ജോര്‍ജ് ഫ്‌ളോയിഡ്, ടോണി മക്‌ഡോഡ്, സീന്‍ റീഡ്, ബ്രയോന്ന ടൈലര്‍, അഹ്മദ് ആര്‍ബറി എന്നീ നാമങ്ങളെല്ലാം കേവലം ആഫ്രോ അമേരിക്കന്‍ രക്തസാക്ഷികളുടെ അക്ഷരങ്ങൾക്കപ്പുറം പ്രതിഷേധ സമരങ്ങളുടെ ഊര്‍ജകേന്ദ്രങ്ങളായി വികസിക്കുന്ന രംഗമായിരുന്നു ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളില്‍ ഹൃദ്യമായി തോന്നിയ കാഴ്ച. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് അഞ്ച് മാസം ബാക്കി നില്‍ക്കെ അധികാര കേന്ദ്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അരങ്ങേറിയ ബ്ലാക് മൂവ്‌മെന്റുകള്‍ ഇതപര്യന്തമുള്ള വംശീയ ചരിത്രത്തിലെ വഴിത്തിരിവായി മാറുമെന്ന് വീക്ഷിക്കപ്പെടുന്നത് അതുകൊണ്ടായിരിക്കണം. മിനിയപോളീസ് പോലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാലിനടിയിലിട്ട് ഞെരിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ മാത്രമുള്ള പ്രതിഷേധമായിരുന്നില്ല, മറിച്ച് ദശാബ്ദങ്ങളായി അനുഭവിക്കുന്ന വംശീയ അരികുവല്‍ക്കരണത്തിന്റെയും പീഡനങ്ങളുടെയും ഞെരിപ്പോടില്‍ നിന്ന് ആളിക്കത്തിയ സമരജ്വാലകളായിരുന്നു ലോകത്തുടനീളം പടര്‍ന്നുപിടിച്ചത്.
ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, മെയ് 26 നും ജൂണ്‍ 5 നുമിടയില്‍ 40 സംസ്ഥാനങ്ങളിലായി പോലീസ് രൂക്ഷമായി ഇടപെട്ട 125 സംഭവങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. പ്രതിരോധ സാധ്യതകളില്ലാത്തതും അപ്രതീക്ഷിതവുമായി വളര്‍ന്നു വന്ന സമരങ്ങള്‍ നേരിടുന്നതില്‍ അമേരിക്കന്‍ പോലീസ് സ്വീകരിച്ച രീതികള്‍ അപക്വമായിരുന്നുവെന്നും സമാധാനപരമായി സമരം ചെയ്യാനുള്ള ഭരണാഘടനാ അവകാശം പോലും നഗ്നമായി ലംഘിക്കപ്പെട്ടുവെന്നും പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കണ്ണീര്‍ വാതകവും ജലപീരങ്കിയും പെപ്പര്‍ സ്‌പ്രേയുമെല്ലാം യഥോചിതം ഉപയോഗിക്കപ്പെട്ടുവെന്ന് മാത്രമല്ല, പ്രതിഷേധകര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും വിവിധ സമരങ്ങളിലായി ഇരുപതിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കില്‍ക്കൂടി, സ്റ്റീഫന്‍ ക്ലാര്‍ക്, ഫിലാന്‍ഡോ കാസില്‍, ആള്‍ടണ്‍ സ്‌റ്റേര്‍ലിങ്, വാള്‍ടര്‍ സ്‌കോട്ട്, താമിര്‍ റൈസ്, മൈക്കല്‍ ബ്രൗണ്‍, എറിക് ഗര്‍ണര്‍ തുടങ്ങി സമീപ കാലത്ത് കൊല്ലപ്പെട്ട ആഫ്രോ അമേരിക്കക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമരങ്ങളേക്കാള്‍ ബഹുജന പങ്കാളിത്തവും വിജയവും കൈവരിച്ചത് ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകാനന്തരം അമേരിക്കയിലും അറുപതിലധികം രാജ്യങ്ങളിലും ഉടലെടുത്ത സമരങ്ങളാണെന്നാണ് വസ്തുത.