ഇന്ത്യൻ മുസ്‌ലിമും, പുന:രാഷ്ട്രീയ ക്രമവും: സർ സയ്യിദും അഫ്ഗാനിയും സാധ്യമാവേണ്ട വിധം

ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണെങ്കിലും ഭൂരിപക്ഷം വർഗീയ സമുദായമാവുക എന്നത് ജനാധിപത്യത്തിന്റെ പരിമിതിയും മതേതരത്വത്തിന് വിലങ്ങുതടിയുമാണ്. ഈയൊരു സങ്കല്പത്തെ അക്ഷരാർഥത്തിൽ ശരിവെക്കുന്നതായിരുന്നു വർഗീയ ധ്രുവീകരണത്തെ ലക്ഷ്യം വെച്ചുകൊണ്ട് മോദി സർക്കാർ പ്രയോഗിച്ച പൗരത്വ ഭേദഗതിനിയമം. മതേതരത്വ-ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാന ശിലയായി വർത്തിക്കുന്ന ഇന്ത്യൻ ഭരണഘടനാ തത്വങ്ങളുടെ ശക്തമായ ലംഘനം കൂടിയായിരുന്ന ഈ നിയമം ഭാവി ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക ഘടനകളെ കുറിച്ചുള്ള ഗൗരവമേറിയ ആലോചനകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ഒരളവോളം അരക്ഷിതാവസ്ഥ ജനിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കലാപങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്നത് നിലനിൽപ്പിന് അനിവാര്യമാണ്. ഇത്തരുണത്തിൽ മുസ്‌ലിം സമുദായത്തിന്റെ ഉയർത്തെഴുന്നേൽപ്പിനുള്ള മാർഗാന്വേഷണം ഏറെ പ്രസക്തമാണെന്ന ചിന്തയിൽ നിന്ന് ഉരുവംകൊണ്ടതാണ് ഈ കുറിപ്പ്.

പതിനാറാം നൂറ്റാണ്ടിൽ മോഡേൺ കൊളോണിയലിസത്തിന്റെ ആരംഭം മൂലം മുസ്‌ലിം ലോകത്ത് പല നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഈ അവസ്ഥാവിശേഷത്തെ പരിഗണിച്ച് ഇസ്‍ലാമിക രാഷ്ട്രീയ ചിന്തകനായ ജമാലുദ്ദീൻ അഫ്ഗാനി നടപ്പാക്കിയ രാഷ്ട്രീയ അജണ്ടകളും, ബ്രിട്ടീഷ് കൊളോണിയലിസം മൂലം ഇന്ത്യൻ മുസ്‌ലിംകളിലുണ്ടായ അധ:പതനത്തിൽനിന്നും നവവിദ്യാഭ്യാസ നയങ്ങൾ കൊണ്ട് മുസ്‌ലിം സമൂഹത്തെ ഉയർത്തിയെടുക്കുവാന്‍ തന്ത്രപരമായി ബ്രിട്ടീഷുകാരുടെ ആശയങ്ങളില്‍ നിന്ന് തന്നെ ഉരുത്തിരിച്ചെടുത്ത സർ സയ്യിദിന്റെ ചിന്തകളും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പുനർവായന അർഹിക്കുന്നതാണ്. സർ സയ്യിദ് അഹമ്ദ് ഖാനെയും ജമാലുദ്ദീൻ അഫ്ഗാനിയെയും ഇരു ധ്രുവങ്ങളിൽ നിർത്തി വൈരുദ്ധ്യങ്ങളെ അന്വേഷിക്കുന്ന വാർപ്പു മാതൃകകളിൽ നിന്നും വ്യത്യസ്തമായി രണ്ടുപേരുടെയും നവോത്ഥാന ആശയങ്ങൾ സമന്വയിപ്പിച്ച് പ്രായോഗികവും പ്രസക്തവുമായ പുതിയ രീതിയിലുള്ള മാർഗങ്ങളുടെ സാധ്യതകളെ അന്വേഷിക്കാനുള്ള ശ്രമമാണിത്.

