ഖബീബ് – പോരാട്ടത്തിന്റെ പുത്തൻ ശബ്ദം

ഇസ്‌ലാമോഫോബിയക്കെതിരെയുള്ള ഒരു ഉപകരണമെന്നോണമാണ് ഓരോ മുസ്‌ലിം കായികതാരത്തെയും മുസ്‌ലിം ലോകം വീക്ഷിക്കുന്നത്. പടിഞ്ഞാറൻ അസ്തിത്വത്തിന്റെ അനിവാര്യത അറിയിക്കാനും അധികാരം നിയന്ത്രിക്കാനുമാണ് പാശ്ചാത്യർ ഇസ്‌ലാമിനെ ഒരു അവിഭാജ്യ ശത്രുവാക്കി(Indispensable enemy) പ്രതിഷ്ഠിച്ചത്. 9/11 ശേഷം മുസ്‌ലിം എന്നാൽ തീവ്രവാദിയെന്നും തീവ്രവാദിയെന്നാൽ മുസ്‌ലിമുമാണെന്ന തെറ്റായ സമവാക്യം രൂപപ്പെടുത്തി ലോകമെമ്പാടും വിന്യസിപ്പിക്കുന്നതിന് മുഖ്യധാര മാധ്യമങ്ങളായ ‘ന്യൂയോർക്ക് ടൈംസ്, ദി ഗാർഡിയൻ ‘ പോലുള്ളവ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. കായികതാരം കളം നിറഞ്ഞു കളിക്കുന്നതിനുപരി തന്റെ സ്വതത്തെ വെളിപ്പെടുത്തുന്നതിനും ആദർശത്തെ നിസ്സങ്കോചം പ്രഖ്യാപിക്കുന്നതിനും വമ്പിച്ച ജനസ്വീകാര്യത കിട്ടുന്നു എന്നതാണ് വാസ്തവം.  ഈജിപ്ഷ്യൻ ഫുട്ബോളർ മുഹമ്മദ്‌ സലാഹിന്റെ ഓരോ ഗോളുകളും ചെന്നുപതിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ നെഞ്ചത്തേക്കാണെന്നുള്ള വായനകളും  കാണാവുന്നതാണ്.


അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്(UFC 254) കിരീട ജേതാവായി ഒരിക്കൽ കൂടി ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഖബീബ് മഗോമെദോവ് എന്ന റഷ്യക്കാരൻ. ചാമ്പ്യൻഷിപ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ മുസ്‌ലിം കൂടിയാണ് ഖബീബ്. 2018-ൽ നടന്ന UFC 229 ല്‍ കോണർ മാക് ഗ്രിഗറുമായിട്ടുള്ള ഏറ്റുമുട്ടലിലൂടെയാണ് ഖബീബ് തന്റെ പ്രശസ്തി കൈവരിക്കുന്നത്. ബോക്സർ മുഹമ്മദ്‌ അലിയെപ്പോലെ ഖബീബ് സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. എന്നിരുന്നാലും മുസ്‌ലിമായതിന്റെ പേരിൽ ഒരുപാട് വിദ്വേഷങ്ങൾക്ക് അദ്ദേഹം പലവുരു പാത്രമാവേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് 2018-ൽ മാക് ഗ്രിഗറുമായിട്ടുള്ള മത്സരത്തിനോടാനുബന്ധമായി നടന്ന സംഭവവികാസങ്ങൾ. ഖബീബ് ബസ്സിൽ യാത്രചെയ്തു കൊണ്ടിരിക്കെ മാക് ഗ്രിഗർ ബസ്സിന്റെ ഗ്ലാസ്‌ തകർത്തതും ഖബീബിനെയും പരീശീലകനെയും തീവ്രവാദി എന്ന് ആക്ഷേപിച്ചതും. മാത്രമല്ല മദ്യം കഴിക്കില്ലെന്ന് അറിഞ്ഞിട്ടും ഖബീബിന് മദ്യം നീട്ടിയപ്പോൾ ഖബീബ് അത് നിരസിച്ചതും അദ്ദേഹത്തെ മതത്തിന്റെ പേരിൽ നിന്ദിച്ചതുമെല്ലാം ഗ്രിഗറിയുടെ വംശവെറിയെയും ഇസ്‌ലാം വിരുദ്ധതയെയും  വരച്ചിടുന്നുണ്ട്. ഇസ്‌ലാമിന് വേണ്ടിയല്ലാതെ പണത്തിനു വേണ്ടി സംഘട്ടനത്തിൽ ഏർപെടുന്നു എന്ന തെറ്റായ ആരോപണത്തിന് വിധേയനാവുകയും അതിന്റെ പേരിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (IS) ൽ നിന്നും ഖബീബിന് ഭീഷണി നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. EA സ്പോർട്സ് 2006-ൽ പുറത്തിറക്കിയ UFC 2 എന്ന വീഡിയോ ഗെയിമിൽ ഖബീബിന്റെ വിജയത്തിന് ശേഷമുള്ള  ആഘോഷത്തെ അദ്ദേഹം  ഉയർത്തുന്ന ഇസ്‌ലാമിക മൂല്യങ്ങൾക്ക് പ്രതിലോമകരമായി ചിത്രീകരിച്ചിരുന്നു. ഇതിനെ ഖബീബ് ചോദ്യം ചെയ്യുകയും തദ്വാരാ കമ്പനി ക്ഷമ ചോദിക്കുകയും തങ്ങൾക്ക് സംഭവിച്ച തെറ്റ് അവർ തിരുത്തുകയും ചെയ്തു.