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞതുപോലെ അടിച്ചമര്‍ത്തുന്നവന്റെ ഔദാര്യത്തിലൂടെയല്ല, അടിച്ചമര്‍ത്തപ്പെടുന്നവന്റെ പോരാട്ടങ്ങളിലൂടെയാണ് സ്വാതന്ത്ര്യം ലഭിക്കേണ്ടതെന്ന വാക്യത്തിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു ഓരോ പ്രക്ഷോഭ പരിപാടികളും. കാത്തിരിക്കൂ എന്ന വാചകങ്ങള്‍ ഒരിക്കലുമില്ല എന്ന വാക്കിന്റെ മറുവാക്കായിരുന്നെങ്കില്‍ ഇനി മുതല്‍ തങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല എന്നതിന്റെ തീവ്രമായ പ്രയോഗവല്‍ക്കരണമാണ് ബ്ലാക്ക് മൂവ്‌മെന്റുകള്‍ വിളംബരം ചെയ്തത്. മാത്രവുമല്ല, അത് ദേശാന്തരമാനം കൈവരിക്കുകയും ആഗോള തലത്തിലെ വംശീയ അടിമത്ത വിരുദ്ധ സമരമായി മാറുകയും ചെയ്തുവെന്നും ശ്രദ്ധേയമാണ്. വാസ്തവത്തില്‍, 1960 കളിലെ അമേരിക്കന്‍ പൗരാവകാശ കാലങ്ങളില്‍ പോലുമില്ലാത്ത തരത്തിലാണ് അന്താരാഷ്ട്ര പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്ന് ടിഫാനി ഡ്രൈടോണ്‍ നിരീക്ഷിക്കുന്നത് ഈയര്‍ഥത്തില്‍ പ്രസക്തമാണ്.
അമേരിക്കക്കാരന്‍ എന്ന പദത്തിന്റെ വ്യാവഹാരികാര്‍ഥം ‘വെള്ളക്കാരന്‍’ എന്ന് മാത്രമാണെന്നും അവരല്ലാത്തവരെല്ലാം ഹൈഫനേറ്റ് ചെയ്യപ്പെടുകയാണെന്നുമായ ഏന്‍ജലോ പറയുന്ന വസ്തുത, നീതി ലബ്ദിക്കും മാന്യമായ അസ്തിത്വ പ്രതിനിധാനത്തിനുമുള്ള ബ്ലാക്ക് മൂവ്‌മെന്റുകളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. ജോര്‍ജ് ഫ്‌ളോയിഡ് സംഭാവാനന്തരം ഉയിര്‍കൊണ്ട സമരങ്ങള്‍ ഒരര്‍ഥത്തില്‍ പൂര്‍ണമായ പൗരാവാശത്തിന് വേണ്ടിയുള്ള സമരം തന്നെയാണ്. എന്നാല്‍, വംശീയ മേധാവിത്വവും അധികാരി വര്‍ഗവും മാത്രമല്ല, മാധ്യമ തമ്പുരാക്കന്മാരിലധികവും പ്രശ്‌നം സൂക്ഷ്മാര്‍ഥത്തില്‍ വിശകലനം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ‘കൊള്ള ആരംഭിക്കുമ്പോള്‍ വെടിവെയ്പ്പും ആരംഭിക്കുമെന്ന’തടക്കമുള്ള ഡെണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും കര്‍ഫ്യൂവും പോലീസുകാരും പ്രക്ഷോഭകരും തമ്മിലെ സംഘട്ടനങ്ങളും തമ്മില്‍ കൂട്ടിക്കുഴച്ച് ഘടനാപരമായ വംശീയതയും ബ്ലാക്ക് അമേരിക്കന്‍ അസ്തിത്വ പ്രശ്‌നങ്ങളും അവഗണിച്ച മാധ്യമ നിലപാടുകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണ്. അമേരിക്കന്‍ മാധ്യമ നിരീക്ഷണ സ്ഥാപനമായ ഫെയര്‍ പുറത്തു വിട്ട നിരീക്ഷണ പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദത്തില്‍ പെട്ട ഒരു ഉന്നത പട്ടാള കമാന്‍ഡര്‍ പോലും പരസ്യമായി പ്രസിഡന്റിനെ വംശീയാക്ഷേപം നടത്തുന്ന പോസ്റ്റ് ട്രൂത് കാലത്ത് മറിച്ചൊന്ന് പ്രതീക്ഷിക്കുന്നത് തന്നെ വങ്കത്തമാണ്.
