2020 ഫെബ്രുവരി ഇരുപത്തിമൂന്നോട് കൂടിയാണ് വടക്കു-കിഴക്കൻ ഡൽഹിയുടെ പല പ്രദേശങ്ങളിലായി മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഹിന്ദുത്വ ശക്തികളുടെ ആസൂത്രിത വംശഹത്യാ ശ്രമങ്ങൾ ആരംഭിക്കുന്നത്. രാജ്യത്തു നടക്കുന്ന വിവേചനപരമായ നിയമനിർമാണങ്ങളെയും ഉന്മൂലന സിദ്ധാന്തങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച ചോദ്യങ്ങളുയർത്തിക്കൊണ്ട് എൻ.ആർ.സി-സി.എ.എ വിരുദ്ധ സമരത്തോടെ രൂപപ്പെട്ട വിദ്യാർഥി-ആക്ടിസ്റ്റ്-ജനകീയ കൂട്ടായ്മകളോടും രാഷ്ട്രീയ സമരമുന്നേറ്റങ്ങളോടുമുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ കുടിപ്പകയാണ് ഡൽഹി വംശഹത്യയിൽ പ്രതിഫലിച്ചത്. പോലീസ് ഉൾപ്പെടെയുള്ള ഭരണകൂട സ്ഥാപനങ്ങളുടെ ഒത്താശയോടെ, ന്യൂനപക്ഷ വിരുദ്ധതയും വംശീയ ബോധവും പേറുന്ന അക്രാമക ഹിന്ദു ആൾക്കൂട്ടം നടത്തിയ വംശഹത്യാ ശ്രമങ്ങളിൽ 53ഓളം പേർക്ക് ജീവഹാനിയുണ്ടായി. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരുന്ന ശാഹീൻ ബാഗ് സമരത്തെയും മുസ്‌ലിം ന്യൂനപക്ഷങ്ങളെയും കൃത്യമായി ലക്ഷ്യം വെച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന അനേകം തെളിവുകളും റിപ്പോർട്ടുകളും ലഭ്യമാണ്.
ന്യൂനപക്ഷങ്ങളുടെ സ്വത്വവും സംസ്കാരവും ഇന്ത്യയിൽ നിന്ന് പിഴുതുമാറ്റാനും, അവരെ അപരവൽക്കരിച്ചുകൊണ്ട് രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാനും ന്യായങ്ങൾ ചമക്കുക എന്നതാണ് പുതിയ പൗരത്വ നിയമത്തിന്റെ നിയോഗം. അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരിൽ ഇതിനോടകം പ്രയോഗിക്കപ്പെട്ടുകഴിഞ്ഞ വിവേചനപരമായ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ശ്രമം ഹിന്ദുത്വ ഗവണ്മെന്റ് ആരംഭിച്ചപ്പോഴാണ്, അതിനെതിരിൽ രാജ്യവ്യാപകമായി ശാഹീൻ ബാഗ് ഉൾപ്പെടെയുടെ വിപുലമായ ബഹുജന സമരങ്ങൾക്ക് തുടക്കമായത്. പ്രധാനമായും മുസ്‌ലിം സമൂഹത്തിന്റെ കർതൃത്വത്തിൽ നടന്ന പൗരത്വനിയമ വിരുദ്ധ സമരങ്ങളിൽ, സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ബഹുജനങ്ങളും ബുദ്ധിജീവികളും അണിചേരുന്നത് സർക്കാരിനെ ചൊടിപ്പിച്ചു. ദിനേനയെന്നോണം ശക്തിപ്പെട്ടുകൊണ്ടിരുന്ന ശാഹീൻ ബാഗ് സമരങ്ങളെ അലസിപ്പിക്കലും, മുസ്‌ലിം സമൂഹത്തിനിടയിൽ ഭീതിവളർത്തികൊണ്ട് പ്രതിഷേധങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കലുമാണ് പരിഹാരം