ഇങ്ങനെയെല്ലാമാണെങ്കിലും ഇസ്‌ലാമോഫോബിയയും വംശീയതയും ചോദ്യചിഹ്നങ്ങളായി ഉയരുന്നിടത്ത് ആഭ്യന്തര ഭിന്നതകൾക്കപ്പുറം ഖബീബിന് മുസ്‌ലിങ്ങൾക്കിടയിൽ നിന്ന് വമ്പിച്ച പിന്തുണ ലഭിക്കുന്നതായി കാണാൻ കഴിയും. അഷ്ടഭുജത്തിലെ (Octagon) പ്രകടനത്തിലൂടെ കാണികളെ ഹർഷാരവം കൊള്ളിപ്പിച്ചതിലുപരി ഒട്ടനവധി ജീവിതപാഠങ്ങൾ നൽകിക്കൊണ്ടാണ് ഖബീബ് എന്നന്നേക്കുമായി കളം വിട്ടത്. അദ്ദേഹത്തിന്റെ പിതാവും പരിശീലകനുമായ അബ്ദുൽ മാനാഫ് നർമാഗോമേദോവ് മുൻ സൈനികനും ‘സാംബോ’ (റഷ്യൻ ആയോദന കല) ചാമ്പ്യനുമാണ്. അദ്ദേഹം സ്വന്തമായി ജിം നടത്തിയിരുന്നു. അവിടെ നിന്നാണ് ഖബീബ് മാർഷ്യൽ ആർട്സിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നത്. ഖബീബ് മാതാപിതാക്കളോട് അങ്ങേയറ്റം അനുസരണയും ആദരവും വെച്ചുപുലർത്തുന്ന ഒരാളാണ്. ചെറുപ്പകാലത്ത് തന്നെ പിതാവിനോടൊപ്പം ഡാജസ്ഥാനിലെ 2000 അടിയോളമുള്ള പർവതങ്ങൾ കയറിയിറങ്ങിയും  കൊടുംതണുപ്പുള്ള പുഴയിൽ നീന്തിയും ഭാവിയെ മനോഹരമാക്കാൻ ഒരുങ്ങിയിരുന്നു. അതുകൂടാതെ ഖബീബ് ഒൻപതാം വയസുമുതൽ  കരടിയോടൊപ്പമുള്ള ഏറ്റുമുട്ടൽ പരിശീലനത്തിന്റെ ഭാഗമാക്കിയിരുന്നു എന്നത്  കൗതുകമുളവാക്കുന്ന സംഗതിയാണ്. ഈ കഠിനപ്രയത്നത്തിന്റെ ഫലം റിങ്ങിൽ എല്ലാവിധ വീര്യത്തോടുകൂടിയും പ്രതിഫലിക്കുന്നത് നമുക്ക് കാണുവാൻ  കഴിഞ്ഞിരുന്നു. ജസ്റ്റിൻ ഗെയ്ത്ജെയുമായുള്ള മത്സരത്തിന് ശേഷം ഖബീബ്  “അല്‍ഹംദുലില്ലാഹ്, ദൈവം എനിക്ക് എല്ലാം നല്‍കി” (Alhamdulillah God gave me everything) എന്നു പറയുന്നതിലൂടെ അദ്ദേഹത്തിന്റെ അചഞ്ചലമായ ദൈവവിശ്വാസം നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇടവിട്ടുള്ള ‘ഇൻശാ അല്ലാഹ്, അൽഹംദുലില്ലാഹ്’ പോലോയുള്ള പ്രയോഗങ്ങൾ വഴി തന്റെ സ്വത്വത്തെ സധൈര്യം ലോകത്തോട് വിളിച്ചു പറയുകയാണ് ഖബീബ് ചെയ്യുന്നത്. ‘പൊതു’ ആവാൻ വേണ്ടി യഥാർത്ഥ സ്വത്വത്തെ പണയം വെക്കുന്ന മുഖ്യധാരാ സെലിബ്രിറ്റികൾക്ക് ഭിന്നമായി ഒരു രേഖ വരച്ചിടുകയാണ് ഖബീബ്. അദ്ദേഹത്തിലുൾചേർന്നിട്ടുള്ള ദൈവഭക്തിയും സ്വഭാവഗുണങ്ങളും മുസ്‌ലിമായതിന്റെ പേരിൽ ആക്രമിക്കപ്പെടുന്ന ജനതക്ക് വിശിഷ്യ യുവാക്കൾക്ക് പോരാടാനുള്ള പ്രചോദനം തന്നെയാണ്. UFC ചാമ്പ്യൻ പട്ടം ലഭിച്ചിട്ടും മാതാവിന് കൊടുത്ത വാക്ക് പാലിക്കുന്നതിൽ യാതൊരു സങ്കോചവും കാണിക്കാത്ത ഖബീബിന്റെ ജീവിതം വ്യക്തമായ പാഠങ്ങളാണ് മാനവരാശിക്ക് പകർന്നു നൽകുന്നത്.

