19ആം നൂറ്റാണ്ടിൽ ജനിച്ച ‘മാക്സ് നോർദു’, ‘തിയോഡർ ഹെർസലിനൊപ്പം’ സിയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവും സഹസ്ഥാപകനുമായിരുന്നു. സിയണിസ്റ്റ് അജണ്ടക്ക് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവന ‘മുസ്‌കേൽ ജൂദെന്റം’ അഥവാ ‘മസ്ക്കുലർ ജൂദായിസം’ എന്ന സിദ്ധാന്തമായിരുന്നു.
വംശീയതക്കും മറ്റു പ്രശ്നങ്ങൾക്കുമെതിരിൽ പൊരുതാൻ ജൂത സമൂഹത്തിനിടയിൽ മാനസികവും ശാരീരികവുമായ സവിശേഷ ശക്തി വളർത്തിയെടുക്കുക എന്നതാണ് ‘മുസ്‌കേൽ ജൂദെന്റം’ എന്ന സംജ്ഞയുടെ അർഥമായി പറയപ്പെട്ടത്.
1898ൽ ബാസെലിൽ നടന്ന രണ്ടാം സിയണിസ്റ്റ് കോൺഗ്രസിൽ സംസാരിച്ചു കൊണ്ട് ‘നോർദു’ ഏതാനും പ്രസ്താവനകൾ നടത്തുകയുണ്ടായി. നേരത്തെ തന്നെ പതിതാവസ്ഥയിലായിരുന്ന (judennot) ജൂതന്മാരാണ് തന്നെയാണ് യൂറോപ്പിലാകെ പടർന്നുപിടിച്ച സെമറ്റിക്ക് വിരുദ്ധതയുടെ പ്രാഥമിക ഇരകൾ എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഏതാനും ബൗദ്ധിക വിഷയങ്ങളിൽ മാത്രം ബദ്ധശ്രദ്ധരായിക്കൊണ്ട് ഘെട്ടോകളിൽ ഒതുങ്ങി കഴിയുന്നത് അവരെ അബലരും ഭീരുക്കളുമാക്കി മാറ്റി. അതിനാൽ സെമറ്റിക് വിരുദ്ധ സാഹിത്യങ്ങളിൽ ജൂതരെ പ്രതിനിധീകരിക്കുന്ന രൂപകങ്ങളിൽ നിന്നു ഭിന്നരാക്കി അവരെ രൂപപ്പെടുത്തുന്നതിനാണ് ‘മുസ്‌കേൽ ജൂദെന്റം’ എന്ന സിദ്ധാന്തം ആവിഷ്ക്കരിക്കപ്പെട്ടത്.
നോർദുവിന്റെ എഴുത്തുകളിൽ ഇങ്ങനെ കാണാം, “ഇടുങ്ങിയ ജൂത തെരുവുകളിൽ സന്തോഷത്തോടെ നടക്കുന്നതെങ്ങനെയെന്നു പോലും നാമിന്നു മറന്നുപോയിരിക്കുന്നു. സൂര്യശോഭയെത്താത്ത വീടകങ്ങളിൽ നമ്മുടെ കണ്ണുകളിൽ ഇരുട്ടുമൂടുന്നു. നിരന്തരമായ മർദനങ്ങൾ ഭയന്ന് നാം നിശ്ശബ്ദരായിരിക്കുന്നു”
ജൂതരെ അവരകപ്പെട്ട പതിതാവസ്ഥയിൽ നിന്നു കരകയറ്റുന്നതിനു വേണ്ടി സിദ്ധാന്തിക്കപ്പെട്ട ‘മുസ്‌കേൽ ജൂദെന്റത്തിന്റെ’ ഭാഗമായി കൂടുതൽ ജിംനേഷ്യവും അത്‌ലറ്റിക് ക്ലബ്ബുകളും നിർമിക്കണമെന്ന് ‘നോർദു’ ആവശ്യമുന്നയിച്ചു. ‘നോർദുവിന്റെ’ ശക്തമായ ആഹ്വനങ്ങളുടെ ഫലമെന്നോണം യൂറോപ്യൻ ജൂതസമൂഹങ്ങത്തിന്റെ ബൗദ്ധിക യജ്ഞങ്ങളോടൊപ്പം അവരുടെ കായിക പ്രവർത്തനങ്ങളും ത്വരിതപ്പെട്ടു.
ബാസെലിൽ ‘നോർദു’ നടത്തിയ പ്രസംഗത്തിന് ഒരു നൂറ്റാണ്ടിലധികം പ്രായമായിരിക്കുന്നു. അന്ന് അദ്ദേഹം മുന്നോട്ടുവെച്ച സിദ്ധാന്തങ്ങളെ നിരൂപിച്ചുകൊണ്ടു മാത്രമേ ‘ബെയ്തർ ജെറുസലേം’ എന്ന ഫുട്ബാൾ ക്ലബ്ബിനെയും, ‘ലാ ഫാമിലിയ’ എന്നറിയപ്പെടുന്ന അവരുടെ ആരാധക കൂട്ടത്തെയും വിലയിരുത്തനാവൂ.
