“കോയമ്പത്തൂർ സ്റ്റേഷൻ പർ ആപ്കാ സ്വാഗത് ഹൈ”, സ്റ്റേഷനിൽ ഘടിപ്പിച്ചിരുന്ന കോളാമ്പിയിൽ നിന്നും ആ അശരീരി അന്തരീക്ഷമാകെ നിറഞ്ഞു. അയൽ സംസ്ഥാനമാണെങ്കിലും ആദ്യമായിട്ടാണ് കോയമ്പത്തൂർ വരുന്നത്. അപ്പോൾതന്നെ ഓടിച്ചെന്ന് ‘കോയമ്പത്തൂർ സ്റ്റേഷൻ’ എന്ന മഞ്ഞ ബോർഡിനു മുന്നിൽ നിന്ന് ഒന്നു രണ്ടു സെൽഫി എടുത്തു. ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു കോയമ്പത്തൂർ വരണമെന്ന്. എന്തായാലും ഈ യാത്രയിൽ അതും സാധിച്ചു. പടച്ചവനു സ്തുതി.
കുറേ നേരം പ്ലാറ്റ്ഫോമിൽ കറങ്ങി നടന്നശേഷം ഞാൻ വീണ്ടും സീറ്റിൽ വന്നിരുന്നു. ‘ശിവോം’ എന്ന ഒരു ആർമിക്കാരൻ കൂടി നമുക്കൊപ്പം പുതുതായി ചേർന്നു. എന്റെ മിഡിൽ ബെർത്തിന്റെ ഓപ്പോസിറ്റ്. എന്റെ കൂടെ ഒന്നാം ക്ലാസു മുതൽ പഠിച്ച ഒരു ‘തലതിരിഞ്ഞ’ ചങ്ങായി ഇപ്പോൾ ഇവിടെ (തമിഴ്നാട് -സേലം) ഡോക്ടർ ആകാൻ പഠിക്കുവാണ്. ക്ലാസ് ഗ്രൂപ്പിൽ രണ്ട് ദിവസം മുമ്പ് ആൾ നാട്ടിൽ വരുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ നടന്നിരുന്നെങ്കിൽ എന്നൊരു പകൽകിനാവും കണ്ട്, ആ വായാടിയുടെ മണ്ടത്തരങ്ങളും ഓർത്ത് ജനാലയിൽ തല ചാരി ഇരുന്നപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിൽ ഒരു കൊച്ചു ബംഗാളിക്കുട്ടി തന്റെ മുന്നിൽ പാർക്കു ചെയ്തിരിക്കുന്ന ഗുഡ്സ് ട്രയിനിനെ കൗതുകത്തോടെ നോക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്. എന്നാൽ അതിലും മനോഹരമായ കാഴ്ച്ച അവൻ തന്റെ അമ്മയെ തട്ടിവിളിച്ച് ആ ദൃശ്യം കാണിച്ചു കൊടുക്കുന്നതായിരുന്നു. മനസ്സിന് വല്ലാതെ കുളിരേകിയ ആ രംഗം മൊബൈൽ ക്യാമറയിൽ പകർത്താൻ ദൈവകൃപയാൽ സാധിച്ചു. ആ പിഞ്ചു കണ്ണിൽ വിരിഞ്ഞ വർണ്ണിക്കാനാവാത്ത കൗതുകത്തോളം വരില്ല കോയമ്പത്തൂർ കണ്ട എന്റെ കൗതുകം. നമ്മൾ രണ്ടു പേർക്കും കോയമ്പത്തൂർ സമ്മാനിച്ച ഈ നിമിഷങ്ങൾ മാത്രം മതി ആദ്യ കോയമ്പത്തൂർ യാത്ര എന്നെന്നും ഓർക്കാൻ.
ട്രെയിൻ വീണ്ടും ചലിച്ചു തുടങ്ങി, പുതിയ അതിഥിയെ പരിചയപ്പെടാൻ പോലും കിട്ടിയില്ല. ആൾ ബാഗും സീറ്റിൽ വെച്ച് എവിടേക്കോ പോയി. ഞാൻ മെല്ലെ അയൽപക്കത്തെ സീറ്റും ബോഗിയുമൊക്കെ കാണാനിറങ്ങി. ആ പിഞ്ചു മോനെ ഒരു നോക്കു കാണുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. തൊട്ടപ്പുറത്തെ സീറ്റിൽ തന്നെ അവൻ ഉണ്ടായിരുന്നു. എല്ലാവരേയും പോലെ കുട്ടികളോടുള്ള അമിത പ്രിയം, പരിസരബോധം മറന്ന് എന്നെ ഒരു കോമാളിയാക്കി. മസില് പിടിച്ചിരിക്കുന്ന ‘അമുൽ ബേബികളൊക്കെ’ പുച്ഛത്തോടെ എന്നെ നോക്കി. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല. പരിഹാസം നിറഞ്ഞ നാട്ടുകാരുടെ ഈ ചിരിയേക്കാൾ എനിക്കിഷ്ടം നിഷ്കളങ്കത തുളുമ്പുന്ന ആ പിഞ്ചു ചിരിയാണ്. ‘ഗബ്രിയേൽ ഒക്കാറ’ തന്റെ ‘വൺസ് അപോൺ എ ടൈം’ (once upon a time) എന്ന കവിതയിൽ പറയുന്നതുപോലെ, നമ്മളെല്ലാവരും ഈ പിഞ്ചുമക്കളിൽ നിന്നും ചിരിക്കാൻ പഠിക്കണം. മനസ്സുകൊണ്ട് അവർ ചിരിക്കുന്നതു പോലെ. പിന്നെ, ഈ നിമിഷങ്ങളൊക്കെ ആസ്വദിക്കാനായില്ലെങ്കിൽ നമ്മളൊക്കെ എന്തിനാണ് ജീവിക്കുന്നത്. പ്രാർത്ഥനക്കിടയിൽ തന്റെയടുത്തു വന്ന പേരക്കിടാങ്ങളെ അവഗണിക്കാതെ അവരെ ഒക്കത്തിരുത്തി പ്രാർത്ഥന തുടരുകയും ശേഷം തന്റെ മുതുകത്തിരുത്തി ആന കളിപ്പിക്കുകയും ചെയ്ത പ്രവാചകൻ മുഹമ്മദ് (സ)(1) ആണ് എന്റെയും ഹീറോ. എല്ലാവരേയും പോലെ എന്റെ മനസ്സിനു സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാനാണ് എനിക്കും ഇഷ്ടം. വ്യാജ മുഖംമൂടി അണിഞ്ഞു നാട്ടുകാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് കൈപറ്റുന്ന, അടക്കവും ഒതുക്കവുമുള്ള ഒരാളാകാൻ എനിക്ക് പലപ്പോഴും സാധിക്കാറില്ല. കൂട്ടിലടച്ചിട്ട ആഗ്രഹങ്ങളുടേയും, സ്വപ്നങ്ങളുടേയും കൂമ്പാരവും പേറി ജീവിക്കാനല്ല, ഈ ലോകത്തിന്റെ ഓരോരോ ദിക്കിലും പാറിനടന്ന് നെയ്തു കൂട്ടിയ ഓർമ്മകളുടേയും, അനുഭവങ്ങളുടേയും കുന്നിൽ നിന്ന് ചാടി മരിക്കാനാണ് എനിക്കിഷ്ടം. സർവേശ്വരന്റെ അസംതൃപ്തി നിറഞ്ഞ പാതയിലൂടെ ചലിക്കാതിരിക്കാൻ നമുക്ക് പോരാടാം.
അങ്ങനെ ആ മോനെ കളിപ്പിച്ച ശേഷം ഞാൻ അപ്പുറത്തേക്കൊക്കെ പോയി. വെറും ആറുപേരിൽ ഒതുങ്ങി നിന്ന സൗഹൃദം അറുപതു പേരിലേക്ക് വ്യാപിച്ചു. അധികവും അന്യദേശക്കാർ. വളരെ വിരളമായി മാത്രം മലയാളികൾ. ഇതിനിടയിൽ മൊബൈൽ, തന്റെ ഇന്ധനം തീരാറായി എന്നുള്ള ‘വിലാപകാവ്യം’ പാടാനും തുടങ്ങി. പക്ഷേ, അതിലും ‘വല്യ’ വിലാപം ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. എന്റെ സീറ്റിനോടു ചേർന്നുള്ള പ്ലഗിന്റെ സ്ഥാനത്ത് ‘പാൻപരാഗിന്റെ’ കവറുകൾ കുത്തിനിറച്ച ഒരു തുളയാണെന്ന്. സ്വിച്ച്ബോർഡ് ഒക്കെ പൊട്ടിയിട്ടു വർഷങ്ങൾ ആയപോലെ. എന്നാൽ, ദുരന്തങ്ങൾ അവിടം കൊണ്ടും തീർന്നില്ല. എന്റെയാ ബോഗിയിൽ വർക്കിങ്ങ് കണ്ടീഷൻ ആയിട്ടുള്ള ഒരൊറ്റ പ്ലഗ്-പോയന്റ് മാത്രമേയുള്ളു. അവിടെ ഉള്ളവരാണെങ്കിലോ, തനി ബംഗാളികളും. ഉറുദുവും ഹിന്ദിയുമൊന്നുമല്ല അവരുടെ ഭാഷ. എങ്കിലും വയറ്റുപിഴപ്പിന്റെ ഭാഷയിൽ ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. മൊബൈൽ ചാർജിനു വെച്ച് ഞാനവരുമായി ഒന്നും രണ്ടും പറഞ്ഞിരുന്നു. ഏകദേശം അര മണിക്കൂർ ആയപ്പോഴേക്കും നമുക്ക് പരസ്പരം ഭാഷ തിരിയുവാൻ തുടങ്ങി.
