ഓരോ വ്യക്തിക്കും സ്വയം വീഡിയോ ആവിഷ്കാരങ്ങൾ സൃഷ്ടിക്കാനും അവ ലോകത്തിന് മുമ്പിൽ എളുപ്പം പ്രദർശിപ്പിക്കാനും സാധിക്കുന്ന സാങ്കേതികയുടെ യുഗത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഹൃസ്വ ചിത്രങ്ങൾ, പ്രാദേശിക ഡോക്യുമെന്ററികൾ, സിനിമകൾ, ട്രാവൽ വ്ലോഗുകൾ മുതലായ വിവിധ ആവിഷ്കാരങ്ങൾ ഏറെ എളുപ്പത്തിൽ നിർമിക്കപ്പെടുന്നുണ്ട്. കൂടുതൽ മനുഷ്യർക്ക് ഉപയുക്തമാക്കാൻ സാധിക്കുംവിധം ജനപ്രിയവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യയുടെ ലഭ്യതയാണ് ഇതിന് വഴി വെച്ചത്. ലോക്ക്ഡൗൺ സൃഷ്‌ടിച്ച നിശ്ചലാവസ്ഥ ഈ ആവിഷ്കാരങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി.
മുസ്‌ലിം സംഘടനകൾ, പ്രഭാഷകർ, മറ്റു മതസ്ഥാപനങ്ങൾ എന്നിവയൊക്കെ ഓൺലൈൻ ഇടങ്ങളെ ഈ കാലയളവിൽ കൂടുതലായി ഉപയോഗപ്പെടുത്തി. വ്യത്യസ്ത വിഷയങ്ങളിലെ രസകരമായ വീഡിയോകൾ ഈ കാലയളവിൽ ഫേസ്ബുക്കിലും മറ്റുമായി റിലീസ് ചെയ്യപ്പെട്ടിരുന്നു. അല്ലാമാ ഇക്ബാൽ കവിതകളെ പരിചയപ്പെടുത്തി നഹാസ് മാള ചെയ്ത വീഡിയോ സീരീസ്, ജവാദ് മുസ്തഫാവിയുടെ തരീം ഡയറി തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട ചില ഉദാഹരണങ്ങളാണ്. ഈസ്റ്റർ ചടങ്ങുകൾ ഓൺലൈൻ വഴി പള്ളികളിൽ നിന്ന് വിശ്വാസികൾക്കിടയിൽ ലഭ്യമാക്കിയിരുന്നു. അതുപോലെ ഒരുപാട് സാധാരണക്കാർ യൂട്യൂബർമാരാകുന്നതും ഈ സമയത്ത് കൂടി വന്ന ഒരു പ്രവണതയാണ്.
ലോകത്തിന്റെ കാഴ്ച്ചാ സംസ്കാരം കൂടുതലും ചർച്ച ചെയ്യുന്നത് സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ടാണ്. എന്നാൽ ആ ഗണത്തിലേക്ക് കൂട്ടാവുന്ന മറ്റൊരു ബ്രാൻഡാണ് ട്രാവൽ വ്ലോഗർമാർ. ഇവരുടെ കാഴ്ച്ചകളെ കുറിച്ച് ചില കാര്യങ്ങൾ പറയാനാണ് ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും ഇത്തരം വ്ലോഗുകളുടെ ഉള്ളടക്കത്തിൽ ‘മുസ്‌ലിംകളും’ ‘മുസ്‌ലിം ദേശങ്ങളും’ സവിശേഷമായി കടന്നുവരുന്ന സാഹചര്യത്തിൽ.
ദി ഫുഡ് റേഞ്ചർ, മൈഗ്രെഷണോളജി, ഡ്രൂ ബിൻസ്‌കി, നാസ്, ദി ബെസ്റ്റ് എവർ ഫുഡ് റിവ്യൂ ഷോ തുടങ്ങിയ സാമൂഹ്യ മാധ്യമ വ്ലോഗർമാർ (social media vloggers) നമ്മിൽ പലർക്കും സുപരിചിതരാണ്. ഒരുപക്ഷേ ഇവർ കൂടുതലും യാത്ര ചെയ്യുന്നത് ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലാണ്. തങ്ങളുടേതല്ലാത്ത ചില കാഴ്ച്ചകൾ തേടുന്ന വെള്ളക്കാരൻ/പടിഞ്ഞാറുകാരൻ എന്ന നിലയിലാണ് ഇവരുടെ വ്ലോഗിലെ കാഴ്‌ച്ചകൾ എനിക്ക് അനുഭവപ്പെട്ടത്. മുസ്‌ലിം രാജ്യങ്ങളിലെ സവിശേഷതകളെയും സംസ്കാരത്തെയും കുറിച്ചുള്ള പ്രത്യേക വീഡിയോകൾ ഇവരുടെ പ്രൊഫൈലുകളിൽ കാണാൻ സാധിക്കും. ‘ട്രെവർ ജെയിംസ്’ (food ranger) പാകിസ്താനിലും ഇറാനിലും തുർക്കിയിലും സഞ്ചരിച്ച് ചെയ്ത എപ്പിസോഡുകൾ മുസ്‌ലിം ജീവിതത്തിലെ ഭക്ഷണ വൈവിധ്യത്തിന്റെ ആഴം നമുക്കു കാട്ടിത്തരും.
ആദം നബിയുടെ മകൻ ഹാബീൽ അല്ലാഹുവിന് സമർപ്പിക്കുന്ന ബലിമാംസത്തെ കുറിച്ചുള്ള കഥകൊണ്ട് തന്നെ മാംസഭക്ഷണം മുസ്‌ലിം സംസ്കാരത്തിന്റെ വിശിഷ്ടമായ ഭാഗമാണെന്ന് നമുക്ക് മനസ്സിലാകും. ‘ആതിഥേയത്വം’ എന്ന ഗുണം ആഗോള മുസ്‌ലിം സമൂഹത്തിന് പൊതുവായുണ്ടെന്ന് ഇവരുടെ വിഡിയോകൾ കാണുമ്പോൾ തോന്നിപ്പോകും. ഒരുപക്ഷേ വീട്ടിൽവന്ന മലക്കുകൾക്ക് ആടിനെ വിളമ്പി അവർ തിന്നാൻ വിസമ്മതിച്ചപ്പോൾ മനസ്സ് ആകെ വേവലാതി പൂണ്ട ഇബ്രാഹിം നബിയുടെ പിൻഗാമികൾക്ക് ആതിഥേയത്വം ജീവിതത്തിലെ ഏറ്റവും ആവേശഭരിതമായ ഘടകമാണ് (കഥകളുടെ ആധികാരികതയിൽ സംശയങ്ങളുണ്ട്). വീട്ടിലെ കുട്ടികളെ ഉറക്കി അതിഥികളെ സൽക്കരിച്ച് ദൈവത്തിന്റെ തൃപ്തി കരസ്ഥമാക്കിയവരുടെ അനുയായികൾക്ക് ആതിഥേയത്വം ചെറുതല്ലാത്ത ഒരു സാംസ്കാരിക ചിഹ്നം തന്നെയാണ്. വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ടുപോവുക, നാട്ടിലെ മികച്ച ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കുക, ഇഫ്താറുകളിൽ പങ്കെടുപ്പിക്കുക തുടങ്ങി വ്യത്യസ്തമായ ആഥിത്യ മര്യാദകൾ ഈ വ്ലോഗർമാരുടെ കാഴ്ച്ചകളിലൂടെ നാം കാണുന്നു. ട്രെവർ ജെയിംസിന്റെ കറാച്ചി, ലാഹോർ, പെഷവാർ, ചൈനയിലെ മുസ്‌ലിം പ്രവിശ്യയായ ലാങ്സൗ തുടങ്ങിയ സ്ഥലങ്ങളിലെ വീഡിയോകളിൽ “tried to pay, but free” (പണം കൊടുക്കാൻ ശ്രമിച്ചു, പക്ഷേ സൗജന്യമായി നൽകി) എന്ന വരി നമുക്ക് കാണാൻ സാധിക്കും. ഒരു വിദേശി അതിഥി എന്ന നിലയിലുള്ള സ്നേഹപ്രകടനമാണ് അവർ പ്രകടിപ്പിക്കുന്നത്. സമാനമായ അനുഭവങ്ങൾ ‘ഡ്രൂ ബിൻസ്‌കിയും’ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുസ്‌ലിംകൾ ഏറെ ഉപഹാരങ്ങൾ നൽകുന്നതിനെ കുറിച്ച് ഡിയർ അലൈനെ (Dear Alyne) എന്ന വ്ലോഗർ വീഡിയോ ചെയ്തിട്ടുണ്ട്. ഇങ്ങനെ മുസ്‌ലിം ആതിഥ്യ മര്യാദയെക്കുറിച്ച് ഏറെകുറെ എല്ലാ വ്ലോഗർമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുസ്‌ലിം ദേശങ്ങളെക്കുറിച്ചുള്ള ഭാവനകൾ എപ്പോഴും നിഗൂഢതകളിൽ ചെന്നവസാനിക്കുകയാണ് പതിവ്. ചിലപ്പോൾ മനുഷ്യരുടെ ദൈന്യതയും