ബെയ്തർ ജെറുസലേമിന്റെ രാഷ്ട്രീയ ഉൾപ്പിരിവുകൾ
മേക്കാബി തെൽഅവീവ്, മേക്കാബി ഹൈഫ, ഹാപോയെൽ തെൽഅവീവ് എന്നീ ടീമുകളെ കൂടാതെ ഇസ്രായേലിലെ മറ്റൊരു പ്രമുഖ ഫുട്ബാൾ ക്ലബ്ബാണ് ബെയ്തർ ജെറുസലേം.1936ൽ ക്ലബ്ബ് ആരംഭിച്ചതു മുതൽ അതിനെ ചൂഴ്ന്നുനിൽക്കുന്ന രാഷ്ട്രീയ ഉൾപ്പിരിവുകളാണ് മറ്റു ക്ലബ്ബുകളിൽ നിന്ന് ബെയ്തറിനെ വ്യതിരിക്തമാക്കുന്നത്.
ജെറുസലേമുകാരായ ഡേവിഡ് ഹോൺ, ഷുമേൽ കിർച്ച്സ്റ്റീൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ബെയ്തർ, പ്രാരംഭ ദശയിൽ ജെറുസലേം കേന്ദ്രമാക്കിയ പ്രാദേശിക ക്ലബ്ബുകളോടാണ് മാറ്റുരച്ചിരുന്നത്. ഡേവിഡ് ഹോൺ ‘ബേറ്റർ’ (Betar) എന്ന സിയണിസ്റ്റ് നവീകരണവാദ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിനു മുമ്പ് ഫലസ്തീൻ അധീനപ്പെടുത്തിയിരുന്ന ബ്രിട്ടന്റെ ഉത്തരവുകൾ മറികടന്നുകൊണ്ട് 1930-40കളിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ജൂതരെ അവിടേക്കു കുടിയേറാൻ സഹായിച്ചത് ബേറ്റാർ പ്രസ്ഥാനമായിരുന്നു.
ബെയ്തറിന്റെ ആരാധകർ പ്രധാനമായും തിരിച്ചറിയപ്പെടുന്നത് ‘ബേറ്റാർ’ പ്രസ്ഥാനത്തിന്റെയും, അതിന്റെ പിന്മുറക്കാരായ ‘ലിക്കുഡ് പാർട്ടിയുടെയും’ അടയാളക്കുറികളാലാണ്. ലിക്കുഡ് പാർട്ടി നേതാവ് ‘ബെഞ്ചമിൻ നെതന്യാഹു’ ബെയ്തർ ജെറുസലേമിന്റെ പ്രഖ്യാപിത ആരാധകനാണ്.
1931നും 1948നുമിടക്ക് ഫലസ്തീൻ അധിനിവേശത്തിന് ചുക്കാൻ പിടിച്ച ‘ഇർഗുൻ’ (Irgun) എന്ന സിയണിസ്റ്റ് ഭീകരവാദ ഗ്രൂപ്പുമായും ബെയ്തർ ബന്ധപ്പെട്ടിരിക്കുന്നു. ഇസ്രായേലി രാഷ്ട്രീയ പ്രവർത്തകൻ ‘ഹൈം കോർഫു’ ബെയ്തറിൽ സ്‌ട്രൈക്കറായി കളിക്കുകയും, അതേസമയം ‘ഇർഗുൻ’ പാരാമിലിറ്ററി സേന എന്നറിയപ്പെടുന്ന ഭീകര സംഘടനയിൽ കമാന്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടന വസ്തുക്കളിലുള്ള തന്റെ വൈദഗ്ധ്യം പിന്നീട് ഫലസ്തീൻ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ റാൽഫ് കൈൻസ്, റൊണാൾഡ് ബാർക്കർ എന്നിവരെ വധിക്കാൻ കോർഫു ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
നവീകരണ പ്രസ്ഥാനങ്ങളോടുള്ള ക്ലബ്ബിന്റെ ചായ്‌വ്, ആധുനിക ഇസ്രായേലി ലേബർ പാർട്ടിയായി കാലാന്തരത്തിൽ രൂപം പ്രാപിച്ച ‘മാപായി’ എന്ന തൊഴിലാളി വർഗ പ്രസ്ഥാനത്തോട് നിരന്തരമായ സംഘട്ടനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ബെയ്തറിന്റെ അനവധി കളിക്കാർ ഇർഗുനിൻ്റെയും, ‘ലെഹി’ എന്ന മറ്റൊരു തീവ്രവാദ സംഘടനയിലെയും അംഗങ്ങളായിരുന്നു. അധിനിവേശ കാലത്ത് ബ്രിട്ടീഷ് സേന ഇവരിൽ ചിലരെ കിഴക്കൻ ആഫ്രിക്കൻ നാടുകളിലേക്ക്- പ്രധാനമായും സുഡാൻ, കെനിയ, എറിട്രിയ തുടങ്ങിവയിലേക്ക് നാടുകടത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് എറിട്രിയയിൽ ‘എഫ്.സി ബെയ്തർ എറിട്രിയ’ എന്ന ഫുട്ബാൾ ക്ലബ്ബും അവർ രൂപീകരിച്ചു. ഫലസ്തീനിലെ ബ്രിട്ടീഷ് ഗവർണർ ബെയ്തറിനെ നിയമ വിരുദ്ധ സ്ഥാപനമായി പ്രഖ്യാപിക്കുകയും, ക്ലബ്ബിനെ സമ്മർദത്തിലാക്കി നോർഡിയ ജെറുസലേം എന്ന് പേരു മാറ്റിക്കുകയും ചെയ്തു. 1948 മെയിൽ ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കപ്പെടുന്നതുവരെ ആ പേരിലായിരുന്നു ബെയ്തർ അറിയപ്പെട്ടിരുന്നത്.
