മത-ഭൗതിക സമന്വയ വിദ്യാഭ്യാസരംഗത്ത് വിശ്വപ്രസിദ്ധിയാർജിച്ച സ്ഥാപനമാണ് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി. മലപ്പുറം ജില്ലയിലെ ചെമ്മാട് സ്ഥിതിചെയ്യുന്ന മഹത് സ്ഥാപനം 1986-മുതൽ വ്യക്തമായ പദ്ധതികളുമായി മുന്നോട്ടുവരികയും കാലത്തിനൊത്ത് പ്രവർത്തിക്കുന്ന, മത-ഭൗതിക വിദ്യാഭ്യാസമുള്ള പണ്ഡിതന്മാരെ വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ന് രണ്ടായിരത്തോളം പൂർവ്വ വിദ്യാർഥികളും അയ്യായിരത്തോളം വിദ്യാർഥികളും 29 ശാഖകളും 4 ഓഫ് കാമ്പസുകളുമായി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്വാഭിമാനം പ്രവർത്തിച്ചുവരുന്നു.
വെള്ളം കെട്ടിക്കിടക്കുന്ന മാനീ പാടത്തെ നോക്കി മർഹൂം ഡോക്ടർ യു.ബാപ്പുട്ടി ഹാജിയും ശൈഖുനാ എം.എം.ബഷീർ മുസ്‌ലിയാരും ശൈഖുനാ സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരും സമകാലിക ചിന്താരീതികളിൽ നിന്നും വ്യത്യസ്തമായി, നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് സ്വപ്നം കാണുകയും തദനുസാരം പദ്ധതികൾ തയ്യാറാക്കുകയും അതുവരെ കേരളത്തിന് അന്യമായിരുന്ന മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സിലബസിന് ആരംഭം കുറിക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട് കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവം നടത്തുകയും ചതുർഭാഷകളിലെ നൈപുണ്യത്തെ കൈമുതലാക്കി കേരളേതര സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പ്രബോധന പ്രവർത്തനങ്ങളുടെ മാർഗരേഖകൾ സൃഷ്ടിച്ച് മുന്നേറുകയും ചെയ്തു. ഇന്ന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമായി നിരവധി പ്രബോധന പ്രവർത്തനങ്ങൾക്ക് ദാറുൽഹുദാ ചുക്കാൻ പിടിക്കുന്നുണ്ട്. ദാറുൽ ഹുദയുടെ ആസാം സെൻറർ ഡയറക്ടർ സയ്യിദ് മുഈൻ ഹുദവിയുമായുള്ള അഭിമുഖം
1. ആസാമിൽ ദാറുൽ ഹുദയുടെ ഓഫ് കാമ്പസ് തുടങ്ങാനുണ്ടായ സാഹചര്യം ?
മർഹൂം ബാപ്പുട്ടി ഹാജി മരണപ്പെടുന്നതിന് മുമ്പ് കേരളത്തിന് പുറത്ത് മൂന്ന് സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു. എങ്കിലും ദൗർഭാഗ്യവശാൽ ആ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകാൻ സാധിച്ചില്ല.
ഹാജിയാർ കണ്ട സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഹുദവി സഹോദരങ്ങൾ രംഗത്തിറങ്ങുകയും, ദാറുൽ ഹുദാ മാനേജ്മെൻ്റ് കമ്മിറ്റിയുടെയും ഉസ്താദുമാരുടെയും ആശിർവാദത്തോടെ
ആദ്യമായി ആന്ധ്രാപ്രദേശിലെ പുങ്കനൂർ എന്ന സ്ഥലത്ത് മൻഹജുൽ ഹുദാ എന്ന സ്ഥാപനം തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് ദാറുൽ ഹുദാ മാനേജ്മെൻ്റ് വെസ്റ്റ് ബംഗാളിലെ ഭീർഭൂം ജില്ലയിലെ ബീംബൂർ എന്ന സ്ഥലത്ത് ഓഫ് കാമ്പസ് സ്ഥാപിച്ചു.
ഇതിനിടയിലാണ് ആസാമിൽ സ്ഥാപനം തുടങ്ങാനുള്ള പദ്ധതികളിൽ ദാറുൽ ഹുദാ മുഴുകുന്നത്.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയാടിസ്ഥാനത്തിൽ നടത്തിയ ”ഹോണറബ്ൾ എക്സ്റ്റിറ്റൻസ്” എന്ന പ്രോഗ്രാമിലെ ഒരു സെഷൻ ദാറുൽ ഹുദയിൽ വെച്ച് നടത്തുകയും,
പ്രസ്തുത പ്രോഗ്രാമിലെ ആസാം അതിഥികളായ ദിലേർഖാൻ സാഹിബിനും കൂട്ടർക്കും ദാറുൽ ഹുദയോട് മതിപ്പ് തോന്നുകയും തത്ഫലമായി ആലോചനകൾ തുടങ്ങുകയും ചെയ്തു. തുടർന്ന് ദാറുൽ ഹുദാ നാഷണൽ കോർഡിനേറ്ററായ അബ്ദുന്നാസർ വെള്ളില(നാസർഭായ്)യും സഹോദരനും ആസാം സന്ദർശിക്കുകയും സ്ഥലം കണ്ടെത്തി അടിസ്ഥാന പദ്ധതികൾ ആസൂത്രണം ചെയ്തു. ശേഷം ആസാമിലെ ഒരു സംഘം അക്കാഷ് അലി സാഹിബിന്റെ നേതൃത്വത്തിൽ ദാറുൽ ഹുദാ സന്ദർശിക്കാൻ വേണ്ടി കേരളത്തിലെത്തി മാനേജ്മെൻ്റ് ഭാരവാഹികളെ ആസാമിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉസ്താദ് ഡോ.ബഹാഉദ്ധീൻ നദ്‌വി അടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ ആസാം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷം കാമ്പസ് തുടങ്ങാൻ തീരുമാനമായി.
മത-ഭൗതിക സമന്വയ വിദ്യഭ്യാസ വിപ്ലവത്തിന്റെ ഉറവിടമായ ദാറുൽ ഹുദാ ഓഫ് കാമ്പസിന് ബാര്‍പേട്ട ജില്ലയിലെ ബൈശയില്‍ (ആസാമുകാര്‍ ബൈഹ എന്നു വിളിക്കും) 2013 മാര്‍ച്ച് 24-ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നാന്ദി കുറിച്ച് ആ സ്വപ്നങ്ങൾക്ക് ചിറക് നൽകി. ശിലാസ്ഥാപനം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ദാറുല്‍ ഹുദാ ആസാം സെന്റര്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നത്. 2014 ഓഗസ്റ്റ് 13-ന് ദാറുല്‍ ഹുദാ മാതൃകക്ക് തിലകക്കുറി ചാര്‍ത്താന്‍ ദാറുൽ ഹുദാ നാഷ്ണൽ പ്രോജക്റ്റ് ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കാമ്പസിലെ നിർമാണം പൂർത്തിയായ ആദ്യ കെട്ടിടം പൗരപ്രമുഖരുടെയും ദാറുൽ ഹുദാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നാടിന് സമര്‍പ്പിച്ചു. ഒപ്പം വൈസ് ചാന്‍സലര്‍ ഉസ്താദ് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആദ്യ ബാച്ചിന് ഫാതിഹയോതിക്കൊടുത്ത് ജ്ഞാന സമ്പാദനത്തിന്റ മധുരം പകർന്നു.
അറിവില്ലായ്മ ഒരു തെറ്റാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരുപറ്റം മുസ്‌ലിം നാമധാരികളിലെ ഇളംതലമുറയില്‍ നിന്ന് 60 വിദ്യാര്‍ഥികള്‍ക്ക് പ്രഥമ ബാച്ചില്‍ അവസരം ലഭിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഔദ്യോഗിക ഭാഷയായ ഉര്‍ദുവിനോട് പുലബന്ധം പോലുമില്ലാത്ത ഒരുപറ്റം നിഷ്‌കളങ്ക ഹൃദയങ്ങള്‍. പ്രബോധനപൂര്‍ത്തീകരണത്തിന്റെ പാതയിലെ ആദ്യ ചുവടുവെപ്പാണ് വിജ്ഞാന പ്രബുദ്ധരായ ഒരു സമുദായത്തെ സൃഷ്ടിക്കുകയെന്നത്.
വടക്കു കിഴക്കൻ ഇന്ത്യയുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെടാവുന്ന നിരവധി പ്രവർത്തനങ്ങൾ ദാറുൽ ഹുദാ ആസാം സെന്റർ നടത്തിക്കൊണ്ടിരിക്കുന്നു. ആസാമിന് പുറമെ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ അറിവ് നുകരുന്നുണ്ട്. പഠനം കഴിഞ്ഞ ശേഷം, അവർ വഴി അനേകം ഗ്രാമങ്ങളിലും പട്ടണങ്ങളിലും യഥാര്‍ഥ ഇസ്‍ലാമിന്റെ വെളിച്ചം വ്യാപിക്കുമെന്ന് പ്രത്യാശിക്കാം.
നിലവിൽ 300 വിദ്യാർത്ഥികളും 20 സ്റ്റാഫുകളുമാണ് സ്ഥാപനത്തിലുള്ളത്. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക വിദ്യാർഥിനികൾക്ക് വേണ്ടി ഗേൾസ് സ്കൂളും ഇതിനോടൊപ്പം നടന്നുവരുന്നു. 2 വര്‍ഷം മുൻപ് ആരംഭിച്ച സ്കൂളിൽ 60 വിദ്യാർഥിനികൾ പഠനം നടത്തുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും അവരെ ഉയർത്തി കൊണ്ടുവന്ന് മതകീയാന്തരീക്ഷത്തിൽ ജീവിക്കുന്ന മാതൃകാ വനിതകളാക്കലാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
കാമ്പസിന്റെ പ്രചരണവും നിർമാണവും നടക്കുന്ന ഘട്ടത്തിൽ, പ്രാദേശിക വിദ്യാർഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്ന മക്തബകൾ നടത്താൻ ദാറുൽ ഹുദാ മാനേജിംഗ് കമ്മിറ്റിയംഗം ഓമച്ചപ്പുഴ അബ്‌ദുല്ല ഹാജി മുന്നോട്ടുവന്നു. സ്ഥാപനം ഉയർന്ന് വരുന്ന ബൈശയിൽ തന്നെയായിരുന്നു ആദ്യ മക്തബും തുടങ്ങിയത്.
വെള്ളില അബ്ദുന്നാസര്‍, ദാറുല്‍ ഹുദാ സന്തതികള്‍, അൽപം പ്രാദേശിക മൗലാനമാർ ( ഉസ്താദുമാർ) എന്നിവരുടെ കര്‍മകുശലതക്കൊപ്പം സമുന്നതരായ നേതാക്കന്മാരുടേയും ഉസ്താദുമാരുടേയും ആശീര്‍വാദം കൂടി ചേര്‍ന്നതോടെ പരിസരപ്രദേശമായ ബൊഗ്ഡിയ,ബര്‍മറ എന്നീ സ്ഥലങ്ങളിലേക്കു കൂടി വ്യാപിച്ചു. അങ്ങനെ ആദ്യകാല മദ്രസകളുടെ എണ്ണം മൂന്നായി. രണ്ടു നേരങ്ങളിലായി 400-ലധികം വിദ്യാര്‍ഥികളാണ് പ്രസ്തുത മക്തബുകളിലെത്തിയിരുന്നതെന്നത് പൊതുജനപങ്കാളിത്തം കൃത്യമായി വരച്ചിടുന്നുണ്ട്.
പഴയകാല കേരളത്തിലെ ഓത്തുപള്ളികളാണ് മക്തബുകള്‍, കേരളത്തിലെ മദ്രസാ പ്രസ്ഥാനത്തിന്റെ ബദല്‍ സംവിധാനമാണിത്. മത പഠനത്തിനായുള്ള ഈ പ്രാഥമിക കേന്ദ്രങ്ങള്‍ പള്ളികള്‍ തോറും പ്രഭാത സമയങ്ങളിലോ വൈകുന്നേരങ്ങളിലോ നടന്നു വരുന്നു. ഒരു അധ്യാപകനും ഒരുപാട് വിദ്യാര്‍ഥികളും പള്ളിയുടെ വരാന്തകളിലോ മുറ്റത്തോ ഇരുന്ന് ക്ലാസ്സുകള്‍ നടത്തുന്നു. അറബി വായന അഭ്യസിക്കാന്‍ താരതമ്യേന എളുപ്പമാക്കുന്ന അക്ഷരങ്ങളും ദുആകളുമടങ്ങുന്ന നൂറാനീ ഖാഇദയെന്ന കിതാബാണ് എല്ലാവരുടെയും പാഠപുസ്തകം. ഉസ്താദ് ഊഴമനുസരിച്ച് ഓരോരുത്തര്‍ക്കായി ചൊല്ലിക്കൊടുക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥി വായന അഭ്യസിച്ചു കഴിഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ നല്‍കല്‍ ചടങ്ങാണ് വിദ്യാര്‍ഥികളെ മുഴുവന്‍ ഒരുമിച്ചു കൂട്ടി പൊതുസദസ്സില്‍ നിന്നാണ് ഖുര്‍ആന്‍ സ്വീകരണം. സ്വീകര്‍ത്താവ് അധ്യാപകര്‍ക്ക് വസ്ത്രങ്ങളും മധുരപദാര്‍ത്ഥങ്ങളും വിതരണം ചെയ്യുന്നു. പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും ഒരാവര്‍ത്തിനോക്കി ഓതിത്തീര്‍ക്കുക എന്നതാണ് മക്തബുകളിലെ പാഠ്യരീതി, കൂടെ ആവശ്യ ദുആകളും ദിക്‌റുകളും വിദ്യാര്‍ഥി മനപാഠമാക്കുന്നു. കാലപരിധികളില്ലാത്ത ഈ പാഠ്യ രീതിയില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും ഓതിത്തീര്‍ക്കുന്നവര്‍ തുഛമാണ്. ഭൂരിഭാഗവും നൂറാനീ ഖാഇദയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും.