മത നവീകരണത്തിനും മുസ്‌ലിംകളുടെ ഉയർത്തെഴുന്നേൽപ്പിനും തടസ്സമായി നിലനിന്നിരുന്ന പാരമ്പര്യവാദികളായ (Traditionalist) പണ്ഡിത വർഗ്ഗത്തെ വിമർശിക്കുന്നതിലും നവോത്ഥാന ആശയങ്ങൾ മുന്നോട്ട് വെക്കുന്നതിലും ഒരേ നിലപാടാണ് ഇരുവരും സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ സർ സയ്യിദിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന അഫ്ഗാനി അദ്ദേഹത്തിൻറെ പ്രോ ബ്രിട്ടീഷ് നിലപാടിനെയും മതത്തേക്കാൾ ഭൗതികശാസ്ത്രത്തിന് പ്രാമുഖ്യം നൽകിയ ആശയങ്ങളെയുമാണ് “ഭൗതിക വാദികളോടുള്ള വിമർശനം” (Refutation of materialists) എന്ന കൃതിയിലൂടെ വിമർശന വിധേയമാക്കുന്നത്. പക്ഷേ ഈ കൃതിയിലെ അദ്ദേഹത്തിൻറെ നിലപാടിനെ മാത്രം അടിസ്ഥാനമാക്കിയാണ് പല പോസ്റ്റ് കൊളോണിയൽ അക്കാദമിക പണ്ഡിതന്മാരും അവരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത്.
അഫ്ഗാനിയും സർ സയ്യിദും നിലനിന്നിരുന്ന സാഹചര്യങ്ങളായിരുന്നു കൊളോണിയലിസത്തിനെതിരെയുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ അവരെ സ്വാധീനിച്ചത്. സാഹചര്യങ്ങൾക്കനുസരിച്ച് ഇസ്‌ലാമിക നിയമങ്ങൾ പ്രയോഗിക്കപ്പെട്ടുവെന്ന് ഇസ്‌ലാമിക ചരിത്രം അന്വേഷിച്ചാൽ മനസ്സിലാകും. ദാറുൽ ഇസ്‌ലാമിലുള്ള മുസ്‌ലിമിൻ്റെ നിലപാടുകളും കാഴ്ചപ്പാടുകളും ദാറുൽ ഹർബിൽ ജീവിക്കുന്ന ഒരു മുസ്‌ലിമിൽ നിന്നും വ്യത്യസ്തമാകണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. ദാറുൽ ഹർബിൽ മതന്യൂനപക്ഷമായതിനാൽ ഭൗതിക ഇടപാടുകളിലും നിലപാടുകളിലും ചില ഇളവുകൾ അനുവദിക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാരിൽ നിന്നും ആനുകൂല്യങ്ങൾ കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ സർ സയ്യിദ് പ്രോ-ബ്രിട്ടീഷ് നിലപാട് സ്വീകരിച്ചത് അതുകൊണ്ടുതന്നെയാവണം. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായിരുന്ന (ദാറുൽ ഇസ്‌ലാം) ഈജിപ്ത്, തുർക്കി, പോലെയുള്ള രാജ്യങ്ങളായിരുന്നു അഫ്ഗാനിയുടെ പ്രധാന പ്രവർത്തന മണ്ഡലം. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാമിക സാർവത്രികതയിലൂടെ (Islamic universalism) ഒരു ആഗോള മുസ്‌ലിം ഐക്യത്തിനും ബ്രിട്ടീഷുകാർക്കെതിരെയുള്ള സ്വതന്ത്ര ആക്രമണത്തിനും അദ്ദേഹം ആഹ്വാനം നൽകിയത്. ബ്രിട്ടീഷുകാർ ആധിപത്യം പുലർത്തിയിരുന്ന ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ കൊളോണിയലിസത്തിനെതിരെയുള്ള സായുധ വിപ്ലവം ഭാവിയിൽ ഗുണത്തേക്കാളേറെ സ്വതന്ത്ര ഇന്ത്യയിൽ ദോഷം ചെയ്യുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയതുകൊണ്ടാണ് ബ്രിട്ടീഷുകാരോട് സംയമനത്തിലൂടെ മുന്നോട്ടുപോവാൻ സർ സയ്യിദ് തയ്യാറായത്. 1857ലെ കലാപം മുസ്‌ലിങ്ങളുടെ തലയിലാക്കി അവരെ ക്രൂരമായി വേട്ടയാടിക്കൊണ്ടിരുന്ന സാഹചര്യത്തിൽ സർ സയ്യിദ് തന്റെ ബ്രിട്ടീഷ് സൗഹാർദ്ദം മുതലെടുത്തു കൊണ്ടാണ് വിപ്ലവത്തിൻ്റെ യഥാർഥ കാരണം മുസ്‌ലിം സമുദായമല്ലെന്ന് അവരെ ബോധിപ്പിച്ചത്. ഈയൊരു സൗഹാർദ്ദത്തിന്റെ പേരിൽ തന്നെയാണ് 1876-ൽ അലിഗഢ് എന്ന വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിക്കുന്നതും. 1869ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിലും കേംബ്രി‍ഡ്ജിലും സന്ദർശനം നടത്തി വിദ്യാഭ്യാസമാണ് ബ്രിട്ടീഷുകാരുടെ നട്ടെല്ലിന് മനസ്സിലാക്കിയതിനു ശേഷമാണ് ഇന്ത്യയിൽ അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നത്.
ആധുനിക-ശാസ്ത്രീയ വിജ്ഞാനം മുസ്‌ലിം സമൂഹത്തിന് അന്യമായത് കൊണ്ടാണ് വർഗ്ഗീയവാദികൾ മുസ്‌ലിംകളുടെ മേൽ ആധിപത്യം ചെലുത്തുന്നതെന്ന് തിരിച്ചറിഞ്ഞ്, പാശ്ചാത്യ -ശാസ്ത്രീയ ജ്ഞാനം ഉർദുവിലേക്ക് പരിഭാഷപ്പെടുത്താൻ 1864 ൽ സൈയന്റിഫിക് സൊസൈറ്റി(Scientific society) എന്ന പുതിയൊരു സ്ഥാപനം രൂപീകരിക്കുന്നത്. പാശ്ചാത്യർ സംസാരിച്ചിരുന്ന ഭാഷയായതിനാൽ ഇംഗ്ലീഷ് ഭാഷ പഠിക്കൽ നിഷിദ്ധമെന്നും പിശാചിന്റെ ഭാഷയാണെന്നും പറഞ്ഞിരുന്ന ഒരു സമൂഹത്തിലേക്കാണ് ഈ ഒരു ആശയവുമായി സർ സയ്യിദ് രംഗപ്രവേശനം നടത്തുന്നത് (അത് മറ്റൊരു രീതിയിലുള്ള സമര മാർഗ്ഗം ആണെങ്കിൽ പോലും).
പാശ്ചാത്യ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കാതെ അവർക്കെതിരെ സമരം ചെയ്യല്‍ അസാധ്യമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. വാസ്തവത്തിൽ, അന്യരുടെ ജ്ഞാന ശേഖരണങ്ങൾ പരിഭാഷപ്പെടുത്തി പണ്ഡിതന്മാർക്ക് ലഭ്യമാക്കലായിരുന്നു ഇസ്‌ലാമിലെ സുവർണ്ണ കാലഘട്ടമായി അറിയപ്പെടുന്ന അബ്ബാസിയ കാലഘട്ടത്തിലെ വൈജ്ഞാനിക വിസ്ഫോടനത്തിന്റെ പ്രധാന ചാലകശക്തി. എട്ടാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ബഗ്‍ദാദ് കേന്ദ്രമാക്കി ഗ്രീക്ക് പുസ്തകങ്ങളെയും ശാസ്ത്രീയ വിജഞാനങ്ങളേയും അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ മൂവ്മെന്റിനെ പിന്നീട് ചരിത്രം ഗ്രീക്ക്-അറബിക് വിവര്‍ത്തന പ്രസ്ഥാനം(Graeco-Arabic translation movement) എന്ന് പേരിട്ടു വിളിച്ചു. മതത്തിലും ശാസ്ത്രത്തിലും ഒരു പോലെ ഗവേഷണം നടത്തുകയാണെങ്കിൽ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന അദ്ദേഹത്തിൻറെ ചിന്ത ഇന്നും പ്രസക്തമാണ്. ഒരർഥത്തിൽ ഈ പ്രസാഥാനത്തെ മത ഭൗതിക സമന്വയ വിദ്യാഭ്യാസമായി മനസ്സിലാക്കാം.