സ്വതന്ത്ര ഇസ്രായേലിന്റെ ആദ്യ പതിറ്റാണ്ടുകളിൽ ലേബർ പാർട്ടിയുടെയും, ‘ഹിസ്ട്രദുത്തിന്റെയും’ (ഇസ്രായേലി തൊഴിലാളി സംഘടന) നിർലോഭമായ പിന്തുണ ലഭിച്ചിരുന്ന ഹാപോയെലും, മക്കാബി തെൽഅവീവും ഇസ്രായേലി ഫുട്ബാളിന്റെ അമരക്കാരായി സ്ഥാനമുറപ്പിച്ച ഘട്ടത്തിൽ, ബെയ്തർ വിസ്‌മൃതിയിലാണ്ട് തന്നെ കിടന്നു.
നോർദുവിന്റെ സ്വപ്നം
1970ൽ ക്ലബ്ബെന്ന നിലയിൽ ബെയ്തറും രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലും രാജ്യത്തെ കായിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ഫലങ്ങളുളവാക്കിക്കൊണ്ട് സമൂലമായ പരിവർത്തനത്തിന് സാക്ഷ്യംവഹിച്ചു.
1976ൽ സ്റ്റേറ്റ് കപ്പ് ഫൈനൽ വിജയിച്ച ബെയ്തർ ആദ്യ പ്രധാന കിരീടം തങ്ങളുടെ ഷെൽഫിലെത്തിച്ചു. 55,000 കാണികളെ സാക്ഷിയാക്കി രമൺഗാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മക്കാബി തെൽഅവീവിനെയാണ് ബെയ്തർ പരാജയപ്പെടുത്തിയത്. 41ആം മിനിറ്റിൽ ലീഡ് നേടിയ ബെയ്തറിനെ പക്ഷേ ഒന്നാം പകുതി പിരിയുന്നതിനു മുമ്പ് മക്കാബി സമനിലയിൽ പിടിച്ചു. അധിക സമയത്തിന്റെ 24ആം മിനിറ്റു വരെ സമനിലയിൽ മുന്നേറിയ മത്സരത്തിൽ ഇസ്രായേലി ഫുട്ബോൾ ഇതിഹാസം ഉറി മാൾമിലിയൻ നേടിയ ഗോളിൽ ബെയ്തർ വിജയം നേടുകയായിരുന്നു. പിന്നീട് പല തവണ വിജയമാവർത്തിച്ച ബെയ്തർ ഇസ്രായേലി ഫുട്ബോളിലെ നിർണായക സാന്നിധ്യമായി മാറി.
1977ൽ നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കപ്പെട്ട ഒൻപതാമത്തെ പാർലമെന്റിൽ (knesset) ‘മേനാചെം ബേഗിന്റെ’ നേതൃത്വത്തിലുള്ള ലിക്കുഡ് പാർട്ടി അധികാരത്തിൽ വരുകയും മുപ്പത് വർഷത്തോളം നീണ്ട ഇടത് ഭരണത്തിന് അന്ത്യമാവുകയും ചെയ്തു. ഈ രാഷ്ട്രീയ മാറ്റം ബെയ്തറിന്റെ കുതിപ്പിന് ആക്കം കൂട്ടുകയും, 1987ൽ തങ്ങളുടെ ആദ്യ ചാമ്പ്യൻഷിപ്പ് നേടുന്നതു വരെയുള്ള ഒരു നൂറ്റാണ്ട് കാലത്തിനിടക്ക് ക്ലബ്ബ് അഭൂതപൂർവമായ വളർച്ച പ്രാപിക്കുകയും ചെയ്തു. 1991ൽ തരംതാഴ്ത്തപ്പെടുകയുണ്ടായി എങ്കിലും, തൊണ്ണൂറുകൾ പൊതുവെ ബെയ്തറിന്റെ സുവർണ കാലഘട്ടമായാണ് അറിയപ്പെടുന്നത്. പ്രതിഭാധനനായ അറ്റാക്കർ എലി ഒഹാനോയുടെ നേതൃത്വത്തിൽ തൊണ്ണൂറുകളിൽ മൂന്ന് ലീഗ് കിരീടങ്ങൾ ബെയ്തർ സ്വന്തമാക്കുകയുണ്ടായി. ഇസ്രായേലി ഫുട്ബാൾ അതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ആവേശകരമായ മുന്നേറ്റമാണ് ബെയ്തർ നടത്തിയത്.
