ഒന്നാം ലോകമഹായുദ്ധാനന്തര വേളയിലാണ് വംശീയത എന്ന വാക്ക് രൂപം കൊണ്ടതെങ്കിലും മനുഷ്യകുലത്തിന്റെ ആരംഭ കാലം മുതൽക്കുതന്നെ ഭൂലോകത്തുള്ളതാണ് വംശീയത. ആദിമനുഷ്യൻ ആദമിന്റെ മകനായ കാബീലിന് താൻ ഹാബീലിനെക്കാളും ഉയർന്നതാണ് എന്ന വംശീയ ബോധം നമുക്ക് ചരിത്രത്താളുകളിൽ കാണാവുന്നതാണ്. അന്ന് മുതൽ ആരംഭിച്ച വംശീയവെറി ഇന്ന് അതിന്റെ മൂർദ്ധന്യതയിൽ എത്തി നിൽക്കുന്നു.
എല്ലായിടത്തെയും പോലെ നമ്മൾ കേരളീയരും വളരെ സജീവമായി സമരോത്സുകരായി ഓൺലൈൻ മാധ്യമങ്ങളിലൂടെ ‘black lives matter’ ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഇതര സംസ്ഥാനങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കാൾ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണല്ലോ കേരളം. ഈ പ്രബുദ്ധ കേരളത്തിൽ തന്നെയാണ് മധുവെന്ന യുവാവ് ക്രൂര മർദ്ദനത്തിന്നിരയായി കൊല്ലപ്പെട്ടത്, ഇതേ കേരളത്തിൽ തന്നെയാണ് ഇതരസംസ്ഥാന തൊഴിലാളികൾ ആൾക്കൂട്ട വിചാരണയ്ക്കിരയായി മർദിക്കപ്പെട്ടത്.
വംശീയത എന്ന് കേൾക്കുമ്പോൾ പൊതുവെ മലയാളികളുടെ ചിന്ത നേരെ പോകുന്നത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആണ്. വംശീയത അത്തരം നാടുകളിൽ മാത്രം പരിമിതമായ ആഭാസമാണ് എന്ന് ആരോ നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ്. കേരളീയ പശ്ചാത്തലത്തിൽ അതിനെ വായിക്കാനും പഠിക്കാനും ആരും തയ്യാറാവാറില്ല എന്നതാണ് വാസ്തവം. ഓരോ മലയാളിയിലും അവരറിയാതെ തന്നെ രക്തത്തിലലിഞ്ഞു ചേർന്നിട്ടുള്ള വംശീയ വിഷം നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈയടുത്ത് പ്രേക്ഷക മനസ് കീഴടക്കിയ അർജുൻ എന്ന യൂട്യൂബറുടെ പെടുന്നനെയുണ്ടായ വളർച്ച. ആ വളർച്ചക്ക് ഇരയായതോ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും യഥാവിധം ലഭ്യമാകാത്ത വല്ലവിധേനയും ജീവിതത്തെ കരകയറ്റാൻ ശ്രമിക്കുന്ന കോളനി നിവാസികളാണ്. കോളനി നിവാസികൾ ഇത്തരം അടിച്ചമർത്തലുകൾ നേരിടേണ്ടവരാണെന്ന പൊതുബോധമാണ് അർജുവിനെ പോലുള്ള യുട്യൂബെർസിന്റെ വിജയരഹസ്യം. ഈ പൊതുബോധത്തെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് ഇറങ്ങിയ പല സിനിമകളിലെയും ഡയലോഗുകൾ.
2007 ൽ പുറത്തിറങ്ങിയ ‘Big-B’ എന്ന ചലച്ചിത്രത്തിലെ തികച്ചും വംശയാധിക്ഷേപമായ ഡയലോഗ് ഇങ്ങനെയാണ്. “ഇക്കാ കോളനീക്കേറി അവനെ പോക്കുകാന്നു പറഞ്ഞാൽ ഇച്ചിരി ചടങ്ങാണ്” ഇത് പറഞ്ഞുവെക്കുന്നത് കോളനി വാസികൾ ഗുണ്ടകളാണെന്നും സദാ അക്രമോത്സുകരാണെന്നുമാണ്. ഇത്തരം വംശീയവെറി ജനങ്ങളുടെ മനസ്സിൽ കുത്തിവെക്കുന്നതിൽ ഇതുപോലുള്ള സിനിമകളും യുട്യൂബെർസുകളും പങ്കു വഹിക്കുന്നുണ്ട്.