എന്ന് ഭരണകൂടം കണക്കുകൂട്ടി. അതിന്റെ പ്രായോഗികവൽക്കരണമായിരുന്നു ഡൽഹി വംശഹത്യയിലൂടെ നടപ്പായത്. കപിൽ മിശ്രയുടെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ വംശീയ ഹിന്ദു ആൾകൂട്ടം സമരക്കാർക്കെതിരിൽ വ്യാപകമായ ആക്രമണമഴിച്ചുവിട്ടു. ഫെബ്രുവരി 23നും 26നുമിടക്ക് നടന്ന ഏകപക്ഷീയ അതിക്രമങ്ങളിൽ മുസ്‌ലിം സ്വത്വത്തിനും ശരീരങ്ങൾക്കും ഒരുപോലെ പരിക്കുപറ്റി. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ആവാസകേന്ദ്രങ്ങളും പള്ളികളും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
അതിലും ഭീകരമായ വിധത്തിൽ കലാപത്തിനിടയിലും കലാപാനന്തരവും മുസ്‌ലിം ശരീരങ്ങളെ ഭരണകൂടം സ്ഥാപനവൽകൃത ഹിംസക്കിരയാക്കി. പ്രധാനമായും പോലീസിനെയും ജുഡീഷ്യറിയെയും ഉപയോഗിച്ചുകൊണ്ട് ഭരണകൂടം നടത്തിയ ഹീനമായ മുസ്‌ലിം വേട്ടയെക്കുറിച്ച നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഡൽഹി വംശഹത്യയെ, ഹിന്ദു-മുസ്‌ലിം കലാപം എന്ന് ന്യൂനീകരിക്കാൻ ഭരണപക്ഷവും മുഖ്യധാരാ മാധ്യമങ്ങളും ഒരുപോലെ ശ്രമംനടത്തിയിട്ടുണ്ട്. കലാപത്തിന്റെ കണക്കുകളും വസ്തുതകളും കൃത്യമായി സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കേണ്ടതില്ല എന്ന സൗകര്യമാണ് ഭരണകൂടം ഇത്തരത്തിലുള്ള ആഖ്യാനങ്ങൾ നിർമിക്കാൻ കാരണമെന്ന് പൂർവകാല അനുഭവങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് നിസ്സംശയം പറയാൻ സാധിക്കും. ഇരകളായ മുസ്‌ലിം സമൂഹത്തെ വില്ലന്മാരായി അവതരിപ്പിക്കുന്നതിൽ തന്നെ ഹിന്ദുത്വ ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ആഖ്യാനഹിംസ ദൃശ്യമാണ്. യഥാർഥത്തിൽ, ഡൽഹി സംഭവം ഏകപക്ഷീയമായ വംശഹത്യാശ്രമം തന്നെയായിരുന്നു എന്ന് തെളിയിക്കുന്ന അനേകം സംഭവങ്ങളുണ്ട്.
മുസ്‌ലിം സമൂഹത്തെ ആസൂത്രിതമായി ആക്രമിച്ചു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്ന സംഭവങ്ങളുടെ നേർക്കാഴ്ചകളാണ് മുസ്‌ലിം ആവാസകേന്ദ്രങ്ങളിൽ കാണാനാവുന്നത്. അക്രമിക്കുന്നതിന് മുമ്പ് ആൾക്കൂട്ടം തങ്ങളുടെ മതം ഏതാണെന്ന് ചോദിച്ചതായി ആക്രമണത്തിനിരയായവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകളും കച്ചവട സ്ഥാപനങ്ങളും തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോൾ, തൊട്ടുചേർന്നുള്ള