എന്നാൽ തൊണ്ണൂറുകളിൽ മറ്റൊരു പ്രധാനപ്പെട്ട മാറ്റത്തിനുകൂടി ബെയ്തർ സാക്ഷ്യംവഹിച്ചു. തീവ്ര വംശീയവാദികളും അപര വിധ്വേഷികളുമായ ആരാധക കൂട്ടത്തിന്റെ ഉയർച്ചയാണ് അത്. നോർദു സൂചിപ്പിച്ച ‘നിരുത്തരവാദികളും അലസന്മാരുമായ പഴയ ജൂതന്മാരോട്’ പുലബന്ധം പോലുമില്ലാത്ത വംശീയ ആൾക്കൂട്ടമായിരുന്നു അവർ. ‘മുസ്‌കെൽ ജൂദെന്റം’ എന്ന സിദ്ധാന്തത്തിന്റെ മലീമസമായ മുഖമാണ് ഇതോടെ അനാവൃതമായത്. ഇസ്രായേലിന്റെ ഉപരിസൂചിത രാഷ്ട്രീയ മാറ്റവും ഇതിനു കാരണമായിരിക്കാം.
ബെയ്തർ ആരാധകർ ഈ മത്സരം തങ്ങളുടെ അവസാന മത്സരമാകും എന്ന വിചാരത്തോടെ ഓരോ മത്സരങ്ങളും ആവേശത്തോടെ തന്നെ കണ്ടുതീർത്തു. ബെയ്തർ ആരാധകരുടെ ഈ തീവ്രഭക്തിക്കു പിന്നിൽ വർത്തിക്കുന്ന മൗലികമായ ചില വസ്തുതകളുണ്ട്. യുദ്ധോന്മുഖമായ അതിർത്തിവാദത്തിൽ (borderline jingoism) അധിഷ്ഠിതമായ ദേശീയതയാണ് അവർ പ്രഘോഷണം ചെയ്യുന്നത്. ജൂത പാരമ്പര്യത്തിന്റെ സമ്പന്നമായ ഭൂതകാലത്തിൽ സദാ ഊറ്റംകൊള്ളുന്ന അവർ, അങ്ങേയറ്റം വംശശുദ്ധി പുലർത്തുന്നവരും അപര വിധ്വേഷികളുമാണ് (xenophobic). ബെയ്തർ ഭ്രാന്തന്മാരിൽ അധികവും മിസ്റാഹി-ഓറിയെന്റൽ ജൂതസമൂഹമാണ്. മിഡ്‌ൽഈസ്റ്റ്-ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക ജൂതസമൂഹങ്ങളിലാണ് ഇവരുടെ പാരമ്പര്യ വേരുകളുള്ളത്.
എന്നാൽ ഇസ്‌ലാമിനോടും അറബ് ലോകത്തോടും അത്ര സുഖകരമല്ലാത്ത ബന്ധമാണ് ബെയ്തറിനുള്ളത്. ജൂത സ്വത്വത്തോട് അങ്ങേയറ്റം വംശീയമായ അഭിനിവേശം പുലർത്തുന്ന ബെയ്തർ, 1971 മുതൽ 1994 വരെയുള്ള കാലഘട്ടത്തിൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായിരുന്ന തീവ്രദേശീയ യാഥാസ്ഥിക ജൂതരാഷ്ട്രീയ സംഘടനയായ കച്ച് പാർട്ടിയുടെ കൊടികൾ ബെയ്തറിന്റെ ഹോം ഗ്രൗണ്ടായ ടെഡി സ്റ്റേഡിയത്തിന്റെ ഗ്യാലറികളിൽ അഭിമാനത്തോടെ വീശുന്നത് പല തവണ ലോകം കാണുകയുണ്ടായതാണ്.
