ഗാലിബിന്റെ പ്രണയിനിയായ ദില്ലി

ലോകത്ത് പൗരാണിക നഗരങ്ങളെ പ്രണയിനികളാക്കിയ ചരിത്രകാരന്മാരും സാഹിത്യകാരന്മാരും നിരവധിയാണ്. സുപ്രശസ്ത നഗരങ്ങളുടെ ആ പട്ടികയിൽ ‘പൗരാണിക ദില്ലി’ നഗരവും ഇടം പിടിച്ചിട്ടുണ്ട്. യഥാർഥത്തിൽ നിരവധിയായ സ്ഥാനപ്പേരുകൾ കൊണ്ട് സമ്പന്നമാണ് പഴയ ഡൽഹി നഗരം. സൂഫികളുടെ നഗരം, ഉദ്യാന നഗരം, ജിന്നുകളുടെ നഗരം അങ്ങനെ നിരവധിയായ കോണുകളിലൂടെ ഡൽഹി നഗരം ചരിത്രത്തിൽ വ്യവഹരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഇതിഹാസങ്ങൾ രചിക്കപ്പെടുകയും ജനിക്കപ്പെടുകയും ചെയ്ത ഡൽഹിയിലെ അവസാന ഇതിഹാസങ്ങളിലൊന്നായി അറിയപ്പെടുന്ന വ്യക്തിയാണ് ‘ഗാലിബ്’ എന്ന തൂലികാ നാമത്തിലറിയപ്പെട്ട ‘മിർസാ അസദുല്ലാഹ് ബേഗ്’. ചരിത്രത്തിൽ ഏതെങ്കിലും നഗരത്തെ പ്രണയിനിയായി കണ്ടവർ നിരവധിയാണ്. ഏതൊരു വ്യക്തിയുടെയും ഉയർച്ചയുടെ പടവുകളിൽ പ്രധാന ഭാഗധേയം നിർണയിക്കുന്ന ഘടകമായി ഒരു പ്രദേശമോ നഗരമോ മാറുക എന്നത് അസാധാരണമല്ല. എന്നാൽ അതൊരു വൈകാരിക തലത്തിലേക്ക് മാറുക എന്നത് അസാധാരണമാണ്. ഇവിടെയാണ് മിർസാ ഗാലിബും അദ്ദേഹത്തിൻ്റെ ദില്ലി നഗരവും പ്രസക്തമാവുന്നത്.

മിർസാ ഗാലിബ്

ഉറുദു ഭാഷയിൽ ‘ഗാലിബ്’ എന്ന വാക്കിന് അതിജയിച്ചവൻ, ആധിപത്യം സ്ഥാപിച്ചവൻ എന്നൊക്കെ അർഥം നൽകാം. ഡൽഹിയുടെ ഹൃദയത്തെ അതിജയിച്ച വ്യക്തിയായിരുന്നു മിർസാ ഗാലിബ്. തൻ്റെ കവിതകളിലൂടെ ഗാലിബ് ഡൽഹിയെന്ന പ്രിയ പ്രണയിനിയോട് സംസാരിക്കുന്ന ശൈലി ഏവരെയും കൊതിപ്പിക്കുന്നതാണ്

ഏക് റോസ് അപ് നീ റൂഹ് സെ പൂ ചാ ദില്ലി ക്യാ ഹെ?
തൊ ജവാബ് മെ കഹാ ഗയാ
ദുനിയാ മാനോ ജിസ്മ് ഹെ
ദൽഹി ഉസ്കി ജാൻ

(ഒരിക്കൽ ഞാൻ എൻ്റെ ആത്മാവിനോട് ചോദിച്ചു: എന്താണ് ഡൽഹി?
ഉടനെ ആത്മാവ് ഇപ്രകാരം പ്രതിവചിച്ചു: ഈ ലോകത്തെ ഒരു ശരീരമായി സങ്കൽപിച്ചാൽ ആ ശരീരത്തിലെ ജീവനായിരിക്കും ഡൽഹി)