ഹിന്ദു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ യാതൊരു കേടുപാടുകളും കൂടാതെ നിലനിൽക്കുന്നു. ദയാൽപൂരിലെ കർതംനഗർ മുതൽ ഷേർപുർ ചൗക്ക് വരെയുള്ള മുസ്‌ലിംകളുടെ സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു എന്ന് പ്രദേശവാസികളായ മുസ്‌ലിം സ്ത്രീകൾ വസ്തുതാന്വേഷണ സംഘത്തോട് പറയുകയുണ്ടായി. കൂട്ടത്തിൽ ഒരു വെൽഡിങ് സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം വിലമതിക്കുന്ന നിർമാണ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം പള്ളികൾ തകർക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രചരിക്കുകയുണ്ടായി. മൗജ്പൂരിൽ അക്രമം നടത്തിയ ഹിന്ദുത്വ തീവ്രവാദി സ്വയം സാക്ഷ്യപ്പെടുത്തുന്നത് കാണുക, “ഇപ്പോൾ ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ ഈ മുസ്‌ലിംകൾ മുഴുവൻ റോഡുകളും കയ്യടക്കിയേനേ”. ഇങ്ങനെ പ്രത്യക്ഷമായി തന്നെ മുസ്‌ലിം വിരുദ്ധത ദൃശ്യമാവുന്നതിനാലാണ് ‘കലാപം’ എന്ന ആഖ്യാനം അസാധുവാകുന്നത്. ഒരു പ്രത്യേക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളും ഹിംസയുമാണ് കലാപം കൊണ്ടർഥമാക്കുന്നത് എങ്കിലും, ഇന്ത്യൻ പരിസരങ്ങളിൽ ‘ഇരുവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന’ സംഘട്ടനം എന്ന അർഥത്തിലാണ് അത് വായിക്കപ്പെടുക’ എന്ന പ്രസക്തമായി നിരീക്ഷണം സുരഭി ചോപ്രയും പ്രജിതാ ജായും ചേർന്നെഴുതിയ പുസ്തകത്തിൽ കാണാം.
കലാപാനന്തരവും മുസ്‌ലിംകളെ ലക്ഷ്യംവെച്ചുകൊണ്ട് ഭരണകൂട സ്ഥാപനങ്ങളും മാധ്യമങ്ങളും ആക്രമണം തുടർന്നു. സ്വയംപ്രതിരോധന മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായ മുസ്‌ലിം സമൂഹത്തിന്റെ ദൃശ്യങ്ങൾ പകർത്തിക്കൊണ്ട്, അവരെ അക്രമികളായി ചിത്രീകരിക്കാനാണ് മുഖ്യധാരാ മാധ്യങ്ങൾ ശ്രമിച്ചത്. അതേസമയം, മുസ്‌ലിം ശരീരങ്ങളെ തിരഞ്ഞുപിടിച്ച് യു.പി പോലീസ് വേട്ടയാടി. പോലീസ് ലോക്കപ്പിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയതിന്റെയും, മലമൂത്ര വിസർജനത്തിന് പോലും സൗകര്യങ്ങളില്ലാത്തതിനാൽ ലോക്കപ്പിൽ തന്നെ കാര്യം സാധിക്കേണ്ടിവന്നതിന്റെയും അനുഭവങ്ങളാണ് ശാദാബ് ആലം കാരവൻ മാസികയുടെ വസ്തുതാന്വേഷണ സംഘത്തോട് പങ്കുവെച്ചത്. ശദാബിനെ പോലെ, മറ്റനേകം മുസ്‌ലിം യുവാക്കളെയും പോലീസ് ഇവ്വിധം പീഡനത്തിനിരയാക്കിയിട്ടുണ്ട്.
അക്രമബാധിത പ്രദേശങ്ങളിലെ നേർക്കാഴ്ചകളും മുസ്‌ലിം ശരീരങ്ങൾക്കും അടയാളങ്ങൾക്കും നേരെയുള്ള ഭരണകൂട ഹിംസയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ് വിഹാറിൽ എണ്ണമറ്റ മുസ്‌ലിം സ്ഥാപനങ്ങൾ തകർക്കപ്പെട്ടതായി ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും പറയുന്നു. ഒരുപാടാളുകൾ ഇവിടെ നിന്നും കാണാതാക്കപ്പെട്ടിട്ടുണ്ട്. ഗോപാൽപുരിലെ അഴുക്കുചാലിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതശരീരങ്ങളും, വെട്ടിമാറ്റപ്പെട്ട അവയവങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. അക്രമബാധിത പ്രദേശങ്ങളായ ശിവ് വിഹാറിലൂടെയും മറ്റുസ്ഥലങ്ങളിലൂടെയുമാണ് ഈ ചാൽ ഒഴുകുന്നത്. മൗജ്പൂർ, ചന്ദ്ബാഗ്, ജാഫറാബാദ് തുടങ്ങിയ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും, നൂറേ ഇലാഹി, മുസ്തഫാദ് പോലുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളും ദാരുണമായ അക്രമസംഭവങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. ഇതുകൂടാതെ ഇപ്പോഴും കർഫ്യൂവീലുള്ള പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ ഇതുവരെയും കണക്കാക്കാൻ സാധിച്ചിട്ടുമില്ല. ഈ പ്രദേശങ്ങളിൽ തകർക്കപ്പെട്ട മുസ്‌ലിംകളുടെ മതകേന്ദ്രങ്ങളും, കച്ചവട സ്ഥാപനങ്ങളും വീടുകളും ഏകപക്ഷീയമായ ഹിന്ദുത്വ ആക്രമണത്തിന്റെ സംസാരിക്കുന്ന തെളിവുകളാണ്.
‘ജയ് ശ്രീറാം, ഹര ഹര മഹാദേവ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഹിന്ദു ആൾകൂട്ടം വീട്ടിലേക്ക് ഇരച്ചുകയറിയെന്നും, തങ്ങളെ ആക്രമിക്കുകയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ തനിക്ക് ടെറസിന്റെ മുകളിൽ നിന്നും താഴേക്ക് ചാടേണ്ടി വന്നെന്നും ശിവ് വിഹാറിലെ റൈഹാന സാക്ഷ്യപ്പെടുത്തുന്നു. അവർ തങ്ങളുടെ മസ്ജിദുകൾ തകർത്തതായും ഖുർആൻ നശിപ്പിച്ചതായും സുൽത്താന സാക്ഷ്യപ്പെടുത്തുന്നു. ഫെബ്രുവരി പതിനാലിന് ഈദ് ഗാഹിൽ നിന്ന് മടങ്ങിവരുന്ന വഴി ഹിന്ദു അക്രമിസംഘം വളഞ്ഞിട്ട് ആക്രമിച്ച കഥയാണ് 37കാരനായ മുഹമ്മദ് സുബൈറിന് പറയാനുള്ളത്. മുസ്‌ലിം ശരീരങ്ങളോടുള്ള ഹിന്ദുത്വ ഭീകരരുടെ കലി വ്യക്തമാക്കുന്ന സുബൈറിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ഫെബ്രുവരി 25ന് മാത്രം വെടിയേറ്റും, കുത്തേറ്റും, കരിക്കപ്പെട്ടും, ലൈംഗികാവയവത്തിന് പരിക്കേറ്റിട്ടും 500ൽ പരം ആളുകളാണ് മുസ്തഫാബാദിലെ അൽഹിന്ദ് ആശുപത്രിയിൽ ചികിത്സ തേടിയത്. 16ഓളം മസ്ജിദുകൾ തകർക്കപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 130ഓളം കുട്ടികളെ അകത്ത് കുടുങ്ങിക്കിടക്കെയാണ് ഫാറൂഖ് മസ്ജിദ് ചുട്ടെരിക്കപ്പെട്ടത്. പോലീസും തങ്ങളെ മർദിച്ചു എന്ന് പള്ളിയിലെ ഇമാം പറയുന്ന വിഡിയോചിത്രം പ്രചരിക്കുകയുണ്ടായി.