വംശീയതയും അടിമത്തവും
അമേരിക്കയിലെ വെള്ളവംശീയതയുടെയും അടിമത്ത മനോഭാവങ്ങളുടെയും കരണത്തേറ്റ മാരക പ്രഹരമായിരുന്നു ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍. ചരിത്രപരമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിയ വ്യവസ്ഥാപിതമായ വംശീയ അടിമത്തം വര്‍ത്തമാന സാഹചര്യങ്ങളിലും തുടര്‍ച്ചയറ്റു പോകാതെ പ്രബലമായി തന്നെ നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവുകളാണ് ആഫ്രോ അമേരിക്കക്കാര്‍ നേരിടുന്ന വിവേചനങ്ങളും അവഗണനകളുമെല്ലാം. ആഫ്രിക്കന്‍ നാടുകളില്‍ നിന്നും അടിമവേലകള്‍ക്കായി കറുത്ത വംശജരെ കടല്‍ കടത്തുന്നതു മുതല്‍ക്ക് ആരംഭിക്കുന്ന വംശീയ വിവേചനത്തിന്റെയും വര്‍ണവെറിയുടെയും ചരിത്രം ഞെട്ടറ്റുപോവാതെ കാലാന്തരങ്ങളില്‍ രൂപപരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത് തന്നെ രൂഢമൂലമായ അതിന്റെ അസ്തിത്വമാണ് കാണിക്കുന്നത്.
1619-ലാണ് ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ അടിമകള്‍ വിര്‍ജിനയിലെ ജെയിംസ് ടൗണില്‍ കപ്പലിറങ്ങിയത്. സ്വശരീരം, തൊഴില്‍, കുടുംബം, സ്വത്ത് എന്നിവയിലൊന്നും ഉടമസ്ഥാവകാശമില്ലാതിരുന്ന ആഫ്രിക്കന്‍ വംശജര്‍ അമേരിക്കന്‍ സാമൂഹിക ഘടനയുടെ അവിഭാജ്യഘടകമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. എന്നാല്‍, ഒരു നൂറ്റാണ്ട് തികയുന്നതോടെ അടിമ വ്യവസായത്തിനെതിരെ ശബ്ദമുയരാന്‍ തുടങ്ങുന്നുണ്ട്. 1860-ല്‍ എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായി വന്നതോടെ അടിമത്ത വിരുദ്ധമായ അദ്ദേഹത്തിന്റെ നയങ്ങളെ എതിര്‍ത്തുകൊണ്ടാണ് തെക്ക് പ്രവിശ്യക്കാര്‍ ജെഫെഴ്‌സണ്‍ ഡേവിസിന്റെ കീഴില്‍ കോണ്‍ഫഡറേറ്റ്‌സ് പ്രവിശ്യാ ഭരണം സ്ഥാപിച്ചത്. ലിങ്കണിന്റെ കീഴിലുള്ള യൂണിയന്‍, കോണ്‍ഫഡറേറ്റ്‌സിനെതിരെ യുദ്ധത്തിനിറങ്ങുന്നതിന് സാഹചര്യമൊരുങ്ങിയത് അങ്ങിനെയാണ്. യുദ്ധത്തില്‍ വിജയിച്ചതോടെ 1863ല്‍ ലിങ്കണ്‍ അടിമത്ത നിരോധനം പ്രഖ്യാപനം നടത്തിയെന്ന് മാത്രമല്ല, കോണ്‍ഫഡറേറ്റ്‌സിന് തങ്ങളുടെ കീഴിലുള്ള അടിമകളെ സ്വാതന്ത്ര്യരാക്കേണ്ടി വരികയും ചെയ്തു. വാസ്തവത്തില്‍, പൂര്‍ണ സമ്മതത്തോടെയല്ല കോണ്‍ഫഡറേറ്റ്‌സ് ഭരണം അടിമത്ത നിരോധനം നടപ്പാക്കിയത് എന്നതിന്റെ തെളിവായിരുന്നു ഡേവിസ് അനുകൂലിയായിരുന്ന ജോണ്‍ ബൂതിന്റെ വെടിയേറ്റ് 1865ല്‍ ലിങ്കണ്‍ കൊല്ലപ്പെട്ട സംഭവം.