ലോകം കണ്ട എക്കാലത്തെയും വലിയ ബോക്സർ മുഹമ്മദ്‌ അലിയുടെ ജീവിതവുമായി ഖബീബിനെ താരതമ്യം ചെയ്യുന്ന ചർച്ചകളും ഒരു ഭാഗത്തു നടക്കുന്നുണ്ട്. മുഹമ്മദ്‌ അലി 1960 മുതൽ 70-വരെ ഹെവി വെയ്റ്റ് ഡിവിഷനിൽ ശക്തമായ ആധിപത്യം ഉറപ്പിച്ച ഒരാളായിരുന്നു. അതേസമയം ഖബീബ് സ്വീകരിച്ചത് സംയമിത സമീപനമായിരുന്നു. ഖബീബിന്റെ രാഷ്ട്രീയ കാര്യങ്ങളിലുള്ള നിശബ്ദത ഒരുകാലത്ത് വംശീയവും മതപരവുമായ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പൊരുതുകയും ചെറുത്തുനിൽക്കുകയും ചെയ്ത മുഹമ്മദ്‌ അലിയുമായി താരതമ്യം ചെയ്യുന്നതിന് അർത്ഥമില്ല. അന്നത്തെ സാഹചര്യത്തെക്കാൾ ഏറെ ഭിന്നതയുള്ളതാണ് ഖബീബിന്റെത്. ഇസ്‌ലാമോഫോബിയ മൂർദ്ധന്യാവസ്ഥയിൽ ലോകമൊട്ടുക്കെ കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഖബീബിന്റെ വിജയത്തെ തുടർന്നുള്ള ഇസ്‌ലാമിക മൂല്യങ്ങൾ എടുത്തുകാണിക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ഏൽക്കുന്ന കനത്ത പ്രഹരം വീക്ഷിക്കാനാവുന്നതാണ്. ഈയടുത്ത് ഖബീബ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മതനിന്ദകനും ഇസ്‌ലാം വിരുദ്ധ പ്രചരണങ്ങൾ പടച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണിന്റെ മുഖത്ത് ഷൂവിന്റെ പാട് പതിപ്പിച്ച ചിത്രവും ഒപ്പമുള്ള മക്രോണിന്റെ മുഖം ദൈവം വികൃതമാക്കികൊള്ളട്ടെ എന്നു തുടങ്ങുന്ന പ്രാർത്ഥനയും അടങ്ങിയ അടിക്കുറിപ്പ് പ്രചുരപ്രചാരം നേടികൊണ്ടിരിക്കുകയാണ്. ബൈനറികളില്‍ നിന്ന് മുസ്‌ലിം സ്വത്വം വിമോചിതമായിക്കൊണ്ടിരിക്കുന്ന ഈ സവിശേഷ സന്ദര്‍ഭത്തില്‍ മുസ്‌ലിമാവുക എന്നതിന്റെ അര്‍ത്ഥ തലങ്ങളെ കണ്ടെത്തുന്നതില്‍ ഹാമിദ് ദബാഷി ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് പറയാം. ഞാനൊരു മുസ്‌ലിമാണെന്ന് അപകര്‍ഷതയില്ലാതെ, ആത്മാഭിമാനത്തോടെ പൊതുമധ്യത്തില്‍ വെച്ച് വിളിച്ച് പറയലാണ് മുസ്‌ലിമാവലിന്റെ സുപ്രധാന തലം. ലേഖനത്തിന്റെ തുടക്കത്തിൽ പരാമര്‍ശിച്ച മുഹമ്മദ് സലാഹിന്റെ ബാഹ്യ പ്രകടനം പ്രസക്തിയാര്‍ജിക്കുന്നത് ഇവിടെയാണ്. നിസ്സംഗത പുലര്‍ത്താതെ മുസ്‌ലിം ബോധത്തെ പരസ്യമായി പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് പോസ്റ്റ് വെസ്റ്റിലെ മുസ്‌ലിം പ്രവര്‍ത്തിക്കേണ്ടത്.‘ ഈ ലോകത്ത് ഒരു മുസ്‌ലിമാവണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വാക്കുകളിലൂടെ തന്നെ കടന്നു വരണം, നിങ്ങളുടെ സ്ഥാനത്തേക്ക് നിങ്ങള്‍ സമര്‍പ്പിക്കപ്പെടണം, നിങ്ങള്‍ക്കൊരിക്കലും മുസ്‌ലിങ്ങളെക്കുറിച്ച് ‘അവര്‍’ എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കാനാവില്ല, കാരണം നിങ്ങളും ഒരു മുസ്‌ലിമാണല്ലോ’ എന്ന് ദബാശി വിശദീകരിക്കുന്നു.

