യെസവിയ്യ തുർകിക് ലോകത്തെ സൂഫിധാര

മധേഷ്യ-തുർകിക് ലോകം, ബാൽകൻ പ്രദേശങ്ങൾ എന്നിങ്ങനെ വിശാലമായ മുസ്‌ലിം പ്രദേശങ്ങളിൽ ഇസ്‌ലാമിക വ്യാപനത്തിന് നേതൃത്വം നൽകിയ സൂഫീവര്യനാണ് ശൈഖ് ഖോജ അഹ്‌മദ്‌ യെസവി (മരണം 562/1166-7). ദക്ഷിണ കസാഖിസ്ഥാൻ ‘യസി’യിലാണ് (ഇന്ന് തുർകിസ്താൻ എന്നറിയപ്പെടുന്നു) അദ്ദേഹം ജനിച്ചത്.

മുഹമ്മദ് ഇബ്ൻ ഹനഫിയ്യയുടെ (റ) പിൻഗാമി എന്ന നിലയിൽ സൂഫി പണ്ഡിതൻ എന്നതിൽ കവിഞ്ഞ സ്വീകാര്യത അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. യെസവീ സൂഫീസരണി മധ്യേഷ്യൻ-തുർകിക് നാടോടി വിഭാഗങ്ങൾക്കിടയിൽ ഇസ്‌ലാമിക വിശ്വാസത്തോടും ആചാരരീതികളോടും അടുപ്പിച്ചുനിർത്തുന്നതിൽ സഹായിച്ചു. മധ്യേഷ്യയിലെ പുണ്യാത്മാക്കളെക്കുറിച്ച ചരിത്രഗ്രന്ഥങ്ങളിൽ തുർകിക് ശൈഖുമാരുടെ നേതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ മുസ്‌ലിം ജീവിതത്തിനും ഇസ്‌ലാമിക വിശ്വാസ-ആചാരാനുഷ്ഠാനങ്ങളുമായി അനിവാര്യമായ ഗാഢബന്ധം ഭദ്രപ്പെടുത്തിയത് യസവീ സൂഫീസരണിയാണ്. മീർ അലി ഷീർ നവായീ (1441-1501)യുടെ ചഗാതായി ഭാഷയിലെ ജീവചരിത്ര ഗ്രന്ഥമായ ‘നസാഇമുൽ മഹബ്ബയിൽ- ശൈഖ് യെസവിയെ തുർകിക് ശൈഖായാണ് എഴുതുന്നത്. അലി ഇബ്ൻ ഹുസൈൻ കാഷിഫി (1463-1532 )യുടെ ‘രഷഹാതെ അയ്നുൽ ഹയാത്തി’ൽ ശൈഖ് യെസവിയുടെ അത്ഭുതകൃത്യങ്ങളും ഗുണഗണങ്ങളും വിവരിക്കുന്നുണ്ട്.