1852-ല്‍ പ്രസിദ്ധീകരിച്ച ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവി (1811-1896)ന്റെ ‘അങ്കിള്‍ ടോമ്‌സ് കാബിന്‍’, 1845ല്‍ പുറത്തിറങ്ങിയ ഫ്രെഡറിക് ഡഗ്ലസി (1818-1895)ന്റെ ആത്മകഥ എന്നീ പുസ്തകങ്ങള്‍ അക്കാലത്ത് അടിമത്തം ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. ക്രൈസ്തവ മത പശ്ചാത്തലമുള്ള ക്വേക്കേഴ്‌സ് 1776-ല്‍ തന്നെ അടിമക്കച്ചവടവും അടിമത്തവും നിരോധിക്കുകയും കോണ്‍ഗ്രസിനോട് തദ്വിഷയകമായി സമത്വപൂര്‍ണമായ നിലപാട് കൈകൊള്ളുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി അടിമത്ത വിരുദ്ധമായ നിലപാടെടുത്ത പ്രഥമ വിഭാഗമായിരുന്നു ക്വേക്കേഴ്‌സ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സെനഗലീസ് വംശജനായ കരോലിനയിലെ ഒമര്‍ ബിന്‍ സൈദും (1770-1864) പ്രീ അബോലിഷനിസ്റ്റ് ഹീറോ ആയ അബ്ദുറഹ്മാന്‍ ഇബ്രാഹീമു(1762-1829)മെല്ലാം കറുത്തവര്‍ക്ക് അനുകൂലമായ മനോഭാവം രൂപപ്പെടുത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച നേതാക്കളാണ്.
പത്തൊമ്പതാം നൂറ്റാണ്ടോടു കൂടെ പ്രസംഗം, പുസ്തകം, ബഹിഷ്‌കരണം, സമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍ തുടങ്ങിയ വിവിധയിനം പരിപാടികള്‍ വിവിധ അടിമത്ത വിരുദ്ധ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1833-ല്‍ വില്യം ഗാരിസണ്‍, ആര്‍തര്‍ തപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ അമേരിക്കന്‍ ആന്റി സ്ലാവറി സൊസൈറ്റി അത്തരം കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെച്ച പ്രമുഖ സംഘടനകളില്‍ ഒന്നായിരുന്നു. 1909 ല്‍ ഡു ബോയിസ്, മാരി വൈറ്റ് ഓവിങ്ടണ്‍, മൂര്‍ഫീല്‍ഡ് സ്റ്റോറി, ഐഡ വെല്‍സ് എന്നിവര്‍ സ്ഥാപിച്ച നാസ്പ് (നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കലേഡ്), ഡബ്ലിയു. ഫര്‍ദിന്റെ നാഷന്‍ ഓഫ് ഇസ്‌ലാം, ചാള്‍സ് സ്റ്റീലെ ജൂനിയറിന്റെ എസ്.സി.എല്‍.സി (സതേണ്‍ ക്രിസ്റ്റ്യന്‍ ലീഡര്‍ഷിപ് കോണ്‍ഫ്രന്‍സ്) തുടങ്ങിയ വിഭാഗങ്ങളും പില്‍ക്കാലത്ത് രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക സമത്വത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സംഘടനകളാണ്.
