ഞങ്ങളുടെ പൂർവികർ ഞങ്ങളുടെ തെരുവിന് പേരിട്ടത് ധർമ്മദീപ് നഗർ എന്നാണ് – ബുദ്ധ ധർമ്മത്തിന്റെ വെളിച്ചത്താൽ അനുഗ്രഹീതമായ നഗരം. മേൽജാതിക്കാർ എന്ന് വിളിക്കപ്പെടുന്ന സമീപത്തെ കോളനിക്കാർ അതിനെ വിളിച്ചിരുന്നത് ദലിത് വാദ-അസ്പർശ്യരുടെ ചേരി– എന്നും.
നാഗ്പൂരിന്റെ വടക്കൻ അതിർത്തിയിൽ ധർമ്മദീപ് നഗറിലെ ഇടുങ്ങിയ വഴികൾക്കും ആളുകൾ തിക്കിപ്പാർക്കുന്ന വീടുകൾക്കും ഇടയിൽ വളർന്ന ഞാൻ, നമ്മളെല്ലാം ഒരേ തരത്തിലുള്ള അക്രമങ്ങളും അപമാനങ്ങളും സഹിക്കാൻ നമ്മുടെയെല്ലാം രക്ഷിതാക്കൾ ഒരേ പാപമാണോ ചെയ്തത് എന്ന്, ആലോചിക്കാറുണ്ടായിരുന്നു.
അമേരിക്കയിലെ കറുത്ത വർഗക്കാരിൽ നിന്ന് ഭിന്നമായി, അടിമകളായി നഗരത്തിലേക്ക് കൊണ്ടുവരപ്പെട്ടവരല്ലായിരുന്നു ഞങ്ങൾ. വിശപ്പാണ് ഞങ്ങളെ നാഗ്പൂരിലേക്ക് കൊണ്ട് വന്നത് എന്ന് എന്റെ അമ്മ പറയാറുണ്ട്. ഭൂമിയില്ലായ്മയും ദാരിദ്ര്യവും അയൽജില്ലയായ ഭണ്ടാരയിലെ അവരുടെ ഗ്രാമം വിടാൻ എന്റെ മാതാപിതാക്കളെ നിർബന്ധിപ്പിച്ചു. തൊട്ടുകൂടായ്മ ഞങ്ങളെ ധർമ്മദീപ് നഗറിനകത്ത് തളച്ചിടുകയും ചെയ്തു.
വികസിത രാജ്യങ്ങളിലും വികസ്വര(developing) രാജ്യങ്ങളിലും ഒരേ പോലെ നിലനിൽക്കുന്ന ഒരു ആഗോള പ്രക്രിയയാണ് പലായനമെന്ന് വേണമെങ്കിൽ പറയാം. പക്ഷേ അതിന്റെ അർത്ഥങ്ങളും കാരണങ്ങളും വ്യത്യസ്തമാണ്. എന്റെ പിതാവും അദ്ദേഹത്തിന്റെ അസ്പർശ്യരായ സുഹൃത്തുക്കളും അവരുടെ ഗ്രാമം വിട്ടത് നഗരത്തെ സേവിക്കാനും അതിന്റെ അനുസരണയുള്ള സേവകരാവാനും വേണ്ടിയാണ്. അവർ നാഗ്പൂരിലേക്ക് പലായനം ചെയ്തത് സൈക്കിൾ റിക്ഷ ചവിട്ടാനും കെട്ടിടങ്ങൾ പണിയാനും ചുമടുകൾ വഹിക്കാനും ബംഗ്ലാവുകൾക്ക് കാവൽ നിൽക്കാനുമൊക്കെ–ഇൗ ലിസ്റ്റ് അനന്തമായി നീളുന്നു– വേണ്ടിയാണ്. അദ്ദേഹത്തിന്റെ ഗ്രാമത്തിലെ സവർണ്ണജാതിക്കാരാകട്ടെ, നാഗ്പൂരിലേക്ക് നീങ്ങിയത് വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും ഉന്നത ഉദ്യോഗങ്ങൾക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ അപ്രതീക്ഷിതവും ഏറെ പ്രത്യാഘാതമുണ്ടാക്കിയതുമായ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആര് എങ്ങോട്ട് എന്തിന് വേണ്ടിയാണ് നീങ്ങിയിട്ടുള്ളത് എന്ന് വ്യക്തമായി. ലോക്ഡൗണിന്റെ രീതിയെ എതിർത്തവർ പോലും സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെയും പ്രത്യക്ഷമായി കാണുന്ന മനുഷ്യ യാതനകളെയും മുൻനിർത്തിയാണ് അതിനെ വിമർശിച്ചത്. എന്നാൽ വളരെ കുറച്ച് പേർ മാത്രമാണ് ഇതിൽ ഏറ്റവും പ്രകടമായതിനെ– ജാതിയെ– പറ്റി വല്ലതും പറഞ്ഞത്.
