കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഡൽഹി പോലീസിന്റെ സ്പെഷ്യൽ വിംഗ് പ്രവർത്തക, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘വിമൻസ് മാനിഫെസ്റ്റോ’ എന്ന എൻ.ജി.ഒയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രശസ്തയായ സാമൂഹ്യ പ്രവർത്തകയാണ് ഡോ. ഷർനാസ് മുത്തു. സ്ത്രീ ശാക്തീകരണ മേഖലകളിൽ സവിശേഷ സാന്നിധ്യമായി ഇതിനോടകം വിമൻസ് മാനിഫെസ്റ്റോ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെയും അവയെ ചെറുക്കുന്നതിൽ എൻ.ജി.ഒ സ്വീകരിക്കുന്ന വേറിട്ട സമീപനങ്ങളെയും കുറിച്ച് ഡോ. ഷർനാസ് മുത്തു ‘ദി പിന്നിനോട്’ സംസാരിക്കുന്നു.
‘വിമൻസ് മാനിഫെസ്റ്റോ’ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എൻ.ജി.ഓ ആണല്ലോ. ഡൽഹിയിൽ സംഘടന ഇതുവരെ ചെയ്ത പ്രവർത്തനങ്ങളും അതിന്റെ ഫലങ്ങളും എത്രത്തോളമാണ്?
‘വിമൻസ് മാനിഫെസ്റ്റോ’ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2012 ഡിസംബർ 16ലെ ‘നിർഭയ കേസിന്റെ’ പശ്ചാത്തലത്തിലാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടാനും, അതിനെതിരെ പ്രതികരിക്കാനും ആ കേസ് ഒരു അവസരമായി. പോളിസി തലത്തിൽ ഒരുപാട് നല്ല വ്യത്യാസങ്ങൾ സൃഷ്ടിക്കാനും ഈ കേസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഡൽഹി നഗരത്തിന് ‘റേപ് ക്യാപിറ്റൽ’ എന്ന അപരനാമം ഈ കേസോട് കൂടി പത്രമാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചാരം നേടി. സുരക്ഷിതത്വം കണക്കിലാക്കി പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിലേക്ക് അയക്കാന്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമായി. ഈ സന്ദർഭത്തിൽ അന്യസംസ്ഥാനത്ത് നിന്നും ഉപരിപഠനത്തിനായി ഡൽഹിയില്‍ വരുന്ന വിദ്യാർഥിനികൾക്ക് വേണ്ട താമസ സൗകര്യം, ഇന്റർവ്യൂ-പ്രവേശന പരീക്ഷ എന്നിവയിൽ പങ്കെടുക്കാനുള്ള സഹായങ്ങൾ മുതലായ സർവീസുകൾ പ്രദാനം ചെയ്യുന്ന ഒരു സംരഭമായാണ് ഇത് തുടക്കമിട്ടത്.
2014ൽ ഈ കൂട്ടായ്മ ദേശീയ തലത്തില്‍ പ്രവർത്തിക്കാവുന്ന എൻ.ജി.ഒ ആയി രജിസ്റ്റർ ചെയ്തു. ഗൈഡൻസ് & കൗൺസിലിംഗ്, ഇരവത്കരിക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമ സഹായം, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങള്‍, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണ-നയരൂപീകരണ ഇടപെടലുകളും, നേതൃപരിശീലനം, സ്വയംതൊഴില്‍, നൈപുണ്യ വികസന പരിശീലനം, ഭക്ഷണം/വസ്ത്രം/താമസം/ചികിത്സ തുടങ്ങിയവ കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്കുള്ള സാമ്പത്തിക സഹായം എന്നിവയാണ് എൻ.ജി.ഒക്ക് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങള്‍.
എൻ.ജി.ഒ ആയതിന് ശേഷം ഡൽഹി പോലീസിന്റെ കീഴിലുള്ള ക്രൈം ‘എഗൈൻസ്റ്റ് വിമൻ’ എന്ന സെല്ലുമായി സഹകരിച്ച് ഡൽഹിയിലെ വിവിധ ചേരി പ്രദേശങ്ങളിൽ ഗൈഡൻസ് & കൗൺസലിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്ര സർവകലാശാലകളുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ഡൽഹി കേന്ദ്രീകരിച്ച് വർഷംതോറും നടന്നുവരുന്ന ‘വിമൻ സമ്മിറ്റ്’ ഒരു പ്രധാന പരിപാടിയാണ്.
ഡൽഹിയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ആൾ എന്ന നിലയിൽ അവിടുത്തെ സാമൂഹ്യ-സന്നദ്ധ സംഘടനകൾ ചെയ്തുപോരുന്ന പ്രവർത്തനങ്ങളെ വിലയിരുത്താമോ? ഈ എൻ.ജി.ഒകളോട് ഭരണകൂടം എങ്ങനെയാണ് പ്രതികരിക്കുന്നത്?
പ്രധാനമായും രണ്ടു തരത്തിലുള്ള സന്നദ്ധ സംഘടനകളാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. നയനിലപാടുകളില്‍ ഇടപെടുന്ന ‘ആക്ടിവിസ്റ്റ്’ സ്വഭാവത്തിലുള്ളതാണ് അതിലൊന്ന്. സർക്കാറുമായി സഹകരിച്ച് സേവന-വികസന പ്രവർത്തനങ്ങളില്‍ ഇടപെടുന്നവയാണ് മറ്റൊന്ന്.
സർക്കാറിന്റെ പല പദ്ധതികളുടെയും താഴെക്കിടയിലുള്ള നടത്തിപ്പ് എന്‍.ജി.ഒ.കള്‍ വഴിയാണ് നടക്കുന്നത്. ഉദാഹരണത്തിന് ‘ഡൽഹി കമ്മീഷൻ ഫോർ വിമണിന്റെ’ കീഴിൽ വരുന്ന മഹിളാ പഞ്ചായത്ത്, ക്രൈസിസ് ഇന്റർവെൻഷൻ സെന്ററുകൾ എന്നിവയൊക്കെ വ്യത്യസ്ത എൻ.ജി.ഒകൾ വഴിയാണ് നടപ്പിലാക്കുന്നത്. ഡൽഹി കലാപത്തിന്റെയും കോവിഡ് മഹാമാരിയുടെയും സമയത്ത് അടിയന്തര സഹായമെത്തിക്കുന്നതില്‍ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സർക്കാർ എകീകരിക്കുകയുണ്ടായി. എന്നാല്‍ എൻ.ജി.ഒ പ്രവർത്തനങ്ങളെയും, അവയുടെ സാമ്പത്തിക സ്രോതസ്സുകളെയും കൂടുതല്‍ നിയന്ത്രിക്കുന്ന രീതിയിലാണ് ഇപ്പോള്‍ സർക്കാറിന്റെ സമീപനം.
കോവിഡ് കാലത്ത് ലോകത്തെല്ലായിടത്തും സ്ത്രീകൾക്ക് നേരെയുള്ള ഗാർഹിക പീഡന കേസുകള്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ. എന്താണതിന് കാരണം? സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ എന്ന നിലയിൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇതിനെ പ്രതിരോധിക്കാൻ ചെയ്യുന്നത്?
ലോക്ഡൗൺ കാലത്ത് ആദ്യമേ പീഡന പ്രവണതയുള്ള കുടുംബങ്ങളിലും അല്ലാത്തവയിലും ഗാർഹിക പീഡനങ്ങൾ, ശാരീരിക-മാനസിക അതിക്രമങ്ങൾ, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവയെല്ലാം കൂടിവരുന്നുണ്ട്. വിവിധ പ്രേരണകളും കാരണങ്ങളും ഇതിനു പിന്നിലുണ്ട്. പ്രധാനമായും സാമ്പത്തികമായി അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഏപ്രിൽ മാസത്തില്‍ പുറത്തുവന്ന ഒരു കണക്ക് പ്രകാരം 12.2 കോടി ജനങ്ങൾക്കാണ് കോവിഡ് ലോക്ഡൗണിൽ വരുമാന മാർഗം നഷ്ടപ്പെട്ടിരിക്കുന്നത്. സാമ്പത്തിക മേഖല, ജോലി, മാർക്കറ്റ്, ലോക്ഡൗണിൽ അനുഭവിക്കുന്ന അനിശ്ചിതത്വം തുടങ്ങിയവയെല്ലാം ഉയർന്ന മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. കുടുംബത്തിന്റെ ആരോഗ്യം, രോഗ ഭയം, കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും എന്നിവയെക്കുറിച്ചുള്ള ആശങ്ക, എത്ര കാലം ഈ അനിശ്ചിതത്വം തുടരും എന്ന ഉത്തരമില്ലാത്ത ചോദ്യം ഇങ്ങനെ നീണ്ടുപോകുന്നു ആശങ്കകൾ.
ലോക്ഡൗൺ ഓരോ വീടകങ്ങളും സമ്മർദ്ദം നിറഞ്ഞതാക്കുന്നു. ഗൃഹനാഥൻ/ഗൃഹനാഥ എന്നീ ഉത്തരവാദിത്തങ്ങൾ മുതിർന്നവരിൽ വലിയ അളവിൽ പിരിമുറുക്കം സൃഷ്ടിക്കുന്നു. ഇത്തരത്തിൽ സമ്മർദങ്ങൾ നിറഞ്ഞ സാഹചര്യം അതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമുള്ള പ്രേരണയായി മാറുന്നു. നമ്മുടെ പുരുഷകേന്ദ്രീകൃത സാമൂഹിക സാഹചര്യത്തില്‍ സ്ത്രീ കൂടുതൽ അതിക്രമങ്ങൾക്ക് ഇരയാകുന്നു.
മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതും, ചിലപ്പോൾ അവ ലഭ്യമാകാത്ത അവസ്ഥ വരുമ്പോഴും അവരുടെ അരിശം, നിരാശ, അസ്വസ്ഥത എന്നിവയൊക്കെ അധികവും അനുഭവിക്കേണ്ടിവരുന്നത് വീടകങ്ങളിലെ സ്ത്രീ ആണ്. സ്ത്രീക്ക് കുടുംബങ്ങളില്‍ നിന്ന് ലഭ്യമാകേണ്ട പിന്തുണയും സാമീപ്യവും ലോക്ഡൗൺ കാലത്ത് ലഭിക്കാതെ പോകുന്നു. ഗാർഹിക പീഡനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ രണ്ടാംതരമായി മാത്രമേ വീക്ഷിക്കപ്പെടാറുള്ളൂ. കോവിഡ് പശ്ചാത്തലത്തിൽ അവയുടെ പരിഗണന വീണ്ടും കുറയുകയാണുണ്ടായത്. അതുപോലെ കോടതികളും ഇത്തരം കേസുകൾ മാറ്റിവെച്ച നിലയിലാണ്. ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ അധികരിപ്പിക്കുന്നു.
ഇവിടെ ആദ്യമായി ചെയ്യേണ്ടത് സ്ത്രീക്ക് അവശ്യമായ മാനസികവും വൈകാരികവുമായ സഹായവും പിന്തുണയും നൽകുന്നതോടൊപ്പം, അവളുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും അവ പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുക, സെൽഫ് കെയർ സ്വഭാവം വളർത്തിയെടുക്കുക, ലോക്ഡൗൺ അനിശ്ചിതത്വത്തിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുക, കുടുംബത്തിന് വേണ്ടിയും സ്വന്തത്തിന് വേണ്ടിയും ഉയരാൻ പ്രേരിപ്പിക്കുക, അവരിൽ പ്രതീക്ഷ നിലനിർത്തുക, നിലവിലുള്ള എമർജൻസി ഹെൽപ്പ് ലൈൻ സേവനങ്ങളും മറ്റു സർക്കാർ-സർക്കാരേതര പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ സ്ത്രീകളിലും എത്തിക്കുക എന്നിവയെല്ലാം നടപ്പിലാക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് മാനസിക പരിരക്ഷ, കൗൺസിലിംഗ്, റിലാക്സേഷൻ ട്രീറ്റ്മെന്റ്, നിയമസഹായം എന്നിവ നൽകുന്നതിനായി ‘വിമൻസ് മാനിഫെസ്റ്റോയുടെ’ ഹെൽപ്പ് ലൈൻ സജീവമായി പ്രവർത്തിക്കുന്നു. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളുടെ സേവനങ്ങളും ഉപയോഗപ്പെടുത്തി ഇരകൾക്ക് നിയമസഹായം, റേഷന്‍, സാമ്പത്തിക സഹായം എന്നിവ സാധ്യമാകുന്നത്ര ലഭ്യമാക്കുന്നു.
ഇന്ത്യയിൽ ധാരാളം വനിതാ സന്നദ്ധ സംഘടനകള്‍ പ്രവർത്തിക്കുന്നണ്ടല്ലോ. അവയുടെ രാഷ്ട്രീയം എങ്ങനെയുള്ളതാണ്?സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ ചെറുക്കാൻ എത്രത്തോളമാണ് അവക്ക് കഴിഞ്ഞിട്ടുള്ളത്?
എല്ലാ എൻ.ജി.ഒകളുടെയും മൂല്യങ്ങളെയും മുൻഗണനകളെയും നിർണയിക്കുന്നത് അവ രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യങ്ങളാണ്. സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിൽ ഒരു വിഭാഗം സ്ത്രീകളെ അരികുവത്കരിക്കപ്പെട്ട വിഭാഗമായി കണ്ട്, അവർക്ക് വേണ്ടി സേവന പ്രവർത്തനങ്ങള്‍ നടത്തുന്ന സംഘടനകളാണ്. അവക്ക് ചിന്താപരമായി സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുകയില്ല. സ്ത്രീകൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങളെയും, പരിമിതികളെയും അഭിസംബോധന ചെയ്ത്, അവരെ ശാക്തീകരണ പാതയിൽ മുന്നോട്ടു കൊണ്ടുപോകുമ്പോൾ അവർക്ക് സേവനങ്ങൾ ലഭ്യമാക്കുക എന്നതിലുപരി അവരെ ചിന്താപരമായി വളർത്തുക എന്നതിനും പ്രധാന്യമുണ്ട്.
മറ്റൊരു വിഭാഗം ലിംഗനീതി മുൻനിർത്തി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നവയാണ്. ഇവ ഫെമിനിസ്റ്റ് സമീപനമാണ് കൈക്കൊള്ളുന്നത്. അതായത് ഇന്ത്യൻ സമൂഹം ലിംഗസമത്വമുള്ള സമൂഹമാകണം എന്നും, അതിനു വേണ്ടി ഏതെല്ലാം തലത്തിൽ സ്ത്രീകളെ ശാക്തീകരിക്കണം എന്ന് പഠിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട ഏതാനും പ്രത്യേക വിഷയങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിക്കുന്ന സംഘടനകളും നിലവിൽ ഉണ്ട്. ഉദാഹരണത്തിന് ‘വിമൻസ് ട്രാഫിക്കിങ്ങിന്’ എതിരെ മാത്രം പ്രവർത്തിക്കുന്നവർ, ഗാർഹിക പീഡന കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നവർ എന്നിങ്ങനെ.
ഒരുപാട് പരിമിതികളെ മറികടന്നു കൊണ്ടാണ് എൻ.ജി.ഒകൾക്ക് സാമുഹത്തില്‍ പ്രവർത്തിക്കാനും സ്വാധീനം ചെലുത്താനും, മാറ്റങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്നത്. സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്താനും സാമ്പത്തികമായി വളർത്താനും വ്യക്തിത്വം തിരിച്ചറിഞ്ഞ് അക്രമങ്ങൾക്കെതിരെ നിലപാടുകൾ എടുക്കാൻ പ്രാപ്തമാക്കുന്നതിലും എൻ.ജി.ഒകൾ വലിയ പങ്കുവഹിക്കുന്നു.