അങ്ങനെയിരിക്കെ സേലം വരെ പോകുന്ന തമിഴരായ ഒരു കിഴവിയും കിഴവനും വന്നു. ഏറിയാൽ മൂന്നുമണിക്കൂർ. പക്ഷേ പ്രായാധിക്യത്താൽ നിൽക്കലോ ദൈർഘ്യമേറിയ ഇരുത്തമോ സാധ്യമല്ലാത്തതു കൊണ്ട് അവർ ലോവർ ബെർത്താണ് എടുത്തിരുന്നത്. എന്നാൽ തങ്ങൾക്ക് ലഭിച്ച മിഡിൽ സീറ്റ് ഉയർത്താൻ ആ ബംഗാളികൾ സമ്മതിച്ചില്ല. പ്രധാനകാരണം ഭാഷതന്നെ. പറയുന്നതെന്താന്ന് ഇരുകൂട്ടരും മനസ്സിലാകുന്നില്ല. അവിടെ ഞാൻ ഒരു രക്ഷകന്റെ രൂപം അണിഞ്ഞ് അല്പം ഷോ നടത്തി.
‘ചിന്ന നാളിലിറുന്തേ എവളോ തമിള് പടങ്ങപാത്തിറുക്കെ ആണാ, ഞാണു ഒറു തമിള് റസികനടാ, കൊഞ്ചം കൊഞ്ചം തമിള് എനക്കും തെരിയും”, ഞാൻ മനസ്സിൽ പറഞ്ഞു.
“പാട്ടി എണ്ണാ പ്രച്ചനോം” ഞാൻ ഇടപെട്ടു. ‘പ്രച്ചനങ്ങൾ’ ഒരോന്നായി അവർ എന്നോടു പറഞ്ഞു. മൊത്തം മനസ്സിലായില്ലെങ്കിലും, അധികവും മനസ്സിലായി. എന്റെ മുറിമൂക്കൻ ഹിന്ദിയും, ഉറുദുവും, പിന്നെ ഒരൽപം മസാലയും (അഥവാ കെഞ്ചി പറയുക) ചേർത്ത് വിഷയം അവരെ ബോധിപ്പിച്ചു. ഉടനെ തന്നെ അവർ സീറ്റ് ഒഴിഞ്ഞു കൊടുത്തു. കിടക്കാനുള്ള മുഴുവൻ സജ്ജീകരണങ്ങളും ഞാനും ആ ബംഗാളിയും ചേർന്ന് ഒരുക്കിയും കൊടുത്തു. ഒടുവിൽ അവർ എനിക്കൊരു ‘നൻദ്രിയും’ സൊല്ലി അതിൽ കിടന്നു. തമിഴ് സിനിമയിലൊക്കെ കാണുന്ന പോലെ ആ പാട്ടി എന്റെ മുഖത്തു തടവി, അവരുടെ തലയിൽ വിരലുകൾ അമർത്തി ഒരു എട്ടു പത്തു ചൊടക്ക് വിടുമെന്നു ഞാൻ കരുതി. പക്ഷേ തമിഴരുടെ ആ ‘ക്ളീഷേ’ സാധനം ഇവിടെ ആവർത്തിക്കപ്പെട്ടില്ല.