ഇന്ത്യയിൽ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതാനുഭവങ്ങളിൽ “തൊഴിൽ” അഥവാ “ജോലി” എന്ന നവ ആശയം നിലനിൽക്കുന്നില്ല. ജാതി വ്യവസ്ഥയുടെ ഏറ്റവും താഴെയുള്ള തൊഴിലാളി ജാതിക്കാരെ (ശൂദ്രരും അതി ശൂദ്രരും) സംബന്ധിച്ചിടത്തോളം തൊഴിൽ എന്നത് ഉപഭോക്താക്കളായ ജാതിക്കാർക്ക്–വ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ള ബ്രാഹ്മണരും സവർണരും– വേണ്ടി ഭക്ഷണവും ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കുക എന്നത് ആചാരപരമായ ബാധ്യതയാണ്. ജാതി സമ്പദ്‌വ്യവസ്ഥ പരസ്പര സഹായത്തിലോ സഹകരണത്തിലോ പരസ്പരാശ്രിതത്വത്തിലോ അധിഷ്ഠിതമല്ല, മറിച്ച് ജാതിവ്യവസ്ഥ വിലക്കുകൾ, ബലപ്രയോഗം, ഹിംസാത്മക ചിട്ട, ശിക്ഷ എന്നീ തത്വങ്ങളിൽ ഊന്നിയാണ് മുന്നോട്ട് പോവുന്നത്.
കേന്ദ്ര സർക്കാറിനും വിവിധ സംസ്ഥാന ഭരണകൂടങ്ങൾക്കും ഇന്ത്യയിലേത് പോലെ ക്രൂരവും അനാസൂത്രിതവും അസമത്വവുമായ ഒരു ലോക്ഡൗൺ അതിന്റെ പരിണിത ഫലങ്ങൾ വകവെക്കാതെ എങ്ങനെ നടപ്പിലാക്കാൻ കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നവർ ഇവിടുത്തെ ജാതിയിലേക്ക് നോക്കട്ടെ. ലോക്ഡൗൺ നമുക്ക് വ്യക്തമാക്കി തരുന്നത് പോലെ ഇന്ത്യ എന്നത് രണ്ട് ലോകങ്ങളുടെ ഒരു ദേശമാണ്: ഭരിക്കുന്ന ഉന്നത ജാതി-വർഗത്തിന്റെ ലോകവും, തൊഴിലാളി ജാതി-വർഗത്തിന്റെ ലോകവും. ഇന്ത്യയിലെ ബ്രാഹ്മണ ഭരണകൂടത്തിനും അതിന് കീഴിലെ നയരൂപീകരണക്കാർക്കും തൊഴിലും അധ്വാനവുമൊക്കെ വേറെ ലോകത്ത് താമസിക്കുന്ന വേറെ ജാതിക്കാരായ ആളുകളാൽ ചെയ്യപ്പെടുന്ന ഒന്നാണ്.
ജാതിയും ദാരിദ്ര്യവും
ചെറുപ്പത്തിൽ ഞങ്ങളുടെ അമ്മ ഹിന്ദി പറയുന്നത് വളരെ കുറച്ച് മാത്രമേ ഞങൾ കേട്ടിട്ടുള്ളൂ, അതും ദുർഗ മൗസി എന്ന് ഞങ്ങൾ വിളിച്ചിരുന്ന അവരുടെ സുഹൃത്തിനോട്. ദുർഗ മൗസി തന്റെ സുഹൃത്തായ ശേഷം മാത്രമാണ് താൻ ഹിന്ദി പഠിച്ചത് എന്ന് അമ്മ പറയാറുണ്ട്. ഒരു നിർമാണ സൈറ്റിൽ ജോലി ചെയ്യുമ്പോഴാണ് ഒരുറ്റ ചങ്ങാതിയായി ദുർഗയെ കിട്ടിയത് എന്ന് അമ്മ ഓർക്കുന്നു.