2. എങ്ങനെയാണ് ആസാമീ മുസ്‍ലിംകൾ സ്ഥാപനത്തെ വരവേറ്റത് ?
സ്ഥാപനത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ച്ചക്കും അവര്‍ തയ്യാറായിരുന്നു. അതുകൊണ്ട് ആദ്യ ഘട്ടത്തില്‍ അവര്‍ തന്നെ സ്ഥപനത്തിനുവേണ്ടി പിരിവ് നടത്തിയിട്ടുണ്ട്. പക്ഷെ അതൊരു വലിയ സംഖ്യ ആവുമെന്നുള്ളതുകൊണ്ട് സ്ഥാപനം തന്നെ അതിനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു. എന്നിരുന്നാലും അവര്‍ സ്ഥാപനത്തിനുവേണ്ടി കാണിച്ച ആവേശം തന്നെ മതി അവര്‍ ഈ സ്ഥാപനത്തെ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് തെളിയിക്കുന്നതിന്. പൊതുജനപങ്കാളിത്തം കൂടി ലഭ്യമായതോടെ ഹാദിയക്ക് കീഴില്‍ 2014- ആഗസ്റ്റ് മാസത്തിൽ മക്തബ് വിപൂലീകരണം ആരംഭിച്ചു. നിലവിൽ 129 മദ്‍റസകള്‍ ഇന്ന് ഹാദിയ നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന് കീഴിൽ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 8000-ലേറെ വിദ്യാര്‍ഥികൾ, മറ്റു ഉസ്താദ്മാർ തുടങ്ങിയവരെല്ലാം ഗുണഭോക്താക്കളായ പ്രസ്തുത പദ്ധതി നിയന്ത്രിക്കുന്നത് ഒരു പ്രോഗ്രാം മാനേജറും തദ്ദേശീയരായ മൂന്ന് ഹാദിയ റേഞ്ച് കോര്‍ഡിനേറ്റര്‍മാരും ഒമ്പത് സോണുകളിലായി ആറ് സബ് കോര്‍ഡിനേറ്റര്‍മാരുമാണ്.
ദാറുൽ ഹുദാ സ്ഥാപിതമായ ബൈശ- ബര്‍മറയിലും സമീപപ്രദേശങ്ങളിലും പ്രത്യേകിച്ചും, ആസാം സംസ്ഥാനത്ത് പൊതുവായും ഏഴുവർഷത്തിനിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ വലിയൊരു മാറ്റം തന്നെ തുറന്നിടാന്‍ ആസാം സെന്ററിന് കഴിഞ്ഞിട്ടുണ്ട്. സ്ഥാപനം സ്ഥിതി ചെയ്യുന്ന ബൈശ ഗ്രാമം തന്നെയാണ് അതിന് ഏറ്റവും ഉദാത്തമായ മാതൃകയും. പരിസര പ്രദേശത്തുള്ള ഗ്രാമങ്ങളിലെ മസ്ജിദുകളേക്കാള്‍ ഏറെ സൗകര്യമുള്ളതാണ് ബൈശ മസ്ജിദ്, ദാറുല്‍ ഹുദക്ക് അവര്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണക്ക് പകരമായി ബഹാഉദ്ദീന്‍ ഉസ്താദിന്റെ നേതൃത്വത്തിലാണ് പ്രസ്തുത മസ്ജിദ് വിപുലീകരണം നടന്നത്.