ഒരു സമൂഹത്തിന്റെ ഉന്നമനത്തിന്റെ അടിസ്ഥാനഘടകം വിദ്യയാണെന്നും അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം വിദ്യ നുകരുന്നതിന് പ്രാധാന്യം കൽപ്പിക്കുന്നതെന്നും അദ്ദേഹം മനസ്സിലാക്കി. സാമൂഹിക ശാക്തീകരണത്തിന്റെ മറ്റൊരു പ്രധാന ഘടകമായ സാമ്പത്തികവും വിദ്യാഭ്യാസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. “നീ ഒരു മനുഷ്യന് ഒരു മത്സ്യം നൽകുകയാണെങ്കിൽ അതവന് ഒരു നേരത്തെ ഭക്ഷണം ആയേക്കാം, മറിച്ച് നീ അവനെ മത്സ്യബന്ധനം പഠിപ്പിക്കുകയാണെങ്കിൽ അത് അവന് ജീവിതകാലം മുഴുവൻ ഭക്ഷണം നൽകിയേക്കാം” എന്ന പ്രശസ്ത ചൈനീസ് തത്വചിന്തകനായ ലാവോസിയുടെ നിരീക്ഷണം ഇതിനെ ദൃഢീകരിക്കുന്നുണ്ട്.
എന്നാൽ രാഷ്ട്രീയപരമായി മുസ്‌ലിങ്ങൾ ഒന്നിക്കുകയും സാമ്രാജ്യത്വവിരുദ്ധ സമരം നയിച്ച് ഭരണം പിടിച്ചെടുത്താൽ മാത്രമേ വിമോചനം സാധ്യമാവുകയുള്ളൂ എന്നാണ് അഫ്ഗാനിയുടെ കാഴ്ചപ്പാട്. തന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി മുഹമ്മദ് അബ്ദുവുമായി ചേർന്ന് 1854-ൽ പാരിസ് കേന്ദ്രമാക്കി ഖുർആനിക വചനമായ അല്‍ ഉര്‍വതുല്‍ വുഥ്ഖാ ( الأروة الوثقى/The strongest bond) എന്ന പേരിൽ ഒരു ജേർണൽ തുടങ്ങുകയും സാമ്രാജ്യത്വവിരുദ്ധ നയങ്ങൾ വ്യാപിപ്പിക്കുകയും രചനകൾ നടത്തുകയും ചെയ്തു. പക്ഷേ, ക്രിയാത്മകമായ യുദ്ധവുമായി കൂടുതൽ കാലം നിലകൊള്ളാൻ ജേർണലിനായില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ നിലപാടുകള്‍ കാരണം സാമ്രാജ്യത്വ അധീനതയിലുള്ള രാജ്യങ്ങളായിരുന്ന ഈജിപ്ത്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിടങ്ങളിൽനിന്ന് നാടുകടത്തപ്പെട്ടു.
ശേഷം ലോക മുസ്‌ലിംകളുടെ ഐക്യത്തിനും വ്യവസ്ഥാപിതമായ പുതിയൊരു ഖിലാഫത്ത് രൂപീകരണത്തിനും വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ‘ഇസ്‌ലാമിക സാർവത്രികത’ (Islamic universalism) എന്ന പുതിയൊരു പ്രസ്ഥാനത്തിന് രൂപം നൽകി. അറബിസം പോലുള്ള ദേശീയ രൂപങ്ങൾ ആഗോള മുസ്‌ലിംകളുടെ ഐക്യത്തിനും ക്ഷേമത്തിനും തടസ്സമാകുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അന്താരാഷ്ട്ര രീതിയിലുള്ള പുതിയൊരു സംജ്ഞയിലേക്ക് അദ്ദേഹം നീങ്ങുന്നത്.
