“We feel free because we lack the very language to articulate our unfreedom”- slavoj zizek
1
പൗരസമൂഹത്തെയല്ല, മനുഷ്യ സമൂഹത്തെയാണ് താൻ അഭിസംബോധന ചെയ്യുന്നത് എന്നാണ് ‘മാർക്സ്’ പറഞ്ഞത്. പൗരൻ എന്നത് എപ്പോഴും ഭരണകൂടവുമായി ചേർത്ത് വായിക്കപ്പെടുന്ന സങ്കൽപമാണ്. ഇതിൽ നിന്ന് മനുഷ്യനിലേക്കും, മനുഷ്യൻ എന്നതിന്റെ തന്നെ വൈവിധ്യമാർന്ന വികാസത്തെ കുറിച്ചുള്ള ആലോചനകളിലേക്കും സഞ്ചരിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തെ സംബന്ധിച്ച ചർച്ചകൾ ഇന്ന് പ്രസക്തമാകുന്നത്. ഒരു അച്ചടക്ക സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെയാണ് ആധുനിക ഭരണകൂടം ഇന്ന് രാഷ്ട്രീയ അധികാരം വ്യാപിപ്പിക്കുന്നത്. അതിന്റെ ഭാഗമാണ് പൗരൻ എന്ന നിർമിതിയും. ഭരണകൂടത്തോട് കീഴ്പ്പെട്ടുകൊണ്ട് നിൽക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് പൗരൻ എന്നതിലൂടെ നിർവചിക്കപ്പെടുന്നത്.
സ്വാതന്ത്ര്യം എന്നതുകൊണ്ട് അർഥമാക്കുന്നത് സിവിൽ സമൂഹത്തിന്റെ സ്വാതന്ത്ര്യമല്ല. രാഷ്ട്രത്തിന് മുന്നിൽ സിവിൽ സമൂഹത്തിന് സവിശേഷമായ സ്വാതന്ത്ര്യ സങ്കൽപ്പം ഇല്ല. ഭരണകൂടങ്ങൾ നിർണയിക്കുന്നതിനപ്പുറത്ത് സഞ്ചരിക്കാൻ സാധിക്കാത്ത പൗരനെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നത് രാഷ്ട്രത്തിന് സിവിൽ സമൂഹത്തിന് മേലുള്ള ആധിപത്യത്തെ കുറിക്കുന്ന ആശയമാണ്. ‘മിഷേൽ ഫൂക്കോ’ നിരീക്ഷിക്കുന്നത് പോലെ ആധുനിക പൂർവ ഘട്ടത്തിൽ നിന്ന് ആധുനിക ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ മനുഷ്യാവകാശം, പൗര സ്വാതന്ത്ര്യം തുടങ്ങിയവ അതിന്റെ മുഖമുദ്രയായി കരുതപ്പെടുമ്പോഴും, യഥാർഥത്തിൽ ആധുനിക പൂർവ ഘട്ടത്തിലെ ശിക്ഷാ-നിരീക്ഷണ വ്യവസ്ഥയുടെ മറ്റൊരു പതിപ്പാണ് ആധുനിക ദേശരാഷ്ട്രം എന്ന് കാണാൻ കഴിയും. ആധുനികതക്ക് മുമ്പ് ക്രൂരമായ ശിക്ഷാ നടപടികളും മനുഷ്യത്വരഹിതമായ തടവ് കേന്ദ്രങ്ങളുമാണ് ജനങ്ങളുടെ മേലുള്ള അധികാരത്തിന്റെ ഉപകരണമെങ്കിൽ, ആധുനിക ഘട്ടത്തിൽ അത് കൂടുതൽ പരിഷ്കരിക്കപ്പെട്ടു എന്ന് മാത്രം. നമ്മുടെ നിത്യജീവിതത്തിലെ ഓരോ നിമിഷവും ഭരണകൂടം നിരീക്ഷിക്കുന്നു എന്നത് തന്നെ ദേശരാഷ്ട്ര വ്യവസ്ഥക്കുള്ളിലെ ഹിംസ (violence) എത്രത്തോളമാണ് എന്ന് വ്യക്തമാക്കുന്നതാണ്. ഇന്ന് രാഷ്ട്രങ്ങൾ ഉപയോഗിക്കുന്ന പ്രധാന കീ വേർഡ് തന്നെ സുരക്ഷ (security) എന്നതാണ്. ബോധപൂർവം ഭയം സൃഷ്ടിക്കുകയും, ആ ഭയത്തെ ഇല്ലാതാക്കാൻ എന്ന വ്യാജേന രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യുന്നു. ഈ ഏറ്റെടുക്കൽ നേരത്തെ സൂചിപ്പിച്ചപോലെ രാഷ്ട്രത്തോട് വിധേയത്വമുള്ള പൗരനെ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. നമ്മുടെ പഠനം, ജോലി, വിനോദങ്ങൾ, സാമൂഹിക ഇടപെടലുകൾ തുടങ്ങി വ്യക്തിപരമായ തെരഞ്ഞെടുപ്പുകളിൽ വരെ ഇന്ന് സ്റ്റേറ്റ് ഇടപെടുന്നു.
മുമ്പ് കാലങ്ങളിൽ ജനങ്ങളുടെ ജീവിതങ്ങൾ പല വിധത്തിൽ വ്യത്യസ്തപ്പെട്ടും വികേന്ദ്രീകൃത സ്വഭാവത്തിലുമാണ് ഉണ്ടായിരുന്നത്. ഐ.ടി മേഖകളിൽ ജോലി ചെയ്യുന്ന ആളുകളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന കമ്പ്യൂട്ടർ ഇന്ന് നമ്മൾ ചെയ്യുന്ന എല്ലാത്തരം ജോലികളിലും അനിവാര്യ ഘടകമാണ്. ഇത് രണ്ട് സംഗതികളെയാണ് രൂപപ്പെടുത്തിയത്. ഒന്ന് മുതലാളിത്ത വ്യവസ്ഥയിൽ ജീവിക്കാൻ സാധ്യമല്ലാത്ത അഥവാ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ആളുകൾ പ്രസ്തുത ശ്രേണിയിൽ നിന്ന് പുറന്തള്ളള്ളുന്നു. രണ്ട്, ഇതിലൂടെ സർവം ഡിജിറ്റൽ കേന്ദ്രീകൃതമാക്കി ആളുകളെ പൂർണമായും തങ്ങളുടെ നിരീക്ഷണത്തിലും അധീനതയിലും കൊണ്ടുവരാനും സാധിക്കുന്നു.
2
ഇന്ത്യൻ സാഹചര്യത്തിൽ സ്വാതന്ത്ര്യത്തെ കുറിച്ച് ആലോചിക്കുമ്പോൾ സമകാലിക സാമൂഹിക പരിതസ്ഥിതി സുപ്രധാനമായ ചില ഘടകങ്ങൾ നമ്മളെ ഓർമപ്പെടുത്തുന്നുണ്ട്.