എല്ലാ വർഷവും മഴക്കാലം കഴിഞ്ഞാൽ ദുർഗ മൗസിയും അവരുടെ ഭർത്താവും ജോലി തേടി ഛത്തീസ്ഗഢിൽ നിന്ന് നാഗ്പൂരിലേക്ക് വരും. അവരുടെ ഭർത്താവ് ഇഷ്ടികച്ചൂളകളിലാണ് ജോലി ചെയ്യുന്നത്. എന്നാൽ അവിടെ സ്ത്രീകൾക്കുള്ള വേതനം വളരെ കുറവായതിനാൽ അവിടെ ജോലി ചെയ്യുന്നത് ദുർഗ മൗസി ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ്, അവർ, എന്റെ അമ്മയെ കണ്ടുമുട്ടിയ നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യാൻ തുടങ്ങിയത്.
അമ്മയെ സംബന്ധിച്ചിടത്തോളം നല്ല നാളുകളിലും പ്രയാസങ്ങളിലും ഒപ്പമുള്ള സുഹൃത്താണ് ദുർഗ മൗസി. എല്ലാ വർഷവും ദുർഗ മൗസിയും ഭർത്താവും ദർമ്മദീപ് നഗറിനോട് ചേർന്ന, ഛത്തീസ്ഗഢുകാർ താമസിച്ചിരുന്ന ചേരിയായ, ശീത്ള മാതാ നഗറിൽ ഒരു ചെറുവീട് വാടകക്കെടുക്കുമായിരുന്നു. അവർ ആറ് മാസം ജോലി ചെയ്യുകയും മഴക്കാലത്ത് പണി നിർത്തുമ്പോൾ ഛത്തീസ്ഗഢിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു.
ഈ വർഷം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ദുർഗ മൗസിക്കും ഭർത്താവിനും നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ദുർഗ ആന്റിയുടെ വീട്ടിലെ സാമ്പത്തികസ്ഥിതി വളരെ മോശമാണെന്ന് അമ്മ എന്നോട് പറഞ്ഞു.
“അവർ ഒന്നും കരുതി വെക്കാറില്ലേ?” എന്ന് ഞാൻ അമ്മയോട് ചോദിച്ചു.
“എനിക്കെപ്പോഴെങ്കിലും വല്ലതും കരുതി വെക്കാൻ കഴിഞ്ഞിട്ടുണ്ടോ?” എന്ന് അമ്മയെന്നോട് മറുത്തു ചോദിച്ചു.
അവരുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. അമ്മയുടെ ചെറുപ്പം പലപ്പോഴും ബുദ്ധിമുട്ടുകളിൽ കടം വാങ്ങുകയും പിന്നീട് പലിശയോടെ തിരിച്ചടക്കലുമായിരുന്നു.
ഗ്രാമത്തിലെ ബനിയകളും ഭൂവുടമകളും പലിശക്ക് പോലും ദുർഗ മൗസിക്കും കുടുംബത്തിനും വായ്പ നൽകാൻ വിസമ്മതിക്കുമാറ്, ലോക്ഡൗണിനും അനുബന്ധ മാന്ദ്യത്തിനും ശേഷം സാഹചര്യം കൂടുതൽ മോശമായി. തൊഴിലൊന്നും ഇല്ലാത്തതിനാൽ ദുർഗ മൗസിയെ പോലുള്ളവർക്ക് കടം തിരിച്ചടക്കാൻ കഴിയില്ല എന്ന ആശങ്കയാണ് ഇടപാടുകാർക്ക്.
അത് കൊണ്ട് തന്നെ ഗ്രാമത്തിലെ പണക്കാരാരും തന്നെ പൈസ വായ്പ നൽകാൻ തയ്യാറല്ല.
ധനികരും ഇടത്തരക്കാരുമായ സവർണ്ണർ പൊതുവെ “ഗരീബി കി കോയി ജാത് നഹി ഹോതി” അഥവാ ദാരിദ്ര്യത്തിന് ജാതിയില്ല എന്ന് പറഞ്ഞ് ആശ്വസിക്കാറുണ്ട്. ദാരിദ്ര്യത്തിന് ജാതിയുണ്ടാകണമെന്നില്ല, പക്ഷേ സമ്പന്നതയുടെ ജാതി ഏറെ വ്യക്തമാണ് എന്നാണ് എനിക്ക് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ വിലയിരുത്തുമ്പോൾ മനസ്സിലാവുന്നത്.