1928 ൽ ഈജിപ്തിൽ ഹസനുൽ ബന്ന രൂപം നൽകിയ മുസ്‌ലിം ബ്രദർഹുഡ് എന്ന രാഷ്ട്രീയ പാർട്ടി ഈ ആശയത്തിന്റെ പിൻബലത്തിൽ നിലവിൽ വന്നതാണ്. കൊളോണിയൽ കാലഘട്ടത്തെ മുഖ്യധാര പണ്ഡിതന്മാരായിരുന്ന അബുൽ അഅ്‍ലാ മൗദൂദിയും സയ്യിദ് ഖുതുബും നേതൃത്വം നൽകിയിരുന്ന ഇസ്‌ലാമിക നവോത്ഥാന പ്രവർത്തനങ്ങളും ഇതിനോട് വേരുറച്ചു നിൽക്കുന്നതാണ്. അതിനുശേഷം വന്ന പ്രമുഖ പോസ്റ്റ്-കൊളോണിയൽ പണ്ഡിതന്മാരും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടുകളിൽ ആകൃഷ്ടരാവുകയും ഇസ്‌ലാമിക ലോകത്തെ കോളനിവൽക്കരണത്തിൽ നിന്നും മോചിപ്പിക്കുന്നതിനും വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകൾക്കുള്ള ഇന്ത്യയിലെ പ്രസക്തിയെയും പുന:പരിശോധിക്കേണ്ടിയിരിക്കുന്നു.
സർ സയ്യിദ് വിദ്യാഭ്യാസത്തെ വിമോചനത്തിന്റെ മാർഗമായി കാണുമ്പോൾ വിമോചനം രാഷ്ട്രീയമായി ചെറുത്തുതോൽപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാവൂ എന്നാണ് അഫ്ഗാനി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, വാസ്തവത്തിൽ ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഒരു വ്യക്തി വിദ്യകൊണ്ട് ജീവിതത്തെ ധന്യമാക്കിയതിനുശേഷം പ്രവർത്തന മണ്ഡലത്തിലേക്ക് ഇറങ്ങുന്നത് പോലെ ഒരു സമൂഹവും വിദ്യകൊണ്ട് സാമ്പത്തികവും മാനസികവുമായി മുന്നേറിയാൽ മാത്രമേ രാഷ്ട്രീയമായി അവരുടെ ഉയർത്തെഴുന്നേൽപ്പ് സാധ്യമാവുകയുള്ളൂ.
വ്യത്യസ്ത ജാതികൾ ഒരുമിച്ചുകൂടി ഒരു സംഘടന രൂപീകരിക്കുമ്പോൾ അത് മതേതരമാണെന്ന് രാഷ്ട്രീയ ചിന്തകനായ രജനി ഗോത്തരി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്ന മുസ്‌ലിം സംഘടനകൾ രാഷ്ട്രീയപരമായി ഒരു പ്ലാറ്റ്ഫോമിൽ ഒരുമിച്ചു കൂടുമ്പോൾ അത് വർഗീയതയാകുന്നു. മാത്രമല്ല മതേതരത്വം എന്ന സങ്കൽപ്പത്തോട് വൈരുദ്ധ്യമായ ഒരു ഘടകം ഇസ്‌ലാമിൽ അന്തർലീനമായിട്ടുണ്ടെന്ന രീതിയിലാണ് മുഖ്യധാരാ ചർച്ചകൾ മുസ്‌ലിം സ്വത്വത്തെ കാണുന്നത്. ‘മത ന്യൂനപക്ഷം’ എന്ന് അഭിസംബോധന ചെയ്ത് അവകാശങ്ങളെയും ആനുകൂല്യങ്ങളും കുഴിച്ചുമൂടുന്ന മ്ലാനമായ ഇന്ത്യൻ രാഷ്ട്രീയത്തെ ചോദ്യം ചെയ്തുകൊണ്ട് അക്കാദമിക രംഗങ്ങളിൽ സ്വതന്ത്രമായ പുതിയ ആശയങ്ങൾക്ക് രൂപം നൽകൽ അനിവാര്യമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *