ഒരു പുരോഗമന മുസ്‌ലിം സംഘടനയുടെ കലയെയും രാഷ്ട്രീയത്തെയും ധാർമികതയെയും കുറിച്ചുള്ള വിമർശനാത്മക സമീപനത്തിന്റെ പ്രതിഫലനമാണ് ‘ഹലാൽ ലൗ സ്റ്റോറി’ എന്ന സിനിമ.
റോളണ്ട് ബാർത്തിന്റെ ‘The death of an author’ എന്ന തിയറി, പാരമ്പര്യമായി നിലനിൽക്കുന്ന വായനയുടെ പരിസരങ്ങളെ മാറ്റിപണിത്, അഥവാ ഒരു ടെക്സ്റ്റിനെ വായിക്കുമ്പോള്‍ എഴുത്തുകാരന്റെ ഉദ്ദേശത്തെ(intention)യും അർഥ(meaning)ത്തെയും പരിഗണിച്ചു മാത്രം വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു ടെക്സ്റ്റ് വായക്കാരനുമായി എങ്ങനെ സംവദിക്കുന്നു(communicate) എന്ന് നോക്കി കാണുന്നു.
അത്തരത്തിൽ ഹലാൽ ലൗ സ്റ്റോറി എങ്ങനെയാണ് കാഴ്ചക്കാരനോട് സംവദിക്കുന്നത് എന്നറിഞ്ഞാൽ മലയാള സിനിമ ഭാവുകത്വത്തെ ഹലാൽ ഏതുവിധത്തിലാണ് അതിനിർണയിക്കുന്നത് എന്ന് മനസിലാവും.
സാധാരണയായി മുസ്‌ലിം വിഷയികളെ അവതരിപ്പിക്കുന്നതിൽ മലയാള സിനിമ എത്രത്തോളം പക്ഷപാതപരമാണ് എന്ന് നമ്മൾ കാണുന്നതാണ്. മുസ്‌ലിം വിരുദ്ധ/മുസ്‌ലിം വിദ്വേഷാഖ്യാനം (narration) ഉൽപാദിപ്പിച്ച് സവർണ – സാംസ്കാരിക മേൽകോയ്മ സ്ഥാപിച്ചെടുക്കലാണ് മലയാള സിനിമ നടത്തി വരുന്നത്. അതിനെ സ്വഭാവികമെന്നോണം കണ്ടു പോരുന്ന വലിയൊരു പ്രേഷകസമൂഹത്തിലേക്കാണ് ഹലാൽ ലൗ സ്റ്റോറി കാഴ്ചക്കകത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നു വരുന്നത്.
വിപ്ലവം സൃഷ്ടിച്ചു എന്ന പദം ഇവിടെ ബോധപൂർവം ഉപയോഗിച്ചതാണ്. മലയാള സിനിമ ശീലിച്ച പോന്ന ചില മാതൃകകളേയും കൈകൊണ്ടിരുന്ന ചില സമീപനങ്ങളേയും പല അർത്ഥത്തിൽ അപനിർമിച്ചുകൊണ്ടാണ് ഹലാൽ ലൗ സ്റ്റോറി അവതരിക്കുന്നത്. പ്രസ്തുത അപനിർമാണം ലളിതമായ കർമമായിരുന്നില്ല. മറിച്ച് ഇത്തരമൊരു സിനിമ ഇറങ്ങുന്നതോടെ വലിയൊരു ശതമാനം പ്രേക്ഷകരുടെയും മനസിലേക്ക് മലയാള സിനിമ ഇതുവരെ നിർമിച്ചുവെച്ച ബോധത്തെ ഒരേ സമയം അത് പൊളിക്കുകയും അതൊടൊപ്പം തന്നെ ‘പുതിയ’ നിർമ്മിതികൾ മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്. മുസ്‍ലിം അപരത്വത്തെയാണ് മുഖ്യമായും കഥയിൽ ഉൾച്ചേർത്തിരിക്കുന്നത്. എന്നാൽ അതിന്റെ പ്രമേയത്തെ സംബന്ധിച്ച ചർച്ചകളിലേക്കല്ല മറിച്ച്, ഈ സിനിമയെ മുൻനിർത്തി വന്ന ചില വായനകളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണിവിടെ.