‘Black lives matters’ എന്ന ഹാഷ്ടാഗുകളിലൂടെ ഓൺലൈൻ മുഖേന മലയാളികൾ ഒന്നടങ്കം പ്രതിഷേധിച്ചു കൊണ്ടിരിക്കുമ്പോഴും കോളനിവാസികളുടെ വീഡിയോ കണ്ടാൽ ‘കോളനീവാണങ്ങൾ’ എന്നൊക്കെയുള്ള വാക്കുകളിലൂടെ കോളനിവാസികളെ നികൃഷ്ടരായി ചിത്രീകരിക്കുകയുമാണ്. ഇത്തരത്തിലുള്ള വംശീയ വെറി മനസ്സിൽ അടക്കി നമ്മൾ തന്നെ അമേരിക്കയിലെ വംശീയകൊലപാതകത്തിനെതിരെ പ്രതിഷേധിക്കുന്നതിനേക്കാൾ ലജ്ജാവഹം മറ്റെന്തുണ്ട്. സാമൂഹ്യമാധ്യമങ്ങൾ സമൂഹത്തിൽ എല്ലാവിധ സുഖസൗകര്യങ്ങളോട് കൂടി ജീവിക്കുന്ന ഒരുകൂട്ടരുടെ കുത്തകയാണെന്നുള്ള ബോധമാണ് ഇവരെ ഇത്തരം അശ്ലീലമായ കമ്മെന്റുകളിൽ എത്തിക്കുന്നത്. സാമൂഹിക ഘടനയിൽ പിന്നോക്കം ജീവിക്കുന്നവരായിട്ട് നിൽക്കുന്നവരെ ഇത്തരം വേദികളിൽ കണ്ടാൽ മനസ്സിന്റെ അന്തരാളങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുള്ള വംശീയവെറി പുറത്തുവരുന്നത് വ്യക്തമായി കാണാവുന്നതാണ്. മോശമായ കമ്മെന്റുകളിലൊന്നും തളരാതെ അധിക്ഷേപങ്ങൾക്ക് ഇരയായവർ മുന്നോട്ടു പോകുന്നു എന്നുള്ളത് പ്രതീക്ഷയുളവാക്കുന്നുണ്ട്.
ഇതേപോലെ തന്നെയാണ് സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി നമ്മുടെ നാടുകളിൽ വരുന്ന ഇതരസംസ്ഥാന തൊഴിലാളികളോടുള്ള മനോഭാവവും. 2016-ൽ പുറത്തിറങ്ങിയ Social integration of migrant workers in Kerala: Problems and prospects എന്ന പഠനം മുന്നോട്ടു വെക്കുന്നത് പ്രകാരം ഇതരസംസ്ഥാന തൊഴിലാളികളോടുള്ള പെരുമാറ്റം വളരെ നികൃഷ്ടമാണെന്നാണ്. തൊഴിലാളികളിൽപെട്ട 13 ശതമാനവും കൂലി മുഴുവനായും മുതലാളികളിൽ നിന്ന് ലഭിക്കാത്തവരാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Center for education development and society (CEDARS)ന്റെ കണക്ക് പ്രകാരം 68 ശതമാനം തൊഴിലാളികളും സ്വന്തം നാമത്താൽ വിളിക്കപെടാൻ ആഗ്രഹിക്കുന്നു. “ബംഗാളി” ”ബായ്” എന്നുമൊക്കെയാണ് ബഹുഭൂരിപക്ഷം മലയാളികൾ ഇതര സംസ്ഥാന തൊഴിലാളികളെ വിളിക്കുന്നത്. നമ്മളിൽ ചിലർ ഇതേനാമങ്ങൾ തന്നെയാണ് വിരൂപി ആയ ഒരാളെയും കറുത്തവരെയുമൊക്കെ പൊതുവെ വിളിക്കാറുള്ളത്. മുതലാളിമാരുടെ പെരുമാറ്റവും വളരെ ദുഃഖകരമാണ്. തൊഴിലാളികളുടെ മനസ്സറിഞ്ഞ് അവരോട് സ്നേഹവന്ദനങ്ങൾ കൈമാറുന്ന മുതലാളികൾ 45 ശതമാനം മാത്രമാണ്. ഇവർ നിരവധി സാഹചര്യങ്ങളിൽ വഞ്ചിതരാകാറുണ്ട്. ബസ്സിൽ യാത്രചെയ്യുകയാണെങ്കിൽ കണ്ടക്ടർ ബാക്കി കൊടുക്കാറില്ല. സമൂഹത്തിൽ കളവ് നടന്നാലോ പോക്കറ്റടി നടന്നാലോ ആദ്യം സംശയിക്കുന്നതും ഇതരസംസ്ഥാന തൊഴിലാളികളെയാണ്.