ഷെയ്ഖ് യെസാവി

ശൈഖ് അർസലാൻ ബാബയുടെ നിർദേശ പ്രകാരം ബുഖാറയിലെത്തി പ്രമുഖ സൂഫീവര്യൻ ശൈഖ് യൂസുഫ് ഹമദാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതൻ ശൈഖ് യൂസഫ് ഹമദാനി (1062-1141)യുടെ നാല് ഖലീഫമാരിൽ ഒരാളാണ് ശൈഖ് അഹ്മദ് യെസവി. ശൈഖ് അബ്ദുല്ലാഹ് ബാറാക്കി, ശൈഖ് ഹസൻ അൻതാഖി, ഖോജ അബ്ദുൽ ഖാലിഖ് ഖിജ്ദുവാനി (മരണം 1179) എന്നിവരാണ് മറ്റു മൂന്നുപേർ. ശൈഖ് ഹമദാനിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ നേതൃത്വം ഏറ്റെടുക്കേണ്ട സാഹചര്യം സജാതമായപ്പോൾ ഖോജ അബ്ദുൽ ഖാലിഖ് ഖിജ്ദുവാനിയെ ഭരമേൽപ്പിച്ച് സ്വദേശമായ തുർകിസ്താനിലേക്ക് യാത്രതിരിച്ചു. അവിടെ അധ്യാപനവും പ്രബോധനവും ജീവനോപാദിയാക്കി, കരകൗശല വസ്തുക്കൾ നിർമിച്ചുവിറ്റും കഴിഞ്ഞു. മറ്റു പ്രമുഖ സൂഫികളുടെ കഥകളിലുമെന്നപോലെ ഖിദിർ നബിയുമായുള്ള സമാഗമത്തെകുറിച്ച കഥകളും നിലവിലുണ്ടെന്നു ഫുആദ് കോപ്രൂലു വിശദീകരിക്കുന്നു. ശൈഖ് യെസവിയുടെ കീർത്തി വർദ്ധിച്ചതോടെ ശത്രുക്കൾ അദ്ദേഹത്തിനെതിരിൽ വ്യതിചലനം ആരോപിച്ചു. സംഭവത്തിൻ്റെ നിജസ്ഥിതി അന്വേഷിക്കാനായി ഖുറാസാനിലെയും ട്രാൻസോക്സിയാനയിലെയും പണ്ഡിതർ നിയോഗിച്ച അന്വേഷകൻ ഇവയൊക്കെ ദുരാരോപണങ്ങളാണെന്ന് വ്യക്തമാക്കി. ശൈഖ് ഉഥ്‌മാൻ മഗ്‌രിബി, മുഹമ്മദ് ദാനിഷ്മെന്ദ് സർനെഖി, ഹസൻ ബുൽഗാനി, ഇമാം മർഗൂദി, ആമിർ അലി ഹകീം, ബാബ മചീൻ, സുലൈമാൻ ഹകീം അതാ തുടങ്ങിയവർ ശൈഖിൻ്റെ പ്രധാന ശിഷ്യരാണ്.

ശൈഖ് യെസവിയുടെ ചിന്തകളിലും പ്രവർത്തനങ്ങളും നബിയെക്കുറിച്ച (സ) അപദാനങ്ങളാൽ നിറഞ്ഞതാണ്. അതിനാൽ തന്നെ അദ്ദേഹം നബി (സ) ഇഹലോകവാസം വെടിഞ്ഞ അറുപത്തിമൂന്ന് വയസ്സ് പൂർത്തിയായപ്പോൾ സാമൂഹിക വ്യവഹാരങ്ങളിൽ നിന്നകന്ന് ഏകാന്തവാസം തെരഞ്ഞെടുത്തു. നൂറ്റിയിരുപതിയഞ്ചിലധികം വർഷം അദ്ദേഹം ജീവിച്ചിരുന്നു എന്നാണ് ചില റിപ്പോർട്ടുകളിലുള്ളത്.

ത്വരീഖത്: ആശയങ്ങളും രീതികളും

1918ൽ പ്രസിദ്ധീകരിക്കപ്പെട്ട മെഹ്മെത് ഫുആദ് കോപ്രുലുവിന്റെ ‘ഏർലി മിസ്റ്റിക്സ് ഇൻ തുർക്കിഷ് ലിറ്ററേച്ചറിൽ’ (Early Mystics in Turkish Literature) യെസവി ധാരയെക്കുറിച്ച് വിശദമായി അവലോകനം ചെയ്യുന്നുന്നുണ്ട്. ‘ഒരു നിസ്‌കാരമാണെങ്കിൽപോലും അതൊഴിവാക്കുന്നവനും പന്നിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല’ എന്നദ്ദേഹം പറയാറുണ്ടായിരുന്നു. പരോക്ഷമായിട്ടാണെങ്കിൽ പോലും ശറഈ വിരുദ്ധമായ (ഇസ്‌ലാമിക നിയമ വ്യവസ്ഥക്ക് വിരുദ്ധമായ) ഒരു പ്രവൃത്തിയും അദ്ദേഹം ചെയ്തിരുന്നില്ല. പശ്ചാത്താപാർഥന അദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന വിഷയമാണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ധാരാളം സത്യാന്വേഷികളെ അദ്ദേഹത്തിലേക്കടുപ്പിച്ചു.

മഅരിഫത്, നിരുപാധികമായ ദയാനുഭാവം, ആത്മാർഥത, കൃത്യമായ ഏകാഗ്രത, ഖദ്റിലുള്ള വിശ്വാസം, വിമർശനാത്മക മനനം എന്നിവയാണ് ത്വരീഖതിൻ്റെ അടിസ്ഥാന സ്തംഭങ്ങൾ. മഅരിഫത്, സംയമനം, സ്ഥൈര്യം, ഉദാത്തമായ സംന്തുഷ്ടി, ഇബ്രാഹീം നബിയുടെ ആർജവം, അല്ലാഹുവിനോടുള്ള ഇഴയടുപ്പം ഇവയാണ് ത്വരീഖതിൻ്റെ ശൈഖിന് അനിവാര്യമായുണ്ടാകേണ്ട അടിസ്ഥാന കാര്യങ്ങൾ. അൽ-ഇൻസാനുൽ കാമിലിനായുള്ള (പൂർണ പുരുഷൻ) അന്വേഷണം, അല്ലാഹുവുമായുള്ള സമാഗമത്തിനായി കാത്തിരിക്കുക, എല്ലാ നിമിഷവും സ്രഷ്ടാവിനെ ഭയക്കുക, ഏതു സാഹചര്യത്തിലും ശുഭപ്രതീക്ഷ നിലനിർത്തുക, അല്ലാഹുവിൻ്റെ നാമം നിരന്തരം സ്മരിക്കുക, നാഥനുമായുള്ള ലയന (ഫനാ)ത്തിനായി ആഗ്രഹിക്കുക എന്നിവയാണ് ത്വരീഖതിൻ്റെ കർത്തവ്യങ്ങൾ. ഫർദ് (നിർബന്ധ) നമസ്കാരങ്ങളിലെ സൂക്ഷ്മത, സുബ്ഹി (പ്രഭാതം) വരെ ഉണർന്നിരിക്കുക, ആത്മീയ വിശുദ്ധി നിലനിർത്തുക, അല്ലാഹു വിൻ്റെ സാമീപ്യം തേടുക, സ്രഷ്ടാവിൽ അഭയം പ്രാപിക്കുക, ശൈഖിനോടുള്ള അനുസരണ എന്നിവ യെസവീ ത്വരീഖത്തിൻ്റെ രീതികളാണ്.

വിനയാന്വിതരായി ഇരിക്കുക, ഉത്കൃഷ്ട മര്യാദാരീതികൾ, മറ്റുള്ളവരെക്കാൾ താഴ്ന്ന സ്ഥാനമാണെന്നു സ്വയം കരുതുക, എല്ലാ ശൈഖുമാരെയും വലിയ്യുകളെയുംകുറിച്ച അറിവുണ്ടാകുക, അവരുടെ സാന്നിധ്യത്തിൽ നിശബ്ദത പാലിക്കുക, പoന വേളകളിൽ അവരുടെ അനുവാദത്തോടെ മാത്രം സംസാരിക്കുക, ശൈഖുമാരുടെ കറാമത്തുകളെ കൃത്യമായി ഓർത്തുവെക്കുക എന്നിവ യെസവീ സരണിയുടെ നിയമങ്ങളാണ്. ശൈഖിൻ്റെ പഠനങ്ങളിലെ അടയാളങ്ങളും പ്രതീകങ്ങളും മനസ്സിലാക്കാൻ തക്ക ബുദ്ധി ശിഷ്യനുണ്ടാവണം കൂടാതെ ശൈഖിനു ഏതു സമയത്തും സേവന സന്നദ്ധനായിരിക്കണം. വിശ്വസ്തത, പ്രതിജ്ഞാബദ്ധത, ആദരവ്, പരിപൂർണ സ്നേഹം, ത്യാഗം എന്നിവയെല്ലാം ശിഷ്യനിൽനിന്നും ശൈഖ് ആവശ്യപ്പെടുന്നുവെന്ന് യെസവീ ത്വരീഖതിനെക്കുറിച്ച പഠനത്തിൽ മെഹ്മത് ഫുആദ് കോപ്രൂലു എഴുതുന്നു.

