9\11-നെ കുറിച്ചോ, ആ ദിവസത്തിലേക്ക് എത്തുന്നതിനെ കുറിച്ചോ ഉള്ള ആലോചനകളിൽ നിന്ന് വ്യത്യസ്തമായി 9\11-ന് ശേഷം എന്ത് സംഭവിച്ചു എന്നാലോചിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്ന യുക്തി കണ്ടെത്തപ്പെടുന്നത്. അഥവാ സെപ്റ്റംബർ 11 എന്ത് സംഭവിച്ചു എന്നല്ല, മറിച്ച് സെപ്റ്റംബർ 12 മുതൽ ലോകത്ത് അത് എന്ത് മാറ്റമാണ് കൊണ്ടുവന്നത് എന്നാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. 9\11 ഒരു പശ്ചാത്തലമാണ്. നിലനിൽക്കുന്ന പല ധാരണകളെയും രൂപപ്പെടുത്തുന്ന ചരിത്രത്തിന്റെ വിവിധ ഘട്ടത്തിൽ ഉണ്ടായിട്ടുള്ള അനവധി സംഭവങ്ങളിൽ ഒന്ന്. 9\11-ന് ശേഷമുള്ള മുസ്‌ലിം വായനകളെ അതെങ്ങനെയാണ് സ്വാധീനിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
9\11-ന് മുമ്പുവരെ മുസ്‌ലിം/ഇസ്‌ലാമിക ചോദ്യങ്ങൾ, പ്രാതിനിധ്യങ്ങൾ ഉന്നയിക്കുന്നവർ മൗലികവാദികളായാണ് അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ഇതിൽ നിന്ന് മാറി 9\11-ന് ശേഷം വളരെ പെട്ടെന്ന് ഭീകരവാദത്തിന്റെ സവിശേഷ പശ്ചാത്തലം രൂപപ്പെടുകയും ഇസ്‌ലാം, മുസ്‌ലിം ജീവിതം, ഇസ്‌ലാമിക രാഷ്ട്രീയം തുടങ്ങിയവ ഈ അർത്ഥത്തിൽ മനസിലാക്കപ്പെടാനും തുടങ്ങി. നേരത്തെ ഉണ്ടായിരുന്ന മൗലികവാദത്തിൽ നിന്ന് ഇന്നത്തെ ഭീകരവാദത്തിലേക്ക് മാറുന്ന വായനയുടെ അടിയന്തിര സാഹചര്യം എന്താണെന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ഒരുപക്ഷേ ഭീകരവാദത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോഴൊക്കെ സമീപകാലത്ത് നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന പ്രധാന സംഗതി ഇവിടെ നിന്നും ഐ.എസ്.ഐ.എസിലേക്കുള്ള മുസ്‌ലിം പലായനങ്ങളാണ്. ചുരുങ്ങിയത് 100 – 150 -ന് അടുത്ത് ആളുകളാണ് ( ഈ ആളുകളുടെ എണ്ണവും അവർ അവിടെ എത്തിച്ചേർന്നു എന്ന് പറയുന്നതും സംശയാസ്പദമാണ്) കൂടിയാൽ ഇത്തരത്തിൽ ഇന്ത്യയിൽ നിന്ന് പോയിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ഭരണകൂട ഭീകരത, സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന അതിഭീകരമായ വംശഹത്യാ ശ്രമങ്ങൾ തുടങ്ങിയവ താരതമേന്യ വലിയ തോതിൽ ഉള്ളതാണെങ്കിലും അതിവിടെ അഡ്രസ് ചെയ്യപ്പെടാറില്ല. ഭീകരവാദം സമം ഇസ്‌ലാം എന്ന ലോജിക്കിലേക്ക് നമ്മുടെ ചർച്ച കേന്ദ്രീകരിക്കപ്പെടും. അത്തരമൊരു കേന്ദ്രീകരണ ബിന്ദുവിനെയാണ് 9\11 പ്രദാനം ചെയ്യുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ഭീകരവാദത്തെ സവിശേഷ യുക്തിയിൽ നിർവചിക്കുകയും ഇസ്‌ലാമിനെ അതിന്റെ മർമസ്ഥാനത്ത് കൊണ്ടുവരികയും ചെയ്തുകൊണ്ടാണ് ഭീകരവാദത്തെ സംബന്ധിച്ച ആലോചനകൾ പുതിയ രീതിയിൽ വികസിക്കുന്നത്. ഭീകര വിരുദ്ധ യുദ്ധം (War on terror) എന്ന പുതിയ സങ്കൽപ്പത്തെ വികസിപ്പിക്കുകയും ഈ ഭീകരതക്കുള്ളിൽ വളരെ തന്ത്രപൂർവം ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ പിന്നീടങ്ങോട്ട് ഭീകരതക്ക് എതിരായ നീക്കങ്ങൾ എന്ന പേരിൽ ഇസ്‌ലാമിനെ പ്രത്യേകം ടാർഗറ്റ് ചെയ്തുകൊണ്ടുള്ള നീക്കങ്ങൾക്ക് അമേരിക്കയുടെ നേതൃത്വത്തിൽ കടന്നുകയറ്റം ആരംഭിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഇന്ത്യയിൽ മുസ്‌ലിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയെല്ലാം 9\11 പശ്ചാത്തലത്തിലേക്ക് ചുരുക്കി മനസ്സിലാക്കുന്നതിൽ പ്രശ്നങ്ങളുണ്ട്. ഇന്ത്യയിലെ ഭരണകൂട ഹിംസയും സംഘ്പരിവാർ ആഖ്യാനത്തിലുള്ള മുസലിം വിരുദ്ധതയും 9\11-നോട് കൂടി തുടങ്ങിയതോ അതിന്റെ യുക്തിയിൽ മാത്രം നിൽക്കുന്നതോ അല്ല. സെപ്റ്റംബർ 11 ന് ശേഷം ഭീകരതക്ക് എതിരായ യുദ്ധം എന്നതിലൂടെ അമേരിക്ക ലക്ഷ്യം വെച്ചത് പശ്ചിമേഷ്യൻ ഭൗമ മണ്ഡലത്തിലേക്കുള്ള കടന്ന് കയറ്റമായിരുന്നു. ഇവിടങ്ങളിൽ ഭീകരവാദത്തിന്റെ സാന്നിധ്യമുണ്ടെന്ന് ‘കണ്ടെത്തുകയും’ ജനാധിപത്യവൽക്കരണത്തിലൂടെ അവയെ ഇല്ലാതാക്കാൻ സാധിക്കും എന്ന് പറഞ്ഞാണ്
അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ യുദ്ധങ്ങൾ നടത്താൻ അമേരിക്ക രംഗത്ത് വരുന്നത്. എന്നാൽ അതേ സമയം തങ്ങളുമായി സഖ്യത്തിൽ നിൽക്കുന്ന സൗദി പോലുള്ള രാജാധിപത്യ രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ അഭാവം അമേരിക്കക്ക് വിഷയമല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തിയിൽ നിന്ന് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ കടന്ന് കയറ്റത്തിലൂടെ അവിടെത്തെ ജീവിതത്തെ അസ്ഥിരപ്പെടുത്തുക വഴി എന്ത് ലക്ഷ്യമാണ് അമേരിക്കക്ക് നേടിയെടുക്കാനുള്ളത് എന്നത് വ്യക്തമാണ്. ചില പശ്ചിമേഷ്യൻ രാജ്യങ്ങളുടെ മുകളിലുള്ള ചില താൽപര്യങ്ങളാണ് അടിസ്ഥാനപരമായി 9\11 സാധ്യമാക്കുന്ന പ്രധാന ഹിംസ. എന്നാൽ ഭീകര വിരുദ്ധ യുദ്ധം (War on terror) എന്നത് പിന്നീട് പലഘട്ടങ്ങളിലായി ഇസ്‌ലാമോഫോബിയയെ വിവിധ ദേശങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് വികസിപ്പിക്കുകയും സങ്കീർണമാക്കുകയും ചെയ്യുന്ന ഒരു ജ്ഞാനശാസ്ത്രത്തെ നിർമിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതാണ് ഇന്ന് 9\11-മായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രധാന ഹിംസ.