സിനിമ പ്രത്യക്ഷ്യത്തിൽ മുസ്‍ലിം സംഘടന ജീവിതത്തിന്റെ കലാപരമായ പ്രാതിനിധ്യത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് ഒറ്റ നിരീക്ഷണത്തിൽ പറയാമെങ്കിലും അത്തരമൊരു ജീവിതത്തിന്റെ കേവലമായ പ്രാതിനിത്യത്തിന്റെ ദൃശ്യാവിഷ്ക്കാരമല്ല ഹലാൽ ലൗ സ്റ്റോറി. അത് ഒരേ സമയം സിനിമകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മുസ്‍ലിം ജീവിതത്തിന്റെ അവതരണം എന്നതുപോലെ മുസ്‍ലിം സംഘടിത ജീവിതത്തിന്റെ പല തരത്തിലുള്ള ഫിക്സേഷനുകളെ കൂടി പങ്കുവെക്കുന്നുണ്ട്. ഇത്തരം ഫിക്സേഷനുകളോട് സിനിമ വിമർശനാത്മകമായ സമീപനമാണ് കൈക്കൊള്ളുന്നത്. ഹലാലിന്റെ ക്ലൈമാക്സിൽ ഭാര്യ ഭർത്താവ് തമ്മിലുള്ള കെട്ടിപിടുത്തം പ്രശ്‌നകരമായ ഒരു സംഗതിയായി മാറുന്നുണ്ട്. അതിനെ തുടർന്ന് ആ സീൻ സിനിമയിൽ ചേർക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. ഇതിന് കാരണമായി പറയുന്നത് അത്തരം സീനുകൾ പ്രശ്നമാണ് എന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾക്ക് കൂടി വേണ്ടിയാണ് ഞങ്ങൾ സിനിമ നിർമിക്കുന്നത് എന്നാണ്. എന്നാൽ സിനിമക്ക് പുറത്തെ യഥാർഥ സിനിമയിൽ അതൊരു പ്രശ്നമുള്ള സംഗതിയായി മാറുന്നുമില്ല. ഇവിടെയാണ് സിനിമക്കകത്തെ പ്രതിനിധാന യുക്തിയുടെ യഥാർത്ഥ മർമം. സിനിമയിലെ സംഘർഷം സിറാജ് എന്ന ‘പൊതു’വും തൗഫീഖ് എന്ന മുസ്‌ലിമും തമ്മിൽ അല്ല. ഹലാൽ എന്ന സിനിമയും അതിനുള്ളിലുള്ള സിനിമയും തമ്മിലാണ്. അഥവാ ഹലാലിന്റെ നിർമാതാക്കളുടെ യഥാർത്ഥ അന്തസംഘർഷമാണ് ഹലാൽ ലൗ സ്റ്റോറി.
സിനിമയിൽ പ്രാധാന്യമുള്ളതായി വരുന്ന മറ്റൊരു ഭാഗം ഇതേ സീനിൽ തന്നെയാണ്. സിനിമയിൽ കെട്ടിപിടിക്കാൻ വേണ്ടി ആലോചിക്കുന്ന സന്ദർഭത്തിൽ കെട്ടിപിടിത്തം ലൈംഗികമായ ഒന്നാണ് എന്ന മുൻധാരണ കൂട്ടത്തിലെ ഭൂരിഭാഗം ആളുകളുടെയും സങ്കല്‍പത്തിൽ ഉണ്ട്. ആ സങ്കൽപത്തെ പുതിയ രീതിയിൽ സമീപിക്കുകയാണ് സിനിമയിലെ ഭാര്യ ഭർത്താവ് തമ്മിലുള്ള സംഭാഷണത്തിലൂടെ സംഭവിക്കുന്നത്. ഇതിലൂടെ പ്രധാനമായും രണ്ട് സംഗതികൾ ആണ് പറഞ്ഞുവെക്കുന്നത്. ഒന്ന്, ഭാര്യയെ കെട്ടിപിടിക്കുക എന്നത് കേവലം ലൈംഗീകതയുടെ കണ്ണാടിയിലൂടെ മാത്രം നോക്കി കാണേണ്ട ഒന്നല്ലെന്നും അതിന് സ്നേഹബന്ധത്തിന്റെ വ്യത്യസ്ത ആവിഷ്ക്കാരങ്ങളുടെ സാധ്യത ഉണ്ട് എന്നും വ്യക്തമാക്കുന്നു. രണ്ട്, ഒന്നാമത്തെ നിരീക്ഷണത്തെ വേറൊരർഥത്തിൽ അപനിർമിച്ചുകൊണ്ട് എന്നാൽ അപ്രസക്തമാക്കികൊണ്ടല്ലാതെ നിർവഹിക്കപ്പെടുന്ന ഒന്നാണ്. അതായത് ഭാര്യ ഭർത്താക്കന്മാർ തമ്മിലെ ബന്ധത്തിലെ ലൈംഗീകവും ലൈംഗീകമല്ലാത്തതുമായവയെ വേർതിരിച്ച് മനസിലാക്കൽ അസാധ്യമായ സംഗതിയാണ്. ഈ രണ്ട് വീക്ഷണത്തെയും ഉൾക്കൊണ്ടുകൊണ്ട് സിനിമയെ സമീപിക്കുമ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് സിനിമ പങ്കുവെക്കുന്ന കെട്ടിപിടുത്തം ‘അലൈംഗികമായ’ സ്നേഹാശ്ലേഷണം ആണെങ്കിലും അവർ രണ്ടുപേരെ സംബന്ധിച്ച് അതിന്റെ അനുഭവപരമായ ഉള്ളടക്കത്തെ ലൈംഗീക/അലൈംഗീക ദ്വന്ദ്വത്തിൽ മനസിലാക്കാൻ പ്രയാസമുള്ളതാണ്. അതിനാൽ തന്നെ ഒന്നാമത്തെ നിരീക്ഷണത്തെ മുൻനിർത്തി ഹലാൽ ലൗ സ്റ്റോറിയിൽ കെട്ടിപിടുത്തെ കാണിക്കാനും അതിനകത്തെ സിനിമയിൽ മറ്റൊരു യുക്തിയിൽ കാണിക്കാതിരിക്കാനുമുള്ള സാധ്യതയെ അന്വേഷിക്കുകയാണ് സിനിമ. അഥവാ ഇത് കേവലം സിറാജിന്റെ തൗഫീഖിന്റെയോ സക്കരിയ്യയുടെയോ മാത്രം സിനിമയല്ല ഇവർ എല്ലാവരുടേതുമാണ്. എന്നാൽ കാഴ്ചയുടെ വിപ്ലവകരമായ രീതിയുടെ പരീക്ഷണമാണ് ഹലാൽ ലൗ സ്റ്റോറി.
സിനിമയെ വിമർശനാത്മകയി സമീപിച്ചവർ തന്നെ രണ്ട് തരം ഉണ്ട് എന്ന് കാണാം. സിനിമയുടെ സാങ്കേതികതയെ മുൻനിർത്തി വിമർശിച്ചവരും സിനിമയുടെ രാഷ്ട്രീയത്തെ വിമർശിച്ചവരും ഇതിൽ രാഷ്ട്രീയ വിമർശനത്തിന്റെ ആകെത്തുക നിലവിൽ മലയാള സിനിമക്കകത്ത് നിലനിൽക്കുന്ന ‘ക്ഷമാപണ സ്വരമുള്ള’ മുസ്‌ലിങ്ങളെ നിലനിർത്തുകയും അതേ സമയം തന്നെ മുസ്‌ലിം സ്വയം കർതൃത്വത്തെ നിരാകരിക്കുകയും ചെയ്യുന്നു. തന്മൂലം മുസ്‌ലിംവിരുദ്ധ വരേണ്യബോധ സങ്കല്പത്തിനപുറത്തേക്ക് മുസ്‌ലിം പ്രാതിനിധ്യം കടക്കുന്നതിനെ അവ തടഞ്ഞു നിർത്തുന്നു.
ചുരുക്കത്തിൽ മുസ്‌ലിംകളെ കുറിച്ച് സിനിമ എടുക്കുന്നതല്ല മുസ്‌ലിംകൾ സ്വയം കർതൃത്തിൽ സിനിമ എടുക്കുന്നതാണ് ഇവിടെ പ്രശ്നവത്കരിക്കപ്പെടുന്നത് എന്ന് കാണേണ്ടതാണ്.
ആത്തിഫ് ഹനീഫ്
ആത്തിക്ക് ഹനീഫ്