ഞാൻ മൊബൈൽ അവിടെ ചാർജിന് വെച്ചിട്ട് ഒന്നുകൂടി അയൽവാസികളെ കാണാനിറങ്ങി. പുഞ്ചിരികൾ സമ്മാനിച്ചവർ എന്നോട് കൂടുതൽ അടുത്തു. ചിലർ പലഹാരപ്പൊതികൾ എനിക്കായി നീട്ടി. മറ്റു ചിലർ ഒരുപാട് നേരം സംസാരിച്ചു. കുറേ നേരം ട്രെയിൻ വാതിൽക്കൽ പോയി കാഴ്ചകൾ കണ്ടു. അവിടെയും പരിചയക്കാർ, അതും അല്പം മുന്നേ കണ്ടവർ. എങ്ങും പുഞ്ചിരി മാത്രം നിറഞ്ഞ മുഖങ്ങൾ. ഈ പുഞ്ചിരികളിലൂടെ അളക്കാനാവാത്ത വിധം, കെട്ടികിടക്കാതെ കവിഞ്ഞൊഴുകിക്കൊണ്ടേയിരിക്കട്ടെ നമ്മുടെ ബന്ധങ്ങളും സ്നേഹവും.
കൃത്യം ഏഴു മണിക്ക് സേലം എത്തി. ഞാൻ ചുമ്മാ പ്ലാറ്റ്ഫോമിൽ ഇറങ്ങി നടന്നു, ഇനിയെങ്ങാനും ആ കാന്താരിയെ (പത്താം തരം വരെ കൂടെ പഠിച്ച കൂട്ടുകാരൻ) കണ്ടാലോ എന്ന പ്രതീക്ഷയിൽ. അപ്പോഴാണ് ഞാൻ എസ്-4ലെ ആ മൊയ്ല്യാരെ കാണുന്നത്. ഞാൻ മൂന്നു നാലു തവണ ആളെ ശ്രദ്ധിച്ചായിരുന്നു. സലാം ചൊല്ലി എന്നതിലുപരി ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. ഞാൻ നേരെ പോയി ആ സാഹിബിനോട് മുട്ടി. ഐ മീൻ പരിചയപ്പെട്ടു. എന്റൊരു മാമ (കാർന്നോർ) പറയുന്നതായി ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്, ട്രെയിനിന്റെ അവസാന ബോഗിയിൽ മുസല്ല (നിസ്ക്കാരപ്പായ) വിരിച്ച് നമസ്കരിക്കുവാനുള്ള സൗകര്യം കാണുമെന്ന്. പക്ഷേ ഈ ട്രെയിനിന്റെ പാൻട്രിയുടെ (അവസാന ബോഗിയുടെ) ഭാഗത്ത് മുസല്ല പോയിട്ട് ന്യൂസ്പേപ്പർ വിരിക്കാനുള്ള സ്ഥലം പോലുമില്ല. നേരെ ചൊവ്വെ നമസ്കരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ഞാൻ വെറുതെ അദ്ദേഹത്തോട് ചോദിച്ചു. എന്നാൽ ആളും എന്നെപ്പോലെ ഇരുന്നിട്ടാണ് നമസ്കരിക്കുക. ഞാൻ ചോദിച്ചതിനെ പറ്റി പുള്ളിക്കാരന് വല്യ പിടിയില്ല. പക്ഷേ അയാൾ തനിക്കറിയുന്ന ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു. മുസാഫിറിന്റെ (യാത്രക്കാരന്റെ) ഇളവുകളെയും(2), ആനുകൂല്യങ്ങളെയും കുറിച്ച്, മറ്റു കർമ്മശാസ്ത്ര നിയമങ്ങളെ കുറിച്ചൊക്കെ വിശദീകരിച്ചു. ഇതെല്ലാം മുന്നേ അറിയുന്നതായിരുന്നെങ്കിലും ഞാൻ കേട്ടു നിന്നു. പെട്ടന്നാണ് തീവണ്ടിയുടെ നീട്ടിയുള്ള കൂക്കിവിളി കേട്ടത്. പിന്നെയൊന്നും നോക്കിയില്ല, ഞാൻ എന്റെ ബോഗിയിലേക്കും അദ്ദേഹം അദ്ദേഹത്തിന്റെ ബോഗിയിലേക്കും ഓടി.