കറുപ്പിന്റെ അതിജീവനം
ഭരണകൂടവും പോലീസും അധികാര സ്ഥാപനങ്ങളുമെല്ലാം വ്യാവസായിക അടിമത്ത വേലകള്‍ക്കെല്ലാം കറുത്തവരെ ഉപയോഗിച്ചിരുന്നുവെന്ന് മാത്രമല്ല, അവജ്ഞയും ഭീഷണിയും കലര്‍ന്നതായിരുന്നു അവരോടുള്ള സമീപനങ്ങളും. പൈശാചികത, അധാര്‍മികത, ദുശ്ശകുനം എന്നിവയുടെ പ്രതിനിധാനമായി മാത്രമാണ് നാളിതുവരെ അമേരിക്കന്‍ വംശീയ മുഖ്യധാര കറുപ്പിനെ സമീപിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ്, കറുത്തവര്‍ക്കെതിരെ നടക്കുന്ന അക്രമ പരമ്പരകള്‍ക്കെതിരെ നാവനക്കുവാന്‍ അധികാരികള്‍ അറച്ച് നില്‍ക്കുന്നതും വേട്ടക്കാരോടൊപ്പം ചേര്‍ന്ന് ഇരകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അക്രമം അഴിച്ചുവിടുന്നതും സര്‍വസാധാരണമായി മാറുന്നത്. പട്ടാളക്കാരിലെ കറുത്ത വംശജര്‍ പോലും വിവേചനങ്ങള്‍ക്ക് ഇരയായത് ചരിത്രത്തിലുടനീളം കാണാവുന്നതാണ്. ലോകയുദ്ധകാലത്ത് രക്തത്തിലെ പ്ലാസ്മ എടുക്കുവാന്‍ ആഫ്രോ അമേരിക്കന്‍ സൈനികരെ തെരഞ്ഞെുപിടിച്ചതും സമീപകാലത്ത് പട്ടാളത്തില്‍നിന്ന് നേരിട്ട അവഗണന മൂലം സര്‍വീസ് അവസാനിപ്പിച്ച സൈനികന്റെ അനുഭവങ്ങളുമെല്ലാം അതിന്റെ സ്വാഭാവിക തുടര്‍ച്ചകളാണ്.
വെള്ളക്കാരുടെ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്ന ഒട്ടനവധി സംഭവവികാസങ്ങള്‍ ആഫ്രോ അമേരിക്കന്‍ വംശജരും നടത്തിയതായി കാണാം. എന്നാല്‍, ആഗോളീകൃത പ്രതിഭാസമെന്ന രൂപേണ പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നത് ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകത്തിന് ശേഷം മാത്രമാണ്. 1955 -ല്‍ അലബാമയിലെ മോണ്ട്‌ഗോമറിയില്‍ ഒരു ബസില്‍ വെച്ച് വെള്ളക്കാരന് എഴുന്നേറ്റ് കൊടുക്കാന്‍ വിസമ്മതിച്ച റോസാ പാര്‍ക് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ നേതൃത്വത്തില്‍ നടന്ന 381 ദിവസം നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ ബസ് ബഹിഷ്‌കരണ സമരം പോലും ഇത്രത്തോളം ഓളം സൃഷ്ടിച്ചിരുന്നില്ല.
വാസ്തവത്തില്‍, നൂറ്റാണ്ടുകളായി അമേരിക്കയുടെ ജനിതക ഘടനയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന ഒരു വൈകല്യമാണ് വംശീയത എന്ന് നിസ്സംശയം പറയാം. ജീവിതത്തിലുടനീളം തങ്ങള്‍ അനുഭവിച്ച വിവേചനങ്ങള്‍ ആഫ്രോ അമേരിക്കക്കാര്‍ എതിരിട്ടതും ഈ മൗലിക ബിന്ദുവിനെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു കൊണ്ടായിരുന്നു. എന്നാല്‍, വെളുത്ത വര്‍ഗക്കാരെ പൈശാചികവല്‍ക്കരിക്കുന്ന നിലപാടുകളും പരസ്പര ബഹുമാനവും ആദരവും പ്രകടിപ്പിച്ചു കൊണ്ട് വംശീയതയെ പ്രതിരോധിക്കുന്ന വാദങ്ങളും ആഫ്രോ അമേരിക്കക്കാര്‍ക്കിടയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. സര്‍വോപരി, സൈദ്ധാന്തിക തലത്തില്‍ നിന്നുകൊണ്ട് ബ്ലാക്ക് ലിബറേഷന്‍ തിയോളജിയിലൂടെ വംശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ശ്രമങ്ങളും സജീവമാകുന്നുണ്ട്.
