“Tradition is an aspiration to connect the Self with the Other. One “internalizes” the Other as one acquires a sense of what one’s own tradition is, what one belongs to and what gives valid shape to one’s life”
-Talal asad
ഒരു മനുഷ്യനെയും ജനസമൂഹത്തെയും സ്വാധീനിക്കുന്ന നിർണായകമായ ബോധ്യങ്ങളിൽ ഒന്ന് മതവുമായി അല്ലെങ്കിൽ ദൈവവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യൻ എന്ന പ്രഥമ സ്വത്വത്തിൽ നിന്ന് ഒരാൾ വികസിക്കുന്നത് തന്നെ മതത്തിന്റെ/ദൈവവിശ്വാസത്തിന്റെ ചുവടുപിടിച്ചു കൊണ്ടാണ്. അത്രമേൽ നിർണായകമായ സ്വാധീനം അവ ചെലുത്തുന്നു എന്നത് കൊണ്ടും സമൂഹം അത്തരം ബോധ്യനിർമിതിയെ വ്യത്യസ്ത അർത്ഥത്തിൽ നിലനിർത്തുന്നു എന്നതും കൊണ്ടുമാണത്.
കേവലമൊരു വെബ് സീരീസ് എന്ന നിലക്ക് കണ്ട് തുടങ്ങിയ നെറ്റ്ഫ്ലിക്‌സിന്റെ വൈകിങ്‌സ് എന്ന പരമ്പര ഉണർത്തിയ വിശ്വാസത്തെ സംബന്ധിച്ച ചിന്തകളാണ് ഈ കുറിപ്പിനാധാരം. പതിനൊന്നാം നൂറ്റാണ്ടിൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ അടങ്ങിയ സ്കാൻഡിനേവിയൻ ഭൂപ്രദേശത്ത് ജീവിച്ചിരുന്ന വൈകിങ്‌സ് എന്ന ജനസമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് സീരീസിന്റെ കഥ വികസിക്കുന്നത്. കൊളമ്പസ് അമേരിക്ക കണ്ടെത്തുന്നതിന് മുമ്പ് അമേരിക്കയിൽ വൈകിങ്‌സ് സാന്നിദ്ധ്യമറിയിച്ചിരുന്നു എന്നത് ചരിത്രത്തിനകത്ത് അവരെ സംബന്ധിച്ച കൗതുകമാണ്. എന്നാൽ റാഗ്നർ ലോത്ത്ബ്രോക്ക് എന്ന മുഖ്യ കഥാപാത്രത്തിന്റെയും മറ്റ് കഥാപാത്രങ്ങളിൽ കൂടിയും സഞ്ചരിക്കുമ്പോൾ അവരിൽ ഉണ്ടാകുന്ന വിശ്വാസത്തെ സംബന്ധിച്ചുള്ള ബോധ്യത്തിലുണ്ടാവുന്ന പരിണാമത്തിലാണ് എന്റെ ശ്രദ്ധ പതിഞ്ഞത്. പാരമ്പര്യമായി Old Norse എന്ന പോളിത്തിയിസ്റ്റിക് ആയ വിശ്വാസാചാരങ്ങൾ വെച്ചു പുലർത്തുന്ന വൈകിങ്‌സ് അവരുടെ പാരമ്പര്യബോധ്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. നോർസ് മിത്തോളജി പ്രകാരമുള്ള ഓഡിൻ, തോർ എന്ന ദൈവങ്ങളെയാണ് ഇവർ പ്രധാനമായും ആരാധിക്കുന്നത്.
റാഗ്നർ ലോത്ത്ബ്രോക്കിന്റെയും സംഘത്തിന്റെയും ആദ്യത്തെ പര്യടനം മുതൽ സംഭവിക്കുന്ന ദൈവം/മതം/പാരമ്പര്യം എന്നിവ കേന്ദ്രീകരിച്ചുള്ള ചിന്തകളുടെ സങ്കീർണതകളിലും ആശയക്കുഴപ്പങ്ങളിലും നമ്മളും കൂടെ സഞ്ചരിക്കുകയാണ്. ആദ്യമായി ഇവർ എത്തിപ്പെടുന്ന പ്രദേശം ക്രിസ്‌തീയ പശ്ചാത്തലത്തിൽ ജീവിക്കുന്ന കുറച്ചു പുരോഹിതർ മാത്രം താമസിക്കുന്ന ആശ്രമത്തിലാണ്.