നിസ്സഹായതയും മുഴച്ചുനിൽക്കുന്ന കാഴ്ച്ചകൾ. മറ്റുചിലപ്പോൾ ‘മതരാഷ്ട്രങ്ങളെ’ കുറിച്ചുള്ള ആകുലതകളും. ഇറാനിലെയും പാകിസ്ഥാനിലെയും അഫ്ഗാനിലെയും പൊതുജീവിതങ്ങളെ ദൈന്യതയിൽ പൊതിഞ്ഞുകെട്ടിയാണ് പലപ്പോഴും നമുക്കു മുമ്പിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ നമ്മളെ പോലെ വ്യത്യസ്തരായ മനുഷ്യരും, തിരക്കുള്ള റോഡുകളും മനുഷ്യനിബിഢമായ അങ്ങാടികളുമൊക്കെയുള്ള ജീവിതങ്ങളാണ് ആ നാടുകളിലുമുള്ളത്. ഉപരിസൂചിത വാർപ്പുമാതൃകകൾക്കപ്പുറം ഈ പ്രദേശങ്ങളിൽ ജീവന മാതൃകകൾ ഉണ്ടെന്ന് തെളിയിക്കാൻ ഇത്തരം കാഴ്ച്ചകൾ നല്ലതാണ്. ‘ദി ബെസ്റ്റ് ഇവർ ഫുഡ് റിവ്യൂ ഷോ’യും ഇതുപോലെ യമൻ അടക്കമുള്ള അറബ് നാടുകളിലെ ജീവിതത്തെയും കാട്ടിത്തരുന്നുണ്ട്.
അനവധി വൈവിധ്യങ്ങൾ നിറഞ്ഞ സൗദിയും ബ്രൂണെയും കൊമോറോസും മധ്യേഷ്യൻ റിപ്പബ്ലിക്കുകളുമെല്ലാമടങ്ങുന്ന മുസ്‌ലിം ദേശങ്ങളെക്കുറിച്ച് ഏറെ കൗതുകമുണർത്തുന്ന, എന്നാൽ വാർപ്പുമാതൃകകളെ പിൻപറ്റാത്ത ചില വ്ലോഗർമാർ ലോകത്തിന് കാട്ടിത്തരുന്നുണ്ട്. മുസ്‌ലിംകളുടെ പുഞ്ചിരിയും ചായകുടിയും ഹസ്തദാനവും തുടങ്ങിയ ചെറുകാര്യങ്ങൾ പോലും പുതിയ മാനുഷിക അനുഭവങ്ങളായാണ് ഇവർ പഠിപ്പിക്കുന്നത്. ഒരുപക്ഷേ ചിലർക്കെങ്കിക്കും അവ നവ്യാനുഭവങ്ങളായേക്കും.
പല വീഡിയോകളുടെയും ഉള്ളടക്കത്തിന്റെ ‘വെള്ളക്കാരന്റെ ദൃഷ്ടി’ (white man’s gaze) തന്നെയാണ്. എന്നാൽ ഒരു പരിധിവരെ നവ വ്ലോഗർമാരുടെ കാഴ്ച്ചകൾ മറ്റു മുൻവിധികളെ തകർക്കാൻ സഹായകമാവുന്നുണ്ട്. പക്ഷേ വ്യവസ്ഥാപിത ഇസ്‌ലാംപേടിയുടെ (institutional islamophobia) വംശീയ ബോധങ്ങളെ തകർക്കാൻ ഇവക്ക് കഴിയും എന്നുള്ള അമിത പ്രതീക്ഷകൾ വേണ്ടതില്ല. എങ്കിലും മുൻവിധികളോടെ വീക്ഷിക്കപ്പെടുകയും നിരൂപിക്കപ്പെടുകയും ചെയ്യുന്ന ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും യഥാർഥ ചിത്രങ്ങൾക്ക് പൊതുസമൂഹത്തിന് മുന്നിൽ ദൃശ്യത ലഭിക്കുന്നു എന്നത് ശ്ലാഘനീയമാണ്.
വ്യത്യസ്ഥമായ വിഷയം നല്ല രീതിയിൽ കൈകാര്യം ചെയ്തു. തുടർന്നും എഴുതുക …