പീഡനങ്ങളുടെ രസതന്ത്രം
ചരിത്ര സന്ധികളിലെന്നെങ്കിലുമൊരിക്കല്‍ അധികാര സ്ഥാപനങ്ങളില്‍ എത്തിപ്പെട്ടാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഘടനാപരമായ അസമത്വ സ്ഥാപനങ്ങള്‍ തകര്‍ന്നു വീഴുമെന്ന് ഭയപ്പെട്ടതിനാലാണ് വംശീയപരമായ മേധാവിത്വം പ്രബലമായി നിലനിര്‍ത്തുവാന്‍ എക്കാലത്തും വെള്ളക്കാര്‍ ശ്രമിച്ചുപോന്നത്. അതിനിസ്സാരമായ കാര്യങ്ങളുടെ പേരില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ കേസ് ചാര്‍ത്തുകയും ക്രൂരമായ ആക്രമങ്ങള്‍ അഴിച്ചു വിട്ടതുമെല്ലാം ചരിത്രത്തിലുടനീളം കാണാവുന്നതാണ്. എബ്രഹാം ലിങ്കന്റെ ശ്രമഫലമായി അടിമത്ത നിരോധന പ്രഖ്യാപനം നടന്നുവങ്കിലും ഒന്നര നൂറ്റാണ്ടിനിപ്പുറവും രൂക്ഷവും ബീഭത്സവുമായ തരത്തില്‍ അത് നിലനില്‍ക്കുന്നുവെന്ന് മാത്രമല്ല, അധികാര സ്ഥാപനങ്ങളുടെ മൂലക്കല്ല് ആയി മാറിയിരിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് ജോര്‍ജ് ഫ്‌ളോയിഡ് അടക്കമുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
1854-ല്‍ ബോസ്റ്റണില്‍ വെച്ച് ആന്റണി ബേണ്‍സ് എന്ന അടിമയെ അറസ്റ്റ് ചെയ്യുകയും 1850-ലെ ഫുഗിറ്റീവ് സ്ലാവ് ആക്ടിന്റെ അനുസരിച്ച് വിചാരണ ചെയ്തതും കലാപങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അടിമകള്‍ക്ക് ആയുധം നല്‍കി ഉടമകളെ അട്ടിമറിക്കാനും സ്വയം സ്വാതന്ത്ര്യം നേടാനും കല്‍പന നല്‍കിയതിന് ജോണ്‍ ബ്രൗണ്‍ വഞ്ചനാകുറ്റം ചാര്‍ത്തപ്പെട്ട് രക്തസാക്ഷിയായത് 1859-ലായിരുന്നു. 1917-ലെ വംശീയ കലാപത്തില്‍ ജോണ്‍ സുള്ളിവന്‍ എന്ന പത്തു വയസ്സുകാരന്‍ പയ്യന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ആയിടെ ഇല്ലിനോയിസിലേക്ക് കുടിയേറിയിരുന്ന മിറ്റീ മാന്‍ഡെ ഗോര്‍ഡന്‍ എന്ന് പേരുള്ള അവന്റെ അമ്മ മൂന്നു ലക്ഷം പേരുടെ പിന്തുണയോടെ വെള്ളവംശീയതക്കെതിരെ പ്രതികരിക്കാന്‍ ഗോര്‍ഡന്‍ ബ്ലാക്ക് നാഷണലിസ്റ്റ് ഓര്‍ഗനൈസേഷന് രൂപം നല്‍കിയത്. 1965-ലെ വാട്‌സ് കലാപത്തില്‍ 34 പേര്‍ മരിക്കുകയും 3438 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. മാര്‍ട്ടിന്‍ ലൂഥറിന്റെ മരണാനന്തരം ഉണ്ടായ കലപം 100 നഗരങ്ങളിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് 43 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
1991 ല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം റോഡ്‌നി കിങിനെ ലോസ് ആഞ്ചലസ് പോലീസ് പ്രഹരിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അരങ്ങേറിയ പ്രതിഷേധങ്ങളില്‍ 63 പേര്‍ മരിക്കുകയും 2383 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2015-ല്‍ തങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പോലീസ് വാന്‍ ഇടിച്ച് കശേരുക്കളില്‍ പരിക്ക് പറ്റിയ ഫ്രെഡ്ഡി ഗ്രെ എന്ന 25 കാരന്‍ മരണത്തിന് കീഴടങ്ങിയത് മൂലവും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 