കാലാപാനന്തരവും കലാപത്തിനിടക്കും മുസ്‌ലിം ശരീരങ്ങളെ തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്യാനും പീഡിപ്പിക്കാനും പോലീസ് കാണിച്ച വ്യഗ്രതയാണ് മറ്റൊരു സംഗതി. അതേസമയം അക്രമം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകകും ചെയ്ത ഹിന്ദുത്വ ഭീകരർ കൺവെട്ടത്തുകൂടെ നടന്നിട്ടും അവരെ നിയമപരമായി ശിക്ഷിക്കാൻ പോലീസ് തയ്യാറായിട്ടില്ല. മുസ്‌ലിം വേഷധാരിണികളുടെ വസ്ത്രം വലിച്ചുകീറാനും അവരെ ലൈംഗികമായി ആക്രമിക്കാനും ശ്രമിച്ചവരിൽ പോലീസുകാരും പെടും. പോലീസ് തങ്ങളുടെ നെഞ്ചത്തും സ്വകാര്യ ഭാഗങ്ങളിലും ചവിട്ടി എന്ന് ആക്രമണത്തിനിരയായ സ്ത്രീ വസ്തുതാന്വേഷണ സംഘത്തോട് പറയുകയുണ്ടായി.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരങ്ങൾക്ക് അറുതിവന്നെങ്കിലും അക്രമണാനന്തരം വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെയും അധ്യാപകരെയും ബുദ്ധിജീവികളെയും കലാപത്തിന്റെ ആസൂത്രകൻ എന്ന് മുദ്രകുത്തി ജയിലിലടക്കാനാണ് ഭരണകൂടം നിലവിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ‘അർബൻ നക്സൽ’ എന്ന പേരിൽ യൂണിവേഴ്സിറ്റി പ്രൊഫസർമാരെയും ബുദ്ധിജീവികളെയും വേട്ടയാടുമ്പോൾ, അവരിൽ പെട്ട മുസ്‌ലിം വ്യക്തികൾക്ക് തീവ്രവാദമുദ്ര കൂടി ചാർത്താൻ ഭരണകൂടം മടിക്കുന്നില്ല. എ.എം.യുവിൽ ആക്രമണത്തിന് നേതൃത്വം നൽകി എന്നാരോപിച്ചുകൊണ്ട് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റുചെയ്ത ഷർജീൽ ഉസ്മാനിയോട് പക്ഷേ അന്വേഷണ സംഘം ചോദ്യം ചെയ്തത് കാശ്മീരികളുമായി അദ്ദേഹത്തിനുള്ള ബന്ധത്തെ കുറിച്ചാണത്രെ. ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന അറസ്റ്റുകളും മറ്റും ഭരണകൂടത്തിന്റെ സ്ഥാപനവൽകൃത ഹിംസയുടെ അവസ്ഥാന്തരങ്ങളായും, വിശാലാർഥത്തിൽ ന്യൂനപക്ഷ വിമത സമൂഹങ്ങളെ അടിച്ചമർത്തുന്നതിന്റെയും മാർഗങ്ങളായി വേണം മനസ്സിലാക്കാൻ.
*വസ്തുതാന്വേഷണ റിപ്പോർട്ടുകളിലെ മറ്റു പ്രധാന കണ്ടെത്തലുകൾ*
•മുസ്‌ലിം സ്വത്വത്തിനു നേരെയുള്ള അക്രമങ്ങൾ- മുസ്‌ലിം മത ചിഹ്നങ്ങൾക്കു നേരെയും ആരാധനാ സ്ഥലങ്ങൾക്ക് നേരെയും അക്രമങ്ങളും അസഭ്യവർഷങ്ങളും ഹിന്ദുത്വ ആൾക്കൂട്ടം നടത്തിയിട്ടുണ്ട്. ജയ് റാം മുദ്രാവാക്യങ്ങളുമായാണ് അക്രമികൾ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
•മുസ്‌ലിം സമൂഹത്തോടുള്ള വിദ്വേഷവും മുൻവിധികളുമാണ് ഹിന്ദുത്വ ആൾക്കൂട്ട അക്രമങ്ങൾക്ക് ചാലകശക്തിയായത്.
•വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ് വിഹാർ, മുസ്തഫാബാദ്, ഭാഗീരഥി വിഹാർ, ബ്രിജിപുരി, ചന്ദ്ബാഗ്, മൗജ്പൂർ, ഗോകുൽപുരി, കാർദംപൂർ, നൂറേ ഇലാഹി, ഖജൂരി ഖാസ്, ഭജൻപുര എന്നിവയാണ് പ്രധാന അക്രമബാധിത പ്രാദേശങ്ങൾ. ഈ പ്രദേശങ്ങളിലായി 53 ആളുകൾ കൊല്ലപ്പെടുകയും, 122 വീടുകൾ, 322 കച്ചവട സ്ഥാപനങ്ങൾ, 301 വാഹനങ്ങൾ, 3 സ്‍കൂളുകൾ, 16 മുസ്‌ലിം പള്ളികൾ എന്നിവ പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു.
•അക്രമബാധിത പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചാലിലാണ് മൃതദേഹങ്ങളും മുറിച്ചെടുക്കപ്പെട്ട അവയവങ്ങളും ഒഴുക്കിക്കളഞ്ഞത്. അധിക മൃതദേഹങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും മൃതദേഹങ്ങൾ ഉണ്ടായേക്കാം എന്ന് പ്രദേശവാസികൾ സംശയിക്കുന്നു.
•ഡൽഹി വംശഹത്യക്ക് ശേഷം കാണാതായവരെ കുറിച്ച് ഇപ്പോഴും അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. കാണാതായവരിൽ കുട്ടികളും പെടും. അക്രമിക്കപ്പെടുമെന്ന ഭീതിയും പോലീസിന്റെ നിസ്സംഗതയുമാണ് പരാതി കൊടുക്കുന്നതിൽ നിന്ന് ബന്ധുക്കളെ തടയുന്നത്.
•നിരവധി ബലാത്സംഗങ്ങളും ലൈംഗിക ആക്രമണങ്ങളും മുസ്‌ലിം സ്ത്രീകളെ ലക്ഷ്യംവെച്ച് നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. മുസ്‌ലിം സ്ത്രീകളുടെയും പെൺകുട്ടികളുടെയും വസ്ത്രം വലിച്ചുകീറുന്നതും ശേഷം അവരെ തീയിലേക്ക് എറിയുന്നതും കണ്ടതായി സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നു.
•അക്രമസംഭവങ്ങളിൽ പോലീസിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന അനേകം വസ്തുതാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അക്രാമക ഹിന്ദു ആൾക്കൂട്ടങ്ങളോട് സഹകരിക്കൽ, അക്രമസംഭവങ്ങളിൽ പങ്കുചേരൽ, അക്രമങ്ങളിൽ ജീവഹാനിയുണ്ടായവരുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തൽ, സാക്ഷികളെ വിരട്ടൽ, ശരിയായ അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ നിസ്സംഗത പാലിക്കൽ, സാക്ഷിമൊഴികൾ തിരുത്തൽ, ഇരകളെ അക്രമികളാക്കി ചിത്രീകരിച്ച് അവരെ കസ്റ്റഡി പീഡനത്തിന് വിധേയമാക്കാൻ തുടങ്ങിയ നടപടികളിലൂടെ പോലീസ് ഹിന്ദുത്വ ഭരണകൂടത്തോടും ആൾക്കൂട്ടങ്ങളോടും സന്ധിചെയ്യുകയാണ് ചെയ്യുന്നത്.
ഇതുകൂടാതെ മുസ്‌ലിം സമൂഹത്തിനിടയിൽ ഭീതി പരത്താനും, അവരെ പരാതിപ്പെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും പോലീസും കോടതിയും ഉൾപ്പെടുന്ന നിരവധി ഭരണകൂട, ഗവൺമെന്റിതര സംവിധാനങ്ങളെയും തൽപര കക്ഷികൾ ഉപയോഗിച്ചിട്ടുണ്ട്.
(ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന കണക്കുകളും വിവരങ്ങളും കാരവൻ മാസിക, ദി പോളിസ് പ്രൊജക്ട് എന്നിവർ ഡൽഹി വംശഹത്യയെ കുറിച്ച് തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടുകളെ അവലംബിച്ചുള്ളതാണ്).