‘ഇന്ത്യയിലെ സാമ്പത്തിക അസമത്വവും വർഗ്ഗവും ജാതിയും, 1961-2012’ എന്ന നിതിൻ കുമാർ ഭാരതിയുടെ റിപ്പോർട്ട്(2018) പ്രകാരം, ഇന്ത്യയിലെ ബ്രാഹ്മണ്യ സമൂഹം മാത്രം ദേശീയ വരുമാനത്തിന്റെ 48 ശതമാനം അടക്കി വാഴുന്നു. ഇത് ദേശീയ ശരാശരി വരുമാനത്തിനേക്കാൾ കൂടുതലാണ്. മറ്റ് ഉന്നതജാതി സമൂഹങ്ങൾ 45 ശതമാനം കയ്യടക്കിയിരിക്കുന്നു. ദേശീയ ശരാശരി കുടുംബ വരുമാനത്തേക്കാൾ വളരെ കുറവാണ് ദലിത്–ആദിവാസി–മറ്റ് പിന്നാക്ക വിഭാഗങ്ങൾ ചേർന്ന് സമ്പാദിക്കുന്നത്.
ഇപ്പോൾ, നമ്മളൊരു “അടച്ചു പൂട്ടലി”ൽ നിന്ന് “പൂട്ട് തുറക്കലി”ലേക്ക് കടക്കുമ്പോൾ, കോവിഡ്-19മായി ബന്ധപ്പെട്ട ചർച്ചകളിൽ ജാതി വ്യവസ്ഥയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രേണീകരണങ്ങളും, ഒപ്പം ഇന്ത്യൻ സമൂഹത്തിന്റെ കാതലായ ആദരവ്–അനാദരവ്, ശുദ്ധി–അശുദ്ധി ദ്വന്ദ്വങ്ങളും പെട്ടെന്ന് ദൃശ്യമാവുകയാണ്.
ഇനി, കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നത ജാതിക്കാരുടെ ഉത്കണ്ഠ ജാതി മുൻവിധിയെന്ന പഴയ കണ്ണാടിയിലൂടെ കടന്നുപോവുകയും ദലിത്–ബഹുജനങ്ങൾക്കെതിരെയുള്ള പുതിയ അക്രമങ്ങൾക്കും പൈശാചികതക്കുമുള്ള അടിസ്ഥാനമാവുകയും ചെയ്യും. നായി അഥവാ ബാർബർമാർ, ധോബി അഥവാ അലക്കുകാർ, തൂപ്പുകാർ തുടങ്ങി തൊഴിലാളി ജാതിക്കാർക്ക് അവരുടെ സമാനരായ സവർണ ജാതിക്കാരെ അപേക്ഷിച്ച് ലോക്ക്‌ഡൗൺ ആഘാതം ക്രമാതീതമായ തോതിൽ അധികമാണ്. കോവിഡാനന്തര സമൂഹത്തിൽ അവർ ഇനിയും കൂടുതൽ പാർശ്വവത്കരിക്കപ്പെടാനാണ് സാധ്യത.
ഇന്ത്യയെ ഈ മാന്ദ്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾ മുന്നോട്ട് വെക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം അതിനെ “ആത്മ–നിർഭർ ഭാരത്” അഥവാ “സ്വാശ്രയ ഇന്ത്യ” എന്നാണ് വിളിക്കുന്നത്. എന്നാൽ നമ്മൾ ദശലക്ഷക്കണക്കിന് ആളുകൾ വളരെയധികം കാലമായി സ്വാശ്രയരാണ്.
ഞങ്ങൾ ഭരണകൂടത്താൽ ഉപേക്ഷിക്കപ്പെട്ടവരാണെന്നും ഒറ്റക്കാണെന്നും ഞങ്ങൾക്കറിയാം. എങ്കിലും ഞങ്ങൾ ഒരുമിച്ച് തന്നെയാണ്. ദർമ്മദീപ് നഗറിലും, ദുർഗ മൗസിയും ഭർത്താവും അഭയം തേടിയിരിക്കുന്ന ഛത്തീസ്ഗഢിലെ ഗ്രാമത്തിലും, അനന്തമായ തെരുവുകളിലും, തൊഴിലാളികൾ അടിമുടി കുത്തി നിറക്കപ്പെട്ട ശ്രമിക് ട്രെയിനുകളിലും എല്ലാം ഞങ്ങൾ ഒരുമിച്ചാണ്. ഞങ്ങളുടെ വഴി ഞങ്ങൾ തന്നെ കണ്ടെത്തുകയും ചെയ്യും.
വിവർത്തനം : ഉമർ സഈദ്