പോളിസി തലത്തിൽ സ്ത്രീകൾ പരിഗണിക്കപ്പെടാൻ എൻ.ജി
ഒകളുടെ പങ്ക് വലുതാണ്. ഉദാഹരണത്തിന് ഗാർഹിക പീഡനത്തിന് എതിരെയുള്ള ‘പ്രൊട്ടക്ഷൻ ഓഫ് വുമൺ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട്’ (പി. ഡബ്ള്യൂ.ഡി.വി) ഡ്രാഫ്റ്റ് ചെയ്യാനും, ഗവേഷണം നടത്തുകയും വിലയിരു ത്തുകയും ചെയ്ത് മുന്നോട്ടു കൊണ്ടുപോകാനും ‘ലോയേഴ്സ് കലക്ടിവ്’ പോലുള്ള എൻ.ജി.ഒകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എടുത്തുപറയാൻ കാരണം, പി.ഡബ്ള്യൂ.ഡി.വി ആണ് സ്ത്രീ കേന്ദ്രീകൃതമായി ഡോമസ്റ്റിക് വയലൻസിന് എതിരെ വന്ന ഇന്ത്യയിലെ അദ്യത്തെ നിയമം എന്നതാണ്. തൊഴിൽ മേഖലയിലെ ചൂഷണത്തിന് എതിരെയുള്ള ‘വിശാഖ ഗൈഡലൈൻസ്’, 2013ൽ വന്ന നിയമം, ക്രിമിനൽ ലോ അമെൻഡ്മെന്റിന് മുന്നോടിയായ വർമ കമ്മിറ്റി റിപ്പോർട്ടിലെ എൻ.ജി.ഒകളുടെ നിർദേശങ്ങൾ എന്നിവയൊക്കെ എടുത്തുപറയേണ്ടവയാണ്. ഇങ്ങനെ മുന്നോട്ടുപോവുമ്പോഴും ഒരുപാട് പരിമിതികൾ എൻ.ജി.ഒകൾ നേരിടേണ്ടി വരുന്നു എന്നും പറയേണ്ടതുണ്ട്.
കേരളത്തിൽ വിമൻസ് മാനിഫെസ്റ്റോയുടെ പ്രവർത്തനങ്ങളെ ഏതൊക്കെ രീതിയിലാണ് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്?
ഓരോ മെമ്പറും അവരവരുടെ പ്രദേശങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ദേശീയ തലത്തില്‍ വിമൻസ് മാനിഫെസ്റ്റോയുടെ പ്രവർത്തന രീതി. അവര്‍ക്ക് പ്രാദേശിക തലത്തില്‍ എന്താണോ ചെയ്യാൻ സാധിക്കുക, അതിനനുസരിച്ച് പദ്ധതികൾ നടപ്പിലാക്കുന്നു. സ്ത്രീയെ സ്ത്രീയാൽ തന്നെ ശാക്തീകരിക്കാനും, ആത്മവിശ്വാസത്തോടെ മുന്നേറാനും, ഇരയാക്കപ്പെടുന്നതിൽ നിന്നും മാറ്റിനിർത്താനുമാണ് പരിശ്രമിക്കുന്നത്. ഇരായക്കപ്പെട്ടതിന് ശേഷം അവർക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ ഒരുപാട് പരിമിതികൾ ഉള്ളതിനാലാണ് സ്ത്രീകളെ പരമാവധി ഇരായവുന്നതിൽ നിന്ന് തടയാനും, മുൻകൂറായി അവരെ ശാക്തീകരിക്കാനും ശ്രമിക്കുന്നത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് അതിനുള്ള ഒന്നാമത്തെ മാർഗമായി സംഘടന കാണുന്നത്. വിമൻസ് മാനിഫെസ്റ്റോയുടെ പ്രഥമ ലക്ഷ്യവും അതു തന്നെയാണ്.
കേരളം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടക്കം മുതലേ കേരളത്തിലെ പെൺകുട്ടികൾക്ക് ഉപകാരപ്പെടുന്ന ഉന്നത വിദ്യാഭ്യാസതിന് വേണ്ട ഓറിയന്റേഷൻ, ഗൈഡൻസ്, താമസ സൗകര്യം, സാമ്പത്തിക സഹായത്തിനു വേണ്ടി സ്പോൺസർമാരെ കണ്ടെത്തുക എന്നിങ്ങനെയുള്ള ഡെവലപ്പ്മെന്റൽ ലെവലിലാണ് നടക്കുന്നത്. അവയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിമൻസ് മാനിഫെസ്റ്റോ ആഗ്രഹിക്കുന്നത്.