തീർത്തും മോണോതീയിസ്റ്റിക് ആയിട്ടുള്ള ക്രിസ്തുമത വിശ്വാസികളുടെ ആശ്രമസംവിധാനവും പൊതുസ്വത്ത് കൈകാര്യം ചെയ്യുന്നതിൽ അവർ സ്വീകരിച്ചിട്ടുള്ള രീതിയും വൈകിങ്സിനെ അത്ഭുതപ്പെടുത്തുന്നു.
സ്വർണങ്ങളും വെള്ളിയുമടങ്ങിയ വലിയൊരു ധനശേഖരം പൂർണമായും ദൈവത്തിന്റെ സംരക്ഷണത്തിൽ ഭരമേല്പിച്ചു കാത്തുവെക്കുന്ന ഒരു രീതിയാണ് അവരെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കിയത്.
അമൂർത്തമായ അസ്തിത്വത്തിലേക്ക് തങ്ങളുടെ ദൈവസങ്കല്പത്തെ വികസിപ്പിക്കാൻ സാധിക്കാത്തതിന്റെ പരിമിതിയായി അവ മനസിലാക്കപ്പെടുമ്പോൾ പാരമ്പര്യത്തിൽ അടിയുറച്ച നിലപാടുള്ള പലർക്കും വിശ്വാസത്തെ സംബന്ധിച്ച് സംശയങ്ങൾ ഉടലെടുക്കുന്നു.
ഇവിടെ പാരമ്പര്യത്തെ കുറിച്ചു പറയുമ്പോൾ പാരമ്പര്യം സ്വമേധയാ രൂപപ്പെടുന്ന കേവല ബാക്കിരൂപങ്ങളല്ല എന്നും അതിനകത്ത് തന്നെ നിർബന്ധമായും ഉൾച്ചേർന്ന് കിടക്കേണ്ട അപരസാന്നിധ്യത്തെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്.
തലാൽ അസദ് പറയുന്നത് “സ്വയം മറ്റുള്ളവരുമായി ബന്ധിപ്പിക്കാനുള്ള ആഗ്രഹമാണ് പാരമ്പര്യം. സ്വന്തം പാരമ്പര്യം എന്താണെന്നും ഒരാൾ സ്വന്തമായതെന്താണെന്നും ഒരാളുടെ ജീവിതത്തിന് സാധുതയുള്ള രൂപം നൽകുന്നത് എന്താണെന്നും ഒരാൾ മനസ്സിലാക്കുന്നതിനനുസരിച്ച് ഒരാൾ മറ്റൊന്നിനെ “ആന്തരികവൽക്കരിക്കുന്നു”.
പിന്നീട് പല അർത്ഥത്തിൽ പലഘട്ടങ്ങളിലായി പലതരത്തിലുള്ള വിശ്വാസാദർശങ്ങളുമായി എൻഗേജ് ചെയ്ത് കൊണ്ട് മുന്നോട്ട് പോകുന്ന വൈകിങ്‌സിൽ പലരും തങ്ങളുടെ പാരമ്പര്യത്തിൽ നിന്ന് മാറി ചിന്തിക്കാനും വിശ്വാസത്തെ തള്ളി പറയാനും വരെ ഇടയാക്കി.
ഏറ്റവും പ്രധാനപ്പെട്ട സംഭവം മുഖ്യകഥാപാത്രമായ റാഗ്നർ ലോത്ത്ബ്രോക്ക് തന്റെ ക്രിസ്തീയ പുരോഹിതനായ സുഹൃത്തിന്റെ കൂടെ അവരുടെ വിശ്വാസപ്രകാരമുള്ള സ്വർഗത്തിൽ ഒരുമിക്കാൻ വേണ്ടി മതം മാറുന്ന രംഗമുണ്ട്. എന്നാൽ ഇതേ റാഗ്നർ തന്നെ തന്റെ മരണസമയത്ത് അയാളുടെ പാരമ്പര്യ മതത്തിൽ തന്നെ നിലകൊള്ളുന്നതായും കാണാം.
പ്രധാനമായും മുകളിൽ സൂചിപ്പിച്ച പ്രകാരം ഓൾഡ് നോർസ് വിശ്വാസികളായ വൈകിങ്‌സ് തങ്ങളുടെ ദൈവത്തെ സംബന്ധിച്ചുള്ള മൂർത്തമായ ബോധ്യങ്ങളിൽ ഉണ്ടാവുന്ന കനത്തപ്രഹരമാണ് അവരുടെ ആശയാകുഴപ്പങ്ങൾക്ക് വഴിവെക്കുന്നത്. old norse പാരമ്പര്യ പ്രകാരം അവരുടെ ദൈവസങ്കല്പത്തെ മൂർത്തമായ ഒന്നിൽ തളച്ചിടുകയും അത് പലപ്പോഴും മനുഷ്യസമാനമായ സവിശേഷതകൾ പ്രകടിപ്പിക്കുന്നതുമാണ്. അത് കൊണ്ട് തന്നെ അമൂർത്തമായ ദൈവസങ്കല്പങ്ങൾക്ക് മേൽ നിലനിൽക്കാൻ അവയ്ക്ക് സാധിക്കാതെ വരുന്നു.
ചരിത്രം പിന്നെയും മുന്നോട്ടു പോകുമ്പോൾ പിൽകാലത്ത് സ്കാൻഡിനേവിയൻ പ്രദേശത്ത് നടക്കുന്ന ക്രിസ്ത്യൻ മിഷിനറിയുടെ പ്രവർത്തനഫലമായി വലിയൊരു കൂട്ടം ക്രിസ്ത്യനികൾ ആവുകയും അവരുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതൊക്കെയും ക്രിസ്ത്യനികൾ തകർത്തു കളയുകയും ചെയ്തതോടെ വൈകിങ്‌സ് എന്ന ജനസമൂഹം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നു.
വിശ്വാസം അല്ലെങ്കിൽ പരമ്പര്യമെന്നത് ചരിത്രപരമായി വ്യത്യസ്ത ബോധ്യങ്ങളുമായി എൻഗേജ് ചെയ്ത് കൊണ്ടും കലഹിച്ചു കൊണ്ടുമൊക്കെ നിലനിന്നിരുന്ന ഒന്നാണ്. ഇത്തരമൊരു ചരിത്രപരതയെ നിരാകരിച്ചു കൊണ്ട് നിലനിൽക്കുന്ന ഒന്നാണ് തത്വത്തിൽ ‘മതം’ എന്ന സങ്കലപ്പം, മതം എന്ന് പറയുമ്പോൾ തന്നെ സ്ഥാപനവത്കരിക്കപ്പെട്ട ബോധമായാണ് നിലനിൽക്കുന്നത്. ഇന്നത്തെ മതങ്ങളുടെ ചരിത്രപരമായ പരിണാമവും നിലനിൽക്കുന്ന സങ്കലപ്പങ്ങളുമായി താരതമ്യപെടുത്തി നോക്കിയാൽ ദൈവം എന്ന സങ്കല്പത്തിനെക്കാൾ മതം എന്ന വ്യവസ്ഥക്ക് ഊന്നൽ കൊടുത്തതായി കാണാം. അത്പോലെ ദൈവം എന്നത് മതങ്ങൾ നിർമിച്ചുവെച്ച വ്യവസ്ഥകളെ തകർത്തു കൊണ്ട് നിൽക്കുന്നതായും. ഇത്തരമൊരു ഘട്ടത്തിലാണ് വിമോചനാത്മകവും, വിപ്ലവാത്മകവുമായ ചിന്ത രൂപപ്പെടേണ്ടത്.
സ്ഥാപനവല്കൃത മതബോധത്തിനപ്പുറം ദൈവത്തെ കണ്ടെത്താനുള്ള അന്വേഷണമാണ് മനുഷ്യനെ മോചിപ്പിക്കുന്നത്. അത്തരമൊരു അന്വേഷണത്തിന് നാം തയാറാവാത്തിടത്തോളം കാലം ദൈവമില്ലാത്ത മതത്തിന്റെ ഭാഗമായിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.
You made some decent points there. I did a search on the subject matter and found most persons will agree with your website. Essy Seymour Sidwell
Wonderful, what a website it is! This weblog provides valuable information to us, keep it up. Atlanta Kareem Venu