മുമ്പ് പഠിച്ച പലതും അയാളെനിക്ക് ഓർമപ്പെടുത്തി തന്നു. അന്ന് ഞാനതൊരു മടുപ്പോടെയാണ് കേട്ടെതെങ്കിലും, ഈ യാത്രയിലുടനീളം അവയൊക്കെ എനിക്ക് ഉപകാരപ്പെട്ടപോലെ മറ്റൊന്നും ഉപകാരപ്പെട്ടില്ല. ഒരു നന്ദി പോലും ഞാനദ്ദേഹത്തോട് പറഞ്ഞില്ലായിരുന്നു. ഇനി എന്തായാലും നാളെ പറയാമെന്നു കരുതി. ശേഷം ഞാൻ വുദു ചെയ്തു. എന്റെ സീറ്റിലേക്ക് പോയി മഗ്‌രിബും(3) ഇഷായും(4) ചേർത്തു നമസ്കരിച്ചു.
പിന്നെ ഒന്നു രണ്ട് സുഹൃത്തുക്കളെ വിളിച്ചു. ഇതിനിടക്കാണ് ഞാൻ ‘റോമിങ്ങിന്റെ’ കെണിയിൽപ്പെട്ടിരിക്കുന്ന വിവരം മനസ്സിലായത്. ഉടനെ തന്നെ സംസാരം നിർത്തി കോൾ കട്ടു ചെയ്‌തെങ്കിലും’ അമ്പാനിയുടെ’ ഔദാര്യത്തിൽ ജീവിക്കുന്ന അഹങ്കാരം, ഓൻ തിരിച്ചുവിളിച്ചു. കണക്ഷൻ എറർ ആയതാണോ അതോ മറ്റെന്തെങ്കിലും തകരാറാണോ എന്നറിയില്ല, എന്റെ മൊബൈൽ ബാലൻസിന് കുറവൊന്നും സംഭവിച്ചില്ല. അതിനാൽ ഓനുമായി സംസാരിച്ചിരുന്നു. അപ്പോഴാണ് ഭക്ഷണത്തിന്റെ ഓർഡർ എടുക്കാൻ മുമ്പ് സൂചിപ്പിച്ചിരുന്ന ഈ തീവണ്ടിയിലെ ചുവന്ന വസ്ത്രധാരികളായ ബംഗാളി വെയിറ്റർമാർ വന്നത്. ഞാൻ ഒന്നിനും ഓർഡർ കൊടുത്തില്ല. അൽപനേരം കഴിഞ്ഞ് എല്ലാർക്കും ഭക്ഷണം എത്തിയപ്പോൾ ഞാനെന്റെ ചപ്പാത്തിയും ചിപ്സും വെള്ളവും എടുത്തു കഴിച്ചു. അതിനോടൊപ്പം തന്നെ ആ ‘ജിയോ’ക്കാരൻ ‘പുട്ടുകുറ്റിയോട്’ (സുഹൃത്ത് ഇജാസ്) ഒന്നര മണിക്കൂർ ‘സല്ലപിക്കുകയുമുണ്ടായി’. എപ്പോഴും സംസാരിക്കാനും നമ്മൾ പറയുന്നതൊക്കെ കേട്ടിരിക്കാനും ഒരാളുണ്ടാവുക എന്നതിനെകാൾ മനോഹരമായ എന്താണ് ഈ ‘ദുനിയാവിൽ’ ഉള്ളത്. അങ്ങനൊരു പടപ്പാണ് ഈ ‘മൊതൽ’.
എല്ലാം കഴിഞ്ഞ ശേഷം ഞാൻ ബർത്ത് കിടക്കാനായി സെറ്റ് ആക്കി, കിടന്നു. പക്ഷേ അമിതമായ പകലുറക്കമാണോ അതോ സ്ഥിരമായുള്ള വൈകിയുറക്കമാണോ എന്നറിയില്ല, ഉറക്കം വരുന്നില്ല.
അങ്ങനെ കിടക്കെ, നമ്മുടെ പുതിയ അതിഥി ‘ശിവോം’ വന്നു. പിന്നെ ഓന്റെ ബർത്ത് സെറ്റ് ആക്കാൻ സഹായിച്ചു. അതിനിടെ സംസാരിച്ച് ഓനെയും ചാക്കിലാക്കി. ഒടുവിൽ ഉറക്കത്തിന്റെ മടിത്തട്ടിൽ ഓനും തല ചായ്ച്ചു. എന്നാൽ ഉറക്കത്തെ ഇത്രമേൽ സ്നേഹിച്ചിട്ടും എന്നെ മാത്രം അവൾ വിളിച്ചില്ല. അൽപം വൈകിയാണേലും അവൾ എന്നേയും തേടിവരും എന്ന പ്രതീക്ഷയിൽ ഞാൻ ട്രെയിനിന്റെ വാതിൽക്കൽ പോയി നിന്നു. ജനലരികിലിരുന്ന് എന്നെ ചുമ്പിക്കുന്ന ഇളം കാറ്റ് അപ്പോൾ എന്നെ മൊത്തത്തിൽ വാരിപ്പുണർന്നു. ‘വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഏതോ കാറ്റ്’ വിനോദിന്റെ ലോകത്തെ ഒരു തട്ടത്തിനുള്ളിൽ തളച്ചിട്ടപ്പോൾ, അതിലും മനോഹരമായ ഈ മാരുതൻ എന്നെ പറക്കാൻ മോഹിപ്പിച്ചു. പ്രണയം, അതെനിക്ക് പെണ്ണിനോടല്ല, മറിച്ച് എന്റെ ഈ ജീവിതത്തിൽ ഒരു ‘വഴിവണ്ടായി’ കൂടെ കൂടിയ യാത്ര എന്ന കാമുകിയോടാണ്. ഇവളെ ആസ്വദിക്കാൻ തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ള എന്തിനേയും അനുഭവിക്കാൻ കഴിയും.
ട്രെയിൻ വാതിൽക്കൽ, ആത്മരതിയിൽ മതിമറന്നു നിന്ന ആ നിമിഷം പെട്ടന്നു പ്രാണശ്വാസം നിലക്കുന്ന പോലൊരു തോന്നൽ. സംഭവം മറ്റൊന്നുമല്ല, അടുത്ത സ്റ്റോപ്പ് എത്തിയത് കാരണം ട്രെയിൻ നിർത്തിയതായിരുന്നു. ആളൊഴിഞ്ഞ ആ സ്റ്റേഷനിൽ നിന്നും ഒരു ടിപ്-ടോപ് തമിഴ് മാന്യൻ കയറി. എന്തോ ഒരു അത്യാവശ്യത്തിനായി ചെന്നൈക്ക് പോകുവാണ് കക്ഷി. ടി.ടിയെ കണ്ട് ജനറൽ ടിക്കറ്റ് മാറ്റി ഒരു സാദാ സീറ്റ് ഒപ്പിക്കാനുള്ള തിരക്കിലാണ് പുള്ളിക്കാരൻ. കേരളം വിട്ടതിൽ പിന്നെ ഞാൻ പോലും ഇതുവരെ ആ മനുഷ്യനെ (ടി.ടിയെ) കണ്ടില്ല. പിന്നെയാ ഇയാള്, അതും ഈ പാതിരക്ക്. ആൾക്ക് ജനറൽ കംപാർട്ട്മെന്റ് ബല്യ പരിചയമില്ലെന്ന് ആ വെപ്രാളത്തിൽ നിന്നും മനസ്സിലായി.
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ എന്നോട് ഓരോന്നു ചോദിക്കാൻ തുടങ്ങി. എന്നാൽ എന്റെ പ്ലാനുകളെ കുറിച്ച് അയാൾക്ക് ചിന്തിക്കുവാൻ പോലും കഴിയുന്നില്ല. ഈ ചെറിയ പ്രായത്തിൽ ഒറ്റക്ക് പുറപ്പെടാൻ സമ്മതിച്ച വീട്ടുകാരെ അയാൾ നമിച്ചു. അയാളോടു സംസാരിച്ചു-സംസാരിച്ച് എനിക്ക് ഉറക്കം വരാൻ തുടങ്ങി. നൈസായിട്ട് ഒരു ‘ഹാപ്പി ജേർണിയും’ പറഞ്ഞ് എന്റെ ബെർത്തിലേക്ക് വലിഞ്ഞു കേറവേ വീണ്ടും ഒരു ‘തമ്പി വിളി’. എന്നിട്ട് ഒരു ചോദ്യവും: “മൂന്ന് ദിവസമെടുത്ത് ഇത്ര കഷ്ടപ്പെട്ടു പോകുന്നതിലും നല്ലത് വിമാനത്തിൽ പോകുന്നതല്ലേ” എന്ന്!
പകച്ചുപ്പോയി ഞാനാ ചോദ്യത്തിനു മുന്നിൽ. ഒരു പുഞ്ചിരി മാത്രം അയാൾക്ക് സമ്മാനിച്ച്: “കവലപ്പെടാതെ അണ്ണാ, ഇവയെള്ളാ എനക്ക് സർവ്വസാധാരണ വിഷയം” എന്നും പറഞ്ഞു. പടച്ചവനേയും സ്തുതിച്ച്, ദിക്റും ചൊല്ലി ഞാൻ കിടന്നുറങ്ങി.
തുടരും….