ഇതര മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറണമെന്നും കഠിന ഹൃദയരെ അല്ലാഹു ശ്രദ്ധിക്കുകയില്ല എന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ലൗകികതയോടുള്ള പ്രണയത്തിനപ്പുറം അല്ലാഹുവിൽ മാത്രം ഭരമേൽപ്പിച്ചു ത്യാഗ മനോഭാവം (ഫഖ്ർ) തെരഞ്ഞെടുക്കണമെന്നാണ് അദ്ദേഹം ശിഷ്യരെ ഓർമപ്പെടുത്തിയിരുന്നത്. ഫർദ്-സുന്നത്ത് (നിർബന്ധ-ഐച്ഛിക) നമസ്ക്കാരങ്ങളിൽ കണിശത പുലർത്തേണ്ടത് അനിവാര്യമാണ്. അതിഥിയെ ഏറ്റവും നല്ല രീതിയിൽ സത്കരിക്കൽ യെസവീ ധാരയുടെ പ്രധാന പാഠ്യങ്ങളിലൊന്നാണ്. ശരിയായ ഭരണനിർവഹണത്തിനും ആരിഫുകളുടെ സാമൂഹിക പദവി ഉറപ്പുവരുത്താനും ഭരണാധികാരികളുമായി നല്ല ബന്ധം നിലനിർത്തേണ്ടത് അനിവാര്യമെന്നു ശൈഖ് അഹ്മദ്‌ യെസവി കണക്കുകൂട്ടി. ഉറക്കെ ദിക്റുകൾ താളത്തിൽ ചൊല്ലുകയെന്നത് പ്രധാന ശൈലിയാണ്. ഇതിനാലാണ് യെസവി സരണി ‘ജഹ്റിയ്യ ത്വരീഖത്’ എന്നുകൂടി അറിയപ്പെട്ടത്. ഹു, ഹ അല്ലാഹ് എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ ഉച്ചത്തിൽ ചെയ്യുന്ന ദിക്റുകളെ ദിക്റെ-അർറ, ദിക്റെ മിൻശരി എന്ന പേരുകളിലും അറിയപ്പെടുന്നു.ഈ ദിക്റുകൾ ശക്തിയോടെ ആഴത്തിൽ ശ്വസിക്കുന്ന മരപ്പണിക്കാരൻ്റെ ശബ്ദത്തിന് തുല്യമായതിനാണ് ഈ പേരുകൾ ലഭിച്ചത്.

ദീവാനെ ഹിക്മത്

തുർകിക് രാജ്യങ്ങളിൽ ഇസ്‌ലാമിക സാഹിത്യം രൂപപ്പെടുത്തുന്നതിലും ശൈഖ് യെസവിയുടെ സവിശേഷമായ പങ്കുണ്ട്. മധ്യേഷ്യൻ തുർക്കിഷ് സൂഫി സാഹിത്യം ശൈഖ് അഹ്മദ് യെസവിയിലൂടെ ആരംഭിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. അറബിക്, പേർഷ്യൻ ഭാഷകളിൽ അഗ്രഗണ്യനായ അദ്ദേഹം തുർക്കിഷ് ഭാഷയിൽ തന്നെ ‘ദീവാനെ ഹിക്മത്’ തയ്യാറാക്കിയത് തുർകിക് ജനസമൂഹത്തെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു. അല്ലാഹു, മുഹമ്മദ് നബി (സ) ഖുർആൻ തുടങ്ങിയവയോടുള്ള ഇശ്ഖ്, പരലോകം, സ്വർഗം, നരകം എന്നിങ്ങനെ ഇസ്‌ലാമിക ധാരണകളെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചുണർത്തുന്നുണ്ട്. അല്ലാഹുവിലുള്ള വിശ്വാസവും അദമ്യമായ സ്നേഹവും, വിവേകവും യുക്തിജ്ഞാനവും, ഹൃദയവിശുദ്ധിയും ശൈഖ് യെസവിയുടെ രചനകളിൽ പ്രധാന സ്ഥാനമലങ്കരിക്കുന്നു. ഖുർആൻ, ഹദീഥ്‌, അറബി ഭാഷയിലുള്ള വിവിധ വ്യാഖ്യാനങ്ങളെല്ലാം തുർകിക് ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു.