തങ്ങളുടെ ക്ലബ്ബിൽ ഒരു മുസ്‌ലിം കളിക്കാരൻ കളിക്കുന്നത് കാണാൻ ബെയ്തർ ആരാധാകരും, ആരാധകരുടെ അപ്രീതിക്കു കാരണമാവാതിരിക്കാൻ ക്ലബ്ബും അശേഷം താൽപര്യപ്പെടുന്നില്ല. എന്നാൽ ഒരുകാലത്ത് ബെയ്തർ മുസ്‌ലിം താരങ്ങളെ സ്വീകരിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. 1989ൽ ബെയ്തർ സൈൻ ചെയ്ത താജിക് ഫുട്ബോളർ ‘ഗോറം അജോയേ’വാണ് ബെയ്തറിന്റെ ആദ്യ മുസ്‌ലിം താരം. അജോയേവിനെ ആരാധകർ സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് 2004ൽ നൈജീരിയൻ പ്രതിരോധ താരം ‘ഇബ്രാഹിം ടാലെയെ’ ബെയ്തർ സൈൻ ചെയ്‌തെങ്കിലും, വെറും അഞ്ചു മത്സരങ്ങൾക്കു ശേഷം ഇബ്രാഹിം ക്ലബ്ബു വിട്ടു. ഇബ്രാഹിം കറുത്ത വംശജനും മുസ്‌ലിം മതക്കാരനുമായിരുന്നു. അതിന്റെ പേരിൽ ബെയ്തർ ആരാധകരിൽ നിന്നും അദ്ദേഹം നേരിട്ട അസഹനീയമായ വംശീയ ആക്രോശങ്ങളാണ് ക്ലബ്ബ് ഉപേക്ഷിക്കാൻ ഇബ്രാഹിമിനെ പ്രേരിപ്പിച്ചത്.
ഇബ്രാഹിം പറയുന്നു: “ബെയ്തർ ആരാധകരുടെ അസഭ്യവർഷം മൂലമാണ് ഞാൻ ക്ലബ്ബ് വിട്ടത്. എനിക്കത് കയ്പ്പേറിയ അനുഭവമായിരുന്നു. അവർ എന്നെനോക്കി “വേശ്യയുടെ മകനെ, അറബി തിരിച്ചുപോകൂ” എന്നൊക്കെ അട്ടഹസിച്ചുകൊണ്ടിരുന്നു. ഇത്തരം അനുഭവങ്ങൾ ബെയ്തറിൽ നിന്നു മാത്രമാണ് ഞാൻ നേരിട്ടിട്ടുള്ളത്. നൈജീരിയയിൽ നിന്ന് ഇത്തരമൊരനുഭവം ഒരിക്കലും ഞാൻ നേരിട്ടിട്ടില്ല. എനിക്കു നേരിട്ട വിമർശനം രാഷ്ട്രീയപരമല്ല, മറിച്ച് ഞാനൊരു മുസ്‌ലിമായതുകൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് എനിക്ക് ബെയ്തറിൽ കളിക്കാൻ സാധിക്കാത്തതും”.
തൊണ്ണൂറുകളിലാണ് ഈ വംശീയ ആരാധക കൂട്ടങ്ങളുടെ ഉയർച്ച കൂടുതലായി അനുഭവപ്പെട്ടതെങ്കിലും, ഇത്തരം വംശീയ ബോധങ്ങൾ അവരിൽ ആഴത്തിൽ വേരുറച്ചതിന്റെ പ്രതിഫലങ്ങളാണ് ഇബ്രാഹിമിന്റെ അനുഭവങ്ങളിൽ ദൃശ്യമാകുന്നത്.
ഫലസ്തീൻ-ഇസ്രായേൽ അനുനയ ശ്രമങ്ങളും തീവ്ര വലതുപക്ഷത്തിന്റെ കുടിലതകളും.
1993ൽ അമേരിക്കയിലെ വാഷിങ്ങ്ടണിൽ പ്രസിഡന്റ് ‘ബിൽ ക്ലിന്റന്റെ’ സാന്നിധ്യത്തിൽ ഇസ്രായേൽ ഗവണ്മെന്റും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (PLO) സമാധാന കരാറിൽ ഒപ്പുവെച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ‘യിറ്റ്സാഗ് റാബിനും’ പി.എൽ.ഒയുടെ ചെയർമാനായ യാസർ അറഫാത്തും ഹസ്തദാനം ചെയ്യുമ്പോൾ, പിറകിൽ രണ്ടു കുട്ടികൾ തമ്മിലെ പ്രശ്നം തീർത്തുകൊടുത്ത ചാരിതാർഥ്യയത്തിൽ നിൽക്കുന്ന ബിൽ ക്ലിന്റനെയും ലോകം കണ്ടു. സമാധാന ശ്രമങ്ങളിൽ അമേരിക്ക പ്രയോഗിച്ച (കർതൃത്വ) അധികാരങ്ങൾ വേറെ ചർച്ചചെയ്യപ്പെടേണ്ടതാണ്.
ഇസ്രായേൽ ഗവണ്മെന്റും പി.എൽ.ഒയും തമ്മിലെ ആദ്യ മുഖാമുഖമായിരുന്നു അന്ന് സംഭവിച്ചത്. കരാർ പ്രകാരം വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും വിന്യസിച്ചിരുന്ന ഇസ്രായേൽ സൈനികരെ തിരിച്ചുവിളിക്കുകയും അവിടെ ഫലസ്‌തീനിന് സ്വയം-ഭരണാധികാരം അനുവദിച്ചുകൊടുക്കുകയും ചെയ്തു. ഇസ്രായേൽ പി.എൽ.ഒവിനെ ഫലസ്തീനിയൻ ജനതയുടെ ഔദ്യോഗിക ഭരണകർത്താക്കളായി അംഗീകരിക്കുകയും, ഫലസ്തീൻ തിരിച്ച് ഇസ്രായേൽ രാഷ്ട്രത്തിന് അംഗീകാരം നൽകുകയും ചെയ്യണം എന്നായിരുന്നു കരാറിലെ വ്യവസ്ഥ.
