക്കുറിച്ചുള്ള ഡാൻ്റെയുടെ സങ്കൽപം, ഫോസ്റ്റിൻ്റെ സ്വർഗത്തെക്കുറിച്ചുള്ള ആമുഖം, ജപ്പാനിലെ ചുമർ ചിത്രങ്ങൾ എന്നിവ മുൻ നിർത്തി അവക്ക് ഡാർവിൻ്റെ മനുഷ്യനുമായി ബന്ധമില്ലെന്ന് സ്ഥാപിക്കുക മാത്രമല്ല, മനുഷ്യ സങ്കൽപത്തെ പറ്റി ഡാർവിനെയും മൈക്കലഞ്ചലോവിനെയും പുസ്തകം വ്യത്യസ്ത ധ്രുവങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ എതിർ ദിശകളിൽ തിരിഞ്ഞുനിൽക്കുന്ന രണ്ട് ദർശനമായി മതത്തെയും ശാസ്ത്രത്തെയും കാണുന്നത് പോലെ കലയും ശാസ്ത്രവും അന്യോന്യാശ്രയമില്ലാത്ത സമ്പൂർണ ജ്ഞാനങ്ങളായാണ് ബെഗോവിച്ച് നിരീക്ഷിക്കുന്നത്. ശാസ്ത്രം പ്രകൃതിയെക്കുറിച്ചുള്ള അറിവെന്ന പോലെ കവിത മനുഷ്യനെ കുറിച്ചുള്ള അറിവാണ്. മനുഷ്യനും, മതവും, കലയും തമ്മിലുള്ള ആന്തരിക ബന്ധത്തെ അത് പ്രകടമാക്കുന്നു. ശാസ്ത്രം ജ്യോതിശാസ്ത്രത്തിൻ്റെ മകളെന്ന പോലെ കല മതത്തിൻ്റെ മകളാണെന്ന ബെർഗ് സൺൻ്റെ വാക്ക് പ്രസക്തമാകുന്നതും അവിടെയാണ്.
നാഗരികതയുടെ ബോധ്യത്തിൽ, കലയുടെ പിന്മാറ്റവും വിദ്യാഭ്യാസത്തിൻ്റെ വികാസവും സ്റ്റേറ്റിന്റെ നാസ്തിക സ്വഭാവ സവിശേഷതയായാണ് പുസ്തകം വിലയിരുത്തുന്നത്. 1932 ലെ സി.കെ.കെ.പി.എസ്.എസിൻ്റെ പ്രമേയ പ്രകാരം നിരവധി സാഹിത്യ സംഘടനകൾ നിരോധിക്കുകയും സോവിയറ്റ് സാഹിത്യകാരന്മാരുടെ ഏക സംഘടന രൂപീകരിക്കുകയും ചെയ്തു. ഈ പ്രക്രിയയെ വാക്കിൻ്റെ നിരോധനമെന്നാണ് പുസ്തകം വിശേഷിപ്പിച്ചത്. എന്തെന്നാൽ 1934ൽ ചേർന്ന പ്രഥമ സോവിയറ്റ് സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ പങ്കെടുത്ത 700 പേരിൽ, 1954ൽ രണ്ടാം സമ്മേളനം ചേർന്നപ്പോൾ ആദ്യം പങ്കെടുത്തവരിൽ 50 പേർ മാത്രമായിരുന്നു ജീവിച്ചിരുന്നത്. ഇത് സ്റ്റാലിൻ്റെ ‘ശുദ്ധീകരണ’ പ്രക്രിയയുടെ പരിണിതഫലമായിരുന്നു. നാഗരികതയെ പറ്റിയുള്ള ഈ അഭിപ്രായം ഒരു വശത്തിരിക്കെ, സംസ്കാരത്തെ ‘മനുഷ്യൻ്റെ കല’ എന്നാണ് ബെഗോവിച്ച് വിശേഷിപ്പിക്കുന്നത്. നാഗരികത വിദ്യാഭ്യാസം നൽകുന്നു. സംസ്കാരം പ്രബുദ്ധതതയാകുന്നു. വിദ്യാഭ്യാസം മനുഷ്യനെ കൂടുതൽ കഴിവുള്ളവനാകുന്നു. എന്നാൽ സംസ്കാരം മുഷ്യനാക്കുന്നു.