ദീവാനെ ഹിക്മത്

ദീവാനെ ഹിക്മതിൽ ഇസ്‌ലാമികാശയങ്ങളും തുർകിക് ഫോക്‌ലോർ സാഹിത്യാഭിരുചികളും നിറഞ്ഞ കൃതിയാണ്. ചഗാക്തായി-തുർകിഷ് ഭാഷയിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ഇസ്‌ലാമിക ധാർമിക പഠനങ്ങൾ ഉൾകൊള്ളുന്ന കവിതകളാണ് ദിവാനെ ഹിക്മതിൽ ഉള്ളത്. അദ്ദേഹത്തിൻ്റെ ഏകാന്തവാസക്കാലത്ത് ജ്ഞാനാന്വേഷികളായ ശിഷ്യർക്ക് തയ്യാറാക്കിയതാണ് ഇതിലെ ഒട്ടുമിക്ക വരികളും. തുർകിക് നാടോടി സമൂഹത്തിന് അനുയോജ്യമായ രീതിയിലാണ് ഇതിൻ്റെ രചന നിർവഹിച്ചത്. ഫറോവ, ഹാമാൻ, ദുഷ്ടർ, കപടർ, സത്പാതയിൽ നിന്നും വഴിതെറ്റിയവർ തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞു അഭിമാനംകൊള്ളുന്ന നരകത്തെയും പ്രവാചകരും സച്ചരിതരായ അല്ലാഹുവിൻ്റെ അടിമകളും താമസിക്കുന്ന സ്വർഗത്തെയും അദ്ദേഹം വർണിക്കുന്നു എന്ന് ദീവാനെ ഹിക്മതിനെക്കുറിച്ച പഠനത്തിൽ നൂറാൻ ഓസ്ലുക് ( Hell-Paradise Debate or Colloquy Turkish Sufi AhmetYesevi’s Work Divan-i Hikmet) എഴുതുന്നു. നവമുസലിംകളായ തുർകിക് വംശജർക്കിടയിൽ ഇസ്‌ലാമിക ശിക്ഷണം നടത്തൽ അനിവാര്യമായതിനാൽ ത്വരീഖതിൽ അംഗത്വമെടുക്കുന്നവർക്കം ഹിക്മത് മന:പാഠമാക്കൽ നിർബന്ധമായിരുന്നു.ശൈഖ് യെസവിയുടെ മരണശേഷം ഹകീം അതായെപ്പോലുള്ള നിരവധി സൂഫീ കവികൾ അദ്ദേഹത്തിൻ്റെ ശൈലി പിന്തുടർന്നു. നാടോടികളും നിരക്ഷരരും പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്നവരുമായ തുർകിക് വംശജർക്ക് ഇസ്‌ലാമിക വിശ്വാസങ്ങൾ ലളിതമായി മനസ്സിലാക്കിക്കൊടുക്കുവാൻ ശൈഖ് യെസവിയുടെ കവിതകൾക്ക് സാധിച്ചുവെന്നും ഫുആദ് കോപ്രൂലു നിരീക്ഷിക്കുന്നു.