എന്നാൽ ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ താൽപര്യങ്ങൾ കരാറിനെ അധികകാലം നിലനിൽക്കാൻ അനുവദിച്ചില്ല. ജെറുസലേമിലും മറ്റു ഇസ്രായേലി നഗരങ്ങളിലും ‘ഹമാസ്’ ആക്രമണമുണ്ടായി എന്നാരോപിച്ചുകൊണ്ട് ഇസ്രായേൽ ഫലസ്തീനികളെ കടന്നാക്രമിച്ചു. 1994ൽ, അമേരിക്കൻ-ഇസ്രായേലി ഫിസിഷ്യനായ ബരുച്ച് ഗോൾഡ്‌സ്റ്റീൻ വെസ്റ്റ് ബാങ്കിലെ ഇബ്രാഹിമി മസ്ജിദിനകത്ത് 29 ഫലസ്തീനിയൻ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തുകയും 125 പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
മിസ്റാഹി ജൂതരിൽ പെട്ട വലതുപക്ഷ തീവ്രവാദിയും ഓസ്‌ലോ സമാധാന കരാറിന്റെ പ്രഖ്യാപിത ശത്രുവുമായ ‘യിഗൽ ആമിർ’ പ്രധാനമന്ത്രിയായ ‘യിറ്റ്സാക് റാബിനെ’ 1995ൽ തെൽഅവീവിൽ വെച്ചു കൊലപ്പെടുത്തുകയുണ്ടായി. പിന്നീട് 2015ൽ ഉയർന്നുവന്ന വീഡിയോ ഫൂട്ടേജിൽ മക്കാബി തെൽഅവീവിനെതിരായ മത്സരത്തിൽ കൊലയാളി യിഗൽ ആമിറിനെ വാഴ്ത്തിക്കൊണ്ട് ബെയ്തർ ആരാധകർ പാടുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. പിന്നീട് ഫലസ്തീൻ-ഇസ്രായേൽ രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ സങ്കീർണമാവുകയാണുണ്ടായത്.
എല്ലാ പ്രതിസന്ധികൾക്കും നടുവിൽ “അറബികൾ ചത്തൊടുങ്ങട്ടെ” എന്ന മുദ്രാവാക്യവുമായി ബെയ്തർ ആരാധകർ വീണ്ടും വാർത്തകളിൽ നിറഞ്ഞു. അറബ്/മുസ്‌ലിം വിരുദ്ധ വികാരങ്ങൾ അത്രത്തോളം ‘ലാ ഫാമിലിയയിൽ’ (ബെയ്തർ ആരാധകർ) വേരോടിയിരുന്നു. 1997ൽ ഹാപോയെൽ ത്വയ്യിബെ എന്ന ടീം ബെയ്തറിനോട് ഏറ്റുമുട്ടാൻ ടെഡി സ്റ്റേഡിയത്തിൽ എത്തുമ്പോൾ, ബെയ്തറിനെ നേരിടുന്ന ആദ്യ അറബ് ടീം എന്ന പ്രത്യേകത അവർക്കുണ്ടായിരുന്നു. മത്സരം അവസാനിക്കുന്ന തൊണ്ണൂറാം മിനിട്ടുവരെ ബെയ്തർ ആരാധകരുടെ അറബ്/മുസ്‌ലിം വിരുദ്ധ വംശീയ (racist, xenophobic) ആക്രോശങ്ങൾ ഹാപോയെലിന് ഏറ്റുവാങ്ങേണ്ടിവന്നു.
2007ൽ ടോട്ടോ കപ്പ് സെമി-ഫൈനലിൽ ‘നൈ സാഖ്‌നിൻ’ (bnei-sakhnin) എന്ന രാജ്യത്തെ ഏറ്റവും വിജയകരമായ അറബ്-ഇസ്രായേലി ക്ലബ്ബയുമായി നടന്ന മത്സരത്തിൽ, പ്രവാചകൻ മുഹമ്മദിനെ ആക്ഷേപിച്ചുകൊണ്ട് ബെയ്തർ ആരാധകർ ആർത്തുവിളിച്ചു. അതിനാൽ സാഖ്നിനുമായുള്ള അടുത്ത മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ഇസ്രായേൽ ഫുട്ബാൾ അസ്സോസിയേഷൻ (ഐ.എഫ്.എ) തീരുമാനിക്കുകയുണ്ടായി. ഇതിനോടുള്ള പ്രതികാരമെന്ന നിലക്ക് ബെയ്തർ ആരാധകർ ഐ.എഫ്.എയുടെ ഓഫീസിന് തീ വെക്കുകയും, ഐ.എഫ്.എയുടെ ചെയർമാനെ കൊല്ലുമെന്ന് വധിക്കുമെന്ന സന്ദേശമടങ്ങിയ ഗ്രാഫിറ്റി വരച്ചിടുകയും ചെയ്തു. സ്ഥലത്തുനിന്ന് എൽ.എഫ് എന്ന അടിക്കുറിപ്പ് കണ്ടെത്തിയെങ്കിലും ‘ലാ ഫാമിലിയ’ തങ്ങളുടെ പങ്ക് നിഷേധിക്കുകയാണ് ചെയ്തത്.
ബെയ്തർ ജെറുസലേം എന്ന പ്രോപഗണ്ട
2005ൽ ബെയ്‌തെറിനെ റഷ്യൻ ശതകോടീശ്വരൻ അർക്കാടി ഗായ്ടമാക് (arcadi gaydamak) സ്വന്തമാക്കി. അദ്ദേഹത്തിന് ഇരുപത് വയസ്സുള്ളപ്പോഴാണ് ഇസ്രായേലിലേക്ക് കുടിയേറിയത്. പിന്നീട് അംഗോള ഗേറ്റ് (mitterand pasqua ഇടപാട് എന്നും ഇതറിയപ്പെടുന്നു) എന്നറിയപ്പെടുന്ന ആയുധ ഇടപാടു വഴി കോടികൾ സംബന്ധിച്ചു. ഇസ്രായേലിന്റെ കായിക മണ്ഡലങ്ങളിലേക്കുള്ള അർക്കാടിയുടെ പ്രവേശനം സൂക്ഷമമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ബെയ്തറിന്റെ കായിക ലക്ഷ്യങ്ങളിലോ ആഗ്രഹങ്ങളിലോ അല്ല അർക്കാടിയുടെ താൽപര്യങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്, മറിച്ച് അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയേച്ഛകളിലാണ്.
ആദ്യം അദ്ദേഹം സ്വന്തമാക്കിയത് ഹപോയെൽ ജെറുസലേം ബാസ്‌ക്കറ്റ്ബോൾ ടീമിനെയാണ്. ഒരു മാസത്തിനു ശേഷം ‘നൈ സാഖ്നിൻ എഫ്.സിക്ക് നാല് ലക്ഷം ഡോളർ സംഭാവന ചെയ്തു. എല്ലായിടത്തും സുഹൃത്തുക്കളെ ഉണ്ടാക്കാനാണ് അർക്കാടി ശ്രമിച്ചത്. തൊട്ടുടനെ ബെയ്തർ ജെറുസലേമിന്റെ 55% ഓഹരിയും സ്വന്തമാക്കിയ അർക്കാടി, 48 മണിക്കൂർ തികയുന്നതിനു മുന്നേ ടീമിന്റെ മുഴുവൻ ഓഹരിയും നേടിയതായി പ്രഖ്യാപിച്ചു. ബെയ്തറിന്റെ വമ്പൻ ആരാധക സംഘത്തെ ഇസ്രായേലി രാഷ്ട്രീയത്തിൽ സ്വന്തമായ ഇടമുറപ്പിക്കുന്നതിന് വേണ്ടി ഉപയുക്തമാക്കാനാണ് അർക്കാടി കണക്കുക്കൂട്ടിയത്. ഇസ്രായേലി രാഷ്ട്രീയത്തിൽ സ്ഥാനം ഭദ്രമാക്കാൻ ബെയ്തറിനെ പിന്തുണക്കുന്ന ആദ്യത്തെ ആളായിരുന്നില്ല അർക്കാടി.
ജെറുസലേമിന്റെ മുൻ മേയറും ഇസ്രായേലിന്റെ മുൻ പ്രധാനമന്ത്രിയുമായ ‘എഹുദ് ഓൽമെർട്ട്’ ടെഡി സ്റ്റേഡിയത്തിലെ സ്ഥിരം സന്ദർശകനായിരുന്നു. ബെഞ്ചമിൻ നെതന്യാഹുവിനെയും സ്റ്റേഡിയത്തിൽ കണ്ടിട്ടുണ്ട്. അർക്കാടി തന്നെ പറയുന്നത് കാണുക: “ഞാൻ ഒരിക്കലും ഒരു ഫുട്ബാൾ ആരാധകനായിരുന്നില്ല. ഞാൻ അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇസ്രായേലിലെ മുഴുവൻ ക്ലബ്ബുകളുടെ ആരാധകരുടെ എണ്ണത്തേക്കാൾ ബഹുദൂരം മുന്നിലാണ് ബെയ്തറിന്റേത്. അതുകൊണ്ടുതന്നെ ബെയ്തർ മികച്ച പ്രചരണോപാധി (propoganda tool) കൂടിയാണ്. ഇസ്രായേലി സമൂഹത്തിൽ വലിയ സ്വാധീനമാണ് ബെയ്തറിനുള്ളത്”. അർക്കാടിയുടെ ഈ ഏറ്റുപറച്ചിലുകൾക്കപ്പുറം വലിയ നിക്ഷേപങ്ങളാണ് ബെയ്തറിൽ അദ്ദേഹം നടത്തിയിരിക്കുന്നത്.
2007ൽ അർക്കാടി ‘സെദേക് ഹെവ്രത്തി’ അഥവാ ‘സോഷ്യൽ ജസ്റ്റിസ്’ എന്ന പാർട്ടി രൂപീകരിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് ധാരാളം പണം ചെലവഴിച്ചു. ആഗോള ജൂതസമൂഹം മാത്രമല്ല, അറബ് രാഷ്ട്രങ്ങളും അദ്ദേഹത്തിന്റെ സ്വാധീനവലയത്തിലുണ്ടായിരുന്നു. ഇരട്ട കിരീടം നേടിയതിനു തൊട്ടടുത്ത വർഷം ജെറുസലേം മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർക്കാടി തീരുമാനിച്ചു. ബെയ്തറിന്റെ വമ്പൻ ആരാധക സംഘങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കിക്കൊണ്ട് വെറും 3.6% വോട്ട് മാത്രം നേടിയ അദ്ദേഹത്തിന്റെ പാർട്ടി ലിക്കുഡ് പാർട്ടിയോട് പരാജയപ്പെടുകയാണുണ്ടായത്. ബെയ്തർ ആരാധകർ തീർച്ചയായും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. എന്നാൽ തങ്ങളുടെ ക്ലബ്ബ് ഉടമ ജെറുസലേമിന്റെ മേയറാകുന്നതിൽ ബെയ്തർ ആരാധകരുടെ അനിഷ്ടമാണ് അദ്ദേഹത്തിന്റെ പരാജയത്തിൽ കലാശിച്ചത്.
ക്രമേണ ബെയ്തറിൽ അർക്കാടിക്ക് താൽപര്യം നഷ്ടപ്പെടുകയും, ടെഡി സ്റ്റേഡിയത്തിൽ വല്ലപ്പോഴും മാത്രം സാന്നിധ്യമറിയിക്കുകയും ചെയ്തു. ‘ലാ ഫാമിലിയ’ സ്വാഭാവികമായും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അവർ അദ്ദേഹത്തിനെതിരെ ആക്രോശങ്ങളുയർത്തി
“അർക്കാടി ഗായ്ടമാക്
വേശ്യയുടെ മകനെ
നീ രാജ്യദ്രോഹിയാണ്, യുദ്ധക്കുറ്റവാളിയും
നീ അഴിമതിക്കാരനാണെന്ന് എല്ലാവർക്കുമറിയാം
നീ ഫ്രാൻസിൽ ജയിലടക്കപ്പെടും
ഞങ്ങൾ രാവും പകലും നിന്നെ വേട്ടയാടും
നീ തകർന്നടിയുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”.
പിന്നീട് അംഗോള ഗേറ്റ് ഇടപാടിന്റെ പേരിൽ ഫ്രഞ്ച് കോടതി അദ്ദേഹത്തെ മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയുണ്ടായി.
ബെയ്തർ ആരാധക കൂട്ടങ്ങളുടെ ഭ്രാന്തൻ വംശീയ വിചാരങ്ങളെ നിയന്ത്രിക്കാൻ അനവധി ശ്രമങ്ങളുണ്ടായിട്ടുണ്ട്. #say_no_to_rasicm ക്യാമ്പയിന്റെ ഭാഗമായി നടന്ന ചില ശ്രമങ്ങൾ ഇക്കൂട്ടത്തിൽ പ്രസക്തമായവയാണ്. എന്നാൽ വിധ്വേഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വേരുകൾ അവരിൽ ആഴ്ന്നുകിടക്കെ തൊലിപ്പുറമെയുള്ള ചികിത്സകൊണ്ട് എന്ത് ഫലമാണുണ്ടാവുക എന്നത് സംശയമാണ്. സിയോണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പുറംതള്ളൽ മനോഭാവം ബെയ്തർ ആരാധകരുടെ വംശീയ വിചാരങ്ങളിൽ കൃത്യമായി നിഴലിക്കുന്നുണ്ട്. അതുകൂടി മുന്നിൽവെച്ചു വേണം ഈ പ്രശ്നത്തെ സമീപിക്കാൻ. ‘ഫുട്ബോൾ നരവംശശാസ്ത്രജ്ഞന്റെ സ്വപ്നമാണ്’ എന്ന് സാധാരണയായി പറയാറുണ്ട്. ബെയ്തറിന്റെ (ആരാധകരുടെ) കാര്യത്തിൽ ദാർശനികവും തത്വശാസ്ത്ര സംബന്ധിയുമായ ചികിത്സ മാത്രമാണ് ഫലംചെയ്യുക.