3. വർഷങ്ങളായി ആസാമിനെ അടുത്തറിഞ്ഞ വ്യക്തി എന്ന നിലയിൽ ആസാമീ മുസ്‌ലിങ്ങളുടെ മതസാമൂഹിക ജീവിതത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ദാരിദ്ര്യമാണ് അമ്പത് ശതമാനം ആസാമീ മുസ്‌ലിങ്ങളുടെയും പ്രധാന പ്രശ്‌നം. പണത്തിന്റെ കുറവ് മാത്രമല്ല ശരിയായ വിദ്യാഭ്യാസത്തിന്റെ കുറവും അവരില്‍ നമുക്ക് കാണാന്‍ സാധിക്കും. അവരുടെ സംസ്‌കാരത്തിലും മറ്റും ഇത് പ്രകടമാവുകയും ചെയ്യും. വടക്കേ ഇന്ത്യയിലെ മുസ്‌ലിംകള്‍ നേരിടുന്ന അതേ അസ്തിത്വ പ്രതിസന്ധിയുടെ ചോദ്യചിഹ്നങ്ങള്‍ ഓരോ ആസാം മുസ്‌ലിമിന്റെയും മുഖത്ത് നിഴലിച്ച് കാണാം. വൈകാരികതകള്‍ കത്തിച്ച് മുതലെടുപ്പ് നടത്തുന്ന കാഴ്ചപ്പാടുകളില്ലാത്ത രാഷ്ട്രീയ നേതൃത്വവും, ബറേല്‍വി, ദയൂബന്ദി, അഹ്‌ലേ ഹദീസ്,തബ്‌ലീഗ് ജമാഅത്ത് തുടങ്ങി കലഹിച്ചുകൊണ്ടിരിക്കുന്ന പണ്ഡിത സമൂഹവും, അതിനുമപ്പുറം ബംഗാളി മുസ്‌ലിം, ആസാമീ മുസ്‌ലിം എന്നിങ്ങനെ തുടര്‍ന്നു പോകുന്ന ആഭ്യന്തര വിവേചനവും മുസ്‌ലിംകളെ പിറകോട്ടടിക്കുന്നു. സാമൂഹിക-വൈജ്ഞാനിക- രാഷ്ട്രീയ രംഗങ്ങളിലെ ആസൂത്രണമില്ലായ്മ ഒരു സമൂഹത്തെ എന്നും പിന്നാക്കത്തിന്റെ നുകം പേറാന്‍ നിര്‍ബന്ധിതരാക്കുന്നു. കാശ്മീര്‍ മുസ്‌ലിങ്ങളെ പോലെ എന്നും സ്വന്തം നാട്ടില്‍ അന്യരായി ജീവിക്കേണ്ടി വരുന്നവരാണ് ഓരോ ആസാം മുസ്‌ലിമും. മറ്റു കേരളേതര സംസ്ഥാനങ്ങളിലേതുപോലെ സംഘടിത ബോധത്തിന്റെ അഭാവത്തില്‍ ചിതറിക്കിടക്കുന്ന ജനസംഖ്യയിലെ വലിയൊരു ഭാഗമാണ് ആസാമിലെ മുസ്‌ലിങ്ങള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34.22% ആയി ആസാമിലെ മുസ്‌ലിം ജനസംഖ്യയെ ഗണിക്കുമ്പോഴും അനൗദ്യോഗിക കണക്കുകള്‍ നോക്കുമ്പോൾ അതിനുമെത്രയോ മുകളിലാകുന്നതിന്ന് പിന്നിലെ മുഖ്യകാരണവും ഇതൊക്കെ തന്നെയാണ്.
4. സ്ഥാപനത്തിന്റെ ഭാവി പ്രൊജക്ടുകൾ?
ഇത്തരത്തിലുള്ള എല്ലാ സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ നിന്നും അവരെ മുക്തരാക്കി നല്ലൊരു സാഹചര്യം ആസാം മുസ്‌ലിംകള്‍ക്കിടയിൽ ഉണ്ടാക്കിയെടുക്കലും അതിനുവേണ്ടി വിദ്യാര്‍ഥികളെ പ്രാപ്തരാക്കലുമാണ് സ്ഥാപനത്തിന്റെ ഭാവി പ്രോജക്ടുകളില്‍ പ്രാധാനം. അതുപോലെ തന്നെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികൾ മറ്റു സർവകലാശാലകളിൽ നിന്നും ഉന്നത പഠനം നടത്തി തങ്ങളുടെ ഗ്രാമങ്ങളിലും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരികയും അതുവഴി ആസാം മുസ്‌ലിംകൾക്കിയിൽ പുതിയ വിദ്യാഭ്യാസ വിപ്ലവം തന്നെ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
Beautiful place
You guys did a remarkable job getting the meetup up and running. It was a great meeting and I learned quite a lot. Opalina Bondon Beebe