യെസവീ ത്വരീഖത്തിന്റെ സ്വാധീനം

പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ അക്രമണത്തോടെ ഛിന്നഭിന്നമായ തുർകിക് ഗ്രോത്രങ്ങൾക്ക് ഇസ്‌ലാമിക ആവേശം പകർന്നു നൽകിയ ബാബ (പിതാവ്) ദെദെ (പിതാമഹന്‍) എന്നീ വിളിപ്പേരുകളിൽ അറിയപ്പെട്ട സൂഫീവര്യന്മാർ ശൈഖ് യെസവിയുടെ ആശയങ്ങൾ പിൻപറ്റുന്നവരായിരുന്നു. യൂനുസ് എംറെ, ഹാജി ബെക്തഷി വലി, ഹാജി ബയ്റാം വലി, സുലൈമാൻ അതാ ബാകിർഗാനി തുടങ്ങിയ പ്രമുഖ സൂഫികളുടെ ചിന്തകളിലും ശൈഖ് യെസവിയുടെ സ്വാധീനം പ്രകടമാണ്. ഖോജ അബ്ദുൽ ഖാലിഖ് ഖിജ്ദുവാനിയുടെ ഖോജഗാൻ സൂഫി പരമ്പരയുടെ പിന്തുടർച്ചയാണ് നക്ഷബന്ദികൾ. ശൈഖ് യെസവിയുമായുള്ള ഖോജ ഖിജ്ദുവാനിയുടെ ബന്ധം പിൽക്കാലങ്ങളിൽ ഇരു സൂഫീ ധാരകളും ചേർന്ന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കി. കൂടാതെ നഖ്ഷബന്ദീ സിൽസിലയുടെ സ്ഥാപകൻ ശൈഖ് ബഹാഉദ്ദീൻ നഖ്ഷബന്ദീ യെസവീ ശൈഖുമാരായ അമീർ സയ്യിദ് ഖലീൽ, ഖുത്ഹം അതാ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.

അലവി – ബെക്തഷി സൂഫീകൾ യസവിയ്യ ത്വരീഖതിൻ്റെ പിൻഗാമികളാണ് എന്നു വാദിക്കുന്നവരാണ്. ഉസുൻ ഫിർദൗസിയുടെ ‘വിലായത് നാമ’ എന്നറിയപ്പെടുന്ന ‘മനാഖിബെ ഹാജി ബെക്തഷീ വലി’ എന്ന കൃതിയിലും ശൈഖ് യെസവിയും ശൈഖ് ബെക്തഷീ തമ്മിലുള്ള ആശയബന്ധത്തെ പരാമർശിക്കുന്നുണ്ട് (Riza Yildirim,Dervishes In Early Ottoman Society And Politics: AStudy Of Velayetnames As A Source For History, 2001). ശൈഖ് യെസവി വിവിധ തുർകിക് ഗോത്രങ്ങളെ ഇസ്‌ലാമിലേക്കടുപ്പിക്കാൻ ഖലീഫമാരെ നിയോഗിച്ചിരുന്നു. ഹാജി ബെക്തഷീ വലിയും ശൈഖ് യെസവിയുടെ ശിഷ്യനാകാനാണ് സാധ്യതയെന്നു ഫുആദ് കോപ്രൂലുവും എഴുതുന്നു. ഉഥ്മാനികൾക്കിടയിൽ പ്രബലമായിത്തീർന്ന ബെക് തഷികൾ ശൈഖ് യെസവിയുടെ ആശയങ്ങളെ അവരുടെ ചിന്തകളിലേക്കു ചേർത്തു വായിക്കാൻ തുടങ്ങി. അതിനാൽ തന്നെ ബെക്തഷീ സൂഫികളെക്കുറിച്ച പഠനങ്ങളിലാണ് ശൈഖ് യെസവിയുടെ പരാമർശങ്ങൾ കൂടുതലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഷെയ്ഖ് യെസവിയുടെ ശിഷ്യൻ ‘ഹകീം അതാ’ എന്ന് വിളിക്കപ്പെടുന്ന സുലൈമാൻ ബാഖിർഗാനിയുടെ ശിഷ്യപരമ്പരയിൽപെട്ട സയ്യിദ് അതായുടെ പേരിനോട് ചേർത്ത് ‘അതാഇയ്യ’ എന്ന യെസവീശാഖ രൂപപ്പെട്ടിരുന്നു. ഈ സൂഫിസരണി പതിനാലാം നൂറ്റാണ്ട് വരെ ഖവാരിസ്‌മ് പ്രദേശങ്ങളിൽ സജീവമായിരുന്നു. സയ്യിദ് അതായുടെ പ്രബോധനപ്രവർത്തനങ്ങളിലൂടെ ഉസ്ബെക് നാടോടി സമൂഹങ്ങൾക്കിടയിൽ ഇസ്‌ലാം വ്യാപനം ഉർജ്ജിതപ്പെട്ടിരുന്നു എന്ന് മുഹമ്മദ് ഖാസിം റിസ്വാനിന്റെ ‘മഖാമാതെ സയ്യിദ് അതാ’യിൽ പരാമർശിക്കുന്നു. ഉസ്ബെക് രാജവംശങ്ങൾക്കിടയിലും അതാഇയ്യ സൂഫിധാരക്ക് നിര്ണായകസ്വാധീനം ഉണ്ടായിരുന്നു. ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യങ്ങളിലെല്ലാം അതാഇ സൂഫികൾ അവരുടെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു (Ataʾiya Order ,encyclopedia Iranica ). ഉസ്ബെകിസ്താനിലെ ഖിവയിൽ നിലകൊള്ളുന്ന സയ്യിദ് അതായുടെ മഖ്‌ബറയും അമീർ തിമൂർ തന്നെയാണ് പുനരുദ്ധാരണം നടത്തിയത്. അദ്ദേഹത്തിന്റെ പിന്ഗാമികളെന്നു അവകാശപ്പെടുന്നവർ ദക്ഷിണ ഖവാരസ്മിൽ ഖാൻഗാഹുകൾ നിയന്ത്രിക്കുന്നുണ്ട്. ശൈഖ് മൗദൂദ് അതായുടെ ഖലീഫ ശൈഖ് കമാൽ ഇഖാനിയുടെ പേരിലറിയപ്പെടുന്ന ഇഖാനിയ്യ ത്വരീഖതിലും യെസവീ സൂഫീ സരണിയുടെ സ്വാധീനം വ്യക്തമാണ്.ഷെയ്ഖ് ഖുതുബുദ്ദിൻ ഹൈദറിന്റെ പേരിലറിയപ്പെടുന്ന ഹൈദരിയ്യ ത്വരീഖതും യെസവീ ധാരയുടെ ശാഖയായാണ് പരിഗണിക്കപ്പെടാറുള്ളത്. ഖലന്തരീ-മലാമതീ സൂഫീ നേതാവായ ശൈഖ് ഖുതുബുദ്ദിൻ ഹൈദറുമായുള്ള ഈ ബന്ധം പിൽക്കാലങ്ങളിൽ വിവിധ സൂഫീ പാരമ്പരയിമായി ഇടകലർന്നുമാറിയതിന്റെ ഉദാഹരണമാണ്.