സംസ്കാരവും നാഗരികതയും തമ്മിലുള്ള അടിസ്ഥാനപരമായ വൈരുദ്ധ്യം,മതവും ശാസ്ത്രവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം തന്നെയാണ്. എല്ലാ സംസ്കാരവും സാരാംശത്തിൽ ആസ്തികവും എല്ലാ നാഗരികതയും സാരാംശത്തിൽ നാസ്തികവുമാണ്. അതിനാൽ ശാസ്ത്രം മാനവികതയിലേക്ക് നയിക്കാത്തത് പോലെ മതം സ്വമേധയാ പുരോഗതിയിലേക്ക് നയിക്കില്ല. ആത്മാവും ശരീരവും, മതവും ശാസ്ത്രവും, സംസ്കാരവും നാഗരികതയും തമ്മിലുള്ള നിലക്കാത്ത സംഘർഷങ്ങളെ സംവാദനാത്മക വിശകലനത്തിൽ ഊന്നിക്കൊണ്ട് മനുഷ്യ ലോകത്തിൻ്റെ എല്ലാം ഉൾക്കൊള്ളുന്ന ദ്വൈതവാദത്തെ പുസ്തകത്തിൻ്റെ ആദ്യ ഭാഗം സ്ഥാപിക്കുന്നു.
ശാസ്ത്രം, മതം, കാരുണ്യം, പുരോഗതി, മാനുഷികത എന്നിവയെ സേവിക്കുന്ന ഒരേയൊരു മാർഗമുണ്ടോ? ഉട്ടോപ്പിയയിൽ അജ്ഞാതരായ വ്യക്തികൾക്ക് പകരം മനുഷ്യജീവികൾ വസിക്കുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കുകയാണ് പുസ്തകത്തിൻ്റെ രണ്ടാം ഖണ്ഡം. ചരിത്രവുമായി മനുഷ്യരാശിയുടെ ഏറ്റുമുട്ടലിനുള്ള മൂന്ന് പ്രാഥമിക ഉത്തരങ്ങളെ പ്രതിനിധീകരിക്കുന്ന മോശ, യേശു, മുഹമ്മദ് (സ) എന്നിവരുടെ സമാനതകളെ കുറിച്ചുകൊണ്ടാണ് പുസ്തകത്തിൻ്റെ ഈ ഭാഗം തുടങ്ങുന്നത്. ഇസ്‌ലാമിൽ ജൂതമതത്തിൻ്റെ ഒരു ഘടകം ഉൾചേർന്നിട്ടുണ്ട്. മതത്തെ തിരസ്കരിച്ച ഹെഗൽ, ജൂതമതത്തിൻ്റെ പ്രത്യക്ഷമായ തുടർച്ചയാണ് ഇസ്‌ലാമെന്ന് അഭിപ്രായപ്പെടുന്നു. സ്പെംഗ്ളർ അദ്ദേഹത്തിൻ്റെ ‘പാറ്റേൺസ് ഓഫ് കംപാരേറ്റീവ് റിലീജിയൻസ് ‘ എന്ന ഗ്രന്ഥത്തിൽ ജോബിൻ്റെ ഒരു പുസ്തകം ഇസ്‌ലാമിക രചനയാണെന്ന് വിലയിരുത്തുന്നുണ്ട്. എന്നാൽ ജൂതമതം ഭൗതികവാദപരമാണ്, അത് ഇഹലോകത്തെ പ്രതിനിധീകരിക്കുന്നു. സോംബർട്ടിൻ്റെ അഭിപ്രായത്തിൽ ജൂത മതത്തിൻ്റെ ചരിത്രം ലോക വ്യാപാര ചരിത്രം കൂടെയാണ്. അവർ സംസ്കാരത്തിൽ പങ്കാളികളായിരുന്നില്ല മറിച്ച്, അവർ നാഗരികതയിൽ പങ്കാളികളായിരുന്നു താനും. ഒരു നഗരത്തിൽ സംസ്കാരം പ്രതാപം നേടുന്നുവോ ഉടനെ ജൂതരവിടെ പ്രത്യക്ഷപ്പെടുമായിരുന്നു. ചരിത്രത്തിലാകമാനം എല്ലാ മഹാ നഗരങ്ങളിലും ജൂത കോളനികൾ സ്ഥാപിക്കപ്പെട്ടിരുന്നു. വിശേഷിച്ച് അമേരിക്കയിൽ, അവിടെ ജൂതന്മാരുടെ ചരിത്രം നിർമാണത്തിൻ്റെ കാൽവെപ്പായിരുന്നു. കൊളമ്പസിൻ്റെ സഞ്ചാരത്തിന് ധനസഹായം നൽകിയിരുന്നത് ജൂതന്മാരായിരുന്നു എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടണ്ട്. എന്നാൽ ക്രിസ്തുമതത്തിൻ്റെ ചരിത്രം ആന്തരിക പുരോഗതിയുടെ ഭാഗമാണ്. എന്നിരുന്നാലും ക്രിസ്തുമതത്തിൻ്റെ ആത്മീയ ഭൗതിക ചരിത്രത്തിൽ ചില പൊരുത്തകേടുകൾ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. ദൈവമനുഷ്യൻ എന്ന ക്രിസ്തുമതത്തിലെ മിഥ്യാധാരണയെ, ജീവിതത്തിൽ ശുദ്ധ ക്രിസ്തു മതം അസാധ്യമാണന്ന മൂകാനുമതിയായി പുസ്തകം രേഖപ്പെടുത്തുന്നു. “കുരിശിൽ മരണമടഞ്ഞത് അവസാനത്തെ ക്രിസ്ത്യാനി” എന്നാണ് നീത്ഷേ ഈ ചരിത്ര പരാജയത്തെ വിശേഷിപ്പിച്ചത്.