2017ല്‍ ഫെര്‍ഗൂസണില്‍ ജാസണ്‍ സ്റ്റോക്ലി എന്ന പോലീസ് ഉദ്യോഗസ്ഥനാല്‍ കൊല്ലപ്പെട്ട ആന്റണി ലാമറിന്റെ മരണാനന്തരവും സ്ഥിതി മറിച്ചായിരുന്നില്ല. അമാദൗ ഡിയാലോ, മൈക്കല്‍ ബ്രോണ്‍, എറിക് ഗാര്‍നര്‍ എന്നിവരടക്കമുള്ള ആഫ്രോ അമേരിക്കന്‍ രക്തസാക്ഷികളുടെ മരണാനന്തരം നടന്ന പ്രതിഷേധങ്ങളൊന്നും വംശീയതയും അടിമത്ത മനോഭാവവും അവസാനിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല എന്നതിന്റെ തെളിവുകളാണ് ജോര്‍ജ് ഫ്‌ളോയിഡ് സംഭവങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്നത്. വാസ്തവത്തില്‍, ആഫ്രോ അമേരിക്കന്‍ ചരിത്രത്തിലെ വംശീയ വിവേചനത്തിന്റെയും പീഡനങ്ങളുടെയും പ്രതിഷേധങ്ങളുടെയുമെല്ലാം ചരിത്രം കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്നതിലും എത്രയോ അധികമാണ്.
ഗുരുതരവും ഭീതിജനകവുമായ അവകാശ ലംഘനങ്ങളും വിവേചനങ്ങളുമാണ് ആഫ്രോ അമേരിക്കക്കാര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ ഉദയത്തോടെ അത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. അടുത്തിടെയായി റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍, വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 1000 പേരില്‍ ഒരാള്‍ എന്ന കണക്കിന് കറുത്ത വര്‍ഗക്കാര്‍ പോലീസ് കരങ്ങളാല്‍ കൊല്ലപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നാണ്. 2013 മുതല്‍ 2019 വരെ നടന്ന കേസുകളില്‍ 99 ശതമാനം ഉദ്യോഗസ്ഥ പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല എന്നും വസ്തുതാപരമായ അന്വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ സമീപനങ്ങള്‍ക്കും പട്ടാളവല്‍കൃത നയങ്ങള്‍ക്കും ഇരപിടിയന്‍ മുതലാളിത്വത്തിനും കീഴില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യം നേടാനാകില്ലെന്ന് കോര്‍ണല്‍ വെസ്റ്റിന്റെ വാചകങ്ങള്‍ ഇവിടെ പ്രസ്താവ്യമാണ്. കേവലം ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പ്രശ്‌നം എന്നതിലുപരി വിശാലമായ മാനവികതയുടെ പ്രശ്‌നമായാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍ വീക്ഷിക്കപ്പെടേണ്ടത്. ജോര്‍ജ് ഫ്‌ളോയിഡ് സംഭവാനന്തര പ്രതിഷേധങ്ങള്‍ വംശീയവാദികളുടെയും മര്‍ദകരുടെയും വംശീയവും വിവേചനപരവുമായ നയങ്ങള്‍ക്കെതിരെ ശബ്ദിക്കുവാനുള്ള ത്രാണി പ്രദാനം ചെയ്തിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. വെള്ള മേധാവിത്വം നിലനില്‍ക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും വര്‍ണവിവേചനത്തന്റെ സ്മാരകങ്ങളും ബിംബങ്ങളും തകര്‍ക്കപ്പെടുന്നുവെന്നത് ശുഭോര്‍ദക്കമാണ്. വാസ്തവത്തില്‍, ‘അമേരിക്ക’ എന്ന സങ്കല്‍പം യാഥാര്‍ഥ്യവുമായി എത്രമാത്രം അകലെയാണെന്നാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ തുറന്നു കാണിക്കുന്നത്.
നിഹാൽ പന്തല്ലൂർ