ബാബരി മസ്ജിദ് കോടതി വിധിയും പൗരത്വ പ്രക്ഷോഭങ്ങളും ഇതര മനുഷ്യാവകാശ സമരങ്ങളുമൊക്കെ സ്വാതന്ത്ര്യം എന്നതിനെ പൗരൻ എന്ന സങ്കൽപത്തിന് പുറത്ത് നിന്നുകൊണ്ട് ആലോചിക്കാൻ നിർബന്ധിതമാകുന്ന ഒരു സാഹചര്യമാണുള്ളത്. സർവം പൗരൻ എന്നതിലേക്ക് ചുരുക്കപ്പെടുകയും ഒരു സുപ്രഭാതത്തിൽ ഒരു പ്രത്യേക ജനവിഭാഗം പൗരൻ എന്ന കാറ്റഗറിക്ക് പുറത്ത് പോകുകയും ചെയ്യുന്ന ഘട്ടത്തിൽ അതിനോടുള്ള പ്രക്ഷോഭങ്ങൾ, കലഹങ്ങൾ എന്നിവയൊക്കെ പൗരൻ എന്നതിൽ നിന്ന് മാറി മനുഷ്യൻ എന്നതിലേക്ക് വികസിക്കുന്നുണ്ട്. ഇതോടെ ആധുനിക രാഷ്ട്രത്തിനകത്ത് പൗരൻ എന്ന് നിർവചിക്കപ്പെടുന്നതിനെ പ്രശ്നവൽക്കരിക്കുകയും പുനർനിർണയിക്കുകയും ചെയ്യുന്നു. ബാബരി മസ്ജിദുമായി ബന്ധപെട്ട കോടതി വിധിയും രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ സവിശേഷ സ്വത്വ പ്രതിസന്ധിയെയാണ് ചൂണ്ടിക്കാട്ടുന്നത്.
വിധി പറയുന്ന വേളയിൽ അതിന്റെ നിദാനത്തെക്കുറിച്ച് കോടതി പറഞ്ഞത് ഇത് വിശ്വാസപരമായ ഒരു സംഗതിയാണ് എന്നാണ്. എന്നാൽ ഈ വിശ്വാസത്തിനുള്ളിൽ തെളിവുകളുടെ അഭാവത്തിലും രാമനുമുകളിലുള്ള ഹിന്ദുത്വ വാദികളുടെ വിശ്വാസം സ്വീകരിക്കപ്പെടുകയും ഒരുപാട് തെളിവുണ്ടായിട്ടും മുസ്‌ലിംകളുടെ പള്ളിയുടെ മുകളിലുള്ള വിശ്വാസത്തെ കോടതിക്ക് കാണാൻ പറ്റാതെയും പോകുന്നു. ഇന്ത്യൻ ദേശീയത നിർമിക്കുന്ന മുസ്‌ലിം വിരുദ്ധ/ബ്രഹ്മണിക്ക് വ്യവഹാരത്തിന്റെ ഉള്ളിലാണ് കോടതി അടക്കമുള്ള ആധുനിക അധികാര സ്ഥാപനങ്ങൾ എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
3
സ്വാതന്ത്ര്യം യഥാർഥത്തിൽ ഒരു മിഥ്യയാണ്. തമാശ രൂപത്തിൽ പറയപ്പെടാറുള്ള ഒരു കഥയുണ്ട്. അതിന്റെ ആശയം, മനുഷ്യന് ഒരു കാൽ ഉയർത്താനുള്ള സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ എന്നതാണ്. മറ്റേത് കൂടി ഉയർത്തിയാൽ മറിഞ്ഞു വീഴുകയും ചെയ്യും. ഇത് സ്വാതന്ത്ര്യം എന്നതിന്റെ അർഥമില്ലായ്മയെ വ്യക്തമാക്കുന്നു. തുടക്കത്തിൽ ഉദ്ധരിച്ച ‘സിസേക്കിയൻ’ ഉദ്ധരണി സൂചിപ്പിക്കുന്നത് ആസ്വാതന്ത്രത്തെ മനസിലാക്കാനും, അതിനെ ഭാഷയിലൂടെ ധരിപ്പിക്കാനും സാധിക്കുന്നില്ല എന്നതിനാൽ നമ്മൾ സ്വതന്ത്രരായി സ്വയം കരുതുന്നു എന്നതാണ്. അഥവാ സ്വാതന്ത്ര്യം എന്നത് സിസേക്കിന്റെ ഭാഷ കടമെടുത്താൽ, ഭാവിയെ കുറിച്ചുള്ള ആഗ്രഹമാണ് (dezire). ആ ആഗ്രഹം എന്നെങ്കിലും സഫലമാകുമോ എന്നത് അപ്രസക്തമാണ്. മറിച്ച് അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഏതൊരു ആശയത്തെയും വികസിപ്പിക്കുന്നത്.