ഒരുപക്ഷേ ഇത്രയും അഗാധമായി ഒരു നഗരത്തോടുള്ള പ്രണയത്തെ വർണിച്ചവർ ലോകത്ത് തന്നെ അപൂർവങ്ങളിൽ അപൂർവമായിരിക്കും. 1797ൽ ജനിച്ച മിർസാ ഗാലിബ് ജനനം കൊണ്ട് ഡൽഹിക്കാരനല്ല. വിവാഹത്തിന് ശേഷം തൻ്റെ ജന്മസ്ഥലമായ ആഗ്രയിൽ നിന്ന് ഭാര്യയോടൊപ്പം ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നു ഗാലിബ്. അവസാന മുഗൾ ഭരണാധാകാരി ബഹദൂർ ഷാ സഫറിൻ്റെ ദർബാറിലെ പ്രധാന കവിയായി മാറിയെങ്കിലും പിൽക്കാലത്ത് ചരിത്രം അദ്ദേഹത്തെ ദൽഹി നഗരത്തെ പ്രണയിച്ച കവിയാക്കി മാറ്റുകയായിരുന്നു. ഇന്ന് ‘പുരാനാ ദില്ലിയിലെ’ ബല്ലിമാരാൻ പ്രദേശത്ത് ‘മിർസാ ഗാലിബ് കി ഹവേലി’ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഗാലിബിൻ്റെ മ്യൂസിയം/പ്രത്യേകമായി സംവിധാനിക്കപ്പെട്ട ചരിത്ര ഗേഹം കാണാം.

ബഹദൂർഷാ സഫർ

ഇത്തരത്തിൽ ഡൽഹിയെന്ന പ്രണയിനിക്ക് മുന്നിൽ ഹൃദയം തുറന്ന ഗാലിബിൻ്റെ കവിതകൾ അതിവിശിഷ്ടങ്ങളാണ്. 1857ലെ ഒന്നാം സ്വാതന്ത്ര സമരാന്തരീക്ഷം ദൽഹി പുതിയ തലങ്ങളിലേക്ക് ചുവടുമാറ്റുന്നതിൻ്റെ സൂചനകൾ നൽകുന്നതായിരുന്നു. ഗാലിബിൻ്റെ പ്രണയിനിയെ പ്രസ്തുത സമരങ്ങൾ കാര്യമായി ബാധിച്ചു. ദൽഹിയിൽ ബ്രിട്ടീഷുകാർ അഴിഞ്ഞാടി സമരത്തെ അടിച്ചമർത്തി. നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടു. പൗരാണിക ബാസാർ സമുച്ഛയങ്ങൾക്ക് ചരിത്രത്തിൽ നിന്ന് തന്നെ മാഞ്ഞുപോകേണ്ടതായി വന്നു. പ്രസ്തുത സമര പരമ്പരകൾ ബഹദൂർ ഷാ സഫറിൻ്റെ നാടുകടത്തലിലാണ് അവസാനം കലാശിച്ചത്.

മേൽ പറഞ്ഞത് പോലെ 1857ലെ ഒന്നാം സ്വാതന്ത്ര സമരം ഡൽഹിയെന്ന മിർസാ ഗാലിബിൻ്റെ പ്രണയിനിയുടെ പ്രാണൻ എടുത്തുകൊണ്ടാണ് പോയത്. പ്രണയത്തെ മനോഹരമായി വർണിച്ച ഗാലിബ് തൻ്റെ പ്രണയിനിയുടെ വിരഹത്തെയും സമീപിക്കുന്ന രീതി ഏറെ ആകർഷണീയമാണ്.

നഹീ ഹാലെ ദില്ലീ
സുനാനെ കെ ഖാബിൽ

യെ ഖിസ്സാ ഹെ റോനെ
റുലാനെ കെ ഖാബിൽ

”ദൽഹിയുടെ ഇന്നത്തെ അവസ്ഥ കേൾപ്പിക്കാനുള്ള ശക്തി എനിക്കിപ്പോൾ ഇല്ല. എന്നാൽ ഡൽഹിയുടെ ഇന്നിൻ്റെ കഥകൾക്ക് പറയുന്നവനെയും കേൾക്കുന്നവനെയും ഒരു പോലെ കരയിപ്പിക്കാനുള്ള ശക്തിയുണ്ട്.”

ഉർദു ഭാഷയേക്കാൾ ഗാലിബ് കൂടുതൽ തിളങ്ങിനിന്നതും പേരെടുത്തതും പേർഷ്യൻ കവിതകളിലൂടെയായിരുന്നു. ‘ഇന്തോ- പേർഷ്യൻ കവിയായി’ പഠനങ്ങൾ പോലും അദ്ദേഹത്തെ വാഴ്ത്തുന്നത് പേർഷ്യൻ ഭാഷയുടെ കാവ്യഭംഗിയെ തന്മയഭാവത്തോടെ അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാണ്. ഡൽഹി ചരിത്രമുറങ്ങുന്ന പൗരാണിക ഇസ്ഫഹാൻ, ശീറാസ് നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ കാരണമായത് തന്നെ ഗാലിബിൻ്റെ ദൽഹിയെക്കുറിച്ചുള്ള വർണനകളാണ് എന്ന് പറയാം. ഡൽഹിക്ക് പുറമെ കൽകട്ടയും ബനാറസും ഗാലിബിൻ്റെ ഇഷ്ട നഗരങ്ങളായിരുന്നു.

മിർസാ ഗാലിബ് കി ഹവേലിയുടെ ഉൾവശം

ഇന്ന് ലോകത്ത് ഗാലിബിൻ്റെ കവിതകൾ, ചിന്തകൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഗാലിബിൻ്റെ കവിതകളിലെ സാമൂഹിക ചുറ്റുപാടുകൾ, ഗാലിബിൻ്റെ പേർഷ്യൻ കവിതകളിലെ സൂഫി സ്വാധീനങ്ങൾ, അറബി സാഹിത്യം മിർസാ ഗാലിബിനെ വാഴ്ത്തുമ്പോൾ, ഇന്ത്യൻ നാഗരികതയെ വിഭാവനം ചെയ്ത ഗാലിബ്, ഇന്ത്യയിലെ പേർഷ്യൻ കവിതകളുടെ സൃഷ്ടിപ്പിൽ ഗാലിബിൻ്റെ സംഭാവനകൾ, അല്ലാമ ഇഖ്ബാലും ഗാലിബും, ബംഗ്ലാദേശിലെ മിർസാ ഗാലിബിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങൾ എന്നിങ്ങനെ നിരവധിയായ പഠന ഗവേഷണങ്ങൾ മിർസാ ഗാലിബുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്നു.

ഗാലിബ് അക്കാദമി

ഗാലിബിൻ്റെ പേരിൽ പണി കഴിപ്പിച്ച ‘ഗാലിബ് അക്കാദമി’ വ്യത്യസ്ത പരിപാടികളിലൂടെ മിർസാ ഗാലിബിൻ്റെ ഡൽഹിയോടുള്ള പ്രണയത്തെ ഇന്നും ജീവിപ്പിച്ചു നിർത്തുന്നു. എന്നാൽ ഗാലിബിൻ്റെ ശരീരത്തിൽ നിന്ന് വിട്ടുപോയ റൂഹിനെ പോലും പ്രണയിക്കാൻ മത്സരിക്കാത്ത ഒരു ഡൽഹി നഗരത്തെ ഇന്ന് നമുക്ക് കാണാം. നിസാമുദ്ധീൻ ദർഗക്ക് അടുത്തുള്ള ഗാലിബിൻ്റെ മഖ്ബറ ഇന്നത്തെ ഡൽഹി നഗരത്തിൻ്റെ വീർപ്പു മുട്ടലിൽ ഞെരിഞ്ഞമരുന്ന കാഴ്ച്ച പൗരാണിക ദൽഹി നഗരം എത്രമാത്രം വേദനയോടെയാവാം വീക്ഷിക്കുന്നുണ്ടാവുന്നത്.

ഗാലിബിൻ്റെ ദില്ലി നഗരം ഇന്നില്ല. ഗാലിബും മറയുകയാണ്. അവശേഷിക്കുന്ന പൗരാണിക ദൽഹിയുടെ ഈടുവെപ്പുകളും അകാല മരണത്തിനായി കാത്തുനിൽക്കുന്നു. വൃത്തിഹീനമായ ഓടകളും നിരത്തുകളും, അതിനിടയിലൂടെ ഒരിറ്റ് ശുദ്ധ വായുവിനായി ഓടുന്ന ഒരു പറ്റം മനുഷ്യരും വേദി പങ്കിട്ടെടുത്തിരിക്കുന്നു. പ്രണയകാവ്യം രചിക്കാൻ ഇനി ആരും പഴയ ഡൽഹിയുടെ മച്ചിൻപുറങ്ങൾ തേടി യാത്ര ചെയ്യില്ല. സ്വന്തം ചരമഗീതമെങ്കിലും പാടി തീർക്കാൻ ഇന്നത്തെ ഡൽഹിക്ക് കഴിയട്ടെ എന്നാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *