PART – 6
SOLO HUNT
തണുത്തു വിറച്ചാണ് ഞാൻ ഉറക്കമുണർന്നത്. ഇന്നലെ ചെന്നൈ എത്തുന്നതിനു മുമ്പേ ഉറക്കത്തിന്റെ ആഴങ്ങളിൽ ഞാൻ ചുരുണ്ടുകൂടിയിരുന്നു.
അലക്ഷ്യമായി പുതച്ചിരുന്ന കമ്പിളിപ്പുതപ്പ് രാത്രി എപ്പോഴോ മേലിൽ നിന്നും മാറി. തമിഴകത്തിന്റെ മടിത്തട്ടിലാണ് ഉറങ്ങിയതെങ്കിലും ഉണർന്നത് ആന്ധ്ര- തെലുങ്കാനാ അതിർത്തിയിൽ വെച്ചാണ്. പുലർച്ചെ ഒരു 6:30 ഓടെ ഉണർന്നുവെങ്കിലും ഉറക്കക്ഷീണത്തിന്റെ അലസതയിൽ ഏതാണ്ട് 7 മണി വരെ തിരിഞ്ഞും മറിഞ്ഞും ഞാനവിടെ കിടന്നു.
എന്നാലും,
‘ ഈ വേനലിലും ഇത്ര തണുപ്പോ? ‘
പ്രശസ്ത യുവയാത്രികൻ നിയോഗിന്റെ വാക്കുകൾ ഞാൻ ഓർക്കുകയാണ്
” ഉത്തരങ്ങൾ തേടിയുള്ള യാത്രയിൽ പലപ്പോഴും ചോദ്യങ്ങൾ ഇല്ലാതാവുകയാണുണ്ടായത് ”
പക്ഷേ എനിക്ക് പുതിയ പുതിയ ചോദ്യങ്ങളാണല്ലോ പടച്ചോനേ ഉണ്ടാവുന്നത്. ഒരു പക്ഷേ ചെറുപ്പത്തിൽ ഉമ്മാനെ കുഴപ്പിച്ച
“ചൂടത്ത് എന്തേ ഉമ്മാ തണുപ്പില്ലാത്തെ” പോലുളള കളങ്കമറ്റ ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ പുതിയ അനുഭൂതി.
ഞാൻ മെല്ലെ നിലത്തിറങ്ങി, എവിടെയെത്തി എന്നന്വേഷിച്ചപ്പോൾ, വിജയവാഡ കഴിഞ്ഞു എന്നറിഞ്ഞു.(അഥവാ ഇനി അടുത്ത Stop തെലുങ്കാനയിലെ കമ്മത്തിലായിരിക്കും) ആഡ്രയിൽ കൂടിയുള്ള അവസാന നിമിഷത്തിലൂടെയാണ് തീവണ്ടിയുടെ പ്രയാണം. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ഭൂമി കാണാൻ ഞാൻ Trainന്റെ പടിവാതിൽക്കലേക്ക് ഓടി. ആന്ധ്രയിൽ ആകെ കിട്ടിയ ഈ കുഞ്ഞു സമയം ആസ്വദിക്കാനായി ഞാനവിടെയിരുന്നു. തണുപ്പുണ്ടെന്ന് വെച്ച് പുറത്ത് മഞ്ഞൊന്നുമില്ലാട്ടോ. അതുപോലെ പ്രത്യേകിച്ച് പറയത്തക്ക കാഴ്ച്ചകളും ഇല്ല, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു നിലയം. അതിൽ പാതി കരിഞ്ഞുണങ്ങിയ കുറ്റിചെടികളും മറ്റും.
അങ്ങനെ ശൂന്യതയിലേക്ക് കണ്ണും നട്ടിരിക്കവേയാണ്, ഇന്നലെ ഞാൻ Mobile ചാർജ് ചെയ്യാൻ പോയ seat-ലെ ബംഗാളി കുട്ടികളെയും കൂട്ടി അവരുടെ അമ്മ പല്ലുതേക്കാൻ വരുന്നത്, ആ കുട്ടികളെ സംബന്ധിച്ചെടുത്തോളം അവർക്കതൊരു heavy task ആയിരുന്നു. തന്നെക്കാൾ ഉയരമുള്ള വാഷ്‌ബേസിനിൽ തൂങ്ങിനിന്നു പല്ലുതേക്കുക, അതിലെ വെള്ളം എത്തിപ്പിടിക്കുക, ഒടുവിൽ മുഖം നോക്കാൻ അമ്മയോട് തങ്ങളെ പൊക്കി തരാനായി മുറവിളി കൂട്ടുക…
എല്ലാം കൊണ്ടും അതും കാണേണ്ടൊരു കാഴ്ച്ച തന്നെയായിരുന്നു. പക്ഷേ തമാശ എന്തെന്നാൽ ഇന്നലെ വീട്ടിൽ വെച്ചു സംഭവിച്ച പോലെ തന്നെ ഇന്നും പല്ല് തേക്കാൻ മറന്നാണ് ഞാൻ വായിനോട്ടം ആരംഭിച്ചത്. പിന്നെ ഞാനും പല്ല് തേച്ച്, മറ്റ് പ്രഭാതകർമങ്ങളൊക്കെ നിർവ്വഹിച്ച് വുളൂ ചെയ്ത് (അംഗശുദ്ധി വരുത്തി) പ്രഭാത നമസ്കാരം നിർവഹിച്ചു. അപ്പോഴേക്കും തെലുങ്കാന എത്തിയിരുന്നു. അതുപോലെ തന്നെ സകലരും ഉറക്കവും എഴുന്നേറ്റു.
ഞാനും ശിവോം ഭായിയും കൂടി നമ്മുടെ middle birth ലെ കിടക്കയൊക്കെ മാറ്റി Luggageഉം മറ്റു സാധനങ്ങളും നിലത്തും മേലത്തെ ബെർത്തിലുമായിട്ട് വച്ച ശേഷം Birth മടക്കിയിട്ടു. പക്ഷേ എനിക്ക് എന്തോ ഒരു missing feel ചെയ്യുന്നു. എന്താണെന്ന് ഒരു പിടുത്തവും ഇല്ല. ഞാൻ ആദ്യം നോക്കിയത് വെള്ളം കുടിക്കാൻ കൊണ്ടുവന്ന കപ്പും, ഇന്നലെ മേടിച്ചChips ഉം ആയിരുന്നു. അതൊക്കെ അവിടുണ്ട്. കൂടാതെ Purse ഉം രണ്ട് Mobile ഉം safe ആണ്. എന്നാൽ മിസ്സ് ആയത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഹാറ്റായിരുന്നു. ഇന്നലെ രാത്രി Bed ഒക്കെ Set ആക്കിയ ശേഷം ഞാൻ ആ ഹാറ്റ് കിടക്കയിൽ വെച്ചിരുന്നു. പക്ഷേ അതുകഴിഞ്ഞ് Toilet-ൽ പോയി വന്ന ശേഷം ഞാനത് ശ്രദ്ധിച്ചില്ല. പിന്നീട് ഞാനതിനെ പറ്റി ഓർത്തതുപോലും ഇപ്പോഴാണ്.
ഞാൻ ഈ യാത്രയുടെ ഒരുക്കങ്ങൾ രണ്ട് മൂന്ന് മാസങ്ങൾക്ക് മുന്നേ തുടങ്ങിയെങ്കിലും, ഇതിനെ കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. മറ്റൊന്നും കൊണ്ടല്ല ‘North’ , ‘Solo’ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരായിരം ദുരന്തങ്ങൾ പറഞ്ഞു വരുന്നവരാണ് ചുറ്റും, ആകെ അറിയാവുന്നത് ഒന്ന് രണ്ട് ചങ്ങായിമാർക്കും. അവരും പറഞ്ഞിരുന്നു ഇതു പോലെ പലതും കൊള്ളയടിക്കപ്പെടും എന്ന്.
തൊപ്പിയോടും ബാഗിനോടും എനിക്കുള്ള പ്രിയം അൽപമൊന്നുമല്ല. എപ്പോഴും കൂടെ ഒരു ബാഗുണ്ടാവുക, അതിനേയും കെട്ടിപ്പിടിച്ചിരിക്കുക എന്നതൊക്കെ 7-ാം ക്ലാസ് മുതൽ എന്റെ സത്തയിൽ അലിഞ്ഞു ചേർന്ന ഒന്നാണ്. ഞാനെവിടെ പോയാലും ഒരു ബാഗും അതിലെന്റെ ഡയറിയും ഉണ്ടാകും. എന്നാൽ ഞാനറിയാതെ എന്റെ പ്രണയിനിയായി മാറിയ ഒന്നാണ് തൊപ്പി. 10-ാം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ മുടിയിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് പകരം വാപ്പച്ചി സമ്മാനിച്ചതായിരുന്നു തൊപ്പി. അന്ന് തൊപ്പി ഒരു Trend ആയിട്ടു പോലുമില്ല. എന്നാലും ഉപ്പാന്റെ ആഗ്രഹമല്ലേ അതവിടെ ഇരിക്കട്ടെ എന്നു കരുതി. പിന്നീട് അതിന്റെ കോലങ്ങൾ പലപ്പോഴായി വ്യത്യാസപ്പെട്ടെങ്കിലും ഇന്നും എനിക്കൊരു കൂട്ടായി അതെന്നോടൊപ്പം ഉണ്ട്.
അതുകൊണ്ട് തന്നെ ഒരുപാട് capകൾ എനിക്കുണ്ട് എന്നാൽ യാത്രകളിൽ മാത്രമായി ഉപയോഗിക്കാൻ ഞാൻ മേടിച്ചതായിരുന്നു ആ HAT.
🔖🔖🔖🔖🔖🔖🔖🔖🔖🔖🔖
അതിനു പിന്നിലും ഒരു വലിയ കഥയുണ്ട്. എന്റെയൊരു വലിയ ആഗ്രഹമായിരുന്നു ഞാൻ ഒരു യാത്രയിലായിരിക്കെ 2018ലേക്ക് കാലെടുത്തു വെക്കണമെന്ന്. അഥവാ പുതു വർഷം തന്നെ യാത്രയിൽ കൂടിയായിരിക്കണം എന്നൊരു ആശ.
എന്റെ ആഗ്രഹം പോലെ പടച്ചവൻ അതും സാധിച്ചു തന്നു.
ഡിസംബർ അവസാനമായപ്പോൾ പുറംകാലിനുള്ളിൽ ഒരു മുഴ. ദിവസങ്ങൾ കഴിയുന്തോറും അതിന്റെ വലിപ്പവും വേദനയും കൂടി വന്നു. ഒടുവിൽ കാല് നിലത്തു വെക്കാൻ പോലുമാകാത്ത എന്റെ ദയനീയാവസ്ഥ പരിഗണിച്ചു Principal എന്നെ നാട്ടിലേക്കയച്ചു.
അവസാനം Dec-31 രാത്രി 8 മണിക്ക് പുതുവർഷം കാണാൻ അനുവദിക്കാതെ ആ മുഴയെ കീറിമുറിച്ച് കളഞ്ഞ്, Full set-ആക്കി.
അങ്ങനെയിരിക്കെ പിറ്റേന്നു രാവിലെ അപ്രതീക്ഷിതമായി എന്റൊരു ചങ്ങായി ലോലന്റെ ഫോൺ Call,
“അളിയാ; ഇക്കാന്റെ THAR-ൽ നാളെ ഒരു മൂന്നാർ Trip പോകുന്നുണ്ട്, നീ പോരുന്നോ?……”
പിന്നെയൊന്നും നോക്കിയില്ല ഇടുക്കിയിൽ ഒരു പരിപാടി ഉണ്ടെന്നും പറഞ്ഞു, വീട്ടീന്ന് വല്ലവിധേനയും ഒരു ലൈസൻസ് ഒപ്പിച്ചെടുത്ത്, ഒരൊറ്റച്ചാട്ടം.
പതിവ് പോലെ ഒടുവിൽ ഉമ്മാനോട് സത്യം പറഞ്ഞിട്ട് മൂന്നാറിലേക്ക് ജീപ്പ് കേറി. എന്റെ യാത്രാ പിരാന്തിനെ പറ്റി നല്ല ബോധ്യമുണ്ടായിരുന്ന ഉമ്മ ആദ്യമൊന്ന് വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതം മൂളി. മുമ്പ് രണ്ട് മൂന്ന് തവണ ഹൈറേഞ്ച് കേറിയപ്പോഴേ ഒരു ‘HAT’ മേടിക്കണം എന്ന് മോഹിച്ചതായിരുന്നു. അതുകൊണ്ട് ഈ യാത്രയിൽ കട്ടപ്പനയിൽ ചായ കുടിക്കാനിറങ്ങിയപ്പോൾ ഞാനതങ്ങു പാസാക്കി, HAT മേടിച്ചു.
“Casual ആയി ഉപയോഗിക്കാനാവാത്ത ഇതൊക്കെ എന്തിനാടാ ” എന്ന ഇക്കാടെ ചോദ്യത്തിന്
” ഇനിയുള്ള എന്റെ യാത്രകളിൽ ഇതാണെന്റെ കിരീടം” എന്ന് വല്യവായിൽ മറുപടിയും പറഞ്ഞു.
അങ്ങനെ അന്ന് ഈ ഒന്നര കാല് കൊണ്ട് മൂന്നാറിലെ തേയില തോട്ടങ്ങളിൽ ഓടിക്കളിച്ചപ്പോഴും, പൈൻ കാടുകളിൽ പാറിനടന്നപ്പോഴും, മലയോരങ്ങൾ വലിഞ്ഞു കേറിയപ്പോഴും അതെന്റെ തലയിൽ നിവർന്നിരുന്നു. എന്നാൽ ഇനിയങ്ങോട്ടുള്ള എന്റെ സ്വപ്ന സാക്ഷാത്കാരങ്ങളിൽ കുറച്ചുകൂടി വ്യക്തമാക്കിയാൽ, നവാബുമാരും മുഗളന്മാരും തലപ്പാവണിഞ്ഞ് നടന്ന… പണ്ട് പാഠപുസ്തകങ്ങളിൽ മാത്രം കണ്ട് കൊതിച്ച ചരിത്ര ഭൂമികളെ എന്റെ പാദങ്ങൾ മുത്തമിടുമ്പോൾ ആ തലപ്പാവുകൾക്ക് പകരമായും, മഞ്ഞുമലകളെ വാരിപ്പുണരുമ്പോൾ കുളിര് കൊള്ളാനും അതെന്റെ കൂടെ കാണില്ലല്ലോ എന്നോർത്തപ്പോൾ ഉള്ളിൽ ഒരു ചെറു നീറ്റൽ.
പെട്ടന്നായിരുന്നു അവറ്റകൾ കേറി വന്നത്…………..
. (തുടരും)