bahaudheen nakshabandhi

അമീർ തിമൂറിന്റെ വിജയഗാഥകളെക്കുറിച്ചു ഷെയ്ഖ് യെസവിക്കു സ്വപ്നദർശനമുണ്ടായെന്നു കഥകൾ പരന്നിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം അമീർ തിമൂർ കസാഖ് പ്രദേശങ്ങൾ കീഴടക്കിയപ്പോൾ ഷെയ്ഖ് യെസവിയോടുള്ള ആദരവ് പ്രകാരം മഖ്‌ബറയും അതിനോട് ചേർന്ന് മസ്ജിദും ഖാന്ഗാഹും അതിഥികൾക്കാവശ്യമായ കെട്ടിടങ്ങളും അമീർ തിമൂർ നിർമ്മിച്ചു (സനഗുൽ തുരുമ്പെതോവ,The Path of the Khoja Ahmet Yasawi in Kazakh and Turkish Minstrel കസ്റ്റംസ്,2018 ). ശൈഖ് യെസവിയുടെ സഹോദരൻ സദറുദ്ദിൻ ഖ്വാജ (സദർ ഖ്വാജ എന്നും വിളിക്കപ്പെടുന്നു)യുടെ പിൻഗാമികളാണ് ഈ സ്മാരകകുടീരം കൈകാര്യം ചെയ്യുന്നത്. ഈ സ്മാരകകുടീരത്തിന്റെ അവകാശവാദത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങളും സദറുദ്ദീൻ ഖ്വാജയുടെ ബന്ധത്തെക്കുറിച്ചും ഡെവിൻ ഡെവീസ് നടത്തിയ പഠനം (The Politics of Sacred Lineages in 19th-Century Central Asia: Descent Groups Linked to Khwaja Ahmad Yasavi in Shrine Documents and Genealogical Charters, 1999 ) ഖസാഖിസ്ഥാനിലെ യെസവീധാരയുടെ സ്വാധീനം വ്യക്തമാക്കുന്നു.

പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളിലാണ് ശൈഖ് യെസവിയെക്കുറിച്ച കൂടുതൽ പരാമർശങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിൽ ഉണ്ടാകുന്നതെന്നു ഡെവിൻ ഡെവീസ് (Ahmad Yasavī in the Work of Burhān Al-Dīn Qïlïch: The Earliest Reference to a Famously Obscure Central Asian Sufi Saint, 2013) നിരീക്ഷിക്കുന്നു. പാശ്ചാത്യ രചനകളിലും ഉപരിപ്ലവമായ പരാമർശങ്ങൾ ശൈഖ് യസവിക്കു ലഭിച്ചിട്ടുള്ളൂ എന്ന് ഡെവിൻ ഡിവീസ് എഴുതുന്നു. തുർകോളജിസ്റ്റുകൾ യസവീധാരയെ സംബന്ധിച്ചു വിവരണങ്ങൾ ഉള്ള പേർഷ്യൻ ജീവചരിത്ര കൃതികൾ പരിഗണിക്കാതെ ശൈഖ് യസവിയുടെ ദീവാനെ ഹിക്മതിനെ മാത്രം പഠനവിധേയമാക്കിയപ്പോൾ ഇറാനോളജിസ്റ്റുകൾ തുർകിക് ബന്ധമുള്ള യസവീ പാരമ്പര്യത്തെ അവശ്യ പരിഗണന നൽകിയില്ലെന്നും ഡെവിൻ ഡിവീസ് നിരീക്ഷിക്കുന്നുണ്ട്.

മധ്യേഷ്യൻ പ്രദേശങ്ങൾ സോവിയറ്റു യൂണിയനിൻ്റെ അധീനതയിലായതിനു ശേഷം അവിടങ്ങളിലെ ഇസ്‌ലാമിക ചലനങ്ങളെയും സൂഫീധാരകളെയും കുറിച്ചുള്ള പഠനങ്ങൾക്കു പ്രതിസന്ധികൾ നേരിട്ടു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച അന്വേഷണങ്ങൾ നിരുത്സാഹപ്പെടുത്തപ്പെട്ടത് മധ്യേഷ്യൻ സൂഫീധാരകളെക്കുറിച്ച വിശദപഠനങ്ങൾക്കു പ്രയാസം സൃഷ്ടിച്ചിരുന്നു. ശൈഖ് അഹ്മദ് യസവിയെപ്പോലുള്ള പണ്ഡിതരുടെ പരാമർശങ്ങൾ എത്നോഗ്രാഫിക് പഠനങ്ങളിൽ മാത്രം ഒതുങ്ങി. തുർകിക് -മധ്യേഷ്യൻ പ്രദേശങ്ങളിൽ മാത്രം പരിമിതപ്പെട്ടത് കൂടുതൽ ഗഹനമായ പoനങ്ങൾ സംഭവിക്കുന്നതിന് തടസ്സമായിരുന്നു. കസാഖിസ്ഥാൻ സൂഫി വിഭാഗങ്ങൾക്കിടയിലും ശക്തമായ അഭിപ്രായഭിന്നത രൂക്ഷമാണ്. നക്ഷബന്ദി-മുജദ്ദിദി സൂഫിശൈഖുകളിൽ പ്രമുഖനായ ഖ്വാജ ഖുർആൻ അഹ്മെദോവ് യെസവിയ്യ ത്വരീഖത് അല്ലാഹു അവസാനിപ്പിച്ചുവെന്നും നഖ്‌ഷ്‌ബന്ധി സരണിയെയാണ് സൃഷ്ടാവ് വികസിപ്പിച്ചെടുത്തതെന്നും അവകാശപെട്ടിരുന്നു. (Sufism in Central Asia , 2018 ).

Leave a Reply

Your email address will not be published. Required fields are marked *