പുസ്തകത്തിൻ്റെ എട്ടാം അധ്യായം, ഇസ്‌ലാമിക പ്രാർത്ഥനയിലെ സ്വലാത്തിന് കേന്ദ്രസ്ഥാനം നൽകി ഇസ്‌ലാമിലെ പഞ്ചസ്തംഭംങ്ങൾ ചർച്ച ചെയ്യുന്നു. ഇസ്‌ലാമിലെ ദ്വിധ്രുവതയുടെ ഐക്യ രൂപമായാണ് പുസ്തകം സ്വലാത്തിനെ പരിചയപ്പെടുത്തുന്നത്. അംഗസ്നാനമില്ലാതെ സ്വലാത്ത് ഉപയോഗശൂന്യമാണ് അതിന് ഫലമില്ലതാനും. അത് നിർവഹിക്കൽ സ്വലാത്തിൻ്റെ ഘടകവുമാണ്. അതിനാൽ സ്വലാത്ത് പ്രാർത്ഥന എന്നതിനു പുറമെ ഒരു ശിക്ഷണ പ്രക്രിയ കൂടിയാണ്. സ്വലാത്തിൻ്റെയും വ്രതത്തിൻ്റെയും ഹജ്ജിൻ്റെയും സമയങ്ങൾ ജ്യോതിശാസ്ത്രപരമാണ്. അതിൽ ഭൗതികവും പ്രകൃതിപരവുമായ മൂലധാതുക്കളെ കറിച്ചുള്ള കൃത്യമായ സങ്കൽപനം ഉൾച്ചേർന്നിരിക്കുന്നു. ഈ രൂപത്തിൽ അത് പ്രകൃതിയോട് ബന്ധപ്പെട്ടതാണ്. അതുപോലെ ഇസ്‌ലാമിന്റെ മൗലിക കർമങ്ങളിൽപ്പെട്ട സകാത്തിൻ്റെ പ്രാഥമികമായ ലക്ഷ്യം ദാരിദ്ര്യ നിർമാർജനമാണ്. സ്വലാത്ത് വ്യക്തിഗത പ്രവർത്തനമെന്ന നിലക്കും സകാത്ത് സാമൂഹിക സമീപനമെന്ന നിലക്കും പരസ്പരാശ്രയത്വമുള്ളതും താളലയമുള്ളതുമായാണ് ബെഗോവിച്ച് നിരീക്ഷിക്കുന്നത്.
ചുരുക്കത്തിൽ കിഴക്കിൻ്റെ നിഷ്ക്രിയമായ ആത്മീയതക്കും പടിത്താറിൻ്റെ ആത്മശൂന്യമായ ഭൗതികതക്കും അവ മുന്നോട്ട് വെക്കുന്ന താർക്കിക പ്രശ്നങ്ങൾക്കു പരിഹാരമായി, അവക്കിടയിൽ സമന്വയത്തിൻ്റെ പ്രതീകമായി ഇസ്‌ലാമിനെ പുസ്തകം പ്രതിനിധീകരിക്കുന്നു. അതോടൊപ്പം അവ മുന്നോട്ട് വെക്കുന്ന മൗലികവും നൂതനവുമായ അഭിപ്രായ സമീകരണം സാധ്യമാണെന്ന് വാദിക്കുന്ന ഒരു കൃതിയെന്ന നിലയിൽ ബെഗോവിച്ചിൻ്റെ ‘ഇസ്‌ലാം ബിറ്റ് വീൻ ഈസ്റ്റ് ആന്റ് വെസ്റ്റ്’ എന്ന പുസ്തകം സൂക്ഷ്മ വായനയും സംവേദനവും ആവശ്യപ്പെടുന്നു.
Great dear