തന്നെ മുഹമ്മദ്‌ അലിയുമായി താരതമ്യം ചെയ്യുന്നതിൽ ഖബീബ് തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്  “അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യണമെങ്കിൽ എനിക്ക് ആ വർഷങ്ങളിലേക്ക് തിരിച്ചുപോയി കറുത്തവനായി ഒരു ചാമ്പ്യനാകേണ്ടതുണ്ട്.  അതിനുശേഷം, അത്തരം സാഹചര്യങ്ങളിൽ ഞാൻ എങ്ങനെ പെരുമാറുമെന്ന് നമ്മൾ കണ്ടു തന്നെ അറിയണം”.

എന്നിരുന്നാലും, ചുരുങ്ങിയ കാലം കൊണ്ട് ജന്മനസ്സുകളിൽ മുഖ്യസ്ഥാനം പിടിച്ചെടുക്കാൻ കഴിഞ്ഞുവെന്നതിൽ ഖബീബിനെ മറ്റു പ്രമുഖ തരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു. പിതാവിന്റെ സാന്നിധ്യത്തോടുകൂടിയല്ലാതെ റിങ്ങിൽ കയറരുതെന്ന മാതാവിന്റെ വാക്കിന് വിലകൽപ്പിച്ചു വികാരഭരിതനായി കളം വിടുന്ന രംഗം  ഈറനണിഞ്ഞുകൊണ്ടല്ലാതെ കാണാൻ കഴിയില്ല.

 

മുഹമ്മദ്‌ താഹിർ

11 thoughts on “ഖബീബ് – പോരാട്ടത്തിന്റെ പുത്തൻ ശബ്ദം

  1. Excellent way of telling, and good article to obtain facts on the topic of my presentation subject matter, which i am going to convey in college. Haley Byrom Drusus

  2. For the reason that the admin of this website is working, no uncertainty very rapidly it will be well-known, due to its feature contents. Nikaniki Edgardo Stanwinn

Leave a Reply

Your email address will not be published. Required fields are marked *