കേരളീയരുടെ ഇത്തരം ആഭാസവും നമ്മളെക്കാൾ താഴെയാണെന്ന് തോന്നുന്നവർക്ക് നേരെയുള്ള സകല വംശീയ വിദ്വേഷപ്രചാരണവും കേരളത്തിൽ വംശീയതയുടെ വേരിനെ കൂടുതൽ ഉറപ്പിക്കുന്നതാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമ്പത്ത് കൊണ്ടും സുഖസൗകര്യങ്ങൾ കൊണ്ടും താഴെക്കിടയിൽ ജീവിക്കുന്നവർ ഇത്തരം മ്ലേച്ഛമായ വാക്കുകൾക്കും നീച പെരുമാറ്റത്തിനും അർഹരാണെന്നുള്ള നമ്മുടെ അവബോധമാണ് ഒക്കെ ചെയ്യിപ്പിക്കുന്നത്.
ഇത്തരക്കാരോടുള്ള അപരവത്കരണത്തിന് സാമൂഹ്യമാധ്യമങ്ങളും സിനിമകളും പരസ്യങ്ങളും പങ്കുവഹിക്കുന്നുണ്ട്. വെളുത്ത കൈകളിൽ മാത്രം കാണുന്ന മൈലാഞ്ചിയും കറുത്തവരെ ഫെയർനെസ് ക്രീം ഉപയോഗിപ്പിച്ചുകൊണ്ട് വെളുപ്പിക്കുന്നതും മുതലാളിവർഗങ്ങൾ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചുകൊണ്ട് ലാഭംകൊയ്യാനുള്ള രീതിയായി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൾ ഹാഷ്ടാഗുകളാൽ സമരവേദിയാക്കുമ്പോഴും അടുത്ത സുഹൃത്തിനെപോലും കാക്കച്ചി, കറുമ്പൻ, ബംഗാളി എന്നൊക്കെ വിളിച്ചുകൊണ്ടു വെള്ള വംശീയവാദികളോട് ഐക്യദാർഢ്യപ്പെടുകയാണ് നമ്മൾ ചെയ്യുന്നത്. കല്ല്യാണ ചർച്ചകൾ മുതൽ തമാശ കൂട്ടത്തിൽ വരെ നിറം മുഖ്യ ചർച്ചയാവാറുണ്ട്. കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് കറുത്തതായതുകൊണ്ട് കൂടുതൽ പണം കൊടുക്കാൻ വീട്ടുകാരും അതനുസരിച്ചു കൂടുതൽ ചോദിക്കാൻ ഒരു മടിയുമില്ലാത്ത മറു വീട്ടുകാരുടെ നാടാണ് നമ്മുടെ കേരളം. ഇനി കറുപ്പു നിറത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ചെറുപ്രായത്തിൽ തന്നെ കുട്ടിയുടെ ഉള്ളിൽ അവൻ കറുത്തിട്ടാണെന്നുള്ള അവബോധം രൂപപെടുത്തിയെടുക്കുന്നു . കറുത്തതിന്റെ പേരിൽ ഒരാൾക്ക് നൽകുന്ന ചിരിയിൽ പോലും ഒരു അനീതി മുഴച്ചു നിൽക്കുന്നുണ്ട്. നമ്മുടെ ഈ ബോധം അഴിച്ചുപണിയുകയും തുടർന്ന് സമൂഹത്തിൽ നിന്ന് തന്നെയും നിഷ്കാസനം ചെയ്യപ്പെടേണ്ടതുമാണ്.
മുഹമ്മദ് ത്വാഹിർ